തര്‍ജ്ജനി

സംസ്കാരം

പാഠങ്ങളുടെ തമസ്ക്കരണം - ഫോക്‌‌ലോറില്‍

ഫോക്‌‌ലോര്‍ അതിന്റെ തനതുരൂപത്തിനു പകരമായി പുതിയ കാലത്തിനനുസൃതമായി വ്യത്യസ്തമായ രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നത്‌ ഏതൊരു ഫോക്‌‌ലോറിസ്റ്റിനേയും സൈദ്ധാന്തികതലത്തില്‍ ആശയക്കുഴപ്പത്തിലാക്കുന്നു. പാരമ്പര്യവും നവീനതയും ചേര്‍ന്നൊരുക്കുന്ന ഇത്തരം ആശയക്കുഴപ്പങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഫോക്‌‌ലോറിസ്റ്റുകള്‍ കണ്ടുപിടിച്ച പുതിയ പരികല്‍പനകളാണ്‌ ഫോക്‌‌ലോറിസം, ഫോക്‌‌ലോര്‍‍, പ്രായോഗിക ഫോക്‌‌ലോര്‍, ഫോക്‌‌ലോര്‍ പ്രക്രിയ തുടങ്ങിയവ. കാലദേശങ്ങളിലൂടെ, സാഹചര്യങ്ങളിലൂടെ, വ്യക്തികളിലൂടെ, ഫോക്‌‌ലോര്‍ പരിണമിക്കുന്നു എന്നതാണ്‌ ആ ജ്ഞാനവിഷയത്തെ ചതുരക്കള്ളിയില്‍ പെടുത്താന്‍ ശ്രമിക്കുന്ന ഫോക്‌‌ലോറിസ്റ്റുകളെയെല്ലാം അസ്വസ്ഥരാക്കുന്നത്‌. പിറക്കുകയും വളരുകയും പുതിയ ഫോക്‌‌ലോറുകളെ ഉല്‍പാദിപ്പിക്കുകയും നശിക്കുകയും ചെയ്യുന്ന ഫോക്‌‌ലോറിന്റെ, പ്രധാനസവിശേഷതകള്‍ അതിന്റെ ജൈവസ്വഭാവവും പരിവര്‍ത്തനസ്വഭാവവുമാണ്‌. ഏതു തടസത്തേയും അതിജീവിച്ച്‌ അതിന്‌ വളരാനാകും, നിയന്ത്രണങ്ങളെയെല്ലാം ഭേദിച്ച്‌ അത്‌ വെളിച്ചത്തിന്റെ വഴിതേടിപ്പോകുകയും ചെയ്യും.

ജൈവ - പരിവര്‍ത്തനസ്വഭാവങ്ങളാണ്‌ ഫോക്‌‌ലോറിനെ എന്നും ചലനാത്മകമായി നിര്‍ത്തുന്നത്‌. ഫോക്‌‌ലോറിന്റെ ഈ സവിശേഷതകളെ അംഗീകരിക്കുന്ന ആര്‍ക്കും അതില്‍ നിന്നുദ്ഭവിക്കുന്ന പാഠാന്തരങ്ങളേയും പ്രഭേദങ്ങളേയും തീര്‍ച്ചയായും അംഗീകരിക്കേണ്ടിവരും. എന്നാല്‍ ഫോക്‌‌ലോറിലും ഫോക്‌‌ലോര്‍ പഠനങ്ങളിലും കഴിയുന്നത്ര പാഠങ്ങളെ പരിഗണിക്കാതിരിക്കുന്ന സമീപനമാണ്‌ പ്രബലമായിട്ടുള്ളത്‌. അതാകട്ടെ വേണ്ടത്ര വിമര്‍ശനവിധേയമായിട്ടുമില്ല.

എല്ലാ ഫോക്‌‌ലോര്‍ രൂപങ്ങളും പാഠങ്ങളാണ്‌. പാഠങ്ങള്‍ മാത്രമാണ്‌. ജീവനുളള ഫോക്‌‌ലോര്‍ എന്നും പുതിയ പാഠങ്ങളെ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഈ യാഥാര്‍ത്ഥ്യത്തെ അംഗികരിക്കാന്‍ ഫോക്‌‌ലോറിസ്റ്റുകള്‍ പൊതുവെ തയ്യാറല്ല. അതുകൊണ്ടുതന്നെ ഫോക്‌‌ലോറിന്റേയും ഫോക്‌‌ലോര്‍ പഠനങ്ങളുടേയും നാളിതുവരെയുള്ള ചരിത്രം പാഠതമസ്തരണങ്ങളുടെ ചരിത്രമാണ്‌ എന്നുപറയാം. ഒരു പാഠത്തെ മറ്റൊരുപാഠത്തില്‍ നിന്നു വ്യതിരിക്തമാക്കുന്നത്‌ അതിന്റെ സന്ദര്‍ഭത്തില്‍ വരുന്ന വ്യത്യാസമാണ്‌. ആന്തരികമായി വിന്യാസക്രമ (texture)വും ബാഹ്യമായി സന്ദര്‍ഭ (context)വും പാഠത്തെ നിര്‍ണ്ണയിക്കുന്നു എന്നു പറയാം. പ്രത്യക്ഷമാകുന്ന ഓരോ ഫോക്‌രൂപവും സന്ദര്‍ഭാനുസരണം ചേരുവകളോ വിന്യാസക്രമമോ മാറ്റി പുതിയ പാഠങ്ങളായി തീരുന്നു. അത്‌ നാടോടി വാങ്മയമോ നാടന്‍ കലാരൂപമോ നാടന്‍ കലാവിരുതോ നാടന്‍ വിനോദമോ എന്തുമാകാം. നാടന്‍പാട്ട് പാടുന്ന ആള്‍ പാട്ടു കെട്ടുന്നതിനുളള ചേരുവകളായ ഒരുക്കു ശീലുകളും കവിത്തശീലുകളും മുറിപ്രയോഗങ്ങളും തരംപോലെ മുറിച്ചുകൊളുത്തിയും ചേര്‍ത്തുവിളക്കിയും അപ്പപ്പോള്‍ പാട്ടുരൂപങ്ങള്‍ അഥവാ പാഠങ്ങള്‍ സൃഷ്ടിക്കുകയാണല്ലോ ചെയ്യുന്നത്‌. ഇത്തരത്തില്‍ പാഠങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നതിനാല്‍ നിശ്ചിതമായ ഒരു പാഠത്തിലേക്കും ഫോക്‌‌ലോറിനെ ഉറപ്പിച്ചുനിര്‍ത്തുക സാധ്യമല്ല. ഇതിനര്‍ത്ഥം പാഠങ്ങള്‍ ഇതര പാഠങ്ങളില്‍ നിന്ന്‌ സര്‍വ്വഥാ വ്യത്യസ്തമാണെന്നല്ല. വ്യത്യസ്തതകളേക്കാള്‍ സമാനതകള്‍ക്കുതന്നെയാവണം പലപ്പോഴും മുന്‍തൂക്കം. സൃഷ്ടിക്കപ്പെടുന്ന പാഠങ്ങളെല്ലാം അതിജീവിക്കപ്പെടുന്നില്ല. പലതും കാലാന്തരത്തില്‍ പലയിടത്തുമായി ഉപേക്ഷിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടാതെ പോവുകയോ ചെയ്യുന്നു. അതിജീവിക്കപ്പെടുന്ന പാഠങ്ങളെ വെച്ചുകൊണ്ടാണ്‌ പലപ്പോഴും ഫോക്‌‌ലോര്‍ മനസ്സിലാക്കപ്പെടുന്നത്‌. അടിസ്ഥാന പാഠങ്ങളായി ഗണിക്കപ്പെടുന്നതും അവയായിരിക്കും.

ഫോക്‌‌ലോറിലെ പാഠതമസ്ക്കരണങ്ങളുടെ സ്ഥിതിയാണ്‌ മുന്‍പറഞ്ഞത്‌. ഫോക്‌‌ലോര്‍ പഠനങ്ങളിലാകട്ടെ ഫോക്‌‌ലോറിന്റെ തനിമ കണ്ടെത്താന്‍ ശ്രമിക്കുന്ന ആദ്യകാല ഫോക്‌‌ലോറിസ്റ്റുകള്‍ മുതല്‍ പുതിയ സാഹചര്യത്തില്‍ രൂപമാറ്റം വരുന്ന ഫോക്‌‌ലോറിനെ പഠിക്കാന്‍ ശ്രമിക്കുന്ന സൈദ്ധാന്തിക ഫോക്‌‌ലോറിസ്റ്റുകള്‍ വരെ പാഠങ്ങളെ തമസ്കരിക്കുന്നതില്‍ തങ്ങളുടെ പങ്ക്‌ നിര്‍വ്വഹിച്ചിട്ടുണ്ട്‌. എല്ലാ ഫോക്‌‌ലോറുകളും സാംസ്ക്കാരിക നിര്‍മ്മിതികളാണെന്നും ആ നിര്‍മ്മിതിയുടെ വിവിധ ഘട്ടങ്ങളില്‍ സ്വീകാരതിരസ്കാരങ്ങളുടെ നീണ്ട ശ്രേണിതന്നെ അന്തര്‍ഭവിച്ചിട്ടുണ്ടെന്നും കണക്കിലെടുക്കാതെ ഏകശിലാരൂപിയായ ഫോക്‌‌ലോറില്‍ എത്തിച്ചേരുകയും അതിനെ പഠനവിധേയമാക്കുകയും ചെയ്യുകയാണ്‌ പൊതുവെ ഫോക്‌‌ലോറിസ്റ്റുകള്‍. ചലനാത്മകമായ ഒന്നിനെ പഠനവിധേയമാക്കുക ദുഷ്ക്കരമാണെന്നും പഠനാവശ്യത്തിനായി വിഷയത്തെ നിശ്ചിതബിന്ദുവില്‍ നിര്‍ത്തണമെന്നുമുളള നിര്‍ബന്ധങ്ങള്‍ മറ്റു മാനവിക വിഷയങ്ങളില്‍ എന്നപോലെ ഫോക്‌‌ലോറിസ്റ്റിക്സിലും കടന്നുകൂടിയിട്ടുണ്ട്‌.

പാഠങ്ങളുണ്ടെന്ന്‌ കണക്കിലെടുക്കാതെ നടത്തുന്ന ഇത്തരം ഫോക്‌‌ലോര്‍ പഠനങ്ങളിലെന്നപോലെ പാഠങ്ങളെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അവയില്‍ ഏതെങ്കിലും ഒരു പാഠത്തെ തിരഞ്ഞെടുത്ത്‌ അതിലേക്ക്‌ ആ ഫോക്‌ രൂപത്തെ ഒതുക്കി നിര്‍ത്തുന്ന പ്രവണതയും ഫോക്‌‌ലോറിസ്റ്റുകള്‍ക്കിടയിലുണ്ട്‌. അതോടെ ഒരു സ്ഥലകാലബിന്ദുവില്‍ ഫോക്‌‌ലോറിന്‌ നിലനില്‍ക്കേണ്ടിവരുന്നു. അവിടെനിന്ന്‌ അതിന്‌ മുമ്പോട്ടോ പിന്‍പോട്ടോ ചലിക്കാനുമാകുന്നില്ല. ഇത്തരത്തില്‍ നിശ്ചലമായ ഒരു ഫോക്‌‌ലോര്‍ രൂപത്തെ കണ്ടെത്തുകയും അതിനെ അങ്ങനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ തന്റെ വ്യക്തിപരമായ ഇടപെടലാണ്‌ ഒരു ഫോക്‌‌ലോറിസ്റ്റ്‌ അനുഷ്ഠിക്കുന്നത്‌. ഫോക്‌‌ലോര്‍ രൂപത്തിന്റെ അഥവാ പാഠത്തിന്റെ ചരിത്രപരമായ അനന്ത സാധ്യതകളെ ഈ ബോധപൂര്‍വ്വമായ ഇടപെടല്‍ നിശ്ചലമാക്കിക്കളയുന്നു. ചരിത്രമുണ്ടാക്കാന്‍ ഇടയുളള അപകടങ്ങളില്‍ നിന്ന്‌ തീര്‍ത്തും സ്വതന്ത്രമായ ഒരു ഫോക്‌‌ലോര്‍ പാഠം ഇവിടെ പ്രതിഷ്ഠാപിക്കപ്പെടുകയും ചെയ്യുന്നു.

ഫോക്‌‌ലോര്‍ വ്യവഹാരങ്ങളില്‍ പൊതുവേ ഉയര്‍ന്നുകേള്‍ക്കാറുളള രണ്ട്‌ കാര്യങ്ങളാണ്‌ പാരമ്പര്യവും തനിമയും. പാരമ്പര്യത്തില്‍ നിന്ന്‌ കണ്ടെടുക്കുന്ന തനതു രൂപങ്ങള്‍ എന്നതാണ്‌ ഫോക്‌‌ലോറിനെക്കുറിച്ച്‌ പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്ന ധാരണ. ഫോക്‌‌ലോറിന്റെ തനതു രൂപങ്ങളെപ്പറ്റിയുളള അത്തരത്തിലുളള അന്വേഷണങ്ങള്‍ കാലത്തിലൂടെ എത്രത്തോളം പിറകോട്ടുപോകാമെന്ന ചോദ്യത്തിലേക്കാണ്‌ ഇത്‌ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്‌. ഫോക്‌‌ലോറിസ്റ്റ്‌ കാലത്തിലൂടെ ബഹുദൂരം പിറകോട്ട്‌ സഞ്ചരിക്കുന്നത്‌ വിരളമായേ കാണാനാകൂ. അതുകൊണ്ടുതന്നെ ഏറെ പഴയതല്ലാത്ത ഒരു ഭൂതകാലത്തില്‍ നിന്നാവും പല ഫോക്‌‌ലോര്‍ രൂപങ്ങളും തിരഞ്ഞെടുക്കപ്പെടുക. രണ്ടുകാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന്‌ കാണാം. 1) ഫോക്‌‌ലോറിന്റെ ചരിത്രപരമായ അന്വേഷണങ്ങള്‍ ഏറെ ശ്രമകരമാണ്‌. 2) ചരിത്രപരവും ഭൂപരവുമായ സന്ധികളില്‍ നിന്ന്‌ ഫോക്‌‌ലോറിനെ സ്വതന്ത്രമാക്കി അതിനെ അകാലികവും അമൂര്‍ത്തവുമായ ഒരു സാങ്കല്‍പ്പികഭൂതകാലത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്‌ ഫോക്‌‌ലോറിസ്റ്റിന്റെ ജോലി എളുപ്പമാക്കുന്നു. ഈ രണ്ടാമത്തെ കാര്യമാണ്‌ ഫോക്‌‌ലോറിലെ പാഠങ്ങളുടെ തമസ്ക്കരണത്തിന്‌ ഏറ്റവും കൂടുതല്‍ വഴിമരുന്നിട്ടിട്ടുളളത്‌. ഒരു ഫോക്‌‌ലോര്‍ രൂപത്തിന്റെ ഭിന്നപാഠങ്ങള്‍ക്ക്‌ പകരമായി ഒരു മാനകരൂപത്തെ സാമാന്യബോധമണ്ഡലത്തിനുവേണ്ടി പ്രതിഷ്ഠിക്കുന്നതാണ്‌ ഇതിന്റെ അനന്തരഫലം. എസന്‍ഷ്യലിസത്തിന്‌ അതിപ്രസരമുളള ഒരവസ്ഥയിലേക്ക്‌ ഫോക്‌‌ലോര്‍ പഠനത്തെ ഇത്‌ കൊണ്ടുചെന്നെത്തിക്കുന്നു. ഇതോടെ ചരിത്രത്തോടോ ഭൂമിശാസ്ത്രത്തോടോ പ്രത്യയശാസ്ത്രത്തോടോ സംവദിക്കാത്ത ഫോസിലീകൃതമായ മ്യൂസിയം പീസുകളായി പല ഫോക്‌‌ലോര്‍ രൂപങ്ങള്‍ക്കും നിലനില്‍ക്കേണ്ടിവരുന്നു. സംരചനാത്മകമായ പാഠങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുളള സാധ്യത അടച്ചുകളയുകയും ചെയ്യുന്നു. കാലരഹിതമായി, അജ്ഞേയമായ ഒരു കൂട്ടത്തോടാവാം പിന്നീടത്‌ സംവദിക്കുന്നത്‌. ഇവിടെ നടന്നിട്ടുളള ഒട്ടുമിക്ക ഫോക്‌‌ലോര്‍ പഠനങ്ങളും ഈ വിധം പാഠങ്ങളെ തമസ്ക്കരിച്ച്‌ ഏകശിലാരൂപിയായ ഫോക്‌‌ലോറില്‍ ശരണം പ്രാപിക്കുന്നവയാണെന്ന്‌ പറയാം.

ഫോക്‌‌ലോര്‍ പഠനങ്ങളില്‍ വ്യാപകമായി പാഠങ്ങളുടെ തമസ്ക്കരണമുണ്ടെന്ന വാദത്തെ എതിര്‍ത്തുകൊണ്ട്‌ ഫോക്‌‌ലോര്‍, പാഠങ്ങളെ പരിഗണിക്കുന്നുണ്ടെന്നും അവയുടെ അടിസ്ഥാനത്തില്‍ ഫോക്‌‌ലോറിനെ വിശദീകരിക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നും പ്രഖ്യാപിത ഫോക്‌‌ലോറിസ്റ്റുകള്‍ വാദിച്ചേക്കാം. ഫിന്നിഷ്‌ മെത്തേഡ്‌ പോലുളള അപഗ്രഥന രീതികള്‍ അതിനുദാഹരണമായി നിരത്തുകയും ചെയ്തേക്കാം. ഒരു നാടോടിക്കഥ കടന്നുപോയ കാലദേശങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ തിട്ടപ്പെടുത്തുന്ന രീതിയാണ്‌ ഫിന്നിഷ്‌ മെത്തേഡ്‌. എന്നാല്‍ ഭിന്നമായ പാഠങ്ങളുടെ സാംഗത്യമോ പ്രാധാന്യമോ അംഗീകരിച്ചുകൊണ്ട്‌ അതിനനുസൃതമായി ഫോക്‌‌ലോറിനെ വിലയിരുത്താനുളള ശ്രമം അത്തരം അപഗ്രഥന രീതികളില്‍ ഒന്നിലും കടന്നുവരുന്നില്ല. വിവരണാത്മക ഭാഷാശാസ്ത്രജ്ഞര്‍ എമിക്‌/എറ്റിക്‌ ദ്വന്ദ്വങ്ങളിലൂടെ ഭാഷയെ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ ചുവടുപിടിച്ച്‌ നാടോടിക്കഥയെ വിലയിരുത്തുക മാത്രമാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. സമാനമായ കഥാരൂപങ്ങള്‍ നിലനില്‍ക്കുന്നതില്‍ നിന്ന്‌, അമൂര്‍ത്തമായ ഒരു കഥാസങ്കല്‍പ്പത്തെ ഉണ്ടാക്കിയെടുക്കാനാണ്‌ ഇവിടുത്തെ ശ്രമം. പ്രോപ്പ്‌, ലെവിസ്ട്രോസ്‌ എന്നീ ഘടനാവാദികളും ഓറല്‍ ഫോര്‍മുലായിക്‌ തിയറിയുടെ ഉപജ്ഞാതാവായ മില്‍മന്‍ പാരി യുമൊക്കെ പാഠാത്മകമായ അന്വേഷണങ്ങളില്‍ വ്യാപൃതരാകുന്നുണ്ടെങ്കിലും വ്യത്യസ്ത പാഠങ്ങളുടെ സവിശേഷതകളിലേക്ക്‌ അത്തരം സിദ്ധാന്തങ്ങള്‍ ചെന്നുചേരുന്നില്ല. പാഠത്തിനും പാഠഭേദങ്ങള്‍ക്കും വളരെയേറെ പ്രാധാന്യം ലഭിക്കുന്നത്‌ പ്രകടന (performance) രീതിക്കുളള പഠനത്തിന്റെ ആരംഭത്തോടുകൂടിയാണെന്ന്‌ രാഘവന്‍ പയ്യനാട്‌ (1999:50) അഭിപ്രായപ്പെടുന്നു. ആദ്യകാലങ്ങളിലേക്കാള്‍ സന്ദര്‍ഭത്തിന്‌ ഫോക്‌‌ലോര്‍ ഇന്ന്‌ പ്രാധാന്യം കൊടുക്കുന്നുണ്ട്‌. ഓരോ പാഠത്തിന്റെയും സന്ദര്‍ഭം മനസ്സിലാക്കിയുളള വിശകലനങ്ങളും മറ്റു ചില വഴികളില്‍ നടക്കുന്നുണ്ട്‌. എന്നാല്‍ അത്തരം ശ്രമങ്ങള്‍ക്ക്‌ ഫോക്‌‌ലോറിസ്റ്റുകള്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കാറില്ല. ഫോക്‌‌ലോറിസ്റ്റിക്സ്‌ എന്ന പഠന ശാഖയുടെ അടിസ്ഥാനശിലകളെ തന്നെ ചോദ്യം ചെയ്യുന്നതായേക്കാം ഇത്തരം ഏര്‍പ്പാടുകള്‍ എന്നതാവാം ഇതിനു കാരണം.

കൂട്ടായ്മയുടെ സ്വത്വം കണ്ടെത്തുന്നതിനുളള പഠനശാഖയാണ്‌ ഫോക്‌‌ലോറിസ്റ്റിക്സ്‌ എന്ന നിര്‍വ്വചനത്തിന്‌ ഇന്ന്‌ ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. ലോറിലൂടെ തിരിച്ചറിയപ്പെടുന്ന ഫോക്കിന്റെ പഠനത്തിന്‌ പ്രാധാന്യം കൊടുക്കാനാണ്‌ ഫോക്‌‌ലോറിസ്റ്റുകള്‍ ശ്രമിക്കുന്നത്‌. കൂട്ടായ്മ, കൂട്ടായ്മ സൃഷ്ടിക്കുന്ന ലോര്‍, ലോറിലൂടെ വ്യക്തമാകുന്ന ഫോക്‌ സ്വത്വം എന്നീ സങ്കല്‍പ്പനങ്ങള്‍ പ്രത്യക്ഷത്തില്‍ ലളിതമെന്ന്‌ തോന്നാമെങ്കിലും സങ്കീര്‍ണ്ണമായ ഒട്ടേറെ പ്രശ്നങ്ങള്‍ അതുയര്‍ത്തുന്നുണ്ട്‌. പാഠവും കൂട്ടായ്മയും മിക്കപ്പോഴും ഒത്തുപോകുന്നവയല്ല, പലപ്പോഴും ഒന്ന്‌ മറ്റൊന്നിനെ അംഗീകരിക്കാനിടയില്ലെന്നും പറയേണ്ടിവരും. ഒന്നുകില്‍ പാഠത്തെ അംഗീകരിച്ച്‌ കൂട്ടായ്മയെ നിരാകരിക്കാം അല്ലെങ്കില്‍ കൂട്ടായ്മയെ അംഗീകരിച്ച്‌ പാഠത്തെ നിരാകരിക്കാം. ഇതില്‍ രണ്ടാമത്തെ വഴിയാണ്‌ മിക്ക ഫോക്‌‌ലോറിസ്റ്റുകളും സ്വീകരിക്കുന്നത്‌.

കേരളത്തിലുണ്ടായിട്ടുളള ചില ഫോക്‌‌ലോര്‍ പഠനങ്ങളെ ഉദാഹരണമായെടുത്ത്‌ ഇക്കാര്യം വിശദീകരിക്കാമെന്ന്‌ തോന്നുന്നു. ‘കേരള ഫോക്‌‌ലോര്‍’ എന്ന ഗ്രന്ഥത്തിലെ ‘ആരോമുണ്ണിയുടെ അങ്കപ്പുറപ്പാട്‌ ’ എന്ന ലേഖനത്തില്‍ രാഘവവാര്യര്‍ (1997:23) പറയുന്നത്‌ ഇങ്ങനെയാണ്‌. ‘ഇങ്ങിനി വരാത്തവണ്ണം കടന്നുപോയ ഒരു കാലത്തിന്റെ കാലടയാളം പതിഞ്ഞതാണ്‌ ഈ പാട്ടുകഥ. പഴയ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, വഴക്കങ്ങള്‍ എന്നുവേണ്ട, പഴമയുടെ ജീവിതാന്തരീക്ഷമാകെ ഈ പാട്ടില്‍ തെളിയുന്നു. തെളിമലയാളത്തിന്റെ അഴകും ആരുറപ്പും നിറഞ്ഞുനില്‍ക്കുന്ന ആ ആഖ്യാനരീതി കൈമോശം വരാതെ കാത്തുസൂക്ഷിക്കേണ്ട ഒരു നിധിയാണ്‌. മലയാള ഭാഷ കൈകാര്യം ചെയ്യേണ്ട ഏതൊരാള്‍ക്കും വഴങ്ങിക്കിട്ടേണ്ട രചനയുടെ മര്‍മ്മങ്ങള്‍ പലതും ഇത്തരം പാട്ടുകഥകളിലുണ്ട്‌. ഇതിനൊക്കെ പുറമേ കേരളീയ സമൂഹത്തിന്റെ ഒരു പഴയ ദശാസന്ധിയിലെ ആചാരങ്ങളും വിചാരങ്ങളും ജീവിത രീതിയും ഊറിക്കിടക്കുന്ന വാങ്മയങ്ങളാണ്‌ പൂത്തൂരം പാട്ടുകള്‍’.

കഥാഗാനങ്ങളുടെ രചനാതന്ത്രങ്ങളും രചനാരീതിയും വിശദമായി പഠിക്കുന്ന രാഘവവാര്യര്‍ ഇത്തരം പാട്ടുകള്‍ കേരളീയമായ ഒരു പൊതുകൂട്ടായ്മയുടെ വാങ്മയരൂപമാണെന്ന്‌ പറഞ്ഞുവെയ്ക്കുന്നു. ഉത്തരകേരളത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം പാട്ടായിരുന്നു വടക്കന്‍പാട്ട്‌ എന്ന യാഥാര്‍ത്ഥ്യമാണ്‌ ഇവിടെ സൗകര്യപൂര്‍വ്വം മൂടിവെക്കപ്പെട്ടിരിക്കുന്നത്‌. കേരളത്തിന്റെ മൊത്തം ജീവിതവുമായി ഒരിക്കലും വടക്കന്‍പാട്ട്‌ ബന്ധപ്പെട്ടുകിടക്കുന്നില്ല. എന്നാല്‍ കളരിപ്പയറ്റ്‌, കളരിമര്‍മ്മ ചികിത്സ എന്നിവയെ ഒക്കെപ്പോലെ കേരളീയമായ ഫോക്‌‌ലോറായി ഇന്ന്‌ വടക്കന്‍ പാട്ടുകളും പ്രതിഷ്ഠാപിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌.

കൂട്ടായ്മയുടെ ലോറാണ്‌ ഫോക്‌‌ലോറെന്നു പറയുന്നതുവെച്ച്‌ പരിശോധിച്ചാല്‍ വടക്കന്‍പാട്ട്‌ ഏതു കൂട്ടായ്മയുടെ ലോറാണെന്ന്‌ പറയും? ഉത്തരകേരളത്തിന്റെ ഫോക്‌‌ലോര്‍ എന്ന്‌ പറയുകയാണെങ്കില്‍ കേരളീയതയുടെ ഫോക്‌‌ലോര്‍ ആയി അതിനെ പരിഗണിക്കാനാവുമോ? സ്ഥൂലമായ ഇത്തരം ചോദ്യങ്ങളോടൊപ്പം സൂക്ഷ്മതലത്തിലുളള ചില ചോദ്യങ്ങളുമാകാം. പുത്തൂരം പാട്ടിന്റെ പാഠഭേദങ്ങള്‍ വല്ല കൂട്ടായ്മകളേയും സൃഷ്ടിക്കുന്നുണ്ടോ? ആ പാഠഭേദങ്ങള്‍ എന്നും ഒരുപോലെയായിരുന്നോ? തെളിമലയാളത്തിന്റെ അഴകും ആരുറപ്പുമുളള ആഖ്യാനരീതിയായി അത്‌ പിറന്നുവീണതാണോ അതോ മറ്റൊരു രൂപത്തില്‍ നിന്ന്‌ അങ്ങനെ പരിണമിച്ചെത്തിയതാണോ?

‘ഫോക്‌‌ലോര്’ എന്ന ഗ്രന്ഥത്തില്‍ തീയ്യരുടെ ഉല്‍പ്പത്തിയെക്കുറിച്ചുളള പുരാവൃത്തം വിശകലന വിധേയമാകുന്നുണ്ട്‌. (രാഘവന്‍ പയ്യനാട്‌ : 1986) ഇത്തരത്തിലുളള ഒരു പുരാവൃത്തത്തിന്‌ പാഠഭേദങ്ങളുണ്ടോ എന്ന അന്വേഷണം അതില്‍ നടത്തുന്നില്ല. കളള്‌ തെങ്ങിന്‍ ചുവട്ടില്‍ നിന്ന്‌ തെങ്ങിന്‍ കുലയിലേക്ക്‌ സ്ഥാനം മാറുന്നതും ശിവന്‍ ദിവ്യനെ സൃഷ്ടിച്ച്‌ കള്ളെടുക്കുന്നതുമാണ്‌ ഇവിടെ അംഗീകൃതമായ പുരാവൃത്തപാഠം. അംഗീകൃതമായ ഇത്തരം ഒരു പുരാവൃത്തത്തിനു പകരമായി മറ്റു പുരാവൃത്തങ്ങളുണ്ടായിരുന്നോ എന്നും ശിവനും പാര്‍വ്വതിയും പുരാവൃത്തത്തില്‍ വരുന്നതിനുമുമ്പ്‌ പുരാവൃത്തത്തിന്റെ സ്ഥിതി എന്തായിരുന്നു എന്നൊന്നുമറിയാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല.

ലെവി സ്ട്രോസിന്റെ പുരാവൃത്തപഠനങ്ങള്‍ക്ക്‌ എതിരെ വന്നിട്ടുളള പ്രധാന വിമര്‍ശനങ്ങളിലൊന്ന്‌ ഇതാണ്‌: പുരാവൃത്തത്തിന്റെ വ്യത്യസ്ത പാഠങ്ങള്‍ വിശകലന വിധേയമാക്കുന്നില്ല - മുമ്പേ തീരുമാനിക്കപ്പെട്ട ചില നിലപാടുകള്‍ക്ക്‌ വ്യവസ്ഥാപിതത്വം നല്‍കുന്നതിനുവേണ്ടി മാത്രമാണ്‌ ഇത്തരം പുരാവൃത്ത പഠനങ്ങള്‍ സഹായകമാകുന്നത്‌. മുകളില്‍ പറഞ്ഞ തീയ്യപുരാവൃത്തത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്‌. ഇത്‌ ഫോക്‌‌ലോര്‍ പഠനങ്ങളുടെ മൊത്തം പരിമിതിയായി എടുത്തു പറയാവുന്നതുമാണ്‌.

ഫോക്‌‌ലോറിന്റെ ചരിത്രത്തിലൂടെ ബഹുദൂരം പിന്‍നടന്ന്‌ കണ്ടെത്താനാവുന്നത്ര പാഠങ്ങളെ കണ്ടെത്തണമെന്നല്ല, മറിച്ച്‌, ഫോക്‌‌ലോറിലും ഫോക്‌‌ലോര്‍ പഠനങ്ങളിലും സഹജമായ സ്വഭാവമാണ്‌ ഈ പാഠതമസ്ക്കരണങ്ങളെന്ന്‌ അംഗീകരിക്കണമെന്നാണ്‌ ഇവിടെ പറയാന്‍ ശ്രമിക്കുന്നത്‌. പാഠങ്ങളെ കാലാനുസൃതമായി ഒഴിവാക്കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്‌. ചരിത്ര/ഭൂമിശാസ്ത്ര/പ്രത്യയശാസ്ത്ര സാധ്യതകള്‍ വറ്റി നില്‍ക്കുന്നവയാണ്‌ ഇന്നു നാം അറിയുന്ന ഫോക്‌‌ലോര്‍ രൂപങ്ങള്‍ മിക്കവയും എന്ന തിരിച്ചറിവാണ്‌ ഇവിടെ അവശ്യം വേണ്ടത്‌. അതംഗീകരിച്ചാല്‍ ഫോക്‌‌ലോറിന്റെ വിശകലനങ്ങള്‍ കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധമുളളതായിത്തീരും.

ഫോക്‌‌ലോറിസം, ഫോൿലോര്‍‍, പ്രായോഗിക ഫോക്‌‌ലോര്‍, ഫോക്‌‌ലോര്‍ പ്രക്രിയ തുടങ്ങിയ പരികല്‍പ്പനകളെ പാഠവുമായി ചേര്‍ത്തുവെച്ച്‌ നോക്കേണ്ടതുണ്ട്‌. ഫോക്‌‌ലോര്‍ അതിന്റെ സ്വാഭാവിക സാഹചര്യത്തില്‍ നിന്ന്‌ വിട്ടുമാറി പുതിയ സാഹചര്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ്‌ ഫോക്‌‌ലോറിസം, പ്രായോഗിക ഫോക്‌‌ലോര്‍ എന്നീ സംജ്ഞകള്‍ കൊണ്ട്‌ സൂചിപ്പിച്ചിട്ടുളളത്‌. ഇതില്‍ കൂട്ടായ്മയുടെ അനുവാദത്തോടെ നടക്കുന്ന സ്വാഭാവിക പരിണാമത്തെ ഫോക്‌‌ലോറിസമെന്നും

(ഉദാ:- കാളിയാരാധനയിലെ താലപ്പൊലിയുടെ പുതിയ പ്രത്യക്ഷീകരണങ്ങള്‍, തെയ്യത്തിന്റെ പുതിയ അവസ്ഥ എന്നിവ) കൂട്ടായ്മയ്ക്ക്‌ പുറത്തുളളവര്‍ ബോധപൂര്‍വ്വമായ അധികാരപ്രയോഗത്തിലൂടെ ഫോക്‌‌ലോറിനെ ഉപയൊഗിക്കുന്നതിനെ പ്രായോഗിക ഫോക്‌‌ലോര്‍ എന്നും വിളിക്കുന്നു. (രാഘവന്‍ പയ്യനാട്‌ 1999:131). തെയ്യം ടൂറിസാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നതും കുടുംബാസൂത്രണപ്രചരണത്തിന്‌ വില്ലടിച്ചാന്‍ പാട്ട്‌ ഉപയോഗിക്കുന്നതും പ്രായോഗിക ഫോക്‌‌ലോറിന്റെ ഉദാഹരണങ്ങളാണ്‌. ഫോക്‌‌ലോറിലെ പരിണാമത്തെ തീരെ അംഗീകരിക്കാത്ത സങ്കല്‍പ്പനമാണ്‌ ഫോൿലോറിന്റേത്‌. അത്‌ ഫോക്‌‌ലോറിസ്റ്റുകള്‍ തന്നെ തളളിക്കളയുന്നുമുണ്ട്‌. ഇതിന്റെ നേര്‍ വിപരീത ദിശയില്‍ ഫോക്‌‌ലോറിന്റെ പരിണാമവിധേയത്വത്തെ പൂര്‍ണ്ണമായി അംഗീകരിച്ച്‌ അതിനെ വിശദീകരിക്കാനുളള ശ്രമമാണ്‌ ‘ഫോക്‌‌ലോര്‍ പ്രക്രിയ’യിലുളളത്‌. എന്നാല്‍ ഈ സങ്കല്‍പ്പനത്തിലുളള പാരമ്പര്യ സമൂഹം, ശാസ്ത്രീയ സമൂഹം, വരേണ്യ വിഭാഗം എന്നീ വിഭജനങ്ങളാവട്ടെ ചോദ്യം ചെയ്യാതെ അംഗീകരിക്കാനാകുന്നവയുമല്ല.

കൂട്ടായ്മ എന്ന തിരുക്കുറ്റിയില്‍ ഫോക്‌‌ലോറിനെ കെട്ടിയിടുന്നതുകൊണ്ടാണ്‌ ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാകുന്നത്‌. പ്രാഥമിക സാഹചര്യത്തിലുളളത്‌ ഫോക്‌‌ലോര്‍, അതിനപ്പുറത്തുളളത്‌ ഫോക്‌‌ലോറിസം/പ്രായോഗിക ഫോക്‌‌ലോര്‍ എന്നൊക്കെയുളള കാഴ്ചപ്പാടുകള്‍ ആശയകാലൂഷ്യത്തിലേക്കാണ്‌ പഠിതാവിനെ കൊണ്ടുചെന്നെത്തിക്കുന്നത്‌. ഒന്നുകില്‍ പ്രാഥമിക സാഹചര്യത്തില്‍ മാത്രമേ ഫോക്‌‌ലോറുളളൂ എന്നു സ്ഥാപിക്കണം- അങ്ങനെ വന്നാല്‍ പരിണാമ വിധേയത്വത്തെ അംഗീകരിക്കാനാവില്ല, അല്ലെങ്കില്‍ പ്രാഥമിക സാഹചര്യത്തിനു പുറത്തും ഫോക്‌‌ലോര്‍ സാധ്യമാണെന്നു സമ്മതിക്കണം-അങ്ങനെ വന്നാല്‍ കൂട്ടായ്മ എന്ന സങ്കല്‍പ്പനത്തെ അംഗീകരിക്കാനാവില്ല. ഫോക്‌‌ലോറിസ്റ്റിക്സിനെ പലതരം സൈദ്ധാന്തികവേവലാതികളിലേക്കാണ്‌ ഈ സ്ഥിതി കൊണ്ടുചെന്നെത്തിക്കുന്നത്‌.

ഡോ. ജോസഫ്‌ കെ. ജോബ്‌

മധു. ടി. വി (2005) "പാഠവും പാരമ്പര്യവും, പോള്‍ റിക്കൂറിന്റെ ചിന്താലോകം" പച്ചക്കുതിര മാസിക 1:11

രാഘവന്‍ പയ്യനാട്‌ (1986) ഫോക്‌‌ലോര്‍ തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌

രാഘവന്‍ പയ്യനാട്‌ (1999)ഫോക്‌‌ലോര്‍ സങ്കേതങ്ങളും സങ്കല്‍പ്പനങ്ങളുംപയ്യന്നൂര്‍:എഫ്‌. എഫ്‌. എം പബ്ലിക്കേഷന്‍സ്‌

രാഘവന്‍ പയ്യനാട്‌ (എഡി.) (1997) കേരള ഫോക്‌‌ലോര്‍ പയ്യന്നൂര്‍:എഫ്‌. എഫ്‌. എം പബ്ലിക്കേഷന്‍സ

രാജഗോപാലന്‍ ഇ. പി (2004) ഫോക്‌‌ലോറിന്റെ വിഷയപദവി മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 82:41

വിദ്യാസാഗര്‍ കെ. (1998) അനുഷ്ഠാനം പുരാവൃത്തം പൊരുള്‍ പയ്യന്നൂര്‍:എഫ്‌. എഫ്‌. എം പബ്ലിക്കേഷന്‍സ്‌

Ben-Amos, Dan (1982)Folklore in Context New Delhi : South Asian Publishers

Dandes, Alen (1980) Interpreting Folklore Bloomington Indiana University Press

Dorson, Richard M (1972) Folklore and Folklife Chicago: Chicago University Press

Jacob, Saji (2003) ‘Folklore and gender: a note against essentialism’ seminar paper Folk Fest 2003, Madayi college.

Subscribe Tharjani |