തര്‍ജ്ജനി

ദേശീയം

തീവ്രവാദികള്‍ ഉണ്ടാവുന്നത്

യാദൃച്ഛികം എന്നാണ് പറയേണ്ടത്, മുംബായില്‍ സ്ഫോടനപരമ്പര നടക്കുമ്പോള്‍ ഞാന്‍ ഫ്രെഞ്ചുകാരനും തത്ത്വചിന്തകനും യൂറോപ്പില്‍ തരക്കേടില്ലാത്ത വായനക്കാരുള്ള എഴുത്തുകാരനുമായ ബെര്‍നാഡ് ഹെന്റ്റിയുടെ ‘ഡാനിയല്‍ പേളിനെ കൊന്നതാരാണ് ’ (Who killed Daniel Pearl?) എന്ന പുസ്തകം വായിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏറെയും വിജയിക്കാത്ത രീതിയില്‍ ഒരു തീവ്രവാദിയുടെ മനസ്സ് മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന എന്നെ സംബന്ധിച്ചിടത്തോളം, പുസ്തകം സംഭ്രമിപ്പിക്കുന്നതും ചിന്തയ്ക്കു വക നല്‍കുന്നതുമായിരുന്നു.

ഈ ലോകത്തിലുള്ള മറ്റാളുകളെപ്പോലെ, എന്താണ് ഒരു മനുഷ്യനെ തീവ്രവാദത്തിലേയ്ക്കു നയിക്കുന്നത് എന്ന് എനിക്കും അറിയില്ല. ഒരു തെറ്റും ചെയ്യാത്തവരെ കണ്ണടച്ചുകൊണ്ടു കൊല്ലാന്‍ എന്താണ് അവനെ പ്രേരിപ്പിക്കുന്നത്? എന്തുതരം ആഹ്ലാദമാണ് ഇത്തരം അപകൃഷ്ടമായ ചെയ്തികളില്‍ നിന്ന് അവന്‌ ലഭിക്കുക?

വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കിയാല്‍ ഇന്ത്യയില്‍ തീവ്രവാദികളേ ഇല്ലാതാവും എന്ന മട്ടിലാണ് രാഷ്ട്രീയക്കാര്‍ സംസാരിക്കുന്നത്. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആട്ടിതെളിക്കുന്നത് എന്നാണ് വാദം. അതു സത്യമാണെങ്കില്‍ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കള്‍-പ്രധാനമായും യൂറോപ്പില്‍ നിന്നുള്ളവര്‍- തീവ്രവാദത്തിലേയ്ക്കു തിരിഞ്ഞതെങ്ങനെ? വെറും പട്ടിണിയോ പണിയില്ലായ്മയോ അല്ല മറിച്ച് മറ്റെന്തോ, കൂടുതല്‍ നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്ന എന്തൊക്കൊയോ ചേര്‍ന്നാണ് മനുഷ്യരെ തീവ്രവാദത്തിലേയ്ക്കു നടത്തുന്നത്.

ഒമര്‍ ഷേക്കിന്‍റെ കാര്യമെടുക്കാം. ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടുപോയി വധിച്ചതിനുപിന്നിലെ മാസ്റ്റര്‍ മൈന്‍ഡ് അയാളാണെന്നു കരുതുന്നു. ഒമര്‍ ദരിദ്രരാജ്യത്തിലോ ദരിദ്ര കുടുംബത്തിലോ ജനിച്ച ആളല്ല. അക്ഷരാഭ്യാസമില്ലാത്തവനോ ബുദ്ധിശൂന്യനോ അല്ല. ലാഹോറില്‍ നിന്ന് ലണ്ടനിലേയ്ക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണയാള്‍. ജനിച്ചത് 1968- ല്‍.

സ്നെയര്‍സ് ബ്രൂക്കിലെ ഉയര്‍ന്നതരം സ്വകാര്യ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബെര്‍ണാഡ് ഹെന്‍റി ലെവി തന്‍റെ പുസ്തകരചനയ്ക്കുള്ള ചില വിവരങ്ങള്‍ ശേഖരിക്കാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ ഒമറിനെ പ്രത്യേകം ഓര്‍മ്മിക്കുന്നുണ്ടായിരുന്നു. “ മികച്ച ഗ്രേഡുകള്‍ കിട്ടിയിരുന്ന പ്രതിഭാശാലിയായ കുട്ടി”. അതായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. അതിസമര്‍ത്ഥരായ കുട്ടികളെ വര്‍ഷത്തില്‍ പതിനായിരം പൌണ്ട് ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുക എന്നത് സ്കൂള്‍ തുടര്‍ന്നു വന്നിരുന്ന ഒരു വഴക്കമായിരുന്നു. കുടുംബത്തിന് വലിയ ആസ്തി ഉണ്ടായിരുന്നു എങ്കിലും, ഒമര്‍ അത്തരത്തില്‍ ഫീസിളവു ലഭിച്ച അപൂര്‍വം കുട്ടികളിലൊരാളായിരുന്നു. അത്ര മിടുക്കനായിരുന്നു അയാള്‍ സ്കൂള്‍ കാലങ്ങളില്‍!

സ്കൂളില്‍ നിന്നു നേരെ, തന്‍റെ പതിനെട്ടാം വയസ്സില്‍ അയാള്‍ പോയത് പ്രസിദ്ധമായ ‘ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍’ മാത്തമാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ചേര്‍ന്നു പഠിക്കാന്‍. അയാളെ പോലെ തന്നെ പഠിക്കാന്‍ മിടുക്കരായ സഹോദരനും സഹോദരിയും പഠിച്ചത് കേംബ്രിഡ്ജിലും ഒക്സ്ഫോര്‍ഡിലും.

വിനോദവേളകളില്‍ അയാള്‍ ചെസ്സു കളിച്ചു. അയാള്‍ അതിലും മിടുക്കനായിരുന്നു. ലണ്ടനിലെ പ്രധാന ക്ലബ്ബുകളിലെ എതാണ്ട് എല്ലാവരെയും അയാള്‍ കളിയില്‍ തോത്പിച്ചിട്ടുണ്ടെന്നു പറയാം. പഞ്ചപ്പിടുത്തത്തിലും അയാള്‍ അതിസമര്‍ഥനായിരുന്നു. കോളേജ് കഫറ്റേറിയയില്‍ ഒന്നിനു പിറകെ ഒന്നായി അയാള്‍ എതിരാളികളെ പഞ്ചപിടിച്ചു പരാജയപ്പെടുത്തുന്നതു കാണാന്‍ കുട്ടികള്‍ കൂടിയിരുന്നു. അറിയാവുന്നവരെല്ലാം അയാളെ ആത്മാര്‍ത്ഥതയും പരിഗണനയും സ്നേഹവുമൊക്കെ കൂടിക്കലര്‍ന്ന ഒരു വ്യക്തിത്വമായിട്ടാണ് ഓര്‍ക്കുന്നത്.

പിന്നെ എപ്പോഴാണ് ബുദ്ധിമാനായ, സ്നേഹശീലനായ എറ്റവും നല്ല ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള ഈ യുവാവ് ഒരു തീവ്രവാദിയായി മാറുന്നത്? ബെര്‍ണാഡ് പറയുന്നു, ബോസ്നിയന്‍ യുദ്ധം തുടങ്ങിയപ്പോള്‍. അതു മുതല്‍ ഒമര്‍ തന്‍റെ വായന ബാള്‍ക്കന്‍ പ്രദേശത്തെക്കുറിച്ചുള്ളതു മാത്രമായി പരിമിതപ്പെടുത്തി. അയാളുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമാവട്ടെ , പലപ്പോഴും അയാള്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളതുപ്പോലെ സാമുവല്‍ ഹണ്ടിംഗ്‍ടന്‍റെ “സംസ്കാരങ്ങളുടെ സംഘര്‍ഷവും” (The Clash of Civilisations and the Remaking of the World Order -Samuel Huntington).

അങ്ങനെ ഒമര്‍, ബ്രിട്ടീഷ് പൌരന്‍, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ വിദ്യാര്‍ത്ഥി, ഒരു അപരിചിത പ്രദേശത്തേയ്ക്കു പോയി. ബോസ്നിയയില്‍. തദ്ദേശവാസികളുമായി ചേര്‍ന്ന് യുദ്ധം ചെയ്യാന്‍. ബോസ്നിയന്‍ മുസ്ലിംങ്ങളുടെ ആവശ്യങ്ങളുമായി അയാളെ താദാത്മ്യം പ്രാപിക്കാന്‍ പ്രേരിപ്പിച്ചതെന്തായിരിക്കും? ബ്രിട്ടീഷുകാരന്‍ എന്ന് അറിയപ്പെടുന്നതില്‍ നിന്നും പിന്തിരിയാന്‍ അയാളെ നിര്‍ബന്ധിച്ചതെന്തായിരിക്കും? പാശ്ചാത്യ വേഷത്തില്‍ നിന്ന് പാക്കിസ്താനി പാരമ്പര്യമായ പൈജാമയിലേയ്ക്ക് മാറിയതെന്തിനായിരിക്കും? ബോസ്നിയന്‍ മുസ്ലിംങ്ങളുടെ ലക്ഷ്യവുമായി ലയിച്ചുച്ചേര്‍ന്ന ശേഷം മുജാഹിദീന്‍ താടിരോമങ്ങള്‍ അയാള്‍ വളര്‍ത്തിത്തുടങ്ങിയതെന്തിനായിരിക്കും?

മുജാഹിദീന്‍ എന്ന നിലയ്ക്ക് അയാളുടെ യാത്ര ആരംഭിക്കുന്നത് ബോസ്നിയയില്‍ നിന്നാണ്. ബോസ്നിയയില്‍ നിന്ന് മറ്റൊരു യുദ്ധം അരങ്ങുതകര്‍ത്തു കൊണ്ടിരുന്ന അഫ്ഗാനിസ്ഥാനിലേയ്ക്ക്. പിന്നെ ഇന്ത്യയിലേയ്ക്ക്. അവിടെ അയാള്‍ തന്റെ ആദ്യ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തു. മൂന്നു ഇംഗ്ലീഷുകാരായ സഞ്ചാരികളെയും ഒരു അമേരിക്കക്കാരനേയും. തന്‍റെ ഗുരുവും വഴികാട്ടിയുമായ മസൂദ് അഷറെ വിട്ടുകിട്ടാന്‍. പക്ഷേ തട്ടിക്കൊണ്ടുപോകല്‍ വിചാരിച്ചതുപോലെ വിജയിച്ചില്ല. ഉത്തര്‍പ്രദേശിലെ ഒരു ജയിലില്‍ കിടക്കേണ്ടി വന്നു അയാള്‍ക്ക്. പിന്നീട് ദില്ലിയിലെ ജയിലിലും. 1999 ഡിസംബര്‍ 31-ന്‌ അയാള്‍ സ്വതന്ത്രനായി. ഖണ്ഡഹാറിലേയ്ക്ക് തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരെ വിട്ടുകിട്ടാന്‍ വേണ്ടി അയാളെ ജയില്‍ തുറന്നു വിടുകയായിരുന്നു.

അതെ തുടര്‍ന്നാണ് അയാള്‍ പാകിസ്താനിലേയ്ക്ക് നീങ്ങുന്നത്. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടു പോകാന്‍ പരിപാടി രൂപീകരിച്ചത് അവിടെ വച്ചാണ്. പേള്‍ അതിദാരുണമായ വിധത്തില്‍ കൊല ചെയ്യപ്പെട്ടു. കാരണം ഗ്വാണ്ടനാമോ ജയിലില്‍ അറബ് തടവുകാര്‍ അനുഭവിച്ച പീഢനം ഒമറിന് സഹിക്കാന്‍ കഴിയുമായിരുന്നില്ല എന്നതു തന്നെ.

ബെര്‍ണാഡ് ഒമറിന്‍റെ അമ്മയുടെ വാക്കുകള്‍ തന്‍റെ പുസ്തകത്തില്‍ എടുത്തെഴുതിയിട്ടുണ്ട്. “ ഞങ്ങളുടെ മകന്‍ മിടുക്കനാണ്. ഇംഗ്ലണ്ടിലെ രാജ്ഞി അവന് ‘സര്‍’ സ്ഥാനം നല്‍കിയേക്കും. അല്ലെങ്കില്‍ അവന്‍ പട്ടണത്തിലെ പ്രധാന ബാങ്കര്‍ ആയിത്തീരും”. അയാള്‍ ഇംഗ്ലണ്ടിലെ രാജ്ഞിയുടെ പടയാളി ആയില്ല, ബാങ്കറുമായില്ല. ലോകം ഏറ്റവുമധികം ഭയപ്പെടുന്ന ഒരു തീവ്രവാദിയാണ് അയാളിപ്പോള്‍. എന്തൊരു വിരോധാഭാസം !

ലണ്ടന്‍ ബോംബു സ്ഫോടനത്തിലെ സംശയിക്കപ്പെടുന്ന പ്രതികള്‍ മുഹമ്മദ് സിദ്ദിക് ഖാനും ഷെഹ്സാദ് തന്‍‍വീറും നല്ല വിദ്യാഭ്യാസം കിട്ടിയിട്ടുള്ളവര്‍ തന്നെയാണ്. തീവ്രവാദികളായി തീരുന്നതുവരെ വളരെ സാധാരണവും അന്യരെ പരിഗണിച്ചുകൊണ്ടുള്ളതുമായ ജീവിതം നയിച്ചവര്‍. കഥകള്‍ക്ക് ഒരു വ്യത്യാസവുമില്ല.

അതുകൊണ്ട് ദാരിദ്ര്യമോ തൊഴിലില്ലായ്മയോ തനിയെ വന്ന് പഠിപ്പും ബുദ്ധിയുമുള്ള, ഭൂതദയയും അനുകമ്പയുമുണ്ടായിരുന്ന ഈ യുവാക്കളെ തീവ്രവാദത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോയതല്ല. പിന്നെന്താണ് സംഭവിച്ചത്? ആരാണ് ഉത്തരവാദികള്‍? രാജ്യങ്ങളോ സംഭവങ്ങളോ അതോ ചില ആളുകളോ?

ശോഭാ വാര്യര്‍
http://notanobserver.rediffiland.com/
Subscribe Tharjani |
Submitted by wayalnaadan on Sat, 2006-08-05 23:07.

ലോകം മൊത്തം ഈ മഹാമാരിയുടെ പിടിയിലേക്ക് വഴുതുന്നതാണിപ്പോള്‍ കാണുന്നത് . ആരും പ്രതിവിധിയാണുത്തമമെന്ന വാക്യം കാണുന്നില്ല. മനുഷ്യന്‍റെ ആത്മവീര്യം അപാരമായി വളരുന്ന ഒന്നാണ് . സ്വന്‍ദത്തെ നീതിയെ ചവിട്ടി മെതിക്കുമ്പോള്‍ തീവ്രവാധി ജനിക്കുന്നു. കപട നാട്യജീവിതം അവനു പുച്ചമാവുന്നു.

Submitted by ralminov on Wed, 2006-08-30 21:06.

നല്ല മനുഷ്യരാണ് തീവ്രവാദികളാവുന്നത്‌. നന്മ തനിക്ക്‌ മാത്രം പോര എന്ന തോന്നലാണു തുടക്കത്തില്‍ അവരെ നയിക്കുന്നത്‌.അങ്ങനെ അവര്‍ പോരാട്ടങ്ങളിലേക്ക്‌ നയിക്കപ്പെടുന്നു.പക്ഷെ പരാജയങ്ങളും യുദ്ധമുന്നണിയിലെ അനുഭവങ്ങളും അയാളെ മാറ്റിമറിക്കുന്നു.ആയുധത്തിന് ഒരു കുഴപ്പമുണ്ട്‌.അത്‌ ഭീതി ജനിപ്പിക്കുന്നു.ആക്രമിക്കപ്പെടുമെന്ന ഭീതിയാല്‍ ആക്രമിക്കുന്നു.ലക്ഷ്യത്തില്‍ നിന്നും താന്‍ വ്യതിചലിക്കുന്നത്‌ അയാള്‍ തിരിച്ചറിയുന്നില്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്ന അബദ്ധന്യായം തന്നെത്തന്നെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നു.പിന്നീട്‌ താന്‍ ചെയ്യുന്നത്‌ വെറും പ്രതികാരം മാത്രമാണെന്ന തിരിച്ചറിവ്‌ വരുമ്പോഴേക്കും ഇനിയൊരു തിരിച്ചുപോക്കില്ല എന്ന യാദാര്‍ത്ഥ്യം അയാള്‍ മനസ്സിലാക്കുന്നു.

Submitted by Sunil on Thu, 2006-08-31 12:06.

ആഗോളീകരണത്തിന്റെ പേരില്‍ നടക്കുന്ന കോപ്രാട്ടിത്തങളും ഇതിനൊരു കാരണമല്ലേ? പ്രത്യേകിച്ചും ഇതുവരെ നാം എല്ലാം നല്ലതെന്നു കരുതിയിരുന്ന ദേശീയബോധം നഷ്ടപ്പെടുമ്പോള്‍? ഗ്ലോബല്‍ വില്ലേജ്‌ എന്ന കണ്‍സെപ്റ്റ് മനുഷ്യന്റെ ചെറിയ മനസ്സിന് താങാനാകുമോ? സ്വത്വബോധം അല്ലേ നഷ്ടപ്പെടുന്നത്? അതു മനുഷ്യന് സഹിക്കാനാവില്ലല്ലോ.