തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

'പൈങ്കിളി'യെ ഭയന്നവരുടെ സംസ്കാരം; അഥവാ യേശുദാസന്മാര്‍ ചെറിയ മീനുകളാണ്


തായാട്ട് ശങ്കരൻ

സംസ്കാരമെന്ന വാക്ക് ഒരു പരിചപോലെ ഉപയോഗിക്കുന്ന പ്രവണതയാണ് മലയാളത്തിലെ സംവാദങ്ങളില്‍ പോതുവേ കാണുന്നത്. പുതിയ പ്രവണതകളെയും സാമൂഹികപരിണാമങ്ങളെയും പ്രതിരോധിക്കുന്നതിനാണ് മിക്കപ്പോഴും സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുക. നമ്മുടെ സംസ്കാരം, നമുക്കൊരു സംസ്കാരമുണ്ട് തുടങ്ങിയ പ്രയോഗങ്ങള്‍ ഒരു സ്വത്വപ്രഖ്യാപനംപോലെ ഉയര്‍ത്തി സംസ്കാരികാധഃപതനവും സാംസ്കാരികോന്നമനവും സൃഷ്ടിച്ച് ആദ്യത്തേതിനെ ഇല്ലാതാക്കുവാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സംവാദങ്ങളും സാമൂഹ്യ-ചരിത്രബോദ്ധ്യങ്ങളും നിരവധി സാംസ്കാരികാധഃപതനങ്ങളുടെ പരമ്പരതന്നെ സൃഷ്ടിച്ചിട്ടുണ്ടുതാനും. ഇത്തരം സാംസ്കാരികപ്രയോഗങ്ങളിലൂടെ സംസ്കാരമെന്നതിനെ സവിശേഷമായ ഒരു ജീവിതരീതിയായി അമൂര്‍ത്തമായി നിര്‍വ്വചിച്ചിട്ടുണ്ട്. ഒറ്റയടിക്കു പറഞ്ഞാല്‍ പവിത്രമായ, ശാശ്വതമായ മൂല്യങ്ങളായി കരുതുന്ന കുടുംബബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും ആചാരങ്ങളും വഴക്കങ്ങളുമൊക്കെ അഭംഗുരം നിലനിര്‍ത്തുന്നതാണ് നമ്മുടെ സംസ്കാരം. മറ്റുള്ള നാടുകളിലെ ജീവിതരീതികള്‍ വിശേഷിച്ചും പാശ്ചാത്യനാടുകളിലെ ഭക്ഷണ-ലൈംഗിക ജീവിതരീതികള്‍ നമ്മുടെ സംസ്കാരത്തിനു വിരുദ്ധമാണ്. അതിനാല്‍ അവയുടെ കടന്നുവരവ് സാംസ്കാരികാധഃപതനം ഇവിടെ സൃഷ്ടിക്കും. ഈ സാംസ്കാരധഃപതനത്തില്‍ നിന്ന് നമ്മുടെ സംസ്കാരത്തെ രക്ഷിക്കണം എന്ന കടുംപിടിത്തമാണ് ഇത്തരത്തിലുള്ള വാദങ്ങളുടെ കാതലെന്നു പറയാം. ഇതില്‍ ഏറ്റവും അപടകരമായി ഉന്നയിക്കുന്നത് ലൈംഗികതയും മദ്യം പോലുള്ളവയുടെ ഉപയോഗവും കൂടിച്ചര്‍ന്ന ശരീരത്തിന്റെ പ്രകടനപരതയാണ്. നമ്മുടെ കേരളീയ/ ഭാരതീയ സംസ്കാരത്തിന് ശരീരം മറച്ചുവയക്കുന്ന രീതിയാണുള്ളതെന്നും പടിഞ്ഞാറന്‍ സമൂഹത്തിന്റെ ശൈലിയാണ് ശരീത്തിന്റെയും ലൈംഗികതയുടെയും പ്രകടനപരതയെന്നും ഏറെ ആവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ കിഴക്കരായ നമ്മുടെ പവിത്രസംസ്കാരത്തെ പടിഞ്ഞാറന്‍ സംസ്കാരം നശിപ്പിക്കുന്നുവെന്ന വാദമാണ് ഒളിഞ്ഞും തെളിഞ്ഞും ഉന്നയിക്കപ്പെടുന്നത്. ഇങ്ങനെ പലകാലത്ത് നമ്മുടെ സംസ്കാരം അധഃപതനം നേരിട്ടിട്ടുള്ളതിന്റെ ചരിത്രം കേരളചരിത്രത്തില്‍ വായിക്കാം. ഈ സാംസ്കാരികാധഃപതനത്തില്‍ നിന്ന് കേരളീയരെ രക്ഷിക്കുന്നതിനാകും സംസ്കാരികനായകര്‍/ നവോത്ഥാനനായകരൊക്കെ പ്രത്യക്ഷപ്പെടുക. സ്ത്രീകളുടെ രാഷ്ട്രീയത്തെക്കുറിച്ചോ കുടുംബഘടനയുടെ ജനാധിപത്യം, ലൈംഗികത എന്നിവയെക്കുറിച്ചുള്ള സംസാരങ്ങള്‍ ഉയരുമ്പോഴാണ് സംസ്കാരത്തിന്റെ സ്വത്വം പ്രഖ്യാപിക്കപ്പെടുക. നമ്മുടേതെന്നും അവരുടേതെന്നും പറയപ്പെടുന്ന സംസ്കാരത്തിന്റെ സവിശേഷതാവാദങ്ങള്‍ തങ്ങളുടെതന്നെ സംസ്കാരത്തിലെ അധഃപതനഘടകങ്ങളെ ചൂണ്ടിക്കാട്ടി അവയൊക്കെ ഭൂതകാലമായിരുന്നു എന്നുപറഞ്ഞ് തള്ളിക്കളയും. ചുരുക്കത്തില്‍ ചിലകാലത്തെ ചില സമൂഹസവിശേഷതകളെ സംസ്കാരത്തിന്റെ നന്മകളായി നിര്‍വ്വചിച്ചുകൊണ്ട് അവയെ ഭൂതകാലത്തുടനീളമുണ്ടായിരുന്ന പാരമ്പര്യമാക്കി പ്രഖ്യാപിക്കുന്ന പ്രവര്‍ത്തനമാണ് സംസ്കാരവാദങ്ങളുടെ അടിത്തറ. വിമര്‍ശനമോ വിശകലനമോ നടത്താതെ അനുകരണം മാത്രം പ്രതീക്ഷിക്കുന്ന ഒരു പ്രയോഗം കൂടിയാണ് സംസ്കാരം. ഈ സംസ്കാരത്തിന്റെ വിപുലമായ കണ്ണികളായിട്ടാണ് മലയാളസാഹിത്യവും മറ്റും രൂപംകൊണ്ടു വിവിധകാലങ്ങളില്‍ പരിണമിച്ചിട്ടമുള്ളത്. വിവിധകാലങ്ങളിലെ സംസ്കാരത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ സംസ്കാരവാദങ്ങളുടെ വര്‍ത്തമാനകാലവാദങ്ങളില്‍ ഏറെ പ്രസക്തമാകുന്നു.

സംസ്കാരവാദങ്ങള്‍ ഉയര്‍ത്തുക പാരമ്പര്യവാദികളാണെന്നും സംസ്കാരവും സമൂഹപരിണാവുമൊക്കെ ദൈവികമായി നടക്കുന്നതാണെന്നും വിശ്വസിക്കുന്നവരാണെന്നും പൊതുവില്‍ തോന്നാം. കേരളത്തിലെ സാഹിത്യ/സാമൂഹികസംവാദങ്ങള്‍ ശ്രദ്ധിച്ചാല്‍ സാമൂഹികപരിണാമങ്ങളൊക്കെ വൈരുദ്ധ്യാത്മകമാണെന്നു വാദിക്കുന്ന പുരോഗമനചിന്തക്കാര്‍വരെ നമ്മുടെ സ്ഥായിയായ സംസ്കാരത്തെക്കുറിച്ച് ഉത്കണ്ഠപ്പെട്ടിട്ടുള്ളത് അല്പം പരിശോധന അര്‍ഹിക്കുന്നു. ഇവിടെയും അപകടം പുറത്തുനിന്നുള്ള മറ്റൊരു സംസ്കാരവുമായുള്ള അഭിമുഖത്തെ നേരിടുന്നതിലുള്ള ഭയമാണ് ഈ വാദം ഉന്നയിക്കുന്നതെന്നാണ്. അതിലൂടെ സംസ്കാരം അനിര്‍വ്വചനീയമായ, ശാശ്വതമൂല്യമുള്ളതയാ പദമായി മാറുന്നുവെന്നാണ്. 1930 കളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തപ്പെടലും പുരോഗമനസാഹിത്യത്തിന്റെ രൂപീകരണവും വലിയ സംവാദങ്ങളാണ് മലയാളചിന്തയില്‍ ഉയര്‍ത്തിയത്. ജാതി ഫ്യൂഡലിസത്തിന്റെ ദൈവികതകളെയും സ്ഥിരതകളെയും തകര്‍ക്കുവാന്‍ ഇവയ്ക്കു വലിയതോതില്‍ സാധിച്ചിട്ടുണ്ട്, മറ്റ് പല നവോത്ഥാനചിന്തകളോടൊപ്പം. കേരളനവോത്ഥാനം എന്നു വിളിക്കപ്പെടുന്ന സാമൂഹികപരിവര്‍ത്തനംതന്നെ സമൂഹവും സംസ്കാരവും നിരന്തരം നിര്‍മ്മിച്ചെടുക്കുന്നതാണെന്ന പ്രഖ്യാപനമായിരുന്നു. കമ്യൂണിസ്റ്റാശയങ്ങള്‍ സമൂഹത്തിലെ വര്‍ഗ്ഗകാഴ്പപ്പാടിന്റെ പുനര്‍നിര്‍മ്മിതിയിലൂടെ മുതലാളിത്തത്തെ ചോദ്യംചെയ്യുകയും തൊഴിലാളികളുടെ അദ്ധ്വാനരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയ സംസ്കാരത്തെ ഭാവന ചെയ്യുകയും ചെയ്തു. പക്ഷേ ഇവരും സംസ്കാരത്തെ പ്രതിഷ്ഠിച്ചത് സാമ്പത്തികബന്ധങ്ങളുടെ മുകളില്‍ മേല്പുരയായിട്ടാണ്. സമൂഹത്തിലെ ഉയര്‍ന്നതലമാണ് സംസ്കാരം. സംസ്കരിച്ചെടുക്കപ്പെട്ടതാണ്, അശുദ്ധികളൊക്കെ നീക്കി ശുദ്ധമാക്കപ്പെട്ട ജീവിതരീതികളും കലകളും പെരുമാറ്റസംഹിതകളുമൊക്കെയാണ് സംസ്കാരമെന്ന പൊതുബോധത്തെ സവിശേഷം താങ്ങിനിര്‍ത്തുകയായിരുന്നു ഈ വാദവും. അത് സാഹിത്യം പോലുള്ളവയുടെ ഇടയാണെന്നും അവ സ്ഥായിയാണെന്നും ചിലരാല്‍/ രക്ഷകരാല്‍ സംരക്ഷിക്കാവുന്ന ഒന്നാണെന്നും ഇവരും സ്ഥാപിച്ചു. നമ്മുടെ സംസ്കാരം ചിലപ്പോഴൊക്കെ അപകടത്തിലേക്കു വീഴുമെന്നും അപ്പോഴൊക്കെ അതിനെ സുരക്ഷിതമാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

തായാട്ട് ശങ്കരന്‍ അറുപതുകളിലെ സാഹിത്യപരിണാമങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നു- ആധുനികസാഹിത്യത്തിന്റെ പേരില്‍ ഇന്ന് കേരളത്തില്‍ സോഷ്യലിസ്റ്റ് വിരുദ്ധമുന്നണി പടുത്തയര്‍ത്തിവരുന്നുണ്ട്. അവര്‍ രാഷ്ട്രീയ-സാമൂഹ്യപ്രശ്നങ്ങളില്‍ തല്പരല്ലെന്നു നടിക്കുകയും അഗാധമായ താല്പര്യത്തോടെ പ്രതിലോമപക്ഷത്തില്‍ ചേര്‍ന്നുനില്കുക്കുകയും ചെയ്യുന്നു....... ലൈംഗികവൈകൃതങ്ങളിലൂെടയും ലഹരിവസ്തുക്കളിലൂടെയും ലഭിക്കുന്ന ഇന്ദ്രിയസംവേദനത്തില്‍ കവിഞ്ഞ മറ്റൊരു ജീവിതസിദ്ധിയുമില്ലെന്നതാണ് ഇവരുടെ തത്വശാസ്ത്രം. അമേരിക്കയില്‍ നിന്നിറങ്ങിത്തിരിച്ച ഈ ജീവിതദര്‍ശനം നമ്മുടെ അത്യാന്താധുനികസാഹിത്യത്തിന്റെ മുഖമുദ്രയായിത്തീര്‍ന്നിരിക്കുന്നു. ആപല്‍ക്കരമായ ഈ പ്രവണതയുടെ കുത്തിയൊഴുക്കില്‍ നിന്ന് യുവതലമുറയെ രക്ഷിക്കുകയെന്നതാണ് സംസ്കാരത്തിന്റെ കാവല്‍ഭടന്മാരായ എഴുത്തുകാരുടെ പ്രഥമകര്‍ത്തവ്യം (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 1990പു. 270). ഇത് അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട വാദമൊന്നുമല്ല മറിച്ച് നിരന്തരം അദ്ദേഹത്തിന്റെ എഴുത്തുകളില്‍ പ്രത്യക്ഷപ്പെട്ട ഒന്നാണെന്ന് കാണാം. അതിന്റെ ചുരുക്കമെന്നത് കേരളത്തിലെ സാംസ്കാരികരംഗത്ത് ഒരുകാലത്ത് പ്രത്യക്ഷപ്പെട്ട ചില പ്രവണതകള്‍ വിശേഷിച്ച് പുരോഗമനസാഹിത്യകാലത്തിനുശേഷം, നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും ഇതെല്ലാം പടിഞ്ഞാറുനിന്ന് - അമേരിക്കയില്‍ നിന്ന് - ഇറക്കുമതി ചെയ്തതാണെന്നുമുള്ളതാണ്. ഇറക്കുമതി ചെയ്ത പ്രവണതകള്‍ ജീര്‍ണതകളുള്ളതാണെന്നും അതിവിടുത്തെ ജീവിതത്തെ നശിപ്പിക്കുമെന്നുമാണ് വാദത്തിന്റെ കാതല്‍. സംസ്കാരത്തെ നശിപ്പിക്കുന്ന ഘടകങ്ങള്‍ ലൈംഗികതയും ലഹരിയും മുതലാളിത്തവുമാണ്. ഇതില്ലാത്ത സംസ്കാരം സൃഷ്ടിക്കുന്നതിന് സംസ്കാരത്തിന്റെ കാവല്‍ഭടരായവര്‍ക്ക് കഴിയുമത്രേ.

പുതിയ പരിപ്രേക്ഷ്യം എന്ന ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു- ഒരു പുതുവിപ്ലവത്തിന്റെ നാട്യത്തോടുകൂടി മലയാള സാഹിത്യത്തില്‍ കടന്നുവന്ന അത്യാന്താധുനികപ്രസ്ഥാനം യുവമനസുകളെ അടക്കിഭരിച്ച കാലമാണിരുന്നു അത്. തികഞ്ഞ അരാജകത്വവും സംസ്കാരഹീനവുമായ ലൈംഗികവൈകൃതവും ജീര്‍ണ്ണിച്ച ജീവിതാവബോധവും വിപ്ലവത്തിന്റെ കൊടി ഉയര്‍ത്തിക്കൊണ്ട് അവിടെ വാഴ്ചനടത്തിപ്പോന്നു.... (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, പു.37) അദ്ദേഹത്തിന്റെ തന്നെ അഴുക്കുചാല്‍ സാഹിത്യം എന്ന ലേഖനം ഇങ്ങനെ പറയുന്നു- നമ്മുടെ സാഹിത്യവും ഈ വൈകൃതങ്ങളുടെ പിന്നാലെ നടക്കുന്നതില്‍ താത്പര്യം പ്രദര്‍ശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ...... നമ്മുടെ വന്‍കിടഹോട്ടലുകളില്‍ പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ നഗ്നനൃത്തങ്ങള്‍ രംഗപ്രവേശം ചെയ്തു കഴിഞ്ഞു... അവിടെ മൃഗീയമായ കാമമാണ് മുന്തിയ കച്ചവടച്ചരക്ക്. നമ്മുടെ സംസ്കാരം ആ വഴിക്ക് ഊരിക്കുത്തി വീഴാന്‍ തുടങ്ങിയിരിക്കുന്നു (അഴുക്കുചാല്‍ സാഹിത്യം, ചിന്താസൗരഭം). ഇതെല്ലാം കൂട്ടിവച്ചാല്‍ ഇങ്ങനെ വായിക്കാം- നമ്മുടെ സംസ്കാരം എന്നത് പടിഞ്ഞാറന്‍ സംസ്കാരത്തിന് വിരുദ്ധമായ എന്തോ ഒന്നാണെന്നും പടിഞ്ഞാറിന്റെ മുതലാളിത്തസംസ്കാരങ്ങള്‍ നമ്മിലേക്ക് കടന്നുവരികയാണെന്നും ലൈംഗികവൈകൃതവും ലഹരിയും നിറഞ്ഞതാണ് പടിഞ്ഞാറന്‍ സംസ്കാരമെന്നും നമ്മുടേത് അതൊന്നുമില്ലാത്ത പരിശുദ്ധമായ സംസ്കാരമാണെന്നും. നമ്മുടെ പരിശുദ്ധമായ സംസ്കാരത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും. അതിനാണത്രേ സാഹിത്യവും കലകളുമെന്നാണ് തായാട്ട് ശങ്കരന്‍ വാദിക്കുന്നത്. ഇതില്‍ ആധുനിക സാഹിത്യത്തപ്പോലെതന്നെ അപകടകരായായ ഒന്നുകൂടി ഇവര്‍ കണ്ടെത്തുന്നുണ്ട്, അതാണ് പൈങ്കിളിസാഹിത്യം. ഇതിന്റെയല്ലാം ആകെത്തുകയെന്നത് സംസ്കാരം എന്നത് സംരക്ഷിക്കേണ്ടുന്ന ഒന്നാണെന്ന വാദമാണ്. അത് സംരക്ഷിക്കാനുള്ള പദ്ധതിയും ഇവിടെ കാണാം. എല്ലാത്തരം ബാഹ്യഇടപെടലുകളുമില്ലാത്ത പരിശുദ്ധമായ കന്യകയാണ് സംസ്കാരമെന്നും അതിനെ പുറത്തുനിന്നുള്ളവരുടെ ലൈംഗികഅരാജകത്വങ്ങള്‍ നശിപ്പിക്കുമെന്നും അതിനാല്‍ സംസ്കാരത്തെ സംരക്ഷിക്കണമെന്നും അതിനായി 'നല്ല സാഹിത്യം' രചിക്കണമെന്നുമാണ് വാദം.

ഇക്കാലത്തുതന്നെ ഇത്തരം വാദങ്ങള്‍ ഇ എം എസും ആധുനികസാഹിത്യം ജീര്‍ണ്ണിച്ചുവരുന്ന രൂപമാണെന്നുള്ളത് ഉന്നയിച്ചിരുന്നു (സംസ്കാരം മേല്പുരയുടെ ഭാഗമെന്ന നിലയ്ക്ക്). അദ്ദേഹം എഴുതുന്നു- രാഷ്ട്രീയവും സാഹിത്യവും സംസ്കാരവും തമ്മിലുള്ള ബന്ധമെന്തെന്ന് ചോദിച്ചാല്‍ അവയുടെ അടിസ്ഥാനം രാഷ്ട്രീയമാണ്. ....... ഈ നിലക്ക് മലയാളസാഹിത്യമാകെ പരിശോധിക്കുമ്പോള്‍ ഞാന്‍ മൂന്നുഘട്ടങ്ങള്‍ കാണുന്നു. ഒന്ന് വെണ്മണിസാഹിത്യം. രണ്ട്, ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ പിന്നീടുള്ള സാഹിത്യകാരന്മാര്‍. ഇപ്പോഴുള്ള പൈങ്കിളിസാഹിത്യം. പൈങ്കിളിസാഹിത്യം വെണ്മണിസാഹിത്യത്തിന്റെ പരിഷ്കരിച്ച രൂപം മാത്രമാണ്. വെണ്മണിസാഹിത്യത്തോടുള്ള കലാപമാണ് ആശാന്‍ മാംസനിബദ്ധമല്ല രാഗം എന്നു പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത്. സാഹിത്യ കൃതികളിലായാലും മറ്റ് കലാസൃഷ്ടികളായാലും അതിലെല്ലാം ഓരോ ഘട്ടത്തലുമുള്ള സമൂഹത്തിന്റെ നല്ല വശങ്ങള്‍ പ്രതിഫലിക്കണം (തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 1998, പു. 293). മലയാളസാഹിത്യചിന്തയിലെ അടിസ്ഥാനവാദമാണ് മണിപ്രവാള-വെണ്മണി സാഹിത്യമെന്നത് ഭോഗപ്രധാനമായിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് പൈങ്കിളിസാഹിത്യമെന്നതും. ഇവ സമൂഹത്തെ ലൈംഗികകാമനകളിലൂടെ സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ നിറയ്ക്കുകയായിരുന്നുവെന്നും. അതിനാല്‍ പൈങ്കിളിസാഹിത്യം എതിര്‍ക്കപ്പെടേണ്ടതാണെന്നും. പി ഗോവിന്ദപ്പിള്ള ഇത് അങ്ങനതന്നെ ഉറപ്പിച്ചു - സകലഅഴുക്കുകള്‍ക്കും അശ്രീകരങ്ങള്‍ക്കും ആധുനികതയുടെ ന്യായീകരണം നല്കിക്കൊണ്ട് അമേരിക്കന്‍ അശ്ലീലചിത്രങ്ങളും മാംസവിതരണസാഹിത്യങ്ങളും ഹിപ്പിയിസവും കഞ്ചാവും പെര്‍മിസ്സീവ് സൊസൈറ്റിയും ചീഞ്ഞശവത്തിലേക്ക് ഈച്ചകണക്കെ ഇന്ത്യയിലേക്കരിച്ചുകയറുകയാണ്. ഇതിനെല്ലാം എതിരാണ് തൊഴിലാളിവര്‍ഗ്ഗസംസ്കാരം (തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 2012, 327).

ചുരുക്കത്തില്‍ നമ്മുടെ സംസ്കാരമെന്ന മേല്പുരയെ ചീത്തയാക്കുന്ന, നശിപ്പിക്കുന്ന ലൈംഗികഅരാജകത്വം വിതയ്ക്കുന്ന സാഹിത്യത്തെ ചോദ്യംചെയ്യുന്ന സാഹിത്യവും കലകളും ഉണ്ടാകണം. സാഹിത്യം ഗുണപാഠം പഠിപ്പിക്കുന്ന പാഠശാലകളാണെന്ന ലളിതചിന്തയിലൂടെ സംസ്കാരമെന്നത് സാഹിത്യാദികളകളാല്‍ സംരക്ഷിക്കാവുന്ന ഒന്നാണെന്ന അതിലളിതചിന്തയിലൂടെ നമ്മുടെ സംസ്കാരം എന്ന കേരളീയ സവര്‍ണ്ണസമൂഹത്തിന്റെ താത്പര്യങ്ങളാണ് കമ്യൂണിസത്തിന്റെ ചിലവിലും ഇവിടെ സംരക്ഷിക്കപ്പെട്ടതെന്നുള്ളതാണ് വസ്തുത. ഇവിടെ ഏറെ വെറുക്കപ്പെടുന്നതായിക്കണ്ടത് ലൈംഗികതയും അശ്ലീലതയുമാണ്. മാംസം എന്നത് സംസ്കാരത്തിന്റെ ശത്രുവായി കണക്കാക്കപ്പെടുന്നു. ലൈംഗികത ലേശവുമില്ലാത്ത സംസ്കാരമാണ് ശരിയായതെന്ന, പടിഞ്ഞാറ് നമ്മുടെ സംസ്കാരത്തിന്റെ അപരമാണെന്ന ചിന്തയിലൂടെ ഉറപ്പിക്കപ്പെട്ടത് കിഴക്കന്‍ സംസ്കാരം ചിലര്‍ക്ക് സംരക്ഷിക്കാവുന്ന പരിപാവനമായ എന്തോ വസ്തുവാണെന്ന വാദമാണ്. പുതിയകാലത്ത് ടൂറിസം പോലുള്ളവ ശക്തമായപ്പോള്‍ വര്‍ഗ്ഗചിന്തയിലൂന്നി അവയെ വിമര്‍ശിച്ചത് അത് മുതലാളിത്തത്തിന്റെ വൃത്തികേടുകള്‍ കേരളത്തിലേക്ക് സെക്സ് ടൂറിസമായൊക്കെ കടത്തിവിടുമെന്നാണ് എന്നുള്ളത് ഇതുമായി കൂട്ടിവായിക്കുക. ശരീരത്തിന്റെയോ ലൈംഗികതയുടെയോ പരമ്പരാഗത (?) രൂപങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ കേരളീയസംസ്കാരം നശിക്കുന്നു എന്നു വാദിക്കുന്ന പാരമ്പര്യവാദികളുടെ ഒപ്പമാണ് നമ്മുടെ ഭൂരിപക്ഷം വരുന്ന ചിന്തകരുമെന്നത് സംസ്കാരത്തെക്കുറിച്ച് അതിവിപുലമായൊരു പൊളിച്ചെഴുത്തിന്റെ ആവശ്യകതയാണ് ഉന്നയിക്കുന്നത്. അതായത് ഇന്ന് സംസ്കാരം സംരക്ഷിക്കപ്പെടണം എന്നു വാദിക്കുന്നവര്‍ക്ക് വിപുലമായൊരു ഭൂതകാലമുണ്ടെന്നാണ്. ആ ഭൂതകാലത്തെ ചോദ്യംചെയ്യാതെ പുതിയകാലത്തെ സംസ്കാരവാദങ്ങളെ നേരിടുക അസാദ്ധ്യമാണ്. ലൈംഗികത കാണുമ്പോള്‍ ഭയക്കാത്ത, അമേരിക്കന്‍ ജീവിതത്തെ കണ്ടു വിരളാത്ത രക്ഷകരാല്‍ സംരക്ഷിക്കാനാവാത്ത നമ്മുടെ സംസ്കാരത്തെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2017-01-11 19:06.

യേശുദാസിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ സാറേ....

Submitted by Anonymous (not verified) on Sat, 2017-01-14 10:10.

അതായത് ഇന്ന് സംസ്കാരം സംരക്ഷിക്കപ്പെടണം എന്നു വാദിക്കുന്നവര്‍ക്ക് വിപുലമായൊരു ഭൂതകാലമുണ്ടെന്നാണ്. ആ ഭൂതകാലത്തെ ചോദ്യംചെയ്യാതെ പുതിയകാലത്തെ സംസ്കാരവാദങ്ങളെ നേരിടുക അസാദ്ധ്യമാണ്. ഇതാണ് പ്രശ്നം. ഇന്ന് സംസ്കാരത്തിന്റെ പ്രത്യേകളെക്കുറിച്ച് വാദിക്കുന്ന യേശുദാസൊക്കെ ചെറിയമീനുകളാണെന്നു പറഞ്ഞത് അതാണ്...