തര്‍ജ്ജനി

സുനില്‍ കെ. ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

ലേഖനം

മാത്തുക്കുട്ടിച്ചായന്റെ മഹാഭാരതം

പക്ഷേ കെ.എം. മാത്യുവിന്റെ ആത്മകഥ, എട്ടാമത്തെ മോതിരം, 'ഇതിലില്ലാത്തതൊന്നും മറ്റൊരിടത്തുമില്ല' സ്മരണയല്ല. കേരളത്തില്‍, കണ്ടത്തില്‍ കുടുംബത്തിന്റേതായ സവിശേഷതകളോടെയുള്ള പഴംപുരാണവും, കുലമഹിമയും, കുലീനത്വവും, സഹോദരൈക്യവും എങ്ങനെ ഒരു സാമ്രാജ്യമുണ്ടാക്കിയെന്നത്‌ 'എട്ടാമത്തെ മോതിരത്തില്‍' പ്രതിഫലിക്കുന്നു. എട്ടാമത്തെ മോതിരം എന്നു വെച്ചാല്‍ അപ്പച്ചന്‍, കെ.സി. മാമ്മന്‍ മാപ്പിള, അമ്മച്ചിയുടെ സ്മരണക്കായി അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉരുക്കി 9 മക്കള്‍ക്കും വീതിച്ചു കൊടുത്തതില്‍ എട്ടാമനായ മാത്യുവിനു കിട്ടിയത്‌. കാലത്താളുകള്‍ ഏറെ മറഞ്ഞപ്പോള്‍ അന്നമ്മയുടെ ഓര്‍മ്മക്ക്‌ കെ. എം. മാത്യുവും മക്കള്‍ക്കായി അങ്ങനെ ചെയ്തു. ഇതിലൊക്കെ വായനക്കാര്‍ക്ക്‌ എന്തു കാര്യം എന്നു ചോദിക്കരുത്‌. കാലത്തിന്റെ വിശാലതയില്‍ സ്വന്തം ജീവിതകഥക്ക്‌ പ്രസക്തിയുണ്ടെന്ന്‌ തോന്നിയിട്ടില്ലെന്ന ആമുഖത്തോടെയാണു 512 പേജുള്ള ആത്മകഥ തുടങ്ങുന്നത്‌. ആത്മകഥയാവുമ്പോള്‍ ആത്മപ്രശംസ സ്വഭാവികം. അത്‌ ഒട്ടൊക്കെ കണ്ണടച്ചാല്‍ ഒരു കാലത്തിന്റെ ചിത്രം കിട്ടും. ഒപ്പം ഒരു തൊണ്ണൂറുകാരന്റെ അറുപഴഞ്ചനല്ലാത്ത വിചാരവികാരങ്ങളും.

ഇന്ത്യന്‍ പത്രരംഗത്തെ ആദ്യത്തെ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനിയാണു മനോരമ. മൂലധനമുണ്ടാക്കാന്‍ വേണ്ടി വറുഗീസ്‌ മാപ്പിള 1888 ല്‍ 100 രൂപ വീതമുള്ള 100 ഓഹരി വിറ്റു. പകുതിയിലേറെയും ഓഹരികള്‍ കുടുംബാംഗങ്ങള്‍ തന്നെ എടുത്തു. 1890 മാര്‍ച്ചിലാണൂ 'പത്രമുത്തശ്ശി' അച്ചടിരൂപത്തില്‍ ആദ്യം പുറത്തു വരുന്നത്‌. ഒന്നാം പേജില്‍ നിറയെ പരസ്യങ്ങളായിരുന്നു. 1947 ല്‍ പുന:പ്രസിദ്ധീകരണത്തിനു ഒന്നാം പേജില്‍ ഇ.എം.കോവൂരിന്റെ 'ആഡംബീഡ്‌' എന്ന നോവലായിരുന്നു. മനോരമയിലെ മുക്കാല്‍ നൂറ്റാണ്ടിനിടക്ക്‌ മാത്യു ഏറെ കണ്ടു. കല്ലച്ചില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ വരെ; 25,000 കോപ്പിയില്‍ നിന്നും 16 ലക്ഷം പ്രചാരത്തിലേക്കുള്ള ദൂരം; മണിക്കൂറില്‍ 75,000 കോപ്പി കളറില്‍ അച്ചടിച്ച്‌ പത്രം മടക്കി, എണ്ണിത്തരുന്ന ഹാരിസ്‌ എന്ന അമേരിക്കന്‍ പ്രസ്സ്‌...

ബോംബെയില്‍ കുടുംബ ബിസിനസ്‌ നോക്കി നടത്തിയിരുന്ന മാത്യുവിനെ 1952 ല്‍ അപ്പച്ചന്റെ കത്താണു മനോരമയിലേക്ക്‌ കൊണ്ടുവരുന്നത്‌. '..ഇവിടെ മനോരമയുടെ കാര്യം ആകെ കുഴഞ്ഞു കിടക്കുകയാണു. നീ ഉണ്ണൂണ്ണിയെ (മൂത്ത ജ്യേഷ്ഠന്‍ കെ.എം.ചെറിയാന്‍) സഹായിക്കണം'. അമ്മച്ചി 'എല്ലിക്ക്ണാമ്പി' എന്നു വിളിച്ചിരുന്ന മാത്യുവിനെ ഓരോരോ ബിസിനസ്സുകളില്‍ തഴച്ചു വളര്‍ന്നിരുന്ന സഹോദരന്‍മാരും പത്രക്കാരനാകാന്‍ പ്രോല്‍സാഹിപ്പിച്ചുവത്രേ.

ഓര്‍മ്മകളുടെ ഒരു ചാകര തന്നെ അടിച്ചു കയറുന്നുണ്ട്‌ 'മോതിര'ത്തില്‍: ആലപ്പുഴയിലെ കുപ്പപ്പുറത്ത്‌ മാമ്മന്‍മാപ്പിളക്കുണ്ടായിരുന്ന 300 ഏക്കറിലെ നിലത്ത്‌ മുപ്പതിനായിരം പറ നെല്ല്‌ കൊയ്തത്‌; തിരുവല്ലയിലെ തിരുമൂലപുരത്ത്‌ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ സ്കൂളിനായി വറുഗീസ്‌ മാപ്പിള 10 ഏക്കര്‍ വിട്ടു കൊടുത്തത്‌; ഏകസഹോദരി മറിയക്കുട്ടിയുടെ പൂച്ചക്കണ്ണുകളുടെ ഓര്‍മ്മക്ക്‌, കെ.എം.ചെറിയാന്‍ തുടങ്ങിയ വളം കമ്പനിക്ക്‌ പൂച്ചമാര്‍ക്ക്‌ എന്ന്‌ പേരിട്ടത്‌; മങ്കൊമ്പിലെ പലിശക്കാരന്‍ സ്വാമിയുടെ വീട്ടില്‍ കടം തിരിച്ചു കൊടുക്കാന്‍ ചെന്നപ്പോള്‍ കണ്ട സാരിയില്‍ തൊട്ടതിനു സ്വാമി അയിത്തം കല്‍പ്പിച്ചത്‌; അയ്യങ്കാളിക്ക്‌ അമ്മച്ചി ചോറു വിളമ്പിക്കൊടുത്തത്‌; ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്‌ സ്കൂളിലെ രണ്ടാം നിലയില്‍ നിന്ന്‌ വിദേശ പാതിരിമാര്‍ മിഠായി പോലെ കാല്‍ ചക്രത്തിന്റെ നാണയങ്ങള്‍ ഇടുന്നതും അത്‌ പെറുക്കാന്‍ കുട്ടികള്‍ ഓടിക്കൂടുന്നതും; 99 ലെ (1924) വെള്ളപ്പൊക്കവും മടവീഴ്ചയും; അങ്ങനെയങ്ങനെ 'കാലം മുഖം നോക്കുന്ന', നോക്കെത്താദൂരത്തെ നെല്‍വയലുകളിലെ കതിര്‍മണികള്‍ പോലെ ഓര്‍മ്മകള്‍! 'വന്നവര്‍ തന്നവര്‍', 'മായാത്ത മുഖങ്ങള്‍' എന്നീ അധ്യായങ്ങളില്‍ മനോരമ സഹപ്രവര്‍ത്തകരെക്കുറിച്ച്‌ ഫോട്ടോഗ്രാഫിക്‌ ഓര്‍മ്മകള്‍... (ഒരെണ്ണം വേറിട്ട്‌ നില്‍ക്കുന്നു. മാനേജ്മെന്റ്‌ കണ്‍സല്‍ട്ടന്റായി വന്ന വിക്ടര്‍ ആനന്ദിനെക്കുറിച്ചുള്ള ഓര്‍മ്മ. അയ്മനം ഗ്രാമം വളരെ മുമ്പേ 'സേക്രഡ്‌ ക്രോ' എന്ന സ്വന്തം നോവലിന്‌ തട്ടകമാക്കിയ അനന്തന്‍ എന്ന വിക്ടര്‍ ഒരു ഫീച്ചറിനെ അതിശയിക്കും).

കമ്യൂണിസ്റ്റ്‌ പച്ച പോലത്തെ ഓര്‍മ്മകളും ഇടം പിടിച്ച്‌ വീര്‍ത്ത 'മോതിരത്തില്‍' മാത്യുവിന്റെ കുട്ടിക്കാലത്തെ കളികള്‍; സി.എം.എസ്‌.കോളേജില്‍ മേശപ്പുറത്ത്‌ കമിഴ്‌ന്ന്‌ കിടന്ന്‌ പഠിപ്പിച്ചിരുന്ന പി.സി.ജോസഫ്‌ സര്‍; പട്ടം താണുപിള്ള മന്ത്രിസഭയിലെ ടി.എം. വര്‍ഗീസുമായി അപ്പച്ചനുണ്ടായിരുന്ന സൗന്ദര്യപ്പിണക്കം; ഇളയ സഹോദരന്‍ ബേബിയുടെ ഭാര്യ കുഞ്ഞിന്റെ സഹപാഠിയാണു ഇപ്പോള്‍ കുവൈത്തില്‍ ഡോക്ടറായ പൂണിത്ര പാപ്പച്ചന്‍...തുടങ്ങിയ വിവരങ്ങള്‍ ധാരാളം. സി.പി.രാമസ്വാമി പര്‍വം അനവധി പേജുകളും അധ്യായങ്ങളിലും കവര്‍ ചെയ്തിരിക്കുന്നു (കവര്‍ന്നിരിക്കുന്നു എന്നും പറയാം). 'സി.പി.യുടെ ക്രൂരത മനോരമയെ നിശബ്ദമാക്കിയ ആ രാത്രിയില്‍' കോട്ടയത്തും പരിസരങ്ങളിലും ഭൂമികുലുക്കമുണ്ടായെന്നും 'മനോരമയെ ഇരുട്ടിലേക്ക്‌ തള്ളി വിട്ടതില്‍ പ്രക്രുതി പോലും പ്രതിഷേധിക്കുകയായിരുന്നു എന്ന്‌ ആരൊക്കെയോ എഴുതിയിട്ടുണ്ടെന്നും' ഓര്‍ക്കുന്നു കെ.എം.മാത്യു. സി.പി.യുടെ കാലത്ത്‌ പ്രാദേശികസംരഭകര്‍ മുന്നിട്ടിറങ്ങാതിരുന്ന സാഹചര്യത്തിലാണു തിരുവിതാംകൂറിന്റെ വ്യവസായവല്‍ക്കരണം ത്വരിതപ്പെടുത്താന്‍ വിദേശികളായ വ്യവസായികളെ സി.പി. ആശ്രയിച്ചതെന്ന്‌ കേരളത്തിലെ ചില ചരിത്രകാരന്‍മാര്‍ പറയുന്നതിനോട്‌ യോജിപ്പില്ല മാത്യുവിന്‌. തിരുവിതാംകൂറില്‍ നിന്ന്‌ സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കി മദ്രാസ്‌ പ്രവിശ്യയിലെ വ്യവസായിയായ ശേഷസായിയെപ്പോലുള്ളവരെ സി.പി. കൊണ്ടു വരികയായിരുന്നുവേന്ന്‌ മാത്യുവിന്റെ പക്ഷം.

കയ്പ്പുള്ള ഓര്‍മ്മകളാലും മധുരതരമാണു 'മോതിരം'. സി.പി. യുഗത്തില്‍ നിന്നും മനോരമ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ച അസ്സലാണ്‌. 'മനോരമയുടെ കഴുത്തില്‍ ദിവാന്‍ഭരണത്തിന്റെ കൊടുവാള്‍ വീണത്‌' 1938 സെപ്റ്റംബര്‍ 9നാണ്‌. 10, 11, 12 പൊതു അവധി. 13നു കൊച്ചി രാജ്യത്തെ കുന്നംകുളത്തു നിന്നും മനോരമ തിരുവിതാംകൂറില്‍ പറന്നുവന്നു. കുന്നംകുളത്തെ എ.ആര്‍.പി.പ്രസ്സ്‌ ഉടമ പുലിക്കോട്ടില്‍ ഇട്ടൂപ്പിന്റെ പെങ്ങള്‍ താണ്ടമ്മയെയാണു മാത്യുവിന്റെ ജ്യേഷ്ഠന്‍ കെ.എം.വറുഗീസ്‌ മാപ്പിള വിവാഹം ചെയ്തിരിക്കുന്നത്‌! ആ സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത്‌ മറ്റൊരു ജ്യേഷ്ഠന്‍ കെ.എം.ഉമ്മന്റെ ഭാര്യ 'സാഹചര്യത്തിനനുസരിച്ച്‌ സ്വയം ക്രമീകരിക്കാന്‍ ശ്രമിച്ചു. ചേടത്തി കുറച്ചു പശുക്കളെ വാങ്ങി. വെളുപ്പാന്‍കാലത്ത്‌ പാലു കറന്നു പരിസരത്തെ വീടുകളില്‍ വില്‍പന നടത്തി. ഉരുളക്കിഴങ്ങ്‌ ചിപ്സ്‌ ഉണ്ടാക്കി അടുത്ത വീടുകളില്‍ കൊണ്ടുപോയി വിറ്റു..' മനോരമയുടെ ആസ്തികളെല്ലാം സി.പി. ലേലത്തിനായി വച്ചപ്പോള്‍ ഇത്തിക്കരയിലെ ടെയില്‍ ഫാക്ടറിയും പുനലൂരിലെ 50 ഏക്കറും, അപ്പച്ചന്റെ ഇളയ സഹോദരിയുടെ ഭര്‍ത്താവ്‌ പടിഞ്ഞാറേക്കര ചാക്കോയും പുത്രന്‍മാരും ചേര്‍ന്ന്‌ വാങ്ങി മനോരമക്കുടുംബത്തിനു തന്നെ വിറ്റു. മൈസൂറിലെ കാപ്പിത്തോട്ടവും ബലൂണ്‍ ഫാക്ടറിയും (പിന്നീട്‌ എം.ആര്‍.എഫ്‌.) ആ പത്രക്കുടുംബത്തെ സാമ്പത്തികമായി രക്ഷിക്കുകയായിരുന്നു.

കയ്ക്കുന്ന ഓര്‍മ്മകളില്‍ ബോബനും മോളിയും കേസ്‌ കല്ല്‌ കടിച്ചേക്കും. ശങ്കേഴ്സ്‌ വീക്ക്‌'ലിയില്‍ പ്രസിദ്ധീകരിച്ചിരുന്ന 'കാലുവും മീനയും' കണ്ടാണു ബോബനും മോളിയും പംക്തി ആരംഭിച്ചതെന്നും ആ പേര്‌ നിര്‍ദ്ദേശിച്ചതു മാത്യുവിന്റെ ബന്ധുവും ജീവിതനൗക സിനിമയുടെ നിര്‍മ്മാതാവുമായ കെ.വി.കോശിയാണെന്നും മാത്യു അവകാശപ്പെടുമ്പോള്‍, ആ കുട്ടിക്കുസ്രുതികള്‍ ടോംസിന്റെ അയല്‍ക്കാരാണെന്ന്‌ ടോംസും ആത്മകഥയില്‍ അവകാശപ്പെടുന്നുണ്ട്‌. (ഈ കോശിച്ചായനാണു ആര്‍ടിസ്റ്റ്‌ കെ.ജെ.മാത്യു വരച്ചു തുടങ്ങിയ പോക്കറ്റ്‌ കാര്‍ടൂണ്‍ കുഞ്ചുക്കുറുപ്പിന്റെ മോഡല്‍). കേസില്‍ മനോരമ ജയിച്ചെങ്കിലും 'കുട്ടികളെ' ടോംസിനു തന്നെ വിട്ടു കൊടുക്കാന്‍ മാത്യും കൂട്ടരും തീരുമാനിക്കുകയായിരുന്നത്രേ. മാത്യു തുടര്‍ന്നെഴുതുന്നു: 'ശുഭാന്ത്യം! ടോംസ്‌ ഇപ്പോഴും ഞങ്ങളുടെ നല്ല സുഹ്രുത്തായി തുടരുന്നു'.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മാമ്മന്‍മാപ്പിള വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന ആരോപണത്തെ ഖണ്ഡിക്കുന്നുണ്ട്‌ മാത്യു. കമ്യൂണിസ്റ്റ്‌ നേതാവ്‌ പി.ടി.പുന്നൂസുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അപ്പച്ചന്‍ പറഞ്ഞത്‌ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റാത്ത സാഹചര്യമുണ്ടായാല്‍, ലോകം ജീവിക്കാന്‍ കൊള്ളാത്തത്താവുമെന്നും പിന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലത്‌ എന്നുമാണു. കോട്ടയത്ത്‌ മനോരമ നില്‍ക്കുന്ന സ്ഥലം കല്ലാശ്ശേരി ബാവായില്‍ നിന്ന്‌ അന്നത്തെ മാര്‍ക്കറ്റ്‌ വിലക്ക്‌ വാങ്ങിയെന്നും മറ്റൊരു ആരോപണത്തിന്‌ മറുപടിയായി മാത്യൂവിന്റെ പക്കലുണ്ട്‌. എന്തുകൊണ്ട്‌ ഇന്ദിരാഗാന്ധിയെ പിന്‍തുണച്ച പത്രം അടിയന്തരാവസ്ഥയെ എതിര്‍ത്തില്ല എന്നതിനുള്ള മറുപടിയോ?: ...ചര്‍ച്ചക്കിടയില്‍ പത്രാധിപസമിതിയിലെ വി.കെ.ബി.നായര്‍ പറഞ്ഞു, പത്രം നിര്‍ത്തി വീട്ടില്‍ പോയിരുന്നാലും നിങ്ങള്‍ക്ക്‌ പ്രശ്നമില്ല. പക്ഷേ ഞങ്ങളൊക്കെ പട്ടിണിയിലാവും. 'അങ്ങനെ ആ ചര്‍ച്ചയില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു: അടിയന്തരാവവസ്ഥയെ മനോരമ അനുകൂലിക്കുന്നുമില്ല; പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നുമില്ല'.

എന്തൊരു ഡിപ്ലോമസി അല്ലേ? ആ ഡിപ്ലോമസിയാണു ഈ പുസ്തകത്തെ വായിക്കാന്‍ പ്രേരിപ്പിക്കുന്നതും. കോട്ടയത്തെ 'രൂപ്കല' എന്ന വീട്ടില്‍ അന്നമ്മ പകര്‍ന്ന പ്രാര്‍ത്ഥനയുമായി, വീട്ടുജോലിക്കാരുമൊത്ത്‌ 'ഈവ്നിങ്ങ്‌ കോണ്‍ഫറന്‍സിന്‌' ഇരിക്കുന്ന മാത്തുക്കുട്ടിച്ചായന്റെ ജീവിതനയത്തിന്‌ ഡിപ്ലോമസി എന്ന വാക്കിന്റെ അര്‍ഥം വ്യാപിപ്പിക്കാന്‍ കരുത്തുണ്ടെന്നും 'മോതിരം' മന്ത്രിക്കാതിരിക്കില്ല.

Subscribe Tharjani |
Submitted by Sapna Anu B.George (not verified) on Mon, 2010-08-02 09:43.

Great Write up sunil, Good to greet you meet you and read you in chintha