തര്‍ജ്ജനി

പുസ്തകം

പുലിയും പെണ്‍കുട്ടിയും

സാഹിത്യത്തില്‍ ജനാധിപത്യവല്‍ക്കരണം ശക്തിയായി നടക്കുന്ന കാലമാണിത്‌. സാഹിത്യവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ചെറുകഥയിലാണ്‌ ഈ പ്രക്രീയ ശക്തവും വ്യാപകവുമായി നടക്കുന്നത്‌.പുതിയ എഴുത്തുകാരുടെ രംഗപ്രവേശം,പുതിയ ജീവിതമേഖലകളുടെ ആവിഷ്ക്കാരം,പുതിയ പ്രമേയങ്ങള്‍ക്കായുള്ള അന്വേഷണം എന്നിവയൊക്കെ അവിടെ കാണാം.ആഗോളജീവിതചലനങ്ങളുമായി ഏതു കുഗ്രാമത്തിലെ മനുഷ്യനും അനുനിമിഷം ബന്ധപ്പെടാതിരിക്കാന്‍ കഴിയാത്തവിധത്തിലുള്ള ശാസ്ത്രസാങ്കേതിക വികാസത്തിന്റെയും അതിവേഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന നഗരീകരണത്തിന്റേതുമായ കാലത്ത്‌, ഓരോ നിമിഷവും പരിണമിക്കുകയും വൈവിധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ സൂഷ്മകോശങ്ങളെ വാങ്മമാക്കുന്ന രാസവിദ്യ ചെറുകഥയ്ക്ക്‌ സമീപഭൂതകാലത്ത്‌ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തവും വിധായകവുമായ ഒരു ലോകോന്മുഖുത നല്‍കിയിരുന്നു.

കേരളീയജീവിതത്തിന്റെ അപരാംശമായി മാറിയിട്ടുള്ള ഒരു യാഥാര്‍ഥ്യമാണ്‌ പ്രവാസം. സ്വന്തം നാടുവിട്ട്‌ ജീവിതമാര്‍ഗ്ഗം തേടി ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക്‌ പോയവരും വിടേശങ്ങളില്‍ എത്തിപ്പെട്ടവരും ഏറെയാണ്‌. കഴിഞ്ഞ നാലുദശകങ്ങളായി ഏറ്റവുമധികം മലയാളികള്‍ ജീവിത വൃത്തിതേടി ചെന്നെത്തിയഭൂവിഭാഗമാണ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍. അപ്രതീക്ഷിതമായി വരദാനം പോലെ കിട്ടിയ എണ്ണസമ്പത്തിനെ ആ നാടിന്റെ ഭൌതിക ജീവിതപുരോഗതിക്കുപയോഗിക്കുന്ന പ്രക്രിയയില്‍ പങ്കാളികളായി രക്തംവിയര്‍പ്പാക്കി പണിയെടുത്ത്‌ സ്വന്തം ജീവിതം കരുപിടിപ്പിക്കുന്നവരാണ്‌ പ്രവാസികളേറെയും. അവരുടെ കഠിനമായ ജീവിതസമര്‍പ്പണം മറ്റൊരുവിതാനത്തില്‍ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക്‌ താങ്ങായി തീര്‍ന്നു.കേരളീയജീവിതത്തില്‍ ബാഹ്യതലത്തിലെങ്കിലും കാണുന്നസാമ്പത്തികസമൃദ്‌ധിയുടെ ഒരുമുഖ്യഘടകം ഗള്‍ഫ്‌ പണത്തിന്റെ സാന്നിദ്‌ധ്യമാണ്‌. ആഗോളനാഗരികതയുടെ പല ഭൌതികോപാധികളും കേരളത്തിലെ സാധാരണക്കാര്‍ക്ക്‌ പ്രാപ്യമാക്കിത്തീര്‍ത്തത്‌ ഗള്‍ഫില്‍ നിന്ന് അവ കേരളത്തിലേക്ക്‌ എത്തിച്ച പ്രവാസികളാണ്‌.

വിട്ടുനില്‌ക്കുന്നതിലൂടെ രൂപപ്പെടുന്ന തീവ്രമായ താല്‌പര്യത്തോടെ, കേരളത്തിന്റെ സാംസ്ക്കരികചലനങ്ങളോടും മലയാളസാഹിത്യത്തോടും പ്രവാസികള്‍ ബന്‌ധപ്പെടാറുണ്ട്‌. കേരളത്തിന്റെ ഗ്രാമീണനുഭവത്തെ ഗൃഹാതുരതയോടെ കാണാന്‍ മാത്രമല്ല, അതിന്റെ പ്രാദേശികമായ സ്വത്വവിശേഷത്തെ ആഗോളീകൃതമായ നവനാഗരികതുമായി ചേര്‍ത്തുവച്ച്‌ അതിലൂടെ രൂപപ്പെടുന്ന സംഘര്‍ഷത്തെ ആവിഷ്ക്കരിക്കാനും പ്രവാസികളില്‍ നിന്നുയര്‍ന്നു വന്ന എഴുത്തുകാര്‍ ശ്രമിക്കാറുണ്ട്‌.

എങ്കിലും മലയാളസാഹിത്യത്തിന്റെ മുഖ്യധാരയില്‍ പ്രവാസാനുഭവം പ്രമേയമാക്കിയ രചനകള്‍ ഏറെയൊന്നും ഉണ്ടെന്നു പറയാനാവില്ല. മലയാളത്തിലെ ഗദ്യകഥാസാഹിത്യത്തിന്റെ ആരംഭകാലം മുതലേ ചെറിയതോതില്‍ അത്‌ പ്രമേയത്തിന്റെ ഭാഗമായി തെളിഞ്ഞുവന്നിട്ടുണ്ട്‌.ഗണനീയമായ ആദ്യനോവലായ ഇന്ദുലേഖയിലും തിരിച്ചറിയപ്പെട്ട ആദ്യചെറുകഥയായ വാസനാകൃതിയിലും അത്‌ കാണാനാകും. റജിമെന്റുകളിലെ പ്രവാസജീവിതം കഥത്മകമായി ആവിഷ്ക്കരിച്ചപട്ടാളക്കാഥികരെയും നമുക്ക്‌ സ്മരിക്കാം. ശ്രദ്ധേയമായ മറ്റൊരുസംഭാവന വിലാസിനിയുടെ നോവലുകളാണ്‌. സിംഗപ്പൂരില്‍ പ്രവാസികളായി എത്തിയ മലയാളികളുടെ ജീവിതമാണ്‌ അവയില്‍ ആവിഷ്ക്കൃതമായിട്ടുള്ളത്‌. ഗള്‍ഫ്‌ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രവാസാനുഭവം ടി. വി. കൊച്ചുബാവ,പി.മോഹനന്‍ തുടങ്ങിയവരുടെ ചില രചനകളില്‍ കടന്നുവരുന്നു. എങ്കിലും മലയാളസാഹിത്യത്തിന്റെ വര്‍ത്തമാനസ്ഥലികളില്‍ ഗള്‍ഫ്‌ പ്രവാസത്തിന്റെ അനുഭവങ്ങള്‍, കേരളീയജീവിതത്തില്‍ ഗള്‍ഫ്‌ പ്രവാസികള്‍ ചെലുത്തിയ സ്വാധീനതയോടെ തട്ടിച്ച്‌ നോക്കുമ്പോള്‍ വേണ്ടവിധത്തില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്‌ എന്നു തോന്നുന്നില്ല.

ഈ പശ്ചാത്തലത്തിലാണ്‌ ജോസഫ്‌ അതിരുങ്കലിന്റെ 'പുലിയും പെണ്‍ കുട്ടിയും' എന്നസമാഹാരത്തിലെ കഥകള്‍ പരിഗണനീയമാകുന്നത്‌. മരുപുഷ്പം,അദൃശ്യവിതാനങ്ങളില്‍ നിന്നൊരാള്‍,രാസപരിണാമം തുടങ്ങിയ കഥകള്‍ ഗള്‍ഫ്‌ ജീവിതത്തെ മുന്‍ നിര്‍ത്തി എഴുതിയിട്ടുള്ളവയാണ്‌. പ്രവാസികളുടെ ജീവിതത്തിലാകെ സംഭവിക്കുന്ന മരുവത്ക്കരണത്തിനെതിരെയുള്ള ഒരു ആന്തരചലനം ആ കഥകളിലുണ്ട്‌. എന്നാല്‍ പ്രവാസജീവിതത്തിന്റെ പ്രമേയമണ്‌ഡലങ്ങളില്‍ കേന്ദ്രീകരിക്കുന്നു എന്നു പറയാനാവില്ലെങ്കിലും പരോക്ഷമായി ആ മണ്‌ഡലത്തോട്‌ ബന്ധപ്പെട്ട പ്രമേയങ്ങളോട്‌ ചേര്‍ന്നു നില്‌ക്കുന്നവയാണ്‌ ഈസമാഹാരത്തിലെ കഥകളേറെയും ആഗോളവല്‌കൃതമായ ജീവിത സന്ദര്‍ഭങ്ങളില്‍ പ്രാദേശിക സ്വത്വം മുതിര്‍ന്നു നില്‍ക്കുന്നവരുടെ അന്ത:സംഘര്‍ഷങ്ങള്‍ കഥാ വിഷയമാവുകയാണിവിടെ. ആ നിലയില്‍ കേരളജീവിത്തിന്റെ ഗ്രാമീണനും പരമ്പരാഗതവും ഒട്ടേറെ ഇഴകള്‍ പുതിയകാലത്തിന്റെ പരീക്ഷണങ്ങളെ നേരിടുന്നതിന്റെ കൌതുകകരമായ ചിത്രങ്ങളാണ്‌ ഈ കഥയില്‍ ചിലതൊക്കെ. ഇവയെ ഈ നിലയില്‍ നിരീക്ഷിക്കാന്‍ പാകത്തിലുള്ള കലാപരമായ അകലം ആഖ്യാതാവിന്‌ ലഭിക്കുന്നത്‌ പ്രവാസനുഭവത്തിന്റെ പശ്ചാത്തലമാണെന്നു തോന്നുന്നു.

കാലത്തിന്റെ മാറ്റത്തില്‍ ജീവിതത്തിനുണ്ടാകുന്ന പരിണാമം മനുഷ്യരുടെ വീക്ഷണത്തില്‍ ഉണ്ടാകുന്ന വ്യതിയാനം രണ്ടു ധ്രുവങ്ങളില്‍ നില്‌ക്കുന്ന കഥാപാത്രങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന 'വംശാവലി' ശ്രദ്ധേയമായ ഒരു കഥയാണ്‌. ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിത സമീപനത്തിലെ നിഷേധാത്മകമായ വിതാനത്തെ പഴയതലമുറയുടെ പ്രതിനിധിയായ ഏലി മുത്തശ്ശിയുടെ കാഴ്ചപ്പാടില്‍ സ്വാനുഭവങ്ങളിലൂടെ നടത്തുന്ന പുന:പര്യടനത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്ന രചനയാണത്‌.

സദാചാരത്തെ സംബന്ധിച്ചും ദാമ്പത്യത്തെ സംബന്ധിച്ചുമുള്ള മൂല്യസങ്കല്‌പങ്ങളെ കൊഞ്ഞനം കുത്തുന്ന ഒരു സന്ദര്‍ഭമാണ്‌, എല്ലാ മൂല്യങ്ങളെയും ലാഭക്കൊതിയുടെ മുമ്പില്‍ അപ്രസക്തമാക്കുന്ന പുതിയ വാണിജ്യ സംസ്കൃതിയുടെ പിണിയാളുകളാവാന്‍ വിധിക്കപ്പെട്ടവരിലുടെ അവതരിക്കപ്പിക്കുന്ന മോഡലില്‍ ഉള്ളത്‌. ഈ പ്രമേയത്തിന്റെ ഗ്രാമീണപശ്ചാത്തലത്തില്‍ ഉള്ള മറ്റൊരാവിഷ്ക്കാരമാണ്‌'ആറ്റരികത്തു വിതയ്ക്കുന്നവര്‍' .മറ്റുള്ളവരുടെ സമ്പത്ത്‌ നിപുണമായി ചൂഷണം ചെയ്യുന്ന പലിശക്കച്ചവടത്തിലൂടെ ധനം നേടി സമൂഹത്തിന്റെ ദൃഷ്ടിയില്‍ വിജയശില്‌പിയായി മാറിയ ഒരു നാടന്‍ മനുഷ്യന്റെ കഥ, അയാളെ ടി.വി. ചാനലിനുവേണ്ടി അഭിമുഖം നടത്താന്‍ വന്ന പത്രപ്രവര്‍ത്തകയോടു സംസാരിക്കുന്നമട്ടില്‍ ആവിഷ്ക്കരിച്ച രചനയാണിത്‌. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാഫിയാവല്‌ക്കരണത്തിന്റെയും അതിന്റെ വലക്കണ്ണികളില്‍പ്പെട്ട്‌ നിസ്സഹായകരായി മാറുന്നചെറുപ്പക്കാരുടെയും കഥയാണ്‌ 'കറുത്ത പൂച്ചകള്‍ കുറുകെ ചാടുമ്പോള്‍'

Rainbow Books

ഈ കഥകളില്‍ മിക്കതിനും സവിശേഷമായ ഒരു പ്രാദേശികസ്പര്‍ശം പകരാന്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്‌.മധ്യതിരുവതാംകൂറിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ മനുഷ്യരുടെ ഭാഷയുടെയും ഭാഷണരീതിയുടെയും അടയാളങ്ങള്‍ അവയിലുണ്ട്‌. പ്രതേയകിച്ചും പ്രവാസാനുഭവം ചിത്രീകരിക്കുന്ന കഥകളുടെ വിദേശനാഗരിക പശ്ചാത്തലത്തിനെതിരെ ഈ പ്രാദേശികരുചി ആകര്‍ഷകമായി അനുഭവപ്പെടുന്നു.

പൊതുവില്‍ സമകാലിക മലയാളസാഹിത്യം പ്രശ്നവല്‌ക്കരിക്കുന്ന ഒരു മുഖ്യപ്രമേയത്തിന്റെ-ആഗോളതയും പ്രാദേശികതയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ-വ്യത്യസ്ത വിതാനങ്ങളെ ചെറുകഥകളായി അവതരിപ്പിക്കുന്ന ഈ രചനകള്‍, ആ നിലയില്‍ത്തന്നെ ശ്രദ്ധേയമാണ്‌. ഈ കഥകളെഴുതിയ എഴുത്തുകാരന്‌ മലയാളകഥാസാഹിത്യത്തിന്റെ മുഖ്യധാരയില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഈ കഥകള്‍ തരുന്നു.അത്‌ സാഫല്യത്തിലെത്തട്ടെ!

ഡോ. കെ. എസ്‌. രവികുമാര്‍
Subscribe Tharjani |