തര്‍ജ്ജനി

വയല്‍

വീടിനു മുന്നില്‍, കണ്ണെത്താ ദൂരത്തോളം പച്ചപ്പട്ടു വിരിച്ചതുപോലെ കിടന്നിരുന്ന വയലാണിത്‌. ഇപ്പോള്‍ ഉണങ്ങി വരണ്ട്‌, അങ്ങിങ്ങ്‌ പാഴ്ച്ചെടികള്‍ വളര്‍ന്ന്, വേനലില്‍ വിണ്ടുകീറി...കണ്ണടയുടെ ചില്ലുകളില്‍ നിന്ന് പൊടി തുടച്ചു കളയുന്നതിനിടയില്‍, ഏറെക്കാലം കൂടിയുള്ള ഈ വരവ്‌ വ്യര്‍ത്ഥമായെന്ന് അയാള്‍ക്ക്‌ തോന്നി.

"വലുതാകുമ്പോള്‍ കുഞ്ഞിപ്പെണ്ണിന്‌ ആരാകണം?"
"ഒന്നും ആകണ്ട"
മരുഭൂമികള്‍ പരക്കുന്നതു പോലെ അവളുടെ കുഞ്ഞുമിഴികളില്‍ ഉണങ്ങി വരണ്ട വയല്‍ പടര്‍ന്നു.

"അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ കുട്ടീ... ഇനിയും നിങ്ങളൊക്കെ ചെയ്യാനുള്ളത്‌..."
"എന്നാലേ എനിക്കീ വയലില്‍ പിന്നെയും പച്ചപ്പട്ടു വിരിക്കണം. വലുതാകട്ടെ... ഒരു മഴ മാത്രം മതിയെനിക്ക്‌..." അവളുടെ കണ്ണുകള്‍ തിളങ്ങി.

സ്വപ്നങ്ങള്‍ പൂക്കുന്ന അവളുടെ നിഷ്കളങ്കമായ ചിരിയില്‍ അയാള്‍ മുങ്ങിപ്പോയി. കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നതിനും പൊന്തക്കാടുകളുടെ മറവില്‍ കള്ളച്ചാരായം വില്‍ക്കുന്നതിനും പിന്നില്‍ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങി. നിറയുന്ന കണ്ണുകള്‍ അവള്‍ കാണാതെ തുടച്ച്‌, അയാള്‍ നിശബ്ദം വിതുമ്പി.

Submitted by kevin (not verified) on Sun, 2005-02-27 16:00.

ഹേ മനുഷ്യാ, എന്തിനാണു വെറുതെ മോഹിപ്പിയ്ക്കുന്നതു്. ഒരു മഴ പെയ്താല്‍ ശപിയ്ക്കുന്ന യൌവ്വനമാണിന്നത്തേതു്. പച്ചപ്പിന്റെ മോഹിപ്പിയ്ക്കുന്ന വശ്യത വശമില്ലത്ത തലമുറയാണു വളര്‍ന്നു വരുന്നതു്. പ്രതീക്ഷകളും സ്വപ്നങ്ങളും കച്ചവടം ചെയ്യാനിറങ്ങിയിരിയ്ക്കുകയാ അല്ലേ? ഞാനും ചിലപ്പോഴെല്ലാം തന്റെ പ്രതീക്ഷകള്‍ വാങ്ങി നുണഞ്ഞു നോക്കാറുണ്ടു്, തന്റെ സ്വപ്നങ്ങള്‍ കണ്ടു നെടുവീര്‍പ്പിടാറുണ്ടു്.

Submitted by chinthaadmin on Mon, 2005-02-28 03:53.

ഓര്‍ത്തില്ല സുഹൃത്തേ, തലമുറകള്‍ തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന്! മൂളിപ്പാട്ടും പാടി, ബൈക്കില്‍ ചെത്തി നടക്കാന്‍ മഴയും പാടത്തെ ചേറുമൊക്കെ അസൌകര്യമാകും അല്ലേ?

പോള്‍

Submitted by kevin (not verified) on Wed, 2005-03-02 18:32.

പിന്നെ പറയാനുണ്ടോ, ഇപ്പഴത്തെ വാല്യക്കാര്‍ക്കു് മഴ പെയ്താല്‍ അന്നത്തെ ദിവസം തന്നെ പോയില്ലേ. എല്ലാം പോയെടോ, മഴയുടെ സുഖവും, നിലാവിന്റെ നനുത്ത തണുപ്പും എല്ലാം പോയി.

Submitted by വിശ്വം (not verified) on Thu, 2005-03-03 07:39.

പ്രിയ പൌലൂസേ,

മഴ ഒഴിഞ്ഞുനിന്ന ഒരു ഇടവേളയില്‍ ആ എത്യോപ്യന്‍ പശു ഇവിടെയും മേയാന്‍ വന്നിരുന്നു...

Submitted by chinthaadmin on Fri, 2005-03-04 17:19.

സ്വാഗതം സുഹൃത്തേ... ഇനിയും വരിക. പച്ചപ്പ്‌ കാത്തു സൂക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കാം... വേനലിലും മഴയിലും മുടങ്ങാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു....

പോള്‍

Submitted by reshma (not verified) on Wed, 2005-03-09 09:18.

Today's generation didn't fall out from the skies. we made them so , didn't we ?

Submitted by chinthaadmin on Wed, 2005-03-09 18:38.

did we? I dont think so...