തര്‍ജ്ജനി

ശില്പശാല

ആത്മാഖ്യാനങ്ങളുടെ കഥാകാരി.

യാന്ത്രികവും ഗൃഹാതുരവുമായ പ്രവാസദിനങ്ങളിലൊന്നിനെ സജീവവും സാര്‍ത്ഥകവുമാക്കി കൊണ്ട്‌ ഇക്കഴിഞ്ഞ ജൂണ്‍ മുപ്പതിന്‌ "തര്‍ജ്ജനി"യും സാഹിത്യസഹൃദയവേദിയും സംയുക്തമായി സംഘടിപ്പിച്ച കമലാ സുരയ്യയുടെ നേതൃത്വത്തില്‍ നടന്ന എകദിന ശില്‍പശാല റിയാദിലെ സാഹിത്യപ്രേമികള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അനുഭവമായി. കാലത്തെ അതിജീവിക്കുന്ന ഈടുറ്റ കൃതികളാല്‍ സാഹിത്യത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ച കമലസുരയ്യയ്ക്ക്‌ മലയാളത്തിലും ലോകസാഹിത്യത്തിലും മുഖവുരയുടെ ആവശ്യമില്ല. എഴുത്തും ജീവിതവും വിസ്മയമാക്കിയ അവരുടെ സാഹിത്യം ചര്‍ച്ചചെയ്യപ്പെട്ട ഈ ശില്‍പശാല, എഴുത്തുകാരും പത്രപ്രവര്‍ത്തകരും വിദ്യാഭ്യാസപ്രവര്‍ത്തകരും ഉള്‍പ്പടെ നാനാതുറയിലുള്ള സാഹിത്യപ്രേമികളുടെ പങ്കാളിത്തത്താല്‍ കാമ്പുള്ള സംവാദവേദിയായി.

കലാകാരന്മാരെ ജീവിച്ചിരിക്കുമ്പോള്‍ അവഗണിക്കുകയും മരണാനന്തരം കൊണ്ടാടുകയും ചെയ്യുന്ന മലയാളിയുടെ പതിവിന്‌ വിപരീതമായി റിയാദിലെ ഒരു സംഘം സഹൃദയര്‍, തന്നെ ഓര്‍ക്കുന്നതും തന്റെ സാഹിത്യം ചര്‍ച്ച ചെയ്യുന്നതും മാധവിക്കുട്ടിയെ സന്തോഷിപ്പിച്ചു. അവര്‍ ആ സന്തോഷം മറച്ചുവച്ചില്ല. ടെലിഫോണിലൂടെ ശില്‍പശാല ഉദ്ഘാടനം ചെയ്ത്‌ സംസാരിച്ച അവര്‍ ഇങ്ങനെ തുടര്‍ന്നു."റിയാദില്‍ ഇങ്ങനെ ഒരു സെഷന്‍ നടത്തുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. എന്തായാലും ഓര്‍മ്മിക്കപ്പെടുന്നത്‌ പരമഭാഗ്യമല്ലേ. എല്ലാവരും വിചാരിച്ചു പ്രായമായി മരിച്ചു പോയെന്ന്. മരിച്ചിട്ടില്ല. കാരണം സ്നേഹത്തിന്‌ മരണമില്ല. വേറെയൊന്നുമില്ലെങ്കിലും ജീവിതത്തില്‍ സ്നേഹം അനുഭവിക്കാന്‍ സാധിച്ചു. ഞാന്‍ എഴുതിയതില്‍ വല്ലതും നിങ്ങള്‍ രുചിക്കാതെ വന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ഈ അവസരത്തില്‍ നിങ്ങളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു. അജ്ഞത കൊണ്ട്‌ സംഭവിച്ചതാണ്‌. എന്റെ മനസ്സാക്ഷി മാത്രമാണ്‌ എന്റെ ഗുരു. അധികമൊന്നും പഠിക്കാന്‍ സാധിച്ചില്ല. എല്ലാം ജീവിതം എന്നെ പഠിപ്പിച്ചതാണ്‌. ദുഃഖമെന്തെന്നും ജീവിതം പഠിപ്പിച്ചു. സന്തോഷമെന്തെന്നും പഠിപ്പിച്ചു. എല്ലാറ്റിന്റേയും പിന്നില്‍ നിന്ന് ദൈവം ചരട്‌ വലിക്കുന്നത്‌ എനിക്ക്‌ അനുഭവപ്പെട്ടു. അതുകൊണ്ട്‌ ദൈവത്തിന്‌ കീഴടങ്ങി ഞാന്‍ ജീവിക്കുകയാണ്‌. എന്റെ തീരുമാനങ്ങള്‍ ദൈവത്തിന്റെ തീരുമാനങ്ങളാണ്‌..."

ടി.എസ്സ്‌.എലിയറ്റിനും എമിലി ഡിക്കിന്‍സണ്‍നും സമശീര്‍ഷയായ സുരയ്യയുടെ സാഹിത്യം ചര്‍ച്ചചെയ്യപ്പെടുന്ന ഈ ശില്‍പശാല തീര്‍ച്ചയായും മഹത്തായ ഒരു വിദ്യാനുഭവമായിരിക്കുമെന്ന് അല്‍ യാസ്മീന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. എം.സി.സെബാസ്റ്റ്യന്‍ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കമലാസുരയ്യയെ അറിയാന്‍ അവരുടെ കൃതികള്‍ വായിച്ചാല്‍ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മാഖ്യാനങ്ങളുടെ കഥാകാരിയെന്ന് കെ.പി.അപ്പന്‍ വിശേഷിപ്പിച്ച കമലാ സുരയ്യയുടെ ജീവിതം അയഥാര്‍ത്ഥവും എഴുത്ത്‌ യഥാര്‍ത്ഥവുമാണെന്ന് ശില്‍പശാലയില്‍ പങ്കെടുത്തുകൊണ്ട്‌ നിരൂപകനായ ശ്രീ. എ.പി.അഹമ്മദ്‌ അഭിപ്രായപ്പെടുകയുണ്ടായി. കഥയുടെ പുര്‍ണ്ണത അത്‌ കവിതയായി വളരുമ്പോഴാണെന്ന പ്രസ്താവം ശരിയാണെങ്കില്‍ അവരെഴുതിയത്‌ മുഴുവന്‍ കവിതകളാണ്‌. എഴുത്തില്‍ സ്ത്രീ ശരീരത്തെ പ്രതിരോധത്തിന്റെ ആയുധമാക്കി വളര്‍ത്തിയ കമലാ സുരയ്യ ഫ്യൂഡലിസത്തിന്റെ നന്മകളെ ആധുനികതയുടെ സാധ്യതകളിലേക്ക്‌ പകര്‍ത്തുകയുണ്ടായി. സാമൂഹ്യനീതിയുടെ ഉപാധിയായി പ്രണയത്തെ പ്രയോജനപ്പെടുത്തിയ എഴുത്തുകാര്‍ക്കിടയില്‍ കമലാസുരയ്യ പ്രണയത്തെ ലിംഗനീതിക്കു വേണ്ടിയാണ്‌ കവിതയില്‍ ഉപയോഗപ്പെടുത്തിയത്‌. പ്രമേയപ്രധാനമല്ല അവരുടെ കഥകള്‍ എന്നാല്‍ ഹൃദയത്തില്‍ നിന്നും നേരിട്ടൊഴൊകുന്ന ചോരമണക്കുന്നവയാണവ. മാധവിക്കുട്ടിയെന്ന ഉത്പന്നത്തെ സൃഷ്ടിച്ച ഒരു ഫ്യൂഡല്‍ സാമൂഹ്യപരിസരത്തിന്റെ ആഖ്യാനമാണ്‌ നീര്‍മാതളം പൂത്തകാലമെങ്കില്‍ ആ ഫ്യൂഡല്‍ വ്യവസ്ഥയോട്‌ തന്റെ ഉള്ളിലെ മനുഷ്യന്‍ നടത്തിയ കലാപമാണ്‌ എന്റെ കഥ. ഒന്ന് സാമൂഹികമായ ആത്മകഥയെങ്കില്‍ അടുത്തത്‌ ആത്മീയമായ ആത്മകഥ.

കമലാസുരയ്യയുടെ കഥകളിലെ വിവിധ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും കുറിച്ച്‌ "കമലാസുരയ്യയുടെ കഥകള്‍" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ സംസാരിച്ച ശ്രീമതി ഇന്ദിരാ ബാലഗോപാല്‍, മാധവിക്കുട്ടി സ്വന്തം രചനകളേയും രചനാവൈഭവത്തേയും അകമഴിഞ്ഞ്‌ സ്നേഹിച്ചതായി അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ്‌ ശ്രദ്ധേയങ്ങളായ കഥകളുടെ രചനയിലൂടെ സാഹിത്യത്തിലെ അസാധാരണ ആഘോഷങ്ങളുടേയും സംവാദങ്ങളുടേയും കേന്ദ്രസ്ഥാനത്ത്‌ അവരോധിതയായപ്പോഴും മാധവിക്കുട്ടി രചനകളില്‍ മുഴുകിയത്‌. അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രേമം, കാമമെന്നീ ദ്വന്ദ്വത്തോട്‌ ഇഴുകിയ കാല്‍പനികപ്രണായാഖ്യാനത്തെ തള്ളിക്കളയുന്ന മാധവിക്കുട്ടി, ശുദ്ധപ്രണയത്തോട്‌ ചേര്‍ന്ന് നില്‍ക്കുന്ന മലയാളി നവോത്ഥാനസ്ത്രീത്വത്തെ നിരാകരിക്കുകയും മദ്ധ്യവര്‍ഗ്ഗ സദാചാരത്തിന്റെ പൊള്ളത്തരത്തെ തകര്‍ത്തുകൊണ്ട്‌ ആധുനിക ലിംഗക്രമത്തെ തന്നെ എതിര്‍ക്കുന്നതായും "സ്ത്രീവാദം കമലാസുരയ്യയുടെ കൃതികളില്‍" എന്ന വിഷയം അവതരിപ്പിച്ച ശ്രീമതി ഷക്കിലാ വഹാബ്‌
അഭിപ്രായപ്പെട്ടു.

പ്രാമാണിക കാവ്യഘടനയോട്‌ അനവധാനത പുലര്‍ത്തുന്ന മാധവിക്കുട്ടിയുടെ കവിതകള്‍ സാമ്പ്രദായിക രീതികളെ ഖണ്ഡിക്കുന്നതിന്റെ സൂചനകള്‍ തരുന്നതിനോടൊപ്പം സാംസ്കാരികവും ഭാഷപരവുമായ അപകേന്ദ്രീകരണത്തെ അടയാളപ്പെടുത്തുന്നുമുണ്ട്‌. സാമ്രാജ്യത്വ കാവ്യശീലങ്ങളുടെ നെടുനായകത്വത്തില്‍ നിന്ന് കവിതയെ മോചിപ്പിച്ച കമലാദാസിന്റെ രചനകള്‍ ഒന്നല്ല പലതരം കര്‍ത്തൃത്വങ്ങളെ പേറുന്നു. നിരവധി സ്ത്രൈണാനുഭവങ്ങളെ
പ്രതിനിധാനം ചെയ്യുന്ന അവരുടെ രചനകള്‍ വാസ്തവത്തില്‍ സത്യസന്ധത പുലര്‍ത്തുന്നത്‌ സ്ത്രീവാദത്തോടല്ല, സ്ത്രൈണാനുഭവങ്ങളോടാണ്‌. "കമലാസുരയ്യയുടെ കവിതകള്‍" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്‌ നൌഷാദ്‌ കിളിമാനൂര്‍ നിരീക്ഷിച്ചു.

എം.ടിയും ടി.പദ്മനാഭനുമൊക്കെ സൃഷ്ടിച്ചതുപോലെ ഒരു അനശ്വരകഥാപത്രത്തെ മാധവിക്കുട്ടി സൃഷ്ടിച്ചില്ല. അവരെന്നും ഞാനായിരുന്നു. എന്റെ ദുഃഖം, എന്റെ ലോകം. അവരുടെ സൃഷ്ടികളില്‍ തെളിയുന്ന കഥാപാത്രം മാധവിക്കുട്ടി മാത്രമാണ്‌. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ ശ്രീ. പി.സി. വിക്രം അഭിപ്രായപ്പെട്ടു. പ്രമുഖ പത്രപ്രവര്‍ത്തകരായ ശ്രീ.കെ.യു. ഇൿബാല്‍, ശ്രീ ഷക്കിബ്‌ കൊളക്കാടന്‍, ശ്രീ. നജിം കൊച്ചുകലുങ്ങ്‌, അല്‍ അലിയാ സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ:രാം ദയാല്‍ താക്കൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ശില്‍പശാലയില്‍ ശ്രീമതി. ഷിബാ രാജൂ ഫിലിപ്പ്‌ സ്വാഗതം ആശംസിച്ചു. "കമലാസുരയ്യയുടെ കഥകള്‍" ശ്രീമതി.ഇന്ദിരാ ബാലഗോപാലും, "സുരയ്യയുടെ ഭാഷ" ശ്രീ എ.പി. അഹമ്മദും "സുരയ്യയുടെ കവിതകള്‍" നൌഷാദ്‌ കിളിമാനൂരും അവതരിപ്പിച്ചു.കമലാ "സുരയ്യയുടെ കൃതികളിലെ സ്ത്രീവാദം" എന്നവിഷയത്തിന്‌ ശ്രീ.മുരളിധരന്റെ ആമുഖത്തിനു ശേഷം ശ്രീമതി. ഷക്കിലാ വഹാബ്‌ വിശദമായി വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചു.

സുനില്‍ ചിലമ്പിശ്ശേരില്‍
Subscribe Tharjani |