തര്‍ജ്ജനി

ഡോണ മയൂര

മെയില്‍: break.my.silence@gmail.com
വെബ്ബ്: http://rithubhedangal.googlepages.com

Visit Home Page ...

കവിത

ഉപ്പൻ കൊഴിച്ചിട്ട തൂവൽ

വീട്ടിലേക്ക് വന്നപ്പോൾ
എത്രയരിശത്തോടെയാണ്
നീ‍ ചാടി വീണത്,
കൈകൾ കൊണ്ടെന്നെ പിന്നിലേക്ക്
തള്ളിയെറിഞ്ഞത്,
റെവ്‌ലോന്റെ നഖംവെട്ടിയൊന്ന്
കൊണ്ടു വരേണ്ടതായിരുന്നെന്ന്
നിന്റെ നഖമാഴങ്ങളൊന്നെന്റെ
നെഞ്ചിൽ.

നീയും...മെന്ന്
ശിഥിലമായൊരൊച്ചയിൽ
ചോദ്യമോ ഉത്തരമോ
അ(ഇ)ല്ലാതെ മുറിഞ്ഞ്
മലർന്നടിച്ച് വീണു പോയി.

വീട്ടിനകത്തുനിന്നും കയറാനാവാത്ത
മുകളിലത്തെ മുറിയിലേക്ക്
പുറത്തേ പടികളിലൂടെ
കയറിപ്പോകുമ്പോൾ
ഇലകൾക്കിടയിലെങ്ങോ
എന്നോ പൂക്കൾ മുങ്ങിമരിച്ച പോലെ
ഇന്നുവരേയും പൂക്കാത്ത
മാങ്കോസ്റ്റീൻ മരത്തിന്റെ
ഇലകൾക്കിടയിലൊളൊച്ചിരിക്കുന്ന
ഉപ്പന്റെ കൂവൽ.

പിന്നെയുള്ള ദിവസങ്ങളിൽ
പുറത്തേക്കു പോകുമ്പോഴും
തിരിച്ചു വരുമ്പോഴും
പടികളിറങ്ങുവാനും
കയറുവാനും
നീ കൂടെ വന്നു,
അകത്തു കയറാതെ
പുറത്തു കാത്തുനിന്നു.

മാങ്കോസ്റ്റീൻ മരത്തിന്റെ
ഇലകൾക്കിടയിൽ
ഒളിഞ്ഞിരുന്നു പാടുന്ന
ഉപ്പന്റെ കൂട്
മറ്റൊരു മരത്തിലാണെന്നു
കാണിച്ചു തന്നു

ഉപ്പൻ കൂട്ടിലേക്ക് ചേക്കേറുന്നത്
നോക്കി നിന്ന ദിവസങ്ങളിലെല്ലാം
മാങ്കോസ്റ്റീനിലാണെന്റെ
കൂടെന്ന് ധ്വനിപ്പിച്ച്
ഇലകളിലാകെ കൂവൽ പൊഴിച്ച്
നമ്മളെ പറ്റിച്ചു.

മറ്റൊരുനാൾ ഉപ്പൻ
കുടുംബസമേതം ഒരു കുഞ്ഞുപ്പനെ
പറക്കാൻ പഠിപ്പിക്കുന്നതും
സപ്പോട്ട മരത്തിലെ പഴങ്ങൾ
കൊത്തിപ്പറിക്കുന്നതും
കൂട്ടിലേക്ക് ഇന്റീരിയർ ഡെകറേഷന്
അടയ്ക്കാമരത്തിന്റെ ഓല ചീന്തുന്നതും
ഉണങ്ങിയ പുൽച്ചെടികൾ
കൊത്തിപ്പറക്കുന്നതും
നമ്മൾ നോക്കുമ്പോഴെല്ലാം
കൂട്ടിൽ കയറാതെ മാങ്കോസ്റ്റീനിൽ
പറന്നു ചെന്നൊളിഞ്ഞിരിക്കുന്നതും
നീ കാണിച്ചു തന്നു.

അന്നത്തെയവധിക്കാലം മുഴുവൻ
ഉപ്പനെയറിയിക്കുന്ന
മാങ്കോസ്റ്റീൻ മരവും
ഉപ്പനറിയിക്കാത്ത ഉപ്പന്റെ കൂടും
മുറിക്കകത്തേക്ക് കയറാത്ത
നിന്റെ അകലവും
അകലത്തേക്കാളുമേറെ
ആഴത്തിലുള്ള നിന്റെ അടുപ്പവും
വീതിച്ചെടുത്തു.

കുഞ്ഞുപ്പൻ
തനിയെ പറന്നതിന്റെ പിറ്റേന്ന്
ഞാൻ പോയ സങ്കടത്തിൽ
അടച്ചിട്ട കതകിനരികിൽ
ദിനങ്ങളോളം ഉപവസിച്ചു തളർന്ന്
പടവുകളിറങ്ങി
മാങ്കോസ്റ്റീൻ ചുവട്ടിൽ
കുഴഞ്ഞു വീണു ചത്തുപോയ
നിന്റെ പേരെന്തായിരുന്നു?

ജൂഡി,യെന്നൊരുത്തരം
ഉപ്പന്റെ വാലിൽ നിന്നൊരു
തൂവൽ കൊഴിച്ച്
അതിന്റെ കൂടിനെ
അടയാളപ്പെടുത്തി.

വിശ്വസ്ത നായുടെ
വിഷാദമരണത്തിന്റെ
ശൂന്യതയിലേക്ക്
അതുവരെയും പൂക്കാത്ത
മരത്തിൽ നിന്നൊരു
മാങ്കോസ്റ്റീൻ അടർന്നു വീണു

Subscribe Tharjani |