തര്‍ജ്ജനി

പ്രമോദ് ബാലുശ്ശേരി

Mehar Manzil,
KKRA30, LNCP Road,
Opp.Govt.College,
Kariavattom-post, TVM
ഫോണ്‍‌: 9496408559
ഇ മെയില്‍‌:pramod_balussery@rediffmail.com

Visit Home Page ...

മുത്തച്ഛന്‍.

മുളവേരുകള്‍ പോലെ
താടിയുണ്ടായിരുന്നു;
നീണ്ട്‌ വെളുത്ത്‌.

പുലര്‍ച്ചെ
കിളികള്‍ക്കൊപ്പമുണര്‍ന്ന്
വെറും കാലുകളോടെ
മുളങ്കാടുകളിലേയ്ക്കു പോയി.

കാടിന്റെ പാട്ടു കേട്ടു.
മടക്കയാത്രയുടെ
നാട്ടു വെളിച്ചത്തില്‍
മുളമുള്ളുകള്‍
കയ്യിലും കാലിലും കോറിയിട്ട
വരകള്‍ കൊണ്ടുവന്നു.

നെയ്തു കൂട്ടിയ
കൊട്ടയിലും വട്ടിയിലും
കണ്ണുനട്ടവര്‍ കൊടുത്തു പോയ
ചില്ലറക്കിലുക്കത്തില്‍
കണ്ണു നിറയുംവരെ ചിരിച്ചു.

പുരയുടെ മുളങ്കാല്‍ തുളച്ച്‌
നാണയങ്ങള്‍ നിറച്ച്‌
കിതപ്പാറും കാലത്തേയ്ക്ക്‌
കാത്തുവച്ചു.

കണ്ണടയും നേരത്ത്‌
നാട്ടറിവിന്റെ നാരായം
എനിയ്ക്കു തന്നു.
ഇന്ന്,
ഓര്‍മ്മകള്‍ കൂര്‍പ്പിച്ച്‌
ഞാനെഴുതുമ്പോള്‍
പൊള്ളുന്നതാരാവാം??!!

Subscribe Tharjani |