തര്‍ജ്ജനി

യാത്ര

ഗോമുഖം

രാവിലെ നേരെത്തെ എഴുനേറ്റ് ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു് ഗോമുഖിലേക്കു് പോകാനായി ഇറങ്ങി. സഞ്ചിയിലുണ്ടായിരുന്ന അമിത ഭാരെമെല്ലാം ആശ്രമത്തില്‍തന്നെവച്ചു. നാട്ടില്‍നിന്നും തിരിക്കുമ്പോള്‍ മൂന്നു ജോഡിവസ്ത്രവും ഒന്നു രണ്ടു ഷാളും രണ്ടു സ്വറ്ററും യാത്രയില്‍ വായിക്കാനായി രന്ണ്ടുമൂന്നു പുസ്തകവുമൊക്കെ കരുതിയിരുന്നു. ഹൃഷികേശിലെത്തിയപ്പോള്‍ കഴിയുന്നത്ര ഭാരം കുറക്കേണ്ടതിന്റെ ആവശ്യം മനസ്സിലായി. ധരിച്ചിരിക്കുന്നതു കൂടാതെ ഒരുജോഡി വസ്ത്രവും കനം കുറഞ്ഞ ഒരു ഡയറിയും ഒരു ഷാളും ഓരോ സ്വറ്ററും മാത്രം എടുത്തു് തോള്‍സഞ്ചിയിലാക്കി ബാക്കിയെല്ലാം ഞങ്ങളുടെ രണ്ടു ബാഗില്‍ നിറച്ചു് അവിടെ ഒരു ഹോട്ടലില്‍ വച്ചിരുന്നു. മുകളിലോട്ടു മുകളിലോട്ടു പോകുന്തോരും ഭാരം കുറയ്ക്കാനുള്ള പ്രവണത സ്വാഭാവികമായി സംഭവിക്കും. ഭാരം കുറയും തോറും യാത്ര സുഗമമാകും. ശരീരത്തിനായാലും മനസ്സിനായാലും. ഇപ്പോള്‍ ഉടുത്ത വസ്ത്രവും ഒരു സ്വറ്ററും ഒരു ഷാളും മാത്രമേയുള്ളൂ.രണ്ടുകുപ്പി വെള്ളവും.

ഗംഗോത്രിയില്‍ നിന്നുംഗോമുഖിലേക്കുള്ള വഴി തുടങ്ങുന്നതുതന്നെ വലിയൊരു കയറ്റത്തോടെയാണു്. അതിന്റെ ഇരു വശങ്ങളിലുമായി ചെറിയ കെറിയ ആശ്രമങ്ങള്‍ കാണാം. ഒരു ആശ്രമത്തിന്റെ മുറ്റത്തു് സുന്ദരിയായ ഒരു സ്വാമിനിയെ കണ്ടപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടു കയറി. നേപ്പാളി സന്യാസിനിയാണു്. തിളങ്ങുന്ന കണ്ണുകള്‍. തേജസ്സുറ്റ മുഖം. ഒരു ഗുരുവിനോടൊത്തു താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സമാധിക്കുശേഷം നേരെ ഗംഗോത്രിക്കു വന്നു. ഇപ്പോള്‍ സാധനയില്‍ മുഴുകി കഴിയുന്നു.ഗുരുവിന്റെ ഫോട്ടോ കാണിച്ചുതന്നു. അസാധാരണാത്വം നിറഞ്ഞ മുഖം. അവിടെനിന്നു് നല്ലൊരു ചായ കുടിച്ചു. തിരുച്ചുവരുമ്പോള്‍ കൂടുതല്‍ സമയം അമ്മയോടൊത്തിരിക്കാമെന്നു പറഞ്ഞു് യാത്ര തുടര്‍ന്നു. ഒന്നൊന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ മുടിയൊക്കെ വളറ്ത്തിയ രണ്ടു സുന്ദരകുട്ടപ്പന്‍ യോഗികള്‍ നില്‍ക്കുന്നതു കണ്ടു. അവിടെ നല്ല ഗുരുക്കന്മാരുണ്ടാകുമെന്നു കരുതി അങ്ങോട്ടു ചെന്നു. ഞങ്ങള്‍ക്കു തെറ്റിയില്ല. നേരെ ഉള്ളിലേക്കു പൊക്കോളാന്‍ ഒരുത്തന്‍ പറഞ്ഞു.

അധികം വെളിച്ചമില്ലാത്ത മുറി. ഒരു മരകട്ടിലില്‍ പ്രായംചെന്ന മനുഷ്യന്‍ കിടക്കുന്നു. ഒരാള്‍ താഴയിരുന്നു് രാമചരിതമാനസ വായിക്കുന്നു. ഇടക്കിടയ്കു` അദ്ദേഹം തിരുത്തിക്കൊടുക്കുന്നുണ്ടു്. താഴെ ചാക്കുവിരിച്ചിട്ടുണ്ടു്. ഞങ്ങളും അവിടെ ഇരുന്നു.

അറുപത്തഞ്ചു വയസ്സു കഴിഞ്ഞ ഫല്‍ഹാരിബാബയാണതു്. ഫല്‍ഹാരി ഗംഗാദാസ്ജി മഹാരാജ്. 1940ല്‍ ഗുരുവിനോടൊത്തു് ഇവിടെ വന്നതാണു്. ഗുരു ശ്രീ രാം ബാലക് ദാസ് ജി മഹാരാജ് 1945ല്‍ സമാധിയായി. ഗംഗോത്രിയില്‍ വച്ചു് സമാധിയാകണമെന്നാഗ്രഹിച്ചു്. ഇവിടെയെത്തിയ ഗുരു ഗംഗയുടെ അടുത്തുള്ള ചെറുയ ഗുഹയിലാണു കഴിഞ്ഞിരുന്നതു്.

ഫല്‍ഹാരിബാബയുടെ കുടുംബം ഗ്രാമങ്ങള്‍ തോരും രാം ലീല അവതരിപ്പിക്കുന്നവരായിരുന്നു. ഗുരു ഇവിടെ തന്നെ കഴിഞ്ഞാല്‍ മതിയെന്നു പറഞ്ഞതിനാല്‍ ഗംഗോത്രി ക്ഷേത്രത്തില്‍പോലും പോയിട്ടില്ല അക്കാലത്തു് ഇന്നത്തെപ്പോലെ ഗംഗോത്രിയിലേക്കു് റോഡൊന്നും ഉണ്ടായിരുന്നില്ല. ഉപ്പു ചായ മാത്രമാ‍ാ‍ായിരുന്നു ഭക്ഷണം. അതുപോലും കിട്ടാതെ ഒരുമാസംവരെ കഴിയേണ്ടി വന്നിട്ടുണ്ടു്. ഭിക്ഷയ്ക്കു പോകുന്ന ശീലവും ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ അദ്ദേഹം അന്ധനാണു്. ഒരു വലിയ പാറയുടെ അടിയിലുള്ള ചെറിയൊരു ഗുഹയിലാണു് 51 വര്‍ഷം താമസിച്ചതു്. മഞ്ഞുകാലത്തും അവിടെ തന്നെയാണു് വാസം. രാമായണാവും രാമചരിതമാനസയും ഭാഗവതവും ഭഗവത്ഗീതയും ഒക്കെ വായിച്ചുകൊണ്ടിരിക്കും. അതെല്ലാം ഇന്നദ്ദേഹത്തിനു് കാണാപാഠമാണു്. ഗുഹക്കുള്ളില്‍ തണുപ്പകറ്റാനായി വിറകു കത്തിക്കുമായിരുന്നു. വിറകില്‍നിന്നും വരുന്നപുക പുറത്തുപോകാനാവാതെ ഗുഹയില്‍ത്തന്നെ തങ്ങി നില്‍ക്കും. അതു കണ്ണിന്റെ കാഴ്ചശക്തി കുറച്ചു കൊണ്ടു വന്നു. 12 വര്‍ഷംമുമ്പു് കാഴ്ച്ശക്തി പൂര്‍ണ്ണാമായും നഷ്ടപ്പെട്ടു. ഇതദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെ ചെയ്തന്നാണു് ശിഷ്യര്‍ പറയുന്നതു്. ഈ ലോകം കാണാനുള്ള കണ്ണു് അദ്ദേഹത്തിനു വേണ്ടന്നു തോന്നി
യത്രെ.

വൈഷ്ണവ സമ്പ്രദായത്തില്‍പ്പെട്ട അദ്ദേഹം പരമഭക്തനാണു്. കഴിഞ്ഞ പത്തു വര്‍ഷമായി ഭക്തരുടെ സഹായത്താല്‍ ആശ്രമം പുലീകരിച്ചു കൊണ്ടിരിക്കുന്നു. അനേകം ശിഷ്യര്‍ അവിടെ പല ഗുഹയിലും തപസ്സനുഷ്ഠിച്ചു കഴിയുന്നുണ്ടു്.

രാമചരിതമാനസ വായന നിറുയപ്പോള്‍ അദ്ദേഹം ഞങ്ങളിരിക്കുന്ന ഭാഗത്തേക്കു് തല തിരിച്ചു. തപസ്സിന്റെ കഠിന്യം അദ്ദേഹത്തിന്റെ മുഖത്തു കാണാമായിരുന്നു. കമ്പിളി പുതച്ചാണു് അദ്ദേഹം കിറ്റക്കുന്നതു്. കണ്ണുകളിക് പായല്‍ നിറഞ്ഞിരിക്കുന്നു. ശബ്ദമുണ്ടാക്കതെ അകത്തു കയറിയിട്ടും അദ്ദേഹമതു് അറിഞ്ഞിരിക്കുന്നു.

കാലബൊധം പൂര്‍ണ്ണമായും ഇല്ലാതാവുമ്പോളാണു് കാലം തെളിമയോടെ അറിയാന്‍ കഴിയുക. അദ്ദേഹം പറഞ്ഞു: “സമയം പത്തുമണിയായി. ഗോമുഖത്തിലേക്കെത്തണമെങ്കില്‍ ഇപ്പോഴേ പോകണം വൈകിക്കേണ്ട.” രണ്ടുകൈ നിറയെ പൊരി പ്രസാദമായി തന്നു.കാല്ക്കല്‍ വീണു നമസ്കരിച്ചപ്പോള്‍ നന്നായി വരും എന്നു് അനുഗ്രഹിച്ചു. ഹൃദയം നിരഞ്ഞ ധന്യതയോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ആശ്രമത്തിനടുത്തുതന്നെ ഒരു ചെക്കിംഗ്പോസ്റ്റുണ്ടു്. പ്ലാസ്റ്റിക്കുകള്‍ ഒന്നും മുകളിലോട്ടു കൊണ്ടുപോകാന്‍ അനുവദിക്കില്ല. മലഞ്ചരുവുകളില്‍ പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിഞ്ഞു് പ്രകൃതിയെ മലിനപ്പെടുത്താന്‍ അനുവദിക്കാത്തതു് നല്ലതുതന്നെ. അത്യാവശ്യം പ്ലാസ്റ്റിക്കു് ബാഗില്‍ എന്തെങ്കിലും കൊണ്ടുവരുന്നുണ്ടങ്കില്‍ അവര്‍ അതു നോട്ടു ചെയ്യും. തിരിച്ചു വരുമ്പോള്‍ അതു കൊണ്ടു വരണം. ഇല്ലങ്കില്‍ പിഴയടക്കേണ്ടിവരും.

ഗംഗോത്രിയില്‍നിന്നും ഗോമുഖൈലേക്കു് 19 കിലോമീറ്ററിലധികം ദൂരമുണ്ടു്. അല്പം പ്രയാസമുള്ള കയറ്റമായതിനാത്സാവധാനത്തിലേ പോകാനാവൂ. 14 കിലോമീറ്റര്‍ കഴിയുമ്പോഴേക്കും മരങ്ങള്‍ അപ്രത്യക്ഷ‌മായിത്തുടങ്ങും. മുകളിലോട്ടു കയറുംതോറും പ്രാണവയു കുറഞ്ഞുകുറഞ്ഞു വരും. അതു സ്വാസഗതിയെ വര്‍ദ്ധിപ്പിക്കും. ഇവിടെ നാം നമ്മുടെ കഴിവു പ്രകടിപ്പിക്കാനൊന്നും ശ്രമിക്കരുതു്. എത്ര ആരോഗ്യവാനാണാങ്കിലും നാട്ടിലപ്പോലെ ഓടിച്ചാടി മലകയറാന്‍ ശ്രമിച്ചാല്‍ ശ്വാസകോശത്തില്‍ നീരുവരും. Pulmonary oedema എന്നു പറയും. പിന്നെ ശ്വാസതടസ്സം അനുഭവപ്പെടും. ഹൃദയം അവന്റെ പണി നിറുത്തി ഗുഡ് ബൈ പറയും.ഹിമാലയത്തില്‍ പല സാഹസികരും അങ്ങനെ ഇഹലോകവാസം വെടിഞ്ഞിട്ടുണ്ടു്.

1967-68 ലാണു് ഗോമുഖിയിലേക്കുള്ള വഴി നിര്‍മ്മിക്കപ്പെട്ടതു്. ഭഗീരധിയുടെ വലതു കരയിലൂടെയാണു് വഴി മുകളിലേക്കു കയറിപ്പോകുന്നതു്. മരങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതനുസരിച്ചു് പൂക്കള്‍ വൈവിധ്യത്തിലും എണ്ണത്തിലും കൂടിക്കൂടി വരുന്നു. വെള്ളായും പിങ്കും നിറത്തിലുള്ള കാട്ടുറോസുകള്‍ താഴ്വരയിലെ എല്ലാ ചെരിവുകളിലും മൂലകളിലും കാണാം. ആദ്യത്തെ ഒന്നുരണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍ ലക്ഷ്മീവനമായി. ഇവിടെ പ്ലതരം പഴങ്ങള്‍ വളരുന്നു. ഇവിടെനിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണു് ഗര്‍ഭയോനി. ഇതു നദിയുടെ അക്കരെയാണു്. അവിടെ വളരെ വലിയ രണ്ടു പാറകള്‍ തൊട്ടുരുമ്മി ഇരിക്കുന്നു. ഒരാള്‍ക്കു് മടങ്ങിയും ചരിഞ്ഞും കഷ്ടിച്ചു കടന്നു പോകാന്‍പോലും അവയ്ക്കിടയില്‍ ഇടം കുറവാണു്. അശുദ്ധചിന്തകളുള്ള ഒരുവനു് അവയ്ക്കിടയിലൂടെ കടന്നുപോകാനാവില്ലന്നാണു് വിശ്വാസം.

അങ്ങനെ ആടിപ്പാടി മെല്ലെമെല്ലെ കയറിക്കൊണ്ടിരിക്കുമ്പോള്‍ ഗായത്രി വളരെ പിന്നിലായിപ്പോയതൊന്നും അറിഞ്ഞില്ല. കുറെ സമയം പാറയില്‍ ചാരി താഴ്വരയിലേക്കും മലനിരകളിലേക്കും നോക്കി ഞാന്‍ അന്തവിട്ടു നില്‍ക്കും. അപ്പോള്‍ ആരോടെങ്കിലും വാചകമടിച്ചുകൊണ്ടു് ആള്‍ അകലെ നിന്നും വരുന്നതു കാണും. ഞാന്‍ വീണ്ടും നടന്നുതുടങ്ങും. പോകുന്ന വഴിലെല്ലാം ചെറിയ ചെറിയ ചായപ്പീടികളുണ്ടു്. ഇടയ്ക്കു് അവിടെ കയറിയിരിക്കും. അങ്ങനെ ചായയും മൊത്തിക്കുടിച്ചിരിക്കുമ്പോഴാണു് ഒരുത്തന്‍ കയറിവന്നതു്. ആളെക്കാള്‍ വലിയ ബാഗും പിന്നില്‍ തൂക്കിയിട്ടിട്ടുണ്ടു്. അതു് കഷ്ടപ്പെട്ടു് താഴെയിറക്കിവച്ചു് എന്നെനോക്കി നല്ലൊരു ചിരിയും പാസാക്കി അടുത്തു വന്നിരുന്നു. അരോഗദൃഢഗാത്രന്‍. സുന്ദരന്‍.

ആള്‍ മൌണ്ടനീയറാണു്. ഒരു ഗൈഡുമാണു്. ഒരു ഗ്രൂപ്പുമായി നന്ദന്‍വനത്തിലേക്കു പോവുകയാണു്. അവിടെ നിന്നും ബദരീനാഥിലോട്ടു പോകും. മഞ്ഞു മലയിലൂടെ യാണു യാത്ര.

യാത്ര ഒരാഴ്ചയോളം നീണ്ടു നില്‍ക്കും. ഹിമധാര(glacier)ല്‍ ടെന്റു കെട്ടി താമസിക്കും. കഴിഞ്ഞ പതിനേഴു വര്‍ഷമായി അദ്ദേഹം ഹിമാലയല്‍ യാത്ര ചെയ്യുന്നു. എല്ലാ വര്‍ഷവും ചുരുങ്ങിയതു് മൂന്നു പ്രാവശ്യമെങ്കിലും ഹിമശൃംഗങ്ങളിലേക്കു് ഗ്രൂപ്പുമായി യാത്ര പോകും. ഞാന്‍ കണ്ണു മിഴിച്ചു് അയാളുടെ കഥ കേട്ടുകോണ്ടിരുന്നു.

പിന്നെ ഞങ്ങള്‍ ഒന്നിച്ചായി യാത്ര. സ്കൂള്‍കുട്ടികളെ ഹിമാലയത്തിന്റെ വിശാലതയിലേക്കു് കൊണ്ടുവരാനാണു് നരേഷിനു് ഏറെ താല്പര്യം. എല്ലാവര്‍ഷവും ഒരു യാത്ര സ്കൂള്‍കുട്ടികളുമൊത്താണത്രെ. കേരളത്തിലെ കുട്ടികളെയും ഹിമാലയനുഭവത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പതിഞ്ചു വയസ്സിനുമുമ്പു് ഒരിക്കലെങ്കിലും പത്തുദിവസം ഹിമാലയത്തില്‍ ചുറ്റിക്കറങ്ങാന്‍ ഒരു കുട്ടിക്കു കഴിഞ്ഞാല്‍ അവനില്‍ ഉന്നതമായ മൂല്യബോധം വന്നു ചേരുമെന്നും ഹ്ര്6ദയം സങ്കുചിതത്വത്തെ വിട്ടു് വിശാലതയിലേക്കു് വ്യാപിക്കുമെന്നുമൊക്കെയാണു് നരേഷ് പറയുന്നതു്. ഒരിക്കല്‍ ഹിമാലയത്തില്‍ പോയവര്‍ക്കു് അദ്ദേഹം പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ലന്നു് ബോദ്ധ്യമാകും.

ഞങ്ങള്‍ കയറ്റം തുടര്‍ന്നു. ഗായത്രി നരേഷുമായി സംസാരിച്ചു് പിന്നില്‍ വരുന്നുണ്ടു്. പതിനൊന്നു കിലോമീറ്റര്‍ കഴിയുമ്പോഴാണു് അദ്യത്തെ വിശ്രമ സങ്കേതം, ചീര്‍ബാസ്-പൈന്‍ മരങ്ങളുടെ വാസസ്ഥാനം. (place of pine trees). പൈന്‍മരങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണതു്. ഈ വിശാല താഴ്വാരം 3940 മീറ്റര്‍ ഉയരത്തിലാണു്. ഫോരസ്റ്റുകാരുടെ ഒരു റസ്റ്റ്ഹൌസും ഇവിടെയുണ്ടു്. അവിടെ കടയിനിന്നും ന്യൂഡില്‍‌സ് കഴിച്ചു. അല്പസമയത്തെ വിശ്രമത്തിനുശേഷം യാത്ര തുടര്‍ന്നു. കാണാന്‍ യാതൊരു ഭംഗിയുമില്ലാത്ത മരങ്ങള്‍ നിറഞ്ഞഒരു ചെറിയ വനത്തിലൂടെയാണു് ഇപ്പോള്‍ യാത്ര. നരേഷ് മരത്തെ വളരെ ഭക്തിയോടെ സ്പര്‍ശിക്കുന്നതുകണ്ടപ്പോള്‍ അതിന്റെ പ്രത്യേകതയെന്തന്നറിയാന്‍ ഞങ്ങള്‍ക്കു് ധൃതിയായി. അതു ഭൂര്‍ജ്ജവൃക്ഷമാണന്നു് നരേഷു് പറഞ്ഞപ്പോള്‍ കാളിദാസനെയാണു് ഓര്‍മ്മവന്നതു്. കാവ്യപ്രപഞ്ചത്തിലെ നിത്യവിസ്മയമായ കാളിദാസന്‍. ഉപമകളുടെ ചക്രവര്‍ത്തി. ഹിമാലയത്തിന്റെ സൌന്ദര്യാമംശത്തെ വാക്കുകളിലേക്കാവാഹിച്ചുകൊണ്ടുവന്ന പ്രതിഭാശ്രേഷ്ഠന്‍. അദ്ദെഹത്തിന്റെ വാക്കുകള്‍ക്കു് ഇരിപ്പിടമാകാന്‍ ഭാഗ്യംസിദ്ധിച്ച ഭൂര്‍ജ്ജപത്രത്തെക്കുറിച്ചു് കേട്ടിട്ടുണ്ടു്. അവളിതാ ഞങ്ങളുടെ മുമ്പില്‍ വിനീതയായി നില്‍ക്കുന്നു. ഞാനും പോയി അവളുടെ മാറില്‍ തലചായ്ച് കുറേനേരം ഇരുന്നു.

അടര്‍ന്നുനില്‍ക്കുന്ന തൊലികളാണാവള്‍ക്കു്.ഞങ്ങള്‍ വിനയത്തോടെ ഒരു കഷ്ണം അടര്‍ത്തിയെടുത്തു. മുകള്‍ഭാഗത്തുള്ള പരുക്കന്‍ തൊലികള്‍ അടര്‍ത്തിക്കളഞ്ഞാല്‍ പിന്നെ നേരിയ മിനുസമുള്ള തൊലികള്‍ ഒട്ടിയൊട്ടിയിരിക്കുന്ന ഭാഗമായി. ഉള്ളിത്തൊലിപോലുള്ള ഇതളുകള്‍ മെല്ലെ അടര്‍ത്തിയെടുക്കാം. എന്തൊരു മിനുസം. എണ്ണ പുരട്ടിയതുപോലെ. നെരിയ ബ്രൌണ്‍ നിറമുള്ള കടലാസുതന്നെ. ദൈവത്തിന്റെ ഓരോ വികൃതികള്‍. വിരൂപതയില്‍ സൌന്ദ്ര്യം മറഞ്ഞിരിക്കുന്നു എന്നു പറയുന്നതു സത്യം തന്നെ.

ഹിമഗിരിയുടെ ഉന്നതദേശത്തില്‍ ഭൂര്‍ജ്ജവൃക്ഷങ്ങള്‍ അവസാനിച്ചാല്‍ പിന്നെ വൃക്ഷങ്ങളൊന്നുമില്ല. മേലോട്ടു് കുറേദൂരം ചിലതരം ചെറിയ ചെടികള്‍ കാണപ്പെടാമെങ്കിലും വൃക്ഷശൂന്യമായി ഹിമാവൃതമായി കേവലം നഗ്നരൂപത്തിലുള്ളാ ഹിമവാന്റെ അത്യുന്നതപ്രപഞ്ചം ആരംഭിക്കുകയാണു്.

ഭൂര്‍ജ്ജതരുവിന്റെ വല്‍കലങ്ങള്‍ വസ്ത്രം‌പോലെ ധരിക്കുക. മന്ത്രതന്ത്രങ്ങളെഴുതി യന്ത്രമാക്കി കഴുത്തിലോ കൈയിലോ കെട്ടുക, ഓലപോലെയോ കടലാസുപോലയോ ഗ്രന്ഥങ്ങളെഴുതുക. ഭൂര്‍ജ്ജപത്രത്തിന്റെ ഉപയോഗം ഇവയൊക്കെയാണു്.

ഞങ്ങള്‍ ഭോജൂബോസെത്തുന്നതിനു തൊട്ടു മുമ്പുള്ള മൈദാനത്തിലേക്കു പ്രവേശിക്കുകയായി. പുഷ്പബാസ് എന്നാണു് ഈയിടത്തിനു പേരു്. മുമ്പോട്ടു നോക്കിയാല്‍ അങ്ങകലെ ആകാശം മുട്ടി നില്‍ക്കുന്ന വെള്ളിമാമലകള്‍ കാണാം. അതാണു് ഭഗീരഥപര്‍വ്വതമെന്നു് നരേഷു് പറഞ്ഞു. പിന്നെയതാ ആകാശത്തില്‍ കുത്തിക്കയറ്റിയതുപോലെ ഒരു ഹിമപര്‍വ്വതം അങ്ങകലെ സോഭിക്കുന്നു. ഞാനങ്ങോടു് വിരല്‍ചൂണ്ടുന്നതിനുമുമ്പേ നരേഷു് പറഞ്ഞു. ഇന്നുവരെ ആര്‍ക്കുംകയര്രിയെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ശിവലിംഗ് പര്‍വ്വതം. ഇങ്ങു താഴെ വലിയൊരുപൊട്ടുപോലെ കാണുന്ന ഗോമുഖം. ഗംഗയുടെ ഉത്ഭവസ്ഥാനം. കുറേനേരം ഭക്തിനിറഞ്ഞ ഹൃദയത്തോടെ അവിടെ നിന്നുപോയി. മനസ്സിലെ എല്ലാ കെട്ടുകളും അഴിഞ്ഞു വീണതുപോലെയാണു് തോന്നിയതു്.

ചീര്‍ബാസില്‍നിന്നും 7 കി.മി. കഴിഞ്ഞാണു് ഭോജൂബാസു. പൂക്കളും കുറ്റിച്ചെടികളും നിറഞ്ഞ ഭോജ്ബാസ് രണ്ടു കിലോമീറ്ററോളം പരന്നു കിടക്കുന്ന തുറസ്സായ മൈതാനമാണു്. അതിന്റെ ഒരു കിലോമീറ്ററോളം ഭാഗീരഥിയുടെ വലത്തെ കരയിലാണു്. അവിടെ ഒന്നുരണ്ടു കെട്ടിടങ്ങള്‍ കാണാമായിരുന്നു.ഒന്നു്ലാല്‍ബാബയുടെ ആശ്രമമാണന്നും അവിടെ താമസിക്കാമെന്നും നരേഷു് പറഞ്ഞു. ബ്രൌണ്‍ നിറത്തിലുള്ള മേല്‍ക്കുപ്പായം ധരിച്ച അധികം ഉയരമില്ലാത്ത ഒരു ചിരിക്കുന്ന ബാബ കൈ പിന്നില്‍ക്കെട്ടി ഞങ്ങള്‍ക്കഭിമുഖമായി നടന്നുവരുന്നു. ഞങ്ങള്‍ നസ്കാരം പറഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിച്ചു. ചുമന്ന കവിളുകള്‍ ആ പുഞ്ചിരിയില്‍ തിളങ്ങുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളേയും കടന്നു് നടന്നു പോയി. ഒരു കൊച്ചു മുല്ലാക്ക തന്നെ. പറ്റെ മുറിച്ച താടിയും മീശയും. തലയിലൊരു കറുത്ത തൊപ്പി. വെളുത്ത നിറം. ശാന്ത പ്രകൃതന്‍.

ഞങ്ങള്‍ ആശ്രമത്തിലെത്തി. ഒരു ചെറിയ കെട്ടിടം. വലിയൊരു അടുക്കളയും ഒന്നു രണ്ടു മുറികളുമേ ഉള്ളൂവെന്നു തോന്നുന്നു. അതിനു മുമ്പിലായി യാത്രികരായ സാധുക്കള്‍ക്കു താമസിക്കാനായി കരിങ്കല്ലുകൊണ്ടു കെട്ടിയ നീളത്തിലുള്ള ഒരു ഹാളുമുണ്ടു് മുകള്‍ഭാഗം ഓടുപോലുള്ള കല്‍ചീളുകൊണ്ടു് മേഞ്ഞിരിക്കുന്നു. ഒന്നുരണ്ടു കമ്പിളി കിട്ടും. അതു് സൌജന്യമാണു്. എന്നാല്‍ മുറിയില്‍ താമസിക്കണമെങ്കില്‍ ഒരാള്‍ക്കു് നൂറു രൂപ കൊടുക്കണം. ലാല്‍ബാബ് അ പണത്തിലെക്കു തിരിഞ്ഞപ്പോഴാണു് രാംബാബ ഇവിടെനിന്നും മാറി ടെന്റുകെട്ടി താമസിക്കന്‍ തുടങ്ങിയതെന്നു രാംബാബയുടെ സംസാരത്തില്‍നിന്നു മനസ്സിലായി.

ലാല്‍ബാബ പുറത്തു തന്നെ ഇരിക്കുന്നുണ്ടായിരുന്നു. സോഡാഗ്ലാസ്സിന്റെ കണ്ണടവെച്ചു, അഴുക്കു വസ്ത്രം ധരിച്ച വയോവൃദ്ധന്‍. ശരീരത്തില്‍ മാത്രമേ അയാള്‍ക്കു ക്ഷീണമുള്ളൂ എന്നു് അല്പ സമയം കഴിഞ്ഞാല്‍ മനസ്സിലാകും.

ചെന്നപാടെ ഇരിക്കന്‍ പറഞ്ഞു. ഒരാള്‍ വളരെ സ്നേഹത്തോടെ ചായ കൊണ്ടു തന്നു. നല്ല ചൂടുള്ള ചായ. ഇവിടെ മുറിയില്‍ താമസിക്കാം അല്ലെ? ഞങ്ങള്‍ ചോദിക്കുന്നതിനുമുമ്പെ അവര്‍ കാര്യം മനസ്സിലാക്കിയിരിക്കുന്നു. റെജോയിയും കമ്പിളിയുമെല്ലാം എടുത്തു് ഒരാള്‍ സൈദിലുള്ള കൊച്ചു മുറിയിലെക്കു പോയി. ചായ കുടി കഴിഞ്ഞു് ഞങ്ങളും മുറിയിലെക്കു നടന്നു. മുറിയില്‍ കയറി എലി കടിച്ച റെജായിലേക്കു നോക്കി നില്‍ക്കുമ്പോള്‍ പുറത്തൊരാള്‍ വന്നുനിന്നു് മുറിയൊക്കെ കിട്ടി അല്ലെ എന്നു ചോദിക്കുന്നു.ഞങ്ങള്‍ തിരിഞ്ഞു നോക്കി. നെരത്തെ വഴിയില്‍ വച്ചു കണ്ട ബാബ ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. എലികരണ്ട റെജോയ് കണ്ടപ്പോള്‍ അദ്ദേഹം അതു വാങ്ങി ഒരാളെ വിളിച്ചു് നല്ല കമ്പിളിയും റെജോയിയും ഇട്ടു കൊടുക്കന്‍ പറഞ്ഞു. “അല്പസമയം വിശ്രമിച്ചു്പുറത്തൊന്നിറങ്ങണമെന്നു തോന്നിയാല്‍ ദാ ആ നദിക്കരികില്‍ കാണുന്ന ടെന്റിലേക്കു വരാം. അവിടെയാണു് എന്റെ താമസം”. അദ്ദേഹം സൌമ്യമായൊഴുകുന്ന തെന്നല്‍ പോലെ തിരിച്ചു നടന്നു. ഞങ്ങള്‍ക്കിനി റെജോയ് മാറ്റികിട്ടിയില്ലങ്കിലും പ്രശനമില്ല എന്നു തോന്നി.

സൂര്യന്‍ മലക്കപ്പുറത്തു പോയി മറഞ്ഞിട്ടു് കുറെ സമയമായെങ്കിലും പുറത്തു നല്ല വെളിച്ചമുണ്ടു്.അപ്പോള്‍ നരേഷും സുഹൃത്തു് കൌന്തേയനും ഞങ്ങളുടെ ആടുത്തു വന്നു മുറിയൊക്കെ ശരിയായില്ലേ എന്നന്വേഷിച്ചു. അവരുടെ ടീം ഗസ്തൌസിന്റെ പിന്നിലുള്ള തുറന്ന തറയില്‍ ടെന്റടിച്ചാണു് താമസം. രാംബാബയുടെ കുറ്റിലേക്കു പോകുകയാണന്നു പറഞ്ഞപ്പോള്‍ കുറച്ചു കശ്ഴിഞ്ഞു` അവരും വരാമെന്നു പറഞ്ഞു തിരിച്ചു പോയി.

ഞങ്ങളെ കണ്ടതും രാംബാബ വളരെ സന്തോഷത്തോടെ റ്റെന്റിലേക്കു ക്ഷണിച്ചു. വൃത്തിയുള്ള മുറി. താഴെ കട്ടിയുള്ള കമ്പിളി വിരിച്ചിരിക്കുന്നു. കട്ടിയുള്ള റെജോയിയില്‍ കമ്പിളി വിരിച്ചുണ്ടാക്കിയ കിടക്കയിലാണു് ബാബ ഇരിക്കുന്നതു് രണ്ടു ഭഗത്തായി കമ്പിളികള്‍ മനോഹരമായി അട്ടിയട്ടിയായിവിരിച്ചിട്ടുണ്ടു്. ഞങ്ങള്‍ അതില്‍ ഇരുന്നു.

അപ്പോഴേക്കും അദ്ദേഹം ചായയിടാന്‍ തുടങ്ങിയിരുന്നു. എത്ര വൃത്തിയോടെയും ഭംഗിയോടെയുമാണു് അദ്ദേഹം ഒരോന്നും അതാതിന്റെ സഥാനത്തു വച്ചിരിക്കുന്നതു്. പരിപ്പും അരിയും പഞ്ചസാരയും എല്ലാം നിറച്ച വലിയ പാട്ടകള്‍ ഒരോന്നിന്റെയും പേരെഴുതി ഒരു മരം കൊണ്ടു തട്ടികൂട്ടിയ റാക്കില്‍ വച്ചിരിക്കുന്നതു കണ്ടപ്പോള്‍ ഗുരുവിനെയാണു് ഓര്‍മ്മ വന്നതു്. ആറ്റുക്കും ചിട്ടയും എന്ന വിഷയം ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളാതു ഗുരുവിന്റെ അടുത്തുനിന്നാണല്ലോ.

ചായ സാധാരണ ചായ ആയിരുന്നില്ല ഹിമാലയന്‍ ഹേര്‍ബ്സ് ഇട്ട ഔഷധച്ചായ. ഒരു കവിള്‍ കുടിച്ചപ്പോഴേക്കും ആകെ ഒരു ഉന്മേഷം. ശ്രീരം മുഴുവന്‍ ഒരു ഉണര്‍വ്വ്.അദ്ദേഹം അതുണ്ടാക്കുന്നതു കണ്ടാല്‍ മാത്രം മതി ഒരു പത്തു ചായ കുടിച്ചതുപോലെയാകും. വളരെ ശ്രദ്ധയോടെ ചായപാത്രമെടുത്തു് അതില്‍ ഇത്തിരി വെള്ളമൊഴിച്ചു് എവിടെയും ഇട്ടി വീഴാതിരിക്കന്‍ ശ്രദ്ധിച്ചു് പാത്രത്തെ നോവിപ്പിക്കതെ അതു കഴുകും. പുറത്തുപോയി ഒരു ഭാഗത്തു് സൌമയമായി ഒഴിച്ചു കളയും. നമ്മെപ്പോലെ പുറത്തോട്ടു് വലിച്ചൊരു ഏറുവച്ചുകൊടുക്കുന്ന പരിപാടിയൊന്നുമില്ല . ആവശ്യത്തിനു വേണ്ട വെള്ളമെടുത്തു തിളപ്പിക്കും. വെള്ളം തിളക്കാറാകുമ്പോള്‍ അതില്‍ നിന്നും അരല്പം വെള്ളം ശ്രദ്ധയോടെ ഒരു ഗ്ലാസ്സിലെടുത്തു് അല്പം പാല്‍പ്പൊടി കലക്കും പിന്നെ അദ്ദേഹത്തിന്റെ സ്പെഷ്യല്‍ ചായപ്പൊടി പാത്ര പുറത്തെടുത്തു് ആവശ്യത്തിനുള്ള പൊടി താഴെയൊന്നും വീഴാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിച്ചു് പാത്രത്തിലിടും. ഒപ്പം കലക്കിയ പാലും ഒഴിക്കും. ഒരു തുണികൊണ്ടു മൂടിവച്ചിട്ടുള്ള കപ്പും സോസറും എടുത്തു്. വൃത്തിയുള്ള തുണികൊണ്ടു തുടച്ചു് ഞങ്ങളുടെ മുമ്പില്‍ വയ്ക്കും. അപ്പോഴെക്കും ചായ ചെറുതായി ആറ്റി അരിച്ചെടുത്തു് ഒരു വലിയ പാത്രത്തിലാക്കിയിട്ടുണ്ടാവും. ഭക്തിയോടെ അതെറ്റുത്തു് കപ്പിലെക്കു പകരും. ഈ സമയമൊന്നും ആള്‍ സംസാരിക്കില്ല. ഒരു കവിതയെഴുതുന്നതുപോലെയാണു് അദ്ദേഹമിതെല്ലം ചെയ്യുന്നതു്. ഞങ്ങളുറ്റെ മുഖത്തു് സംതൃപ്തിയുടെ പുഞ്ചിരി വിടരുന്നതു കണ്ടാല്‍ മന്ദഹാസം പൊഴിച്ചു് ആള്‍ ഇരിക്കും. തന്റെ കവിതയുടെ ഉള്‍സാരം നുണഞ്ഞ വായനക്കാരനെക്കുറിച്ചറിയുമ്പോള്‍ കവിക്കുന്ണ്ടാകുന്ന നിര്‍വൃതിയാണു് അദ്ദേഹത്തിന്റെ മുഖത്തു്ചായ കുടിച്ചു കഴിഞ്ഞാല്‍ പാത്രം കഴുകാനൊന്നും സമ്മതിക്കില്ല. ആള്‍ തന്നെ വാങ്ങി പുറത്തു് കൊണ്ടുപോയി കഴുകിക്കൊണ്ടുവന്നു് തുണിയില്‍ തുടച്ചു് പഴയ സ്ഥലത്തുതന്നെ ഭദ്രമായി വയ്ക്കും.

അധികം സംസാരിക്കാത്ത പ്രകൃതം. എങ്കിലും ഞങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം അല്പം സംസാരിക്കാതിരുന്നില്ല.

വീട്ടിലെത്തിയ ഒരു ബാബയില്‍ ആകൃഷ്ടനായി പത്താം വയസ്സില്‍ തന്നെ വീടുവിട്ടിറങ്ങി ഹിമാലയത്തിലെത്തി. വീട്ടുകാര്‍ അന്വെഷിച്ചന്വേഷിച്ചു് ഹിമാലയത്തിലെത്തി വീട്ടിലേക്കു് പിടിച്ചുകൊണ്ടു പോയി 14-അം വയസ്സില്‍ വീണ്ടും സ്ഥലംവിട്ടു. വീണ്ടും പിടിയിലായി. 18-അം വയസ്സില്‍ വീണ്ടും വീട്ടില്‍നിന്നും ഒളിച്ചോടി ഹിമാലയത്തിനടുത്തുള്ള ഒരു ഗ്രാമത്തിലാണു് രാംബാബയുടെ വീടു്. അഹ്റ്റിനാല്‍ വീണ്ടും പിറ്റികൊടുക്കാതിരിക്കാനായി ദൂരെ എവിടെയെങ്കിലും പൊയ്ക്കളയാമെന്നാണു് ഇപ്രാവശ്യം തീരുമാനിച്ചതു്. ബനാറസില്‍ എത്തിച്ചേര്‍ന്ന ആ പതിനെട്ടുകാരന്‍ അവിടെ തന്റെ ഗുരുവിനെ കണ്ടെത്തി.

പല സ്ഥലങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ഒത്തിരി ഒത്തിരി ശിഷ്യരുണ്ടായി. അതുകൊണ്ടൊന്നും തനിക്കോ ശിഷ്യര്‍ക്കോയാതൊരു പ്രയോജനവുമില്ലെന്നു് മനസ്സിലായപ്പോള്‍ എല്ലാംവിട്ടെറിഞ്ഞു് വീണ്ടും ഹിമാലയത്തിലെത്തി സ്വന്തം സാധനയില്‍ മുഴുകി കഴിയുന്നു.യാതൊരു അതിശയോക്തിയുമില്ലാതെ, സ്വാമിത്വത്തിന്റെയോ ഗുരുത്വത്തിന്റെയോ കാപട്യമേതുമില്ലാതെ സാധാരണക്കാരനായി ആസാധാരണക്കാരന്‍ കഴിയുന്നു.

ഹിമാലയത്തില്‍ താമസിച്ചുകൊണ്ടിരിക്കേ രേണു എന്നൊരു സ്ത്രീ അവിടെയെത്തി. ഡല്‍ഹിയില്‍നിന്നാണു് ‘മായ’യുടെ വരവു്. രാംബാബയില്‍ അനുരക്തയായ രേണു അദ്ദേഹത്തെ വിവാഹം കഴിച്ചേ അടങ്ങൂ എന്നു ഉറപ്പൈച്ചു. മായയുടെ ശക്തി നോക്കണേ. എന്തു ചെയ്യണമെന്നറിയാതെ ബാബ തന്റെ സന്യാസി സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്തു. ആള്‍ക്കു കെട്ടിയാല്‍ കൊള്ളാമെന്നു തോന്നിയെന്നര്‍ഥം. സാധുക്കള്‍ വിവാഹം കഴിക്കുന്നതാണു് നല്ലെതെന്നു് ഉപദേശം കിട്ടി.അതു നന്നായി. അല്ലെങ്കില്‍ രേണുവിനെയും സ്വപ്നംകണ്ടു് ശേഷകാലം ആപ്പിലായിപ്പോയേനേ.

ആള്‍ മാന്യനാണു്. കള്ളപ്പരിപാടിയിലൊന്നും താല്പര്യമില്ല. നേരെ രാംടെമ്പിളില്‍ പോയി നാട്ടു നടപ്പനുസരിച്ചു്രേണുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. രേണുവിന്റെ പേരു മാറ്റി സീതാദേവിയാക്കി. കല്യാണംകഴിഞ്ഞയുടനെ നേരെ ഡല്‍ഹിക്കുപോയ അദ്ദേഹമ്പെണ്ണിനോറ്റോത്ത ജീവിതം തന്റെ സാധനയെ അധോഗതിയിലാക്കും എന്നറിഞ്ഞപ്പോള്‍ പതിനെട്ടാമത്തെ അടവുതന്നെ എടുത്തു. സുഖമില്ലാതിരിക്കുന്ന അച്ഛനമ്മമാരെ ശുശ്രൂഷിക്കണ്ടതിന്റെ ധാര്‍മ്മികത ഉപദേശിച്ചു് സീതയെ നാട്ടിലുപേക്ഷിച്ചു്രാമന്‍ ഹിമാലയത്തിലേക്കു് വണ്ടികയറി. സീതാദേവി സ്വധര്‍മ്മം സന്തോഷത്തോടെ ഏറ്റെടുത്തത്രെ. ഇനി അച്ഛനമ്മമാരെ മരണശേഷം വീണ്ടും ഇവിടെയെത്തും അപ്പോള്‍.അപ്പോള്‍ ഇതുപോലെ ഒരു കുടില്‍കെട്ടി അവളെ ഇവിടെ താമസിപ്പിക്കും. സീതയെ വൈരാഗിയായി സന്യാസസ്വപ്നവുമായി ധ്യാനനിഷ്ഠയായി കഴിയുകയാണത്രെ.

രാംബാബ മുമ്പൊക്കെ ഭജനപാടി രസിക്കുമായിരുന്നു. ഇന്നു് പ്രാണന്റെ സംഗീതത്തില്‍ ആമഗ്നനായി മൌനമായിരിക്കുന്നതിലാണു് താലപര്യം.

അദ്ദേഹത്തിന്റെ ഗുരു തപോവനത്തിലാണു് താമസിച്ചിരുന്നതു്. വിഷ്ണുദാസ് മഹാരാജ് ഭോജുവൃക്ഷത്തിന്റെ തൊലിയിലാണ് കിടപ്പു്. ആതൊലികൊന്ണ്ടുള്ളാ ലങ്കോട്ടിയാണു് വസ്ത്രം. കമ്പിളി ഉപയോഗിക്കില്ല. സ്വന്തമായി ഉരുളക്കിഴങ്ങ് കൃഷിചെയ്തു് അതു ഭക്ഷിക്കും. ഒരു ഓഗസ്റ്റു മാസത്തില്‍ ഗുരുപൌര്‍ണ്ണമി ദിവസം തപോവനത്തില്‍നിന്നും ഭോജുബാസയിലേക്കു് ഇറങ്ങി വരുമ്പോള്‍ മഴ പെയ്തു. മുകളില്‍നിന്നും ഇളകിവീണ കല്ലുകളിലൊന്നു് നേരെ തലയില്‍വന്നു വീണു് മരണമടഞ്ഞു. 40 വര്‍ഷം തപോവനത്തില്‍ കഴിഞ്ഞിരുന്നു എന്നാണു് പറയയുന്നതു്. അദ്ദേഹത്തിന്റെ കൃഷിയിടവും ആശ്രമവുമാണു് ഭോജുബാസയിലെ ലാല്‍ബാബയുടെ ആശ്രമം.

മോഹത്തില്‍നിന്നും വിടുതല്‍ നിന്നുംവിടുതല്‍ നേടേണ്ട സാധനയെക്കുറിച്ചാണു് അദ്ദേഹം പിന്നെ സംസാരിച്ചതു്. “നിരഹങ്കാരിയായി, നിസ്വാര്‍ത്ഥനായി, ത്യാഗബുദ്ധിയോടെ ആവശ്യം വേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു് അനായസമായി കഴിയാനായാല്‍ പിന്നെ എല്ലാം അതാതിന്റെ സ്ഥനത്തു് വേണ്ടപോലെ സംഭവിച്ചോളും. ഇവിടെ ഗുരുക്കന്മാരാണു് അധികം. സിഷ്യരാവാന്‍ ആരുമില്ല. ഗുരുക്കന്മാരായാല്‍ എളുപ്പമാണു്. ഉപദേശം കൊടുത്താല്‍ മതി.

ജീവിതത്തില്‍ സഭവിക്കുന്ന അനിവാര്യമായ വൈരുദ്ധ്യങ്ങളെ വിവേകപൂര്‍വ്വം കൈകാര്യംചെയ്തു് സ്വാസ്ഥ്യത്തില്‍നിന്നും അകന്നുപോകതിരിക്കണം. അതിനുേകവഴി ധ്യാനമാണു്. ധ്യാനത്തിലൂടെ ആഴമറിയാത്ത ആഴിയിലേക്കു് പ്രവേശിക്കണം. മനസ്സും ശരീരവും ആത്മാവും എല്ലാം കടന്നു് ആ മഹത്തായ അറിവില്‍ ലയിക്കുന്നതുവരെ സാധന തുടരണം. അതിനിടെ വന്നുചേരുന്ന പ്രശസ്തിയുടെയും ആദരവിന്റെയും പിടിയില്‍ വീണുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം”.

ഷൌക്കത്ത്
Subscribe Tharjani |