തര്‍ജ്ജനി

ബൂലോകം

ബ്ലോഗുലകങ്ങള്‍ക്ക് മൊത്തം ഒരു ഉണര്‍വുണ്ടായിട്ടുണ്ട്.. മ്...മ് ..മ്.. ഉലകങ്ങള്‍ക്കല്ല.. അതെപ്പറ്റി അധികം ശ്രദ്ധിക്കാതിരുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക്.. മാതൃഭൂമി ഫീച്ചര്‍ വന്ന ശേഷമാണ്... ഞാന്‍ ഇന്നലെ കുറേ ബൂലോകങ്ങളെ നോക്കി. വിശേഷാല്‍ പ്രതി(രാജേന്ദ്രന്‍), പി പി രാമചന്ദ്രന്‍, കല്ലേച്ചി .....ഒക്കെ അങ്ങനെയാണു കാണുന്നത്. ഉമേഷ് മാത്രമാണ് നേരത്തെ കൃത്യമായി നോക്കിക്കൊണ്ടിരുന്നത്...ടി പി അനില്‍ ഒരെണ്ണം തുടങ്ങിയിട്ടുണ്ട്. ചങ്ങാടം. ആദ്യം കവിത തന്നെ.. പക്ഷേ ഒരു കമന്റെഴുതാന്‍ നോക്കുമ്പോള്‍ ‘ബ്ലോഗറായിരി’ക്കണം.. പിന്നെ മറ്റു പലേടത്തും നോക്കി. അവിടൊക്കെ സ്വന്തം പേരില്‍ കമന്റെഴുതാന്‍ പാടില്ല. ബ്ലോഗറാവണം. അതെന്താ അങ്ങനെ..? മൂക്കു മുറിഞ്ഞവന്‍ മാത്രം മൂക്കു മുറിഞ്ഞവരെക്കുറിച്ചു പറഞ്ഞാല്‍ മതിയെന്നാണോ...(അങ്ങനെയൊരു കഥയുണ്ട്) അതിലൊരു സങ്കുചിതത്വം തോന്നുന്നു. ബ്ലോഗറാവാന്‍ ഇഷ്ടമില്ലാത്തവരും കാണുമല്ലോ.. അവരുടെ കമന്റ്റ് വകവയ്ക്കുന്നില്ല എന്നു പറയാതെ പറയുന്നതും ഒരു തരം അഹങ്കാരമല്ലേ? ഒരു തരം ജാതി/വര്‍ഗ്ഗ ബോധം?
ഞാന്‍ പരിവര്‍ത്തിതനായാലേ എനിക്കു പറയാനുള്ളതു നിങ്ങള്‍ കേള്‍ക്കുകയുള്ളൂ എന്നാണോ?

Submitted by kevinsiji on Tue, 2006-08-22 15:39.

ആത്മഹത്യ ചെയ്തവനേ, ആത്മഹത്യ ചെയ്യുന്നവന്റെ വേദനയറിയൂ.

Submitted by cachitea on Tue, 2006-08-22 16:45.

നമ്മളന്ന് തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോഴും ശിവന്‍ ബ്ലോഗ് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞിരുന്നു. അതെന്താ അങ്ങനെ എന്ന് പലപ്പോഴും ഞാന്‍ ചിന്തിക്കുകയും ഉണ്ടായിട്ടുണ്ട്. പിന്നീട് ഇതേ അഭിപ്രായം എന്നോട് പറഞ്ഞത് മേതിലാണ്. നാര്‍സിസിസത്തിന്റെ വകഭേദമല്ലേ ബ്ലോഗുകള്‍ എന്നായിരുന്നു മേതിലിന്റെ ചോദ്യം. ബ്ലോഗിംഗ് ആരംഭിച്ച് മൂന്നുകൊല്ലം കഴിയുമ്പോള്‍ എനിക്കും നിങ്ങള്‍ പറയുന്നതില്‍ സത്യമുണ്ട് എന്നു തോന്നുന്നു.

ബ്ലോഗിന്റെ അലകും പിടിയും മാറ്റാനുള്ള ശ്രമത്തിലാണ് ഗൂഗിളെന്നു തോന്നുന്നു.പുതിയ ബ്ലോഗ് ഇന്റര്‍ഫേസ് വരട്ടെ. നാര്‍സിസിസത്തില്‍ നിന്ന് ബ്ലോഗര്‍മാരെ ഡിസ്കഷന്‍ ഗ്രൂപ്പുകളുടെ ജനാധിപത്യരീതിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നന്നായിരുന്നു!

Submitted by kevinsiji on Thu, 2006-08-24 18:31.

മലയാളം ബ്ലോഗുകള്‍ തുടക്കം മുതല്‍ തന്നെ ചര്‍ച്ചകളുടേ കേളീനിലമല്ലേ. ചില പിന്മൊഴിചര്‍ച്ചകള്‍ ഈ ചിന്തയുടെ സംവാദത്തിലേയ്ക്കെത്തിയ്ക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നില്ലോ? പക്ഷേ ഇപ്പോഴും ചിന്തയുടെ ഈ സംവാദക്കളരിയില്‍ നടക്കുന്നതിനേക്കാള്‍ ചര്‍ച്ചകള്‍ ബൂലോഗങ്ങളില്‍ തന്നെയാണു് നടക്കുന്നതു്. ഒരുപാടു ചവറുകള്‍ ഒഴിവാക്കിയാലും, ഘനമേറിയ ചര്‍ച്ചകള്‍ വളരെയേറെയുണ്ടു് ബൂലോഗങ്ങളില്‍ നടക്കുന്നു.

Submitted by Sivan on Thu, 2006-08-24 21:59.

തീര്‍ച്ചയായും കെവിന്‍. പക്ഷേ അവിടങ്ങളില്‍ എത്തിപ്പെടാനാണ് പാട്. പിന്നെ എന്തിനെക്കുറിച്ചുള്ള ചര്‍ച്ച ഏതിടത്താണ് നടക്കുന്നത് എന്നറിയാനും. ഒരു ബ്ലോഗ് ഒരാളുടെ പ്രവിശ്യയാണ്.പിന്മൊഴികളായാണ് അഭിപ്രായങ്ങള്‍ വരുന്നത്. ഫോറത്തില്‍ അതല്ല സ്ഥിതി. അതാണതിന്റെ നന്മയും..

Submitted by Sunil on Sat, 2006-08-26 11:02.

സുഹൃത്തുക്കളെ, ഇതു ശ്രദ്ധിച്ചോ?
http://boologaclub.blogspot.com/2006/08/blog-post_115567221858952072.html
ഇത്തരമൊരു ചര്‍ച്ച ഒരു ഫോറത്തില്‍ തന്നെയാണ് വേണ്ടത്. ബൂലോഗക്ലബിലല്ല. ആര്‍ച്ചൈവ്സ് വാല്യൂ കൂടെയുണ്ടതിന്.

Submitted by Sivan on Sat, 2006-08-26 22:55.

ബൂലോക ക്ലബിന്റെ ഘടന തന്നെ മറ്റു ഭൂ‍വുലകങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. വിശദാംശങ്ങള്‍ മനസ്സിലാവുന്നില്ലെങ്കിലും അതൊരു ഗംഭീരന്‍ ചര്‍ച്ച തന്നെയാണ്. അവിടെ നടന്ന കാര്യങ്ങള്‍ അറിയാതെയാണ് ഞാന്‍ പിന്മൊഴികളെപ്പറ്റി പറഞ്ഞത്.. ആ അറിവില്ലായ്മയില്‍ ഖേദിക്കുന്നു. വെറുതേയുള്ള പുറം ചൊറിയലിനപ്പുറത്ത് ഇത്തരം സംവാദങ്ങളാണ് നടക്കേണ്ടത്. പല തരത്തില്‍ മലയാളത്തിനു വേണ്ടി ഒരുപാട് വിയര്‍ത്തിട്ടുള്ള സുമനസ്സുകള്‍ കാമ്പുള്ള വാദങ്ങളും നിരീക്ഷണങ്ങളുമായി ഒന്നിച്ചുകൂടിയെന്നത് നിസ്സാരകാര്യമല്ല..... സാദ്ധ്യതകള്‍ തന്നെ..
മഹേഷിന്റെ ബ്ലോഗ് ഏതാണ്?

Submitted by viswam on Sun, 2006-08-27 02:20.

പ്രിയ ശിവാ,

ചില കാര്യങ്ങള്‍ അങ്ങനെയാണ്. അകത്തുചെന്നു പെട്ടാലേ നമുക്കറിയാന്‍ പറ്റൂ, അവിടത്തെ കാമ്പും കഴമ്പും.
ചിന്തയില്‍ തന്നെ, ഈ പേജില്‍ ഞാന്‍ വരുമ്പോള്‍ ഇപ്പോഴും ചുറ്റും അടച്ചുകെട്ടിയ ഒരു വികാരം തോന്നാറുണ്ട്. എന്തുകൊണ്ടോ, ഈ ഇന്റര്‍ഫേസുമായി എനിക്കിതുവരെ പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ഏതോ ഒരു കള്ളിമുള്‍ക്കാട്ടില്‍ ചെന്നുപെട്ടതുപോലെ എന്റെ വാക്കുകളും അഭിപ്രായങ്ങളും എനിക്കു താല്‍പ്പര്യമുള്ള ചര്‍ച്ചാവിഷയങ്ങളും ഏതൊക്കെയോ പേജുകളിലായി കുരുങ്ങിക്കിടക്കുന്നു!

മലയാളം ബൂലോഗങ്ങളില്‍ പിന്മൊഴികളും പോസ്റ്റുകളും പരസ്പരം കൂട്ടിക്കെട്ടിയിരിക്കുന്നത് വളരെ വിശേഷപ്പെട്ട രീതിയിലാണ്. ആഗ്രഹമുണ്ടെങ്കില്‍ ഒരു വാക്കുപോലും വിട്ടുപോകാതെ മൊത്തം എഴുത്തുകാരുടെ രചനകള്‍ അവിടെ ട്രാക്കു ചെയ്യാന്‍ പറ്റും!

വെറുതെ ഒരു തമാശക്കെങ്കിലും ബൂലോഗത്തിലേക്ക് ഒന്നു ചാടിനോക്കൂ. തുടക്കത്തിലെ സ്ഥലജലവിഭ്രാന്തി പെട്ടെന്നു തന്നെ വിട്ടുമാറും.

പൊള്ളുകയാണെങ്കില്‍ തിരിച്ചു ചാടി കേറിപ്പോകാനും പറ്റും. അതുകൊണ്ട് ഒരു ഊരാക്കുടുക്കില്‍ തലയിട്ടു എന്നു പേടിക്കണ്ട.

ബൂലോഗക്ലബ്ബില്‍ തുടങ്ങിവെച്ച ചര്‍ച്ച വളരെ പേര്‍ ഉറ്റു നോക്കുന്നുണ്ട്. ഏറ്റവും പൊതുവായ, പരസ്യമായ ഒരു സ്ഥലം എന്ന നിലയ്ക്കാണ് അവിടെത്തന്നെ കൊണ്ടു വെച്ചത്. ചിന്ത പോലെ ഒരു (ഏകദേശം) താരതമ്യേന സ്വകാര്യമായ ഇടത്തേക്കാളും തല്‍ക്കാലം അവിടെതന്നെ തുടരട്ടെ ആ ചര്‍ച്ച.

അവിടെ വരുന്ന എല്ലാ അഭിപ്രായങ്ങളും എല്ലാ വിശദാംശങ്ങളോടും കൂടി ശേഖരിച്ചുവെക്കുന്നുണ്ട് പല സ്ഥലങ്ങളിലായി.
പിന്നീട് അതെല്ലാം കൂടി നമുക്കൊരിടത്ത് കെട്ടിയുറപ്പിക്കാം.

ആ ചര്‍ച്ചയുടെ ഒരു PDF series ഉടന്‍ തന്നെ താല്‍പ്പര്യമുള്ളവര്‍ക്ക് ലഭ്യമാക്കുന്നതാണ്.

വരൂ, പങ്കെടുക്കൂ. അറിവുള്ളത്രയും അഭിപ്രായങ്ങളൊക്കെ പങ്കുവെക്കാന്‍ മടിക്കരുത്.

നമുക്ക് മുന്‍‌വിധികളില്ലാതെ ആത്മസംയമനത്തോടെ ഒരു മൊഴിക്കൂട്ടം ഒരുക്കാം!

വിശ്വപ്രഭ
http://viswaprabha.blogspot.com
http://boologaclub.blogspot.com/2006/08/blog-post_115567221858952072.html

Submitted by hari on Sun, 2006-08-27 06:36.

ഫോറവും ബ്ലോഗും തമ്മില്‍ താരതമ്യം ചെയ്യുന്നത് അര്‍ത്ഥമില്ലാത്ത പ്രവര്‍ത്തിയാണ്. പക്ഷേ ചിന്തയിലെ ഫോറം ഒരു ബ്ലോഗിനേക്കാളും സ്വകാര്യമായ ഇടമാകുന്നത് എങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. എനിക്ക് തിരിച്ചാണ് തോന്നിയത്. ബ്ലോഗിനുള്ളിലെത്തുമ്പോള്‍ ഒരു അടഞ്ഞ വീട്ടിനുള്ളിലെത്തിയതു പോലെ, ഒരു വ്യക്തിയുടെ ഷോ മാത്രമല്ലേ അത്... പകരം സംവാദത്തില്‍ കുടുതല്‍ പൊതുവായ ഒരു ഇടത്തെത്തിയ പ്രതീതിയും.

നമ്മുടെ ബ്ലോഗെഴുത്തുകാര്‍ കാക്കത്തൊള്ളായിരം പോസ്റ്റുകളെഴുതുന്ന കാലം വിദൂരമല്ല.. ആ മലവെള്ളപ്പച്ചിലില്‍ നിന്ന് വായിക്കാന്‍ കാമ്പുള്ളതെന്തെങ്കിലും തപ്പിയെടുക്കാനുള്ള വിദ്യ എന്താണാവോ? ഇപ്പോള്‍ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിക്കുന്നവര്‍ക്ക് ഈ പ്രശ്നം നല്ലതു പോലെ അറിവുള്ളതാവണം.

Submitted by Sivan on Sun, 2006-08-27 22:28.

"ബൂലോഗക്ലബ്ബില്‍ തുടങ്ങിവെച്ച ചര്‍ച്ച വളരെ പേര്‍ ഉറ്റു നോക്കുന്നുണ്ട്. ഏറ്റവും പൊതുവായ, പരസ്യമായ ഒരു സ്ഥലം എന്ന നിലയ്ക്കാണ് അവിടെത്തന്നെ കൊണ്ടു വെച്ചത്. ചിന്ത പോലെ ഒരു (ഏകദേശം) താരതമ്യേന സ്വകാര്യമായ ഇടത്തേക്കാളും തല്‍ക്കാലം അവിടെതന്നെ തുടരട്ടെ ആ ചര്‍ച്ച."

പരിചയമാണ് സൌകര്യത്തിന്റെ മാനദണ്ഡം. അതുകൊണ്ട് ചിന്തയുടെ ഫോറം ഒരു അടഞ്ഞസ്ഥലമായി വിശ്വത്തിനു തോന്നിയത് എനിക്കു മനസ്സിലാകും. പക്ഷേ ഫോറം സ്വകാര്യമാവുന്നത് എങ്ങനെ എന്നു എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഒരു കമന്റ് പോസ്റ്റുചെയ്യുന്ന ആളിന്റെ ഉത്തരവാദിത്വത്തിലാണ് അതെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നത്. പലപ്പോഴും ആദ്യ കമന്റുകളേക്കാള്‍ മുന്നോട്ടു പോയിട്ടുണ്ട് പിന്നെ വന്ന പലവാദങ്ങളും. ഞാന്‍ കറങ്ങി നടന്ന ബൂലോകങ്ങളിലാവട്ടെ, അതിന്റെ ഉടമയുടെ താത്പര്യങ്ങളെ പിന്‍പറ്റുന്നതിലാണ് ഒരു പോസ്റ്റിന്റെ കാതലിരിക്കുന്നത്..പിന്മൊഴികള്‍ എന്ന പേരു തന്നെ കാര്യങ്ങള്‍ തുറന്നു പറയുന്നു. എതിര്‍വാദങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. പക്ഷേ അവിടെ നിലനില്‍ക്കുന്നത് മുഖമൊഴിയെന്നോ മറ്റോ പറയാവുന്ന പ്രധാന പോസ്റ്റു തന്നെയാണ്. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒരാളല്ല. ആര്‍ക്കുവേണമെങ്കിലും പുതിയ ടോപിക് തുടങ്ങി വയ്ക്കാം. അതിനെ എതിര്‍ത്തോ അനുകൂലിച്ചോ പിന്‍പറ്റാം. മിണ്ടാതിരിക്കാം. സത്യം പറയട്ടെ, വിശ്വം ബ്ലോഗുകളില്‍ അനുഭവപ്പെടുന്നു എന്നു പറയുന്ന ആ സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ് ചിന്തയുടെ ഫോറം എനിക്കു ‘കംഫര്‍ട്ട്’ ആകാനുള്ള ഒരു കാരണം. മറിച്ച് സുഹൃത്തായ (ടി പി)അനിലിന്റെ ബൂലോകത്തില്‍ കമന്റിടാന്‍ ചെന്നപ്പോള്‍ കണ്ടത,് എന്നോട് ഒരു ബ്ലോഗു തുടങ്ങിയിട്ടു വരാനുള്ള ആക്രോശമാണ്. ഞാനിട്ട കമന്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അനിലത് എടുത്തു മാറ്റുകയും ചെയ്യും ഞാന്‍ നിസ്സഹായനാണ് അക്കാര്യത്തില്‍.

പക്ഷേ ബൂലോകക്ലബില്‍ കാര്യങ്ങള്‍ വ്യത്യസ്തമായി തോന്നി. എനിക്കു അനുഭവപ്പെട്ടത് ഫോറത്തിന്റെ നന്മ ബ്ലോഗിലേയ്ക്കു പകര്‍ന്നു എന്നാണ്. എങ്കില്‍ പോലും അതാരുടെ വകയാണ് എന്ന്, ആ വാദങ്ങളൊക്കെ വായിച്ച ശേഷം ഞാനും നോക്കിപ്പോയി. അതാണു വ്യത്യാസം.

Submitted by viswam on Mon, 2006-08-28 02:16.

ചിന്തയില്‍ എനിക്കു തോന്നുന്ന അപരിചിതത്വം വാസ്തവത്തില്‍ ഇന്റര്‍ഫേസിന്റെയാണ്, അഡ്മിനിസ്റ്റ്റ്രേഷന്റെയല്ല . . തെളിച്ചുപറയാന്‍ പറ്റുന്നില്ലാത്ത, എന്തോ ഒരു കുറവ്‌ ഈ ഫോറത്തിലുണ്ട് എന്നെനിക്കു തുടക്കം മുതലേ തോന്നിയിട്ടുണ്ട്. (പോളിനോട് ഈ പ്രശ്നം ഞാന്‍ സൂചിപ്പിച്ചിരുന്നു).

ഞാന്‍ പങ്കേടുക്കുന്ന അല്ലെങ്കില്‍ എനിക്കു താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ തുടര്‍ച്ചര്‍ച്ചകളുണ്ടാവുമ്പോള്‍ അതെന്നെ തേടിവരുന്നില്ല എന്നു വേണമെങ്കില്‍ പറയാം. ഈയിടെ ഈ-മെയില്‍ കൂടി വരുന്ന ചെറിയ നോട്ടിഫിക്കേഷനുകള്‍ അതിനു വ്യത്യാസം വരുത്തിയിട്ടുണ്ടെന്നു സമ്മതിക്കാം. എങ്കില്‍ പോലും ഒരു മെയില്‍ ലിസ്റ്റിന്റെ ഗുണം അതു ചെയ്യുന്നില്ല.

മറ്റൊരു വഴിക്കു പറഞ്ഞാല്‍ വന്നുപോയിട്ടുള്ള എല്ലാ പോസ്റ്റുകളുടേയും കമന്റുകളുടേയും ഒരു പകര്‍പ്പ് എന്റെ തന്നെ സ്വന്തം കമ്പ്യൂട്ടറില്‍ ഈ-മെയില്‍ ആയി ഉണ്ടായിരിക്കുക, അതും ഞാന്‍ അങ്ങോട്ടുപോയി നോക്കാതെ ഇങ്ങോട്ടു തന്നെ വന്നുചേരുക എന്ന ഒരു അത്യാഗ്രഹമോ വാശിയൊ വര്‍ഷങ്ങളായി പല ഫോറങ്ങളിലും ഇടപെടാറുള്ള ശീലം കൊണ്ട് എനിക്കുണ്ടായിത്തീര്‍ന്നിട്ടുണ്ട്. അതു നടക്കുന്നില്ല ഇവിടെ.
ഫീഡുകള്‍ ഈമെയിലാക്കുന്ന വിദ്യയുണ്ടോ? എങ്കില്‍ ഒരുപക്ഷേ എന്റെ അസുഖം മാറുമായിരിക്കാം.

ഒരു സ്വകാര്യസ്ഥലം എന്നുദ്ദേശിച്ചത് ഒരാള്‍ക്ക് അല്ലെങ്കില്‍ ഒരു കൂട്ടം ആളുകള്‍ക്കു മാത്രം നിയന്ത്രണമുള്ള, ഒരു ബാനറിനു കീഴിലുള്ള, ഒരു സ്ഥലം എന്ന നിലയ്ക്കാണ്. അവിടെ നടക്കുന്ന ചര്‍ച്ച ഇപ്പോള്‍ യാതൊരു തരത്തിലുള്ള ബാനറുകളുമില്ലാത്ത (സാധാരണ നമുക്കു പരിചയമില്ലാത്ത തരം) ഒരിടത്താണ്. ആ ചര്‍ച്ചയെ സംബന്ധിച്ചിടത്തോളം ഇതു പ്രധാനവുമാണെന്ന് എനിക്കു തോന്നുന്നു. ചിന്ത ഒരു പള്ളിക്കൂടമോ വായനശാലയോ പോലെ പൊതുസ്ഥലമാണെങ്കില്‍ ബൂലോഗക്ലബ്ബ് എന്ന ഉദാരമായ പരീക്ഷണസ്ഥലം ഒരു വെളിമ്പറമ്പായി കണക്കാക്കാം. എല്ലാ തരത്തിലുമുള്ളാ ഈഗോകളും മുന്നിരിപ്പുകളും മാറ്റിവെച്ചുകൊണ്ട് ആളുകള്‍ വന്ന് വെറുതെ പുല്ലില്‍ കുത്തിയിരുന്നാണവിടെ ഇപ്പോള്‍ സംസാരിക്കുന്നത്.

ബ്ലോഗുകളെ മൊത്തമായെടുത്ത് അതുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍, ചിന്തയിലെ സംവാദങ്ങളില്‍ വളരെയധികം പേരൊന്നും വായിച്ചോ എഴുതിയോ പങ്കെടുക്കുന്നില്ല എന്നാണെനിക്കു തോന്നുന്നത്. (അതിനു ഗുണങ്ങളും ദോഷങ്ങളുമുണ്ട്). ചിന്തയില്‍ തന്നെ നൂറിലധികം ആളുകള്‍ പതിവായി സംവാദങ്ങളില്‍ ഏര്‍പ്പെട്ടുകാണുമ്പോള്‍ അറിയാം അതെല്ലാം വായിച്ചെത്താനും ട്രാക്കു ചെയ്യുവാനുമുള്ളാ ബുദ്ധിമുട്ട്!

അതങ്ങനെയേ പറ്റൂ, വിവരവിസ്ഫോടനത്തിന്റെ മറ്റൊരു മുഖമാണിതെന്നു നമുക്കാശ്വസിക്കേണ്ടി വരും ഒടുക്കം!

വിശ്വപ്രഭ
http://viswaprabha.blogspot.com

Submitted by peringodan on Mon, 2006-08-28 11:48.

ശിവാ,
മഹേഷിന്റെ ബ്ലോഗ് യൂ.ആര്‍.എല്‍: http://pothuyogam.blogspot.com/

മയ്യഴി എന്ന പേരിലാണു് അദ്ദേഹം എഴുതുന്നതു്.

Submitted by kevinsiji on Mon, 2006-08-28 13:38.

ശിവന്‍ പറഞ്ഞു: മറിച്ച് സുഹൃത്തായ (ടി പി)അനിലിന്റെ ബൂലോകത്തില്‍ കമന്റിടാന്‍ ചെന്നപ്പോള്‍ കണ്ടത,് എന്നോട് ഒരു ബ്ലോഗു തുടങ്ങിയിട്ടു വരാനുള്ള ആക്രോശമാണ്. ഞാനിട്ട കമന്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അനിലത് എടുത്തു മാറ്റുകയും ചെയ്യും ഞാന്‍ നിസ്സഹായനാണ് അക്കാര്യത്തില്‍.

ശിവാ, ഈ ചിന്തയുടെ സംവാദത്തിലും പേരു് ചേര്‍ത്തു്, വാതില്‍ക്കല്‍ ഊരും പേരും പറഞ്ഞാല്‍ മാത്രമേ ചര്‍ച്ചകളില്‍ പങ്കെടുത്തു് മറുപടി പറയാന്‍ സാധിക്കുകയുള്ളൂ. ഇതു്, എവിടെയും എത്തിപ്പെടുത്ത ഓലിയിടുന്ന തെരുവുനായ്ക്കളെ അകറ്റാനുള്ള ഒരു ശ്രമം മാത്രമാണു്, അല്ലാതെ ശിവന്‍ കരുതുന്ന തരത്തിലുള്ള ആക്രോശമല്ല.

ശിവനിവിടെ എഴുതിയിട്ടതു് പോളിനിഷ്ടപ്പെട്ടില്ലെങ്കില്‍ പോളും അതെടുത്തു മാറ്റും. സംശയമുണ്ടോ? സെന്‍സറിങ് എപ്പോഴും നടത്തിപ്പുകാരന്റെ അവകാശവും ചുമതലയുമാണു്, ചിന്ത-സംവാദമായാലും ഏതെങ്കിലും സ്വകാര്യബൂലോഗമായാലും.

വിശ്വം പറഞ്ഞപോലെ, മറുപടികള്‍ നമ്മെതേടി വരണമെന്നതു് ഇത്തരം നെറ്റു ചര്‍ച്ചകളില്‍ നിര്‍ബന്ധമാണു്. കാരണം എപ്പോഴും നമ്മള്‍ക്കുള്ള മറുപടികള്‍ വന്നോ എന്നന്വേഷിച്ചുകൊണ്ടിരിയ്ക്കുക അപ്രായോഗികമാണു്. അത്തരം ഒരു പ്രവര്‍ത്തനം മലയാളബൂലോഗരംഗത്തു് വളരെ വൃത്തിയായി നടക്കുന്നു. നമ്മളെഴുതിയതിനു് ആരെവിടെ മറുപടി എഴുതിയാലും അതു് നമ്മുടെ തപാല്‍പെട്ടിയില്‍ എത്തിച്ചേരും. ചുമ്മാ തലേക്കെട്ടുകളിലൂടെ കണ്ണോടിച്ചു് താല്പര്യമുള്ളവ മാത്രം വായിയ്ക്കാവുന്നതേ ഉള്ളൂ.

ചിന്തയിലും ഇത്തരം ഒരു സംഗതി മുമ്പേ ഉണ്ടായിരുന്നു എന്നു തോന്നുന്നു, പക്ഷേ ഇക്കാലത്തായിട്ടതു കാണുന്നില്ല. എന്റെ ഒരുക്കൂട്ടലുകളുടെ പ്രശ്നമാണോ എന്നറിയില്ല.

Submitted by Sivan on Mon, 2006-08-28 22:31.

വിശ്വം, കെവിന്‍,
എന്റേതുള്‍‍പ്പടെയുള്ള വാദങ്ങളില്‍ ഇവിടെ നഷ്ടപ്പെട്ടു പോകുന്നത് ഒരു ഫിലോസഫിയുടെ കൈത്താങ്ങ് ആണെന്നു തോന്നുന്നു. ഒരു പക്ഷേ ബൂലോകങ്ങളെപ്പറ്റി ഒന്നുമറിയാത്ത ഞാന്‍ സംസാരിക്കുന്നതു കൊണ്ടാവാം. പോളിന്റേതാണ് എന്ന ചിന്ത വരുന്നിടത്ത്, ശരിയാണ്...ഇതും ഒരാളിന്റെ വകയാണ്. ഞാന്‍ മറ്റൊരു അംഗിളില്‍ കൂടിയാണ് നോക്കിക്കണ്ടത്, പോള്‍ ഒരു ഫോറം ഉണ്ടാക്കുന്നു കമന്റുകള്‍ അദ്ദേഹത്തിന്റെയല്ല, നമ്മുടെയാണ്.. അതിനെ പിന്‍പറ്റുന്നവര്‍, നമ്മളെയാണ്` പോളിനെയല്ല പിന്‍പറ്റുന്നത്.. ബ്ലോഗുകളില്‍ കാര്യങ്ങള്‍ മറിച്ചല്ലേ... വിശ്വത്തിന്റെ ഉപമ സ്വീകരിച്ച് തിരിച്ചു പറഞ്ഞാല്‍... വെളിയിടം പോളും, സ്വകാര്യമുറികള്‍ ബ്ലോഗേഴ്സും നിര്‍മ്മിച്ചു ...രണ്ടിടത്തും ചര്‍ച്ചയ്ക്കു സൌകര്യമുണ്ട്.. എന്ന്...പിന്നെ അറിയിപ്പുകള്‍ വരുന്നതിനെക്കുറിച്ച്.. അതിന്റെ ടെക്നിക്കല്‍ കാര്യങ്ങള്‍ അറിയില്ല. ഞാന്‍ ഫോറം നോക്കുന്നത് എന്റെ പോസ്റ്റിനുള്ള മറുപടി കാണാനല്ല എന്നെനിക്കറിയാം.. പുതിയ എത്ര പോസ്റ്റുണ്ട് അതിലേതിലൊക്കെ എനിക്കിടപെടാനാവും എന്നറിയാനാണ്. ‘നമ്മുടെ’പോസ്റ്റിന്റെ പിന്മൊഴികള്‍.. എന്നു വിശ്വവും കെവിനും ഒരേസ്വരത്തില്‍ പറയുമ്പോള്‍ അതു ബ്ലോഗിന്റെ സ്വഭാവമായി പലരും ചൂണ്ടിക്കാട്ടിയ കാര്യത്തിനു അടിവരയിടുന്നു....ആത്മരതി എന്ന......അതു ഒരു കുറവായി ഞാന്‍ കാണുന്നു.. അതില്ലാത്തത് ബൂലോകക്ലബിന്റെ ഒരു നന്മയായും കാണുന്നു.....

Submitted by kevinsiji on Tue, 2006-08-29 19:14.

പ്രിയ ശിവാ, ഇതില്‍ എന്താത്മരതിയിരിക്കുന്നു. സമയമാണു് ഇന്നു് നമ്മെ ഭരിയ്ക്കുന്നതു്. ശിവനു നിത്യവും സംവാദത്തില്‍ വന്നു് ഓരോ മുറികളും തുറന്നു നോക്കി മറ്റുള്ളവരുടെ വാക്കുകള്‍ക്കു് മറുപടിയെഴുതാനുള്ള സമയമുണ്ടെങ്കില്‍, ഭാഗ്യവാനെന്നേ ഞാന്‍ കരുതൂ. എന്നെപ്പോലുള്ള ഒരാളുടെ കാര്യം നോക്കൂ. ഓഫീസിലെത്തുമ്പോള്‍ കാലത്തു് ഒരു പത്തു മിനിട്ടു്, അതിനുള്ളില്‍ ഈമെയിലില്‍ യുണീക്കോഡിന്റെ ചര്‍ച്ചാഗ്രൂപ്പിലുള്ള മെയിലുകള്‍ വായിച്ചു മറുപടിയെഴുതണം, ബ്ലോഗുകള്‍ വായിയ്ക്കാനൊന്നും നേരം കിട്ടാറില്ല, പിന്മൊഴികള്‍ ഈമെയിലില്‍ വരുന്നതുകൊണ്ടു് അതിലൊന്നുരണ്ടു് വാക്കുകള്‍ സേര്‍ച്ച് ചെയ്യും, അരെങ്കിലും ഭാഷാ-ഫോണ്ടു്-യുണീക്കോഡു് സംബന്ധിയായി വല്ലതും വല്ലോടോത്തും എഴുതിയിട്ടുണ്ടെങ്കില്‍ അതു് കിട്ടും. പോയിനോക്കും, മറുപടി പറയാനുണ്ടെങ്കില്‍, സമയമുണ്ടെങ്കില്‍ പറയും. പിന്നെ ഉച്ചതിരിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ ഇതേപോലെ ഒരു പത്തു് മിനിട്ട് കിട്ടും, മലയാളം വിക്കിയിലൊന്നു കൈയിടും, തരം പോലെ സംവാദത്തിലും ഒന്നെത്തി നോക്കും. ഇതില്‍ ആത്മരതിയോ ഞാനെന്ന അഹംഭാവമോ ഒന്നുമല്ല കാര്യങ്ങള്‍ നിര്‍ണ്ണയിയ്ക്കുന്നതു്.

സംവാദം തന്റെ അധികാരങ്ങള്‍ നടപ്പാക്കാനുള്ള വേദിയായി പോള്‍ കണ്ടിട്ടില്ല, തീര്‍ച്ചയായും. പിന്മൊഴികള്‍ തട്ടിക്കളയാനുള്ള ബ്ലോഗിന്റെ ഉടമസ്ഥനുള്ള അവകാശവും പോളിനു സംവാദത്തിലുള്ള അവകാശവും ചുമ്മാ എടുത്തുകാണിച്ചുവെന്നു മാത്രം. അവകാശങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിയ്ക്കുമ്പോഴാണല്ലോ, ജനതകള്‍ മുന്നേറുന്നതു്.

ഒരു കാര്യം ചര്‍ച്ചയുടെ ആവശ്യമില്ലാതെ തന്നെ വ്യക്തമാണു്, ബൂലോഗങ്ങളേക്കാള്‍ ചര്‍ച്ചകള്‍ക്കനുയോജ്യം സംവാദം തന്നെയാണു്. പക്ഷേ, ചര്‍ച്ചകളെ സംവാദത്തിലേയ്ക്കെത്തിക്കാന്‍, അല്ലെങ്കില്‍ ചര്‍ച്ച ചെയ്യുന്നവരെ സംവാദത്തിലേയ്ക്കെത്തിക്കാന്‍ പോളിനു കഴിയുന്നില്ല. പോള്‍ ഇതു ശ്രദ്ധിയ്ക്കുക. സബ്ജക്റ്റില്‍ ചിന്തയുടെ സംവാദമെന്നും എഴുതിയ ആളുടെ പേരും കൂട്ടി പിന്മൊഴിയിലേയ്ക്കു് എല്ലാ മറുപടികളുടെയും ആദ്യരണ്ടുവരി മാത്രം എടുത്തു് ഇമെയിലായി വിട്ടാല്‍, അതു് മെയിലു മാത്രം നോക്കാന്‍ സമയം കണ്ടെത്തുന്ന എല്ലാ തല്പരകക്ഷികളേയും സംവാദത്തിലേയ്ക്കെത്തിയ്ക്കും.

Submitted by Sivan on Tue, 2006-08-29 22:18.

ശരിയാണ് ഉദാഹരണങ്ങള്‍ക്കെല്ലാം അതിവ്യാപ്തി ദോഷമോ അവ്യാപ്തിദോഷമോ ഉണ്ട്. അതു കാര്യങ്ങളെ വഴിമാറ്റും.
കെവിന്‍, ആത്മരതി എന്ന വാക്കുപയോഗിച്ചത് മോശമായ അര്‍ത്ഥത്തിലോ അഹങ്കാരത്തിന്റെ കൂടെപ്പിറപ്പ് എന്ന അര്‍ത്ഥത്തിലോ അല്ല.

അധ്യാപനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പല ചര്‍ച്ചകളിലും ഏര്‍പ്പെടേണ്ടി വരുന്നുണ്ട്.. അദ്ധ്യാപകന്‍ ക്ലാസില്‍ അവനവനെ/അവളവളെ പ്രദര്‍ശിപ്പിക്കുകയല്ലേ ചെയ്യുന്നത്, അതിനൊരു മാറ്റം എന്ന നിലയില്‍ പുതിയ വിദ്യാഭ്യാസ രീതി വരുന്നു എന്ന അര്‍ത്ഥത്തില്‍. ആ വഴിയ്ക്ക് ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമായതു കൊണ്ടാവണം ബ്ലോഗുകളെയും അങ്ങനെ കണ്ടു പോയത്. വേറൊരു രാജ്യത്തെ ജോലിത്തിരക്കിന്റെ കാര്യവും അറിയാന്‍ വയ്യാത്തതല്ല. ഞാന്‍ എനിക്കു പരിചയമുള്ള കണ്ണാടിയില്‍ കൂടി നോക്കിയപ്പോള്‍ കണ്ടത് പറയുന്നു. അതിന്റെ വൈകല്യങ്ങള്‍ മറ്റൊരാള്‍ മറ്റൊരു ആംഗിളിലൂടെ കാര്യങ്ങള്‍ കാട്ടി തരുമ്പോള്‍ മനസ്സിലാവുന്നുണ്ട്, ഏകദേശം. :)

Submitted by paul on Wed, 2006-09-06 11:37.

പഴയ ഫോറത്തില്‍ നിന്ന് പുതിയതിലേയ്ക്കുള്ള ചുവടുമാറ്റം മൂലം ഒട്ടനവധി സൌകര്യങ്ങള്‍ നഷ്ടമായി എന്നറിയാം. പക്ഷേ സ്പാമിങ്ങും സെക്യൂരിറ്റി പ്രശ്നങ്ങളും മൂലം ഈ മാറ്റം ഇനിയും വൈകിക്കുക അസാധ്യമായിരുന്നു.

ചിന്തയില്‍ നിന്നുള്ള ഇമെയില്‍ നോട്ടിഫിക്കേഷന്‍ പ്രശ്നം വിശ്വവും പറഞ്ഞിരുന്നു. അതിനുടന്‍ പരിഹാരം ഉണ്ടാവും. ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും പുതുതായി വന്ന ഫോറം പോസ്റ്റുകള്‍ ലിസ്റ്റു ചെയ്യാനുള്ള ഒരു ലിങ്കും ശരിയാകാന്‍ ശ്രമിക്കുന്നുണ്ട്.

ഫോറത്തിലേയ്ക്ക് ആളുകളെ എത്തിയ്ക്കാന്‍ പ്രത്യേകിച്ച് എന്താണ് ചെയ്യേണ്ടത്, കെവിനേ? താല്പര്യമുള്ളവര്‍ വരട്ടെ എന്നൊരു പോളിസിയാണ് എനിക്കുള്ളത്.

കെവിന്‍, ഫീഡ് റീഡര്‍ ഉപയോഗിക്കാറുണ്ടോ? ഉണ്ടെങ്കില്‍ സംവാദത്തിന്റെ ഫീഡ് ഇവിടെ കിട്ടും : http://chintha.com/samvaadam.xml

Submitted by challiyan on Wed, 2006-09-20 18:16.

പരസ്യം എന്നതു ഒരു കച്ചവടത്തിനു മാത്രമല്ല നിങ്ങളുറ്റേതു പോലെയുള്ള സംരംഭങ്ങള്‍ക്കും നല്ലതാണു. പരസ്പരം ലിങ്കുകള്‍ കൈമാറുന്നതിലൂടെ ഇനിയും വയനക്കാരെ സൃഷ്ടിക്കാം.

ചള്ളിയാന്‍