തര്‍ജ്ജനി

മുഖമൊഴി

കള്ളപ്പണക്കാർക്ക് ആരെയാണ് ഭയം


ബാങ്കില്‍നിന്ന് പിന്‍വലിക്കുന്നതിനും
എടിഎമ്മില്‍ നിന്ന് എടുക്കുന്നതിനും നിയന്ത്രണമുള്ളപ്പോള്‍
കോടിക്കണക്കിന് രൂപയുടെ 2000 രൂപ നോട്ടുകള്‍
പലേടങ്ങളില്‍നിന്നായി പിടിച്ചെടുത്തു

സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണവൈകല്യത്തിന്റെ ശിക്ഷ ഭാരതീയര്‍ ആകമാനം അനുഭവിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ കുറിപ്പ് എഴുതാനിരിക്കുന്നത്. ഇന്നത്തെ ഏറ്റവും വലിയപ്രശ്നം നോട്ടുനിരോധനത്തെത്തുടര്‍ന്ന് ഉണ്ടായ സ്ഥിതിവിശേഷമാണ്. നവംബര്‍ എട്ടാം തിയ്യതി രാത്രിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് 1000, 500 രൂപ നോട്ടുകള്‍ നിയമവിധേയമായ പണമല്ലാതായി മാറി. ജനങ്ങളുടെ കൈവശം ഉള്ള പണം ബാങ്കുകളില്‍ മാറ്റിയെടുക്കാനും ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാനും അവസരം ഉണ്ടാകുമെന്നും അതിന്റെയെല്ലാം സമയപരിധിയും പ്രധാനമന്ത്രി രാഷ്ട്രത്തെ അറിയിച്ചു. ഇത് കള്ളപ്പണം തടയാനുള്ള നടപടിയാണ് എന്നാണ് അറിയിച്ചത്. അതുതന്നെയാണ് പ്രധാനമന്ത്രിയെ പിന്‍തുടര്‍ന്ന് ഈ വിവരം അറിയിച്ചവരെല്ലാം പറഞ്ഞത്. കള്ളപ്പണം സംരക്ഷിക്കണം എന്ന് നമ്മുടെ നാട്ടിലെന്നല്ല, ലോകത്തിലൊരിടത്തും സാമൂഹികബോധമുള്ള ഒരാളും പറയില്ല. സത്യം, ധര്‍മ്മം, നീതി എന്നിങ്ങനെയുള്ള മൂല്യങ്ങള്‍പോലെ എല്ലാവരും യോജിക്കുന്ന കാര്യം. പക്ഷെ, നോട്ടുപിന്‍വലിച്ച് ഒരു മാസം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. എന്താണ് ഫലം? കള്ളപ്പണത്തിന്റെ കാര്യത്തില്‍ എന്ത് സംഭവിക്കുന്നു? പുറത്തുവരുന്ന വിവരങ്ങളൊന്നും നല്ലതല്ല. മാത്രമല്ല, ലോകപ്രശസ്തരായ സാമ്പത്തികവിദഗ്ദ്ധരെല്ലാം ഇപ്പോഴത്തെ നോട്ടുപിന്‍വലിക്കല്‍ ഗുണമല്ല, ദോഷഫലമാണ് സൃഷ്ടിക്കുകയെന്ന് വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാമിരിക്കെ, നമ്മുടെ മുന്നില്‍ ജനങ്ങളുടെ ദുരിതം സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത അവസ്ഥയില്‍ തുടരുകയും ചെയ്യുന്നു.

രണ്ടുതരത്തിലാണ് കള്ളപ്പണം. നികുതിവെട്ടിപ്പ് നടത്തി സമ്പാദിച്ചത്, വ്യാജമായി നിര്‍മ്മിച്ചത്. ഇവ രണ്ടും നമ്മുടെ നാട്ടിലുണ്ടെന്ന് നമ്മുക്കെല്ലാം അറിയാം. നികുതിവെട്ടിച്ചും സാമ്പത്തികക്രമക്കേട് നടത്തിയും ജീവിക്കുന്നവരെ നമ്മുക്കറിയാം. അങ്ങനെ അനധികൃതമായി കുന്നുകൂട്ടിയ പണമുള്ളവരാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകാലത്തും അല്ലാത്തപ്പോഴും പണം നല്കുക. സാമ്പത്തിക അഴിമതിക്കാരുടെ ഉറ്റകൂട്ടുകാര്‍ രാഷ്ട്രീയക്കാരാണ്. അവരുടെ സഹായികളായി ഉദ്യോഗസ്ഥരും ഉണ്ടാകും. രാഷ്ട്രീയക്കാരും സാമ്പത്തികകുറ്റവാളികളും ചേരുന്ന സംഘത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരുനില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കഷ്ടകാലമാവും. അത് ഭയന്ന് കുറ്റവാളിസംഘത്തിന്റെ ആജ്ഞാനുവര്‍ത്തികളാവന്‍ വിധിക്കപ്പെട്ടവരാണ് ഉദ്യോഗസ്ഥരില്‍ മഹാഭൂരിപക്ഷവും. അഴിമതിയോട് മൃദുസമീപനം പുലര്‍ത്തുന്നവരായിരിക്കണം ഉദ്യോഗസ്ഥര്‍ എന്നത് രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അതാണ് അവരുടെ പ്രവര്‍ത്തനത്തിന്റെ അടിത്തറ. എന്നിരിക്കെ, രാഷ്ട്രീയക്കാര്‍ കള്ളപ്പണത്തിനെതിരെ പടവാളുയര്‍ത്തും, യുദ്ധം ചെയ്യുമെന്നല്ലാം വിഡ്ഢികളല്ലാതെ വേറെയാരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല, കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പ് കാലത്ത് വിദേശത്ത്, സ്വിസ്സ്ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട ഇന്ത്യക്കാരുടെ കള്ളപ്പണത്തിന്റെ കണക്ക് പറയുകയും ആ പണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും, അതിനുശേഷം ഇന്ത്യന്‍ സാമ്പത്തികാവസസ്ഥയ്ക്കും ഓരോവ്യക്തിക്കും ഉണ്ടാകാവുന്ന നേട്ടത്തെക്കുറിച്ചും ഭാരതത്തിലുടനീളം പ്രസംഗിച്ചവരാണ് ഇപ്പോള്‍ നാട്ടിലെ കള്ളപ്പണത്തെക്കുറിച്ച് പറയുന്നത്. വിദേശത്തെ കള്ളപ്പണം ഭരണം തുടങ്ങി നൂറുനാളുകള്‍ക്കുള്ളില്‍ തിരിച്ചുകൊണ്ടുവരും എന്നാണ് പറഞ്ഞത്. ആ സമയപരിധി കഴിഞ്ഞുപോയി. അതില്‍ ഒരു നയാപൈസ പോലും തിരിച്ചുവന്നില്ലെന്ന് നമ്മുക്കെല്ലാം അറിയാം. അപ്പോള്‍, കള്ളപ്പണത്തിന്റെ കാര്യത്തില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുള്ളവരാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്ന് മനസ്സിലാക്കാം.

അനധികൃതസമ്പാദ്യം ഉണ്ടാക്കുന്നവര്‍ പണം കറന്‍സിനോട്ടുകളായല്ല സൂക്ഷിക്കുകയെന്നത് കാര്യവിവരമുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. സ്വര്‍ണ്ണം, ഭൂമി, കമ്പനികളുടെ ഓഹരികള്‍ എന്നിവയിലാണ് നാട്ടിനകത്ത് അവര്‍ നിക്ഷേപം നടത്തുന്നത്. അല്ലാത്തവര്‍, അവരുടെ വന്‍സമ്പാദ്യം സ്വിസ്സ്ബാങ്കില്‍ നിക്ഷേപിക്കും. കള്ളപ്പണം കൈവശമുള്ളവരെന്ന് കണക്കാക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും നിക്ഷേപങ്ങളെക്കുറിച്ച് ഏതാനും പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. അതിനാല്‍ ബഹുജനം ഇക്കാര്യത്തെക്കുറിച്ച് അറിവുള്ളവരാണ്. നേരത്തെ പറഞ്ഞ രാഷ്ട്രീയ-വ്യവസായി കൂട്ടുകെട്ടാണ് നിയമവിരുദ്ധമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്കുന്നതെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. രാഷ്ട്രീയക്കാരുടെ ആത്മാര്‍ത്ഥതയില്ലായ്മയില്‍ നിരാശരായ ജനങ്ങളാണ് അണ്ണ ഹസാരെ ഈ വിഷയം ഉന്നയിച്ച് സമരം ചെയ്തപ്പോള്‍ സ്വമേധയാ പിന്തുണയുമായി ചെന്നെത്തിയത്. ഹസാരെയുടെ സമരത്തെ മുന്‍നിരയില്‍ നിന്ന് നയിച്ച അരവിന്ദ് കെജരിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് ദല്‍ഹി അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഇന്ത്യയില്‍ നിറഞ്ഞുനിന്ന മോദി തരംഗത്തെ നിഷ്രഭമാക്കി ദില്ലിയില്‍ വിജയം കണ്ടെത്താന്‍ സഹായിച്ചതും അഴിമതിക്കെതിരെ നടപടിവേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന, അഴിമതിയാല്‍ പൊറുതിമുട്ടിയ ജനസാമാന്യമാണ്. ദല്‍ഹിയില്‍ ഭൂരിപക്ഷമില്ലാതെ, ഭരിക്കാനാകാതെ, രാജിവെച്ച് പുറത്തുപോയ കെജരിവാളിനെയും സംഘത്തെയും അസാധാരണമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരികയാണ് ജനങ്ങള്‍ ചെയ്തത്. അഴിമതിയിലൂടെ ആരെങ്കിലും ഉണ്ടാക്കിയ സമ്പാദ്യത്തോടുള്ള അസൂയയല്ല ജനവികാരത്തെ നയിക്കുന്നത്. അവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി മാറ്റുകയും നെറികേടുകള്‍ക്ക് കൂട്ടുനില്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന അവസ്ഥയില്‍ അവരെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നവരോടുള്ള പ്രതിഷേധമാണ് അവരുടെ ഈ തീരുമാനത്തെ നയിക്കുന്നത്. അഴിമതിക്കെതിരെ നിലപാടുള്ളവരും അതിനെതിരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ജനസാമാന്യമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്പരം അഴിമതിയാരോപണം നടത്തുമെങ്കിലും അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കാറില്ലെന്ന് നമ്മുക്കറിയാം. ഇന്ത്യയില്‍ അഴിമതിയുടെ പേരരില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീക്കാരുടെ എണ്ണം വിരലില്‍ എണ്ണാവുന്നതാണ്. കേരളത്തില്‍ അങ്ങനെ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ള തടവറയില്‍നിന്ന് മഹാരോഗത്തിന്റെ പേരില്‍ പുറത്തിറങ്ങി ഇപ്പോള്‍ അഴിമതിക്കെതിരെ സംസാരിക്കുന്നുവെന്ന ഫലിതവും നാം കണ്ടിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള നിലപാടില്‍ ബഹുജനങ്ങളും രാഷ്ട്രീയക്കാരും രണ്ടുപക്ഷങ്ങളിലാണെന്നാണ് പറഞ്ഞുവരുന്ന കാര്യം. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ജനങ്ങളെ ശിക്ഷിക്കുന്ന നടപടിയായാണ് ഇപ്പോഴത്തെ നോട്ടുപിന്‍വലിക്കല്‍ കലാശിച്ചിട്ടുള്ളത്. ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള തങ്ങളുടെ ചെറിയസമ്പാദ്യം തടഞ്ഞുവെക്കുകയും സാമ്പത്തികാടിയന്തിരാവസ്ഥ ഉള്ളപ്പോഴെന്നപോലെ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആവശ്യത്തിന് പണം ബാങ്കുകളില്‍ ഇല്ലെന്നതിനാല്‍ പണം ലഭിക്കാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

ആയിരം, അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ പ്രചാരത്തിലുള്ള കറന്‍സിനോട്ടുകളുടെ 86 ശതമാനമാണ് ഇല്ലാതാവുകയെന്നത് ജനസാമാന്യത്തിന് അറിവുള്ള കാര്യമല്ല. റിസര്‍വ്വ് ബാങ്കിലും ധനകാര്യമന്ത്രാലയത്തിലും ജോലിചെയ്യുന്ന വിഷയവിശാരദന്മാര്‍ക്ക് അറിയുന്ന കാര്യമാണത്. അത്രയും പണം പിന്‍വലിക്കുന്നതിന്റെ ഫലമായി ഉണ്ടാകാവുന്ന സാമ്പത്തികാവസ്ഥ എന്തായിരിക്കുമെന്ന് അറിയാതെ, വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ നടപ്പിലാക്കിയ പരിപാടിയാണ് ഇപ്പോഴത്തെ ദുരിതാവസ്ഥയ്ക്ക് കാരണമെന്നും പറയുന്ന നിഷ്കളങ്കമനസ്കര്‍ ധാരാളമുണ്ട്. നോട്ടുപിന്‍വലിക്കലിന് ശേഷം ധനമന്ത്രാലയവും റിസര്‍വ്വ് ബാങ്കും പലതരം വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നടത്തിയിട്ടുണ്ട്. കള്ളപ്പണത്തിനെതിരെയും തീവ്രവാദത്തിന് എതിരെയും ഉള്ള നടപടിയായി വ്യാഖ്യാനിച്ച് ആംരംഭിച്ച നോട്ടുപിന്‍വലിക്കല്‍ പരിപാടിയുടെ ഒടുവിലത്തെ വ്യാഖ്യാനം കറന്‍സിയില്ലാത്ത സാമ്പത്തിക ഇടപാടിലേക്ക് മാറുന്നതിനുള്ള നടപടിയാണെന്നതാണ്. ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് മാത്രം ഇടപാടുകള്‍ നടത്തുക. എല്ലാ ഇടപാടുകളും ബാങ്ക്മുഖേന നടത്തുക. ആരാണ് ഇത്തരം ഒരു പരിപാടിയെ എതിര്‍ക്കുക? ബാങ്ക് വഴി ഇടപാടുകളെല്ലാം നടക്കുകയും അതിന്റെ ഫലമായി നികുതിവകുപ്പിന്റെമുന്നില്‍ ഈ കണക്കുകള്‍ ചെന്നെത്തിയാല്‍ പ്രയാസം ഉണ്ടാകാവുന്നവരല്ലാതെ വേറെയാരും ഇതിനെതിരെ എതിര്‍പ്പുമായി വരേണ്ട കാര്യമില്ല. ചില്ലറ പൈസ ഭിക്ഷയായി വാങ്ങുന്നവരും ചെറുകിട കച്ചവടം നടത്തുന്നവരും എല്ലാ ഇടപാടുകളും ബാങ്ക്മുഖേന നടത്തണമെന്ന അവസ്ഥ വന്നാല്‍ പോയിന്റ് ഓഫ് സെയില്‍സ് സ്വൈപ്പിംഗ് മെഷീനുമായി ഇറങ്ങേണ്ടിവരും. അല്ലാതെ അവര്‍ക്ക് ഭയപ്പെടാനൊന്നുമില്ല. അങ്ങനെ ഭയപ്പെടാനൊന്നുമില്ലാത്തവരെ, അഴിമതിക്കാരല്ലാത്തവരെ പണത്തിനായി നെട്ടോട്ടം ഓടിക്കുന്നത് എന്തിനാണ്? അവര്‍ അനുഭവിക്കുന്ന പ്രയാസം നിസ്സാരമാണെന്ന് മനസ്സിലാക്കാന്‍ അതിര്‍ത്തിയില്‍ രാജ്യത്തെ സംരക്ഷിക്കാന്‍ ജാഗ്രതയോടെ കാവല്‍നില്ക്കുന്ന ജവാന്മാരുടെ സഹനവും ത്യാഗവുമെല്ലാമായി താരതമ്യം ചെയ്യേണ്ടത് എന്തിനാണ്. ഒരു രാജ്യത്തെ അഴിമതിക്കാരെ നിയന്ത്രിക്കാനോ പിടികൂടുവാനോ ആ രാജ്യത്തെ അഴിമതിക്കാരല്ലെന്ന് നൂറുശതമാനം ഉറപ്പിച്ച് പറയാവുന്ന സാധാരണക്കാരന്റെ പണം പിടിച്ചുവെക്കുകയാണ് വേണ്ടതെന്ന് കരുതുന്ന സാമ്പത്തികാസൂത്രണം കുറ്റകരമാണ്. അത് അറിയാത്തവരല്ല ഈ നടപടിക്കുപിന്നിലെന്ന് മനസ്സിലാക്കണം. സിനിമ കാണാനും മദ്യം വാങ്ങാനും ക്യൂനില്ക്കുന്നവര്‍ക്ക് എടിഎമ്മിനുമുന്നില്‍ ക്യൂ നില്ക്കാമെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസുമുതല്‍ നികുതിവെട്ടിപ്പിന്റെ കഥകള്‍വരെ പറഞ്ഞ് പൊങ്കാലയിട്ടത് ജനസാമാന്യമാണ്. അനധികൃതസമ്പാദ്യമുള്ളവരാണ് എന്ന് നമ്മുക്കറിയാവുന്ന ആരും അനധികൃതസമ്പാദ്യത്തിനെതിരെയുള്ള ഈ നടപടിയെ ഏതിര്‍ക്കുന്നില്ല. അത് അതിര്‍ത്തിയിലെ ജവാന്മാരെ ആലോചിച്ച്, അവരുടെ ക്ലേശവും ത്യാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നം നിസ്സാരമെന്ന് കരുതിയല്ല. നോട്ടുപിന്‍വലിച്ച് പ്രചാരത്തിലുള്ള പണത്തിന്റെ പതിനാല് ശതമാനം മാത്രം ഉള്ളപ്പോള്‍ ആഡംബരജീവിതം നയിക്കുന്നവര്‍ക്കൊന്നും പ്രശ്നമുള്ളതായി കാണുന്നില്ല. പ്രധാനമന്ത്രിയുള്‍പ്പെടെ പറഞ്ഞത് കള്ളപ്പണക്കാര്‍ നോട്ടിനായി ക്യൂ നില്ക്കുന്നുവെന്നാണ്. അങ്ങനെ ബാങ്കില്‍ നോട്ടുമാററാന്‍പോയവരുടെ കൂട്ടത്തില്‍ വൃദ്ധയായ തന്റെ അമ്മയെയും അയച്ച് അതിര്‍ത്തിയിലെ ജവാന്മാരെ ഓര്‍ത്ത് സഹിക്കല്‍ പരിപാടി കൊഴുപ്പിക്കാനും രാഷ്ട്രീയകുതന്ത്രം മടിച്ചില്ല. ആ പാവം സ്ത്രീ ജീവിതത്തില്‍ ഇതിനുമുമ്പ് എത്ര തവണ ബാങ്കില്‍ പോയിട്ടുണ്ടാവും?


മോഡിയുടെ അധികം പഴക്കമില്ലാത്ത ഒരു പ്രചരണചിത്രം

ഇന്ത്യയിലെ ബാങ്കുകള്‍ 2013 മുതല്‍ 2015 വരെ എഴുതിത്തള്ളിയ കിട്ടാക്കടങ്ങള്‍ 1.14 ലക്ഷം കോടി രൂപയാണെന്ന് വിവരാവകാശനിയമപ്രകാരം ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തിന് റിസര്‍വ്വ് ബാങ്ക് നല്കിയ രേഖ വെളിപ്പെടുത്തിയിട്ടുണ്ട് . കള്ളപ്പണം ഇല്ലാതാക്കാനും ഇന്ത്യയുടെ സാമ്പത്തികാവസ്ഥ ശക്തമാക്കി പൌരജീവിതം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിനിടയില്‍ വിജയ് മല്യയുടെ 1200 കോടിരൂപയുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. നോട്ടുപിന്‍വലിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വന്ന വാര്‍ത്ത, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും റിലയന്‍സ് ജിയോവും ചേര്‍ന്ന് പേമെന്റ് ബാങ്ക് ആരംഭിക്കുന്നുവെന്നാണ്. നവംബര്‍ 23ന് ഏര്‍ടെല്‍ പേമെന്റല്‍ ബാങ്ക് പ്രവര്‍ത്തിച്ചുതുടങ്ങും. വേറെ ഏഴ് കമ്പനികളും രംഗത്തുണ്ട്. അവരില്‍ റിലയന്‍സ് ജിയോവാണ് സ്റ്റേറ്റ് ബാങ്കുമായി ചേര്‍ന്ന് സംയുക്തസംരംഭം ആരംഭിക്കുന്നത്.

സ്വതന്ത്രഭാരതം സാമ്പത്തികവിഷയത്തില്‍ കൈക്കൊണ്ട തീരുമാനം മിശ്രസാമ്പത്തികവ്യവസ്ഥ പിന്തുടരുമെന്നാണ്. ഒരു വശത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത സാമ്പത്തികവ്യവസ്ഥയും മറുവശത്ത് സോവിയറ്റ് യൂനിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സാമ്പത്തികാവസ്ഥയും നിലനിന്നിരുന്ന കാലത്ത് ഇതില്‍ ഏതിന്റെയെങ്കിലും ഒപ്പം പോവാതെ സ്വന്തം വഴി വെട്ടിയുണ്ടാക്കാനായിരുന്നു തീരുമാനിച്ചത്. നയതന്ത്രത്തിന്റെ കാര്യത്തിലുംഇന്ത്യയുടെ നിലപാട് അതായിരുന്നു - ചേരിചേരാനയം. പക്ഷെ, സോവിയറ്റ് യൂനിയന്റെ പതനത്തോടെ സോഷ്യലിസ്റ്റ്ചേരി തകരുകയും മുതലാളിത്തത്തിന്റെ മാര്‍ഗ്ഗം സര്‍വ്വശക്തമാവുകയും ചെയ്തു. മൂലധനം, ലാഭം എന്നിവയായി സാമ്പത്തികജീവിതത്തിന്റെ ആധാരമന്ത്രങ്ങള്‍. ജനക്ഷേമം എന്നത്, ദരിദ്രരില്‍ ദരിദ്രനായവനെ ഏതൊരുകാര്യവും എങ്ങനെ ബാധിക്കുമെന്ന ആലോചന, ആ പഴയ ഗാന്ധിയന്‍ചിന്ത, വിസ്മൃതമായി. അതോടൊപ്പം ഒരു കാലത്ത് ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന പ്ലാനിംഗ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും പുതിയകാലത്തെ വീക്ഷണങ്ങളുമായി നീതി ആയോഗ് പോലുള്ളവ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. സര്‍വ്വകലാശാല ഗ്രാന്റ്സ് കമ്മീഷന്‍ ഇല്ലാതാവുന്നു, പകരം രാഷ്ട്രീയ ഉച്ഛതര്‍ശിക്ഷാ അഭിയാന്‍ വരുന്നു. പഴയ കാലത്തെ സാമൂഹികനീതി സങ്കല്പങ്ങള്‍ എല്ലാം ഇല്ലാതാവുന്നു. അങ്ങനെയുള്ള ഒരു കാലത്ത് നോട്ടുപിന്‍വലിക്കല്‍ സംഭവിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ സംഭവിച്ചതുപോലെ അല്ലാതെ ജനസാമാന്യത്തെ മുഴുവന്‍ ദുരിതത്തിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യും. ദിനംപ്രതി ബാങ്കുകളില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിനും എടിഎമ്മില്‍ നിന്നും കിട്ടുന്ന പണത്തിനും പരിധി ഉണ്ടെന്നിരിക്കെ പലേടത്തുനിന്നും രണ്ടായിരത്തിന്റെ പുത്തന്‍ നോട്ടുകളുടെ വന്‍ ശേഖരം പിടിക്കപ്പെടുന്നു. ബാങ്കിലേക്ക് തിരിച്ചുവരില്ലെന്ന് കണക്കുകൂട്ടിയ കള്ളപ്പണത്തിന്റെ ഒരു വലിയ പങ്ക് ഇതിനകം തിരിച്ചെത്തി വെള്ളപ്പണമായി മാറി!!! പറഞ്ഞു കേള്‍ക്കുന്ന പ്രഖ്യാപനങ്ങളിലെ സത്യമേത് അസത്യമേത് എന്ന് വേര്‍തിരിച്ചറിയാന്‍ വിവേകമില്ലാത്ത ജനതയല്ല ഇന്ത്യയിലേത് എന്നതാണ് ആശ്വാസം.

Subscribe Tharjani |
Submitted by Anonymous (not verified) on Sat, 2016-12-10 20:56.

കള്ളപ്പണത്തിനുംം നികുതിവെട്ടിപ്പിനും തീവ്രവാദത്തിന്റെ സാമ്പത്തികസ്രോതസ്സ് തടയാനെന്നും പറഞ്ഞ് പുറത്തിറക്കിയ പരിപാടിയെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പലതവണ വ്യത്യസ്തവ്യാഖ്യാനങ്ങളുമായി സർക്കാർ രംഗത്തുവന്നതു തന്നെ സംശയയാസ്പദമാണ്. കള്ളപ്പണം തടയുവാനാകില്ലെന്ന് കേരളത്തിലെ ധനകാര്യമന്ത്രിയും സാമ്പത്തികശാസ്ത്രജ്ഞനുമായ തോമസ് ഐസക് ആദ്യമേ പറഞ്ഞു. സംഘപരിവാറുകാരുടെ ഇപ്പോഴത്തെ ഒന്നാം നമ്പർ ശത്രു ഇപ്പോൾ അദ്ദേഹമാണ്. ബാങ്കുകളിലേക്ക് തിരിച്ചുവരില്ലെന്ന് കണക്കാക്കിയ പണമെല്ലാം നിഷ്പ്രയാസം തിരിച്ചെത്തി. കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാർ കള്ളപ്പണം നിയന്ത്രിക്കുമെന്ന് പറയയുന്നതു തന്നെ തമാശയാണ്.

Submitted by Anonymous (not verified) on Sun, 2016-12-11 22:18.

ഇൻകം ടാക്സുകാരും എൻഫോഴ്സ്മെന്റുകാരും പലേടങ്ങളിലും റെയിഡ് നടത്തി വൻ കറൻസി ശേഖരം പിടിക്കുന്നതായി എല്ലാ ദിവസവും വാർത്തകൾ കാണുന്നു. അതെല്ലാം പുത്തൻ രണ്ടായിരം രൂപ നോട്ടുകൾ. പലതും കോടിക്കണക്കിന് രൂപ.

ബാങ്കിൽ നിന്നും എടിഎമ്മിൽ നിന്നും കിട്ടുന്ന പണത്തിന് നിയന്ത്രണമുള്ളപ്പോൾ ഈ പണം എവിടെ നിന്ന് വരുന്നുവെന്ന് സർക്കാരോ റിസർവ്വ് ബാങ്കോ നോട്ടുപിൻവലിക്കലിനെ പിന്തുണച്ച് സംസാരിക്കുന്നവരോ ഒന്നും പറയുന്നില്ല. കള്ളപ്പണം ഇല്ലാതായി എന്ന് മനസ്സിലാക്കാം, അല്ലേ?

Submitted by Anonymous (not verified) on Fri, 2016-12-23 23:21.

മോഹന്‍ലാലിന്റെ ക്യൂനില്ക്കല്‍ പരാമര്‍ശം അദ്ദേഹമടക്കം തെറ്റായാണ് വായിച്ചതെന്ന് തോന്നുന്നു. ബീവറേജസിന്റെ മുന്നിലും റേഷന്‍ ഷാപ്പിന്റെ മുന്നിലും മറ്റും ആളുകള്‍ ക്യൂ നില്ക്കുന്നത് ക്യൂ നില്ക്കാനുള്ള ഹരം കൊണ്ടല്ല എന്നുറപ്പാണല്ലോ. നാട്ടിലെല്ലായിടത്തും പലചരക്കുകടകള്‍ പോലെ ബീവറേജസ് ഷോപ്പുകളോ റേഷന്‍ ഷോപ്പുകളോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ക്യൂ ഉണ്ടാകുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ജനങ്ങളെ ക്യൂ നിര്‍ത്തുന്നതിനു പകരം ആവശ്യത്തിനു ഷോപ്പുകള്‍ തുറക്കണമെന്നാണ് മോഹന്‍ലാല്‍ പറയേണ്ടിയിരുന്നത്. ശബരിമലയിലെ ക്യൂവിനെക്കുറിച്ചും പറയാമായിരുന്നു. കൊല്ലത്തില്‍ എല്ലാ ദിവസവും നടതുറന്ന് ഭക്തജനങ്ങളെ സഹായിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവുകയാണ് വേണ്ടത്. ഇന്ത്യാരാജ്യത്തെ ഒരു പൗരനും ഒരിടത്തും ക്യൂ നില്ക്കേണ്ടിവരരുത് എന്നാകണം പറയേണ്ടത്. അവരുടെ താല്പര്യം ഭക്തിയോ ഭക്തിയോളം ലഹരിയുള്ള ജീവിതമോ എന്തുമാകട്ടെ. അതെല്ലാം ചിലര്‍ക്കുമാത്രം നേരിടേണ്ടിവരുന്ന അവമാനങ്ങളാണെന്നു കരുതി അതിന്റെ ഗൗരവം ഒട്ടും കുറയുന്നില്ല. നോട്ടുവിഷയത്തിലാകട്ടെ കള്ളപ്പണക്കാരും രാഷ്ട്രീയനേതാക്കളും ഒഴികെ പൊതുജങ്ങളെന്നു വിളിക്കുന്ന സാധാരണക്കാരെല്ലാം ക്യൂവിലാണ്. അവര്‍ക്ക് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ നല്കിയ ഉറപ്പു ലംഘിക്കുകയും ഒറ്റയടിക്ക് വെയിലത്ത് നിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഓര്‍ത്തുനോക്കൂ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ. നമ്മുടെ ദേശസ്നേഹികളായ പട്ടാളക്കാര്‍ക്ക് എല്ലാവര്‍ക്കും ഒരേ സമയം ചില്ലറക്കാശ് ആവശ്യംവന്നാല്‍ അവര്‍ ഒന്നിച്ച് ബാങ്കിനുമുന്നില്‍ ക്യൂ നില്ക്കേണ്ടിവരും. അവരുടെ രാജ്യസ്നേഹത്തെത്തന്നെ ഈ ക്യൂ വിഴുങ്ങിക്കളയും. എന്തിന് അത്രയൊന്നും രാജ്യസ്നേഹികളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം അവരുടെ ആവശ്യത്തിനനുസരിച്ച് പണം കിട്ടാന്‍ ക്യൂ നിന്നാല്‍ ഹര്‍ത്താലും ബന്ദുമൊന്നുമില്ലാതെ രാജ്യം, ചുരുങ്ങിയത് സര്‍ക്കാരിന്റെ മെഷിനറിയെങ്കിലും, നിശ്ചലമായിത്തീരും. മണിക്കൂറുകളല്ല. അനന്തമായി.