തര്‍ജ്ജനി

ഫ്രാന്‍സിസ് സിമി നസ്രത്ത്.

വിലാസം - ഗള്‍ഫ് ബിസിനസ് മഷീന്‍സ്,
പി.ഒ. ബോക്സ് 9226,
ദുബൈ, യു.എ.ഇ.
ഇ-മെയില്‍ - simynazareth@gmail.com
ബ്ലോഗ് - http://simynazareth.blogspot.com

Visit Home Page ...

കഥ

പോത്ത്

ആത്മവിശ്വാസം തിളങ്ങുന്ന കണ്ണുകള്‍ വിടര്‍ത്തി, കൈകള്‍ കൂപ്പി, ചുവന്ന ലിപ്സ്റ്റിക് പുരട്ടി മനോഹരമാക്കിയ ചുണ്ടുകള്‍ വിരിച്ച് വെളുക്കെ ചിരിച്ചുകൊണ്ട് മിസ്സ്. നവോമി പറഞ്ഞു. “പ്രിയപ്പെട്ടവരേ, വഴിത്താരകളിലേക്ക് വീണ്ടും സ്വാഗതം. ഇന്ന് നമ്മോടൊത്ത് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ എത്തിയിരിക്കുന്നത് പ്രശസ്ത വൈന്‍ വ്യാപാരിയായ മിസ്റ്റര്‍ സ്റ്റാന്‍ഡ്ലറും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യ ജീനുമാണ്. മിസ്റ്റര്‍ സ്റ്റാന്‍ഡ്ലര്‍, മിസ്സിസ് ജീന്‍ സ്റ്റാന്‍ഡ്ലര്‍, നിങ്ങള്‍ക്ക് ഈ അഭിമുഖത്തില്‍ലേയ്ക്ക് ഹാര്‍ദ്ദമായ സ്വാഗതം. പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ പരമ്പരാഗതമായ മാര്‍ഗ്ഗങ്ങളിലൂടെ വൈന്‍ നിര്‍മ്മിക്കുന്ന ചുരുക്കം ചില നിര്‍മ്മാതാക്കളിലൊരാളാണ് മി. സ്റ്റാന്‍ഡ്ലര്‍. മി. സ്റ്റാന്‍ഡ്ലര്‍, ശ്രോതാക്കള്‍ക്ക് താങ്കളുടെ വൈന്‍ നിര്‍മ്മാണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയാന്‍ താല്പര്യമുണ്ടായിരിക്കും”.

മിസ്റ്റര്‍ സ്റ്റാന്‍ഡ്ലര്‍ തന്റെ തിളങ്ങുന്ന വെള്ളിമുടി മോതിരമിട്ട തടിച്ച വിരലുകള്‍ കൊണ്ട് കോതി, ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. “തീര്‍ച്ചയായും. എന്റെ വൈന്‍ നിര്‍മ്മാണശാല അപ്പനപ്പൂപ്പന്മാരുടെ കാലം മുതല്‍ക്കേ ഉള്ളതാണ്. അന്ന് പോത്തുകളെക്കൊണ്ട് ചക്ക് ആട്ടി ആയിരുന്നു മുന്തിരിയും മറ്റ് പഴങ്ങളും പിഴിഞ്ഞിരുന്നത്. ആ വീഞ്ഞീന്റെ സ്വാദറിഞ്ഞാണ് ഞാന്‍ വളര്‍ന്നത്. എന്റെ കാലമെത്തിയപ്പോള്‍ ഞാന്‍ ഫാക്ടറികള്‍ നവീകരിച്ചു. പോത്തുകളെ പുറത്താക്കി യന്ത്രങ്ങള്‍ സ്ഥാപിച്ചു. പക്ഷേ ഓര്‍മ്മകളിലെ രുചി ഒരിക്കലും നാവില്‍ കിട്ടിയില്ല. ഞാന്‍ വീണ്ടും ഫാക്ടറി അഴിച്ചുപണിതു. ഇന്ന് എന്റെ ഫാക്ടറിയില്‍ പോത്തുകള്‍ തന്നെ ചക്ക് ആട്ടി പഴച്ചാറു നിര്‍മ്മിക്കുന്നു. ആ രുചി ഒരിക്കലും യന്ത്രങ്ങള്‍ക്കു നിര്‍മ്മിക്കാന്‍ പറ്റില്ല”.

“പോത്തുകളോ - അത് ഹൈജീനിക് ആണോ?”
“തീര്‍ച്ചയായും”. മിസ്റ്റര്‍ സ്റ്റാന്‍ഡ്ലര്‍ തുടര്‍ന്നു. “രാവിലെ നാലുമണിക്കു തന്നെ അവ കുളിക്കുന്നു. ഓരോ വര്‍ഷവും രോഗ പ്രതിരോധ കുത്തിവെപ്പുകളും, രോഗങ്ങള്‍ ഉണ്ടോ എന്ന പരിശോധനയും ഉണ്ട്. സ്റ്റെറിലൈസ് ചെയ്ത പ്ലാസ്റ്റിക്കിന്റെ മഞ്ഞപ്പുതപ്പ് പുതച്ചാണ് പോത്തുകള്‍ ചക്ക് ആട്ടുക. മറ്റ് എല്ലാ വീഞ്ഞുകളെക്കാളും പരിശുദ്ധമാണ് എന്റെ വീഞ്ഞ് എന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്”.

“മി. സ്റ്റാന്‍ഡ്ലര്‍, പക്ഷേ നിങ്ങള്‍ക്ക് യന്ത്രങ്ങള്‍ ഉപയോഗിച്ച് വീഞ്ഞു നിര്‍മ്മിക്കുന്നവരെക്കാള്‍ ചിലവു കൂടുതലാവില്ലേ?”
“അതെ, ചിലവ് കൂടുതലാണ്. വീഞ്ഞിന്റെ വിലയും കൂടുതലാണ്. എന്നാല്‍ വില കൂടുന്നതോടെ ആവശ്യക്കാര്‍ കുറയും എന്ന തത്വം ഈ വ്യവസായത്തില്‍ തെറ്റാറുണ്ട്. ആവശ്യക്കാര്‍ നല്ല വിലകൊടുത്തും മുന്തിയ വീഞ്ഞ് വാങ്ങുന്നു. നിങ്ങളോട് ഞാന്‍ ബിസിനസിനെ സംബന്ധിച്ച് ഒരു രഹസ്യം പറയാം. വാസ്തവത്തില്‍, പോത്തുകളെ പോറ്റാന്‍ അധികം ചിലവു വരാറില്ല. അവയുടെ ആവശ്യങ്ങള്‍ മനുഷ്യരെ അപേക്ഷിച്ച് വളരെ പരിമിതമാണ്”.

“പ്രിയപ്പെട്ടവരെ, മിസ്റ്റര്‍ സ്റ്റാന്‍ഡ്ലറിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത് ഒരു ചെറിയ ഇടവേളയ്ക്കു ശേഷം തുടരും. മിസ്സ് ജീന്‍ സ്റ്റാ‍ന്‍ഡ്ലറും സ്വന്തം അനുഭവങ്ങള്‍ ഇടവേളയ്ക്കു ശേഷം നമ്മോടു പങ്കുവെയ്ക്കുന്നതാണ്” - നവോമി ഒരു വാണിജ്യ ഇടവേളയ്ക്കുവേണ്ടി അഭിമുഖം മുറിച്ചു.

---------

“മിസ്റ്റര്‍ സ്റ്റാന്‍ഡ്ലര്‍, താങ്കള്‍ക്ക് ഈ വ്യവസായത്തില്‍ ഉണ്ടായിട്ടുള്ള അനഘമായ അനുഭവങ്ങള്‍ എന്തെങ്കിലും ഉണ്ടോ?”
“വ്യവസായം തന്നെ എനിക്കൊരനുഭവമാണ്. ഒരു ഫാക്ടറിയില്‍ തുടങ്ങിയ ഞാന്‍ ഇന്ന് ഇരുപത് വീഞ്ഞു ഫാക്ടറികളില്‍ എത്തിനില്‍ക്കുന്നു. അറുപതിലേറെ മനുഷ്യരും നാനൂറോളം മൃഗങ്ങളും അവിടങ്ങളില്‍ പണിയെടുക്കുന്നു. ജീവിതം തന്നെയല്ലേ ഏറ്റവും വലിയ അനുഭവം”.
“തീര്‍ച്ചയായും. മിസ്സ് ജീന്‍ സ്റ്റാന്‍ഡ്ലര്‍, താങ്കള്‍ക്ക് എന്തെങ്കിലും പ്രത്യേകമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? നമ്മുടെ ലക്ഷക്കണക്കിനു ശ്രോതാക്കളോട് പങ്കുവെയ്ക്കാന്‍”.

അതുവരെ മൌനിയിരുന്ന മിസ്സ്. ജീന്‍ ചോദ്യം പ്രതീക്ഷിക്കാത്തതുപോലെ അഭിമുഖം നടത്തുന്ന പെണ്‍കുട്ടിയെ പകച്ചുനോക്കി. മെലിഞ്ഞ് ഇളം തവിട്ടുനിറമുള്ള ഒരു മദ്ധ്യവയസ്കയായിരുന്നു അവര്‍. മുതലയുടെ തുകല്‍ കൊണ്ടു നിര്‍മ്മിച്ച വിലകൂടിയ ഒരു സഞ്ചി അവര്‍ മടിയില്‍ വയ്ച്ചിരുന്നു. പതിയെ കുലീനമായ ശബ്ദത്തില്‍ അവര്‍ പറഞ്ഞു. “ഉവ്വ്. ഒരിക്കല്‍ വൈകുന്നേരം ഫാക്ടറിയില്‍ ഉലാത്തുമ്പോഴായിരുന്നു അത്.”

ദിവസേനയെന്നോണം അഭിമുഖങ്ങള്‍ നടത്തി തഴമ്പിച്ച നവോമിയ്ക്ക് കേള്‍ക്കാന്‍ പോവുന്നത് പലതും ഊഹിച്ചെടുക്കാമായിരുന്നു. സെലിബ്രിറ്റികളുടെ അനുഭവങ്ങള്‍ എത്രവരെപ്പോവും എന്ന് അറിയാവുന്ന അവര്‍ ഇല്ലാത്ത ജിജ്ഞാസ മുഖത്തു വരുത്തിക്കൊണ്ട് പറഞ്ഞു. “ഉവ്വോ, പറയൂ. എന്താണ് സംഭവിച്ചത്”.

“അത് നടന്നത് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. ഫാക്ടറിയില്‍ എന്നത്തെയും പോലെ നാല്‍പ്പത്തോളം പോത്തുകള്‍ ചക്കുകള്‍ ആട്ടുന്നുണ്ടായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ മുടങ്ങാതെ പണിയെടുക്കുന്ന അവയുടെ ചുറ്റും മൂന്ന് മേല്‍നോട്ടക്കാര്‍ ചാട്ടയും പിടിച്ച് ഉലാത്തിയിരുന്നു. ഞാന്‍ അതുവഴി വെറുതേ ചുറ്റിനടക്കുമ്പോള്‍ മേല്‍നോട്ടക്കാര്‍ വൈകുന്നേരത്തെ ചായ കുടിക്കാന്‍ പോയി. അവര്‍ മറഞ്ഞ നിമിഷം ചക്ക് ആട്ടിയിരുന്ന പോത്തുകളിലൊന്ന് പണി നിറുത്തി. കൊമ്പുകള്‍ വിരിഞ്ഞ അതിന്റെ തലയുയര്‍ത്തി എന്നെ നോക്കിക്കൊണ്ടു നിന്നു.

“രസകരമായിരിക്കുന്നു. എന്നിട്ടോ?”

“എന്നിട്ട് അവയില്‍ ഒരു പോത്ത് മുതുകുയര്‍ത്തി ചക്കിന്റെ കഴ ഉയര്‍ത്തി. മറ്റേ പോത്ത് കഴുത്തുകുലുക്കി കഴയില്‍ നിന്നും ശരീരം വിടുവിച്ച് പെട്ടെന്ന് സ്വതന്ത്രനായി. ഇത്തരം ഒരു സംഭവം മുന്‍പ് നടന്നിട്ടില്ലായിരുന്നു. ഞാന്‍ ഒരു നിമിഷം എന്തു ചെയ്യണമെന്ന് അറിയാതെ നിന്നുപോയി. ഞാന്‍ പതറിനിന്ന നിമിഷം കൊണ്ട് അത് വലിയ കുളമ്പുകള്‍ ഫാക്ടറിയിലെ പരുത്ത നിലത്ത് ഉറക്കെ ചവിട്ടിക്കൊണ്ട് എന്റെ മുന്‍പിലെത്തി.”

ഇപ്പോള്‍ നവോമിയുടെ ആകാംഷ യഥാര്‍ത്ഥമായിരുന്നു. “എന്നിട്ടോ? ദൈവമേ, അത് നിങ്ങളെ ആക്രമിച്ചോ? നിങ്ങള്‍ എങ്ങനെ രക്ഷപെട്ടു?”

“ഇല്ല. പോത്ത് അതിന്റെ വിയര്‍പ്പുമണികള്‍ ചിതറുന്ന ശരീരവും കുലുക്കി കൊമ്പുവിറപ്പിച്ച് എന്റെ മുന്നില്‍ വന്നുനിന്നു. മുന്‍‌കാലിലെ കുളമ്പുകള്‍ കൊണ്ട് പോത്ത് ചുവന്ന പരവതാനിയില്‍ ഒരു മാന്തു മാന്തി. ഒന്ന് ആലോചിച്ചുനോക്കൂ. ഒരു ഭീമാകാരനായ പോത്ത് അത്ന്റെ തടിച്ച തവിട്ടുകണ്ണുകള്‍ കൊണ്ട് നിങ്ങളുടെ മുഖത്തേയ്ക്കു തുറിച്ചുനോക്കുന്നത്. ഞാന്‍ ഭയന്നുവിറച്ചു. അലറി വിളിച്ചാല്‍ അത് കൊമ്പു കുലുക്കി എന്നെ വെട്ടിവീഴ്ത്തുമോ എന്നു ഞാന്‍ പേടിച്ചു. തിരിഞ്ഞോടാന്‍ സ്ഥലമില്ല - ഞാന്‍ ചുമരിനോടു ചേര്‍ന്നാണ് നില്‍ക്കുന്നത്. ഒരു തോക്കുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആ ജന്തുവിനെ വെടിവെച്ചിട്ടേനെ. എന്തുചെയ്യാന്‍, ഞാന്‍ നിരാലംബയായി ചുമരിനോടൊട്ടിനിന്നു. പോത്ത് അതിന്റെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു. ഈര്‍പ്പം പറ്റിപ്പിടിച്ചുനിന്ന രണ്ട് വലിയ മൂക്കുകള്‍ എന്റെ കണ്ണുകള്‍ക്കു മുന്‍പില്‍. അതിനു പിന്നില്‍ ചിറകുപോലെ വിരിഞ്ഞ കൊമ്പുകള്‍. അത് പരുക്കന്‍ ശബ്ദത്തില്‍ പതുക്കെപ്പറഞ്ഞു. “ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു. അതിന്റെ അര്‍ത്ഥം ഒന്നു പറഞ്ഞുതരാമോ”.

“മൃഗങ്ങള്‍ സംസാരിക്കാറുണ്ടോ? എന്തു സ്വപ്നം? പോത്തുകള്‍ സ്വപ്നം കാണാറുണ്ടോ?”
മിസ്റ്റര്‍ സ്റ്റാന്‍ഡ്ലര്‍ ഇടയ്ക്കു കയറിപ്പറഞ്ഞു. “അസംബന്ധം പറയാതെ. മനുഷ്യര്‍ മാത്രമേ സ്വപ്നം കാണാറുള്ളൂ. മൃഗങ്ങള്‍ക്ക് വികാരങ്ങളും സ്വപ്നങ്ങളുമൊന്നുമില്ല. അവയ്ക്ക് ആകെയുള്ള വികാരം പേടിയാണ്”.
നവോമി ചിരിച്ചു. “ദയവുചെയ്ത് കഥ തുടരൂ”.

മിസ്സിസ്സ് സ്റ്റാന്‍ഡ്ലര്‍ ആ ഓര്‍മ്മയില്‍ വിയര്‍ത്തു. നെറ്റി തുടച്ചുകൊണ്ട് അവര്‍ തുടര്‍ന്നു. “ഞാന്‍ പറഞ്ഞല്ലോ. ഞാന്‍ വിറച്ചുപോയി. എന്റെ ഭീതി കണ്ടിട്ടാവണം, പോത്ത് മുഖം എന്റെ മുഖത്തിനടുത്തുനിന്നും മാറ്റി. പിന്നോട്ട് ഒരു ചുവടുവെച്ച് എന്തോ ഉത്തരത്തിനായി അല്പനേരം കൂടി അത് കാത്തുനിന്നു. എന്നിട്ട് ഉത്തരം കിട്ടാത്ത നിരാശയാലാവണം, പിന്‍‌കാലുകള്‍ പിറകോട്ടുവെച്ച് തല കുമ്പിട്ട് പതിയെ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. അതിന്റെ വലിയ ശരീരം മന്ദം തിരിയുന്നതുകണ്ട് എന്റെ ഭയം പൊടുന്നനെ വേറേതോ വികാരത്തിലേയ്ക്കു മാറി. ഞാന്‍ പിന്നില്‍ നിന്നും വിളിച്ചുപറഞ്ഞു. “നില്‍ക്കൂ, എന്തായിരുന്നു സ്വപ്നം”.

പോത്ത് വീണ്ടും തിരിഞ്ഞ് മുന്നോട്ടുവന്നു. അതിന്റെ തടിച്ച കണ്ണുകള്‍ ഉദ്വേഗത്താല്‍ തിളങ്ങി. പോത്ത് പതുക്കെപ്പറഞ്ഞു. “വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഒരു പൂവ്. ഒരു മഞ്ഞപ്പൂവ്. ഇലകളോ വേരുകളോ ഇല്ലാതെ, ഇതളുകള്‍ വിടര്‍ത്തിക്കൊണ്ട്, വെറുതേ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന പുഷ്പം. ഇതിന്റെ അര്‍ത്ഥമെന്താണ്?”.

“ഓഹ്!ഇത് സാല്‍‌വദോര്‍ ദാലിയുടെ പൂവല്ലേ? ധ്യാനിക്കുന്ന റോസാപ്പൂവ്?”
“വിഡ്ഢിത്തം. പോത്തുകള്‍ പുസ്തകം വായിക്കാറുണ്ടോ? ചലച്ചിത്രം കാണാറുണ്ടോ? സാഹിത്യം ആസ്വദിക്കാറുണ്ടോ? പിന്നല്ലേ ഉന്നതങ്ങളായ ചിത്രങ്ങള്‍ കണ്ട് അതിനെ സ്വപ്നം കാണുന്നത്.” - മിസ്റ്റര്‍ സ്റ്റാന്‍ഡ്ലര്‍ പറഞ്ഞു.
“പിന്നെ ഇതെങ്ങനെയാണ്?” - നവോമിയുടെ ശബ്ദത്തില്‍ ജിജ്ഞാസ തുടിച്ചു.
“ഒരു പക്ഷേ അത് വഴിയില്‍ കിടന്ന ഏതെങ്കിലും മാസികയുടെ താളുകള്‍ ചവച്ചു തിന്നുകാ‍ണണം. ഈ പ്രശസ്ത ചിത്രം അച്ചടിച്ച ഏതെങ്കിലും താളുകള്‍. അല്ലെങ്കില്‍ പോത്തിന്റെ അച്ഛന്‍ പോത്ത്, മുത്തച്ഛന്‍ പോത്ത് - പോത്തുകള്‍ക്കും അങ്ങനെയൊക്കെ ഉണ്ടോ ആവോ - അതിലേതെങ്കിലും ഒന്ന് ഈ ചിത്രം ഏതെങ്കിലും പാഴ്ക്കടലാസില്‍ കണ്ടുകാണണം. ആ ഓര്‍മ്മ ജീനുകളിലൂടെ പകര്‍ന്നുകാണണം. അതുമല്ലെങ്കില്‍ പറന്നുനടന്ന ഏതെങ്കിലും അപ്പൂപ്പന്‍ താടിയെ പൂവായി തെറ്റിദ്ധരിച്ചതാവണം. എരുത്തിലില്‍ ചാരിനിന്ന് ഉറങ്ങുമ്പോള്‍ പറന്നുവീണ ഒരു മഞ്ഞമന്ദാരം ഇടയ്ക്കെപ്പൊഴെങ്കിലും തുറന്നടച്ച അതിന്റെ മന്തന്‍ കണ്ണില്‍ തങ്ങിപ്പോയതാവണം”.
“എങ്കിലും പോത്ത് അതൊക്കെ ഓര്‍ക്കുമോ? പോത്തുകള്‍ നമ്മെപ്പോലെ സ്വപ്നം കാണുമോ?” - മിസ്സിസ് സാന്‍ഡ്ലറാണ് അതു ചോദിച്ചത്.

“ഇല്ല എന്റെ പൊന്നേ, ഞാന്‍ പറഞ്ഞതൊക്കെ മറന്നേക്കൂ, നിന്റെ വഴിമുടക്കി നിന്നെ കുത്താന്‍ വന്ന പോത്തിനെ ഭയന്ന് നിനക്ക് ഓരോന്നു തോന്നിയതാണ്. ഓരോ മായക്കാഴ്ചകള്‍. അത്രയേ ഉള്ളൂ. ഞാന്‍ തീര്‍ത്തും പറയുന്നു, പോത്തുകള്‍ സ്വപ്നം കാണാറില്ല”. മിസ്റ്റര്‍ സ്റ്റാന്‍ഡ്ലര്‍ വിജയിയുടെ ഭാവത്തില്‍ ചിരിച്ചു.
നവോമി വീണ്ടും ചോദിച്ചു. “ആ പോത്ത് എവിടെയാണ്?”
“ഓ അതോ, എത്രയോ പോത്തുകള്‍. ഒരു വര്‍ഷത്തിലധികം ഞങ്ങള്‍ ഒരു പോത്തിനെയും ചക്ക് വലിപ്പിക്കാറില്ല”.
“ഒരു വര്‍ഷം കഴിഞ്ഞാല്‍ പോത്തുകള്‍ എവിടെപ്പോവും?”
ഇതിന് ഉത്തരമായി മി. സ്റ്റാന്‍ഡ്ലര്‍ ചിരിച്ചതേയുള്ളൂ.
മിസ്സിസ്സ് സ്റ്റാന്‍ഡ്ലര്‍ അലോസരപ്പെട്ടതുപോലെ പെട്ടെന്ന് ശബ്ദമുയര്‍ത്തി ചോദിച്ചു. “ആ പോത്ത് എവിടെയാണ്?”

“പ്രിയപ്പെട്ടവരേ, വീണ്ടും ഒരു ഇടവേള” എന്നുപറഞ്ഞ് നവോമി ആ അസുഖകരമായ സംഭാഷണത്തിന് അന്ത്യം കുറിച്ചു.

Subscribe Tharjani |