തര്‍ജ്ജനി

ശിവപ്രസാദ് പാലോട്

മണ്ണാര്‍ക്കാട് കോളേജ്‌ പി. ഒ.
പാലക്കാട് ‌678583

Visit Home Page ...

കവിത

മഴ നന

നൂലിറങ്ങി വന്ന
ഇറ വെള്ളം
ഒരു പുഴയായിരുന്നു
തളം കെട്ടിയ മുറ്റം
കടലായിരുന്നു
ചരിത്രപുസ്തകത്തിന്റെ
അവസാന താളുകളെല്ലാം
പായ്ക്കപ്പലുകളായിരുന്നു,,,,

മുറ്റത്തിനപ്പുറം
അടുത്ത വൻകര
ശീതസമരങ്ങളുടെ
മഞ്ഞുമല കൂർപ്പുകൾ

അലറിച്ചുവട്ടിലെ
കരിമ്പാറക്കാർന്നോന്മാർ
വെട്ടിയും കുത്തിയും
കാത്ത വേലികൾ

ചില ചങ്കിന്
ചെമ്പരത്തിപ്പൂവിനെക്കാൾ ചോര

പെട്ടു തിരിഞ്ഞു പോയ
ഉൾച്ചുഴികൾ

ഓർമ്മകളിൽ നങ്കുരമിട്ട
ഭ്രാന്തൻ കപ്പിത്താനേ
വാനംമുട്ടുന്ന
തിരമാലക്കാട്ടിൽ
ആമം വച്ച
കൈകൾ കൊണ്ട് തുഴഞ്ഞ്,
മുദ്രവച്ച നാവുകൊണ്ട് അലറി

ബാക്കിയായ ഇത്തിരി
കിനാ ലഹരി മോന്തി
നീയിനി ഏതു ദിശ പിടിക്കും,,,?

Subscribe Tharjani |