തര്‍ജ്ജനി

രേണു രാമനാഥ്

Visit Home Page ...

ലേഖനം

ഭോമയും ട്രാൻസ് ഫോർമേഷനും: സ്കൂൾ ഓഫ് ഡ്രാമയുടെ രണ്ട് അവതരണങ്ങൾ


ഭോമ - തെരുവവതരണം

കേരളത്തില്‍ നാടകപരിശീലനത്തിനുള്ള ആദ്യസ്ഥാപനമായ തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി ചെയ്ത രണ്ടുനാടകങ്ങള്‍ ക്യാമ്പസിന് പുറത്തുകടന്ന് ഒന്നിലേറെ അവതരണങ്ങള്‍ നടത്തുകയുണ്ടായി, ഈയിടെ. തെരുവവതരണങ്ങള്‍ - street performances – എന്നും വിളിക്കാവുന്ന, തുറന്നവേദി തെരഞ്ഞെടുത്തവയായിരുന്നു രണ്ടും എന്നൊരു സവിശേഷതയുമുണ്ടിവിടെ.
ഡ്രാമാസ്കൂളിലെ അദ്ധ്യാപകനായ വിനോദ് വി. നാരായണന്‍, ഒന്നാം വര്‍ഷ ബി.ടി. എ. – എം. ടി. എ. വിദ്യാര്‍ത്ഥികളെക്കൊണ്ട് ചെയ്യിച്ച ‘ട്രാന്‍സ്-ഫൊര്‍മേഷന്‍‘ (Trans-formation) ആണ് ഇതിലൊന്ന്. മൂന്നാം വര്‍ഷ ബി.ടി. എ. വിദ്യാര്‍ത്ഥികളുടെ അവസാനത്തെ ക്ലാസ്സ് പ്രൊഡക് ഷനായി അശ്വത്ഥിന്റെ സംവിധാനനേതൃത്വത്തില്‍ ചെയ്തെടുത്ത ബാദല്‍ സര്‍ക്കാരിന്റെ പ്രശസ്തനാടകമായ ‘ഭോമ‘യാണ് അടുത്തത്.
ഈ രണ്ടു നാടകങ്ങളും ജനുവരി ആദ്യവാരത്തില്‍ കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ - കാസര്‍ഗോഡ് ജില്ലകളില്‍ ‘തെരുവരങ്ങ്‘ എന്ന പേരില്‍ നടത്തിയ തെരുവവതരണങ്ങളുടെ ഫെസ്റ്റിവലില്‍ അരങ്ങേറിയിരുന്നു. ‘ഭോമ‘യാകട്ടെ, അതിനു മുമ്പു തന്നെ കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും അരങ്ങുകള്‍ കണ്ടെത്തി.


ജോസ് ചിറമല്‍

പ്രശസ്ത നാടകസംവിധായകനായിരുന്ന ജോസ് ചിറമല്‍ 1980-കളില്‍ ചെയ്ത ‘ഭോമ‘യുടെ അവതരണം കേരളത്തിലെ നാടകചരിത്രത്തിലെ പ്രധാനപ്പെട്ടൊരേടായിരുന്നു. ഒട്ടേറെ വേദികളില്‍ വര്‍ഷങ്ങളോളം അവതരിപ്പിക്കപ്പെട്ട ജോസ് ചിറമലിന്റെ ‘ഭോമ‘യായിരുന്നു കേരളത്തില്‍ തെരുവവതരണങ്ങളുടെ രീതിയെ സൌന്ദര്യാത്മകമായ രീതിയില്‍ വഴിതിരിച്ചുവിട്ടതെന്ന് പറയാം. അതുകൊണ്ടു തന്നെ, തുടക്കക്കാരനായ ഒരു നാടകവിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ചെറിയ വെല്ലുവിളിയൊന്നുമല്ല ‘ഭോമ‘ ഉയര്‍ത്തുകയെന്ന് പറയേണ്ടതില്ല. ആ വെല്ലുവിളിയെയും ഉത്തരവാദിത്വത്തേയും മനസ്സിലാക്കിക്കൊണ്ടുതന്നെയാണു അശ്വത്ഥ് ‘ഭോമ‘ സംവിധാനം ചെയ്യാന്‍ തുനിഞ്ഞത്.
‘എന്തിനാണു നമ്മള്‍ ‘ഭോമ‘യെ തിരയുന്നത് ?‘ എന്ന വിമര്‍ശനാത്മകമായ ചോദ്യമാണ് താന്‍ ‘ഭോമ‘യുടെ ഈ അവതരണത്തിലൂടെ ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് അശ്വത്ഥ് പറയുന്നു. ‘പണത്തിലും മുതലാളിത്തവ്യവസ്ഥയിലും അടിയുറച്ചുനില്ക്കുന്ന ഈ സമൂഹത്തില്‍ നാം ഭോമയെ തിരയുന്നതെന്തിന്? നമുക്കും സാമൂഹ്യപ്രതിബദ്ധതയുണ്ടെന്ന് തെളിയിക്കാന്‍ മാത്രമോ? ‘ എന്നാണ് അശ്വത്ഥിന്റെ ചോദ്യം. ഇന്നത്തെ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍കൂടി നാടകത്തില്‍ ഉള്‍ച്ചേര്‍ക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളായ ഗോവിന്ദ്, സുമേഷ്, അഭിലാഷ്, ടിറ്റോ, ലാക്സന്‍, നാരായണന്‍, ഗോപാലകൃഷ്ണന്‍, അനന്തകൃഷ്ണന്‍, വിഷ്ണു പ്രദീപ് എന്നിവരാണ് അഭിനേതാക്കള്‍. സ്കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യാവതരണത്തിനു പ്രകാശവിന്യാസം ഉപയോഗിച്ചുവെങ്കിലും തുടര്‍ന്നുള്ള അവതരണങ്ങള്‍ സാധാരണ പ്രകാശത്തില്‍ത്തന്നെയായിരുന്നു. അശ്വത്ഥും ശ്രീജിത്തുംചേര്‍ന്ന് തത്സമയം അവതരിപ്പിച്ച സംഗീതവും നാടകാവതരണത്തെ ഏറെ സഹായിച്ചു. സജിത്താണ് വസ്ത്രസംവിധാനം നിര്‍വ്വഹിച്ചത്. നന്ദഗോപന്‍, വൈശാഖ്, അഭിഷേക് തുടങ്ങിയവര്‍ സഹായികളായിരുന്നു.

എവിടെയും കൊണ്ടുചെന്ന് അവതരിപ്പിക്കാവുന്ന ലാളിത്യത്തോടെയാണ് ‘ഭോമ‘ ചെയ്തെടുത്തിരിക്കുന്നത്. പ്രത്യേകിച്ച് സെറ്റോ രംഗോപകരണങ്ങളോ ഉപയോഗിക്കുന്നില്ല. ഏറ്റവും കുറഞ്ഞ ചെലവില്‍, നടന്മാരുടെ ശരീരഭാഷയെത്തന്നെ പരമാവധി ഉപയോഗിക്കുന്നു, ഈ അവതരണം. അതുകൊണ്ടുതന്നെ, ചെല്ലുന്നിടത്ത് അവതരിപ്പിക്കാന്‍ കഴിയുമെന്നൊരു സൗകര്യവും ഇവര്‍ക്കുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന കൊച്ചി – മുസിരിസ് ബിനാലെ കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ കിട്ടിയ വേദിയില്‍ അവിടെ നാടകം അവതരിപ്പിക്കുകയായിരുന്നു. അതിനുശേഷം, തിരുവനന്തപുരത്ത് മാനവീയംവീഥിയിലും ‘ഭോമ‘ അവതരിപ്പിക്കപ്പെട്ടു.


വിനോദ് വി നാരായണന്റെ ട്രാന്‍സ് ഫോര്‍മേഷനിലെ ഒരു രംഗം

തുറസ്സായവേദിയെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ഉപയോഗിക്കാനുള്ള ശ്രമമാണ് വിനോദ് വി നാരായണന്റെ ‘ട്രാന്‍സ്-ഫൊര്‍മേഷ‘നില്‍. ദളിത് വിഭാഗങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പലതലത്തിലുള്ള അടിച്ചമര്‍ത്തലുകളെ വരച്ചുകാണിക്കുന്ന ഈ നാടകത്തില്‍ മുഖ്യകഥാപാത്രവും രംഗോപകരണവുമായി മാറുന്നത് ഒരു കാര്‍ ആണ്. അധികാരത്തിന്റെ പ്രതീകമായി ഇരച്ചെത്തുന്ന കാര്‍, പിന്നീട് യൂണിവേഴ്സിറ്റിയും സര്‍ക്കാര്‍ ഓഫീസുമെല്ലാമായി മാറുന്നു. ചെന്നൈയിലെ ഒരു കോടതി മുറ്റത്ത് ഒരു കാര്‍ ഓഫീസാക്കി നോട്ടറി രേഖകള്‍ ഒപ്പിട്ടുകൊടുക്കുന്ന കാഴ്ചയാണ് കാറിന്റെ ഉപയോഗത്തിലേക്ക് വഴിതെളിച്ചതെന്ന് വിനോദ് പറയുന്നു.


ട്രാന്‍സ് ഫോര്‍മേഷനിലെ മറ്റൊരു രംഗം

വടക്കന്‍ കേരളത്തിലെ പുതുതലമുറ സംഗീതസംഘമായ ‘ഡൗണ്‍ ട്രോഡന്‍സി‘ന്റെ ഒരു ഗാനത്തോടെ ആരംഭിക്കുന്ന ‘ട്രാന്‍സ്-ഫൊര്‍മേഷ‘നില്‍ സംഗീതം പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ഗദറിന്റെ ഗാനവും മറ്റ് ദളിത് – പ്രതിരോധസംഗീതങ്ങളും നാടകത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. തമിഴ് നാട്ടിലെ തെരുക്കൂത്തില്‍ നിന്നുള്ള അംശങ്ങളും ഇതിലുണ്ട്.

ഷഹനാസ് ഹരീഷ്, രാഹുല്‍ ശ്രീനിവാസന്‍, ലിയോ ഫ്രാങ്ക്, അഭിനന്ദ് സംബാന്‍, നിധീഷ്, അജിത് ലാല്‍, മനു വേണുഗോപാല്‍, വിഷ്ണു സുജേഷ്, മുഹമ്മദ് ഷിബില്‍, ശിവപ്രസാദ്, അതുല്‍ മോഹന്‍, സതീഷ് സുബ്രഹ്മണ്യന്‍, അമല്‍ സി. ദാസ്, ശ്രീകാന്ത് എന്നിവരാണ് അഭിനേതാക്കള്‍. സംഗീതം ഗോപാലകൃഷ്ണനും പ്രകാശം ശ്യാം പ്രകാശും നിര്‍വ്വഹിച്ചിരിക്കുന്നു.

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2017-01-11 19:08.

സ്കൂൾ ഓഫ് ഡ്രാമ സജീവമായി നാടകവുമായി സമൂഹത്തിന് മുന്നിൽ വരുന്നുവെന്ന് അറിഞ്ഞ് സന്തോഷിക്കുന്നു. വിജയാശംസകൾ.