തര്‍ജ്ജനി

മറുപക്ഷം

മാര്‍ക്സിസ്റ്റുകാര്‍ : ഫാസിസം ഒളിച്ചുവെച്ച ഒരു കോമ്പല്ല്‌

കമ്മ്യൂണിസ്റ്റുപാര്‍ട്ടികളുടെ അന്തരാത്മാവില്‍ ഏതോ ഭൂതകാലത്തെ ഫാസിസ്റ്റ്‌ ചിന്തകളുടെ കോമ്പല്ലുകള്‍ ഒളിഞ്ഞു കിടപ്പുണ്ടെന്ന്‌ പേടിക്കേണ്ടിയിരിക്കുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍. ഒറ്റയടിക്ക്‌ നല്ലത്‌ എന്നു തോന്നാവുന്ന ചില ജനപ്രിയ കാര്യങ്ങള്‍ക്ക്‌ വേണ്ടിയാവണം ഇത്‌. അല്ലെങ്കില്‍ തികച്ചും നല്ലതിനു തന്നെയാവാം. എങ്കിലും അവിടെ നഷ്ടം വരുന്നതിനെ അവര്‍ പരിഗണിക്കുന്ന ഈ അളവുകോല്‍ ഫാസിസത്തിന്റേതാണ്‌. തങ്ങളുടെ ഐഡിയോളജിയിലെ നന്‍മയ്ക്കപ്പുറം വേറൊന്നില്ല എന്നു വിശ്വസിക്കലാണ്‌ ഒരു വിശ്വാസിയുടെ ധര്‍മ്മം. അപ്പോള്‍ പിന്നെ അതിനേക്കാള്‍ നല്ലതൊന്നും അവര്‍ക്ക്‌ മനസ്സിലാവുകയില്ല. ജനാധിപത്യത്തില്‍ സ്ഥാപിക്കപ്പെടുന്ന വ്യക്തികളുടെ അവകാശങ്ങളെയെല്ലാം കേവലം ഈ വിശ്വാസങ്ങളുടെ പേരില്‍ ചവിട്ടി മെതിച്ചതിന്റെ ചില ഉദാഹരണങ്ങള്‍ നമുക്ക്‌ പരിശോധിക്കാം.

വെട്ടി നിരത്തല്‍ സമരമായിരുന്നു ഈ അടുത്ത കാലത്ത്‌ സംഘടിപ്പിക്കപ്പെട്ട ഈ മാതൃകയിലുള്ള ഒരു സമരം. ന്യായീകരണങ്ങള്‍ പലതുമുണ്ടാകാം. നൂറുപേരെ കൊന്ന്‌ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നവനും ന്യായീകരണങ്ങള്‍ കണ്ടേക്കാം. കുറ്റവാളിയുടെ ന്യായീകരണങ്ങളല്ല, അത്‌ പൊതുസമൂഹത്തിന്‌ എത്രമാത്രം യോജിച്ചതാണ്‌ എന്നതാണ്‌ പ്രശ്നം. വയല്‍ നികത്തിയോ അല്ലാതെയോ കര്‍ഷകര്‍ കൃഷി മാറ്റിച്ചെയ്യുന്നതിനെതിരായിരുന്നു ഈ സമരം. വെറും കൊടിപിടിക്കലും മുദ്രാവാക്യങ്ങളുമായിരുന്നെങ്കില്‍ സമ്മതിക്കാം അതിനുമപ്പുറം ഇത്‌ കര്‍ഷകനെ അവന്റെ കൃഷിയിടത്തിലെ കുടിയാനും മാര്‍കിസറ്റ്‌ പാര്‍ട്ടിയെ ജന്‍മിയുമാക്കിമാറ്റുന്ന സമരമായിരുന്നു. അതിന്‌ ന്യായീകരണമായിരുന്നത്‌ വയലുകള്‍ നശിപ്പിക്കപ്പെട്ടാല്‍ അത്‌ പ്രകൃതിയുടെ സംതുലനം തകര്‍ക്കും എന്നതായിരുന്നു. ഇവിടെ പരിഗണിക്കപ്പെടാതെ പോയ നിരവധി ഘടകങ്ങളുണ്ട്‌. ഒരു കൃഷിക്കാരന്‌ അവന്റെ പാരമ്പര്യമായോ അല്ലാതെയോ കൈവന്നതാവും അവന്റെ ഒരു തുണ്ടു ഭൂമി. അതിനയാള്‍ നികുതി അടയ്ക്കുന്നുണ്ട്‌. അതിനാല്‍ തന്നെ അയാള്‍ക്ക്‌ കൈവശാവകാശവുമുണ്ട്‌. അവിടെ എങ്ങനെ കൃഷിചെയ്യണം എന്ന്‌ മറ്റൊരാള്‍ നിര്‍ബന്ധിക്കുമ്പോള്‍ അത്‌ ഒരാളുടെ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കലാണ്‌. പ്രകൃതിക്ക്‌ സന്തുലനം ഉണ്ടാക്കുന്നതിലും പ്രധാനമാണ്‌ അവിടെ എന്തെങ്കിലും കൃഷി ചെയ്ത്‌ കുടുംബം പോറ്റുക എന്നത്‌. പ്രകൃതി സംരക്ഷണം സമൂഹത്തിന്റെ മൊത്തം ബാധ്യതയാണ്‌. എങ്കില്‍ സര്‍ക്കാരാണ്‌ അതിന്‌ മുന്‍കൈ എടുക്കേണ്ടത്‌. കേരളത്തിലെ മൊത്തം വയലുകള്‍ സര്‍ക്കാരിന്‌ ദേശസാത്കരിച്ച്‌ സംരക്ഷിക്കാവുന്നതേയുള്ളൂ പ്രകൃതിയുടെ ചാരിത്ര്യം. അല്ലാതെ ഒരു പാവപ്പെട്ട കര്‍ഷകന്റെ മേല്‍ കുതിര കയറിയല്ല അതു ചെയ്യേണ്ടത്‌. ഒരു തൈ ഒരു കര്‍ഷകന്‍ നട്ടുവളര്‍ത്തിയെടുക്കുന്നത്‌ ഒരു കുഞ്ഞുജനിച്ചുവളരുന്ന സന്തോഷം അയാളിലുണ്ടാക്കിയിരിക്കും. ഈ കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്യേണ്ടത്‌ സ്വന്തമായി എന്തെങ്കിലും ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുക എന്നതാണ്‌. പരാന്നഭോജികളുടെ കുപ്പായം ഇനി ഊരണം.

ഇനി നമുക്ക്‌ നോക്കാം മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക്‌ വെട്ടി നിരത്തല്‍ സമരം നടത്താന്‍ അധികാരമുണ്ടോ എന്ന്‌. കേരളത്തിലെ കൃഷിരീതികള്‍ കാലത്തിനനുസരിച്ച്‌
പരിഷ്കരിക്കപ്പെടുന്നതിന്‌ എന്നും തടസ്സം നിന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളായിരുന്നു. എല്ലാ തൊഴില്‍ സംരഭങ്ങളേയും തൊഴിലാളി മുതലാളി ബന്ധങ്ങളില്‍ വ്യാഖ്യാനിക്കുകയും ചൂഷണ, ചൂഷിത തുടങ്ങിയ മാര്‍ക്സിയന്‍ ലേബലൊട്ടിക്കുകയും ചെയ്തപ്പോള്‍ കര്‍ഷകര്‍ കുത്തകബൂര്‍ഷ്വാസികളും കുലാക്കുകളും ഒക്കെയായി മാറുകയും തൊഴിലാളിയുടെ അധ്വാനം മാത്രമാണ്‌ മഹത്തായത്‌ എന്ന്‌ വരികയും ചെയ്തു. പത്തുതെങ്ങുള്ള ഒരു കല്‍പണിക്കാരന്റെ തെങ്ങില്‍ കയറുന്ന നൂറുതെങ്ങുള്ള തെങ്ങുകയറ്റക്കാരന്‍ തൊഴിലാളിയും മറ്റേ ആള്‍ മുതലാളിയും എന്ന രീതിയില്‍ പരിഗണിക്കുകയും ഈ പാവം കല്‍പണിക്കാരന്റെ വീട്ടിനുമുന്‍പില്‍ ഗ്രാറ്റിവിറ്റി, ബോണസ്‌ ആനുകൂല്യങ്ങള്‍ക്ക്‌ സമരം ചെയ്തതും ഫാസിസഗണത്തിലാണ്‌ പെടുത്തേണ്ടത്‌. തൊഴിലാളിയുടെ കൂലി കാലാകാലങ്ങളില്‍ കൃത്യമയി വര്‍ദ്ധിപ്പിക്കുന്നതിനു സമരം നടത്തുകയും അവരുടെ ജോലി സംരക്ഷിക്കപ്പെടുന്നതിന്‌ യന്ത്രവത്കരണത്തിനെ അതിശക്തമായി എതിര്‍ക്കുകയും ചെയ്തു. അങ്ങനെ പരമ്പരാഗത എന്ന തലവാക്യത്തില്‍ ഈ കൃഷിക്കാരെയും തൊഴിലാളികളേയും ഒതുക്കി. തൊഴിലാളികള്‍ പക്ഷേ ജോലി മാറുന്നതിനോ കൃഷിപ്പണി ചെയ്യാതിരിക്കുന്നതിനോ എതിരെ ചെറുവിരല്‍ അനക്കിയുമില്ല. മാറ്റങ്ങള്‍ക്കനുസരിച്ച്‌ കൃഷിത്തൊഴിലാളി അവനിഷ്ടമുള്ള ജോലികള്‍ അതാതുസമയങ്ങളില്‍ മാറിമാറി സ്വീകരിച്ചുകൊണ്ടിരുന്നു. കൂലി കൂടുതല്‍കൊടുത്താലും തൊഴിലാളിയെ കിട്ടാതിരിക്കുകയും കാര്‍ഷികോത്പന്നങ്ങള്‍ക്ക്‌ വില ക്രമാതീതമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ്‌ കൃഷിക്കാരന്‍ നെല്ലിനു പകരം വേറൊരു കൃഷി പരീക്ഷിക്കുന്നത്‌. വേറെ ആരുടേയും നിര്‍ബന്ധത്തിനായിരുന്നില്ലല്ലോ അയാള്‍ നെല്ല്‌ കൃഷി ചെയ്തിരുന്നത്‌.

ചില നിര്‍ദ്ദേശങ്ങള്‍ കൂടി. നെല്‍കൃഷി മറ്റു കൃഷികളെപോലെയല്ല. അതിനാല്‍ തന്നെ പലവയലുകളില്‍ പലതരം കൃഷിചെയ്യുന്നതിനേക്കാള്‍ ഒരു പ്രദേശത്തെ മൊത്തം വയലുകളില്‍ ഒരേ കാലയളവില്‍ എല്ലാ അര്‍ഥത്തിലും ഒരു കൃഷി ചെയ്യുക എന്നത്‌ പരീക്ഷിക്കാവുന്നതാണ്‌ ഇതിന്‌ കൂട്ടുകൃഷി സംമ്പ്രദായം ഉത്തമം. കൂട്ടുകൃഷിയാവുമ്പോള്‍ വയലിന്റെ അതിരുകളില്‍ മാത്രം മതിയാവും വരമ്പുകള്‍. കൂടാതെ യന്ത്രവത്കരണം നടത്താനും അതു സഹായകരമാവും. ഇക്കൂട്ടത്തില്‍ തളര്‍ച്ച സംഭവിക്കുന്ന ഇടങ്ങളില്‍ ഗ്രാമഭരണകൂടങ്ങളിലൂടെ ഒരു കൈ സഹായം സര്‍ക്കാരോ ഇനി അതല്ല മാര്‍കിസ്റ്റുപാര്‍ട്ടിയോ ചെയ്താല്‍ കുറേപേരെങ്കിലും
നെല്ല്‌ കൃഷിചെയ്യും.

ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം അയാളെ കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഉത്തമസാധാരണ ഘടകം അതില്‍ നിന്ന്‌ എന്തെങ്കിലും വരുമാനമുണ്ടാവുക എന്നതും ഈ വരുമാനമുപയോഗിച്ച്‌ അടുത്ത കൃഷിയിറക്കാനാവുകയും കുടുംബത്തിന്‌ ചെറിയൊരു സഹായമാവുകയും ചെയ്യുക എന്നതുമാണ്‌. ഈ മിനിമം ആവശ്യങ്ങളെ തൃപ്തമാക്കാന്‍ അവന്റെ കൃഷി അവനെ സഹായിക്കുമെങ്കില്‍ ആരും അവനെ നിര്‍ബന്ധിക്കേണ്ടതില്ല. ഈ മിനിമം ആവശ്യങ്ങളെ തൃപ്തിപ്പെടുത്താത്ത കൃഷി ചെയ്യാന്‍ അവനെ ആര്‍ക്കാണ്‌ നിര്‍ബന്ധിക്കാനാവുന്നത്‌? സര്‍ക്കാര്‍ ഇത്‌ ഉറപ്പു വരുത്തിയാല്‍ മതി. അല്ലെങ്കില്‍ ചുരുങ്ങിയത്‌
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളെങ്കിലും ദേശാഭിമാനി വാങ്ങാന്‍ ഫത്‌വ ഇറക്കുന്നത്‌ പോലെ നെല്ല്‌ നാട്ടിലെ കര്‍ഷകരില്‍ നിന്ന്‌ വാങ്ങിക്കുത്തി മാത്രമേ ചോറുതിന്നാവൂ
എന്നൊരു `ഫത്‌വ`യെങ്കിലും ഇറക്കിയിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഒരു ഭാഗത്ത്‌ തങ്ങളുടെ ശരികള്‍ക്കായി കര്‍ഷകത്തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുകയും കൃഷിയിലുണ്ടാകേണ്ടിയിരുന്ന യന്ത്രവത്‌കരണത്തെ തടയുകയും കൃഷി മാറ്റത്തെ കയ്യേറ്റത്തിന്റെ ഭാഷയില്‍ ചെറുക്കുകയും ചെയ്യുമ്പോള്‍ പഴയ കോമ്പല്ല്‌ ചെറുതായി പുറത്തു വരുന്നത്‌ കാണാം.

യഥാ പിതാ എന്നുപറഞ്ഞതുപോലെ എസ്‌. എഫ്‌ ഐ ചെയ്ത സമരങ്ങളും ഈ ഗണത്തില്‍ പെടുത്താവുന്നതാണ്‌. കേരളത്തിലെ സ്വാശ്രയ കോളേജുകളും അതോടനുബന്ധിച്ച്‌ നടക്കുന്ന പലവാദങ്ങളും എനിക്ക്‌ മനസ്സിലായിട്ടില്ല. രജനി. എസ്‌ ആനന്ദിന്റെ മരണവും അതോടനുബന്ധിച്ച നടത്തിയ കാട്ടിക്കൂട്ടലുകളും നാം കണ്ടതാണ്‌. രജനി മരിക്കാനിടയായത്‌ കൂടുതല്‍ ഫീസ്‌ കൊടുക്കാനില്ലാത്തതാണത്രെ. നമുക്കത്‌ മുഖവിലയ്ക്കെടുക്കാം.

ഒരാള്‍ ഒരു വസ്തുവാങ്ങുന്നത്‌, ഒരു സേവനം ഉപയോഗിക്കുന്നത്‌ അയാളുടെ സാമ്പത്തിക ചുറ്റുപാടനുസരിച്ചാണ്‌. നമ്മളുപയോഗിക്കാത്ത ധാരാളം സേവനങ്ങളും വസ്തുക്കളും നമ്മുടെ നാട്ടിലുണ്ട്‌. അതിന്റെ പേരില്‍ ആരും ആത്മഹത്യ ചെയ്യുന്നില്ല. രജനിയുടെ വാദം ശരിയായിരുന്നെങ്കില്‍ ഞാന്‍ അമേരിക്കയില്‍ പഠിക്കേണ്ടയാളായിരുന്നു. ഒരു പക്ഷേ നിങ്ങളും അതെ. നമുക്ക്‌ ഒരു ബേങ്കും സഹായം ചെയ്യാനില്ലാഞ്ഞതുകൊണ്ടാണ്‌ അങ്ങനെ ചെയ്യാതിരുന്നത്‌.

സ്വാശ്രയ കോളേജ്‌ വരുന്നതിനു മുന്‍പ്പുള്ള രജനിമാര്‍ക്ക്‌ പഠിക്കാന്‍ എന്തു സൌകര്യങ്ങളായിരുന്നു സര്‍ക്കാര്‍ ചെയ്തുകൊടുത്തിരുന്നത്‌? അതിനു മുന്‍പുണ്ടായിരുന്ന ഏതെങ്കിലും സൌകര്യങ്ങളെ കുറച്ചുകൊണ്ടാണോ സ്വാശ്രയകോളേജുകള്‍ തുറന്നത്‌? സര്‍ക്കാര്‍വിലാസം കോളേജുകളില്‍ സ്വാശ്രയകാലത്തിനുമുന്‍പും പിന്‍പും സീറ്റുകളില്‍ എന്തെങ്കിലും കുറവു വന്നിട്ടുണ്ടോ? ഈ കോളേജുകളില്‍ പഠിക്കുന്നതിന്‌ സ്വാശ്രയകാലത്തിന്‌ ശേഷം സര്‍ക്കാര്‍ എന്തെങ്കിലും വിലക്ക്‌ കല്‍പിച്ചിട്ടുണ്ടോ? അവിടെ പഠിക്കാന്‍ വേണ്ടത്രയോഗ്യതയില്ലാത്ത പാവപ്പെട്ടകുട്ടികള്‍ സ്വാശ്രയകോളേജ്‌ എന്ന മുട്ടയ്ക്കും പാലിനും എന്തിനാണ്‌ വാശി പിടിക്കുന്നത്‌? അത്തരം ഫൈവ്സ്റ്റാര്‍ സൌകര്യങ്ങള്‍ അതിന്‌ കഴിവുള്ളവര്‍ ഉപയോഗിച്ചാല്‍ പോരേ. രജനി ഒമ്പത്‌ വിഷയങ്ങള്‍ക്ക്‌ തോറ്റതായിരുന്നു, തുടങ്ങിയ വാദങ്ങള്‍ തല്‍ക്കാലം നമുക്ക്‌ മാറ്റിനിര്‍ത്താം.

സ്വാശ്രയകോളേജുകള്‍ കച്ചവടസ്ഥാപനങ്ങളാണ്‌. അതിന്‌ സര്‍ക്കാര്‍ ലൈസന്‍സ്‌ കൊടുത്തതാണ്‌. അവിടെഫീസിനത്തിലും മറ്റും വരുന്ന തകരാറുകള്‍ക്ക്‌ നമുക്ക്‌ സമരം ചെയ്യാം. ആഗണത്തില്‍ രജനിയുടെ മരണം എങ്ങനെയാണ്‌ വരുന്നത്‌? ഇന്ന്‌ പരിഷ്കരിച്ചു എന്നുപറയുന്ന ഫീസ്‌ ഘടനയനുസരിച്ച്‌ ഒന്നും ഒന്നരലക്ഷവും കൊടുത്ത്‌ അല്ലെങ്കില്‍ മുപ്പത്തയ്യായിരം പോലും കൊടുത്ത്‌ പഠിക്കാന്‍ കേരളത്തിലെ എല്ലാ രജനിമാര്‍ക്കും നാളെ കഴിയുമെന്ന്‌ നിങ്ങള്‍ക്കുറപ്പുതരാനാവുമോ? പണമുള്ള ആളുകള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നു. ചിലര്‍ അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്നു. ഇതൊക്കെ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ സഖാക്കളുമുണ്ട്‌. പണമില്ലാത്തവര്‍ പാരലല്‍ കോളേജുകളില്‍ പഠിക്കുന്നു. അതും ഒരു വിലയുമില്ലാത്ത ധാരാളം ഡിഗ്രികള്‍ക്കായി.

ഈ സമരങ്ങളിലെ ഏറ്റവും വലിയ തമാശ രജനിക്ക്‌ ലോണുകൊടുത്തില്ല എന്ന പേരില്‍ ബേങ്കിനെതിരെ ചെയ്ത സമരമാണ്‌. ഈ സമരത്തിലാണ്‌ തങ്ങളുടെ കുഞ്ഞിക്കോമ്പല്ലുകള്‍ അവര്‍ പുറത്തുകാണിച്ചത്‌. ഒരു ബേങ്കിന്‌ പണമുണ്ടാകുന്നത്‌ നോട്ടടിച്ചിറക്കിയിട്ടല്ല. അവരുടെ നിക്ഷേപകരുടെ പണമാണത്‌. ഒരു രൂപ കുറയാതെ അതു തിരിച്ചുകൊടുക്കാനവര്‍ക്ക്‌ ബാധ്യതയുണ്ട്‌. രജനിക്ക്‌ പണം കൊടുത്തിട്ട്‌ തിരിച്ചുകിട്ടിയിട്ടില്ല എന്ന്‌ പറഞ്ഞാല്‍ ഈ കുട്ടി സഖാക്കളിലെ ഒറ്റ നിക്ഷേപകനും സമ്മതിക്കില്ല. അപ്പോള്‍ കൊടുക്കുന്ന പണം തിരിച്ചടയ്ക്കാനുള്ള അടവുശേഷി വാങ്ങുന്നയാള്‍ക്കുണ്ടോ എന്ന്‌ കൊടുക്കുന്നയാള്‍ അന്വേഷിക്കും. പണമിടപാടുകളില്‍ പരമാധികാരി ഉത്തമര്‍ണനാണ്‌. അധമര്‍ണനല്ല. അത്‌ ലോകബാങ്കായാലും എ. ഡി, ബി ആയാലും സാധാരണ കൈവായ്പക്കാരായാലും ശരി. തിരിച്ചു കിട്ടാത്ത പണംകൊടുക്കാനാണെങ്കില്‍ ബേങ്കുകള്‍ എത്രകാലം ഇങ്ങനെ ചെയ്യും? ഇനി കടം കൊടുക്കുന്നതിനെ തന്നെ വാങ്ങുന്നവന്റെ കുറ്റമായല്ല മറിച്ച്‌ കൊടുക്കുന്നവന്റെ കെണിയായിട്ടാണ്‌ സഖാക്കള്‍ വ്യാഖ്യാനിക്കാറ്‌. കടക്കെണി എന്നു പറയും. പിന്നെന്തിന്‌ ബേങ്കിനെതിരായി സമരം ചെയ്തു? രജനി പണത്തിനുചോദിച്ചപ്പോള്‍ ഈടുചോദിച്ചതിനോ? സര്‍ട്ടിഫിക്കറ്റു ചോദിച്ചതിനോ? ചോദിക്കുന്നതിനുമുന്‍പ്‌ എടുത്തുകൊടുക്കാഞ്ഞതിനോ? കൊക്കിലൊതുങ്ങിയതേ കൊത്താവൂ എന്നുപദേശിച്ച അമ്മയ്ക്കെതിരെ ഒരു ചെറുവിരല്‍ എന്തുകൊണ്ട്‌ അനക്കിയില്ല? അവര്‍ ചെയ്ത ഏറ്റവും നല്ല ഉപദേശമാവും
അത്‌. പത്തുലക്ഷം മെമ്പര്‍ഷിപ്പുണ്ടെന്നു വീമ്പിളക്കുന്ന എസ്‌. എഫ്‌ ഐ ഒരംഗം പത്ത്‌ രൂപ എടുത്തിട്ടുണ്ടെങ്കില്‍ അനവധി രജനിമാരെ ആത്മഹത്യ ചെയ്യുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതിന്‌ സ്വന്തം കോളേജുകള്‍ വരെ തുടങ്ങാവുന്നതാണ്‌. അതൊക്കെ മുടക്കുള്ള സംഗതികളാണ്‌. പണം മുടക്കുന്നതിലൂടെ തങ്ങള്‍ മുതലാളിമാരായി മാറിപ്പോയാലോ.

സ്വാശ്രയകോളേജിനെതിരായി കഴിഞ്ഞ ദിവസം ഇതേ കുട്ടികള്‍ നടത്തിയ സമരമാണ്‌ ഏറെ അപഹാസ്യമായിപ്പോയത്‌. അധികാരം കൊയ്തതിനുശേഷവും സമരം തന്നെ വേണം സ്വാശ്രയകോളേജുകളെ നിലക്ക്നിര്‍ത്താന്‍ എന്നത്‌ ഭരണ പരാജയമായി വിമര്‍ശനം വരുമെന്ന്‌ പരിചയസമ്പന്നരായ ഒരു സഖാവും കുട്ടികളോടു പറഞ്ഞു കൊടുത്തില്ല. ഈ സമരത്തിന്റെ കാരണമായി പറഞ്ഞത്‌ ഇവിടെ പാവപ്പെട്ടകുട്ടികള്‍ക്ക്‌ പഠിക്കേണ്ടേ എന്നതാണ്‌. കോടികള്‍ മുടക്കി കോളേജ്‌ നടത്തുന്ന സ്വാശ്രയകോളേജുകള്‍ക്ക്‌ ഇവിടത്തെ പാവപ്പെട്ട കുട്ടികളെ പഠിപ്പിച്ച്‌ പുണ്യം കിട്ടിയിട്ടുവേണോ സ്വര്‍ഗത്തില്‍ കടക്കാന്‍? അല്ലെങ്കില്‍ അവര്‍ക്ക്‌ അതിന്‌ എന്തു ബാധ്യതയാണുള്ളത്‌? പാവപ്പെട്ടകുട്ടികള്‍ക്ക്‌ പഠിക്കുന്നതിന്‌ ഒരു അയ്യായിരം സീറ്റുകൂടി സര്‍ക്കാര്‍ മേഖലയില്‍ കൊണ്ടുവരുന്നതിന്‌ സമരം ചെയ്യണം. അല്ലെങ്കില്‍ കൂടുതല്‍ മാര്‍ക്കുവാങ്ങിക്കുന്ന കുട്ടികളെ സര്‍ക്കാര്‍ ദത്തെടുത്ത്‌ പഠിപ്പിക്കണം. അതല്ലാതെ സ്വാശ്രയകോളേജുകളുടെ നെഞ്ചത്ത്‌ കയറരുത്‌. സ്വാശ്രയകോളേജുകള്‍ നമുക്കറിയാം പിടിച്ചുപറി സ്ഥാപനങ്ങളാണ്‌. എന്നാലും അവര്‍ നമ്മുടെ വീടുകളിലേക്ക്‌ കയറി നമ്മുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്ന തരത്തിലേക്ക്‌ വളര്‍ന്നിട്ടില്ല. എന്തുപഠിച്ചില്ലെങ്കിലും കുട്ടികളെ ഈ സ്ഥാപനങ്ങളിലേക്കയയ്ക്കാതിരിക്കുകയാണ്‌ വേണ്ടത്‌. സ്വാശ്രയകോളേജുകളില്‍ അവരുടെ ഫീസുഘടനയില്‍ സാധാരണക്കാരന്‌ പ്രാപ്യമായ രീതിയില്‍ മാറ്റം വരുന്നവരെ ഒരു എസ്‌. എഫ്‌ ഐ കുട്ടി പോലും പഠിക്കില്ലെന്ന്‌ പ്രതിജ്ഞയെടുക്കാമോ? ഈ കോളേജുകള്‍ ശരിയായ രീതിയില്‍ വരുന്നതിന്‌ തീര്‍ച്ചയായും ഇന്ത്യയില്‍ നിയമമുണ്ട്‌ അല്ലെങ്കില്‍ അതുണ്ടാക്കാനുള്ള മിഷിനറി നമ്മുടെ കൈവശമുണ്ട്‌. അതൊന്നും ഉപയോഗിക്കാതെ ഇങ്കുലാബു കൊണ്ട് സകലതും ശരിയാക്കുന്ന ഈ വിദ്യ വേറൊരു കോമ്പല്ലുകൂടി പുറത്തു കാണിച്ചു. അതായത്‌ ഈ നിയമങ്ങള്‍ കുത്തക ബൂര്‍ഷ്വാസികളുടേതാണ്‌ നമുക്ക്‌ നമ്മുടെ വഴി. നൂറ്‌ എം. എല്‍ എ മാരുടെ ബലത്തിലാണ്‌ യു. ഡി. എഫ്‌ സര്‍ക്കാര്‍ സ്വാശ്രയ കോളേജിന്‌ ലൈസന്‍സ്‌ കൊടുത്തത്‌. അത്രതന്നെ ഭൂരിപക്ഷമുള്ള ഈ സര്‍ക്കാറിന്ന് സ്വാശ്രയ കോളേജുകള്‍ അത്രയും മോശമാനെന്നുകണ്ടാല്‍ ലൈസന്‍സു റദ്ദാക്കിയാല്‍ പോരെ? അല്ലാതെ സമരം ചെയ്തു പൂട്ടിക്കണോ?

സര്‍ക്കാര്‍ സ്കൂളുകളെ രക്ഷിക്കുന്നതിന്‌ സര്‍ക്കാരുദ്ദ്യോഗസ്ഥരുടെ മക്കളെ നിര്‍ബന്ധമായും ഈ സ്കൂളുകളില്‍ ചേര്‍ക്കണമെന്ന നിയമം കൊണ്ടുവരും എന്ന്‌ എം. ഏ ബേബി പ്രസ്താവനയിറക്കിയപ്പോള്‍ അദ്ദേഹത്തിന്റെ സുന്ദരമായ വട്ടമുഖത്തിനരികില്‍ ഈ കോമ്പല്ലിന്റെ വളരെ ചെറിയ ഒരു കൂര്‍പ്പുപുറത്തുകണ്ടു. ഒരു രക്ഷിതാവിന്‌ തന്റെ മകനെ ഏത്‌ സ്കൂളില്‍ ചേര്‍ക്കണം, ഒരു കുട്ടിക്ക്‌ തനിക്ക്‌ ഏത്‌ സ്കൂള്‍ തെരഞ്ഞെടുക്കണം തുടങ്ങിയ സ്വാതന്ത്ര്യങ്ങളുടെ മേലായിരുന്നു ഈ കോടാലി. അദ്ദേഹം അത്‌ അന്നു തന്നെ മറന്നു കാണും. എന്നാല്‍, സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ എന്തു പ്രചോദനമാണ്‌ ഒരു രക്ഷിതാവില്‍ നിര്‍ബന്ധത്തിനപ്പുറം സര്‍ക്കാറിനുണ്ടാക്കാന്‍ കഴിയുക എന്നതിനേപ്പറ്റി അദ്ദേഹം ചിന്തിച്ചിട്ടുണ്ടായിരിക്കില്ല. എങ്കില്‍ ചിന്തിക്കണം. അതും താനടക്കമുള്ളവര്‍ പ്രതിയാവുന്നെങ്കിലാവട്ടെ എന്നുറച്ചു മുഴുവന്‍ മുന്‍ധാരണകളും കുടഞ്ഞുകളഞ്ഞ്‌ ചിന്തിക്കണം. എന്തുകൊണ്ട്‌ സര്‍ക്കാര്‍ ലേബലൊട്ടിച്ചുകഴിഞ്ഞാല്‍ കാര്യങ്ങളിങ്ങനെ? എന്തുകൊണ്ടാണ്‌ സ്കൂള്‍ വാധ്യാന്‍മാരായ സഖാക്കള്‍ തങ്ങളുടെ തൊഴിലിനെ മറന്ന്‌ പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങേണ്ടി വരുന്നതെന്ന്‌? കുറഞ്ഞ അധ്വാനവും അമൂര്‍ത്തമായ ഉത്പാദനവുമുള്ളതാണ്‌ ഈ തൊഴില്‍. വൈകുന്നേരം ആരും ചോദിക്കില്ല ഇന്നെത്രയാണ്‌ ഉത്പാദനമെന്ന്‌. ലോക്കല്‍ കമ്മിറ്റി മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിനും പശു പ്രസവിക്കാനായതിനാല്‍ അതിനെ നോക്കേണ്ടിവരുന്നതിനും ലീവ്‌ കിട്ടുന്നതിന്‌ ഇങ്കുലാബ്‌ എന്നും വിളിച്ചു കുട്ടികളെ തെരുവിലിറക്കുന്നതിന്‌ വിദ്യകള്‍ പറഞ്ഞുകൊടുക്കുന്ന ഓതിക്കോന്‍മാരായി അധ്യാപകരെ മാറ്റിയതിന്‌ കാരണം കാണാനാവും. അപ്പോള്‍ അതിന്‌ പ്രതിവിധിയും കാണാനാവും.

ഒരു ചെറിയ ചോദ്യം കൂടിചോദിച്ച്‌ തല്‍കാലം അവസാനിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ തങ്ങള്‍ ചെയ്ത സമരങ്ങളിലൂടെ തങ്ങളെതിര്‍ത്തിരുന്നതിന്റെ പലതിന്റേയും ഉടമസ്ഥരാവേണ്ടിവരുന്നു, പില്‍കാലത്ത്‌ അവയുടെ പ്രചാരകരാവേണ്ടിവരുന്ന ഗതികേട്‌ എന്തുകൊണ്ടാണുണ്ടാവുന്നത്‌?

സുബൈര്‍, തുഖ്‍ബ
Subscribe Tharjani |
Submitted by wayalnaadan on Sat, 2006-08-05 22:53.

ഇത് വായിച്ചപ്പോള്‍ ജനാധിപത്യം ആഹ്വാനം ചെയ്യുന്ന ബുഷിനെയാണ് ഓര്‍മ്മ വന്നത് . സ്വാതന്ദ്ര്യം പ്രസംഗിക്കുകയും എല്ലാവരെയും അടിമകളാക്കി നിലക്കുനിര്‍ത്തുകയും ചെയ്യുന്ന എസ് എഫ് ഐ കുട്ടികള്‍ പിത്ര് വിവാദത്തില്‍ വി എസിന്‍റേ മുഖത്തും ചളിയേറിയുന്നു.