തര്‍ജ്ജനി

മുഖമൊഴി

സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യപദയാത്രയും വേറെ ചില ഘോഷയാത്രകളും

ഈ വര്‍ഷം ഗാന്ധിജയന്തിനാളില്‍ കേരളത്തിന്റെ വടക്കേയറ്റത്തു് കാസര്‍ഗോട്ടു നിന്നു് ഒരു അസാധാരണമായ പദയാത്ര തലസ്ഥാനനഗരിയായ തിരുവനന്തപുരത്തേക്കു് പുറപ്പെട്ടു. ജവഹര്‍ലാല്‍ നെഹറുവിന്റെ പിറന്നാളായ നവംബര്‍ പതിനാലിനു് സമാപിപ്പിക്കുന്നതാണു് ഈ പദയാത്ര എന്നാണു് സംഘാടകര്‍ അറിയിച്ചതു്. സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ അനൂപ് ജോണും മൂന്നു് സുഹൃത്തുക്കളുമാണു് പദയാത്രാസംഘത്തിലുള്ളതു്. പദയാത്രകളുടെ പതിവുരീതികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണു് നാല്‍വര്‍സംഘം നടത്തുന്ന യാത്ര. ഉദ്ദേശ്യലക്ഷ്യങ്ങളിലും പ്രയോഗരീതിയിലും എല്ലാം വ്യത്യസ്തതപുലര്‍ത്തുന്ന ഈ പദയാത്ര ഒരു മാദ്ധ്യമവിശേഷം പോലുമല്ല. അതില്‍ അസ്വാഭാവികതയില്ല. അരിക്കും വൈദ്യുതിക്കും വികസനത്തിനും കേന്ദ്രാവഗണനയ്ക്കെതിരെയും നടത്തുന്ന പദയാത്രകളുടെ പ്രചരണോദ്ദേശ്യമോ ലക്ഷ്യമോ അല്ല ഈ പദയാത്രയ്ക്കുള്ളതു്. ജനസാമാന്യത്തിന്റെ നിത്യജീവിതപ്രശ്നമല്ലാത്ത കാര്യമാണു് ഈ പദയാത്രയുടെ ഉദ്ദേശ്യലക്ഷ്യം. അതു് സ്വാതന്ത്ര്യമാണു്. സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യപദയാത്ര എന്നു് വിളിക്കുന്ന ഈ യാത്രയ്ക്കു് ഇംഗ്ലീഷില്‍ പേരു് ഫ്രീഡം വാക്‍ എന്നാണു്. സ്വതന്ത്രസോഫ്റ്റ്‌വേറിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം വര്‍ത്തമാനകാലസാഹചര്യത്തില്‍ അവശ്യം പരിഗണിക്കപ്പെടേണ്ടതും എന്നാല്‍ പ്രസംഗവേദിയിലെ ഉത്കണ്ഠപ്പെടലിനപ്പുറം പോകാതിരിക്കുന്നതുമായ പ്രശ്നങ്ങളിലേക്കു് ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുക എന്നതും അനൂപ് ജോണും സുഹൃത്തുക്കളും അവരുടെ യാത്രോദ്ദേശ്യത്തിന്റെ ഭാഗമാണു് എന്നു് പറയുന്നു.

കാസറഗോട്ടു നിന്നും തിരുവനന്തപുരത്തേക്കു് പ്രചരണജാഥകള്‍ പതിവാണു്. സൗകര്യം മുന്‍നിറുത്തി യാത്ര വാഹനങ്ങളിലാക്കാറുണ്ടു്. മുന്‍കൂട്ടി നിശ്ചയിച്ച സ്വീകരണകേന്ദ്രങ്ങളില്‍ വരവേല്പ് ഏറ്റുവാങ്ങിയും വിശ്രമിച്ചും ആഘോഷപൂര്‍വ്വം നടക്കുന്ന അത്തരം യാത്രകള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നവയാണു്. വമ്പിച്ച പ്രചരണകോലാഹലത്തോടെ വമ്പിച്ച മാദ്ധ്യമാഘോഷമാക്കി നടത്തപ്പെടുന്ന ഇത്തരം ജാഥകളെല്ലാം കേരളീയസമൂഹത്തിന്റെ ജീവല്‍പ്രശ്നങ്ങള്‍ക്കു് പരിഹാരം തേടിയോ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയോ നടത്തപ്പെടുന്നവയാണു്. അവ ലക്ഷ്യം നേടാറുണ്ടോ എന്നു് പൊതുവേ ആരും ചോദിക്കാറില്ല. ജനാഭിപ്രായം രൂപീകരിക്കുകയും അതു് തുടര്‍ന്നു് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുന്ന രാഷ്ട്രീയപ്രയോഗത്തിന്റെ ഭാഗമാണു് ഇത്തരം ഘോഷയാത്രകള്‍ എന്നു പറയാവുന്നതാണു്. ഏതൊക്കെ പ്രശ്നങ്ങള്‍ ഉന്നയിച്ചാണോ യാത്ര നടത്തിയതു് എന്ന ചോദ്യം യാത്രയുടെ അവസാനത്തോടെ അപ്രസക്തമാവുകയാണു് പതിവു്. ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുവെങ്കില്‍ അതു് വിവരക്കേടു് കാരണമെന്നു് ജ്ഞാനികള്‍ പറയും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഭരണത്തിലെത്തിയാല്‍ മറക്കുന്ന രാഷ്ട്രീയസംസ്കാരം നിലനില്ക്കുന്നേടത്തു് മറിച്ച് സംഭവിക്കുന്നതാണു് അസ്വാഭാവികം.

എന്നിട്ടും എന്തിനാണു് സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ അനൂപ് ജോണും കൂട്ടുകാരും പദയാത്രയ്ക്കു് തുനിഞ്ഞിറങ്ങിയതു് ? ആരായാലും ചോദിച്ചു പോകുന്ന ചോദ്യമാണല്ലോ ഇതു്. വിവിധ തൊഴില്‍സംഘടനകളും സാമുദായികവിഭാഗങ്ങളും അവരുടെ അവകാശങ്ങള്‍ ഉന്നയിച്ചു് പ്രചരണപദയാത്ര നടത്താറുണ്ടു്. എന്താവാം ഈ സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാരുടെ അവകാശങ്ങള്‍, അതിനു് എന്തു പരിഹാരം തേടിയാവാം അവര്‍ പുറപ്പെട്ടിറങ്ങിയതു്? ഈ ചോദ്യങ്ങളുടെ ഉത്തരം പറയുമ്പോഴാണു് സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യപദയാത്രയുടെ മൗലികവ്യത്യസ്തത വ്യക്തമാവുക.

ഒരു തൊഴില്‍സമൂഹം എന്ന നിലയില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനിയര്‍മാര്‍ നേരിടുന്ന ഏതെങ്കിലും തൊഴില്‍പ്രശ്നം പൊതുജനസമക്ഷം അവതരിപ്പിക്കുകയല്ല പദയാത്രയുടെ ലക്ഷ്യം. അതു തന്നെയാണു് ഈ പദയാത്രയുടെ വ്യത്യസ്തതയുടെ അടിസ്ഥാനവും. കമ്പ്യൂട്ടര്‍സാങ്കേതികവിദ്യയുടെ വ്യാപനത്തോടെ കുത്തകകള്‍ നടത്തുന്ന ചൂഷണത്തിനും അധാര്‍മ്മികമായ നിയന്ത്രണങ്ങള്‍ക്കും സ്വാതന്ത്ര്യമില്ലായ്മയ്ക്കും ഉപയോക്താക്കള്‍ ഇരയായിത്തീരുകയാണു്. ഈ സാങ്കേതികവിദ്യയ്ക്കെതിരെ കടുത്ത പ്രതിരോധം പടുത്തുയര്‍ത്തിയവരായിരുന്നു കേരളത്തിലെ രാഷ്ട്രീയസംഘടനകളും തൊഴില്‍സംഘടനകളും യുവജനപ്രസ്ഥാനങ്ങളും. തൊഴിലില്ലായ്മ വ്യാപകമാക്കുമെന്ന ന്യായമാണു് അക്കാലത്തു് കമ്പ്യൂട്ടര്‍വത്കരണത്തെ എതിക്കുവാന്‍ ഉന്നയിച്ചതു്. എന്നാല്‍ പിന്നീടെപ്പോഴോ ഈ പ്രതിരോധം ദുര്‍ബ്ബലമാവുകയും കാലക്രമത്തില്‍ ഇല്ലാതാവുകയും ചെയ്തു. ഇപ്പോള്‍ എല്ലാവരും ഈ സാങ്കേതികവിദ്യയുടെ പക്ഷത്താണു്. പക്ഷെ, ഈ മേഖലയിലെ അധാര്‍മ്മികതയ്ക്കെതിരെ, സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ നേരത്തെ കമ്പ്യൂട്ടര്‍വിരുദ്ധരായിരിക്കുകയും ഇപ്പോള്‍ അതിന്റെ ആരാധകരായിരിക്കുന്നവര്‍ പോലും രംഗത്തില്ല.

കേരള സര്‍ക്കാരിന്റെ ഐടി നയം സ്വതന്ത്രസോഫ്റ്റ്‌വേര്‍ അധിഷ്ഠിതമായ കമ്പ്യൂട്ടര്‍ ഉപയോഗം ലക്ഷ്യം വെക്കുന്നു. എന്നാല്‍ ഇതിനു് വിപരീതമായാണു് സര്‍ക്കാര്‍ വകുപ്പുകള്‍ പോലും പ്രവര്‍ത്തിക്കുന്നതു്. വിദ്യാഭ്യാസവകുപ്പു തന്നെ മികച്ച ഉദാഹരണം. നേരത്തെ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഐടി പഠനം പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വേറില്‍ ആയിരിക്കണം എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നയത്തില്‍ നിന്നും വിദ്യാഭ്യാസവകുപ്പു് പിന്നോട്ടു പോയിരിക്കുന്നു. സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ ഡുവല്‍ ബൂട്ടായിരിക്കണമെന്നും ഐടി പഠനം സ്വതന്ത്രസോഫ്റ്റ്‌വേറിലോ വിന്‍ഡോസിലോ ആകാമെന്നും പുതിയ നിര്‍ദ്ദേശം. എന്തു വേണമെന്നു തെരഞ്ഞടുക്കാന്‍ സ്വാതന്ത്ര്യം നല്കുന്ന ഉദാരതയാണു് ഇതെന്നു തെറ്റിദ്ധരിക്കേണ്ടതില്ല. പ്രൊപ്രൈറ്ററി സോഫ്റ്റ്‌വേറുകള്‍ക്കു് അനുകൂലമായ ഒരു ചുവടുമാറ്റം തന്നെയാണിതു്. കുത്തകകള്‍ക്കു് അനുകൂലമായ നിലപാടു് മാറ്റം. ഈ വിഷയത്തില്‍ പൊതുസമൂഹത്തിനുള്ള അജ്ഞത കാരണം കത്തകവിരുദ്ധതാപ്രസംഗത്തിന്റെ ആചാര്യന്മാരുടെ ഇരട്ടത്താപ്പു് മനസ്സിലാക്കപ്പെടാതെ പോകുന്നു. ശാസ്ത്രീയതയുടെയും ആധികാരികയുടേയും പര്യായമായി കമ്പ്യൂട്ടര്‍ എന്ന പദം ഉപയോഗിക്കുന്ന ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും കുത്തകകളുടെ ചൂഷണത്തിനും നീതീകരണമില്ലാത്ത സ്വകാര്യതാലംഘനത്തിനും ഇരയാക്കുകയും ചെയ്യുന്ന നടപടിയാണിതു്. സര്‍ക്കാരിന്റെ പ്രഖ്യാപിതനയം ഒരു വശത്തു്, സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം എതിര്‍ദിശയില്‍. ഏട്ടിലെ പശു പുല്ലു തിന്നില്ല. ഏട്ടിലെ നയം പ്രയോഗത്തില്‍ വരികയുമില്ല.

സ്വതന്ത്രസോഫ്റ്റ്‌വേര്‍ പ്രോഗ്രാമര്‍മാരും ഉപയോക്താക്കളും അടങ്ങുന്ന സമൂഹം കേരളത്തില്‍ നേരത്തെ തന്നെ നിലവിലുണ്ടു്. ഭാഷാകമ്പ്യൂട്ടിംഗിന്റെ മേഖലയില്‍ ശ്രദ്ധപുലര്‍ത്തുന്ന സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗ് എന്ന ഒരു സംഘം വേറെയുമുണ്ടു്. സന്നദ്ധസേവനം നടത്തുന്ന ഈ സമൂഹങ്ങളാണു് സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യത്തിന്റെ ആശയപ്രചരണത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇതു വരെ കേരളത്തില്‍ നടത്തിപ്പോന്നതു്. ഇപ്പോള്‍ ഈ പദയാത്ര നടത്തുന്നതും ഈ സമൂഹത്തില്‍ നിന്നുമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ തന്നെ. സോഫ്റ്റ്‌വേര്‍സ്വാതന്ത്ര്യം എന്നതിനോടൊപ്പം പരിസ്ഥിതിപ്രശ്നങ്ങളും ഈ പദയാത്രയില്‍ ഉന്നയിക്കപ്പെടുന്നു. അനൗപചാരികമായി നടക്കുന്ന ഒത്തുചേരലുകളിലൂടെയും സംവാദങ്ങളിലൂടെയും സമൂഹത്തെ മനസ്സിലാക്കുകയും ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുകയുമാണു് പദയാത്രയുടെ രീതിയായി നിശ്ചയിക്കപ്പെച്ചതു്. അതിനാല്‍ത്തന്നെ അയവില്ലാത്ത സമയനിയന്ത്രണമില്ലാതെ സ്വതന്ത്രമായിത്തന്നെ പദയാത്ര പുരോഗമിക്കുകയാണു്. വഴിയിലുള്ള വിദ്യാലയങ്ങളും സാംസ്കാരികസ്ഥാപനങ്ങളും സന്ദര്‍ശിച്ചുകൊണ്ടു് നടക്കുന്ന ഈ പദയാത്ര പരസ്യപ്രചരണങ്ങളുടെ ഘോഷമില്ലാതെ നടക്കുന്നു.

ആഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഘോഷയാത്രകളുടെ ലക്ഷ്യം നേടിയോ എന്ന ചോദ്യം ഉണ്ടാവാറില്ല എന്നു നേരത്തെ പറഞ്ഞു. ഈ പദയാത്രയുടെ കാര്യത്തിലോ? സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യപദയാത്രയ്ക്കു് അങ്ങനെ നേടിയെടുക്കാനുള്ള ലക്ഷ്യങ്ങളില്ല. അറിയുവാനും അറിയിക്കുവാനുമുള്ളതാണു് ഈ യാത്ര. ഇതു് ജ്ഞാനോപാസകരുടെ പഥമാണു്.

ഈ സാഹസികസഞ്ചാരികള്‍ക്കു് തര്‍ജ്ജനിയുടെ വിജയാശംസകള്‍!

Subscribe Tharjani |
Submitted by കണ്ണൂരാന്‍ (not verified) on Sun, 2008-11-09 22:22.

വളരെ ശരിയാണ്, പ്രസംഗവും, നയവും, പ്രവൃത്തിയും തമ്മിലുള്ള അന്തരം ഏറ്റവും കൂടുതലുള്ള മേഖലയാണിതെന്നു തോന്നുന്നു. നാഴികക്ക് നാല്പതു വട്ടം സ്വതന്ത്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള എത്ര വകുപ്പുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറിലേക്ക് മാറി? കെ.എസ്.ഇ.ബി.യില്‍ വളരെ വിജയകരമായി നടപ്പാക്കിയെങ്കില്‍ എന്തുകൊണ്ട് മറ്റു വകുപ്പുകളിലേക്കു കൂടി ഇത് വ്യാപിപിച്ചുകൂടാ? 1000ലധികം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണം തകൃതിയായി നടക്കുന്നു, ഒരൊറ്റയിടത്തു പോലും സ്വതന്ത്ര സോഫ്റ്റ്വെയറല്ല, എല്ലാം വിന്‍ഡോസ് മാത്രം!!!!!! ഈ യാത്ര സഫലമായില്ലെങ്കിലും ഒരു സന്ദേശമെങ്കിലും പകരാന്‍ കഴിഞ്ഞാല്‍ വിജയമായി...

Submitted by രാജു ഇരിങ്ങല്‍ (not verified) on Mon, 2008-11-10 02:03.

സാഹസീക സഞ്ചാരികളല്ല ഇവരെന്നും ‍ ഈ നാടിനെ സാമ്രാജ്യത്വ സ്വകാര്യ വല്‍ക്കരണത്തിന്‍ റെ കരങ്ങളിലേക്ക് അധികാര വര്‍ഗ്ഗം അറിഞ്ഞോ അറിയാതെയോ എത്തിപ്പെടുന്നു എന്ന സത്യം ബോധ്യപ്പെടുത്താനിറങ്ങിത്തിരിച്ചവര്‍. ഇവരെയെനിക്ക് മോശയുടെ യാത്രയുമായി താരതമ്യം ചെയ്യേണ്ടിരിക്കുന്നു.
ഇവര്‍ക്ക് മുമ്പിലും പിന്നിലും അണിചേരാന്‍ ഒരു സംഘവും മിനക്കെടില്ല കാരണം ഇവരൊന്നും അധികാരത്തിനോ സ്ഥാനത്തിനോ വേണ്ടിയോ അല്ലല്ലോ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
നാളെ ഈ യാത്ര സഫലമാകും എന്ന ഉറപ്പോ ഇവര്‍ക്കാര്‍ക്കും ഇല്ല. എന്നാല്‍ തങ്ങള്‍ ഇറങ്ങി ത്തിരിച്ചിരിക്കുന്നത് കുറച്ച് പേര്‍ക്കെങ്കിലും അപകടത്തിന്‍ റെ കെണി, കുരുക്ക് നിങ്ങളുടെ കഴുത്തിലും മുതുകിലും വീഴാന്‍ തുടങ്ങിയിരിക്കുന്നു എന്ന സത്യം വിളിച്ച് പറയുവാനാണ്.
ആശംസകള്‍ നേര്‍ന്ന് മാത്രം ആശീര്‍വദിക്കുന്നില്ല. മനസ്സും വാക്കും അവരോടൊപ്പം തന്നെ.
വ്യത്യസ്തമായ ഒരു ആശയം തിരഞ്ഞെടുത്ത ചിന്തയ്ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍

Submitted by Arun M (not verified) on Mon, 2008-11-10 08:00.

Hi,

Your article says that government has directed schools to make their computers dual boot. It is a news to us in free software movement. We were under the impression that all the schools have been migrated to free software.

Can you get us the reference to directions from government to make school computers dual boot. If it is true we need to start a strong campaign against this move. It is violation of state IT Policy also.

with regards,
arun

Submitted by വിമല്‍ (not verified) on Mon, 2008-11-10 11:25.

കേരള സര്‍ക്കാരിന്റെ ഐടി നയം സ്വതന്ത്രസോഫ്റ്റ്‌വേര്‍ അധിഷ്ഠിതമായ കമ്പ്യൂട്ടര്‍ ഉപയോഗം ലക്ഷ്യം വെക്കുന്നു. എന്നാല്‍ ഇതിനു് വിപരീതമായാണു് സര്‍ക്കാര്‍ വകുപ്പുകള്‍ പോലും പ്രവര്‍ത്തിക്കുന്നതു്. വിദ്യാഭ്യാസവകുപ്പു തന്നെ മികച്ച ഉദാഹരണം. നേരത്തെ കേരളത്തിലെ വിദ്യാലയങ്ങളില്‍ ഐടി പഠനം പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വേറില്‍ ആയിരിക്കണം എന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ നയത്തില്‍ നിന്നും വിദ്യാഭ്യാസവകുപ്പു് പിന്നോട്ടു പോയിരിക്കുന്നു. സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍ ഡുവല്‍ ബൂട്ടായിരിക്കണമെന്നും ഐടി പഠനം സ്വതന്ത്രസോഫ്റ്റ്‌വേറിലോ വിന്‍ഡോസിലോ ആകാമെന്നും പുതിയ നിര്‍ദ്ദേശം.

ഇവിടെ പറഞ്ഞിരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അറിവ്. കാരണം പരീഷകളും പാഠപുസ്തകങ്ങളും സ്വതന്ത്ര സോഫ്റ്റ്​വെയറില്‍ മാത്രമാണ് ലഭ്യമായിരിക്കുന്നത്. വ്യക്തമായ രേഖകളുടെ പിന്‍ബലമില്ലാതെയുള്ള ഇത്തരം ആരോപണങ്ങളുടെ ലക്ഷ്യമെന്തെന്ന് മനസ്സിലാകുന്നില്ല.

Submitted by അമ്പിളി (not verified) on Wed, 2008-11-12 10:49.

ആവശ്യം വ്യക്തമായില്ല! സോഫ്റ്റ്വെയറിന്റെ കാര്യത്തിൽ കേരളത്തിന് സ്വയം പര്യാപ്തതയാണോ ലക്ഷ്യം? ഒരു സംശയം. ലോകം മുഴുവൻ ഉപയോഗിക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റം നമ്മൾ കുട്ടികളെ പഠിപ്പിക്കണോ അതോ നമ്മൾ കേരളത്തിലുണ്ടാക്കുന്ന ഒരു സോഫ്റ്റ്വെയറിനുള്ളിൽ നിർത്തണോ. അതിരുകളില്ലാത്ത വിദ്യാഭ്യാസം എന്നൊക്കെ എങ്ങോ കേട്ടു മറന്നതു പോലെ. കസ്റ്റം ബിൽറ്റ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത് വ്യാപാരസ്ഥാപനങ്ങളല്ലേ? നമുക്ക് വിൻഡോസ് യുണിക്സ് ലിനക്സ് ഇവയൊക്കെ കുട്ടികളെ പഠിപ്പിച്ചാൽ അവർ സ്വയം സോഫ്റ്റ്വെയർ ചെയ്യാൻ പ്രാപ്തരാകില്ലേ? എന്തോ...എനിക്കു മനസ്സിലാകുന്നില്ല. ഒരു അവെയർനെസ്സ് ആണ് ഈ പദയാത്രയുടെ ലക്ഷ്യമെങ്കിൽ അവർക്ക് ഇപ്പോൾ ചെയ്തതു പോലെ ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യുകയോ അതോ മാ‍സ്സ് മെയിൽ അയക്കുകയോ ആകാമായിരുന്നല്ലോ. അതിന് പകരം മൂന്നാം കിട രാഷ്ട്രീയകാരെപ്പോലെ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുകയാണോ വേണ്ടത് അഭ്യസ്തവിദ്യരേ? ഇതു കൊണ്ടും പ്രയോജനമുണ്ടായില്ലെങ്കിൽ ആരുമറിയാതെ ഒരു ഹർത്താലും നടത്തുമോ?ഇവിടെ ഞാൻ കാണുന്നത് വ്യത്യാസമല്ല മറിച്ച് കാലാകാലങ്ങളായി നമ്മൾ ചെയ്തു പോരുന്ന ആചാരങ്ങളുടെ ഭാവമാറ്റമാണ്.

ആറ്റിറ്റ്യൂഡ്...അതിലാണ് കാര്യമെന്ന് തോന്നുന്നു. നമ്മൾക്ക് നേടാനുള്ളതെല്ലാം മറ്റാരുടെയോ കുത്തകയാണെന്ന ഒരു മിഥ്യാബോധം. വിൻഡോവ്സ് കുത്തകയായതിന്റെ കാരണം ഞാനെന്തിന് വിശദീകരിക്കണം. 1993നും മുൻപ് നമ്മൾ So called സ്വതന്ത്ര സോഫ്റ്റ്വെയർ കണ്ടു പിടിച്ചതായിരുന്നല്ലോ?, നമ്മളുടെ കുട്ടികളെ പഠിപ്പിക്കാൻ. പക്ഷേ അമേരിക്കൻ മുതലാളിത്തം അവരുടെ സ്വാധീന ശക്തിയുപയോഗിച്ച് വിൻഡോവ്സിനെ കുത്തകയായി പ്രഖ്യാപിക്കുകയുമായിരുന്നല്ലോ?.

തുരുമ്പിച്ച ചിന്തകൾ തുലയട്ടെ. വിപ്ലവം ജയിക്കട്ടെ. വാരിക്കുന്തത്തിന്റെ കറ പിടിച്ച കയ്യുകൾ ഓർമ്മകളായി അവശേഷിക്കട്ടെ.

Submitted by R.V. Subrahmanya Sharma (not verified) on Wed, 2008-11-12 11:39.

Sir ,
I appreciate the spirit behind this movement . It succeeded in raising the issue of independence once again . But the question is partially addressed . Its poor mathematical education makes India a laggard in this field . Students must reject shallow methods of study and fight for true freedom . But neither the native rulers nor the foreign masters can put up with such an affront .
Yours sincerely,
R.V.Subrahmanya Sharma

Submitted by Anonymous (not verified) on Fri, 2008-11-14 22:53.

നല്ല കാര്യം. എന്നാലും ആ അനൂപ് ജോണിന്റെ കൂട്ടുകാര്‍ ആരൊക്കെയായിരുന്നു. പുറത്തു പറയാന്‍ പാടില്ലാത്ത വല്ലവരും ആണോ. അതൊ രാഷ്ട്രീയം ഇതിലും ഉണ്ടോ

Submitted by Vineeth Mohan (not verified) on Fri, 2008-11-21 22:59.

മലയാളികളായ കമ്പ്യൂട്ടര്‍ ഉപയോക്താക്കളില്‍, പ്രധാനമായും വീടുകളില്‍, മിക്കവാറും എല്ലാവരും തന്നെ പൈറേറ്റഡ് സോഫ്ട്‌വെയറാണ് ഉപയോഗിക്കുന്നത്. പത്തും പതിനായിരവും രൂപ കൊടുത്ത് വാങ്ങുന്ന കമ്പ്യൂട്ടറിന്റെ കൂടെ വീണ്ടും പണം കോടുത്ത് വിന്‍‌ഡോസും ഓഫീസും ഒക്കെ വാങ്ങി ഉപയോഗിക്കണമെന്നും അല്ലാതെ കടക്കാരും അടുത്തവീട്ടിലെ പയ്യനും ഒക്കെ വെറുതെ റൈറ്റ് ചെയ്തു തരുന്ന സി.ഡി. ഉപയോഗിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും അറിയാവുന്നവരുടെ എണ്ണം തീരെ കുറവായ ഈ നാട്ടില്‍ ഇത്തരം ഒരു യാത്ര ശ്രദ്ധിക്കപ്പെടാതെപോയതില്‍ ഒട്ടും അദ്ഭുതമില്ല.

പക്ഷെ അവന്‍ ഇവിടെയും വരും. നമ്മുടെ “സ്വന്തം” കമ്പ്യൂട്ടറില്‍ നാം എന്തു ചെയ്യണമെന്നും, ചെയ്യരുതെന്നും, എങ്ങനെ ചെയ്യണമെന്നുമൊക്കെ നമ്മുടെതന്നെ നിയമമുപയോഗിച്ചു പഠിപ്പിക്കാന്‍... അന്ന് മനസിലാവും സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്താണെന്ന്...

Submitted by മഹേഷ് മംഗലാട്ട് (not verified) on Sun, 2008-11-23 20:33.

തിരുവനന്തപുരത്തുള്ള സിക്സ് വെയര്‍ എന്ന കമ്പനിയിലെ ചെറി, പ്രസാദ് എന്നിവരും കോഴിക്കോടുള്ള അസെന്റ് എന്ന സ്ഥാപനത്തിലെ സൂരജ് കേണോത്തുമാണു് അനൂപിന്റെ സഹയാത്രികരായി ഉണ്ടായിരുന്നതു്. യാത്രയില്‍ ഇടയ്ക്കു് കൂടെ നടന്നവരും ഉണ്ടു്.

Submitted by ശ്രീജിത്ത് (not verified) on Wed, 2008-11-26 21:55.

ആക്ച്വലി, എന്താ ഈ കുത്തക സോഫ്റ്റ്വേറിന്റെ കുഴപ്പം? അത് കാശ് കൊടുത്ത് വാങ്ങണം എന്നതാണോ? ഫ്രീ ആയി കിട്ടിയാലേ ഉപയോഗിക്കൂ എന്ന് പറയാനും വേണം കുറച്ചൊക്കെ തൊലിക്കട്ടി. ഈ സോഫ്റ്റ്വേറ് ഒക്കെ ഉണ്ടാക്കാന്‍ മറ്റുള്ളവര്‍ മുടക്കുന്ന അധ്വാനത്തിനും പണത്തിനും ഒന്നും നമ്മല്‍ വില കൊടുത്തുകൂട. പറമ്പില്‍ ഒന്നും ഒരു വാഴ പോലും നടാന്‍ വയ്യാതെ പച്ചക്കറിക്കടയില്‍ പോയി പഴം വാങ്ങാന്‍ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, പക്ഷെ സോഫ്റ്റ്വേര്‍ മുഴുവന്‍ വെറുതേ കിട്ടണം.

ഇനി അതല്ല, ഈ സോഫ്റ്റ്വേറ് ഒക്കെ തിരുത്താന്‍ അവര്‍ തരുന്ന സ്വാതന്ത്യം ആണ് കേരളത്തിലെ ഗാര്‍ഹിക ഉപഭോക്താക്കളെ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നത് എന്നാണെങ്കില്‍ ഞാന്‍ ഈ നാട്ടുകാരനല്ല, ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല.

Submitted by vineeth (not verified) on Sun, 2008-12-14 12:43.

ഫ്രീ സോഫ്ട്‌വെയര്‍‌ എന്നതിന്, ഫ്രീ സോഫ്ട്‌വെയര്‍ ഫൌണ്ടേഷന്റെ കാര്യത്തിലെങ്കിലും, ഒരിക്കലും വെറുതെ കിട്ടുന്ന ഒരു വസ്തു എന്ന് അര്‍ഥമില്ല. അത് മനസിലാക്കേണ്ടത് ഇങ്ങനെയാണ്.

നമ്മള്‍ കടയില്‍പ്പോയി ഒരു പുസ്തകം വാങ്ങി. അത് ഞാന്‍ വായിച്ചതിനുശേഷം ആര്‍ക്കുവേണമെങ്കിലും കൊടുക്കും. എന്റെ എല്ലാ സുഹ്യത്തുക്കളും അത് വായിക്കും. ആര്‍ക്കും ഒരു പരാതിയുമില്ല. പക്ഷെ അത് ഞാന്‍ വാങ്ങിയ ഒരു പ്രോഗ്രാമാണെങ്കിലോ? ആര്‍ക്കെങ്കിലും ഒന്നു കൊടുത്തുപോയാല്‍, ഞാന്‍ കോപ്പിറൈറ്റ് ആക്ട് വയലേറ്റ് ചെയ്ത പ്രതിയാണ്.

കുത്തകകള്‍ക്ക് അവരുടെ പ്രയത്നത്തിന്റെ പ്രതിഫലം തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ പണം കൊടുത്ത് അത് വാങ്ങിക്കഴിഞ്ഞാല്‍ അത് ആര്, എങ്ങനെ ഉപയോഗിക്കണം എന്ന് അവര്‍ തീരുമാനിക്കേണ്ടകാര്യമില്ല. അത് ഉപഭോക്താവിന്റെ സ്വന്തം ഇഷ്ടം. ഇപ്പോള്‍ ചില കുത്തകകള്‍ക്ക് അത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അത് അവരുടെ പ്രശ്നം.

തീര്‍ച്ചയായും പ്രോഗ്രം കോഡും ഒരു പ്രശ്നമാണ്. പ്രോഗ്രാമിംഗിന്റെ ആഴങ്ങളില്‍ എത്തിയാല്‍ അതിന്റെ കാര്യം മനസ്സിലാവും.