തര്‍ജ്ജനി

മുഖമൊഴി

ആര്‍ക്കു വേണം ക്ലാസ്സിക്കല്‍ പദവി?

പതിവു് തെറ്റിക്കാതെ ഇത്തവണയും നവംബര്‍ ഒന്നു് മുതല്‍ ഒരാഴ്ചക്കാലം മലയാളവാരമായി കേരളത്തില്‍ കൊണ്ടാടി. എന്നാല്‍ പതിവിനു വിപരീതമായി പലതും ഇത്തവണ സംഭവിച്ചു. സാധാരണനിലയില്‍ കോളേജിലും ഓഫീസിലും പോകുന്ന നാരീമണികള്‍ മലയാളിമങ്കകളായി ഒന്നരയും മുണ്ടുമുടുത്തും പുരുഷകേസരികള്‍ പാന്റ്‌സിനു് പകരം മുണ്ടുടുത്തും സാംസ്കാരികനായകന്മാര്‍ മലയാളഭാഷ അവഗണിക്കപ്പെടുന്നതിനെക്കുറിച്ചു് വ്യാകുലപ്പെട്ടും കഴിയുന്ന ഒരാഴ്ചക്കാലമാണല്ലോ മലയാളവാരം. ഇത്തരം ആഘോഷങ്ങളില്‍, ഏതോ ഒരു ഘട്ടത്തില്‍, മലയാളം ഇന്നും കേരളത്തിലെ വിദ്യാഭ്യാസവ്യവസ്ഥയില്‍ സെക്കന്റ് ലാംഗ്വേജ് മാത്രമാണെന്നു് കണ്ടെത്തുകയുണ്ടായി. വ്യാകുലപ്പെടാനുള്ള ഒരു വിഷയമാക്കി അതു് നിലനിറുത്തിക്കൊണ്ടു തന്നെ വീണ്ടും വീണ്ടും മലയാളവാരങ്ങള്‍ ആഘോഷിച്ചു് ധര്‍മ്മസങ്കടം നടിച്ചു കഴിയുന്നതിനിടെ ഇത്തരം കലാപരിപാടികള്‍ക്കു് വലിയ ഇടമില്ലാത്ത രീതിയില്‍ ഇത്തവണത്തെ വാരാഘോഷം നടത്തിയെന്ന വിശേഷമാണു് തര്‍ജ്ജനിക്കു് വായനക്കാരുമായി പങ്കിടാനുള്ളതു്.

നവംബര്‍ ഒന്നാം തിയ്യതി രാവിലെ കേരളത്തിലെ ടെലഫോണുകളില്‍ പലതിലും കേരളമുഖ്യമന്ത്രിയുടെ വിളിയെത്തി. മലയാളവാരം ഭാഷാകമ്പ്യൂട്ടിംഗിന്റെ പ്രചരണപരിപാടികള്‍ക്കുള്ള അവസരമായി ഉപയോഗിക്കുകയാണെന്നും പരിപാടികളില്‍ സഹകരിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയാണു് മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്റെ ശബ്ദത്തില്‍ മലയാളികള്‍ കേട്ടതു്. ഭാഷാകമ്പ്യൂട്ടിംഗില്‍ നമ്മുടെ സാംസ്കാരികനായകന്മാര്‍ ഇക്കാലമത്രയുമായി താല്പര്യം കാണിച്ചിട്ടില്ല എന്നതിനാല്‍ ഭാഷയുടെ ഭാവിയില്‍ ഉത്കണ്ഠപ്പെടാന്‍ അവര്‍ക്കു് അവസരങ്ങളില്ലാതെയാണു് മലയാളവാരം നടന്നതു്. അക്ഷയയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാഷാകമ്പ്യൂട്ടിംഗ് പരിപാടികളുടെ പ്രചരണത്തിനായിരുന്നു ഇത്തവണ ഊന്നല്‍. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള അപൂര്‍വ്വം വകുപ്പുകളിലൊന്നു് വിവരസാങ്കേതികതമാണു്. സാംസ്കാരികവും വിദ്യാഭ്യാസവും എല്ലാം സര്‍ക്കാര്‍ വകുപ്പുകളായി ഇപ്പോഴും നിലവിലുണ്ടെങ്കിലും മലയാളവാരത്തില്‍ അവര്‍ക്കാര്‍ക്കും വലിയ താല്പര്യം തോന്നിയതായി കണ്ടില്ല. കേരള സാഹിത്യ അക്കാദമി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ ആരും മലയാളവാരത്തിന്റെ കാര്യം തന്നെ അറിഞ്ഞില്ല എന്നും തോന്നി. അതാവട്ടെ, മുഖ്യമന്ത്രിയുടെ ഫോണ്‍വിളികള്‍ കേരളമെമ്പാടും എത്തിയതിനു ശേഷവും. മാത്രമല്ല, സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ജനപഥം ഭാഷാകമ്പ്യൂട്ടിംഗ് കവര്‍‌സ്റ്റോറിയായി മലയാളവാരപ്പതിപ്പു് പുറത്തിറക്കിട്ടു് പോലും. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു് അത്ഭുതപ്പെടാതിരിക്കാനാവില്ല.

മലയാളവാരക്കാലത്താണു് ഇടിത്തീ പോലെ ക്ലാസ്സിക്കല്‍ഭാഷാപദവി അയല്‍സംസ്ഥാനങ്ങള്‍ക്കു് പതിച്ചുകൊടുത്തു് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിച്ചതു്. രാഷ്ട്രീയക്കാരില്‍ നിന്നു് കാലാകാലം കേട്ടു് പഴകിയ കാര്യങ്ങള്‍ വെച്ച് ആലോചിച്ചാല്‍ കേന്ദ്രം അതിന്റെ തനിസ്വഭാവം കാണിച്ചുവെന്നു് മനസ്സിലാക്കാം. നിരന്തരം സംസ്ഥാനത്തോട് വിവേചനം കാണിക്കുന്ന ചിറ്റമ്മയാണല്ലോ നമ്മുടെ രാഷ്ട്രീയക്കാരുടെ ഭാഷയില്‍ കേന്ദ്രം. അപ്പോള്‍ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചില്ല. കേരളത്തോടു് പതിവായി കാട്ടുന്ന വിവേചനം ഇക്കാര്യത്തിലും കാണിച്ചു. അപ്പോള്‍ പതിവനുസരിച്ചു് പ്രതികരിക്കുകയാണല്ലോ നമ്മള്‍ ചെയ്യേണ്ടതു്. വിഷയം ഭാഷയും സാംസ്കാരികവുമായതിനാല്‍ അതില്‍ ഉത്സാഹിക്കേണ്ടതു് സാംസ്കാരികനായകന്മാരും എഴുത്തുകാരും തന്നെ. ഇങ്ങനെ ഒരു അവസരം മലയാളവാരക്കാലത്തു് വീണുകിട്ടിയില്ലെങ്കില്‍ സാംസ്കാരികനായകന്മാര്‍ തൊഴില്‍രഹിതരായ മലയാളവാരം എന്ന അത്യാഹിതം തന്നെ സംഭവിച്ചു പോകുമായിരുന്നു! മലയാളഭാഷയ്ക്കു് ക്ലാസ്സിക്കല്‍ പദവി നേടിയെടുക്കാനുള്ള പരിശ്രമത്തിനു് ഒരു കമ്മിറ്റി സംസ്ഥാനസര്‍ക്കാര്‍ ഉടന്‍ തന്നെ രൂപീകരിച്ചു. ക്ലാസ്സിക്കല്‍ പദവി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നു് സാംസ്കാരികവകുപ്പു് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രവിവേചനപ്രശ്നമായതിനാല്‍ മുഖ്യമന്ത്രിയും ശക്തിയുക്തം പ്രതികരിച്ചു. നമ്മുടെ സര്‍ക്കാരിന്റെ ഭാഷാഭിമാനം ശ്ലാഘനീയം തന്നെ !!!

നിരന്തരം പത്രപംക്തികളില്‍ വാര്‍ത്തയായതിനാല്‍ നമ്മുടെ പൊതുജനവും ഈ പ്രശ്നത്തെക്കുറിച്ചു് ബോധവാന്മാരായി. അവരെ അന്ധാളിപ്പിച്ചതു് ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരും ഡോ.സുകുമാര്‍ അഴീക്കോടുമാണു്. ക്ലാസ്സിക്കല്‍ ഭാഷാപദവി നല്കുന്നതിലെ ഭരണഘടനാപരമായ പ്രശ്നമാണു് ജസ്റ്റിസ് കൃഷ്ണയ്യര്‍ എടുത്തു കാണിച്ചതു്. സുകുമാര്‍ അഴീക്കോട് സര്‍ക്കാരാണോ സാഹിത്യ അക്കാദമിയാണോ ഇത്തരം കാര്യങ്ങള്‍ നിശ്ചയിക്കേണ്ടതു് എന്നും ചോദിച്ചു. തെരഞ്ഞടുപ്പു് അടുത്ത സാഹചര്യത്തില്‍ ഭാഷയുടെ പേരിലുള്ള അഭിമാനം എന്ന വൈകാരികത ചൂഷണം ചെയ്യാന്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനം എത്രത്തോളം അപലപനീയമാണു് എന്നു് ഇവര്‍ രണ്ടുപേരും വ്യക്തമാക്കി. സാംസ്കാരികവകുപ്പു മന്ത്രിയും അദ്ദേഹത്തിന്റെ കമ്മിറ്റി അംഗങ്ങളും ഇതൊന്നും അറിഞ്ഞില്ല എന്നു വരുമോ? കേരളത്തിലെ സമാദരണീയരായ രണ്ടു പണ്ഡിതര്‍ നടത്തിയ ഈ അഭിപ്രായപ്രകടനത്തോടു് വകുപ്പുമന്ത്രിയും കമ്മിറ്റിയും പ്രതികരിച്ചതായി എവിടെയും കണ്ടില്ല.

തെന്നിന്ത്യന്‍ ഭാഷകളായ തമിഴിനും കന്നടയ്ക്കും തെലുങ്കിനും ക്ലാസ്സിക്കല്‍ഭാഷാപദവി, മലയാളത്തിനില്ല എന്നതാണു് വിവേചനത്തെക്കുറിച്ചു് പരാതിപ്പെടുന്നതിന്റെ അടിസ്ഥാനം. തമിഴിനു് ഈ പദവി പണ്ടേ കിട്ടിയതാണു്. ഭാഷയുടെ പഴക്കം, മറ്റു ഭാഷാസാഹിത്യങ്ങളില്‍ കാണാത്ത തനതായ സാഹിത്യരൂപത്തിന്റെ സാന്നിദ്ധ്യം എന്നിങ്ങനെ ചില ഘടകങ്ങള്‍ പരിഗണിച്ചാണു് ക്ലാസ്സിക്കല്‍ ഭാഷാപദവി നല്കുന്നതു്. തമിഴിനോളം പഴക്കമില്ലാത്ത കന്നടയ്ക്കും തെലുങ്കിനും ഈ പദവി നല്കാനായി ഭാഷയുടെ കാലപ്പഴക്കം എന്ന വ്യവസ്ഥയില്‍ ഇളവു് നല്കി. അങ്ങനെ ഇളവു് നല്കുന്നതിന്റെ സാധുത ചോദ്യം ചെയ്തു് ഇതിനകം തമിഴകത്തു നിന്നും ചിലര്‍ കോടതിയിലും എത്തി. എന്തു തന്നെയായാലും ക്ലാസ്സിക്കല്‍ ഭാഷയല്ലാത്ത ഒരു ഭാഷയെ ക്ലാസ്സിക്കല്‍ ഭാഷ എന്നു വിളിച്ചാല്‍ എന്തു മെച്ചമാണു് ആ ഭാഷ സംസാരിക്കുന്നവര്‍ക്കും അതില്‍ എഴുതുന്നവര്‍ക്കും ഉണ്ടാവുക? ഒരു മെച്ചവുമില്ലെങ്കില്‍ വെറുതേ ഒരു കേമത്തത്തിനു് ആരും ഇത്തരം സാഹസം കാണിക്കുമെന്നു് കരുതുക വയ്യ. മെച്ചം കാശായോ ഇനമായോ കിട്ടുക എന്നതു മാത്രമാണു് എങ്കില്‍ അന്വേഷിക്കാനുള്ളതു്. സംശയിക്കാനില്ല, പൈതൃകം സംരക്ഷിക്കാനും മെച്ചപ്പെടുത്താനും പണം കിട്ടും. അങ്ങനെയെങ്കില്‍ പണ്ടു് കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞതുപോലെ ദീപസ്തംഭം മഹാശ്ചര്യം, നമ്മുക്കും കിട്ടണം പണം. കാശില്ലെങ്കില്‍ ആര്‍ക്കു വേണം ഈ ക്ലാസ്സിക്കല്‍ പദവി ?

ക്ലാസ്സിക്കല്‍ഭാഷാപദവി എന്നതു് ഒരു എണ്ണക്കുരുപദവി പോലെ തമാശയാണു്. നാളികേരകര്‍ഷകര്‍ക്കു് മെച്ചം കിട്ടാന്‍ തേങ്ങയെ എണ്ണക്കുരുവായി പ്രഖ്യാപിക്കണം എന്നതു് ഒരു കാലത്തു് കേരളത്തിന്റെ വലിയ ഒരു ആവശ്യമായിരുന്നു. ഒടുവില്‍ അതു് അനുവദിച്ചു കിട്ടി. നാളികേരകര്‍ഷകര്‍ക്കു് ഇപ്പോഴും അതിന്റെ ഗുണം കിട്ടുന്നുണ്ടാവുമെന്നു നമ്മുക്കു് കരുതാം. അതു പോലെ ക്ലാസ്സിക്കല്‍ഭാഷാപദവി അനുവദിച്ചു കിട്ടിയാല്‍ അതിന്റെ ഗുണഭോക്താക്കള്‍ക്കു് നേട്ടമുണ്ടാകും എന്നു് കരുതാം.

Subscribe Tharjani |