തര്‍ജ്ജനി

അബ്ദുള്ള പേരാമ്പ്ര

Visit Home Page ...

ലേഖനം

മോദി ഭരണത്തിൽ ദളിതരുടെ ഭാവി

ഇന്ത്യയിലെ ഇരുപത് ശതമാനത്തിലേറെ വരുന്ന ദളിതസമൂഹത്തെക്കുറിച്ചും അവരുടെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെക്കുറിച്ചും ഇവിടുത്തെ മുഖ്യധാരാരാഷ്ട്രീയപാർട്ടികൾ മാത്രമല്ല, പൊതുസമൂഹമാകെത്തന്നെയും വാതോരാതെ സംസാരിക്കുമെങ്കിലും, നാളിന്നേവരെ ദളിതന്റെ വിമോചനം സാദ്ധ്യമായിട്ടില്ല എന്നുമാത്രമല്ല, അവരുടെ നിലവിളികൾക്ക് കൂടുതൽ കരുത്ത് വന്നിട്ടേയുള്ളൂ. ഇതെന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട ഭരണകൂടങ്ങളാവട്ടെ എക്കാലത്തും അവനെ ചൂഷണത്തിന് വിധേയമാക്കിയിട്ടേയുള്ളൂതാനും. രാഷ്ട്രീയമായി മാത്രമല്ല, ജാതീയമായും അവഹേളനങ്ങൾക്ക് വിധേയരായാണ് അവരിന്നും ഈ സമൂഹത്തിൽ ജീവിക്കുന്നത്. കേരളംപോലും അതിൽനിന്ന് വിമോചിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ദളിത് വിഭാഗങ്ങൾക്കിടയിലെ പുതുതലമുറയ്ക്ക് വ്യവസ്ഥാപിതസമരമുറകളുമായി മുന്നോട്ട് വരേണ്ടിവരുന്നത്. കാലം മാറിയെന്നും ഇനിയും അടിച്ചമർത്തപ്പെടാൻ വേണ്ടി മാത്രം വിധിക്കപ്പെട്ടവരല്ല തങ്ങളെന്നും ഈ തലമുറ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. നവസാങ്കേതികയുടെയും വിദ്യാഭ്യാസത്തിന്റെയും കുതിച്ചുചാട്ടം അതിന് പ്രേരകമാകുന്നുണ്ട്.

കഴിഞ്ഞ കുറെ കാലമായി മോദി ഭരണത്തിനു കീഴിൽ ദളിത് സമൂഹം അനുഭവിക്കുന്ന ജാതീയവും രാഷ്ട്രീയവുമായ ചൂഷണത്തിനെതിരെയും അടിച്ചമർത്തലുകൾക്കെതിരെയും പല രൂപത്തിലുള്ള സമരമുറകളിൽ വ്യാപൃതരാണവർ. തന്റെ ഭരണകാലം ഇന്ത്യയിലെ ദളിതർക്ക് തല ഉയർത്തിപ്പിടിച്ചു നടക്കാൻ കഴിയുമെന്ന് വലിയവായിൽ വാദിച്ച് അധികാരത്തിലേറിയ ഈ സർക്കാറിനുകീഴിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട വലിയ ദളിത് പീഡനകൾ അരങ്ങേറിയത്. ജാതിവ്യവസ്ഥയെ ഇന്ത്യയിൽനിന്നും ഉച്ചാടനം ചെയ്യാൻ സമ്മതിക്കാത്ത സവർണ്ണവർഗം ഇവിടെ അധികാരത്തിന്റെ ചുക്കാൻ പിടിക്കുന്നിടത്തോളം ദളിതന് അവന്റെ ഐഡന്റിറ്റിയെ പണയംവെക്കേണ്ടതായി വരുമെന്ന കാര്യത്തിൽ തർക്കമില്ല.
മോദി ഭരണംകൊണ്ട് ദളിതന് കിട്ടിയ ഏറ്റവും വലിയ ഒരു ഗുണം അവൻ തന്റെ അവകാശങ്ങളെക്കുറിച്ച് ബോധവാനായി എന്നുള്ളതാണ്.

പുതു ഇന്ത്യയിൽ വ്യാപകമായ തോതിൽ ദളിത് മുന്നേറ്റത്തിന് കാരണമായത് അതാണ്. ജീവൻ ത്യജിച്ചും അല്ലാതെയും തെരുവുകളിൽ അവർ തീപ്പന്തങ്ങളാവുന്നത് നാം കണ്ടു. ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ ഇത്തരം പോരാട്ടങ്ങളിലെ ജ്വലിക്കുന്ന ഓർമയാണ്. തീർത്തും നിഷേധാത്മകമായ ഭരണകൂടത്തിന്റെ സമീപനങ്ങൾ ദളിതനെ കൂടുതൽ തെരുവിലേക്കിറക്കി. ഇന്ത്യയിലെ ദളിതരെല്ലാം ആ ഇതര സമൂഹങ്ങളെ തങ്ങളുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കൊടുപ്പിക്കാനും അവർക്കു കഴിഞ്ഞു. നൂറ്റാണ്ടുകളായി വർണ്ണവ്യവസ്ഥ നിലനില്ക്കുന്ന ഇന്ത്യയിൽ ഒരു ദളിതൻ എങ്ങനെയൊക്കെയാണ് അവമതിക്കപ്പെടുന്നതെന്ന ചിത്രം പൊതുസമൂഹദൃഷ്ടിയിൽ കൊണ്ടുവരാൻ കഴിഞ്ഞതും വെമുലയുടെ ആത്മഹത്യയുടെ ഫലമായാണ്. ദളിതനെ മനുഷ്യനായി കാണാൻ പോലും കൂട്ടാക്കാത്ത ഒരു സമൂഹമാണ് ഇന്ത്യയുടേതെന്ന് ലോകം തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ക്രാന്തദർശിയായ അംബേദ്കർ, ഹിന്ദു സമുദായത്തിനിടയിൽ നിന്നും ദളിതർക്ക് പരിരക്ഷ കിട്ടില്ലെന്ന് ആണയിട്ടത്. അതു തിരിച്ചറിഞ്ഞതു കാരണമാണ് ഡോ: അംബേദ്കർ 1956 ഒക്‌ടോബറിൽ നാഗ്പൂരിൽ വെച്ച് ബുദ്ധമതം സ്വീകരിച്ചത്. ആ മതമാറ്റത്തിന് അദ്ദേഹത്തിനോടൊപ്പം മൂന്ന് ലക്ഷത്തോളം ദളിതർ ഒപ്പം ചേർന്നു. അസമത്വത്തിനും, പീഡനത്തിനുമെതിരായ ഒരു പുനർജ്ജനിയാണ് തങ്ങളുടേതെന്ന് അദ്ദേഹം തദവസരത്തിൽ പറഞ്ഞത് ചരിത്ര രേഖയാണ്. എന്നാൽ അംബേദ്കറിനുശേഷം ആ പാത പിന്തുടരാനോ മറ്റോ പിൽക്കാല ദളിത് സമൂഹം തയ്യാറായില്ല എന്നത് മറ്റൊരു ചരിത്ര വസ്തുതയായി. കാരുണ്യത്തിന്റെ മതമെന്ന് പറഞ്ഞ് അംബേദ്കർ സ്വീകരിച്ച മതം ഉൾക്കൊള്ളാനാവാതെ തങ്ങളുടെ സ്വത്വത്തിൽ അടിയുറച്ചുനിന്ന് അവഹേളനം ഏറ്റുവാങ്ങേണ്ടിവന്നവരായി അവർ മതി.

ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായി നാം പരിഗണിക്കുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഇന്ത്യയിലെ ദളിതർക്ക് പൂർണമായ അർത്ഥത്തിൽ ഇന്നും അന്യമാണ്. കേരളത്തിലെയും ത്രിപുരയിലെയും ആദിവാസി ഗോത്ര സമൂഹമാണ് ഇതിനൊരു അപവാദം. ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്നുണ്ടെങ്കിലും ദളിതനെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കടലാസിൽ മാത്രമാണ്. ഡോ: അംബേദ്കറിനു പോലും അതിൽ സംശയമുണ്ടായിരുന്നു. അദ്ദേഹം ദളിതർക്കുവേണ്ടി മാത്രം ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ചിന്തിച്ചിരുന്നു. അതിനുവേണ്ടി നിലകൊണ്ടതും ദളിതന്റെ ഇന്ത്യനവസ്ഥ കണ്ടുകൊണ്ടുതന്നെയാണ്. എന്തുകൊണ്ടോ അതിലദ്ദേഹം വിജയിച്ചില്ല. അദ്ദേഹം തുടക്കത്തിൽ ചൂണ്ടിക്കാട്ടിയ അസമത്വവും അനീതിയും ദളിതനെ കൂടുതൽ അരാഷ്ട്രീയവൽക്കരിക്കുകയാണ് ഇന്ന്. പാർലമെന്ററി ജനാധിപത്യത്തിൽ പോലും രക്ഷ കിട്ടാത്ത ഒരു സമൂഹമായി ദളിതർ പരിവർത്തിക്കപ്പെടുന്നത് നാം കാണുന്നു. ഹിന്ദുയസത്തിന്റെ നിയമങ്ങളും, ഭരണകൂടങ്ങളുടെ പിന്തിരിപ്പൻ നയങ്ങളും ഒരുപോലെ അവനെ മൃഗസമാനമാക്കുന്നത് വർത്തമാന ഇന്ത്യയുടെ ഒരു മുഖമായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഇന്ത്യയിലെ ജാതി ശ്രേണിയിൽ പിന്നോക്കക്കാരിലെ മുൻപന്തിയിലുള്ളവരെ പല ഘട്ടങ്ങളിലായി ദളിത് സമൂഹത്തിനും ന്യൂനപക്ഷങ്ങൾക്കും എതിരായി ഉപയോഗപ്പെടുത്തുക എന്ന ഫാസിസ്റ്റ് തന്ത്രം പ്രയോഗിച്ച് ലാഭം കൊയ്യുന്നവരാണ് ഇവിടുത്തെ സവർണ ജാതികൾ. ഗുജറാത്ത് കൂട്ടക്കൊലയിൽ മുസ്‌ലിം സമുദായത്തിനെതിരെ ആയുധമേന്തിയവരിൽ ഈ പിന്നോക്ക സമുദായം ഉണ്ടായിരുന്നു. 2016-ൽ ഉനയിൽ ദളിത് യുവാക്കളെ വണ്ടിക്ക് പിറകിൽ കെട്ടിയിട്ട് മർദ്ദിച്ചവരിൽ ഇത്തരക്കാരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ബ്രാഹ്മണനെ മാറ്റിനിർത്തി അവന്റെ റോൾ ഏറ്റെടുക്കുന്നവരായി അവർ മാറുന്നു. മോദി തന്നെ ഒരു പിന്നോക്കക്കാരനാണെന്ന വസ്തുത മറക്കരുത്. അധികാരവും മൂലധനവും ഇവരെ അധികാര പ്രമത്തരാക്കി മാറ്റുന്നത് ദളിതനു നേരെയുള്ള കയ്യേറ്റങ്ങളുടെ സൂചനകമായിട്ടാണ്. അതിനർത്ഥം ഇന്ത്യയിലെ സവർണർ ഇതിൽ നിന്നെല്ലാം മാറിനിന്ന് സ്വയം നല്ലവരായി മാറി എന്നല്ല, മറിച്ച് അദൃശ്യമായ ഒരു ചരടിലൂടെ അവരെല്ലാം നിയന്ത്രിക്കുന്നുണ്ടെന്നാണ്. 2015-ലെ നാഷണൽ ക്രൈം റിക്കാർഡ് പ്രകാരം, നരേന്ദ്ര മോദിയുടെ ഗുജറാത്തിലാണ് ദളിതരും മുസ്‌ലിംകളും ഏറ്റവും കൂടുതൽ അക്രമിക്കപ്പെട്ടതെന്ന് കാണാം. ആകെ ഉണ്ടായ ദളിത് അക്രമങ്ങളിൽ മൂന്ന് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഛത്തീസ്ഗഡും, യു.പിയും, ബീഹാറും ഒട്ടും പിന്നിലല്ല. ഇന്ത്യയിൽ ഓരോ ദിവസവും നാല് ദളിത് സ്ത്രീകൾ അപമാനിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. കൊല്ലപ്പെടുന്നവരുടെ എണ്ണം പതിമൂന്നാണ്. കഴിഞ്ഞ നാല് കൊല്ലത്തിനിടയിൽ 18 ദളിത് വിദ്യാർത്ഥികൾ ജീവനൊടുക്കിയ രാജ്യമാണ് നമ്മുടേത്. ഇത് സർക്കാർ കണക്കാണ്. അതിരഹസ്യമായി കൊലപ്പെടുത്തുകയും, ബലാൽസംഗം ചെയ്യപ്പെടുകയും, ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ദളിതരുടെ കണക്ക് ഇതിൽ കൂടുതൽ വരും. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിത് പീഡനത്തിന് കുപ്രസിദ്ധി. രാജസ്ഥാനിൽ 23861 കേസുകൾ രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.

1989-ൽ ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട നിയമപ്രകാരം പട്ടിക വർഗ-ജാതിയിൽ പെട്ടവർക്കെതിരെയുള്ള ക്രൂരത ഇല്ലാതാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്. പക്ഷേ, ദളിത് ആദിവാസികൾ കൂടുതലുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പീഡനങ്ങൾ വർധിച്ചുവരുന്നതായാണ് കണക്ക്. കേന്ദ്ര സാമൂഹിക നീതി മന്ത്രി അവർചന്ദ് ഗഹ്‌ലോത് അധ്യക്ഷനായ സമിതിയാണ് ഈ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ, ഒട്ടും അവിശ്വസിക്കേണ്ടതില്ല. ദളിതന്റെ ഉയർത്തെഴുന്നേൽപ്പിനെ ഭയക്കുന്ന വലിയൊരു സമൂഹം ഇവിടെയുണ്ട്. അവന്റെ സമരങ്ങളെയും അധികാര രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനവും അവർ പേടിക്കുന്നു. അതുകൊണ്ട് അവന്റെ ഓരോ ഉയിർത്തെഴുന്നേൽപും മുളയിലേ നുള്ളേണ്ടതാണെന്ന് അധികാരം കയ്യാളുന്നവരും സവർണരും ആഗ്രഹിക്കുന്നു. അധികാര ഘടനയുടെ കാവലാളുകൾ മാത്രമല്ല, പോലീസും, അവരെ ഭയപ്പെടുന്ന പൊതുസമൂഹവും പലപ്പോഴും കാഴ്ചക്കാരായി മാറുന്നത് നാം കാണുന്നുണ്ട്. സംഘപരിവാറിന്റെ അജണ്ട പ്രാവർത്തികമാകണമെങ്കിൽ ഇന്ത്യയിൽ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ ശബ്ദം ഉയരാൻ പാടില്ലെന്ന് അവർക്കറിയാം. പക്ഷേ, ഏറെക്കാലം ഒരു സമുദായത്തെ അടിച്ചമർത്തിയ ചരിത്രം ലോകത്തെവിടെയുമില്ലെന്ന് മനസ്സിലാക്കുന്നതാണ് നല്ലത്.

Subscribe Tharjani |