തര്‍ജ്ജനി

കവിത

ഡിസൈനര്‍സാരി

illustration

കുണ്ടുകുഴികള്‍ മാത്രം നികത്തി
നദിയുടെ ജലപ്പുടവ.

ചിറ്റോളഞ്ഞൊറിവില്‍
വഞ്ചിനിഴല്‍ ചായംതേച്ച്‌.
കെട്ടുവള്ളക്കഴയൂന്നി-
ച്ചുറ്റുമിക്കറുമ്പനെ ഡിസൈനര്‍
നൂലില്‍ തുന്നിയ ചിത്രം.

ഗ്രാമപ്പച്ചയുടെ ഇലയനക്കം
തുന്നിപ്പിടിപ്പിച്ച കര.
ജലസാരിയില്‍ പറ്റിക്കിടക്കും
അടിത്തട്ടിന്റ മാദകത്വം....
സ്വര്‍ണ്ണമണല്‍ ദേഹക്കൊഴുപ്പ്‌
സാരിയുടെ സുതാര്യതയില്‍
കണ്ടവനു നാക്കിലൊഴുക്ക്‌.

കണ്ണിമീന്‍ ചെതുമ്പല്‍ തുന്നിയ
പുത്തനാട, നദീ നിനക്ക്‌
ഡിസൈനര്‍ സാരി തന്നെ.
ഒന്നുകൂടി തരപ്പെടുത്താന്‍
ജന്മമേറെ വേണ്ടിവന്നേക്കും.

ശ്രീകൃഷ്ണദാസ് മാത്തൂര്‍
Subscribe Tharjani |