തര്‍ജ്ജനി

ഗ്രീഷ്മ എം.എസ്‌

Visit Home Page ...

കവിത

രണ്ട് കവിതകള്‍‌

പാലക്കാട് കുമാരപുരം ഗവ. ഹയര്‍ സെക്കന്ററിസ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ എം.എസ്.

ആദ്യവിദ്യാലയം

അവ്യക്തമാം ചിന്തകള്‍
തെന്നലിന്‍ കൈപിടിച്ച-
രികിലണയുമ്പോളോര്‍ത്തു
പോയ് ഞാനെന്റെ ആദ്യവിദ്യാലയം.

വയലുകള്‍ക്കപ്പുറം
പുഴകള്‍ക്കുമപ്പുറം
മാവിന്റെ തണലിലെന്‍
കൊച്ചുവിദ്യാലയം.

അറിവിന്റെ പൂക്കളും
ആദ്യാക്ഷരങ്ങളും
എളിമയും നല്കിയ
ആത്മവിദ്യാലയം.

ചൂരല്‍ക്കഷായത്തിനത്ഭുത-മാധുര്യമാദ്യമറിഞ്ഞതും
തേങ്ങിക്കരഞ്ഞു പിണങ്ങിപ്പിരിഞ്ഞതും
ഓടിത്തിമര്‍ത്തു കളിച്ചു നടന്നതും
പൂക്കള്‍ പറിച്ചു് പൂന്തേന്‍ നുകര്‍ന്നതും
മാവിന്റെ ചില്ലയില്‍ ആടിക്കളിച്ചതും.

പുലരിയെപ്പോലെന്നും പുണ്യം
വിടര്‍ത്തുന്ന ആദ്യവിദ്യാലയം.

പ്രഭാതം

ഇന്നലെ:

പുളിമരച്ചില്ലയില്‍
കുയില്‍പാടും ഗാനവും
അഴകാര്‍ന്ന മുറ്റത്തു്
മയിലാടുമാട്ടവും
ചിരിതൂകിനില്ക്കുന്ന
മഞ്ഞിലപ്പൂക്കളും
പാല്‍പ്പുള്ളിപ്പശുവിന്റെ
അമറുന്ന ശബ്ദവും
മണ്ണിന്റെ ഗന്ധവും
മനുഷ്യന്റെ ശുദ്ധിയും
ഒത്തുചേര്‍ന്നുള്ളൊരാ പൊന്‍പ്രഭാതം.

ഇന്നു്:

ആയിരം ബൈക്കിന്റെ
അമറുന്ന ശബ്ദവും
ചീറിക്കുതിക്കുന്ന
ബസ്സിന്റെ പാച്ചിലും
പുകയുടെ ഗന്ധവും
സെല്ലുലാര്‍ ഫോണിന്റെ
വിങ്ങുന്ന തേങ്ങലും
സ്വന്തമായ് മാറിയ
ഇന്നിന്‍ പ്രഭാതം.

നാളെ:
ചാലായ് മാറിയ
നിളയുടെ തേങ്ങലും
അമറാന്‍ മറക്കുന്ന
പൈക്കള്‍തന്‍ കൂട്ടവും
മൂളാന്‍ മറക്കുന്ന
കരിവരിവണ്ടിനും
സ്വന്തമായ് തീരുന്ന
ഇരുളിന്‍ പ്രഭാതം.

Subscribe Tharjani |