തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

അനുഭവം

മരണം ആരെ മറച്ചുവെയ്ക്കുന്നത്...?


കെ. വി. സുമിത്ര

എല്ലാം പഴയ മട്ടില്‍ തന്നെ... മറൈന്‍ ഡ്രൈവും സുഭാഷ് ബോസ് പാര്‍ക്കും ടിഡിഎം ഹാളും എറണാകുളത്തപ്പന്‍ ക്ഷേത്രവും എല്ലാം... ജനറല്‍ ആശുപത്രിയില്‍ മാറ്റങ്ങള്‍ വന്നു. ഇരുവരി പാതയിലൂടെ മക്കളില്ലാതെ, കൂട്ടുകാരില്ലാതെ, അമ്മയില്ലാതെ, ഒറ്റയ്ക്കുള്ള നടപ്പില്‍ സംസാരിക്കുന്നതും ഒരു രസമാണ്, സ്വയം ഭാഷണം. മെട്രോ തിട്ടപ്പെടുത്തിയ വഴികളില്‍ വന്‍തൂണുകള്‍ വന്നു, അതിനാല്‍ റോഡുകള്‍ ചെറുതായി, വാഹനങ്ങള്‍ വേഗം കുറച്ചുകൊണ്ടായി സഞ്ചാരം. എങ്ങും വാഹനപ്പെരുക്കം, മെട്രോ യാത്രയെ, നഗരയാത്ര നരകയാത്രയാകുന്നതിനെ പഴി ചാരുന്ന യാത്രക്കാര്‍... എന്നാലും നഗരമെന്നും സജീവമാണ്, എന്നും അണിഞ്ഞൊരുങ്ങി നടക്കുന്ന സുന്ദരിയെപ്പോലെ... മറൈന്‍ ഡ്രൈവിലെ തൂക്കുപ്പാലത്തിലാണിപ്പോള്‍ ഞാന്‍. വൈകുന്നേരം; സന്ധ്യയില്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്ന നഗരം... സൗമ്യമായെത്തുന്ന കടല്‍ക്കാറ്റ്... അങ്ങ് ദൂരെ കടലു കാണാം. സൂര്യന്റെ തിരോധാനത്തിന് സമയമാവുന്നു. ജീവിതത്തിലേക്ക് സൂക്ഷ്മതയോടെ നോക്കുമ്പോള്‍, ഒരു സൂര്യന്‍ കെട്ടടങ്ങിയ വേദന; അറിയാതെ തികട്ടിവന്നു. സൂര്യസാന്നിധ്യമായിരുന്നു എപ്പോഴും എന്റെ അമ്മ... കൈപ്പിടിച്ചു നടക്കുംകാലം മുതല്‍ കൈപ്പിടിച്ചുകൊടുത്തു കഴിഞ്ഞിട്ടും ആ വിരലുകളുടെ പിടിവിട്ടില്ല എന്നെ... എപ്പോഴും കരുതലോടെ, എന്റെയൊപ്പമുണ്ടായിരുന്നു. മക്കളുണ്ടായി, വീടുണ്ടായി, അപ്പോഴും കൂട്ടെഴുത്തിന്റെ വരേണ്യഭംഗിക്കൊട്ടും പൊലിമ കുറഞ്ഞില്ല. പിന്നീടെപ്പോഴോ, എന്റെ കൈ ചൂടിനെ ആശ്രയിച്ച്, ഞായറാഴ്ചകളിലെ വീട്ടുവരവിനെ നോക്കിയിരുന്ന്, അകത്തുണ്ണിനെ മറന്ന്, കണ്ണും മനസ്സും കൂര്‍പ്പിച്ച്... എന്നെ കാത്തിരുന്നു. രാസ്നാദിപ്പൊടി, മുറിവെണ്ണ, മഹാനാരായണീയ തൈലം, ജപമാല, DFO ജെല്‍ - ''കാലിന് നല്ല വേദന, നീരുണ്ട്... നീ തടവണ്ടാട്ടോ...'' അങ്ങനെ പറഞ്ഞ് തീരുമ്പോഴേക്കും ജെല്ലെടുത്ത് ഞാന്‍ പുരട്ടി തുടങ്ങിയിരിക്കും... പിന്നെ, കര്‍പ്പൂരമിട്ട വെളിച്ചെണ്ണ പുരട്ടി, ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്, ടൗവലില്‍ തുടപ്പിച്ച്, പൗഡറിട്ട്, ഉടുപ്പിട്ട്, ചന്ദനക്കുറിയിടുവിച്ച് ഒരുമ്മയും കൊടുത്താല്‍ സ്വര്‍ഗ്ഗമായി അമ്മയ്ക്ക്. ഞങ്ങളുടെ ലോകത്ത് സുഗന്ധങ്ങളുടെ സമ്മിശ്രഗന്ധങ്ങളായിരുന്നു. ചിരിയും വാതോരാത്ത സംസാരവും... ഞാന്‍ പറയും. ''എഴുപതല്ലാട്ടോ, അമ്പതാ ഇപ്പോള്‍ അമ്മയ്ക്ക്...''

പെട്ടെന്നൊരു ദിവസം, പുലര്‍ച്ചെയായിരുന്നു. നാമജപം നടത്തുമ്പോള്‍... ആ ഞെട്ടല്‍ പെട്ടെന്നടങ്ങില്ല. അതൊരു തിരിച്ചറിവാണെന്നറിഞ്ഞിട്ടും... എല്ലാ കാര്യങ്ങളും തീര്‍ത്ത് എല്ലാം മുന്‍കൂട്ടി കണ്ടുള്ള തിരോധാനം... കെട്ടടങ്ങല്‍... കണ്‍മുമ്പില്‍ എരിഞ്ഞടങ്ങിയെങ്കിലും ആ സൂര്യന്റെ ചൂട്, അടങ്ങിയില്ല... അടങ്ങുകയുമില്ല. യാത്രയ്ക്കൊരുങ്ങുമ്പോള്‍ കരുതലോടെ വരുന്ന മിസ്ഡ് കോളായും, കിടക്കുന്നതിന് മുമ്പുള്ള പരിഭവമായും, ''നീ വിളിച്ചില്ലെന്നെ, മറന്നൂല്ലേ'' എങ്ങനെ മറക്കാന്‍, എന്നും ഉണര്‍ന്നിരിക്കല്ലേ? കണ്ണിമ പൂട്ടിയിരുന്നാലും, ഉള്ളില്‍ പരന്നൊഴുകുന്ന സൂര്യസാന്നിദ്ധ്യം; ഭസ്മം മണക്കുന്ന, ചന്ദനസുഗന്ധമുള്ള, വെളുവെളുത്ത കൈവിരലുകള്‍, തഴുകല്‍...


സുമിത്രയും കുട്ടികളും അമ്മയോടൊപ്പം

മനസ്സാന്നിദ്ധ്യം വീണ്ടുകിട്ടാന്‍ മുറി പൂട്ടിയിരുന്നിട്ട് കാര്യമില്ലന്നറിഞ്ഞ്, യാത്രകളായി. ഒരുമിച്ച് തൊഴുത ക്ഷേത്രങ്ങള്‍, നടന്ന വഴികള്‍, ഇഷ്ടപ്പെട്ട മുഖങ്ങള്‍... എവിടെയെങ്കിലും കാണാന്‍ പറ്റുമോ? മരിച്ചവരെല്ലാം എവിടെയാണ്? ആ ലോകം എവിടെ? പുനര്‍ജന്മത്തില്‍ വിശ്വാസമില്ല. പക്ഷേ, മരണശേഷം പിന്നെന്ത് എന്ന ചോദ്യം ഒരു വലിയ ചോദ്യം സമ്മാനിക്കുന്നു. ഒരുപാട് വായിച്ചു. പുസ്തകങ്ങള്‍ തേടിപ്പിടിച്ചു. ഗവേഷകരെ കണ്ടു. എല്ലാം വെറുതെ. ഒന്നിനും ഉറപ്പുള്ള ഉത്തരം പറയാനില്ല. അതാണ് സത്യം.. മരണമെന്ന സത്യം. അതംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. അതംഗീകരിക്കാന്‍ മനസ്സൊരുങ്ങുക. മനസ്സിനെ പഠിപ്പിക്കുക. മനസ്സാണ് തീരുമാനമെടുക്കുന്നത്. എല്ലാം വിട്ടുകൊടുത്തു. അപ്പോള്‍ തെളിഞ്ഞ് വന്നത്, ശൂന്യതയാണ്. ഏകാന്തതയുടെ വന്‍കരയില്‍... ഒന്നിനെയും പകരം വെയ്ക്കാന്‍ മറ്റൊന്നിനാകില്ല എന്ന തിരിച്ചറിവില്‍.

വെട്ടം മങ്ങിത്തുടങ്ങിയ തൂക്കുപാലത്തില്‍ നിന്നിറങ്ങി വീണ്ടും നടന്നു. മഴക്കാറ് ഇരുട്ട് വേഗമെത്തിയോ? ആലോചന തുടങ്ങും മുമ്പേ മഴയെത്തിക്കഴിഞ്ഞു. ചാറ്റലോടുകൂടിയ തോരാമഴ... പതുക്കെ പതുക്കെ കണ്ണിലും മുടിയിഴകളിലും തലോടി തലോടി... മഴ പെയ്തു നിന്നു.

Subscribe Tharjani |