തര്‍ജ്ജനി

പറയാതിരുന്നതു്‌

മഴ പോലെ
നിന്റെ പ്രണയം പെയ്തിറങ്ങുമ്പോള്‍
വാക്കുകള്‍ അര്‍ത്ഥരഹിതമാകുന്നതു്‌
എന്തുകൊണ്ടാണു്‌?
ഏതു വാക്കിലാണെന്റെ പ്രണയം
ഞാന്‍ പറയേണ്ടതു്‌?

പച്ച നിഘണ്ടുവിന്റെ താളുകള്‍ക്കിടയില്‍
ധ്യാനിച്ചിരിക്കും മയില്‍പ്പീലികള്‍ക്കു്‌
മാത്രമറിയാവുന്നൊരു വാക്കു്‌
ഞാന്‍ എങ്ങനെയറിയും?

പൊറുക്കുക,
എന്റെ പ്രണയം
ഹൃദയത്തില്‍ത്തന്നെ സൂക്ഷിക്കുന്നതിന്‌.