തര്‍ജ്ജനി

കഥ

ഏദന്‍

ആദ്യം വരുന്നില്ലെന്ന് പറഞ്ഞിട്ട്‌ പിന്നെ അവസാനനിമിഷം വരുന്നെന്നും പറഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും കാര്യം മനസ്സിലായി. ഊഹിക്കാവുന്നതേയുള്ളൂയെന്നാണ്‌ അവര്‍ കളിയാക്കിയത്‌. ചമ്മലൊന്നും ഭാവിക്കാതെ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സ്റ്റഡി ടൂര്‍ എന്ന ഓമനപ്പേരില്‍ ഒരു വിനോദയാത്ര. ബോട്ടണി വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും കാട്ടിലോ മലയിലോ പോയി വേരുകള്‍ പിഴുത്‌ പഠിക്കണമെന്ന് ഒരാചാരം പോലെയാണ്‌ പ്രൊഫസര്‍ പറഞ്ഞത്‌. എന്നിട്ടും എതിര്‍പ്പൊന്നുമില്ലതെ എല്ലാവരും സമ്മതിച്ചപ്പോള്‍ പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയായി.

താന്‍ പഠിക്കാന്‍ പോകുന്നത്‌ ഒരു പുഷ്പത്തെയാണെന്ന് സന്ദീപ്‌ ചുമ്മാ മനസ്സിലോര്‍ത്തു. ഒരു പക്ഷേ തന്റെ ബാച്ചിലെ എല്ലാവരും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന വനജ്യോല്‍സന. ഇപ്പോഴും മറ്റാരെയും അറിയിക്കാതെ തുടരുന്ന ആത്മഗതം. ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ ഉണ്ടാകും. അയാള്‍ക്ക്‌ വല്ലാത്ത പിരിമുറുക്കം അനുഭവപ്പെട്ടു. സംഭവിച്ചത്‌ ഇതാണ്‌: ജ്യോല്‍സനയെ എല്ലാവരും മനസ്സില്‍ പ്രണയിക്കുന്നു. പക്ഷേ തന്റെ കാര്യം എങ്ങനെയോ ചോര്‍ന്ന് . അത്‌ അവളറിഞ്ഞോയെന്ന് അറിയില്ല. സുഹൃത്തുക്കള്‍ക്ക്‌ പറഞ്ഞ്‌ ചിരിക്കാനും പരിഹസിക്കാനും ഒരു വിഷയമായി താന്‍ മാറിയത്‌ ജ്യാള്യതയോടെ മനസ്സിലാക്കി. പറഞ്ഞ്‌ പറഞ്ഞ്‌ പഴങ്കഥയാകാറായപ്പോള്‍ അയാള്‍ക്ക്‌ ഒരു തീരുമാനമെടുക്കേണ്ടത്‌ അത്യാവശ്യമായി തോന്നി. പരീക്ഷ അടുക്കാറായത്‌ ആണ്‌ പ്രധാന കാരണം.അത്‌ കഴിഞ്ഞാല്‍ ഏത്‌ ലോകത്തേക്ക്‌ പറന്നുപോകുമെന്ന് അറിയില്ല. അതിന്‌ മുമ്പേ രണ്ടിലൊന്ന് അറിയണമെന്ന അടങ്ങാത്ത ആഗ്രഹം. ജീവിതത്തിലെ ആദ്യത്തെ പ്രണയാഭ്യര്‍ത്‌ഥന എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷ.

കൂടാതെ പറഞ്ഞ്‌ പഴകിയപ്പോള്‍ അത്‌ ഉള്ളിലെവിടെയോകൊളുത്തിപ്പിടിച്ചിട്ടുണ്ടെന്ന് ഞെട്ടലോടെ തിരിച്ചറിവ്‌. കാമുകന്മാരുടെ സ്വതസിദ്‌ധമായ ധൈര്യം പുറത്തെടുത്ത്‌ ഒരു പ്രാക്ടിക്കല്‍ ക്ലാസ്സിന്റെ അവസാനം അത്‌ സംഭവിച്ചു. ലാബില്‍ വച്ച്‌ പൊടുന്നനെ അവളുടെ മുന്നില്‍ ചാടി വീണ്‌ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
" ജ്യോല്‍സനാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു."

ലോകം സ്തംഭിക്കുമെന്നും നിശ്ശബ്ദതയ്ക്ക്‌ ശേഷം കൊടുംകാറ്റും ഇടിമുഴക്കവും മിന്നലും ഉണ്ടാകുമെന്നും വൃഥാ ചിന്തിച്ചു. ഒന്നുമുണ്ടായില്ല. മുഖത്ത്‌ ഒരു ഈച്ച വന്നിരുന്നാലുണ്ടാകുന്ന ഭാവവ്യത്യാസം പോലുമില്ലാതെ അവള്‍നിന്നു. എന്നിട്ട്‌ ലാബില്‍ നിന്നും ഇറങ്ങിപ്പോയി. സന്ദീപ്‌ ആകെ വിഷമത്തിലാകുന്നത്‌ സ്വാഭാവികം. അതിനേക്കാള്‍ മറ്റാരും അത്‌ കേട്ടതുമില്ല, ശ്രദ്ധിച്ചതുമില്ലെന്ന വാസ്തവം അറിഞ്ഞപ്പോള്‍ തന്റെ ടൈമിംഗ്‌' ശരിയായില്ലെന്ന നിഗമനത്തിലെത്തി. ഒരിക്കല്‍ കൂടി ശ്രമം നടത്തുന്നതിനെക്കുറിച്ച്‌ ആഴ്ന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോഴും അവളുടെ നിര്‍വികാരമായ പ്രതികരണമില്ലായ്മ കാലില്‍ തറച്ച തുരുമ്പാണിപോലെ നോവിച്ചുകൊണ്ടിരുന്നു.അവളെന്തായിരിക്കും അപ്പോള്‍ മനസ്സില്‍ കരുതിയിട്ടുണ്ടാകുക? എന്തായാലും അവളെപ്പോലൊരു സുന്ദരിപ്പെണ്ണിന്‌ ഇത്തരം സംഭവങ്ങള്‍ പുത്തരിയായിരിക്കില്ല.(സംഭവം തന്നെ സംബന്ധിച്ചടത്തോളം മാത്രമാണല്ലോ) അങ്ങനെയാണെങ്കില്‍ ഞാനിതെത്ര കണ്ടതാ മോനേയെന്ന് പുച്ഛഭാവത്തില്‍ ചുണ്ടുകാട്ടുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. മടുത്തിട്ടാണെങ്കില്‍ തലയില്‍ കൈവച്ച്‌ ഒരു നോട്ടം, ദേഷ്യഭാവമാണെങ്കില്‍ ചാടിത്തുള്ളിക്കൊണ്ട്‌ വേഗത്തില്‍ നടത്തം... ഇങ്ങനെയെന്തെങ്കിലും സൂചന തരാമായിരുന്നു.

ദിവസങ്ങള്‍ എരിഞ്ഞുതീര്‍ന്നു.അപ്പോഴും അയാള്‍ അതേ കാര്യത്തെക്കുറിച്ച്‌ ആലോചിക്കുകയായിരുന്നു. കാമ്പസിലെ തണല്‍മരങ്ങള്‍ക്കിടയില്‍ വച്ച്‌ ഒരിക്കല്‍ കൂടി അവളെ തടഞ്ഞുനിര്‍ത്തി. അന്നും അവള്‍ രോഷമോ അത്ഭുതമോ ഭാവിച്ചില്ല.

"ഒരു മറുപടി ഞാനിപ്പോഴും പ്രതീക്ഷിക്കുന്നു" അയാള്‍ പറഞ്ഞു.

"എനിക്ക്‌ കുറച്ച്‌ സമയം തരണം" അവള്‍ അത്രയും പറഞ്ഞ്‌ നടന്നകന്നു. കുറഞ്ഞപക്ഷം ഇത്രയെങ്കിലും സാധിച്ചെടുത്ത ആദ്യത്തെയാള്‍ കോളേജില്‍തന്നെ താനായിരിക്കുമെന്ന് അഭിമാനത്തോടെ താലോലിച്ചു. പിന്നീട്‌ അവളെ കാണുമ്പോഴെല്ലാം ചോദ്യം കോര്‍ത്തൊരു നോട്ടമയക്കും സന്ദീപ്‌. ചിലപ്പോള്‍ കരുണാരസമായിരിക്കും പശ്ചാത്തലം.അവളാകട്ടെ കണ്ണുകള്‍ ഒന്ന് പിടിച്ചിട്ട്‌ നോട്ടം പറിച്ചെടുക്കും.

പഠനയാത്രയ്ക്ക്‌ നിശ്ചയിച്ചിരുന്നത്‌ ഏതോ കൊടുംകാടായിരുന്നു. ഇണകളേയും കൂട്ടി ഏകാന്തവും സ്വസ്ഥവുമായിരുന്നു കുറച്ച്‌ സമയം ചിലവഴിക്കുന്നതിനെക്കുറിച്ച്‌ പ്ലാന്‍ ചെയ്യുകയാണ്‌ എല്ലാവരും.ഇണകളില്ലാത്തവര്‍ താല്‍ക്കാലികബന്ധങ്ങള്‍ അന്വേഷിക്കുകയും ബാക്കിയുള്ളവര്‍ വരാനിരിക്കുന്ന മധുരം മനസ്സില്‍ അലിയിക്കുകയുംചെയ്തു. സന്ദീപ്‌ മാത്രം നഖം കടിച്ച്‌ തുപ്പി വിഷണ്ണനായിരിക്കുന്നത്‌ കണ്ട്‌ ആര്‍ക്കും അന്വേഷിക്കാന്‍ തോന്നിയില്ല.ആ കഥ ഇപ്പോള്‍ കോളേജില്‍ പഴം പാട്ടണല്ലോ! ജ്യോല്‍സ്നയാകട്ടെ പതിവ്‌ പോലെ ഉത്സാഹവതി ആയിരുന്നു.

.....ബസ്സ്‌ ഒരു കവലയില്‍ നിന്നു.ചുറ്റും കൂറ്റന്‍ മതിലുകള്‍ പോലെ കാട്‌ നിറഞ്ഞുനിന്നു. കവലയില്‍ രണ്ട് മൂന്ന് പെട്ടിക്കടകളല്ലാതെ വേറൊന്നുമില്ലായിരുന്നു. ചെമ്മണ്‍പാത നാലു ഭാഗത്തേയ്ക്കും വലിച്ചിട്ടിരുന്നു. മഴയുടെ തിരുശേഷിപ്പുകളായി കുഴഞ്ഞ മണ്ണും ചെളിയും താമസമൊരുക്കിയിരിക്കുന്ന ബംഗ്ലാവിലേക്ക്‌ എല്ലാവരും നടന്നു. പ്രൊഫസര്‍ ചുറ്റുമുള്ള കാടിനെപ്പറ്റിയും ചെടികളെപ്പറ്റിയും പറഞ്ഞുകൊണ്ടിരുന്നു. ആരും അത്‌ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അവര്‍ ചുറ്റുപാടുകളെ ക്യാമറകളില്‍ ഒപ്പിയെടുത്തും കമിതാവിനൊപ്പം ചോളവും പഴങ്ങളും പങ്കുവെച്ചും നടക്കുകയായിരുന്നു. ഏറ്റവും മുന്നിലായി പ്രൊഫസറെ അശ്രദ്ധമായി കേട്ടുകൊണ്ട്‌ ജ്യോല്‍സനയും അവളെ ശ്രദ്ധയോടെ നിരീക്ഷിച്ചുകൊണ്ട്‌ സന്ദീപും ഉണ്ടായിരുന്നു.

ഇടയ്ക്കിടെ അവരുടെകണ്ണുകള്‍ കൂട്ടിമുട്ടുമായിരുന്നു.അപ്പോള്‍ ദയനീയമായ ഒരു ചോദ്യചിഹ്നം അയാളുടെ മുഖത്ത്‌ വിരിയും.അവള്‍ അസ്വസ്ഥതയോടെ നോട്ടം മാറ്റും. അങ്ങനെ ചുട്ടുപഴുത്ത്‌ മനസ്സുമായി സന്ദീപ്‌....

ബംഗ്ലാവില്‍ അധികസമയം ചിലവഴിക്കാതെ അവര്‍ സസ്യങ്ങളെ പഠിക്കാനിറങ്ങി. ഇലകള്‍ പറിച്ചെടുത്ത്‌ നിരീക്ഷിച്ചും വേരുകള്‍ പിഴുതും ഗവേഷണം പുരോഗമിക്കുമ്പോള്‍ ഒരു മാവിലയില്‍ പല്ലുകളമര്‍ത്തുകയായിരുന്നു സന്ദീപ്‌. ജ്യോല്‍സന ഏതോ കാട്ടുചെടിയെപ്പറ്റി നോട്ടെഴുതുകയാണ്‌. അതിന്റെ വിത്തുകള്‍ ശേഖരിച്ച്‌ ബാഗില്‍ നിക്ഷേപിക്കുകയും ചെയ്തു. ആരൊക്കെയോ ഫ്ലാഷുകള്‍ മിന്നിക്കുന്നുണ്ടായിരുന്നു.

ഇനിയൊരു നിമിഷം പോലും കാത്തുനില്‍ക്കാന്‍ വയ്യെന്നുതോന്നിയ സന്ദീപ്‌ അവളുടെ അടുത്തേക്ക്‌ നീങ്ങി. അവളത്‌ മുന്‍കൂട്ടികണ്ട്‌ മൂന്നുപേരുടെ സംഘത്തില്‍
ചേര്‍ന്നു.അവസരം നഷ്ടപ്പെട്ട അയാള്‍ രൂക്ഷമായ ഒരു നോട്ടമെയ്തു.അവള്‍ ഏതോ കുറേ ഇലകള്‍ ബാഗില്‍ നിറച്ചു.ഏതായാലും തിരിച്ചുപോകുന്നതിന്‌ മുന്‍പ്‌ ഒരു
തിരുമാനത്തിലെത്തണമെന്ന് അയാള്‍ ഉറപ്പിച്ചിരുന്നു.അത്‌ നടക്കുമോയെന്ന് സംശയം തോന്നാതെയുമിരുന്നില്ല.എങ്കിലും, സുഹൃത്തുക്കളുടെ മുന്നിലെങ്കിലും
പ്രദര്‍ശിപ്പിക്കാന്‍ ഒരു വരി കിട്ടിയേ മതിയാവൂയെന്ന ചുറ്റികയടികള്‍ മനസ്സില്‍ വീണുകൊണ്ടിരുന്നു.

ഇരുള്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അന്നത്തെ പഠനം മതിയാക്കി തിരികെ ബംഗ്ലാവിലേക്ക്‌ പുറപ്പെടുകയായിരുന്നു.എണ്ണമെടുത്തപ്പോള്‍ ഒരാള്‍
കുറവ്‌. എല്ലാവരുടേയും പേരുകള്‍ വിളിച്ചു. വിളികേള്‍ക്കാതിരുന്നത്‌ ജ്യോല്‍സനയായിരുന്നു. സംഘത്തിലൂടെ ഒരു കിടിലം പാഞ്ഞു.ആരോ ബംഗ്ലാവില്‍ നിന്നും ടോര്‍ച്ചുകള്‍ സംഘടിപ്പിച്ചുകൊണ്ട്‌ വന്നു. ചെറിയ സംഘങ്ങളായി പല വഴിക്ക്‌ അന്വേഷണം ആരംഭിച്ചു. വനത്തിന്റെ അഗാധതയെന്തെന്ന് മനസ്സിലാക്കുകയായിരുന്നു അവര്‍. അപരിചിതമായ കരച്ചിലുകളും മര്‍മ്മരങ്ങളും ജീവനപഹരിക്കുന്നതായിരുന്നു. കുറ്റാക്കൂരിരുട്ടില്‍ ഒരു ഇല അനങ്ങിയാലും ഭയം. അനങ്ങിയില്ലെങ്കില്‍ അതിനേക്കാള്‍ ഭയം. എന്നിട്ടും അവര്‍ തിരഞ്ഞു.

സന്ദീപ്‌ ഒരുകരിവീട്ടിയുടെ പിന്നിലെ ചെരിവിലൂടെയിറങ്ങി. താഴേയ്ക്ക്‌ നടപ്പാതപോലെ ചെറിയതായി വഴി കാണാനുണ്ട്‌. ആള്‍ സഞ്ചാരമുള്ളവഴിയായിരിക്കണം. ടോര്‍ച്ചു തെളിച്ചുകൊണ്ട്‌ കുറച്ചുദൂരം നടന്നപ്പോഴാണ്‌ താനൊറ്റയ്ക്കയെന്ന കാര്യം മനസ്സിലായത്‌. ഭയം തോന്നിയെങ്കിലും ജ്യോല്‍സന അതിനേക്കാള്‍ ശക്തമായി മനസ്സില്‍ നിറഞ്ഞിരുന്നു. മറ്റാരെക്കാളും ആവശ്യം തനിക്കാണെന്ന ചിന്ത ഏതോയൊരു സുഖവും കൊണ്ടുവന്നു. നടന്നെത്തിയത്‌ ഒരു അരുവിയുടെ
മുന്നില്‍. ഉരുണ്ടപാറക്കല്ലുകള്‍ക്കിടയിലൂടെ കളകളാരവം മുഴക്കിയാണ്‌ ഒഴുക്ക്‌. വഴുക്കുന്ന കല്ലുകളിലൂടെ സൂക്ഷിച്ച്‌ ചവുട്ടിക്കയറുമ്പോള്‍ മുകളില്‍ ഒരു
നിഴലങ്ങി.

അത്‌ ജ്യോല്‍സനയുടേതാണെന്ന് തിരിച്ചറിയാല്‍ അയാള്‍ക്ക്‌ ഏതിരുട്ടിലും കഴിയുമായിരുന്നു. തപ്പിപ്പിടിച്ച്‌ അവളുടെ അടുത്തെത്തിയപ്പോള്‍ ഉറക്കെ
വിളിച്ചുകൂവണമെന്ന് തോന്നി. പക്ഷേ അവള്‍ നിശ്ശബ്ദമായിരിക്കാന്‍ ആംഗ്യം കാണിച്ചു. എന്നിട്ട്‌ ഒരു കല്ലിലിരുന്ന് കാലുകള്‍ അരുവിയില്‍
ചേര്‍ത്തു. ടോര്‍ച്ചിന്റെ തുളയ്ക്കുന്ന വെട്ടത്തില്‍ അവളുടെ കാലുകള്‍ അരുവിയുമായി സല്ലപിക്കുന്നത്‌ കവിത പോലെ മനോഹരമായിരുന്നു.

"സന്ദീപ്‌ ഇരിക്കൂ" അവള്‍ പറഞ്ഞു.

"ജ്യോല്‍സന, എന്തായിത്‌? എല്ലാവരും അന്വേഷിക്കുന്നു അവിടെ"

"അറിയാം. അതുകൊണ്ടാണ്‌ ഇരിക്കാന്‍ പറഞ്ഞത്‌"

അയാളും ഇരുന്നു.ഇനി രൂപപ്പെടന്‍ പോകുന്ന നിമിഷങ്ങളെക്കുറിച്ച്‌ കണക്കുകൂട്ടുകയായിരുന്നു മനസ്സില്‍.

"ഇനിയൊരു മറുപടിതന്നില്ല."അയാള്‍ പറഞ്ഞു.

"പറയാതെ ഇനിയും സന്ദീപിനത്‌ മനസ്സിലായില്ലേ?" അവള്‍ തിരിച്ച്‌ ചോദിച്ചു. ലോകത്തുള്ള എല്ലാചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായി അയാള്‍ക്ക്‌ അത്‌ തോന്നി.

എന്നിട്ടവര്‍ ഉള്‍ക്കാടുകളിലേക്ക്പോയി. ചാറ്റല്‍ മഴയില്‍ കുളിര്‍ന്ന ഇലകള്‍ ഉരസുന്നതും പുതുമണ്ണിന്റെ ഗന്ധം പരക്കുന്നതും ആസ്വദിച്ചു.കൈകോര്‍ത്ത്‌ പിടിച്ച്‌
ഇരുണ്ട ആകാശത്തിലേക്ക്‌ ടോര്‍ച്ച്‌ തെളിച്ചപ്പോള്‍ സൃഷ്ടിയുടെ രഹസ്യം പോലെ ഇലകള്‍ മൂടിയ മരക്കൊമ്പുകള്‍ കണ്ടു. ചീവീടുകളും രാപ്പക്ഷികളും സംഗീതം
ആലപിച്ചു. വേരുകള്‍ക്കിടയിലൂടെ കേള്‍ക്കാവുന്ന ഇഴച്ചിലുകള്‍ അവരെ ഭയപ്പെടുത്തിയില്ല. അവ പ്രേമം ഒലിച്ചിറങ്ങുന്നതാണെന്ന് ഭാവന ചെയ്തു. ദൂരെ തങ്ങളുടെ പേരുകള്‍ വിളിക്കുന്നത്‌ കേട്ടപ്പോള്‍ ചേമ്പിലകള്‍ കൊണ്ട്‌ മറഞ്ഞിരുന്നു. ജീവിതത്തില്‍ ഇതുവരെ ഇല്ലാതിരുന്ന സന്തോഷവും സംതൃപ്തിയും തോന്നി.

കുറേ ദൂരം പിന്നിട്ടപ്പോള്‍ അവര്‍ക്ക്‌ വിശന്നു.ടോര്‍ച്ചിന്റെ വെട്ടത്തില്‍ ഏതോ കാട്ടുപഴം അയാള്‍ പറിച്ചെടുത്തു. അവള്‍ അത്‌ വാങ്ങി ഇരുട്ടിലേക്ക്‌ വലിച്ചെറിഞ്ഞു.

"എന്താ?" അയാള്‍ ചോദിച്ചു.

"നമുക്ക്‌ ഈ ഏദന്‍ മതി" അവള്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. എന്നിട്ട്‌ ബാഗില്‍നിന്നും സാന്‍വിച്ചുകള്‍ എടുത്ത്‌ ഒന്നിച്ചിരുന്ന് കഴിച്ചു.

ജയേഷ്‌ ശങ്കര്‍
Subscribe Tharjani |