തര്‍ജ്ജനി

മുഖമൊഴി

കള്ളപ്പണത്തിനെതിരെ പോരാടിയ ആ അമ്പത് നാളുകൾ

ഇക്കഴിഞ്ഞ നവംബര്‍ മാസം എട്ടാം തിയ്യതി തികച്ചും അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധനചെയ്തുകൊണ്ട് കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് പറയുന്നത്. കള്ളപ്പണം, അഴിമതി, നികുതിവെട്ടിപ്പ്, തീവ്രവാദത്തിനുള്ള സാമ്പത്തികസഹായം എന്നിവയുടെ വേരറുക്കുവാനുള്ള നടപടിയെന്ന നിലയില്‍ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണ് എന്ന് അദ്ദേഹം രാഷ്ട്രത്തെ അറിയിച്ചു. ആ പ്രസംഗം ഇവിടെ കേള്‍ക്കാം. ഈ പോരാട്ടം നടക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള അസുവിധ (ജനങ്ങള്‍ ഇക്കാലയളവില്‍ അനുഭവിച്ച ദുരിതത്തിനുള്ള വാക്കാണത്. മലയാളത്തിലെ ഒരു വാക്കും അതിന് മതിയാവില്ല) പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. കയ്യിലുള്ള റദ്ദാക്കപ്പെട്ട നോട്ടുകള്‍ എന്ത് ചെയ്യണം, ബാങ്കില്‍ നിന്ന് ഒരാഴ്ച എത്ര പണം പിന്‍വലിക്കാനാകും, എ. ടി. എമ്മില്‍ നിന്ന് എത്ര പണം കിട്ടും എന്നെല്ലാം. ഈ അസുവിധകള്‍ അധികം വൈകാതെ ഇല്ലാതാകുമെന്നും പിന്നെ കാര്യങ്ങള്‍ പതിവുപോലെയാവുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം ഡിസംബര്‍ 31 ന് റദ്ദാക്കിയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന പരിപാടി അവസാനിക്കുന്നതോടെ അവസാനിക്കുമെന്നാണ് നിഷ്കളങ്കരായ ജനങ്ങള്‍ കരുതിയത്. ഈ തോന്നലിനെ ബലപ്പെടുത്താന്‍ പൂനെയില്‍ പ്രധാനമന്ത്രി വികാരഭരിതനായി പ്രസംഗിക്കുകയും ചെയ്തു. ആ പ്രസംഗത്തിന്റെ അല്പഭാഗം ഇവിടെ കേള്‍ക്കാം ഈ പ്രസംഗത്തിനിടയിലാണ് രാജ്യത്തിനുവേണ്ടി താന്‍ ചെയ്ത ത്യാഗത്തെക്കുറിച്ച് നരേന്ദ്രമോദി വികാരഭരിതനായത്. വീടും കുടുംബവും രാജ്യത്തിനുവേണ്ടിയാണ് ഉപേക്ഷിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. എന്തു തന്നെയായാലും അമ്പതു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇമാംദാരി ജനങ്ങളുടെ ജീവിതത്തിലെ പ്രയാസങ്ങള്‍ അവസാനിച്ചുതുടങ്ങുമെന്നും ഇമാന്താരികളല്ലാത്ത ജനങ്ങളുടെ ജീവിതത്തില്‍ പ്രയാസങ്ങള്‍ വര്‍ദ്ധിച്ചുതുടങ്ങുമെന്നും അദ്ദേഹം ഉറപ്പിച്ചുതന്നെ പറഞ്ഞു. ഈ പറച്ചില്‍ വീണ്ടും പല വേദികളില്‍ ആവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ, വലിയ സാമ്പത്തികശാസ്ത്രജ്ഞരൊന്നുമല്ലെങ്കിലും സാമാന്യബോധമുള്ളവര്‍ ആരും പ്രശ്നങ്ങള്‍ അമ്പതുനാളുകളില്‍ അവസാനിക്കുമെന്ന് കരുതിയില്ല.

കള്ളവണ്ടിപോലെ ഒരു പദമാണ് കള്ളപ്പണം. ടിക്കെറ്റെടുക്കാതെ ഒരാള്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ച്പറയാന്‍ അയാള്‍ കള്ളവണ്ടി കയറിയെന്ന് പറയുന്നതുപോലെ നികുതിവെട്ടിച്ച് ഒരാള്‍ സമ്പാദിക്കുന്ന പണത്തെ കള്ളപ്പണം എന്ന് വിളിക്കുന്നു. ഒരു തീവണ്ടിയിലെ നൂറ്റു കണക്കിന് യാത്രക്കാരില്‍ ടിക്കെറ്റെടുക്കാത്ത ഒരാളെ ഒറ്റനോട്ടത്തില്‍ കണ്ടെത്താനാവില്ല. അതിനാല്‍ ഓരോരുത്തരുടേയും ടിക്കറ്റ് പരിശോധിക്കാന്‍ റെയില്‍വേ ആളെ നിയമിച്ചിട്ടുണ്ട്. അവര്‍ എല്ലാവരെയും പരിശോധിക്കില്ലെന്നതിനാല്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചേക്കാം. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യവേ ടിക്കറ്റ് പരിശോധകന്‍ പിടികൂടി. റെയില്‍വേ മന്ത്രിയുടെ കുടുംബവും ടിക്കറ്റെടുത്ത് യാത്ര ചെയ്യണം എന്നതാണ് നിയമം എന്ന് അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്. ഈ നടപടി അസ്സലായെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞുവെന്നാണ് പത്രവാര്‍ത്ത. പിന്നീട് ആ ടിക്കറ്റ് പരിശോധകന് വല്ലതും സംഭവിച്ചോ എന്ന് എവിടെയും കണ്ടില്ല. നികുതിക്കാര്യത്തിലും ഇതു തന്നെയാണ് കഥ. നമ്മുടെ രാഷ്ട്രീയനേതാക്കള്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുമ്പോള്‍ അവരുടെ ആസ്തി രേഖാമൂലം സമര്‍പ്പിക്കണം. യഥാര്‍ത്ഥ ആസ്തിയുടെ വളരെ കുറഞ്ഞ ഒരംശം മാത്രമാണ് മഹാഭൂരിപക്ഷവും കണക്കില്‍ കാണിക്കുകയെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഒരു തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച ആസ്തിയുടെ പല മടങ്ങ് വര്‍ദ്ധനയായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കുന്ന ആസ്തിയില്‍ കാണുക. ഈ വര്‍ദ്ധനവ് ആസ്തിയില്‍ ഉണ്ടാകാന്‍ കാരണമായ വരുമാനം എന്താണെന്നും ആ വരുമാനത്തിന് നികുതി അടച്ചിട്ടുണ്ടോ എന്നൊന്നും ആരും ചോദിക്കാറില്ല. ചോദിച്ചാല്‍ മിക്കവാറും നല്ല ഉത്തരമൊന്നുമായിരിക്കില്ല ലഭിക്കുക. രാഷ്ട്രീയനേതാക്കളുടെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ വിവരാവകാശനിയമം അനുസരിച്ച് ലഭിക്കുന്ന വിവരമാണോ എന്ന് സംശയമാണ്. മിക്കവാറും രാഷ്ട്രീയക്കാരും വരുമാനം ലഭിക്കുന്ന ജോലികള്‍ ചെയ്യുന്നവരല്ല. അപ്പോള്‍ അവര്‍ക്ക് എങ്ങനെയാണ് വരുമാനം ഉണ്ടായതെന്ന് വിശദീകരിക്കേണ്ടതായി വരും. നിയമാനുസൃതമല്ലാത്ത വരുമാനം കള്ളപ്പണമാണ്. അതിന് നികുതി നല്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും അത് കള്ളപ്പണം തന്നെയാണ്.

പണത്തെ കള്ളപ്പണമാക്കി മാറ്റുന്ന രാസവിദ്യയുടെ ഏറ്റവും വലിയ പ്രയോക്താക്കള്‍ രാഷ്ട്രീയക്കാരാണ്. പൊതുജീവിതത്തെ മലീമസമാക്കുകയും അഴിമതി നിറഞ്ഞതാക്കുകയും ചെയ്യുന്നത് അവരാണ്. അതിനാല്‍ കള്ളപ്പണത്തിനെതിരെ നടത്തുന്ന ഒരു യുദ്ധം ആരംഭിക്കേണ്ടത് രാഷ്ട്രീയരംഗത്തെ കള്ളപ്പണത്തിനെതിരെ പ്രവര്‍ത്തിച്ചുകൊണ്ടാണ്. പക്ഷെ, കൌതുകകരമായ ഒരു കാര്യം അമ്പതുദിവസത്തെ കള്ളപ്പണത്തിനെതിരെയുള്ള യുദ്ധത്തിനുണ്ട്. റദ്ദാക്കപ്പെട്ട പണം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവനയായി സ്വീകരിക്കാം എന്ന് ഒരു വ്യവസ്ഥയുണ്ടായിരുന്നു. പക്ഷെ, മാദ്ധ്യമങ്ങളും ആം ആദ് മി പാര്‍ട്ടിയും ശക്തമായി രംഗത്തുവന്നതോടെ ധനമന്ത്രാലയം നിലപാട് മാറ്റി. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കള്ളപ്പണം സംഭാവനയായി സ്വീകരിക്കുകയെന്ന നയം എത്രത്തോളം ആദര്‍ശാത്മകവും ആത്മാര്‍ത്ഥവുമാണ് എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല.

ബാങ്കില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000 രൂപയെന്ന് നിജപ്പെടുത്തി. കള്ളപ്പണക്കാരനല്ലാത്ത ഒരാള്‍ സ്വന്തം വരുമാനത്തില്‍നിന്നും സ്വരുക്കൂട്ടിയ നികുതിയടച്ച പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണമാണിത്. അത് ഇപ്പോഴും, അമ്പത് നാളുകള്‍ക്കുശേഷവും തുടരുന്നു. കള്ളപ്പണം പാര്‍ട്ടി ഫണ്ടിലിടാം എന്ന വ്യവസ്ഥ നിര്‍ദ്ദേശിക്കുന്നവര്‍ ഇമാംദാര്‍ ജനങ്ങളുടെ പണം പിടിച്ചുവെക്കുന്നത് എന്തിനാണ്? അതിരിക്കട്ടെ, പ്രതിദിനം എ ടി എമ്മില്‍ നിന്നും എടുക്കാവുന്ന തുകയ്ക്കും പരിധിവെച്ചു. അതും നികുതിയടച്ച സമ്പാദ്യത്തിന്. രണ്ടായിരമായിരുന്നു ആദ്യം, അതിപ്പോള്‍ നാലായിരത്തി അഞ്ഞൂറായി. അതിന്റെ നിയന്ത്രണം ഇല്ലാതായിട്ടില്ല. ഒരാള്‍ കിട്ടാവുന്ന പണം മുഴുവന്‍ പിന്‍വലിച്ചാല്‍ 38,000 രൂപ മാത്രമായിരുന്നു ഒരാഴ്ചയില്‍ കിട്ടുക. ഒന്നിലേറെ എ ടി എം കാര്‍ഡുണ്ടെങ്കില്‍ ആനുപാതികമായ വര്‍ദ്ധനവ് ഉണ്ടാകാം. എന്തായാലും ലക്ഷക്കണക്കിന് രൂപ കിട്ടില്ല. ഇങ്ങനെ കടുത്ത നിയന്ത്രണം ഉണ്ടായിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ പുത്തന്‍ നോട്ടുകള്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പിടിക്കപ്പെട്ടിട്ടുണ്ട്. എവിടെ നിന്നാണ് ഈ പണം വരുന്നതെന്നോ, ആരാണ് ഇതിലെ കുറ്റവാളികളെന്നോ വെളിപ്പെടുത്തുവാന്‍ യാതൊരു ശ്രമവും ഈ വലിയ നിയന്ത്രണങ്ങളെക്കുറിച്ച് പറയുന്ന ധനമന്ത്രാലയമോ റിസര്‍വ്വ് ബാങ്കോ നടത്തിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ, മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളുന്നുവെന്ന് കാണിക്കാന്‍ എന്താണ് ആരും ശ്രമിക്കാതിരുന്നത്?

കള്ളപ്പണം വെളുപ്പിച്ച് നിയമവ്യവസ്ഥകളോട് വിധേയത്വം പുലര്‍ത്തി ജീവിക്കുവാന്‍ നിയമലംഘകര്‍ക്ക് അവസരം നല്കുകയെന്നത് സര്‍ക്കാര്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തനമാണ്. അഴിമതി, കള്ളപ്പണം എന്നിവയെക്കുറിച്ച് രാജ്യം ഉത്കണ്ഠാകുലമായ ഘട്ടത്തിലാണ് യു. പി. എ സര്‍ക്കാരിലെ ധനകാര്യമന്ത്രി പി. ചിദംബരം കള്ളപ്പണം വെളുപ്പിക്കാനുള്ള ആംനെസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്. ഇപ്പോള്‍ കള്ളപ്പണത്തിനെതിരെ യുദ്ധം നടത്തുമ്പോഴും ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി സമാനമായ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം എത്രപേര്‍ എത്ര പണം വെള്ളപ്പണമാക്കിയെന്നതിന്റെ കൃത്യമായ കണക്കുകള്‍ പുറത്തുവരാനിരിക്കുകയാണ്. അതിനിടയില്‍ വന്ന വാര്‍ത്തകളിലൊന്ന് ഗുജറാത്തിലെ ഒരു ചെറുകിട ബിസിനസ്സുകാരനായ മഹേഷ് ഷാ 13,860 കോടി രൂപയുടെ അനധികൃത ആസ്തി തനിക്കുണ്ടെന്ന് ആദായനികുതി വകുപ്പിനു മുമ്പാകെ വെളിപ്പെടുത്തി. ഈ തുകയുടെ 45 ശതമാനം നികുതിയടച്ചാല്‍ ബാക്കിവരുന്ന 65 ശതമാനം അദ്ദേഹത്തിന് നിയമവിധേയമായ പണമാക്കി മാറ്റാം. സ്വയം വെളിപ്പെടുത്തല്‍ പദ്ധതി അനുസരിച്ച് നവംബര്‍ 30നകം നികുതിയുടെ 25 ശതമാനം, 1,560 കോടി രൂപ, അദ്ദേഹം അടക്കണമായിരുന്നു. പക്ഷെ വിചിത്രമെന്നുതന്നെ പറയണം, അദ്ദേഹം പണമടക്കാനുള്ള ഫോം 2, ആദായനികുതി വകുപ്പ് നവംബര്‍ 28ന് റദ്ദാക്കി. നവംബര്‍ 30 ആയിരുന്നു പണം അടക്കുവാനുള്ള അവസാനദിവസം. മാത്രമല്ല, വെളിപ്പെടുത്തല്‍ നടത്തിയ മഹേഷ് ഷാ അപ്രത്യക്ഷനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലും സ്ഥാപനങ്ങളിലുമെല്ലാമായി ആദായനികുതി വകുപ്പ് പരിശോധന നടത്തിയെങ്കിലും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള ചില രേഖകള്‍ കണ്ടെക്കുവാന്‍ മാത്രമേ സാധിച്ചുള്ളൂ. വന്‍ ബിസിനസ്സുകാരനല്ലാത്ത ഷായുടെ പക്കല്‍ ഇത്രയും പണം എന്നത് അവിശ്വസനീയമല്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് പറഞ്ഞ മറുപടി, അദ്ദേഹത്തിന് വലിയ ആളുകളുമായി ബന്ധമുണ്ടെന്ന് എനിക്കറിയാം, അത് അവിശ്വസിക്കേണ്ടതില്ല എന്നാണ്.[url= http://www.hindustantimes.com/india-news/not-my-money-claims-gujarat-realtor-missing-after-declaring-rs-13-860-cr/story-ArD99GVb1INYfurMXl0mEL.html] അപ്രത്യക്ഷനായ അദ്ദേഹം തിരിച്ചെത്തിയതിനെക്കുറിച്ചുള്ള ഈ വാര്‍ത്തകൂടി കാണുക.[/url] കള്ളപ്പണത്തിനെതിരെ യുദ്ധം ചെയ്യുന്ന രീതികള്‍ ഇങ്ങനെയാണെന്നാണ് പത്രവാര്‍ത്തകളില്‍ നിന്ന് മനസ്സിലാകുന്നത്.


ചിത്രത്തിന് കടപ്പാട് The Hindu

റദ്ദാക്കപ്പെട്ട നോട്ടുകളുടെ 97 ശതമാനം, അതായത് 14.97 ലക്ഷം കോടി രൂപ, ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അവര്‍ കണക്ക് പരിശോധിച്ച് കഴിഞ്ഞിട്ടില്ല. 15.44 ലക്ഷം കോടി രൂപയാണ് നോട്ടുറദ്ദാക്കലിലൂടെ സര്‍ക്കാര്‍ പിന്‍വലിച്ചത്. അതില്‍ 2.5 ലക്ഷം കോടി രൂപ കള്ളപ്പണമാണെന്നും അത് ബാങ്കുളിലേക്ക് തിരിച്ചുവരില്ലെന്നുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകൂട്ടിയത്. പക്ഷെ, കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചു. കള്ളപ്പണമേത് വെള്ളപ്പണമേത് എന്ന് തിരിച്ചറിയാനാകാത്ത സ്ഥലജലവിഭ്രാന്തിയാണ് ഇക്കാര്യത്തില്‍ കാണുന്നത്. ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് കള്ളനോട്ടുകള്‍പോലും ധാരാളമായി ബാങ്കുകളിലെത്തി പകരം നല്ല നോട്ടുകളായി പുറത്തുപോയിട്ടുണ്ട്. പറയുന്നത് ശതമാനക്കണക്കാണെങ്കിലും കോടികളുടെ ഇടപാടില്‍ അത് നിസ്സാരമല്ലാത്ത തുക തന്നെയാണ്.

നവംബര്‍ 8ന്റെ പ്രഖ്യാപനം നിഷ്കളങ്കരായ പലരേയും അഴിമതിരഹിതമായ ഇന്ത്യയെന്ന സ്വപ്നം കാണാനും അതിനെക്കുറിച്ച് വിടുവായത്തം പറയാനും പ്രേരിപ്പിച്ചിരുന്നു. അത്തരക്കാര്‍ എല്ലാ കാലത്തും കാണും, ലോകത്തിലെവിടെയും. അത്തരക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ചെയ്ത പ്രസംഗത്തോടെയാണ് കള്ളപ്പണത്തിനും അഴിമതിക്കും തീവ്രവാദത്തിന് പണം നല്കലിനെതിരെയുമുള്ള യുദ്ധത്തിന്റെ ഐതിഹാസികമായ അമ്പതാം നാള്‍ പൂര്‍ത്തിയായത്. അതോടൊപ്പം 2016 എന്ന വര്‍ഷം സമാപിക്കുന്നതും. കൈവരിച്ച ലക്ഷ്യം എന്ത് എന്ന് പ്രധാനമന്ത്രി പറയുമെന്ന് രാഷ്ട്രം കാതോര്‍ത്തെങ്കിലും നിഷ്കളങ്കര്‍ക്കുവേണ്ടിയുള്ള പ്രസംഗം മാത്രമായിരുന്നു അത്. മറ്റെല്ലാ കാര്യങ്ങളിലും മോഡി ചെയ്തുപോരുന്നതുപോലെ യു പി എ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ ചിലത് തപ്പിയെടുത്ത് പേരുമാറ്റി അവതരിപ്പിക്കുകയെന്നതാണ് ഇവിടെയും ചെയ്തത്. ഗര്‍ഭിണികള്‍ക്കുള്ള 6000 രൂപയുടെ ധനസഹായം അക്കൂട്ടത്തിലൊന്നാണ്.

കള്ളപ്പണത്തിനെതിരെ അമ്പത് നാള്‍ പോരാടിയെന്നും ലക്ഷ്യം നേടിയെന്നും നമ്മുക്ക് വെറുതെ വിചാരിക്കാം. ശുഭാപ്തിവിശ്വാസികളായിരിക്കാം. നികുതിയടച്ച സ്വന്തം വെള്ളപ്പണത്തിനായി ബാങ്കുകളില്‍ കാത്തിരിക്കാം, എ. ടി എമ്മിനു മുന്നില്‍ ക്യൂ നില്ക്കാം.

പുതുവത്സരാശംസകള്‍.

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2017-01-11 06:37.

അമിത് ഷാ പ്രസിഡന്റായ അഹമ്മദാബാദിലെ കോപ്പറേറ്റീവ് ബാങ്കിൽ നോട്ടുനിരോധിക്കപ്പെട്ടപാടെ 500 കോടി രൂപയുടെ നിക്ഷേപം ഉണ്ടായതായി വാർത്തകൾ വന്നിരുന്നു. ഈ ലിങ്ക് കാണുക: http://www.indialivetoday.com/amit-shahs-co-operative-bank-at-ahmedabad-ashramam-road-gets-rs-500-crore-deposit-just-after-notes-ban/82014.html

പക്ഷെ, പിന്നീട് എന്ത് സംഭവിച്ചുവെന്ന് വിവരമൊന്നുമില്ല. ഇത് പുറത്തുവന്ന വാർത്ത. മഞ്ഞുമലയുടെ മേൽത്തുമ്പ്. ബാക്കിയെല്ലാം വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്നു.