തര്‍ജ്ജനി

വാര്‍ത്ത

യു.ഏ.ഇ ബ്ലോഗ് മീറ്റ്

യു.ഏ.ഇയിലെ മലയാളം ബ്ലോഗ് എഴുത്തുകാരുടെ സ്നേഹസംഗമം ജൂലായ് ഏഴാം തീയതി വൈകുന്നേരം ആറു മുതല്‍ ഒന്‍പതു മണിവരെ ഷാര്‍ജ കുവൈറ്റ് ടവറില്‍ വച്ചു നടന്നു.

ബ്ലോഗുകളിലൂടെയുള്ള ചര്‍ച്ചകള്‍ വഴി ഉരുത്തിരിഞ്ഞ സൌഹൃദം നേരില്‍ക്കാണലിലൂടെ കൂടുതല്‍ ദൃഢമാക്കാന്‍ ഈ സംഗമം വഴിവച്ചു. കൂടുതല്‍ ആളുകളെ ബ്ലോഗുകളുടെ ലോകത്തേയ്ക്കെത്തിക്കുക വഴി ഇപ്പോള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന അറിവിന്റെ സ്രോതസുകള്‍ കൂടുതല്‍ ജനകീയമാക്കാനും മലയാളികള്‍ മറന്നുകൊണ്ടിരിക്കുന്ന മലയാള ഭാഷയെ തനതായ രീതിയില്‍ നിലനിര്‍ത്താനും കഴിയുമെന്ന് ഈ സംഗമത്തിലെ ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടി.

അന്യം നിന്നുപോയ സാങ്കേതിക വിദ്യയായ അച്ചുനിരത്തിയുള്ള അച്ചടി സംവിധാനത്തിന്റെ സൌകര്യത്തിനായി രൂപം കൊണ്ട ‘പുതിയ ലിപി’യില്‍ നിന്നും തനതായ മലയാള അക്ഷരങ്ങളിലേയ്ക്കുള്ള തിരിച്ചുപോക്കു പോലും സാധ്യമാക്കുന്ന രീതിയാന്ണു് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട, നമ്മുടെ സര്‍ക്കാരുകളുടെ കൂടി പങ്കാളിത്തമുള്ള യൂണികോഡ് സംവിധാനം. യൂണികോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഏതുതരത്തിലും ഉദ്യമിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഐ.ടി. സംരംഭങ്ങള്‍ പോലും ഇപ്പോഴും യൂണികോഡ് ഉപയോഗിക്കുന്നതിനു തയ്യാറാവത്തതു് മലയാളത്തിലെ വിവരസമ്പാദനത്തെ വളരെയേറെ പിന്നോക്കം കൊണ്ടുപോയിരിക്കുന്നു. വിവരസാങ്കേതിക വിദ്യയിലെ നൂതന സംവിധാനങ്ങള്‍ സ്വന്തമാക്കുന്ന പത്രമാധ്യമങ്ങള്‍ പോലും ഇതുവരെ അവയുടെ മലയാളം ഓണ്‍‌ലൈന്‍ എഡിഷനുകളില്‍ യൂണികോഡ് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇവിടെ വേണ്ടത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നയരൂപീകരണവും അതിന്റെ നടപ്പിലാക്കലുമാണ്. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തന്നെ ഒട്ടനവധി മലയാളം രേഖകള്‍ (Documents) ലഭ്യമാണെന്നിരിക്കിലും അവയൊന്നും യൂണികോഡ് ഉപയോഗിച്ചുള്ളവയല്ല എന്ന കാരണത്താല്‍ തിര്‍ഞ്ഞു് കണ്ടുപിടിക്കാനോ കഴിയാത്ത അവസ്ഥയാണിന്നുള്ളത്.

യൂണികോഡിനെക്കുറിച്ച് സംഗമത്തില്‍ സിമ്പോസിയം നടത്തിയ നിഷാദ് കൈപ്പള്ളി എന്ന ബ്ലോഗറുടെ വാക്കുകളാണിത്.

മലയാളം ബ്ലോഗുകളുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ച സജിത്ത്‌ യൂസഫ്‌ , മലയാള ഭാഷയുടെ നിലനില്‍പ്പും അടുത്ത ഘട്ടം വളര്‍ച്ചയും ബ്ലോഗുകളിലൂടെയുണ്ടാവുമെന്നു പറഞ്ഞു. സ്വയം അറിവുനേടാനും അത് മറ്റുള്ളവര്‍ക്കു കൂടി പ്രതിഫലം പറ്റാതെ കൈമാറാനുമുള്ള സന്മനസും ഇക്കാലങ്ങള്‍ക്കിടെ ബ്ലോഗുകളില്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. എന്തിലും ലാഭേഛ മാത്രം കാണാന്‍ കഴിയുന്ന ഇക്കാലത്ത് വിജ്ഞാന സമ്പാദനം, അതിന്റെ ശേഖരണവും കൈമാറലും പുതുമയുളവാക്കുന്ന അനുഭവവും തലമുറകളോടുള്ള നന്മ ചെയ്യലുമാണ്.

ബ്ലോഗുകളുടെ പ്രാധാന്യം വളരെപ്പെട്ടെന്നു തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെങ്കിലും അവയിലൂടെ പകര്‍ന്നു കിട്ടുന്ന അറിവുകള്‍, വര്‍ത്തമാനങ്ങള്‍ (വാര്‍ത്തകള്‍) എത്രത്തോളം വിശ്വാസയോഗ്യമാണെന്ന ഒരു ചോദ്യം പലരും ചോദിക്കാറുണ്ട്. മലയാളം ബൂലോഗങ്ങള്‍ക്ക് ഈ ചോദ്യത്തിന് പലവട്ടം തെളിയിക്കപ്പെട്ടിട്ടുള്ള ഉത്തരമാണുള്ളത്.

ഭൂരിപക്ഷം മലയാളം ബ്ലോഗുകളും ഒന്നിലധികം തരത്തില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഏതു മലയാളം ബ്ലോഗിലും പുതുതായി എന്തെങ്കിലും എഴുതപ്പെട്ടാല്‍ അല്പനിമിഷങ്ങള്‍ക്കകം ആ വിവരം www.thanimalayalam.org എന്ന പോര്‍ട്ടലിലും www.chintha.com/malayalam/blogs.html എന്ന പോര്‍ട്ടലിലും ലഭ്യമാവും. കൂടാതെ എല്ലാ മലയാളം ബ്ലോഗുകളിലും രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളും (comments) ഇതേ പോര്‍ട്ടലിലെ ലിങ്കില്‍ നിന്നോ ഇമെയില്‍ വഴിയോ അപ്പപ്പോള്‍ ലഭ്യമാവും. ഏതെങ്കിലുമൊരു ബ്ലോഗില്‍ അടിസ്ഥാനമില്ലാത്ത ഒരു വിവരം പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ആ നിമിഷം തന്നെ അവ വായിച്ചറിയുന്ന മറ്റുള്ളവര്‍ പ്രസ്തുത ബ്ലോഗില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും വസ്തുനിഷ്ടമായ വിവരങ്ങള്‍ അവിടെ ഉരുത്തിരിയുകയും ചെയ്യും. മലയാളത്തിലെ അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇനിയും ലഭ്യമായിട്ടില്ലാത്ത ഒരു സൌകര്യമാണ് വായനക്കാരുടെ ഇടപെടലും തിരുത്തലും. ഇക്കാരണം കൊണ്ടുതന്നെ ബ്ലോഗുകളിലെ വിവരങ്ങള്‍ കൂടുതല്‍ സംശുദ്ധമാകാനാണ് സാധ്യത.

കലേഷ്
Subscribe Tharjani |