തര്‍ജ്ജനി

മുഖമൊഴി

സ്വാതന്ത്ര്യവും പൂച്ചക്കരച്ചിലും

ചുരുങ്ങിച്ചുരുങ്ങി ലോകമൊടുവില്‍ മൂലയിലിരിക്കുന്ന കെണിയോളം ചെറുതായിപ്പോയെന്ന് ഉത്കണ്ഠപ്പെടുന്ന ഒരു എലിയെ കാഫ്ക തന്‍റെ ചെറിയ കഥകളിലൊന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭൂഗോളത്തെ ഒരു ഗ്രാമമായി വിഭാവന ചെയ്ത മാര്‍ഷല്‍ മക്‌‌ലൂഹനും 1990-നു ശേഷം ‘ലോകം പരന്നതെങ്ങനെ’ എന്നു വിശദമായി ഉപന്യസിച്ച തോമസ് ഫ്രൈഡ്‍മാനും സാദ്ധ്യമാകാതിരുന്ന ഒരു ഉപദര്‍ശനമാണ് കാഫ്കയുടേത്. പരന്നതായാലും കുറിയതായാലും ഈ ലോകത്ത് ചുറ്റിത്തിരിയാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ അത്യന്തികമായി പൊയ്ക്കൊണ്ടിരിക്കുന്നതെവിടെ എന്ന ചോദ്യത്തെയാണ് കാഫ്കയുടെ എലി പ്രതീകവത്കരിച്ചത്. ടെക്നോളജിയുടെ കേബിളുകള്‍ വരിഞ്ഞു ചെറുതാക്കിക്കൊണ്ടിരിക്കുന്ന ഒരു ലോകം മാത്രമേ നമ്മുടെ ചിന്തകളെ ബാധിക്കുന്നുള്ളൂ. നമുക്കു പിന്നില്‍ തുറന്നു വച്ചിരിക്കുന്ന പൂച്ചവായകളെക്കുറിച്ചോ അവ നമ്മുടെ സഞ്ചാരപഥത്തെ എത്രമാത്രം ഇടുക്കിക്കളയുന്നു എന്നതിനെക്കുറിച്ചോ നാം അത്ര ബോധവാന്മാരല്ല. ലോകത്തിലെ അര-മുഴുപ്പട്ടിണിക്കാര്‍ മുണ്ടാണെമുക്കാലും വിന്യസിക്കപ്പെട്ടിരിക്കുന്ന മൂന്നാംലോകരാജ്യങ്ങളിലായിരുന്നു ഈ പൂച്ചവായകള്‍ കൂടുതലും എന്നുള്ളതുകൊണ്ടാണ് അധികം ആരും അതെപ്പറ്റി ചിന്തിക്കാതെ പോയത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ അങ്ങനെയുള്ള അയിത്തമൊന്നുമില്ല എന്ന് സമ്പന്ന രാജ്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ന്യുയോര്‍ക്കിനും സൌദിയ്ക്കും പാരീസിനും ശേഷം. അതുകൊണ്ടാണ് എവിടെ ബോംബുപൊട്ടിയാലും അപലപിക്കുന്ന പ്രസ്താവനകളുമായി ലോകനേതാക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഏറ്റവും ചൂടന്‍മേഖലയായിത്തീര്‍ന്നിട്ടുണ്ട്, മുംബൈ,കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍. പലതരത്തിലുള്ള അക്രമങ്ങള്‍ ഉഴുതുമറിച്ചമണ്ണായതുകൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് അവിടെ വിളവ് നൂറുമേനിയാണ്. 1993-ല്‍ 13 സ്ഥലങ്ങളിലാണ് മുംബൈയില്‍ പൊട്ടിത്തെറി നടന്നത്. പിന്നെ 1998-ല്‍, 2002-ല്‍, 2003-ല്‍ മാത്രം ഏഴിടത്ത് പലപ്പോഴായി, മുന്നൂറോളം ആളുകളെ കൊന്നുകൊണ്ട്. 2006-ആയപ്പോഴേയ്ക്കും ഏഴു ബോംബുകള്‍ ഒരേ ദിവസം. ഏതാണ്ട് ഒരേ സമയം. മുംബൈയോളം വരില്ലെങ്കിലും ദില്ലിയും കോയമ്പത്തൂരും തീവ്രവാദത്തിന്‍റെ പ്രഹരം ഏറ്റുവാങ്ങിയിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ പലപ്പോഴും നമ്മുടെ പത്രങ്ങള്‍ വാര്‍ത്തയാക്കാത്തതുകൊണ്ട് നാം അറിയുന്നില്ല. ലക്ഷ്യത്തിലെത്താത്ത മോഹങ്ങള്‍ (മോഹഭംഗങ്ങള്‍) വഴിതെറ്റിവന്ന് നിത്യവൃത്തിയ്ക്കുഴക്കുന്നവരുടെ തലയ്ക്കടിക്കുന്ന കാഴ്ചയാണ് ഈ ചോരക്കളിയിലെല്ലാമുള്ളത്. ചെറുതും വലുതുമായ വിവിധയിനം കലാപങ്ങളുടെ ബാക്കിപത്രമായ പ്രതികാരദാഹത്തിനൊപ്പം മറ്റൊരു പേരുകൂടി ഇന്ത്യയിലെ പ്രധാന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കേള്‍പ്പിക്കുന്നുണ്ട്. അതു പക്ഷേ വളരെ മോഹനമായൊരു വാക്കാണ് ! സ്വാതന്ത്ര്യം! നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന ഒരു പ്രദേശത്തിന്‍റെ സ്വയം നിര്‍ണ്ണയാവകാശം.

മത തീവ്രവാദത്തിന്‍റെ ഹൈടെക് ഘടനയില്ല, പ്രാദേശിക വിപ്ലവവാദങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും. എങ്കിലും അധികാരസ്വാതന്ത്ര്യത്തെ പ്രശ്നവത്കരിക്കുന്ന ഒരു വശം നക്സല്‍ ആക്രമണങ്ങള്‍ക്കുമുണ്ട്. പ്രവര്‍ത്തനസ്വാതന്ത്ര്യത്തെയും. ഒറീസ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് , അരുണാചല്‍ എന്നിവ നക്സല്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളാണ് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഛത്തീസ് ഗഢില്‍ അഭയാര്‍ഥിക്യാമ്പ്‌ ആക്രമിച്ച് മാവോവാദികള്‍ കൊന്നത് 30 ഗ്രാമീണരെയാണ്. 250 പേരെ കാണാനില്ലാതെയായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സംസ്ഥാനത്തിലാണ് അഞ്ചുകുട്ടികള്‍ നക്സലൈറ്റുകളാല്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. അവര്‍ തങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിനു കൈമാറി എന്നതായിരുന്നു കാരണം. ആയുധമെടുക്കുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത് സമൂഹത്തിന്‍റെ കൊള്ളരുതായ്മയാണ്. നിലനില്‍ക്കുന്ന സമൂഹത്തിന്‍റെ അക്രമസ്വഭാവമാണ്, അടിച്ചമര്‍ത്തല്‍ നയമാണ് പ്രതിക്രിയയില്‍ ഒരുപാട് രക്തമൊഴുക്കുന്നത് എന്നാണ് സായുധതീവ്രവാദത്തിന്‍റെ നിലപാട്. അതായത് സ്ഫോടനങ്ങളായാലും തോക്കും കുന്തവുമുപയോഗിച്ചുള്ള കൂട്ടക്കൊലകളായാലും ഒഴുകുന്ന രക്തം വ്യവസ്ഥയുടേതാണെന്നും അതൊഴുകാതെ മാറ്റം സാദ്ധ്യമല്ലെന്നും. അറിയാവുന്ന വിവരങ്ങള്‍ കൈമാറാതിരുന്നാല്‍ പോലീസ്, കൈമാറിയാല്‍ മതതീവ്രവാദികള്‍ അല്ലെങ്കില്‍ നക്സലൈറ്റുകള്‍. ഇരുവശത്തും രാകികൂര്‍പ്പിച്ച പല്ലുകള്‍. ഇവയ്ക്കിടയില്‍ ഓടിയോടി മാനാഭിമാനങ്ങളും ജീവിക്കാനുള്ള അവകാശവും ഒക്കെ കൈമോശം വന്നുപോകുന്ന പട്ടിണിക്കാരുടെ സ്വാതന്ത്ര്യത്തെ വിശകലനം ചെയ്യാന്‍ അതുപോലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് പെട്ടെന്ന് ചിന്താപദ്ധതികളൊന്നും തോന്നിയെന്നു വരില്ല. അതുകൊണ്ടാണ് മനുഷ്യകുരുതി വീണ ഇടങ്ങളിരുന്നവര്‍ കരഞ്ഞു പോകുന്നത്.

ഈ രണ്ടു വിഭാഗത്തില്‍‌പ്പെടുന്ന സംഭവങ്ങളില്‍ നിന്നും ഒറ്റയടിപ്പാതകള്‍ കേരളത്തിലേയ്ക്ക് നീളുന്നുണ്ട്. ഒരു പക്ഷേ അല്പം ഉത്സാഹിച്ചാല്‍ എക്സ്പ്രെസ്സ് ഹൈവേയായി വികസിച്ചേക്കാവുന്ന വഴികള്‍. അതുകൊണ്ടാണ്` ഈ ഉദാഹരണങ്ങള് മാത്രം നിരത്തിയത്. ‍. സ്വാതന്ത്ര്യം സൃഷ്ടിക്കുന്ന ഉത്കണ്ഠകള്‍ ഉത്തരവാദിത്വബോധത്തെ പുതുക്കുമ്പോഴാണ് സമൂഹം മുന്നോട്ട് ചലിച്ചു തുടങ്ങുന്നത് എന്നൊക്കെയാണ്‌` നാം ഉരുവിട്ട് പഠിച്ചത്. പക്ഷേ ആരുടെ സ്വാതന്ത്ര്യം? സ്വാതന്ത്ര്യലബ്ധിയുടെ അന്‍പത്തിയൊന്‍പതാം വര്‍ഷത്തിലും ഉള്ളില്‍ വേരുപിടിക്കാത്ത ചുമതലാബോധത്തെപ്പറ്റി ഇനി വേവലാതിപ്പെട്ടാല്‍ തന്നെ പ്രയോജനമെന്താണ്? മറ്റൊരാളെകൂടി ജീവിക്കാനനുവദിക്കുന്ന തരത്തില്‍, സ്വന്തം ഇടത്തെപ്പറ്റി വിനീതനാവുക എന്നുള്ളതാണ് ജനാധിപത്യപൌരബോധത്തിന്‍റെ കാതല്‍. എന്തുകൊണ്ടോ ആളെണ്ണം കൂടുന്നതിനനുസരിച്ച്, അപകടകരമായ വിധത്തില്‍ കേരളം കൂടുതല്‍ അക്രമാസക്തമാവുന്നു. അസ്വസ്ഥവും അസഹിഷ്ണുവുമാകുന്നു. പുരോഗമനപരമായ എല്ലാ മാറ്റങ്ങള്‍ക്കും നേരെ വാതിലടയ്ക്കുന്നു. കാപട്യങ്ങളെ കൈക്കൊട്ടി പ്രോത്സാഹിപ്പിക്കുന്നു. വഴിനീളെ തുപ്പുന്നു.

അടുത്തകാലത്ത് വിവിധതരത്തിലുള്ള തീവ്രവാദപ്രവര്‍ത്തനത്തിന്‍റെ ഇരകളായ 900 കുട്ടികള്‍ ഗാന്ധി സമാധിയില്‍ ഒത്തുകൂടിയിരുന്നു. തീവ്രവാദം കൊണ്ടു ശാരീരികമായും മാനസികമായും വൈകാരികമായും തകര്‍ന്നുപോയ പുതുതലമുറയുടെ നേര്‍സാക്ഷ്യങ്ങള്‍. റോയിട്ടേഴ്സ് അലര്‍ട്ട്നെറ്റ് സര്‍വേ പറയുന്നത് കുട്ടികള്‍ക്കു താമസിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നാണ്. 50,000 കുട്ടികളുടെ കൈകളിലേയ്ക്ക് തോക്കുകള്‍ വച്ചുകൊടുത്ത ശ്രീലങ്കയേക്കാള്‍ മുന്നിലാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ മൊത്തം ദരിദ്രരില്‍ 36% ഇന്ത്യന്‍ ജനതയാണ്. കുത്തിവയ്പ്പുകൊണ്ട് പ്രതിരോധിക്കാവുന്ന അസുഖങ്ങളാല്‍ അഞ്ചുവയസ്സിനു താഴെയുള്ള 26% കുഞ്ഞുങ്ങള്‍ പ്രതിവര്‍ഷം മരിച്ചുവീഴുന്ന ഇടം.

ഇന്ത്യയെ സംബന്ധിക്കുന്ന ഭീഷണമായ അറിവുകള്‍ മോചനലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന സെക്ടുകള്‍ക്ക് തീവ്രത്തെ അതിതീവ്രമാക്കാനുള്ള ഉപാധികള്‍ മാത്രമാണ്. ചവിട്ടിയരയ്ക്കപ്പെട്ട മതാത്മക ദേശീയതയുടെയും ഭരണകൂട - മൂലധന നിക്ഷിപ്ത താത്പര്യങ്ങളുടെയും സ്വാഭാവിക പരിണാമം. പോലീസും സൈനികവിഭാഗങ്ങളും അടക്കമുള്ള മര്‍ദ്ദകോപാധികള്‍ ഉപയോഗിച്ച് ഭരണകൂടം, മുള്ളുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്‍റെ ദയാശൂന്യമായ രംഗങ്ങള്‍ മറക്കുന്നില്ല. തെരുവിലൊഴുകിയ, നിരപരാധികളുടെയും നീതിമാന്‍മാരുടെയും രക്തം കൊണ്ടാണ് പലപ്പോഴും നമ്മുടെ നേതാക്കള്‍ കൈകഴുകിയിട്ടുള്ളത്. അപ്പോള്‍ പോലും ത്രാസിന്‍റെ ഒരു പടിയും താഴുന്നില്ല എന്നതാണു വാസ്തവം. സഹനം വിധിക്കപ്പെട്ട പൊതുസമൂഹത്തിന്റെ രക്തം കുടിക്കാന്‍ മുന്നോട്ടുപായുന്ന ആവേശങ്ങളാണ് എല്ലാം. അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനും സ്ഥാപിക്കാനും വേണ്ടിയുള്ള വഴികള്‍. പക്ഷേ പേരുകള്‍ പലത് ! രാഷ്ട്രം എന്ന നിലയിലുള്ള ഇന്ത്യയില്‍ ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ ദീപ്തമായ സങ്കല്പ്പങ്ങളൊക്കെ ഓരോ നിമിഷവും പുതിയ ഭാവങ്ങളും കൈനിലകളും വ്യാഖ്യാനങ്ങളും നേടുകയാണ്. ഗാന്ധിജി, സ്വാതന്ത്ര്യത്തെ രണ്ടായി കണ്ടു, ഭരിക്കുന്നവരുടെയും ഭരണീയരുടെയും. അതു ഭരിക്കുന്നവരുടെ കുത്തകയാവരുത് എന്ന സൌമ്യ മാര്‍ഗം ഉപദേശിച്ചു തന്നു. കാലം മാറിയതോടെ കഥയും മാറി. പല സെക്ടുകളായിപ്പിരിഞ്ഞ് ആരെയും വിഴുങ്ങാനുള്ള കുത്തകയായി അത് പതിയിരിക്കുന്നതാണ് ഇന്നത്തെ കാഴ്ച. മേലുദ്ധരിച്ച കൂട്ടക്കൊലകള്‍ മാത്രമല്ല, സ്വാഭാവിക പ്രതികരണം എന്ന ഓമനപ്പേരിട്ട് നടത്തുന്ന രാഷ്ട്രീയാതിക്രമങ്ങളും വരും, ഈ പട്ടികയില്‍. പൊതുമുതലെന്നോ സ്വകാര്യമുതലെന്നോ ഭേദമില്ലാതെയായിട്ടുണ്ട് സംഘടിതാടിസ്ഥാനത്തിലുള്ള നശീകരണപ്രവണതകള്‍ക്കിപ്പോള്‍.

ഓര്‍ക്കാപ്പുറത്ത് നടുക്കുന്ന ഒരു പൂച്ചക്കരച്ചിലായി വന്ന് നമ്മുടെ സഞ്ചാരപഥങ്ങളെ ഇടുക്കിക്കളയുക മാത്രമാണ് അവയുടെ ദൌത്യം. മറ്റെന്താണ്?

ശിവകുമാര്‍ ആര്‍ പി
Subscribe Tharjani |