തര്‍ജ്ജനി

കഥ

നിശാടനം

“കുട്ടാ നഹീം ജീ?” ആറു റിയാലിനു പകരം അഞ്ഞൂറു റിയാലിന്റെ ഒറ്റ നോട്ടു നീട്ടിയ രഞ്ജിത്തിനോട് പച്ചക്കറിക്കാരന്‍ ബംഗാളി നീരസത്തോടെ ചോദിച്ചു. കുറ്റബോധത്തോടെ രഞ്ജിത്ത് പേഴ്സ് എടുത്ത് ചില്ലറയ്ക്കു തപ്പി.

പെട്ടെന്നൊരു ബംഗാളി അടുത്തഗല്ലിയില്‍ നിന്നു മെയിന്‍ റോഡിലേയ്ക്കു എന്തോ കണ്ടു പേടിച്ചതു പോലെ നിലവിളിച്ചു കൊണ്ടു ഓടിപ്പോയി. കുറച്ചു ബംഗാളികള്‍ അയാളുടെ പിന്നാലെ ഓടുന്നു. കുറേപേര്‍ അയാള്‍ വന്നിടത്തേയ്ക്കും. രഞ്ജിത്തിന്റെ കണക്കു തീര്‍ക്കാതെ പച്ചക്കറിക്കാരനും അങ്ങോട്ടേയ്ക്കോടി. അവന്റെ പിറകേ രഞ്ജിത്തും ധൃതിയില്‍ നടന്നു.

ആ ഗല്ലിയിലേയ്ക്കു തിരിഞ്ഞപ്പോള്‍, തെരുവു അമ്പതു മീറ്ററില്‍ ചെന്നു മുട്ടുന്ന ‘അല്ലാ ര്ഖാ’ എന്ന കോഴിക്കടയില്‍ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. ബീഭത്സവും! കോഴിക്കടക്കാരന്‍ അബ്ദുള്‍ ബാസിത്ത് കടത്തിണ്ണയില്‍ രക്തത്തില്‍ മുങ്ങി കിടന്നുപ്പിടയ്ക്കുന്നു. അറ്റുപോയ കണ്ഠനാളത്തില്‍ കൂടി രക്തം ചീറ്റി, മുരട്ടുക്കാളയെപ്പോലെ മുക്കറയിടുന്ന ബാസിത്ത് കൂടുതല്‍ ഭീകരമായിരിക്കുന്നു. അയാള്‍ അറുത്ത എണ്ണിയാല്‍ ഒടുങ്ങാത്ത കോഴികളില്‍ ഒന്നിനെ പോലെ അയാളെയും ആരെങ്കിലും അറുത്തതാണോ?

രഞ്ജിത്ത് കോഴിക്കടയില്‍ നിന്നും അഞ്ചാറു കടകള്‍ക്കിപ്പുറമുള്ള ഗുജറാത്തി ഗുലാമിന്റെ ചായക്കടയിലേയ്ക്കു വേഗത്തില്‍ നടന്നു കയറി. ഉടനെ എത്തിയേക്കാവുന്ന പോലീസുകാരെ പേടിച്ച് ഗുലാം ധൃതിയില്‍ കടയടയ്ക്കുകയാണ്.

തന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു രഞ്ജിത്ത് മരണവുമായി മല്ലിടുന്ന ഒരു മനുഷ്യന്റെ അന്ത്യരംഗം കാണുന്നത് ! അതും ഒരു അപകടമരണം ! പേടി തോന്നിയെങ്കിലും മുഖം തിരിച്ചു നടന്നു കളയാനും പറ്റുന്നില്ല.

ഒറ്റനോട്ടത്തില്‍ ആജാനുബാഹുവായ ഒരു നീഗ്രോവിനെ ഓര്‍മ്മിപ്പിക്കുന്ന അയാളുടെ ജാപ്പാനീസ് മോങ്കുകളുടേതുപോലുള്ള താടിയും ചീകാത്ത നീണ്ട മുടിയും കത്തുന്ന ചുകന്നു തുറിച്ച കണ്ണുകളും പുകയിലയും കയിനിയും ചേര്‍ന്നു പൊള്ളിച്ചു വികൃതമാക്കിയ മോണയും കറുത്തചുണ്ടും പരുക്കന്‍ ശബ്ദവും മുഷിഞ്ഞ വേഷവും കൊണ്ട് ആരുടെ മനസ്സിലും പേടിയുളവാക്കുന്ന ബാസിത്തുമായി രണ്ടു ദിവസം മുന്‍പു നടന്ന വഴക്കു രഞ്ജിത്തിന്റെ മനസ്സില്‍ കൂടി ഇടിത്തീപോലെ കടന്നുപോയി. പ്രായം ചെന്നു മൂത്ത കോഴിയെ തനിക്കായി അറുത്ത ബാസിത്തിനോട് രഞ്ജിത്ത് തട്ടിക്കയറുകയായിരുന്നു അന്ന്.

story illustration

ബഹളം മൂത്തു ആളുകള്‍ കൂടിയപ്പോള്‍ അല്പം ഇളിഭ്യനായി ഗുലാമിന്റെ സഹായത്തോടെ ആ ബംഗാളിക്കൂട്ടത്തില്‍ നിന്നു തലയൂരി നടന്നുനീങ്ങിയ രഞ്ജിത്തിനെ നോക്കി കോഴികളെ അറുത്ത കത്തിവീശി, ചുവന്ന കണ്ണുകള്‍ ജ്വലിപ്പിച്ചുകൊണ്ട് ബാസിത്ത് ബംഗാളി ചുവയുള്ള ഹിന്ദിയില്‍ അലറി,
“ഫിര്‍ ഏക് ബാര്‍ ഇതര്‍ ആയേഗാ, മാരെഗാ തുംകൊ, യാദ് രഖോ മദ്രാസി” കത്തിവീശി ആക്രോശിച്ച ആസിത്തിന്റെ ഓര്‍മ്മയില്‍ അന്നു രാത്രി ഉറങ്ങാന്‍ നന്നേ പാടുപ്പെട്ടിരുന്നു രഞ്ജിത്ത്.

ഗുലാം തോളില്‍ തട്ടി ചെവിയില്‍ എന്തോ മന്ത്രിക്കുവാന്‍ ഒരുങ്ങുമ്പോഴാണു അപശകുനിയായ ആ വഴക്കിന്റെ ഓര്‍മ്മയില്‍ നിന്നു മോചനം കിട്ടിയത്.

“രഞ്ജിത്ത് ഭായ്, വോ ഖുദ് ഖുഷീ കര്‍ലിയാ..”
ഹേ, ദൈവമേ ബാസിത്ത് എന്ന ഭീകരനായ കോഴിക്കാരന്‍ ആത്മഹത്യ ചെയ്തതാണെന്നോ ? ഇത്രയും ഭയാനകമായോ ?
“വോ ഭീ എക് കസ്റ്റമര്‍ കെ സാംനെ. വോ ബേചാരാ ബഹുത് ഡര്‍ ഗയാ ഹോഗാ..!“ അതായിരിക്കും നിലവിളിച്ചോടിപ്പോയ ബങാളി, കോഴിയിറച്ചി വാങ്ങാനെത്തിയ ബാസിത്തിന്റെ അവസാനത്തെ കസ്റ്റമര്‍ !

ഗുലാമിനു ബാസിത്തിനെ പറ്റി കുറേ അറിയാം, അയാളുടെ ഭാര്യയുമായുള്ള വഴക്കിനെക്കുറിച്ചും. വിശ്വാസന വഞ്ചന കാണിച്ച ഭാര്യയോടുള്ള പ്രതികാരത്തില്‍ ആയിരക്കണക്കിനു കോഴികളെ അറുത്ത അതേ കത്തി, അതിലും വീര്യത്തില്‍ നേപ്പളി കയിനിയുടെ ലഹരിയില്‍ തന്റെ തന്നെ കഴുത്തില്‍ ഞൊടിയിടയില്‍ ആഴ്ത്തി കഴുത്തറുക്കുകയായിരുന്നത്രേ അയാള്‍ !

വര്‍ഷങ്ങളോളം താന്‍ കാണാത്ത ഭാര്യ ആദ്യമായി പ്രസവിച്ചെന്നു വാര്‍ത്ത കേട്ട നിമിഷം താന്‍ ഷണ്ഡനാണെന്നു ഓരിയിട്ട ആ മൊബൈല്‍ ഫോണ്‍ ദൂരേയ്ക്കെറിഞ്ഞ് അട്ടഹസിച്ചുകൊണ്ട് തന്റെ ജീവിതത്തിനു ബീഭത്സമായ ഒരു തിരസ്സീല ഞൊടിയിടയില്‍ വലിച്ചിടുകയായിരുന്നു അയാള്‍.

ബാസിത്തിന്റെ അറ്റുപോയ തൊണ്ടക്കുഴല്‍ കൂടുതല്‍ ശക്തിയോടെ ചീറി. രക്തവും കോഴിപ്പീടികയിലെ മാലിന്യവും ചേര്‍ന്ന അഴുക്കില്‍ അയാളുടെ നീണ്ട കൈകാലുകള്‍ പരിസരം മുഴുവന്‍ അഴുക്കു വെള്ളം തെറിപ്പിച്ചുകൊണ്ട് വേഗതയില്‍ ഇട്ടടിച്ചു.

മരണത്തിന്റെ തീതുപ്പുന്ന അഗ്നിപര്‍വതത്തിന്റെ ലാവക്കുഴിയിലേയ്ക്ക് മുങ്ങിത്താഴുന്ന ബാസിത്തിന്റെ ശക്തമായ ചവിട്ടേറ്റ് ഒരു വശത്തുള്ള ചെറിയ ഒരു കോഴിക്കൂട് മറിഞ്ഞു വീണു. കോഴികളുടെ നിലവിളി ഇരട്ടിച്ചു. നിലത്തു വീണ കത്തി ബാസിത്തിന്റെ പിടയ്ക്കുന്ന കാലില്‍ തട്ടി റോഡിലേയ്ക്കു തെറിച്ചുവീണു. രഞ്ജിത്ത് പരിഭ്രാന്തിയില്‍ മരവിച്ചുപോയ തന്റെ ഹൃദയവും കണ്ണുകളും ഒന്നു പിടപ്പിച്ചു ആ ഭീകര രംഗത്തുനിന്നും ഓടി മറയാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ നീങ്ങിയില്ല, കണ്ണുകളും.

നിസ്സംഗതയുടെ പ്രതിരൂപങ്ങള്‍ പോലെ ആ നടുക്കുന്ന കാഴ്ച നോക്കിനിന്ന സഹജീവികളായ ബംഗാളികളെയും രഞ്ജിത്തിനെയും ഗുലാമിനെയും ഒക്കെ ഞെട്ടിച്ചു കൊണ്ടു പര്യന്തത്തിന്റെ വിളിപ്പാടകലെ എത്തിനില്‍ക്കുന്ന ബാസിത്ത് പെട്ടെന്നെഴുന്നേറ്റിരുന്നു. അഴുക്കുവെള്ളത്തില്‍ പുരണ്ട മുടിയും താടിയും മറച്ച കറുത്ത മുഖത്തുനിന്നു രണ്ടു കണ്ണുകള്‍ തനിക്കു നേരെ നോക്കി തീതുപ്പിയപ്പോള്‍ രഞ്ജിത്തിന്റെ ഹൃദയം കാളി. അടുത്ത നിമിഷം ആ ഭീകര രൂപം പിറകോ‍ട്ടു മറിഞ്ഞു വലിയ ശബ്ദത്തോടെ നിലം പൊത്തി. കൈകാലുകള്‍ നിശ്ചലമായി. കോഴികളുടെ ആരവം മാത്രം ബാക്കി.

വിറങ്ങളിച്ചു നിന്ന രഞ്ജിത്തിനോട് ഗുലാമിനു അനുകമ്പ തോന്നി. ചായക്കടയില്‍ നിന്നിറങ്ങി രഞ്ജിത്തിന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു ;
“ചലോ രഞ്ജിത്ത് ബായി, വൊ മര്‍ഗയ, യെ ലോഗ് പാഗല്‍ ഹെ, പാഗല്‍..”

രഞ്ജിത്തിന്റെ മുട്ടുകള്‍ കൂട്ടിയിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അഞ്ചെട്ടു കെട്ടിടങ്ങള്‍ക്കപ്പുറത്തുള്ള ‘സിറ്റി ലൈന്‍’ ടവറിലെ പതിമൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റില്‍ എത്തിയതു ഹൃദയത്തില്‍ അലയടിക്കുന്ന ഭയത്തിന്റെ തീക്ഷ്ണത കൊണ്ടു മാത്രമാണെന്നു രഞ്ജിത്തിനു ബോധ്യമുണ്ടായിരുന്നു. കിതയ്ക്കുന്ന ഹൃദയത്തെ നിയന്ത്രിച്ചു കൊണ്ടു ഭാര്യ ശോഭനയോട് ഭീതിയുടെ ഒരംശവും ചേര്‍ക്കാതെ നടന്ന സംഭവം വിവരിച്ചു. പറഞ്ഞില്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും അടുത്ത ദിവസം അറിയും എന്നുറപ്പാണ്.
“ഈ ബംഗാളികള്‍ ഭ്രാന്തന്മാര്‍ തന്നെ.” ഗുലാമിനെ പോലെ ചിന്തിച്ച ശോഭനയുടെ വാക്കുകള്‍ രഞ്ജിത്തിനു ആശ്വാസം നല്‍കി.

രഞ്ജിത്ത് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. രണ്ടു തവണ മുറിയുടെ വാതിലില്‍ ആരോ മുട്ടിയതു കേട്ടതു വെറും തോന്നലായിരിക്കാം. പുറത്ത് ഇടയ്ക്കിടെ ശക്തിയായ കാറ്റു വീശുകയാണ്. പതിമൂന്നാം നിലയിലായതു കൊണ്ടു കാറ്റിനു ശക്തിയേറും. ഓരോ വരവിലും ചില്ലു കൊണ്ടുള്ള പുറം ചുമരിനെ തള്ളി ബാല്‍ക്കണിയില്‍ കിടന്നു താണ്ഡവമാടിയ കാറ്റ് എയര്‍ കണ്ടീഷന്‍ ഡക്റ്റിനകത്തുകയറി ചൂളം വിളിച്ചു. ചില്ലുചുവര്‍ മുഴുവനായി മറച്ച വിരികള്‍ക്കിടയിലുള്ള വിടവുകളിലൂടെ രഞ്ജിത്ത് പുറത്തേയ്ക്കു നോക്കി. സോഡിയം വെപ്പര്‍ നിറച്ച തെരുവുവിളക്കുകള്‍ ഫ്ലൈഓവറിനുമേല്‍ ഒറ്റപ്പെട്ടു കടന്നുപോയ വാഹനങ്ങള്‍ക്കു വഴികാട്ടിയായി ഡിസംബറിന്റെ കുളിരില്‍ ഉറങ്ങാതെ നിന്നു തരിക്കുന്നു. അഞ്ചുമാന്‍ ബില്‍ഡിംഗിന്റെ പിന്നിലുള്ള ശ്മശാനപ്പറമ്പ് നേരിയ മഞ്ഞവെളിച്ചത്തിലാണ്.

മൊബൈല്‍ഫോണെടുത്തു സമയം നോക്കി. ഒന്നു കഴിഞ്ഞു 13 മിനിട്ട്. കാറ്റടങ്ങുമ്പോള്‍ സിറ്റി സെന്റര്‍ പൂര്‍ണ്ണനിശ്ശബ്ദതയില്‍. അടുത്ത ഏതോ ഒരു ഫ്ലാറ്റില്‍ പൂട്ടിയിടാത്ത മുറിയുടെ വാതില്‍ ഉച്ചത്തില്‍ കൊട്ടിയടഞ്ഞു.

കൊച്ചുനാളില്‍ കേട്ട വേതാളകഥകളും അച്ഛന്‍ കുറേക്കാലം ബത്തേരിയില്‍ പോസ്റ്റുമാസ്റ്റര്‍ ആയിരിക്കുമ്പോള്‍ താമസിച്ച വീട്ടിനു പിറകിലെ സര്‍പ്പക്കാവിനു ചുറ്റുമുള്ള ഭീമന്‍ അരയാലുകളില്‍ കുടികൂട്ടിയ നിശായാത്രികളായ അനാഥാത്മാക്കളുടെ കഥകളും മനസ്സില്‍ പാകിയിട്ട ഭൂതപ്രേതവിസ്മയങ്ങളുടെ ലോകത്ത് ഇടയ്ക്കിടെ സഞ്ചരിക്കുന്ന രഞ്ജിത്തിന്റെ മനസ്സിനെ പൊടുന്നനെ അന്നുവരെ അലട്ടാത്ത ഒരു ഭീതി വലിഞ്ഞു മുറുക്കി.

അരികില്‍ ശോഭന നല്ല ഉറക്കിലാണ്. അടുത്ത മുറിയില്‍ പതിനാലുവയസ്സുള്ള മൂത്തമകള്‍ മിനിയും ഏഴുവയസ്സുള്ള മകന്‍ ആദിത്യയും അഞ്ചു വയസ്സുള്ള അര്‍ജുനും ഉറങ്ങുന്നു. രണ്ടു മുറികളില്‍ നിന്നും പുറത്തേയ്ക്കു ചെല്ലുന്ന ഇടനാഴി നേരെ അടുക്കളയില്‍ ചെന്നാണ് മുട്ടുന്നത്. തൊട്ടു വലത്തോട്ടു തിരിഞ്ഞാല്‍ ഇടനാഴി വിശാലമായ സ്വീകരന മുറിയുടെയും അതിനടുത്ത ഓഫീസ് മുറിയുടെയും ഇടതുവശത്തുകൂടെ നീണ്ടു വീണ്ടും ഇടത്തോട്ട് തിരിഞ്ഞു പ്രധാന വാതില്‍ക്കലേക്കെത്തുന്നു. ഒരേയൊരു കുളിമുറി ഓഫീസ് മുറിക്കു പിറകിലാണ്.

വാതിലില്‍ മുട്ടിയത് ഒരു പക്ഷേ ആദിമോന്‍ ആയിരിക്കില്ലേ? അവന്‍ ഇടക്കിടെ ഉറക്കമുണര്‍ന്നു ടോയ്‌ലറ്റിലേക്കു പോവാന്‍ മുട്ടി വിളിക്കാറുണ്ടല്ലോ.

യുക്തിയുടെ കവചം എടുത്തണിഞ്ഞ് ഭീതിയുടെ പിടിയില്‍ നിന്നു മുക്തനാവാന്‍ രഞിത്ത് ശ്രമിച്ചു.
പക്ഷേ പിന്നെ അവന്‍ എന്തുകൊണ്ട് മുട്ടിയില്ല? ഇടനാഴിയിലെ ഇരുട്ടില്‍ ഒറ്റയ്ക്കു വാതില്‍ തുറക്കുന്നതും കാത്ത് പേടിച്ചു നില്‍ക്കുന്നുണ്ടാവുമോ? ഹേ !
“ആദീ.......”
ഭയങ്ങളെ വശങ്ങളിലേയ്ക്കു തട്ടിമാറ്റിക്കൊണ്ടു പിതൃസ്നേഹം രഞ്ജിത്തിന്റെ കണ്ഠങ്ങള്‍ക്കു ശക്തി പകര്‍ന്നു.
“മോനേ ആദീ....“
ഇരുട്ടില്‍ കട്ടിലില്‍ തന്നെ ഇരുന്നുകൊണ്ട് വിളിച്ചു ചോദിച്ച രഞ്ജിത്തിന്റെ ശബ്ദം ശോഭനയെ ഉണര്‍ത്തി.
“എന്താ രഞ്ജിയേട്ടാ, എന്താ ഇങ്ങനെ എണീറ്റിരിക്കുന്നേ...?”
ഉണര്‍ന്ന ശോഭന രഞ്ജിത്തിന്റെ മനസ്സില്‍ ആശ്വാസത്തിന്റെ വിത്തുകള്‍ പാകി, ആശങ്കയുടെയും. തന്നില്‍ ഉരുണ്ടുകൂടിയ ഭയം ശോഭന തിരിച്ചറിയുമോ? മറ്റു പെണ്ണുങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതുവരെ ഒരു ഭീതിയും തൊട്ടുതീണ്ടാത്ത അവളുടെ മനസ്സിലും പേടിയുടെ കനലുകള്‍ വീഴാന്‍ ഇടവരുമോ?

“ആരോ വാതിലില്‍ മുട്ടിയതു പോലെ തോന്നി”
“ആദിയായിരിക്കും രഞ്ജിയേട്ടാ”
“പക്ഷേ പിന്നെ മുട്ടിയില്ല, വിളിച്ചിട്ട് ഉത്തരവുമില്ല”
“അവന്‍ തിരിച്ചുപോയി കിടന്നിട്ടുണ്ടാവും”

ആ വാക്കുകള്‍ രഞ്ജിത്തിന്റെ മനസ്സില്‍ കുളിര്‍ കോരിയിട്ടു. കഴിന്ന കുറേ നിമിഷങ്ങള്‍ ഏതോ ഒരു പേടിസ്വപ്നത്തിന്റെ ബാക്കിപത്രമാണെന്നാശ്വസിച്ചു. വിഭ്രമത്തില്‍ കിതയ്ക്കുന്ന തന്റെ മനസ്സിനെ ശമിപ്പിച്ചു കൊണ്ടു വീണ്ടും ഉറക്കത്തിന്റെ ലോകത്തിലേയ്ക്കു പരന്നുയരുന്ന ശോഭനയുടെ അരികില്‍ കയറിക്കിടന്നു രഞ്ഞിത്ത് ശരീരം മുഴുവന്‍ പുതപ്പിനകത്താക്കി.

കുറച്ചുനേരത്തെ ഇടനേരത്തിനു ശേഷം കാറ്റു ആഞ്ഞുവീശി, ചില്ലുച്ചുവര്‍ കുലുക്കി വിരട്ടി. കൂടെക്കൂടെ അടച്ചൊച്ചയുണ്ടാക്കിയ അടുത്ത ഏതോ ഫ്ലാറ്റിലെ വാതില്‍ വീണ്ടും കൊട്ടിയടഞ്ഞു.

പെട്ടെന്നാണ് താഴെ ബംഗാളിമാര്‍ക്കറ്റില്‍ നിന്ന് ഉച്ചത്തില്‍ ഒരാളുടെ നിലവിളി കേട്ടത്. ഒരു തവണമാത്രമേ ശബ്ദം കേട്ടുള്ളൂ. വളരെ ശ്രമിച്ചു കശക്കിയെറിഞ്ഞ ഭീതി ഉഗ്രമൂര്‍ത്തിയായി തിരിച്ചെത്തി. സ്വന്തം ശരീരത്തെ ബീഭത്സമായി അറുത്തു ആത്മാഹൂതി നടത്തിയ അബ്ദുള്‍ ബാസിത്തിന്റെ രൂപത്തില്‍. പണ്ടു സര്‍പ്പക്കാവില്‍ കേട്ടിട്ടില്ലേ നിശാടനം നടത്തുന്ന ആത്മാക്കളുടെ ഓരിയിടല്‍? ഇപ്പോള്‍ കേട്ടത് ബാസിത്തിന്റെ അപമൃത്യു അടഞ്ഞ ആത്മാവിന്റെ ഓരിയിടല്‍ ആയിരുന്നോ?

“...മാരേഗാ തും കൊ, ഹ, യാദ് രഖോ മദ്രാസി”

കത്തിവീശി അലറിയ ബാസിത്തിന്റെ ചുകന്ന കണ്ണുകള്‍ ആ വാതിലിന്റെ താക്കോല്‍ പഴുതില്‍ കൂടി അകതേയ്ക്ക് ആഴ്ന്നിറങ്ങുകയാണോ?

തന്റെ നഗ്നമായ പുറത്തുകൂടി കൈയ്യിട്ടു കെട്ടിപ്പിടിച്ചു കിടന്ന ശോഭനയുടെ ശരീരത്തിന്റെ മണവും ചൂടും രഞ്ജിത്തിനു ധൈര്യം പകര്‍ന്നു. ബാസിത്തിനെ മറക്കാന്‍ ശ്രമിച്ചു, അയാളുടെ കത്തുന്ന കണ്ണുകളെയും.

കാറ്റു വീണ്ടും അറ്റങ്ങിയിരിക്കുന്നു. താഴെ ബങാളി മാര്‍ക്കറ്റും സിറ്റി സെന്ററും ശാന്തമായി. ഇടനാഴിയില്‍ എന്തിന്റെയോ കാലൊച്ചയ്ക്കു കാതോര്‍ക്കുന്ന കാതുകളെ ശപിച്ചു. അലറുന്ന കടലിനെപ്പോലുള്ള തന്റെ മനസ്സിനെ സമാശ്വസിപ്പിച്ചു. ഉറക്കിലേയ്ക്കു വീഴാന്‍ വെമ്പി. കുറച്ചുനേരത്തെ ആ നിശ്ശബ്ദതയ്ക്കു ശേഷം മുറിയ്ക്കു പുറത്തൊരു ശബ്ദം കേട്ടു. കുട്ടികളുടെ മുറിയുടെ വാതില്‍ ആരോ വലിച്ചു തുറന്നിരിക്കുന്നു!! ഇടനാഴിയുടെ ചുവരുകളെ വിറപ്പിച്ച ആ ശബ്ദം കേട്ട് ശോഭനയും ഞെട്ടി എണീറ്റു. ട്യൂബ്‌ലൈറ്റ് തെളിച്ച് ഒച്ചത്തിലുള്ള കാലൊച്ചയുമായി ആരോ പുറത്തേയ്ക്കു നടന്നുപോയി.

അപ്പോള്‍ രഞ്ജിത്തിന്റെ മനസ്സില്‍ ഭീതിയേക്കാള്‍ തന്റെ കുട്ടികളുടെ മുറിയില്‍ തന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ താന്തോന്നിയായി വാതിലില്‍ മുട്ടിയും വാതില്‍ ഉറക്കെ അടച്ചും വിഹരിക്കുന്ന ഏതോ മനുഷ്യനോട് അടങ്ങാത്ത കോപമാണ് തോന്നിയത്. അയാളുടെ മേല്‍ ചാടി വീണ് വലിച്ചുകീറാനുള്ള പ്രതികാര ദാഹവും.
“ഹേ അതാരാണ്..?”

ശോഭനയുടെ ശബ്ദത്തില്‍ കണ്ടത്തിയ ഭയാശങ്ക രഞ്ജിത്തിനെ അസ്വസ്ഥനാക്കി. തന്റെ ഉള്ളില്‍ മേല്‍ക്കോയ്മ നേടിയ രോഷത്തെ മെതിച്ചുക്കൊണ്ട് ഭീതിയുടെ സ്ഫുരണങ്ങള്‍ വീണ്ടും പറന്നു. അശുഭമായ എന്തോ ചിലതു ശോഭനയ്ക്കും തോന്നിയോ?

ആരായിരിക്കും അത്? ഇത്രയും നേരം അയാള്‍ കുട്ടികളുടെ മുറിയില്‍ എന്തു ചെയ്യുകയായിരുന്നു? അയാള്‍ കുട്ടികളെ വല്ലതും ചെയ്തിട്ടുണ്ടാവുമോ? മിനി ടോയ്‌ലറ്റിലേയ്ക്കോ മറ്റോ പോയതായിരിക്കുമോ? എങ്കില്‍ കുറച്ചുനേരം മുന്‍പ് വാതിലില്‍ മുട്ടിയതോ? ആദിയായിരുന്നെങ്കില്‍ അവനും അവളോടൊപ്പം ഉണ്ടായിരുന്നില്ലേ? അവര്‍ തമ്മില്‍ സംസാരിക്കുന്നതു കേട്ടില്ലല്ലോ?

ആ മനുഷ്യന്‍ തന്നെ ആയിരിക്കില്ലേ? എങ്കില്‍ വാതില്‍ ഉറക്കെ തുറന്നടച്ചതെന്തിന്? ട്യൂബ്‌ലൈറ്റ് തെളിച്ചതെന്തിന്?

ഇടനാഴിയില്‍ നിശ്ശബ്ദത വീണ്ടും. രഞ്ജിത്തിന്റെ ഹൃദയമിടിപ്പ് വേഗത്തിലായി.

പടിയില്ലാത്ത വാതിലിനടിയിലെ വിടവിലേയ്ക്ക് രഞ്ജിത്തിന്റെ പേടിച്ച കണ്ണുകള്‍ തറച്ചു നിന്നു. ഇടനാഴിയില്‍ നീങ്ങുന്ന ഒന്നിന്റെ നിഴലനക്കം കാണാന്‍. പേടിച്ച് മരവിച്ച് പ്രതിമയെപ്പോലെ ഇരിക്കുന്ന തന്റെ രൂപം ശോഭനയുടെ തന്റേടം കൂടി ചോര്‍ത്തിക്കളഞ്ഞാല്‍ അതൊരു ദുരന്തമാവില്ലേ? ശോഭനയോടും മക്കളോടും ഉള്ള സ്നേഹത്തിന്റെ ശക്തിയില്‍ നിന്നു ആവാഹിച്ചെടുത്ത അമാനുഷിക ശക്തിയോടെ പുറത്തു വിലസുന്ന അയാളെ നേരിടണം. ആ രൂപത്തിനു മേല്‍ സര്‍വ്വ ശക്തിയോടെയും ചാടി വീണു കീഴ്പ്പെടുത്തണം.

രഞ്ജിത്ത് വാതില്‍ക്കലേക്കു നടന്നു. ഇരുട്ടില്‍ കൈ വാതില്‍ താഴിലേയ്ക്കു നീണ്ടു. താഴില്‍ പിടിച്ചു തിരിച്ചപ്പോള്‍ ഇടനഴിയില്‍ നില്‍ക്കുന്ന വേറെ എന്തോ ഒന്നിന്റെ കൈ തന്നെ വെല്ലുവിളിക്കുമ്പോലെ താഴു പിറകോട്ടു തിരിക്കുകയാണെന്നു തോന്നി...

പതറിയാല്‍ ഇപ്പോഴുള്‍ല മനോബലം മുഴുവന്‍ ചോര്‍ന്നു പോകും. ഉഗ്രമായ ശക്തികിട്ടാന്‍ മനസ്സ് കഴിയുന്നത്ര വിദ്വേഷം കൊണ്ടു നിറച്ചു. വിറങ്ങളിച്ച കൈ തിരിച്ചു വലിക്കാതെ രോഷത്തോടെ താഴ് ശക്തിയായി വലിച്ച് വാതില്‍ തുറന്നു. പോരുകാളയെപ്പോലെ ചുടുവായു ഉച്ചത്തില്‍ ഊതിവിട്ടുകൊണ്ട് രഞ്ജിത്ത് പുറത്തിറങ്ങി. ഇടനാഴി ഒഴിഞ്ഞു കിടക്കുന്നു.

അടുക്കളയുടെ ഇരുട്ടില്‍ നിന്നും തന്നെ നിരീക്ഷിക്കുന്ന എന്തോ ഒന്നിനെക്കുറിച്ച് മനസ്സിനുള്ളില്‍ നിന്നു തികട്ടിയ ഭയം രഞ്ജിത്തിന്റെ മുഖം ഇടത്തേയ്ക്കു തിരിച്ചു. കുട്ടികളുടെ മുറി പ്രതീക്ഷിച്ചതു പോലെ അടഞ്ഞു കിടക്കുന്നു. മരണത്തിന്റെ കൊടും ചുഴിയ്ക്കുള്ളില്‍ ഞാന്നു കിടക്കുകയാണോ താന്‍ ഇപ്പോള്‍? അന്തമില്ലാത്ത ആ കയത്തിലേയ്ക്ക് തള്ളിയിടാന്‍ അന്തകനായി തന്റെ പുറകിലേയ്ക്ക് ചാട്ടുളിയെപ്പോലെ നീങ്ങിയിട്ടുണ്ടായിരിക്കുമോ ആ രൂപമിപ്പോള്‍?

ഇല്ല. ആരുമില്ല. എല്ലാം തന്റെ തോന്നലികളുടെ തിരയിളക്കങ്ങള്‍. മുറിയില്‍ നിന്നിറങ്ങിപ്പോയതു മിനി തന്നെ. ചിന്തിക്കാന്‍ ഒന്നുമില്ല. ഉറുമ്പിനെപ്പോലും നോവിക്കത്ത തന്നോടുള്ള ദൈവകൃപപോലെയുള്ള
മനോധൈര്യത്തില്‍ കുട്ടികളുടെ വാതില്‍ തള്ളിത്തുറന്നു.

ഇടനാഴിയുടേ വെളിച്ചത്തില്‍ കുട്ടികള്‍ കിടക്കുന്ന ഡബിള്‍ക്കോട്ട് കട്ടില്‍! ‘ഹേ.. രഞ്ജിത്ത് ഞെട്ടി. മിനി അവിടെ തന്നെയുണ്ട്. കമ്പിളി നീങ്ങിപ്പോയ നിലയില്‍ കമിഴ്ന്നു കിടക്കുന്നു.
അടുക്കളയില്‍ അടുക്കിവച്ച പാത്രങ്ങള്‍ വീഴുന്ന വന്‍ശബ്ദം!

ഓട്ടം നിലച്ചു കടും കട്ടിയായ രക്തത്തില്‍ കൂടി മിന്നല്‍പ്പിണരുകള്‍ പാഞ്ഞു. തന്റെ മസ്തിഷ്കം മരവിച്ചുപോവുകയാണോ. അടുക്കളയ്കകത്തു നിന്ന ആ രൂപം ചൂഴ്ന്നിറങ്ങുന്ന കണ്ണുകള്‍ തന്നിലേയ്ക്ക് പായിച്ച് അവസാന ചാട്ടത്തിനു ഉന്നം പാര്‍ക്കുകയാണോ?

“മിനീ..മിനീ..”
തന്റെ ശരീരത്തില്‍ ജീവന്റെ അംശം ബാക്കിനിന്ന കണ്ഠത്തില്‍ നിന്ന് അന്ത്യമൊഴികള്‍ പോലെ പുറത്തുവന്ന ശബ്ദം. നിലം പൊത്താന്‍ പോകുന്ന തന്റെ ശരീരം ഒരു നുള്ള് ചാരത്തിന്റെ ഭാരം പോലുമില്ലാതെ വായുവില്‍ പൊങ്ങുകയാണോ?

“മിനീ.. മോളേ.. മിനീ..”
രഞ്ജിത്തിന്റെ കണ്ഠം പിറുപിറുത്തു.

ആനിമിഷം രഞ്ജിത്തിന്റെ നെഞ്ച് കാളി. തണുത്ത ഒരു മാംസപിണ്ഡം പുറത്തു വന്നിരുന്ന് പിറകോട്ടു വലിക്കും പോലെ. അതെന്താണെന്നു നോക്കാന്‍ തല തിരിയുന്നില്ല.
“മിനീ.. മോളേ.. മിനീ..”

രഞ്ജിത്തിന്റെ നെഞ്ച് കിതച്ചു. ഒരു കൈപ്പത്തിയുടെ വലിപ്പത്തിലെത്തിയ ആ വസ്തു കൈയുടെ വലിപ്പത്തില്‍ വളര്‍ന്നു.
“മോനെ അര്‍ജ്ജു,.. ആദീ... മക്കളേ.....”

മണിക്കൂറുകള്‍ക്കു മുന്‍പ് ബാസിത്ത് പെട്ടുപോയ ബീഭത്സമായ മരണക്കയത്തിന്റെ മുന്നില്‍ എത്തിനില്‍ക്കുകയാണു താനും. അയാളെപോലെ പിടയ്ക്കാന്‍ നിമിഷങ്ങള്‍ മാത്രം.

“രഞ്ജിയേട്ടാ.. തെന്താ കാണിക്കുന്നേ..? ഉറങ്ങുന്ന കുട്ടികളെ തെന്താങ്ങനെ വിളിച്ചൊണര്‍ത്തുന്നേ..?”

തിരിഞ്ഞു നോക്കി. അതെ തന്റെ ചുമലില്‍ കൈയിട്ട് അരികില്‍ നില്‍ക്കുകയാണ് ശോഭന. ഇളകിമറിഞ്ഞ മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ശോഭനയോട് രഞ്ജിത്ത് ആ സത്യം പറഞ്ഞു.
“ശോഭനേ മിനിമോള്‍ ഇവിടെ തന്നെയുണ്ട്..”
രഞ്ജിയേട്ടാ ഞാന്‍ പറഞ്ഞില്ലേ ആദിയായിരിക്കും പുറത്തു പോയതെന്ന്......”
ശോഭന ഊഹിച്ചതു പോലെ ആദിമോന്‍ അവിടെയില്ല.

രഞ്ജിത്തിന്റെ മനസ്സുനിറയെ ആശ്വാസത്തിന്റെയും ആഹ്ലാദത്തിന്റെയും നിലാത്തിരികള്‍ കത്തി. ഇളിഭ്യതയുടെ പൂക്കുറ്റികളും. ശോഭനയുടെ മുഖത്തുകണ്ട കള്ളച്ചിരിയില്‍ നിന്നും അവള്‍ക്കെല്ലാം മനസ്സിലായെന്നു തോന്നുന്നു. ഇല്ല, ഇനിയൊരിക്കലും തന്റെ മനസ്സിനെ വിരട്ടാന്‍ ലോകത്തിലെ ഒരു വേതാളത്തിനുമാവില്ല. ഇതു സത്യം!

അടുക്കളയില്‍ ശോഭന ചിതറിവീണ പാത്രങ്ങള്‍ അടുക്കിവച്ചു.
“ഈ തട്ട് മാറ്റണം രഞ്ജിയേട്ടാ, ഒരു ഭാഗം മുറിഞ്ഞിരിക്കുന്നു. കാറ്റില്‍ ആടീട്ടാ പാത്രങ്ങള്‍ വീണത്..”

രഞ്ജിത്തിന്റെ മനസ്സില്‍ ചിര്‍റ്റിയൂറി. അപ്പോഴേയ്ക്കും ആദിമോന്‍ ടോയ്‌ലറ്റില്‍ നിന്നും തിരിച്ചെത്തി. ദേഷ്യം വന്നു ചീര്‍ത്ത മുഖവുമായി. പുതിയ അന്മം കിട്ടിയ സന്തോഷത്തോടെ രഞ്ജിത്ത് ആദിയെ കെട്ടിപ്പിടിച്ചു.
“മോന്‍ ഒറ്റയ്ക്കാണോ പോയത്..? മിടുക്കന്‍..”
“നിങ്ങള്‍ ആരും വാതില്‍ തുറന്നില്ലല്ലോ..എന്നോട് മിണ്ടണ്ട..”
“സോറി മോനെ മുട്ടിയത് കേട്ടില്ല.. മോന്‍ ഇനിയെപ്പോഴും ഒറ്റയ്ക്കു പോകുമോ?”
“എന്നോട് മിണ്ടണ്ട എന്നു പറഞ്ഞില്ലേ.. ഇനി ഞാന്‍ ഒറ്റയ്ക്കു തന്നെ പോകും...!“

അസ്മത്ത് അലി
Subscribe Tharjani |