തര്‍ജ്ജനി

സുധ എ. കെ

സാമ്പത്തികശാസ്ത്രഗവേഷക
കണ്ണുര്‍ സര്‍വ്വകലാശാല.
മെയില്‍ :sudhaak82@gmail.com

Visit Home Page ...

ലേഖനം

വിമുക്തഭടന്മാരുടെ തൊഴിൽ നൈപുണ്യം പാഴാക്കി കളയാനുള്ളതാണോ?

കേന്ദ്ര ഗവണ്‍മെന്റ് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് സൈനികപരിശീലനത്തിനുവേണ്ടി ചെലവഴിക്കുന്നത്. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ റിട്ടയര്‍ ആയിവരുന്ന സൈനികര്‍ക്ക് പരിശീലനം ലഭിച്ച മേഖലകളില്‍ ജോലി ലഭിക്കാതിരിക്കുമ്പോള്‍ ഗവണ്‍മെന്റ് ചെലവഴിക്കുന്ന കോടികളും അതുപോലെ സമ്പമായ മനുഷ്യവിഭവവും പാഴായി പോകുുന്നു.'


2015ലെ ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസത്തില്‍
യോഗപരിശീലനം നേടിയ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രകടനം

ഓരോ വര്‍ഷവും എഴുപതിനായിരത്തിനടുത്ത് ജവാന്മാരാണ് ഇന്ത്യയില്‍ കര - നാവിക - വ്യോമ സേനകളില്‍ നിന്നും റിട്ടയര്‍ ചെയ്തു വരുന്നത്. ഇവരില്‍ ഭൂരിഭാഗവും 30-നും 40-നും ഇടയില്‍ പ്രായമുള്ളവരാണ്. ഇന്ത്യയിലെ വൈവിദ്ധ്യമായ കാലാവസ്ഥയില്‍ - സിയാച്ചിനിലും (40ഡിഗ്രി തണുപ്പിലും) രാജസ്ഥാനിലും (52ഡിഗ്രി 53ഡിഗ്രി ചൂടിലും) വരെ ജോലി ചെയ്യേണ്ടിവരുതിനാല്‍ കുറഞ്ഞ പ്രായത്തിനിടയിലുള്ള റിട്ടയര്‍മെന്റ് എന്നത് ശക്തമായ ഒരു സൈന്യത്തെ നിലനിര്‍ത്താന്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ പല ജവാന്മാര്‍ക്കും അവര്‍ സര്‍വ്വീസില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നിര്‍ബന്ധിത റിട്ടയര്‍മെന്റിന് വിധേയരാകേണ്ടിവരുന്നു. ഇങ്ങിനെ വര്‍ഷംതോറും റിട്ടയര്‍ ചെയ്ത് വരുന്നവരില്‍ എല്ലാവിധ തൊഴില്‍മേഖലകളിലും പ്രാവീണ്യം നേടിയവരുമുണ്ട്. പ്രത്യേകിച്ചും എഞ്ചിനീയര്‍മാര്‍, ക്ലാര്‍ക്കുകള്‍, ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍, സര്‍വ്വേയര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, നഴ്‌സിംങ് അസിസ്റ്റന്റുമാര്‍, ടെക്‌നീഷ്യന്‍മാര്‍, മെക്കാനിക്കുകള്‍, ഇലക്ട്രീഷ്യന്‍മാര്‍, ഡ്രൈവര്‍മാര്‍, ടീച്ചര്‍മാര്‍, കായികാദ്ധ്യാപര്‍ തുടങ്ങിയവര്‍. തൊഴില്‍-സാങ്കേതികവിദ്യയോടൊപ്പം തന്നെ അച്ചടക്കവും ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധതയും നല്ല ആരോഗ്യവും അര്‍പ്പണബോധവും കൈമുതലായുള്ളവരാണ് ഇവര്‍.

ഒരു രാജ്യത്തിന്റെ വികസനത്തിന് മനുഷ്യവിഭവം അത്യന്താപേക്ഷിതമായ ഘടകമാണ്. ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളില്‍ മനുഷ്യവിഭവത്തിന്റെ അഭാവംമൂലം വികസനം കുറയുമ്പോള്‍ ഇന്ത്യയില്‍ അതുണ്ടായിരുിന്നിട്ടും വിനിയോഗിക്കപ്പെടുില്ല. പ്രത്യേകിച്ചും, വിമുക്തഭടന്‍മാരുടെ കാര്യത്തില്‍.

ഇന്ത്യയില്‍ എകദേശം 22.5 ലക്ഷം വിമുക്തഭടന്മാരുണ്ട്. ഓരോ വര്‍ഷവും ഇവരുടെ സംഖ്യയില്‍ 70,000 പേരുടെ വര്‍ദ്ധനവുണ്ടാകുന്നു. അതില്‍ 45 ശതമാനം പേരും 30-നും 40-നും വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. ലോകപ്രശസ്തമായ പല പഠനങ്ങളും (ഡാള്‍ട്ട-റോക്‌സ 1971, ഷെന്റര്‍ 2007 മുതലായവ) കാണിക്കുന്നത് ഒരു മനുഷ്യന്‍ അവന്റെ തൊഴിലില്‍ ഏറ്റവും കൂടുതല്‍ ഉല്പാദനക്ഷമത കാണിക്കുന്നത് 30-നും 40-നും വയസ്സിനിടയിലാണ് എന്നതാണ്. എന്നാല്‍ നമ്മുടെ ജവാന്മാരില്‍ 12-ശതമാനത്തോളം പേര്‍ 35-വയസ്സിനുള്ളില്‍ തന്നെ റിട്ടയര്‍ ചെയ്യുന്നവരാണ്.

കേന്ദ്ര ഗവണ്‍മെന്റ് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് സൈനികപരിശീലനത്തിനുവേണ്ടി വിനിയോഗിക്കുന്നത്. വളരെ ചെറുപ്രായത്തില്‍ തന്നെ റിട്ടയര്‍ ചെയ്യുകയും അതിനുശേഷം അതേ മേഖലയില്‍ ജോലി ചെയ്യാതെ വരികയും ചെയ്യുമ്പോള്‍ ഗവമെന്റ് ഓരോ വര്‍ഷവും ചെലവഴിക്കുന്ന പണം പാഴായി പോകുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

യുദ്ധസമയത്ത് മാത്രമാണ് ജനങ്ങള്‍ ജവാന്മാരെക്കുറിച്ച് ചിന്തിക്കുന്നത്. കൊടുംതണുപ്പിലും ചൂടിലും രാജ്യരക്ഷക്കുവേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്ന് രാജ്യസേവനം ചെയ്യുന്നവരാണ് നമ്മുടെ ജവാന്മാര്‍. മഞ്ഞുപാളികള്‍ക്കിടയില്‍ ദിവസങ്ങളോളം മരണത്തോട് മല്ലിടിച്ച് അവസാനം ജീവന്‍ ത്യജിക്കേണ്ടി വന്ന നമ്മുടെ ഹനുമന്തപ്പയും പഠാന്‍കോട്ടില്‍ തീവ്രവാദികളോട് പൊരുതി വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിനെയും മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനേയും ഒക്കെ നമ്മള്‍ ഓര്‍ന്നക്കുത് ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രമാണ്. അതുപോലെ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ കൈ-കാലുകള്‍ നഷ്ടപ്പെട്ട ധാരാളം വിമുക്തഭടന്മാരും നമ്മുടെ രാജ്യത്തുണ്ട്. നമ്മുടെ ജീവനും സ്വത്തിനും രാജ്യത്തിനും എന്നും കാവല്‍നിന്നവരാണ് ഇവര്‍. അതിനാല്‍, അവരെ സംരക്ഷിക്കുക എന്നത് രാജ്യത്തിന്റെ കടമയാണ്.

കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ വിമുക്തഭടന്‍മാരുടെ തൊഴില്‍നൈപുണ്യം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നില്ല എത് സത്യസന്ധമായ ഒരു വസ്തുതയാണ്. പല ക്ഷേമപദ്ധതികളും ഗവണ്‍മെന്റ് അവര്‍ക്കുവേണ്ടി നടപ്പിലാക്കുന്നുണ്ടങ്കിലും അവരുടെ തൊഴില്‍സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികള്‍ കുറവാണ്. നമ്മുടെ നാട്ടിലെ ഒരു വിദ്യാര്‍ത്ഥി എന്‍ജിനിയറിങ്ങും നഴ്‌സിങ്ങുമൊക്കെ കഴിഞ്ഞ് സെക്യൂരിറ്റി ജോലി നോക്കുവാന്‍ തയ്യാറാകുമോ? അതേപോലെ തന്നെയാണ് സൈന്യത്തില്‍ ഏറ്റവും നല്ല പരിശീലനം നേടി 15-ഉം 17-ഉം അതിലധികവും വര്‍ഷം ജോലി ചെയ്ത് നാട്ടിലെത്തി വളരെ ചെറിയ പ്രായത്തില്‍ തന്നെ സെക്യൂരിറ്റിയായും ഹോം ഗാര്‍ഡായും ഒക്കെ ജോലി ചെയ്യുന്നവരെയും കാണേണ്ടത്.

കേരളത്തില്‍ വിമുക്തഭടന്മാര്‍ക്ക് വേണ്ടിയുള്ള തൊഴില്‍സംവരണം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും വിമുക്തഭടന്മാര്‍ക്ക് എ, ബി, സി, ഡി തസ്തികകളില്‍ 2-മുതല്‍ 20-ശതമാനം വരെ സംവരണം നല്കുമ്പോള്‍ കേളത്തില്‍ അത് എന്‍. സി. സി., സൈനികക്ഷേമവകുപ്പുകളിലെ സിവിലിയന്‍ പോസ്റ്റുകളില്‍ മാത്രം ഒതുങ്ങുന്നു. ഹിമാചല്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക, ഹരിയാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പമാവധി തൊഴില്‍സംവരണം വിമുക്തഭടന്മാര്‍ക്കായി നീക്കിവയ്ക്കുമ്പോള്‍ കേരളം, ബീഹാര്‍, മേഘാലയ തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങള്‍ ഗ്രൂപ്പ് എ, ബി, സി, ഡി ജോലികള്‍ക്ക് യാതൊരു റിസര്‍വേഷനും നല്കുന്നില്ല.

കേരളത്തില്‍ പ്രത്യേകിച്ചും പി. എസ്. സി. നടത്തു ജനറല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റിനുള്ളില്‍ കയറിപ്പറ്റിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മിനിമം വെയ്‌റ്റേജ് മാര്‍ക്ക് മാത്രമാണ് നല്കുന്നത്. കേരളത്തിലെ അഭ്യസ്ഥവിദ്യരായ 20-നും 30-നും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇടയില്‍ നിന്നും 30-40 നും അതിനു മുകളിലും പ്രായമുള്ള വിമുക്തഭടന്മാര്‍ക്ക് അവരോട് മത്സരിച്ച് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുക എന്നത് വളരെ ദുഷ്കരമായ ഒരു കാര്യമാണ്. സൈനികസേവനത്തിനിടയില്‍ പ്രത്യേകിച്ചും കരസേനയിലുള്ളവര്‍ക്ക് ഉപരിപഠനത്തിനുള്ള സാഹചര്യവും കുറവാണ്. അതുകൊണ്ടുതന്നെ അവരുടെ മിനിമം വിദ്യാഭ്യാസയോഗ്യത വെച്ചുകൊണ്ടാണ് കൂടുതല്‍ വിദ്യാഭ്യാസയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുമായി മത്സരിക്കേണ്ടി വരുന്നത്. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളും വിമുക്തഭടന്മാര്‍ക്ക് വേണ്ടി ഏകീകൃതമായ രീതിയില്‍ സംവരണസംവിധാനം നടപ്പിലാക്കാന്‍ തയ്യാറാകണം. ഇതിനോടൊപ്പം സൈനികക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങളിലും മാറ്റം ആവശ്യമാണ്. സെക്യൂരിറ്റി ജോലികള്‍ക്ക് വേണ്ടിമാത്രം വിമുക്തഭടന്മാരെ റിക്രൂട്ട് ചെയ്യുക എന്നതിനേക്കാളും ഉപരിയായി വിമുക്തഭടന്മാരുടെ കഴിവുകള്‍ പരമാവധി വിനിയോഗിക്കുകയെന്ന രീതിയില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണം. പുനര്‍തൊഴില്‍ നല്കുക എന്നത് സൈനികക്ഷേമവകുപ്പുകളുടെ പ്രധാന അജന്‍ഡയാക്കി മാറ്റണം. പ്രൈവറ്റ് സ്ഥാപനങ്ങളിലടക്കം സൈനികക്ഷേമബോര്‍ഡുകള്‍ വഴി നിയമനം നടത്തിയാല്‍ ഉല്പാദനക്ഷമതവര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല. സൈനികക്ഷേമബാങ്കുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, പോളിക്ലിനിക്കുകള്‍, നിര്‍മ്മാണപ്രവര്‍ത്തനമേഖല, ആരോഗ്യമേഖല തുടങ്ങിയ രംഗങ്ങളില്‍ അതാത് മേഖലകളില്‍നിന്ന് വിരമിച്ച ജവന്മാരെ ഉപയോഗിച്ച് ജില്ലകള്‍ തോറും പദ്ധതികള്‍ ആവിഷ്കരിക്കാവുന്നതാണ്.

മറ്റു സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ജീവനക്കാര്‍ അനുകൂലമായ സാഹചര്യങ്ങളില്‍ എട്ട് മണിക്കൂര്‍ ജോലിചെയ്യുമ്പോള്‍ സൈനികര്‍ക്ക് പ്രതികൂലമായ സാഹചര്യങ്ങളില്‍ ദിവസം മുഴുവന്‍ ജോലിചെയ്യേണ്ടതായി വരുന്നു. മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യമോ അതുപോലെ യൂനിയനുകളോ സമരങ്ങളോ അവര്‍ക്ക് അനുവദനീയമല്ല. മാറിമാറി വരുന്ന ഗവണ്‍മെന്റുകളും രാഷ്ട്രീയപാര്‍ട്ടികളും സൈനികരുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടത്ര പരിഗണന നല്കുന്നില്ല. 'ഒരേ റാങ്ക് ഒരേ പെന്‍ഷന്‍' ആവശ്യത്തിന്റെ ചരിത്രം നോക്കിയാല്‍ത്തന്നെ നമ്മുക്ക് അത് വ്യക്തമാവും. ആറു ദശാബ്ദത്തിലേറെ നീണ്ട പോരാട്ടം ഇപ്പോഴും തുടരുകയാണ്.

വിമുക്തഭടന്മാരുടെ ശരിയായ രീതിയിലുള്ള പുനരധിവാസം രാജ്യത്തിന്റെ ആവശ്യമാണ്. സര്‍വ്വീസിലുള്ള ഓരാ ജവാനും വിരമിക്കലിനുശേഷം ഗവണ്‍മെന്റ് തങ്ങളെ സംരക്ഷിക്കും എന്ന ബോദ്ധ്യം ഉണ്ടാവണം. അത് അവരുടെ മാനസികധൈര്യം വര്‍ദ്ധിപ്പിക്കും. യുവതലമുറയെ സൈനികസേവനത്തിലേക്ക് ആകര്‍ഷിക്കുവാനും അവരെ പ്രചോദിപ്പിക്കുവാനുമുള്ള മാര്‍ഗ്ഗം സംതൃപ്തരായ വിമുക്തഭടസമൂഹത്തെ കാണിച്ചുകൊടുക്കുകയാണ്. കാരണം ഇന്നത്തെ ജവാന്മാരാണ് നാളത്തെ വിമുക്തഭടന്മാര്‍.

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2017-01-11 19:09.

അതിർത്തിയിലെ പ്രതികൂലകാലാവസ്ഥയിൽ രാജ്യത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ച് വികാരം കൊള്ളുന്നവർ ഇതൊന്ന് ശ്രദ്ധിക്കുമോ...