തര്‍ജ്ജനി

കനവ്

നരസിപ്പുഴയുടെ തീരത്ത്, അയണിക്കാടിനടുത്ത്, മുളങ്കാടുകളുടെ സംഗീതത്തില്‍ ലയിച്ച് - കനവ്.

ഇവിടെയെത്തുമ്പോള്‍ നാഗരികമായ ഭീതികള്‍ നമ്മെ വിട്ടൊഴിയും. മൊബൈല്‍ ഫോണ്‍ നിങ്ങളെ ഇവിടെ ശല്യപ്പെടുത്തില്ല. കണ്ണാടിയില്‍ സ്വന്തം മുഖത്തെ കാണേണ്ട. അതെ, കനവില്‍ കണ്ണാടിയില്ല. പക്ഷേ ഇവിടുത്തെ കുട്ടികളുടെ കണ്ണില്‍ നോക്കിയാല്‍, ഇതുവരെ കാണാത്ത കാഴ്ചകള്‍ അവര്‍ കാണിച്ചു തരും.

പകരമെത്തുന്ന കാട്ടുഭീതികള്‍ കാട്ടുപൊന്തകള്‍ക്കും മുളങ്കാടുകള്‍ക്കും ഇടയിലിരുന്ന് നമ്മെ പേടിപ്പിക്കും. പാതിരാത്രിയില്‍ ആനയിറങ്ങിയാലോ എന്ന് വിറയ്ക്കും. അവിടെയെങ്ങാനും പാമ്പുകള്‍ ഇഴഞ്ഞു പോകുന്നുണ്ടോ എന്ന് കണ്ണുകള്‍ പരതും. ചെളിയിലേയ്ക്ക് ആഴ്ന്നു പോകുന്ന പാദങ്ങള്‍ വലിച്ചെടുത്ത്, പാടവരമ്പിലൂടെ സര്‍ക്കസ് അഭ്യാസിയെപ്പോലെ വഴുക്കാതെ നടന്ന്, ചൂടുള്ള കഞ്ഞിയും കറിയും കോരിക്കുടിച്ച്...

അങ്ങനെയങ്ങനെ സമയത്തെക്കുറിച്ചുള്ള എല്ലാ ബോധങ്ങളും മറഞ്ഞ്...

എഴുതിയാല്‍ തീരില്ല. എഴുതാനെനിക്ക് ആവുകയുമില്ല. അതിനാല്‍ കനവിലെ മക്കളുടെ ബ്ലോഗ് ഇവിടെ വായിക്കുക: കനവുചെത്തം

കനവിലെ ചില ചിത്രങ്ങള്‍ ഇവിടെ: കനവിലെ ആമ്പലുകള്‍