തര്‍ജ്ജനി

വി. ജയദേവ്

R 17 A, Yudhister Marg,
C Scheme,
JAIPUR
RAJASTHAN

ഫോണ്‍ : 094133 48755
ബ്ലോഗ് :ആനമയിലൊട്ടകം

Visit Home Page ...

കവിത

ഉറുമ്പുകളുടെ ചാറ്റ്ബോക്സിന്റെ സ്ക്രീൻഷോട്ടിൽ നിറമെന്നു കാണുന്നിടത്ത്

നീന്തലറിയില്ലെന്ന് ഒഴുക്ക്
ഉടലഴിക്കാതെ നിന്നനിൽപ്പിലേക്ക്
മുങ്ങിത്താഴുന്ന രീതിയിൽ
കാണപ്പെടുന്ന നിലയിൽ തന്നെക്കാണാൻ
ഒരുറുമ്പും കൊതിച്ചുപോകുന്നില്ല തന്നെ.

നിങ്ങൾ മനുഷ്യർ വലിയ
വാഴ്ത്തുകാരാണ്. എന്തിനെയും
ഉറുമ്പുവൽക്കരിച്ചുകളയും.

നിങ്ങൾ മനുഷ്യർ വലിയ
കാഴ്ചനോക്കിക്കളാണ്. എന്തിനെയും
ഉറുമ്പുവലിപ്പത്തിലാക്കും.

നിങ്ങൾ മനുഷ്യർ വലിയ
വലിപ്പക്കാരാണ്, എന്തിനെയും
ഉറുമ്പോളമാക്കും.

എന്തിന്, ഏതോ കിളി ഒരു മരം
കൊത്തിയിട്ടതിന്
ഏതോ മരം ഒരു കാടിനെ
കാട്ടുതീയ്ക്ക് ഒറ്റിയതിന്.
ഏതോ കാട് ഒരു വെയിലിന്റെ
വേരറുത്തതിന്
ഒരുറുമ്പിന്റെ നഗ്നതയിലേക്ക്
തുന്നിവച്ചതു മറ്റാരാണെന്നുവച്ചാണ്.

ഒഴുകാനറിയില്ലെന്ന് ആ ഒഴുക്ക്
പറയുന്നത് ഒരുറുമ്പേ കേട്ടിരിക്കൂ.
പഴകാനറിയില്ലെന്നു മരം പറഞ്ഞത്,
പച്ചയ്ക്കു കത്തില്ലെന്നു കാട് അടക്കം പറഞ്ഞത്
ഒരുറുമ്പല്ലാതെ മറ്റാരാണ്.
മറ്റാർക്കാണ് അത്രയും ചെറുതിനെ
കൊണ്ടുനടക്കാനാവുന്നത്.
മറ്റാരിലാണ് അത്രയും
ചെറുതുവന്നു കൊള്ളുന്നത്.

നിങ്ങൾ മനുഷ്യർ വലിയ
വലുതെന്തൊക്കെയോയാണ്, എന്തിനെയും
നിശ്ശബ്ദമാക്കുന്നവർ.
എന്നിട്ടാണ്, ഒരില വീഴുന്നതിനു തൊട്ടുമുമ്പ്
അതിന്റെ പിടച്ചിലിനെ
ഇടനെഞ്ചിൽ പച്ചകുത്തുന്നതറിയാതെ പോകുന്നത്.
ഒരു പൂ പിറക്കുന്നതിനു മുമ്പ്
അതിന്റെ കാലൊച്ച
കേൾക്കാതെ പോകുന്നത്.
ചൂണ്ടക്കുരുക്കിൽ ഒട്ടിപ്പിടിക്കുന്ന
അന്ത്യചുംബനത്തെ
കൊള്ളാതെ പോകുന്നത്.

എത്ര നിലവിളികൾ പച്ചകുത്തിയിട്ടുണ്ട്.
എത്ര നിശ്ശബ്ദതകൾ കേട്ടുമടുത്തിട്ടുണ്ട്.
എത്ര ചുംബനങ്ങളിൽ കോർക്കപ്പെട്ടിട്ടുണ്ട്.
കണങ്കാലിൽ ഉമ്മകടിച്ചതുപോലുള്ള
ചെറിയൊരു മുറിവിനെപ്പറ്റി
അവളോടുപറയാൻ
പോവുകയായിരുന്നു..
അപ്പോൾ അവളുടെ മുട്ടിലൂടെ
ഇറങ്ങിവരുന്ന പൊടിയോളംപോന്ന
ഉറുമ്പിന് നല്ല മുഖപരിചയം.
അപ്പോൾ മുമ്പുംകണ്ടിട്ടുണ്ട്.
എന്നാലതു കണ്ടഭാവമൊന്നും
നടിക്കുന്നുണ്ടായിരുന്നില്ല.
ജോസ് ജങ്ക്ഷനിലെ വെട്ടുകുറി
ലെയ്നിനനടുത്ത് താമസിക്കുന്ന
ഉറുമ്പല്ലേ എന്നു പിടിക്കപ്പെട്ടപ്പോഴും
ആദ്യം സമ്മതിച്ചു തന്നൊന്നുമില്ല.
അല്ലെങ്കിലും ഒരുമാതിരിപ്പെട്ട
ഉറുമ്പെല്ലാം അങ്ങനെയാണ്.
കയ്യോടെ പിടിക്കപ്പെടുമ്പോൾ
ഒരയ്യോ പാവം കളി.
എന്താ ഇവിടെ എന്ന വിരട്ടലിൽ
ഇതുവഴി ഒരിടംവരെ
പോവുകയായിരുന്നുന്നെന്നോ മറ്റോ
ഒരൊഴുക്കൻ ഡയലോഗ്.
സത്യം പറഞ്ഞോണമെന്നൊക്കെപ്പറഞ്ഞ്
വിരട്ടുകയാണ് വേണ്ടത്.
എന്നാൽ കണങ്കാലിലെ മുറിവിനെപ്പറ്റി
പെട്ടെന്ന് പറയേണ്ടതുണ്ടായിരുന്നു.
ഇനിയും കണ്ടാൽ വെടിവച്ചുകൊല്ലും
എന്നൊരു താക്കീതുമാത്രമാക്കി.
ഉറുമ്പുകൾക്കു വെടിയുണ്ടകളെ
ഭയങ്കരപേടിയാണെന്ന്
ഇന്നലെയും കൂടി അവൾ
പറഞ്ഞതാണ്. അപ്പോൾ
ഭയങ്കര പേടി അഭിനയിച്ചതാണ്.
അപ്പോഴവൾക്ക് ഏറെ
വിശ്വാസമാകുകയും ചെയ്തതാണ്.
ഉറുമ്പ് കണങ്കാൽ വഴി ഇറങ്ങുകയായിരുന്നു.
നന്നായി പേടിച്ച മട്ടുണ്ട്.
ഒരുറുമ്പിനെയെങ്കിലും പേടിപ്പിക്കാനായി
എന്നുമവളോടുപറയണം.
അപ്പോൾ ഉറുമ്പുകടിച്ച സ്ഥലങ്ങൾ
കുലുക്കിക്കൊണ്ട് ഒരു
ലജ്ജ വരാനുണ്ട്.
.
നിങ്ങൾ മനുഷ്യർ വലിയ
വലിപ്പക്കാരാണ്, എന്തിനെയും
ഉറുമ്പോളമാക്കും

Subscribe Tharjani |