തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

ഹൃദയം, ബാക്കി വെച്ചത് ...

ചിതറിത്തെറിച്ച
ഭാഗാവശിഷ്ടങ്ങളിൽ
കത്തിത്തീർന്നതാദ്യം ഹൃദയം ..

മുറിച്ചു മാറ്റാതെയൊട്ടിപ്പിടിച്ചു്
കിതച്ചു മൂളിനിന്ന്
ഒരുപാടുകാലം പൂത്തു്
ഒരുപാടധികം കനച്ചു്
ഒരുപാടങ്ങനെയൊരു
ജീവിതമങ്ങിനെയെന്ന്
ചൂണ്ടിപ്പറഞ്ഞ മിടിപ്പുസൂചി .

മുഴുവനെനിക്കെന്ന്
എണ്ണിപ്പറഞ്ഞു നീ
മുഴുവനുമെടുത്ത അതേ ഹൃദയം..

ഒറ്റവരമ്പിലൂടെയൊറ്റയ്ക്ക്
തേങ്ങിയും തേഞ്ഞും
മിടിപ്പ് നിലച്ചമാതിരി
കരിഞ്ഞകാലം..
ചേർന്ന്, ചേർത്ത് വെച്ചൊന്നുറങ്ങാൻ
ഒരുവേള തൊട്ടുനില്ക്കാൻ
ഇരുട്ടത്തു പതിയെവരുന്നതെന്തും
ഭയന്ന കാലം ...

ഇന്ന് ,
ഹൃദയം തൊട്ടിറങ്ങിയ
അവസാനയാന്തലിൽ
നിനക്കൊപ്പാൻ
മാത്രമവശേഷിപ്പിച്ചു്
ഞാനുറങ്ങുമ്പോൾ,
അരികേ, ഒരുപാടരികേ
ചേർത്തുവെയ്ക്കുക,
ഒരിക്കൽ ഞാൻ കട്ടുതിന്ന
നിന്റെ ഹൃദയം..
കൊതിതീരാതെ, മതിയാകാതെ
ഒളികണ്ണിട്ടു,പരതിപപ്പാതി
കുടിച്ചു വറ്റിച്ച നിന്റെ ഹൃദയം..

അപ്പോൾ,
ഒരായുസ്സിന്റെ ഊക്കൻ
വഴികളിൽ
പറയാതെ പറഞ്ഞ
സങ്കടചെപ്പുകളുടെ
മതിവരാക്കഥകൾ
കേൾക്കാൻ ഞാനില്ലാതെ,
നീ പിടയുമ്പോൾ
അപ്പോൾ,
അപ്പോൾ മാത്രം കേൾക്കാം
നീ ഒറ്റയ്ക്കാക്കിപ്പോയ
കറുത്ത കടലിരമ്പങ്ങളിൽ ,
മുറിഞ്ഞുപോയ വാക്കുകളുടെ
കൂറ്റൻ ശവക്കൂനയിൽ
പകരമില്ലാത്ത അപാരമൗനം..

ആ ഹൃദയം നിന്റേതായിരുന്നു..
നിനക്കുള്ളതായിരുന്നു..
നീ മണത്തതും തൊട്ടതും
നീ പറിച്ചെറിഞ്ഞതും
ചവിട്ടിത്തേച്ചതും
നിന്റേത് മാത്രമായി
ജീവിച്ച എന്റെ
ഹൃദയമായിരുന്നു...

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2017-01-11 19:11.

ആ ഹൃദയം നിന്റേതായിരുന്നു..
നിനക്കുള്ളതായിരുന്നു..
നീ മണത്തതും തൊട്ടതും
നീ പറിച്ചെറിഞ്ഞതും
ചവിട്ടിത്തേച്ചതും
നിന്റേത് മാത്രമായി
ജീവിച്ച എന്റെ
ഹൃദയമായിരുന്നു...

Good Sumithra.