തര്‍ജ്ജനി

ഹണി ഭാസ്കരൻ

മെയിൽ: honey.jithu@gmail.com

Visit Home Page ...

കവിത

വിടവുകള്‍....

ക്യാന്‍വാസില്‍,
എത്ര വരച്ചിട്ടും തെളിയാതെ
രണ്ടു ഭൂഖണ്ടങ്ങള്‍
ഭൂപടത്തിലങ്ങനെ

ഇടയിലൂടെ സമുദ്രങ്ങള്‍
ഒന്നിപ്പിക്കാന്‍ ശ്രമിച്ച്
തലോടിയും
പിറുപിറുത്തും
തിരയിട്ടിളക്കിയും
പരാജയപ്പെട്ടങ്ങനെ

ബ്ലേഡ് കൊണ്ട് ചുരണ്ടിയും
റബര്‍ വെച്ച് മായ്ക്കാന്‍ ശ്രമിച്ചിട്ടും
പച്ച കുത്തിയ പോലെ
ആഴത്തിലേക്ക് വലിഞ്ഞ്
ചുറ്റുമുള്ളതിനെയൊക്കെയും
വലിച്ചെടുക്കാന്‍ വാ പിളര്ന്ന്
തൊലിയാല്‍ മൂടപ്പെട്ട കയങ്ങള്‍
അവിടവിടെ

മീതെ പച്ചയെന്നു തോന്നുമ്പോഴും
ഉള്ളില്‍ വിഷം തീണ്ടിയ പോലെ
നീലിച്ചു കിടപ്പാണ്
കയ്പുകള്‍

ചിതറിക്കിടക്കുന്ന പ്രദേശങ്ങളുടെ
അതിരുകളില്‍ പതുങ്ങിയിരിക്കുന്ന
ശ്വാസത്തിന്റെ പോലും നിറം നീലയാണ്

Subscribe Tharjani |