തര്‍ജ്ജനി

കവിത

ജൈവബുദ്ധന്‍

poem illustration

കൊടുംവെയിലത്ത്
അലയുന്നവനായല്ലാതെ
ബുദ്ധനെ സങ്കല്പിക്കാന്‍
എനിക്കായിരുന്നില്ല,
ദുഃഖകാന്തിയില്‍ മുങ്ങിയോനെ.

പിന്നെ ഞാന്‍ കണ്ടു,
തണല്‍ തേടിപ്പോകുമ്പോള്‍
കനിച്ചോട്ടില്‍ നിന്ന്
മരങ്ങളില്‍ മരബുദ്ധനെ
ജലസ്ഥലികളില്‍
വെയില്‍ കടന്നെത്തുമ്പോള്‍
ജലബുദ്ധനെ.
പോക്കില്‍, വഴിബുദ്ധനെ.

കണ്ടൂ പര്‍വതങ്ങളില്‍
ശൈലബുദ്ധനെ.
രസനയില്‍, ഗന്ധങ്ങളില്‍
മറ്റൊരു ബുദ്ധനെ,സാന്ദ്ര-
നിഗൂഡതയില്‍
കുളിര്‍ബുദ്ധനെ.
തേജഃബുദ്ധനെ,
ഇരുളാണ്ട ഭയസ്ഥലികളില്‍.
കാണ്‍മൂ ഞാനൊരു
ഗൌരവ ബുദ്ധനെ
എങ്ങും ധ്യാനസ്ഥമായി.
ഡി. യേശുദാസന്‍
Subscribe Tharjani |