തര്‍ജ്ജനി

വര്‍ത്തമാനം

സൂപ്പര്‍ ഹൈവേ: ചില ചിന്തകള്‍

ആന്തരഘടന മെച്ചപ്പെടുത്തിക്കൊണ്ടാണ്‌ ഏതൊരു ദേശവും അതിന്റെ വികസനപ്രക്രിയ ആരംഭിക്കുന്നത്‌. റോഡ്‌,വാര്‍ത്താവിനിമയം, വൈദ്യുതി, ജലലഭ്യത തുടങ്ങിയ ആന്തരികഘടകങ്ങള്‍ മെച്ചപ്പെട്ടയിടങ്ങളില്‍ പുതിയ സംരംഭങ്ങള്‍ക്ക്‌ അനായാസം വളരാനും വ്യാപിക്കാനും സാധിക്കും. ഇന്ത്യയില്‍ ആന്തരഘടനയുടെ വ്യാപനത്തില്‍ കേരളത്തിന്‌ നാലാം സ്ഥാനമാണുള്ളത്‌. വികസനമുന്നേറ്റത്തിന്‌ ഗതാഗതസൌകര്യങ്ങളുടെ പ്രധാന്യം പരിഗണിക്കുമ്പോള്‍ നാം മുഖ്യമായും ഊന്നല്‍ കൊടുക്കുന്നത്‌ റോഡ്‌ ഗതാഗതത്തിനാണ്‌. 1.38 ലക്ഷം കിലോമീറ്റര്‍ റോഡാണ്‌ കേരളത്തിലുള്ളത്‌. ഇത്‌ ഇന്ത്യയുടെ ആകെ റോഡുകളുടെ 4.2 ശതമാനം വരും. മറ്റു ഗതാഗതമാര്‍ഗ്ഗങ്ങളായ റെയില്‍ വേ (1148 കി:മി:)ഉള്‍നാടന്‍ ജലഗതാഗതം(1687 കി:മീ:)വ്യോമപാത(111 സ്റ്റാറ്റുറ്റ്‌ കി:മി:)എന്നിവയും ചേര്‍ന്ന് കേരളത്തിന്‌ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ടൊരു ഗതാഗതശൃംഖല ഉണ്ടെങ്കിലും വര്‍ദ്ധിച്ച ജന,വാഹനസാന്ദ്രത കേരളത്തിലിപ്പോഴും ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ്‌ "തര്‍ജ്ജനി" കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ആരംഭിച്ച സൂപ്പര്‍ ഹൈവേ പദ്ധതിയെക്കുറിച്ചും കേരളത്തിലെ മറ്റു ഗതാഗതസൌകര്യങ്ങളെക്കുറിച്ചും അന്വേഷിച്ചതും ഈ മേഖലയില്‍ വിദഗ്ദ്ധനായ ശ്രീ. പി.സി. വിക്രത്തിനെ സന്ദര്‍ശിച്ച്‌ സംസാരിച്ചതും. കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷത്തിലേറെയായി സൌദി അറേബ്യയില്‍ എല്‍ കമിലിന്‍ ട്രയിഡിംഗ്‌ ആന്റ്‌ കോണ്‍ട്രാറ്റിംഗ്‌ കമ്പനി ഫോര്‍ ട്രാഫിക്‌ സേഫ്റ്റി ആന്റ്‌ മെയിന്റനന്‍സില്‍, പ്രോജക്റ്റ്‌ മാനേജരായി ജോലി നോക്കുകയാണ്‌ ശ്രീ.പി.സി.വിക്രം. റോഡ്‌ സേഫ്റ്റി സെമിനാറുകളില്‍ പങ്കെടുക്കുന്നതിന്‌ സൌദി അറേബ്യയെ പ്രതിനിധീകരിച്ച്‌ അദ്ദേഹം പല വിടേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്‌. ശ്രീ വിക്രം, ഉദ്യോഗിക ഔന്ന്യത്യത്തിലും ലാളിത്യം വിടാതെ, തിരക്കുകള്‍ മാറ്റി വച്ച്‌ തര്‍ജ്ജനിയോട്‌ കേരളത്തിലെ ഗതാഗത സൌകര്യത്തെക്കുറിച്ചും റോഡ്‌ സുരക്ഷയെക്കുറിച്ചും ദീര്‍ഘനേരം സംസാരിച്ചു. പ്രസക്തഭാഗങ്ങള്‍ ചുവടെ

കേരളത്തിലെ റോഡ്‌ ഗതാഗത സൌകര്യങ്ങള്‍ ഒന്ന് വിലയിരുത്താമോ?

സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ തോത്‌ വച്ച്‌ റോഡുകളുടെ നീളത്തിന്റെ അനുപാതം നോക്കിയാല്‍ ഒരോ സ്ക്വയര്‍ കിലോമിറ്ററിനും 3.5 കി:മീ: റോഡാണ്‌ കേരളത്തിലുള്ളത്‌. ഇത്‌ ദേശീയശരാശരിയുടെ പതിനഞ്ച്‌ ഇരട്ടിയാണ്‌. മൊത്തം 1.38 ലക്ഷം കി:മീ: റോഡാണ്‌ നമുക്കുള്ളത്‌. ഇതിലൊരു ലക്ഷം കി:മി: പഞ്ചായത്ത്‌ റോഡാണ്‌. 24000 കി:മി: പി. ഡബ്ല്യു. ഡി.റോഡുകളും 1500 കി:മി: നീളം വരുന്ന വിവിധ നാഷണല്‍ ഹൈവേകളും ബാക്കി കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി വനംവകുപ്പ്‌, ഇലക്ട്രിസിറ്റിവകുപ്പ്‌ തുടങ്ങിയവയുടെ കീഴിലുള്ളതുമാണ്‌.

ഇത്രയധികം റോഡ്‌ സൌകര്യങ്ങള്‍ ഉണ്ടായിട്ടും തിരക്കിന്റേയും അപകടങ്ങളുടേയും തോത്‌ വര്‍ദ്ധിച്ചു തന്നെ നില്‍ക്കുന്നതിന്റെ കാരണം എന്താണ്‌?

Vikram

ആധുനിക സൌകര്യങ്ങളുള്ള റോഡ്‌ നമുക്ക്‌ ഒരു ശതമാനം മാത്രമാണുള്ളത്‌. വര്‍ഷം തോറും പത്തുശതമാനത്തിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതും വേണ്ടത്ര ആസൂത്രണമോ സാങ്കേതികതയോ കൂടാതെയുള്ള തുലോം കുറഞ്ഞതോതിലുള്ള റോഡുകളുടെ അറ്റകുറ്റപണികളും കേരളീയരുടെ വാഹനമോടിക്കുന്നതിലെ അച്ചടക്കമില്ലായ്മയുമാണ്‌ വര്‍ദ്ധിച്ച തോതിലുള്ള അപകടങ്ങള്‍ക്കും തിരക്കിനും കാരണം.

റോഡുകളുടെ നിലവാരമില്ലായ്മയാണോ പ്രധാനഘടകം?

തീര്‍ച്ചയായും. നമ്മുടെ റോഡുകളിലധികവും തോടുകളോ നാട്ടുപാതകളോ കാളവണ്ടിപ്പാതകളോ സാവധാനം രൂപപ്പെട്ടുവന്നയാണ്‌. സാങ്കേതിക പഠനമോ സര്‍വ്വേകളോ ആസൂത്രണമോ ഇല്ലാതെയും നിര്‍മ്മാണത്തിലെ സാങ്കേതികത്വം ഇല്ലാതെയുമാണ്‌ ഇവയുടെ നിലനില്‍പ്‌. അതുകൊണ്ടുതന്നെ ഏഴ്‌ മാസത്തോളമുള്ള മഴക്കാലത്തിന്റെ ആക്രമണവും മറ്റ്‌ ആഘാതങ്ങളും തങ്ങാനാവില്ല.മാത്രമല്ല അറ്റകുറ്റപ്പണികള്‍ കാട്ടിക്കൂട്ടലുമാകുമ്പോള്‍ സ്ഥിതി വീണ്ടും ശോചനീയമാവും.

സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നാണോ?

വികസിതമോ വികസ്വരമോ ആകട്ടെ ഏത്‌ ആധുനിക രാഷ്ട്രത്തിലും സഞ്ചാരയോഗ്യമായ നല്ല റോഡുകളുടെ പ്രധാന്യം വളരെയാണ്‌. മറ്റു സഞ്ചാരമാര്‍ഗ്ഗങ്ങളില്‍ നിന്നും റോഡ്‌ ഗതാഗതത്തിന്റെ പ്രാധാന്യം നിലകൊള്ളുന്നത്‌ അതിന്റെ സാമ്പത്തികവും സാമൂഹികപരവും തൊഴില്‍പരവുമായ സാധ്യതകളിലാണ്‌. കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന്റെ വരുമാനത്തില്‍ മദ്യവ്യവസായത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്‌ തൊട്ടുപുറകില്‍ നില്‍ക്കുന്നതാണ്‌ റോഡുമായി ബന്ധപ്പെട്ട വാഹനപെര്‍മിറ്റ്‌, ലൈസന്‍സ്‌, റോഡ്‍നികുതി,രജിസ്ട്രേഷന്‍ തുടങ്ങിയ ഇനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം. വികസിതരാജ്യങ്ങളില്‍ ഇത്തരം വരുമാനത്തിന്റെ സിംഹഭാഗവും റോഡ്‌ വികസനത്തിനു വേണ്ടി ചിലവഴിക്കുമ്പോള്‍ ഇന്ത്യയില്‍ അത്‌ 30 ശതമാനത്തില്‍ താഴെ മാത്രമേ വകയിരുത്തുന്നുള്ളൂ. കേരളത്തിലാകട്ടെ അത്‌ 15 ശതമാനത്തില്‍ താഴെയാണ്‌. ഈ നിലമാറിയേ തീരൂ.

ഇന്നത്തെ സാഹചര്യത്തില്‍ റോഡ്‌ സംരക്ഷണത്തിലും വികസനത്തിലും നില നില്‍ക്കുന്ന മറ്റ്‌ പോരായ്മകള്‍ എന്തെല്ലാമാണ്‌?

പ്രധാനമായും അഞ്ച്‌ ഘടകങ്ങളാണ്‌ അതിലുള്ളത്‌. ആന്തരിക ഘടനയുടെ പോരായ്മ, സാങ്കേതിക പോരായ്മ, ഒഴിവാക്കേണ്ട ഘര്‍ഷണങ്ങള്‍, സാമ്പത്തിക തടസ്സങ്ങള്‍, വിഭാഗീതയുടെ അതിപ്രസരം .

അത്‌ വിശദമാക്കാമോ?

ഇന്ത്യയില്‍ 3 കോടി വാഹനങ്ങളാണുള്ളത്‌. കഴിഞ്ഞ നാലഞ്ച്‌ വര്‍ഷമായി 25 ലക്ഷം പുതിയ വാഹനങ്ങള്‍ വര്‍ഷം തോറും നിരത്തിലിറങ്ങുന്നു. ഇന്ത്യയിലെ ആകെ റോഡുകളുടെ നീളം 25 ലക്ഷം കിലോമീറ്ററാണ്‌. 1955-2000 കാലയളവില്‍ വാഹനങ്ങളുടെ എണ്ണം നൂറിരട്ടി ആയെങ്കിലും റോഡ്‌ വികസനം വെറും അഞ്ചിരട്ടി മാത്രമാണ്‌ നടന്നിട്ടുള്ളത്‌. ഇവിടെ നാം കാണുന്നത്‌ സപ്ലൈ - ഡിമാന്റിലെ വന്‍ വിടവാണ്‌. നമ്മുടെ പ്രധാന റോഡായ നാഷണല്‍ ഹൈവേയുടെ നീളം ഇന്ത്യയിലെ മൊത്തം റോഡുകളുടെ നീളത്തിന്റെ രണ്ടു ശതമാനം മാത്രമാണ്‌. എന്നാല്‍ മൊത്തം ഗതാഗതത്തിന്റെ 45 ശതമാനവും അവയ്ക്ക്‌ വഹിക്കേണ്ടി വരുന്നു. മാത്രമല്ല ഹൈവേകളില്‍ പലതും ഒറ്റവരി മാത്രമുള്ളതാണ്‌ അതുകൊണ്ടുതന്ന സാങ്കേതിക മികവുള്ള നല്ല റോഡുകള്‍ നമുക്ക്‌ അടിയന്തിരമായി ഉണ്ടായേ തീരൂ. നമ്മുടെ രാജ്യത്ത്‌ നടക്കുന്ന നാലരലക്ഷം റോഡപകടങ്ങളില്‍ 95000-ത്തോളം പേര്‍ മരിക്കുകയും മൂന്ന് ലക്ഷത്തോളം പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്യുന്നു. ആള്‍ നാശത്തിന്‌ പുറമേ ഇത്തരം അപകടങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഭീമമാണ്‌.

ഗതാഗതക്കുരുക്കുകളും അപകടങ്ങളുമുണ്ടാക്കുന്ന സാങ്കേതിക പോരായ്മകള്‍ എന്തെല്ലാമാണ്‌?

സാങ്കേതികമായിട്ടല്ലാതെ ഡിസൈന്‍ ചെയ്ത റോഡിന്റെ അലൈമെന്റ്‌, ജ്യോമിതീയനിയമങ്ങളോ സാങ്കേതിക വശങ്ങളോ പരിഗണിക്കാതെയുള്ള ഇന്റര്‍സെക്ഷനുകളും കൂട്ടുപാതകളും.

ഗതാഗത ഘര്‍ഷണങ്ങളെക്കുറിച്ച്‌ പറഞ്ഞല്ലോ. അതെന്തെല്ലാമാണ്‌?

റോഡിലൂടെ വളരെ സാവധാനം നീങ്ങുന്ന വാഹനങ്ങളും ആടുമാടുകളും ആന തുടങ്ങിയ മറ്റ്‌ മൃഗങ്ങളും സമരജാഥകളും ഉത്സവഘോഷയാത്രകളും ഗതാഗതഘര്‍ഷണങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നു. അതുപോലെ തന്നെ റോഡിലേക്ക്‌ കയറിനില്‍ക്കുന്ന പരസ്യപ്പലകകള്‍, പോലീസിന്റേയും വനപാലകരുടേയും ചെക്ക്പോസ്റ്റുകള്‍, റയില്‍വേ ഗേറ്റുകള്‍ വീതികുറഞ്ഞ പാലങ്ങള്‍ തുടങ്ങിയവ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നവയാണ്‌. ഇത്തരം ഘര്‍ഷണങ്ങള്‍ സുഗമമായ ഗതാഗതത്തെ തടസ്സപ്പെടുത്തുമെന്ന് മനസ്സിലാക്കി അത്‌ ഒഴിവാക്കുകയോ ഇതരമാര്‍ഗ്ഗങ്ങളിലേക്ക്‌ അവ പുനഃസ്ഥാപിക്കുകയോ പരിഹരിക്കുകയോ വേണം.

സാമ്പത്തിക തടസ്സം എന്തെല്ലാമാണ്‌.?

ഫണ്ട്‌ ഇല്ലായ്മ, വരുമാനത്തിന്റെ സിംഹഭാഗവും വകമാറ്റി ചെലവഴിക്കുക എന്നിവയാണ്‌.

വിഭാഗീയതയുടെ കാര്യം പറഞ്ഞല്ലോ. എതു തരത്തിലുള്ള വിഭാഗീയതയാണ്‌ ഈ പ്രശ്നത്തില്‍ നാം നേരിടുന്നത്‌?

കക്ഷിരാഷ്ട്രീയത്തിന്റേതാണ്‌ ഉദ്ദേശിച്ചത്‌. രാജ്യത്തിന്റെ മൊത്തം താല്‍പര്യമല്ല മറിച്ച്‌ കാലാകാലങ്ങളിലുള്ള തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരു കാട്ടിക്കുട്ടലായി നമ്മുടെ വികസനസങ്കല്‍പം അധഃപതിച്ചിരിക്കുന്നു.പി ഡബ്യു ഡിയില്‍ എക്സിക്യൂട്ടീവ്‌ എന്‍ജിനീയറായി ജോലിനോക്കുന്ന ഒരു സുഹൃത്ത്‌ പറഞ്ഞതാണിപ്പോള്‍ ഓര്‍മ്മവരുന്നത്‌. "ജനങ്ങളുടെ ആവശ്യമോ പ്രദേശത്തിന്റെ വികസനതാല്‍പര്യമോ കാര്യക്ഷമായ ഫണ്ടിന്റെ വിതരണമോ അല്ല മറിച്ച്‌ രാഷ്ട്രീയക്കാരുടെ താല്‍പര്യങ്ങള്‍ക്കാണ്‌ ഇത്തരം പദ്ധതികളില്‍ പ്രാമുഖ്യം. ഉദ്യോഗസ്ഥന്മാര്‍ ആത്മാഭിമാനം പണയം വച്ച്‌ രാഷ്ട്രീയക്കാര്‍ക്ക്‌ അഴിമതിക്ക്‌ കൂട്ടുനിന്നില്ലെങ്കില്‍ തുടര്‍ച്ചയായ പണിഷ്‍മെന്റ്റ് ട്രാന്‍സ്ഫറും ധനമാന നഷ്ടങ്ങളുമാണ്‌ ഫലം"

ഈ സ്ഥിതി എങ്ങനെ പരിഹരിക്കാമെന്നാണ്‌ താങ്കള്‍ കരുതുന്നത്‌?

സര്‍ക്കാര്‍, തദ്ദേശീയസ്വയംഭരണസ്ഥാപനങ്ങള്‍, സേവനസംഘടനകള്‍, രാഷ്ട്രീയനേതാക്കള്‍ സ്വകാര്യവ്യക്തികള്‍ എന്നിവര്‍ ഏകോപിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ സ്ഥിതി പരിഹരിക്കപ്പെടും

ഗതാഗതസംബന്‌ധിയായി ഭാവിയില്‍ നാം നേരിടാന്‍ പോകുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്‌?

വാഹനങ്ങളുടെ ബാഹുല്യം തന്നെയാണ്‌ പ്രധാന പ്രശ്നം .

ഈ പ്രശ്നത്തിന്‌ എന്ത്‌ പരിഹാരമാണ്‌ താങ്കള്‍ക്ക്‌ നിര്‍ദ്ദേശിക്കാനുള്ളത്‌?

2010 ആകുമ്പോഴേക്ക്‌ നാലരക്കോടിയിലധികം വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഉണ്ടാവുമെന്ന് കണക്കാക്കപ്പെടുന്നു. ഈ വാഹന ബാഹുല്യം സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ പുതിയ 10000 കി:മി: എക്സ്പ്രസ്സ്‌ റോഡുകളുടെ നിര്‍മ്മാണവും ഒരുലക്ഷത്തോളം കി:മി: നാഷണല്‍ ഹൈവേ സ്റ്റേറ്റ്‌ ഹൈവേ മറ്റു പ്രധാന റോഡുകള്‍ എന്നിവയുടെ വീതി വര്‍ദ്ധിപ്പിക്കല്‍ എന്നിവ പെട്ടെന്ന് നടന്നാലേ സാധ്യമാകൂ. 2000 കോടി അമേരിക്കന്‍ ഡോളര്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ചതുഷ്കോണഇടവഴി എന്നറിയപ്പെടുന്ന എക്സ്പ്രസ്സ്‌ ഹൈവേ ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ ധീരമായ ഒരു സംരംഭമാണ്‌. ആ കാര്യത്തില്‍ ഭാരതസര്‍ക്കാരിനെ അഭിനന്ദിക്കാതിരിക്കാന്‍ സാധ്യമല്ല.

കേരളം പോലെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ അതിവേഗപാതകള്‍ അപകടങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കില്ലേ?

അപകടങ്ങളുടെ പ്രധാനകാരണം അമിതവേഗതയാണെങ്കിലും എക്സ്പ്രസ്സ്‌ ഹൈവേകളില്‍ 50 കി:മി: സ്പീഡ്‌ എന്നത്‌ 80കി:മി: ആയി മോട്ടോര്‍ ആക്റ്റ്‌ പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്‌.എന്നാല്‍ ട്രക്ക്‌, ട്രയിലര്‍, ടിപ്പര്‍ എന്നിവയ്ക്ക്‌ സ്പീഡ്‌ ഗവര്‍ണര്‍ നിര്‍ബന്‌ധമാക്കാനും 60കി:മി: കൂടാതെ നിയന്ത്രിക്കാനും ആലോചനയുണ്ട്‌. മാത്രമല്ല നിരവധി ട്രാക്കുകളുള്ളതും വണ്‍വേ സംവിധാനമുള്ളതുമാകയാല്‍ അപകടസാധ്യത വളരെക്കുറവാണ്‌.

ചില പ്രത്യേക വാഹനങ്ങള്‍ക്ക്‌ അതിവേഗപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അറിയുന്നു. എന്താണ്‌ അതിനെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായം?

അപകടങ്ങളുടെ സ്വഭാവ വിശകലനത്തില്‍ ഒട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍,ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ്‌ കുടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത്‌. മാത്രമല്ല ഇവ സുഗമമായ യാത്രയ്ക്ക്‌ തടസ്സം സൃഷ്ടിക്കുന്നുമുണ്ട്‌. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങള്‍ക്ക്‌ നിയന്ത്രണം ആവശ്യമാണ്‌. ഉന്തുവണ്ടികള്‍, കാളവണ്ടികള്‍, സൈക്കിള്‍റിക്ഷകള്‍ എന്നിവ ഇത്തരം ഹൈവേകളില്‍ അനുവദിച്ചുകൂടാ. വേണമെങ്കില്‍ ഇവയ്ക്കായി സമാന്തരറോഡുകള്‍ നിര്‍മ്മിക്കാവുന്നതാണ്‌.

ദീര്‍ഘകാലമായി റോഡ്‌ സേഫ്റ്റി രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണല്ലോ താങ്കള്‍. ഒരു ആധുനിക അതിവേഗപാതകള്‍ക്ക്‌ വേണ്ടുന്ന സുരക്ഷാ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?

മുന്‍പ്‌ പറഞ്ഞ സംഗതികള്‍ക്ക്‌ പുറമേ ഹൈവേയുടെ വശങ്ങളില്‍ പാര്‍ക്കിംഗ്‌ കര്‍ശനമായി നിയന്ത്രിക്കേണ്ടിവരും. നിയന്ത്രണമില്ലാതെയുള്ള പാര്‍ക്കിംഗ്‌ കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവരുടെ അപകടങ്ങള്‍ക്ക്‌ ഇടവരുത്തും. ആധുനിക രീതിയില്‍ സാങ്കേതികത്തികവോടെ നിര്‍മ്മിക്കുന്ന ഹൈവേകളില്‍ ഇടവിട്ട്‌ പാര്‍ക്കിംഗിനും ടോയിലറ്റ്‌, സ്റ്റേഷനറി സൌകര്യങ്ങള്‍ സംവിധാനം ചെയ്യാവുന്നതാണ്‌. അതുപോലെ റോഡ്‌ കൈയേറ്റങ്ങള്‍, കാല്‍നടക്കാരുടേയും വഴിവാണിഭക്കാരുടേയും റോഡരുകിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപാരവ്യവസായങ്ങളുടെ റോഡരുകിലെ അനിയന്ത്രിയമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിച്ചേ മതിയാവൂ. ഹൈവേകളിലെ സുഗമമായ യാത്രയ്ക്കും ചരക്ക്‌ നീക്കത്തിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഇത്‌ അത്യന്താപേക്ഷിതമാണ്‌. പാര്‍ക്കിംഗ്‌, ടോയിലറ്റ്‌ എന്നി അടിസ്ഥാന സൌക്യങ്ങള്‍ക്ക്‌ പുറമേ ആംബുലന്‍സ്‌, വിദഗ്ദ്ധ പരിശീലനം ലഭിച്ച പോലീസ്‌, അടിയന്തര വൈദ്യസഹായത്തിനുള്ള സെന്ററുകള്‍, വയര്‍ലസ്‌ സൌകര്യങ്ങള്‍ എന്നിവയും സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വേണം.

ആധുനിക എക്സ്പ്രസ്സ്‌ ഹൈവേകളില്‍ ഉണ്ടായിരിക്കേണ്ട മറ്റു ട്രാഫിക്‌ സൌകര്യങ്ങള്‍ എന്തെല്ലാമണ്‌?

എക്സ്പ്രസ്സ്‌ ഹൈവേകളെല്ലാം തന്നെ അത്യാധുനിക രീതിയില്‍ രൂപകല്‍പന ചെയ്തവയാണ്‌. രാത്രികാലങ്ങളിലും മഴക്കാലങ്ങളിലും ദൃശ്യമാവുന്ന റോഡിന്റെ പാര്‍ശ്വങ്ങളിലും മദ്ധ്യഭാഗത്തും അടയാളപ്പെടുത്തിയ പെയിന്റഡ്‌ ലൈന്‍സ്‌, ട്രാഫിക്‌ ബോര്‍ഡുകള്‍, റിഫ്ലക്ടറുകള്‍, ഗാര്‍ഡ്‌ റയിലുകള്‍, റേഡിയോ വയര്‍ലസ്സ്‌ ട്രാന്‍സ്മിഷന്‍ തുടങ്ങിയ പ്രക്ഷേപണ സംവിധാനങ്ങള്‍, ഇലക്ട്രോണിക്‌ കാര്‍ഡ്‌ ഉപയോഗിച്ചുള്ള ടോള്‍ പിരിവ്‌, ഗോബല്‍ പൊസിഷനിംഗ്‌ വഴിയുള്ള സ്ഥലനിര്‍ണ്ണയ സംവിധാനം, കര്‍ശനമായി നിയമം നടപ്പാക്കുന്ന ട്രാഫിക്‌ പോലീസ്‌ ഇവയെല്ലാം ഉള്‍പ്പെടുത്തി വേണം പുതിയ പാതകള്‍ നിര്‍മ്മിക്കേണ്ടത്‌.

താങ്കള്‍ സൂചിപ്പിച്ചതുപോലുള്ള ട്രാഫിക്‌ പോലീസിന്റെ പ്രവര്‍ത്തനം എന്താവണം?

ഒരു ഐ ജി യുടെ കീഴില്‍ ആസൂത്രിതമായ ഒരു ഭരണസംവിധാനമുണ്ടാവണം.ട്രാഫിക്‌ പ്ലാനിംഗ്‌, ഡാറ്റാബാങ്ക്‌ ഏകോപനം, അപകടങ്ങളുടെ വിശദവിവരവും ഘടനയുടെ പഠനവും, അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ പഠനം, വിവിധ ഭരണസംവിധാനങ്ങളുടെ ഏകോപനം, പോലീസിനുള്ള പരിശീലനം എന്നിവ ഈ ഐ ജിയുടെ ഭരണനിര്‍വ്വഹണത്തിന്‍ കീഴിലാവണം. ഇവയെല്ലാം ശാസ്ത്രീയ അടിസ്ഥാനത്തിലും പ്രൊഫഷണല്‍ രീതിയിലും വേണം.

പൊതുവേ മലയാളികള്‍ ട്രാഫിക്‌ നിയമങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അജ്ഞരാണെന്ന് ആക്ഷേപമുണ്ട്‌. ഈ അവസ്ഥ മാറേണ്ടതല്ലേ?

തീര്‍ച്ചയായും. ട്രാഫിക്‌ നിയമങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും പ്രാഥമിക ശുശ്രൂഷയെപ്പറ്റിയും എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമായും പാഠ്യപദ്ധതികള്‍ ഉണ്ടായിരിക്കണം. വിദ്യാലയങ്ങള്‍ മാത്രമല്ല പൊതുജനങ്ങള്‍ക്കും സാമുഹ്യസേവന സംഘടനകളിലെ അംഗങ്ങള്‍ക്കും ഈ ബോധവത്കരണം അത്യാവശ്യമാണ്‌. ട്രാഫിക്‌ പോലീസിലെ ഒരു വിഭാഗത്തിനെക്കൂടി ഉള്‍പ്പെടുത്തി പൊതുജനത്തിനേയും വിദ്യാര്‍ത്ഥികളെയും പങ്കെടിപ്പിച്ചുകൊണ്ടുള്ള ബോധവത്കരണം നിരന്തരം നടത്തുമ്പോള്‍, അവരില്‍ തന്നെ പലരെയും അടിയന്തഘട്ടത്തില്‍ പോലീസിന്‌ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ഈ മേഖലയില്‍ മാധ്യമങ്ങളുടെ പങ്കെന്താണ്‌?

ഏറ്റവുമധികം ബോധവത്കരണ സാധ്യതയുള്ള മേഖലയാണ്‌ മാധ്യമങ്ങള്‍ .എല്ലാ മാധ്യമങ്ങള്‍ വഴിയും ട്രാഫിക്‌ നിയമങ്ങള്‍, റോഡ്‌ സുരക്ഷ എന്നിവയെക്കുറിച്ച്‌ പ്രചരണം സാധ്യമാണ്‌. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്കര്‍ഷ വയ്ക്കണം

നമ്മുടെ ഡ്രൈവര്‍മാരെക്കുറിച്ച്‌....

ലൈസന്‍സ്‌ കിട്ടിയതോടെ ലക്കുംലഗാനുമില്ലതെ പായുന്ന ഡ്രൈവര്‍മാരുണ്ട്‌. ഇവര്‍ തങ്ങള്‍ക്ക്‌ മാത്രമല്ല മറ്റ്‌ വാഹനങ്ങളിലെ സഞ്ചാരികള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാണ്‌. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരും ഇതുതന്നെ ചെയ്യുന്നു.ആധുനിക രീതികളെ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്‌. ലൈസന്‍സ്‌ പുതുക്കുന്നതിന്‌ മുന്‍പ്‌ ആധുനിക സമ്പ്രദായങ്ങളില്‍ പരിശീലനവും ട്രാഫിക്‌ സുരക്ഷാ സെമിനാറുകളില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കണം. അഞ്ച്‌ വര്‍ഷ കാലാവധിക്ക്‌ മുകളില്‍ ലൈസന്‍സ്‌ പുതുക്കിക്കൊടുക്കരുത്‌. ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുന്നവരുടേയും ശ്രദ്ധക്കുറവ്‌ മൂലം അപകടങ്ങള്‍ ഉണ്ടാക്കുന്നവരുടേയും ലൈസന്‍സ്‌ ഒരു നിശ്ചിത സമയപരിധിയിലേക്ക്‌ തടഞ്ഞ്‌ വയ്ക്കണം. ഇവര്‍ക്ക്‌ മുന്‍പ്‌ പറഞ്ഞ വിധത്തിലുള്ള സെമിനാറുകളിലും പരിശീലനക്ലാസ്സുകളിലും പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി വൈദ്യപരിശോധനയും ട്രാഫിക്‌ പോലീസിന്റെ റോഡ്‌ സുരക്ഷാപരീക്ഷയും പാസ്സായാല്‍ മാത്രമേ ലൈസന്‍സ്‌ തിരിച്ചു നല്‍കാവു.

ആധുനിക രീതികള്‍ സ്വീകരിക്കാന്‍ മടിക്കുന്നുവെന്ന് താങ്കള്‍ സൂചിപ്പിച്ചല്ലോ? അതുകൊണ്ടുതന്നെ നമ്മുടെ നിര്‍മ്മാണരീതികള്‍ ഇപ്പോഴും പ്രാകൃതാവസ്ഥയിലാണോ?

തീര്‍ച്ചയായും അല്ല. അക്കാര്യത്തില്‍ നാം വളരെ മുന്നോട്ട്‌ പോയിട്ടുണ്ട്‌. ഞാന്‍ ഉദ്ദേശിച്ചത്‌ മറ്റുവിധത്തിലുള്ള മുന്നേറ്റമാണ്‌. ഒരിക്കല്‍ ഞാന്‍ അംസ്റ്റര്‍ഡാമില്‍ നിന്ന് കോക്കന്‍ഹോക്കിലേക്ക്‌ ഒരു റെന്റ്‌ എ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഇടയ്ക്ക്‌ വച്ച്‌ എനിക്ക്‌ വഴിതെറ്റി ഞാന്‍ കാര്‍ റോഡരുകില്‍ പാര്‍ക്ക്‌ ചെയ്തിട്ട്‌ അതുവഴി വന്ന മറ്റു വാഹനങ്ങള്‍ക്ക്‌ കൈ കാണിച്ചു. ആരും നിര്‍ത്തിയില്ല. എന്നാല്‍ അഞ്ച്‌ പത്ത്‌ മിനിറ്റിനുള്ളില്‍ രണ്ട്‌ പൊലീസ് കാര്‍ ഒരു വാഹനത്തില്‍ അവിടെ എത്തി. അവര്‍ എന്റെ അരികിലേക്ക്‌ വന്നിട്ട്‌ ചോദിച്ചു. മിസ്റ്റര്‍ വിക്രം നിങ്ങള്‍ക്ക്‌ എന്ത്‌ സഹായമാണ്‌ ഞങ്ങള്‍ ചെയ്ത്‌ തരേണ്ടത്‌. ഞാന്‍ കാര്യം പറഞ്ഞു അവര്‍ അത്‌ പരിഹരിക്കുകയും ചെയ്തു. അവര്‍ പോകുന്നതിന്‌ മുന്‍പ്‌ ഞാന്‍ അവരോട്‌ ചോദിച്ചു. വിദേശിയായ എന്റെ പേരു നിങ്ങള്‍ എങ്ങനെയാണ്‌ മനസ്സിലാക്കിയത്‌? അവര്‍ എന്നെ അവരുടെ വാഹനത്തിനടുത്തേക്ക്‌ കൊണ്ടുപോയി എന്നിട്ട്‌ അതിനുള്ളിലുള്ള കമ്പ്യൂട്ടറില്‍ എന്നെപ്പറ്റിയുള്ള വിവരങ്ങള്‍ കാണിച്ചുതന്നു. കാര്‍ വാടകയ്ക്ക്‌ എടുക്കുന്ന ഏതൊരാളുടേയും പ്രസക്തവിവരങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ ശൃഖല വഴി പോലീസിന്റെ കമ്പ്യൂട്ടറുകളിലെല്ലാം ലഭ്യമാവുന്നു. ഈ ഭരണസംവിധാനം വഴിയാണ്‌ പോലീസ്‌ എന്റെ പേരും യാത്രാ വിവരങ്ങളും അറിയുന്നത്‌. നമ്മുടെ നാട്ടില്‍ അത്തരമൊരു സംവിധാനം ഉണ്ടോ? നമ്മുടെ നാട്ടില്‍ വാഹനം വാടകയ്ക്ക്‌ കൊടുക്കുന്ന പല ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കുന്നതിന്‌ മതിയായ നിയമസാധുത തന്നെയില്ല പിന്നെയെങ്ങനെയാണ്‌ ഇത്തരം വിവരങ്ങള്‍ അവര്‍ പോലീസിന്‌ കൈമാറുന്നത്‌. എന്നാല്‍ മെച്ചപ്പെട്ടൊരു സേവനമെന്ന നിലയ്ക്ക്‌ അക്ഷയപോലുള്ള ഒരു സര്‍ക്കാര്‍ ഏജന്‍സിക്ക്‌ ഇത്തരമൊരു കമ്പ്യൂട്ടര്‍ ശൃഖല ആസൂത്രണം ചെയ്യാവുന്നതേയുള്ളു.

ബി.ജെ.പി സര്‍ക്കാര്‍ ഇത്തരത്തിലുള്ള ചില പരിഷ്കാരങ്ങള്‍ക്ക്‌ ശ്രമിച്ചിരുന്നല്ലോ?

ഇന്റലിജെന്റ്‌ ട്രാന്‍സ്‌പോട്ട്‌ സിസ്റ്റം പോലുള്ള പരിഷ്കാരങ്ങള്‍.പക്ഷേ അത്‌ ഫലപ്രദമാക്കാന്‍ സാധിച്ചില്ല.

എന്താണ്‌ ഇന്റലിജെന്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ സിസ്റ്റം?

നഗരങ്ങളിലും ഹൈവേകളിലുംകര്യക്ഷമമായും സുഗമായും സഞ്ചാരം സാധ്യമാക്കുന്നതിനുതകും വിധം ട്രാഫിക്ക്‌ മാനേജ്‍മെന്റിന്റെ സഹായത്തിനായ്‌ സംവിധാനം ചെയ്യുന്ന ചില പരിഷ്കാരങ്ങളാണിവ. ഇലക്ട്രോണിക്‌ സംവിധാനങ്ങളുപയോഗിച്ച്‌ റോഡുകളിലെ വാഹനങ്ങളുടെ തിരക്ക്‌, വേഗത, അപകടങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ അപ്പപ്പോള്‍ റോഡ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും എത്തിക്കുക, സുരക്ഷാനിയമങ്ങള്‍ പാലിക്കാത്ത വാഹനങ്ങളുടേയും ഡ്രൈവറുടേയും ഫോട്ടോയും സ്ഥലവിവരങ്ങളും നല്‍കുക. ടോള്‍പിരിവുകള്‍ റെക്കോഡ്‌ ചെയ്യുക, റോഡ്‌ മാപ്പ്‌, സ്ഥലനിര്‍ണ്ണയം,കാലാവസ്ഥ, മറ്റ്‌ മുന്നറിയിപ്പുകള്‍ തുടങ്ങിയവിവരങ്ങള്‍ ഡ്രൈവറന്മാര്‍ക്ക്‌ ലഭ്യമാക്കുക, തിരക്കുള്ള റൂട്ടുകളിലെ ഗതാഗതം ഗതിമാറ്റി തിരക്ക്‌ കുറയ്ക്കുക, ട്രാഫിക്‌ സിഗ്നലുകളുടെ സമയദൈര്‍ഘ്യം കമ്പ്യൂട്ടര്‍ ശൃഖല വഴി നിയന്ത്രിക്കുക, അപകടമേഖല മുന്‍കൂട്ടി അറിയിക്കാനുള്ള ഫ്ലാഷ്‌ ചെയ്യുന്ന മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങി വളരെ കാര്യക്ഷമമായി ആസൂത്രണം ചെയ്തിട്ടുള്ള സിസ്റ്റമാണിത്‌. ഇതിന്റെ ഭാഗമായാണ്‌ ബി.ജെ.പി.സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്‌ പരിഷ്കരണം. രജിസ്റ്റേര്‍ഡ്‌ നമ്പര്‍ പ്ലേറ്റില്‍ ഉള്ള ഒരു ഹോളോഗ്രാം തിരിച്ചറിഞ്ഞ്‌ അമിതവേഗത്തിലോടുന്ന വാഹനത്തിന്റെ വിവരവും ഡ്രൈവറുടെ മുഖത്തിന്റെ ചിത്രവും സ്ഥലവും സമയവുമെല്ലാം കൃത്യമയി രേഖപ്പെടുത്തുന്ന ഇലക്ട്രോണിക്‌ സംവിധാനമാണത്‌. പല വിദേശരാജ്യങ്ങളിലും കോടതികള്‍ ഇതില്‍ നിന്ന് കിട്ടുന്ന പ്രിന്റൌട്ട്‌ തെളിവായി സ്വീകരിക്കുന്നുണ്ട്‌.

കേരളത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സൂപ്പര്‍ ഹൈവേ അനേകം വിവാദങ്ങളില്‍ പെട്ടിരിക്കുകയാണല്ലോ? കേരളത്തിന്‌ അത്തരത്തിലുള്ള ഒരു ഹൈവേ ആവശ്യമുണ്ടോ?

തീര്‍ച്ചയായും ആവശ്യമുണ്ട്‌ എന്നാണ്‌ എന്റെ പക്ഷം.

ശരാശരി 65 കി:മി: മാത്രം വീതിയുള്ള കേരളത്തിനെ സൂപ്പര്‍ ഹൈവേ കീറിമുറിക്കുമെന്ന വാദഗതിയോട്‌ എങ്ങനെ പ്രതികരിക്കുന്നു.

അത്തരം വാദഗതിക്കാര്‍ 14 മണിക്കുര്‍ കൊണ്ട്‌ പതുക്കെ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോട്ടേക്ക്‌ സഞ്ചരിച്ചോട്ടെ. 45 നദികള്‍ കേരളത്തിലുണ്ട്‌ അവ കേരളത്തെ കീറിമുറിക്കുന്നില്ലേ? കൂടാതെ കേരളത്തെ ഉടനീളം കീറിമുറിക്കുന്ന റെയില്‍പ്പാതകളും ലെവല്‍ക്രോസ്സുകളൂം. അവ എത്രത്തോളം നമ്മുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നു?. എന്തായാലും അത്രത്തോളം തടസ്സം സൂപ്പര്‍ഹൈവേ ഉണ്ടാക്കില്ല.

പുതിയ റോഡ്‌ നിര്‍മ്മാണം പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കില്ലേ?

റോഡ്‌ നിര്‍മ്മാണം മാത്രമല്ല ഏത്‌ വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനവും പരിസ്ഥിതിപ്രശ്നമുണ്ടാക്കും. പക്ഷേ ഇവിടെ നാം വിസ്മരിക്കുന്ന മറ്റൊരു സംഗതി, പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള മോട്ടോര്‍ വാഹന ഗതാഗതം സൃഷ്ടിക്കുന്ന അന്തരീക്ഷമലിനീകരണമാണ്‌. വാഹനങ്ങള്‍ ഉയര്‍ത്തുന്ന പൊടിപടലങ്ങള്‍, പുക, മറ്റു മാലിന്യങ്ങള്‍, ശബ്ദമലിനീകരണം തുടങ്ങിയവ നല്ല റോഡുകളില്‍ കുറവായിരിക്കും. റോഡ്‌ നന്നല്ലയെങ്കില്‍ വാഹനങ്ങള്‍ താഴ്ന്ന ഗിയറുകളിലേ ഓടിക്കാനാവു. അത്‌ കൂടുതല്‍ ഇന്ധനം എരിയുന്നതിന്‌ ഇടവരുത്തുകയും അതുവഴി കുടുതല്‍ മലിനീകരണസാധ്യതയുണ്ടാക്കുകയും ചെയ്യും. മാത്രമല്ല അതുവഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടവും സമയനഷ്ടവും നാം പലപ്പോഴും കണക്കിലെടുക്കാറില്ല. പിന്നെ നിര്‍ദ്ദിഷ്ട പാത ആളുകള്‍ ഭയപ്പെടുന്ന തരത്തില്‍ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന വിധത്തില്‍ അത്ര വെര്‍ജിനായായ പ്രദേശത്തുകൂടിയൊന്നും കടന്നുപോകുന്നില്ല.

നൂറ്‌ മീറ്ററിലധികം വീതിയും കേരളത്തോളം നീളവുമുള്ള ഈ പാത നിര്‍മ്മിക്കുന്നതിന്‌ വന്‍തുക മുതല്‍ മുടക്ക്‌ വരില്ലേ? നമ്മുടെ ആവശ്യം അത്രത്തോളം തുക മുടക്കി ഇങ്ങനെ ഒരു പാത നിര്‍മ്മിക്കുന്നതിനെ നീതീകരിക്കുന്നുണ്ടോ?

ഉണ്ട്‌. നമ്മുടെ ആവശ്യത്തിന്റെ പ്രാധാന്യം തീര്‍ച്ചയായും വലുതാണ്‌.

സൂപ്പര്‍ ഹൈവേയിലെ ഗതാഗതം തടസ്സപ്പെടാത്ത വിധത്തില്‍ റോഡിനിരുപുറത്തും ട്രാംകാര്‍ പോലുള്ള ഗതാഗതസൌകര്യം ഉപയോഗപ്പെടുത്തിയാല്‍ റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ യാത്രാസൌകര്യവും അതില്‍ നിന്നുള്ള വരുമാനം ഹൈവേ നിര്‍മ്മാണത്തിന്‌ കടമെടുക്കുന്ന പണം തിരിച്ചടക്കുന്നതിനും ഉപകരിക്കില്ലേ?

അത്തരം ഒരു സംവിധാനത്തെക്കുറിച്ച്‌ ചിന്തിക്കാവുന്നതാണ്‌. പക്ഷേ അതില്‍ നിന്നുള്ള വരുമാനം എത്രത്തോളം ഉപയോഗപ്പെടുത്താമെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം അത്തരം ഒരു സംവിധാനത്തിന്റെ നിമ്മാണച്ചിലവും പരിപാലനച്ചെലവും എത്രയെന്ന് കണക്കാക്കണം അതിന്‌ ശേഷമേ ഒരഭിപ്രായം പറയാന്‍ സാധിക്കുകയുള്ളു. ഇലക്ട്രിസിറ്റി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ സംവിധാനം അന്തരീക്ഷമലിനീകരണം വളരെക്കുറച്ചു മാത്രമേ ഉണ്ടാക്കുന്നുള്ളു എന്നത്‌ നേട്ടമാണ്‌. മാത്രമല്ല റെയില്‍വേ ലൈന്‍ ഉണ്ടാക്കുന്ന അസൌകര്യം ഈ സംവിധാനത്തില്‍ ഇല്ല എന്നത്‌ ശ്രദ്ധേയവുമാണ്‌.

നമ്മുടെ റോഡ്‌ നിര്‍മ്മാണവും പരിരക്ഷയും നേരിടുന്ന വലിയ തിരിച്ചടി എന്താണ്‌?

അഴിമതി. പിന്നെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവവും ഫണ്ടിന്റെ അപര്യാപ്തതയും വലിയ തിരിച്ചടികളാണ്‌.

നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാണല്ലോ അഴിമതി. ജനങ്ങള്‍ക്ക്‌ അതൊരു ശീലമായിരിക്കുന്നു. നല്ല റോഡുകളുടെ അഭാവം രാജ്യസുരക്ഷയെപ്പോലും ബാധിക്കുമെന്നിരിക്കെ നമ്മുടെ അധികാരികള്‍ ആ പ്രാധാന്യം തിരിച്ചറിഞ്ഞില്ലന്നുണ്ടോ?

അങ്ങനെ പറയാനാവില്ല.ഇത്‌ നമ്മുടെ സിസ്റ്റത്തിന്റെ കുഴപ്പമാണ്‌. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെയും അവിടങ്ങളിലെ ഭരണനിര്‍വ്വഹണരീതികള്‍ അടുത്തറിയാന്‍ സാധിച്ചതിന്റെയും അടിസ്ഥാനത്തില്‍ പറയുകയാണ്‌ ഇത്രത്തോളം കറപ്റ്റ്‌ ആയിട്ടുള്ള ഒരു ഉദ്യോഗവൃന്ദം നമ്മുടെ നാട്ടിലല്ലാതെ മറ്റിടങ്ങളില്‍ അപൂര്‍വ്വമായി മാത്രമേയുള്ളു. ജനങ്ങള്‍ അവരുടെ കടമകളും അവകാശങ്ങളും തിരിച്ചറിയാത്തിടത്തോളം ഇത്‌ തുടരുമെന്നുതന്നെയാണ്‌ എന്റെ വിശ്വാസം. മാത്രമല്ല ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വത്തിന്റെ കീഴില്‍ മാത്രമേ നല്ലൊരു സിസ്റ്റത്തിന്‌ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു.

സുനില്‍ ചിലമ്പിശ്ശേരില്‍.
Subscribe Tharjani |