തര്‍ജ്ജനി

ആർ. ഷിജു

Visit Home Page ...

ലേഖനം

ആ പത്ത് മിനിറ്റുകളെക്കുറിച്ച്

'കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാല്‍ ' എന്ന ഇടശ്ശേരിയുടെ ആശങ്ക തന്നെയാണ് വേറൊരു ലോകത്ത് ചാര്‍ലി ചാപ്ലിന്‍ 'മോഡേണ്‍ ടൈംസി'ല്‍ തമാശയാക്കി മാറ്റുന്നത്.

സ്വയം യന്ത്രമായി നിര്‍ണ്ണയിക്കുന്ന മനുഷ്യാവസ്ഥയെ കുറിച്ചോര്‍ത്താണ് 'മെമ്മറീസ് ഓഫ് മെഷീന്‍' എന്ന യൂ ട്യൂബ് വീഡിയോ കാഴ്ചയിലേക്ക് കടന്നത്.

പ്രകൃതിക്കും സംസ്കൃതിക്കുമിടയില്‍ മനുഷ്യനെ സംഘര്‍ഷഭരിതമായി ചാഞ്ചാടാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജപരാഗങ്ങളില്‍ ഏറ്റവും ശക്തമായത് ലൈംഗികത തന്നെയാവും . 'മൃഗതൃഷ്ണകളുടെ വിശുദ്ധി' കാല്പനികമായ ഒരാവിഷ്കാരം എന്നല്ലാതെ സത്യമല്ല. അതല്ല മനുഷ്യകാമത്തിലെ അടിയൊഴുക്കുകള്‍. ലൈംഗികതയുടെ സൗന്ദര്യവല്‍ക്കരണം കൂടിയാണ് മനുഷ്യജീവിതത്തെ ചേതോഹരമാക്കുന്ന അനേകം അധികചേര്‍പ്പുകളിലൊന്ന് . ശരീരം മറച്ചും മറയ്ക്കാതെയും പലതരത്തില്‍ അലങ്കരിച്ചും വസ്ത്രങ്ങള്‍ തുന്നിയും നിഗൂഢമായ സൗന്ദര്യമാക്കി, പ്രണയമെന്ന ഹൃദയവികാരത്തെ കൂട്ടിച്ചേര്‍ത്ത് ലൈംഗികതയെ നാം സാംസ്കരിച്ചെടുത്തു. പല കാലത്ത് പല ലോകത്ത് പല മനുഷ്യരില്‍ പലതായിട്ടാണത് വര്‍ത്തിച്ചത് , വര്‍ത്തിക്കുന്നത് . വ്യക്തിപരം തന്നെയാണ് ആഹ്ലാദത്തിന്റെ സാമ്രാജ്യങ്ങള്‍ . പക്ഷെ ,അത് മറ്റ് മനുഷ്യരെ കൂടി ബാധിക്കുന്നതായാല്‍ അവരെ കുറിച്ച് കൂടി ബോധമുണ്ടാവുന്നതാണ് ജനാധിപത്യം.

പല കാലങ്ങളില്‍ രൂപം കൊണ്ട മൂല്യ വിചാരങ്ങള്‍ ,സാമൂഹ്യ സാഹചര്യങ്ങള്‍ എന്നിവയുടെ വിരല്‍ പാടുകള്‍ ലൈംഗിക ജീവിതത്തിലും വീഴുന്നുണ്ട് .' we don't want Sex . Capitalism fucks us ' എന്നത് വാള്‍സ്ട്രീറ്റ് സമരത്തിലെ ഒരു മുദ്രാഗീതമാണ്. മുദ്രാഗീതങ്ങള്‍ കവിതകളാണെന്ന് മനസ്സിലായാല്‍ വാഗര്‍ത്ഥത്തിനപ്പുറം ചിലതുണ്ടെന്നും മനസ്സിലാവും . അതിനെയാണ് രാഷ്ട്രീയബോധം എന്നു വിളിക്കുക. സൗന്ദര്യബോധം എല്ലാ കാലത്തേക്കുമുള്ള ഒന്നല്ല . എല്ലാ ലോകത്തും അത് ഒന്നല്ല. ചരിത്രപരവും സാമൂഹ്യവുമായ പരിണാമങ്ങളിലൂടെ അത് വികസിച്ചു കൊണ്ടേയിരിക്കുന്നു. ലൈംഗികതയും അങ്ങനെത്തന്നെ . അത് കൊണ്ട് അഞ്ചു പേരെ പങ്കിടേണ്ടി വന്ന ദ്രൗപദിയുടെ സൗന്ദര്യബോധവും നൈതികതയുമല്ല സീതയെ ഉപേക്ഷിച്ചിട്ടും വേറെ വിവാഹം ചെയ്യാതിരുന്ന രാമന്റേത്. ഈ വികാസപരിണാമങ്ങളുടെ ഇങ്ങേത്തലയ്ക്കലാണ് നാം സ്വവര്‍ഗലൈംഗികതയെ കുറിച്ചും ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചും സ്വതന്ത്ര ലൈംഗികതയെ കുറിച്ചും സംസാരിച്ചത്.

ലൈംഗികതയിലെ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും നാമാലോചിക്കുന്നത് വെറും ഇന്ദ്രിയാഹ്ലാദങ്ങളുടെ മാത്രമായ ഒരു വന്യ ജീവിതത്തിലേക്ക് വീണുപോവാനല്ല. സംസ്കാരത്തിന്റെ ആകാശത്തില്‍ ഏറ്റവും പുതിയ നൈതികബോധത്തിന്റെ ചിറകേറി പറക്കാനാണ് . (സത്യത്തില്‍ അത് വന്യ ജീവിതവുമല്ല. വിപണി ഒരുക്കിയ മാംസമോഹങ്ങളുടെ അമ്യുസ്മെന്‍റ്പാര്‍ക്കാണ് )
രണ്ടും തമ്മിലുള്ള അതിര് വളരെ നേര്‍ത്തതെങ്കിലും അതിപ്രധാനമാണ് . നമ്മുടെ ആനന്ദവേളകള്‍ക്ക് പിറകില്‍ ചിക്കാഗോ സമരത്തിലെ ചോരപ്പാടുകളുണ്ടെന്ന് നാം മറന്നു തുടങ്ങിയിട്ടുണ്ട്. വ്യവസ്ഥയുടെ തൊഴിലിടത്തിലെ അന്യവല്‍ക്കരണത്തെ മറികടക്കാന്‍ പൊരുതി നേടിയ വിനോദ വേളകള്‍ അതേ വിപണിയാല്‍ കവര്‍ന്നെടുക്കപ്പെട്ടതിന്റെ സാക്ഷ്യങ്ങളാണ് മദ്യശാലകള്‍ മുതല്‍ അമ്യൂസ്മെന്‍റ്പാര്‍ക്കുകളും മാംസ വ്യാപാര കേന്ദ്രങ്ങളുമൊക്കെയായി വ്യാപിച്ചു കിടക്കുന്നത്. നിലവിലുള്ള കാമാത്തിപുരങ്ങളുടെ കൗതുകങ്ങള്‍ കൊണ്ട് തീരുന്നതല്ല ഈ വിപണിയുടെ മാംസ ദാഹങ്ങള്‍ .

'ശിശുരതി ' യില്‍ സന്തോഷമുണ്ടെന്ന് തോന്നുന്നൊരാള്‍, അതിനെ ഭയനകമാം വിധം മഹത്വവല്‍ക്കരിക്കുന്നൊരാള്‍ സ്വാതന്ത്ര്യത്തിന്റെ ആകാശമെന്ന് കരുതി മാംസവിപണിയുടെ അഴുക്കുചാലില്‍ നീന്തുകയാണ്. ബലാല്‍ക്കാരം അതനുഭവിക്കുന്ന ഇരയില്‍ ആനന്ദമുണ്ടാക്കുന്നു എന്ന വാദം തന്നെ വ്യാജമാണ്. അതിനുമപ്പുറം ലക്ഷണമൊത്ത ഫാസിസ്റ്റ് വിധേയത്വമാണത്. ബലപ്രയോഗത്തെ സാധൂകരിക്കുന്ന അധമമായൊരു ലോകബോധം.

ആവശ്യമുള്ളത് കയ്യൂക്കുള്ളവന്‍ തട്ടിപ്പറിച്ച ഗോത്ര കാലത്തു നിന്ന് നൈതികബോധം കൊണ്ടാണ് മനുഷ്യര്‍ കയ്യൂക്കിന് പകരം മറ്റു പലതും മാദ്ധ്യമമായ വിപണികള്‍ വികസിപ്പിച്ചത് . ആ ചരിത്ര സന്ദര്‍ഭത്തില്‍ വിപണിക്ക് പോലും വിപ്ലവമൂല്യമുണ്ടെന്നര്‍ത്ഥം . ആ വിപണിയെ പല പാട് ആശ്രയിക്കുന്നവരാണ് നാം. പക്ഷെ വിപണിയെ ആശ്രയിക്കുന്നതും വിപണിമൂല്യത്തെ നിങ്ങളുടെ ജീവിതാദര്‍ശമാക്കുന്നതും ഒന്നല്ല.

'ഇങ്ങനെയും ഒരാള്‍ക്ക് തോന്നരുതോ?' 'അത്തരം അനുഭവങ്ങളും ആവിഷ്കരിക്കരുതോ? ' എന്ന നിഷ്കളങ്ക നാട്യങ്ങളും കണ്ടു സൈബര്‍ പ്രതികരണങ്ങളില്‍ . വിപണി മൂല്യങ്ങളോ വന്യമോഹങ്ങളോ ബാധിക്കാത്ത വിശുദ്ധ പശുവല്ല ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും. പക്ഷെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്ന ഒരു ആദര്‍ശ ലോകം നമ്മെ നയിക്കാനുണ്ടാവണം . തീര്‍ച്ചയായും അനുഭവ ലോകത്തെ നിങ്ങളില്‍ നിന്നു ബഹുദൂരം മുന്നിലാവണം നിങ്ങളുടെ ആദര്‍ശലോകം . എങ്കിലേ അതിന് നിങ്ങളെ മുന്‍നടത്താനാവൂ. അത്തരമൊരു ആദര്‍ശ ലോകത്തെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിക്കുന്നതാണ് എനിക്ക് കല .

അതു കൊണ്ടാണ് 'ശിശുരതി'യിലെ ആഹ്ലാദം ആവിഷ്ക്കരിക്കുന്ന ആ പത്ത് മിനിറ്റുകള്‍ക്ക് എന്റെ കലാബോധത്തില്‍ ഇടമില്ലാത്തത് . ഈ വീഡിയോയുടെ പ്രതികരണങ്ങളില്‍ തെളിയുന്നുണ്ട് നമ്മുടെ ബുദ്ധിജീവിതത്തിന്റെ പല തരം സന്ദിഗ്ധതകള്‍ . അണിയറയിലും അരങ്ങിലുമുള്ളവരുടെ സജീവമായ ആക്ടിവിസത്തിന്റെ പശ്ചാത്തലവും ബുദ്ധിജീവി പ്രഭാവലയവും നിശിതമായ നിലപാടുകളില്‍ നിന്നു പലരെയും പിന്തിരിപ്പിക്കുന്നുണ്ട്. ആഴത്തിലുള്ള മനോഭാവ പഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് ചില മൗനങ്ങള്‍ .

Subscribe Tharjani |