തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

ഇടനിലക്കാരുടെ നല്ലകാലം

കള്ളപ്പണം പിടികൂടലില്‍ ആരംഭിച്ച നോട്ട് പിന്‍വലിക്കല്‍ ഇപ്പോള്‍ ക്യാഷ് ലെസ്സ് എക്കണോമിയില്‍ എത്തിനില്ക്കുകയാണ്. നോട്ടുപിന്‍വലിക്കലിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് തുടക്കത്തില്‍ത്തന്നെ വിശ്വസ്യമായ വിധത്തില്‍ വിശദീകരിക്കുവാന്‍ പ്രധാനമന്ത്രിക്കോ ധനകാര്യമന്ത്രിക്കോ റിസര്‍വ്വ് ബാങ്കിനോ സാധിച്ചിരുന്നില്ല. സാമ്പത്തികശാസ്ത്ര പരിജ്ഞാനമുള്ളവരെല്ലാം കള്ളപ്പണം ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കില്ലെന്ന് പറഞ്ഞിരുന്നു. മാത്രമല്ല കള്ളപ്പണം കറന്‍സിയായി സൂക്ഷിക്കുന്നത് വളരെ ചെറിയ അളവില്‍ മാത്രമാണെന്നും കാര്യവിവരമുള്ളവര്‍ പറഞ്ഞു. കള്ളപ്പണത്തിനെതിരെയുള്ള മഹായുദ്ധമാണ് നടക്കുന്നതെന്ന് തെറ്റിദ്ധരിച്ച ശുദ്ധാത്മാക്കള്‍, നല്ല ഉദ്ദേശത്തോടെ നടപ്പിലാക്കിയ പദ്ധതി, വേണ്ടത്ര മുന്നൊരുക്കമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ചില്ലറ വിഷമം ഉണ്ടാക്കിയെന്നെല്ലാം ആതീവനിഷ്കളങ്കതയോടെ ആശ്വസിച്ചു. പക്ഷെ, ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നതെല്ലാം ക്യാഷ് ലെസ്സ് എക്കണോമിയെക്കുറിച്ചാണ്. എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റലായി നടത്തുക. അതിനായി എ.ടി.എം കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയ്കു പുറമെ വാലറ്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനം ഉപയോഗപ്പെടുത്തുക.

കുറച്ചുകാലം മുമ്പ് ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ സ്വൈപ് ചെയ്ത് പണം നല്കാന്‍ സംവിധാനമുള്ള സ്ഥാപനങ്ങള്‍പോലും കറന്‍സി നോട്ടുകളില്‍ ബില്ലടക്കുവാന്‍ ആവശ്യപ്പെടുമായിരുന്നു. പല സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഡിസ്കൌണ്ട്, കാര്‍ഡ് ഉപയോഗിച്ചാണ് ബില്ലടക്കുന്നതെങ്കില്‍ വെട്ടിക്കുറയ്ക്കുമായിരുന്നു. അത് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ ബില്ലുംഗിനു മുമ്പേ അവര്‍ ക്യാഷാണോ കാര്‍ഡാണോ എന്ന് ചോദിക്കും. കാര്‍ഡ് ഉപയോഗിക്കുക എന്നത് വളരെ സൌകര്യപ്രദമായ കാര്യമാണ്. വലിയ തുക കയ്യില്‍ കൊണ്ടുനടക്കേണ്ടതില്ല, ഇടപാടുകളുടെ വിവരങ്ങള്‍ നമ്മുടെ എക്കൌണ്ട് പരിശോധിച്ചാല്‍ അറിയാം, വ്യാപാരസ്ഥാപനങ്ങള്‍ക്ക് പണം നേരെ എക്കൌണ്ടിലേക്ക് എത്തുന്നു .... ഇങ്ങനെ സൌകര്യങ്ങള്‍ ഏറെയുണ്ടായിട്ടും കാര്‍ഡ് ഉപയോഗം കുറയുവാനുള്ള കാരണം കമ്മീഷനാണ്. കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ ഇടപാടിനും പി. ഒ.എസ് മെഷീന്‍ ഉപയോഗിക്കുന്ന സ്ഥാപനം ബാങ്കിന് കമ്മീഷന്‍ നല്കണം. അതാവട്ടെ ഓരോ ബാങ്കിനും വ്യത്യസ്തനിരക്കുകളിലാണ്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടത്തുന്ന സ്ഥാപനത്തിന് പ്രതിദിനം കമ്മീഷനായി നല്കേണ്ടി വരുന്നത് വലിയ ഒരു തുകയായിരിക്കും. അതിന്റെ പ്രതിമാസ - പ്രതിവര്‍ഷ കണക്കുനോക്കുകയാണെങ്കില്‍ സ്ഥാപനത്തിന്റെ ലാഭത്തിന്റെ ഒരു നല്ല വിഹിതം ഈ കമ്മീഷന്‍ വഴി നഷ്ടപ്പെടുന്നുണ്ടെന്ന് കാണാം. ഇക്കാരണത്താലാണ് വ്യാപാരസ്ഥാപനങ്ങള്‍ കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാതിരുന്നത്.

പാന്‍ റജിസ്ട്രേഷനും ഇന്‍കം ടാക്സ് റജിസ്ട്രേഷനും നിര്‍ബ്ബന്ധമായതോടെ തങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ എങ്ങനെ ആദായനികുതിവകുപ്പിന്റെ കണ്ണില്‍ പെടാതെ സൂക്ഷിക്കാം എന്നത് വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ പ്രശ്നമായിട്ടുണ്ട്. ഉപഭോക്താക്കളില്‍നിന്ന് പിരിച്ചെടുക്കുന്ന പലതരം നികുതികള്‍ ശരിയായ ബില്ലുകള്‍ നല്കാതെ വെട്ടിക്കുന്നവര്‍ക്ക് ഇത്തരം ഇടപാടുകള്‍ അസൌകര്യം സൃഷ്ടിക്കാം. പക്ഷെ അതിനപ്പുറമാണ്, കമ്മീഷന്‍ വഴി ഉണ്ടാകുന്ന നഷ്ടം.

ഇന്ത്യന്‍ റെയില്‍വേയുടെ എെ. ആര്‍. സി. ടി സി വെബ് സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുക വളരെ എളുപ്പമാണ്. മാത്രമല്ല റെയില്‍വേ സ്റ്റേഷനില്‍ പോകേണ്ട, ക്യൂവില്‍ നില്ക്കേണ്ട, അതിനായി സമയം ചിലവഴിക്കേണ്ട എന്നിങ്ങനെ സൌകര്യങ്ങള്‍ ഏറെയാണ്. പക്ഷെ, ഓരോ ഇടപാടിനും ഉപഭോക്താവ് കമ്മീഷന്‍ നല്കേണ്ടി വരുന്നുണ്ട്. പത്തുരൂപയില്‍ കൂടുതലാണ് ഈ കമ്മീഷന്‍. റെയില്‍വേ സ്റ്റേഷനില്‍ പോകാനുള്ള സമയം ചെലവ് എന്നിവയുമായി ചേര്‍ത്ത് കണക്കുകൂട്ടിയാല്‍ ഇടപാട് ലാഭമെന്ന് തോന്നാം. എന്നാല്‍ അങ്ങനെയല്ലാത്ത കൊള്ളയുടെ കാലമാണ് കാര്‍ഡ് വഴിയോ ഡിജിറ്റലായോ ഇടപാട് നടത്തുമ്പോള്‍ വരാന്‍ പോകുന്നത്.

നേരത്തെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എ.ടി.എമ്മുകളില്‍നിന്ന് പണം എടുക്കുന്നതിന് പ്രതിദിനപരിധി മൊത്തം തുകയുടെ കാര്യത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നഗരപ്രദേശത്തും ഗ്രാമപ്രദേശത്തും സൌജന്യമായി നടത്താവുന്ന എ.ടി.എം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ പരിധി വെച്ചിരിക്കുന്നു. പരിധി കഴിഞ്ഞുള്ള ഓരോ എ ടി എം ഉപയോഗത്തിനും ബാങ്കിന് കമ്മീഷന്‍ നല്കണം. വാലറ്റുകള്‍ വഴി നടത്തുന്ന ഇടപാടുകള്‍ക്കും കമ്മീഷന്‍ നല്കണം. ഗ്യാസ് ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ 5 രൂപ ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആ ഇളവ് കിട്ടാന്‍ 8 രൂപ ബാങ്കിന് കമ്മീഷന്‍ നല്കണം. നല്ല ലാഭമുള്ള ഇടപാടാണ് ഇതെന്ന് മനസ്സിലായില്ലേ. ലാഭം ഉണ്ട്. അത് ഉപഭോക്താവിനല്ല, ഇടപാടിന്റെ ഇടയില്‍ നില്ക്കുന്ന ബാങ്കിന് അല്ലെങ്കില്‍ പേ ടി എം പോലുള്ള ഇടനിലക്കാര്‍ക്ക്.

എ.ടി.എം ഉപയോഗത്തിന് ചാര്‍ജ്ജ് ഈടാക്കണമെന്ന ആവശ്യം ബാങ്കുകള്‍ ഉന്നയിക്കുന്ന സമയത്ത് അവര്‍ പറഞ്ഞ ന്യായം, ചിലവ് കൂടിയ സംവിധാനമാണ് അതെന്നാണ്. വാസ്തവത്തില്‍ ബാങ്കിലെ എത്ര ക്ലര്‍ക്കുമാരുടെ പണിയാണ് ഒരു ദിവസം ഒരു മെഷീന്‍ ചെയ്യുന്നതെന്നതുമായി ചേര്‍ത്ത് ആലോചിച്ചാല്‍ മുട്ടന്‍ നുണയാണ് കമ്മീഷന്‍ ഏര്‍പ്പെടുത്തുവാനായി ഉന്നയിക്കപ്പെട്ടതെന്ന് കാണാം. എ.ടി.എമ്മുകള്‍ രാപ്പകല്‍ ബാങ്കിംഗ് സേവനത്തിന്റെ ഒരു ഭാഗമായ പണം നല്കല്‍ നിര്‍വ്വഹിക്കുന്നു. രാപ്പകല്‍ ഒരു മെഷീന്‍ ചെയ്യുന്ന ജോലി ചെയ്യാന്‍ എത്ര ക്ലര്‍ക്കുമാര്‍ വേണ്ടി വരും, അവര്‍ക്ക് പ്രതിമാസം നല്കേണ്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ചേര്‍ത്താല്‍ വരുന്ന ചെലവ് എത്രയാണ്, ഒരു എടി എം മെഷീന്‍ സ്ഥാപിക്കാന്‍ വരുന്ന ചെലവ് എത്രയാണ്, അതിന്റെ പ്രവര്‍ത്തനം സാദ്ധ്യമാക്കാനായി നിര്‍വ്വഹിക്കപ്പെടേണ്ട സേവനത്തിനുള്ള ചെലവ് എത്രയാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉത്തരം വ്യക്തമാക്കിത്തരും. മാനവവിഭവം ഉപയോഗിക്കുന്നതിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന യന്ത്രം സ്ഥാപിക്കാന്‍ ഒരു ക്ലര്‍ക്കിന്റെ എത്ര മാസത്തെ ശമ്പളത്തുകയ്ക്ക് തുല്യമായ പണമാണ് വേണ്ടത്? അതിന്റെ നടത്തിപ്പ് ചെലവ്, ആ സേവനത്തിന് യഥാര്‍ത്ഥത്തില്‍ ബാങ്ക് ചിലവിടേണ്ടിവരുന്ന തുകയെക്കാളും നിസ്സാരമായ ഒന്നാണ്. അവിടെയാണ് ഉപയോക്താവിനെ പിഴിയാനായി ബാങ്കുകളും സര്‍ക്കാരും ചേര്‍ന്ന് വ്യവസ്ഥകള്‍ ഉണ്ടാക്കുന്നത്.

ഇടപാടുകള്‍ ഡിജിറ്റലായി നിര്‍വ്വഹിക്കപ്പെടുന്ന സാഹചര്യത്തില്‍ സാമ്പത്തികക്രമക്കേടുകള്‍ കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിക്കും. കച്ചവടസ്ഥാപനങ്ങള്‍ അവരുടെ ഇടപാടുകളെല്ലാം കാര്‍ഡ് മുഖേന നിര്‍വ്വഹിച്ചാല്‍ പണം നേരെ അവരുടെ ബാങ്ക് എക്കൌണ്ടിലെത്തും. പക്ഷെ ആ കണക്കുകള്‍ ഇന്‍കം ടാക്സുകാര്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. വില്പനനികുതിവകുപ്പിന് പരിശോധിക്കാന്‍ സാധിക്കും. അത് നികുതിവെട്ടിപ്പ് തടയാന്‍ സഹായിക്കും. പക്ഷെ, അത് സാധിക്കണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തിവേണം, തീരുമാനം വേണം. നിയമങ്ങള്‍ ഇല്ലാത്തതോ, നടപ്പിലാക്കാന്‍ സംവിധാനമില്ലാത്തതോ അല്ല നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനും കാരണം. രാഷ്ട്രീയനേതൃത്വം ഇടപെട്ട് ഉദ്യോഗസ്ഥരെ നിഷ്ക്രിയരാക്കുന്നതാണ്. രാഷ്ട്രീയനേതൃത്വത്തെ നിയന്ത്രിക്കുകയെന്നതാണ് അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഏകമാര്‍ഗ്ഗം. അതിനുള്ള ഇച്ഛാശക്തിയാണ് പ്രകടമാക്കേണ്ടത്. വേദിയില്‍ പ്രസംഗിച്ച് കയ്യടിവാങ്ങുന്നതും അഴിമതി നിയന്ത്രിക്കുന്നതും പരസ്പരം ഒരു ബന്ധവുമില്ലാത്ത രണ്ട് കാര്യങ്ങളാണ്. ഏത് കള്ളനും കള്ളന് ചൂട്ടപിടിക്കുന്നവനും വേദിയില്‍ കയറി ആദര്‍ശം പ്രസംഗിക്കാം. അത് പ്രസംഗം മാത്രമാണ്, പ്രവര്‍ത്തിയല്ല.

ഡിജിറ്റല്‍ ഇടപാടിന്റെ കാലം ഇടനിലക്കാരുടെ നല്ലകാലമാണ്. അവര്‍ വിശേഷിച്ച് ഒരു പണിയും ചെയ്യാതെ നമ്മുടെ പണത്തില്‍നിന്ന് കമ്മീഷന്‍ ഈടാക്കി കൊഴുത്തുവരും.ബാങ്കകളില്‍നിന്ന് കമ്മീഷനില്ലാതെ ലഭിച്ചിരുന്ന പണം പിന്‍വലിക്കല്‍ സേവനം എ.ടി.എം കമ്മീഷന്‍ വാങ്ങി നര്‍വ്വഹിക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനോ സാധനങ്ങള്‍ വാങ്ങാനോ കാര്‍ഡോ നെറ്റ് ബാങ്കിംഗോ ഉപയോഗിക്കുന്നതിനും കമ്മീഷന്‍ വാങ്ങുന്നു. നമ്മുടെ പണം വാലറ്റ് വഴി ഉപയോഗിക്കുമ്പോഴും കമ്മീഷന്‍ കൊടുക്കേണ്ടിവരുന്നു. ഇടനിലക്കാരില്ലാതെ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇടക്കാര്‍ വഴിയല്ലാതെ നടത്താനാവാതെ വരിക. ഇടനിലക്കാര്‍ ചുങ്കക്കാരായി പെരുമാറുക. ഇടനിലക്കാരുടെ നല്ല കാലം.

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2017-01-11 19:04.

പുതിയ വ്യവസ്ഥ പ്രകാരം 5 തവണ മാത്രമേ കമ്മീഷൻ നല്കാതെ എ.ടി.എം കാർഡ് ഉപയോഗിക്കാൻ സാധിക്കൂ. മെട്രോ നഗരങ്ങളിൽ അത് മൂന്ന് തവണ മാത്രമാണ്. അത് കഴിഞ്ഞ് ഓരോ തവണ എ.ടി.എമ്മിൽ നിന്ന് പണമെടുക്കുമ്പോൾ 20 രൂപയും സർവ്വീസ് ടാക്സും നല്കണം. അത് എല്ലാമായി 23 രൂപ ഓരോ തവണ പണമെടുക്കുമ്പോഴും പിടിക്കും.

ഡിജിറ്റൽ ആവുന്നതിനാണ് ആരാണ് എതിര്? കമ്മീഷൻ പിടുങ്ങുന്ന പരിപാടി അവസാനിപ്പിച്ചാൽ മതി. ഇനി പണം പിൻവലിക്കാൻ ബാങ്കിൽ പോവുകയേ നിവൃത്തിയുള്ളൂ.

Submitted by Anonymous (not verified) on Mon, 2017-01-16 21:10.

കമ്മീഷൻ ഇടപാടുകളുടെ കൊയ്ത്തുകാലമാണ് വന്നിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾക്ക് ഒരു ശതമാനം കമ്മീഷൻ വാങ്ങിയാൽ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഇടനിലക്കാരായ ബാങ്കുകളും പേമെന്റ് ബാങ്കുകളും നേടുക. ബാങ്കുകളുടെ ഇപ്പോഴത്തെ കമ്മീഷൻ ഒരു ശതമാനമല്ല. സ്റ്റേറ്റ് ബാങ്കിൽ സൌജനന്യ എ ടി എം ഇടപാടിന് ശേഷം ഓരോ ഇടപാടിനും 20 രൂപ ചാർജ്ജും മൂന്ന് രൂപ വേറെയും നല്കണം. എക്കൌണ്ടിലെ ബാലൻസ് നോക്കുന്നതിനും സാമ്പത്തിക ഇടപാടല്ലാത്ത എ ടി എം ഉപയോഗത്തിനും വേണം കമ്മീഷൻ. ഇത് ഇരുപത് രൂപയല്ലെന്നേ ഉള്ളൂ.

Submitted by Anonymous (not verified) on Tue, 2017-01-17 18:19.

വാട്ട്സ് ആപ് വഴി കിട്ടിയ ഒരു മെസ്സേജ്:

കോഴിക്കോട് നല്ലളം കെ വി എന്‍ പെട്രോ പ്രൊഡക്ട്‌സ് എന്ന റിലയന്‍സിന്റെ ഔട്ട്‌ലറ്റില്‍ നിന്നും 16-01-2017 ന് ഇരുനൂറ്റി അമ്പത് (250) രൂപക്ക് എന്റെ വാഹനമായ KL 12 H 6687 മഹീന്ദ്ര ഡ്യൂറോയില്‍ 3.34 ലിറ്റര്‍ പെട്രോള്‍ നിറച്ചിരുന്നു. അതിന്റെ വിലയായ 74.74*3.34 =250 കാര്‍ഡ് സൈ്വപ്പ് ചെയ്ത് നല്‍കുകയും 250 രൂപയുടെ റെസീപ്റ്റ് അവര്‍ നല്‍കുകയും ചെയ്തു . എന്നാല്‍ അല്‍പനേരം കഴിഞ്ഞ് വന്ന ബാങ്കിന്റെ മെസ്സേജില്‍ 261.50 രൂപ പിന്‍വലിക്കപെട്ടതായി കാണിക്കുന്നു.

നിയമപരമായ എല്ലാ നികുതികളും അടക്കമാണ് പെട്രോളിന്റെ വിപണി വില നിശ്ചയിക്കുന്നത് . നോട്ട് പിന്‍ വലിക്കലിന്റെ പശ്ചാത്തലത്തിലും ചില്ലറ ക്ഷാമം രൂക്ഷമായതിനാലും കാര്‍ഡുവഴിയുള്ള ഇന്ധനം നിറക്കലിന് കേന്ദ്ര ഗവണ്‍മെന്റ് 0.75% ഇളവ് പ്രഖ്യാപിച്ചതിനാലുമാണ് സൈ്വപ്പ് ചെയ്തത്.
എന്നാല്‍ നികുതിക്കു മുകളില്‍ നികുതി എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത് . 11 രൂപ 50 പൈസ ബാങ്ക് സേവന നികുതി എന്ന ഇനത്തിലാണ് ഈടാക്കിയത് . ഇത് കൂടാതെ വിസാ കാര്‍ഡ് സേവന നികുതി , മൊബൈല്‍ ബാങ്കിങ് ചാര്‍ജ് , മറ്റ് എ ടി എമ്മുകളുടെ ഉപയോഗ ചാര്‍ജ് എന്നിങ്ങനെ 6 മാസം കൂടുമ്പോള്‍ മറ്റ് ചാര്‍ജുകളും ഈ ബാങ്കുകള്‍ ഈടാക്കാറുണ്ട് എന്നതും ഓര്‍ക്കേണ്ടതാണ്.

എനിക്ക് നഷ്ടമായത് 11 രൂപ 50 പൈസയാണ് . സാധാരണ ഗതിയിലുള്ള പണരൂപത്തിലാണ് ഞാന്‍ ഇന്ധനം വാങ്ങിയിരുന്നതെങ്കില്‍ 250 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. Liquid money / currency ആവശ്യത്തിനു ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പണ രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ കപടതയിലും ഒരുപാട് ഉപഭോക്താക്കളാണ് ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നത് .
ഒരു ദിവസം കാര്‍ഡ് ഉപയോഗിച്ച് ഇത്തരം പമ്പുകളില്‍ എത്ര കോടിയുടെ കച്ചവടം നടക്കുന്നുണ്ടാകാം ? അപ്പോള്‍ കൊള്ള ലാഭമല്ലെ ബാങ്കുകളും കച്ചവടക്കാരും ചേര്‍ന്ന് പറ്റിച്ച് സ്വന്തമാക്കുന്നത് .

വെറും പതിനൊന്ന് രൂപ അമ്പത് പൈസയല്ലേ എന്ന് പലരും ചിന്തിക്കുന്നത് ഈ കൊള്ള നിര്‍ബാധം തുടരുവാന്‍ ഇടയാക്കുന്നത് .
ഈ വിഷയത്തില്‍ ഉപഭോക്താക്കളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയാണ് ബാങ്കുകള്‍ പോയന്റ് ഓഫ് സെയില്‍ മെഷീനിലൂടെ പമ്പുകളില്‍ ചെയ്യുന്നത് . മേല്‍ പറഞ്ഞ വിഷയം ഇന്ത്യയില്‍ മൊത്തം ഉള്ള പമ്പുകളിലെ കാര്‍ഡിന്റെ ഉപയോഗവും അതിന്റെ ഭാഗമായി ഉണ്ടാക്കുന്ന വരുമാനവും ഭീമമായിരിക്കും എന്ന സാഹചര്യം കണക്കിലെടുത്ത് മേല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ഒരു പൊതു താത്പര്യ ഹരജിയായി എടുത്ത് മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഞാനുള്‍പ്പെടുന്ന കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

വിശ്വസ്തതയോടെ
ആനന്ദ് കെ എസ്
2ാം വര്‍ഷ മാധ്യമ പഠന വിദ്യാര്‍ത്ഥി
നോര്‍ത്ത് ബ്ലോക്ക്
ഫാറൂക് കോളേജ്
കോഴിക്കോട്

Submitted by Anonymous (not verified) on Wed, 2017-01-18 12:57.

വാട്ട്സ് ആപിൽ പ്രചരിക്കുന്ന മറ്റരു മെസ്സേജ്:

ഒരു ലോഡ്ജിൽ ഒരാൾ റൂം ബുക്ക്‌ ചെയ്യാൻ വന്നു. ആദ്യം അയാൾക്ക്‌ റൂം കാണണമായിരുന്നു. മേനേജർ അയാളോട്‌ 500രൂപ ഡെപ്പോസിറ്റ്‌ ചെയ്ത ശേഷം റൂം കാണാമെന്നു പറഞ്ഞു. അപ്രകാരം അയാൾ ഒരു പുതിയ 500 രൂപാ കൊടുത്തിട്ടു റൂം കാണാൻ പോയി.

മേനേജർ ആനോട്ടെടുത്തു തൂപ്പുകാരിക്കു കൊടുത്തിട്ടു പറഞ്ഞു "ഇതാ കഴിഞ്ഞ മാസത്തെ ശമ്പള ബാക്കി വെച്ചോളൂ". അവർ 500 രൂപാ വാങ്ങി അടുത്തുള്ള ചായക്കടയിൽ കൊടുത്തു "കഴിഞ്ഞ മാസത്തെ ചായയുടെ ബാക്കി പണം ഇതാ" എന്നു പറഞ്ഞു കൊടുത്തു.

ആ ചായക്കടക്കാരൻ ആ 500 രൂപാ ഉടനെ പാൽക്കടക്കാരനെ " കഴിഞ്ഞ മാസത്തെ ബാക്കിയിതാ" എന്നു പറഞ്ഞു ഏൽപിച്ചു. അയാൾ അതു കൊണ്ടു പോയി മൃഗഡോക്ടർക്ക്‌ കൊടുത്തിട്ടു പറഞ്ഞു "കുറച്ചു മുന്നെ പശുവിനെ ചികിത്സിച്ചതിനു 2000 രൂപക്കു ചില്ലറിയില്ലാത്തതിനാൽ ഫീസ്സ്‌ പിന്നെ മതിയെന്നു പറഞ്ഞില്ലെ, ഇതാ വെച്ചോളൂ".

മൃഗഡോക്ടർ ഉടനെ ആ 500 രൂപയുമായി ലോഡ്ജിലേക്കു പോയി അത്‌ മേനേജരെ ഏൽപിച്ച്‌ പറഞ്ഞു " കഴിഞ്ഞ തവണ ഇവിടെ താമസ്സിച്ചപ്പോൾ ചില്ലറയില്ലാത്തതു കൊണ്ടു ബാക്കി തരാനുള്ള പൈസ്സയിതാ"

ലോഡ്ജ്‌ മേനേജർ ആ 500 രൂപാ വാങ്ങി വെച്ചു. ഇതിനകം റൂം നോക്കാൻ പോയ ആൾ തിരിച്ചു വന്നു റൂം ഒന്നും ഇഷ്ടമായില്ല എന്നു പറഞ്ഞു ഡെപ്പോസിറ്റ്‌ കൊടുത്ത 500 രൂപാ തിരിച്ചു വാങ്ങി പോയി.

ഇപ്പോൾ 500 രൂപാ പോയ സ്ഥലത്തു തന്നെ തിരിച്ചെത്തി. പക്ഷേ അത്‌ സഞ്ചരിച്ച വഴിയിൽ ശമ്പള ബാക്കി, ചായക്കടയിലെ പറ്റ്‌, പാലിന്റെ ബാക്കി പണം, ബാക്കി ചികിത്സാ ഫീസ്സ്‌, ലോഡ്ജ്‌ വാടക ബാക്കി എല്ലാം തീർത്തു. ആർക്കും നഷ്ടമില്ല.

ഇനി ഈ പണമിടപാട്‌ ഇന്നത്തെ പണമില്ലാ ഇടപാടിലൂടെയാണു ചെയ്യുന്നതെങ്കിലോ? തൂപ്പുകാരിക്കു പേ ടി എമ്മിലൂടെ കൊടുക്കുന്നതിനു 2 %, ചായക്കടയിൽ 2%, പാൽക്കാരനു 2%, മൃഗഡോക്ടർക്കു 2%, ലോഡ്ജ്‌ മേനേജർക്കു 2% എന്നിങ്ങനെ സർവ്വീസ്‌ ചാർജ്ജ്‌ കൊടുക്കേണ്ടിവരും. അതായത്‌ 10 + 9.90 + 9.80 + 9.70 + 9.60 = 49 രുപാ നഷ്ടമായിരിക്കും. ലോഡ്ജ് മേനേജർ കൊടുത്ത 500 രൂപാ അയാളുടെയടുത്തു തിരിച്ചെത്തുമ്പോൾ 451 രുപയായി കുറഞ്ഞിരിക്കും.

ഇതിൽ ആർക്കാണു ലാഭം? ചിന്തിച്ചു നോക്കൂ.

Submitted by Anonymous (not verified) on Sun, 2017-01-22 18:59.