തര്‍ജ്ജനി

ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍

മാത്തൂര്‍ തപാല്‍
പത്തനംതിട്ട.

ഫോണ്‍: 09313383690

Visit Home Page ...

കവിത

അമ്പിളിമാമന്‍

മണ്ണിന്റ നിറഞ്ഞ കണ്ണില്‍
തുടിച്ചുനിന്നു കൊതിപ്പിച്ചവന്‍,
ഓലക്കീറ്റിന്നിഴകള്‍ വകഞ്ഞ്‌
പുകച്ചിമ്മിനിവക്കില്‍ തടഞ്ഞ്‌
കറണ്ടുപോയ രാത്രികളില്‍ വന്ന്‌
കുടുകുടെ കുസൃതിച്ചിരി ചിരിച്ചവന്‍,
കുഞ്ഞൊരു കൊതുകുമര്‍മ്മരമോ-
ടിളംകാറ്റില്‍ തണുപ്പഴിച്ചിട്ടോന്‍,
കുഴഞ്ഞ വഴിയെ ഇരുള്‍കുടിയന്റ
കൊഴുത്ത ചീത്ത കേട്ടുചിരിച്ചോന്‍,
കഴല്‍മടുത്തപ്പോള്‍ കുഞ്ഞിട്ടോര്‍-
ച്ചടിച്ചുകൊടുത്തിരുളകറ്റിയോന്‍,
കള്ളനെന്‍ കാണാനൊന്നുമില്ലാത്ത
പൊള്ളത്തരത്തിന്‍ പുതുമണിയറയില്‍
അര്‍ദ്ധരാതൃി‍യിലൊളിഞ്ഞു നോക്കിയോന്‍,
അമ്പിളിമാമന്‍, എന്റയൊരു
അകന്ന ബന്ധു, സുന്ദരന്‍, സുശീലന്‍..!
പണ്ടുള്ളംകൈയ്യിലെടുക്കണമെന്ന്‌,
അടുത്തുകാണണമെന്ന്‌
പൂതിയുണ്ടായിരുന്നു, കാര്യമാക്കേണ്ട!!

അമ്പിളിമാമാ, നീയെനിക്കെന്നുമതേ
അകന്ന ബന്ധുവായാല്‍ മതി,
ഉല്‍പതിഷ്ണുക്കള്‍ ചെന്നെടുത്ത നിന്റ
കല്ലേറുകൊണ്ടു ചതഞ്ഞ മുഖം
കാണേണ്ടെനിക്കു കാണേണ്ട-
നീയെന്നമ്പിളിമാമനായാല്‍ മതി !

Subscribe Tharjani |