തര്‍ജ്ജനി

ജുനൈദ് അബൂബക്കർ

Visit Home Page ...

കഥ

എമ്മ

എമ്മ ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി പതിവിലും സുന്ദരിയായിരിക്കുന്നുവെന്ന് ഉറപ്പിച്ചു, മുടിയിഴകള്‍ ചെവിപ്പുറകിലേക്ക് മാടിവച്ചിട്ട് തന്റെ കറുത്ത അനോറാക് * എടുത്തുധരിച്ച് ഹൂഡ് തലവഴിയേയിട്ട് ഒന്നുകൂടി കണ്ണാടിയില്‍നോക്കി ആത്മവിശ്വാസത്തോടെ ചിരിച്ചു. തന്റെ ചുറ്റും ഷനേല്‍ ലെ ബ്ലൂമിന്റെ സുഗന്ധം നിറയുന്നതായി എമ്മയ്ക്ക് തോന്നി.

സമയം 8.20 ആയിരിക്കുന്നു, പുറത്തിപ്പോഴും ഇരുട്ടു മാഞ്ഞിട്ടില്ല, വഴിവിളക്കുകള്‍ അണയാന്‍ ഇനിയും സമയമെടുക്കും. മഞ്ഞ് പെയ്തുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ രാജ്യത്ത് പെയ്യുന്ന കനത്ത മഞ്ഞുവീഴ്ചയാണെന്ന് റേഡിയോയിലൂടെ പറയുന്നത് അവള്‍ കേട്ടു. അതൊന്നും എമ്മയെ അലോസരപ്പെടുത്തിയതേയില്ല.

കതകടച്ചിട്ട് എമ്മ പുറത്തേക്കിറങ്ങി, പുറത്ത് മഞ്ഞിന്റെ വെളുത്തകടല്‍. കിളികള്‍ക്ക് വെള്ളം കുടിക്കാന്‍ കല്ലിനുപുറത്ത് വച്ചിരുന്ന പാത്രം കാണുന്നേയില്ല, ആ കനത്തില്‍ മഞ്ഞു പെയ്തിരിക്കുന്നു. വഴിവിളക്കിന്റെ മഞ്ഞപ്രകാശത്തിലൂടെ മഞ്ഞ് കാറ്റിനൊപ്പം നൃത്തംചെയ്ത് താഴേക്ക് പതിക്കുന്നു.

ഡോ.പിഗ്ഗറ്റ്സിന്റെ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റാണ് എമ്മ. ഡോക്ടറുടെ മാല്‍‍വേണ്‍ ക്ലിനിക്കില്‍ അവള്‍ ജോലിക്ക് കയറിയിട്ട് ആറുമാസമാകുന്നതേയുള്ളൂ. സാമ്പത്തികമാന്ദ്യത്തില്‍ ജോലിനഷ്ടപ്പെട്ട അനേകരില്‍ ഒരുവളായി അലഞ്ഞുനടന്ന അവള്‍ക്ക് രക്ഷയായത് ഡോ.പിഗ്ഗറ്റ്സായിരുന്നു. ഡോക്ടറുടെ സ്ഥിരം പേഷ്യന്റായ അവളുടെ അമ്മയുടെ അപേക്ഷ കൂടിയായപ്പോള്‍ ഡോക്ടര്‍ എമ്മയെ അവിടെ റിസപ്ഷനിസ്റ്റായിട്ടെടുക്കുകയായിരുന്നു. ക്ലീനറും, കുക്കും, റിസപ്ഷനിസ്റ്റുമൊക്കെയായിട്ട് എമ്മ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നതാണ് സത്യം. എങ്കിലും അവള്‍ക്കാ ജോലി വലിയൊരു സഹായമായിരുന്നു. മുന്‍കാല പരിചയമില്ലായിരുന്നിട്ടുകൂടി തന്നെ സഹായിക്കാനായിട്ടാണ് ഡോക്ടര്‍ ആ ജോലിയവള്‍ക്ക് കൊടുത്തതെന്ന് എമ്മയ്ക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ട് ജോലിയെല്ലാം അവള്‍ ഭംഗിയായ് തന്നെ ചെയ്തു. വലിയ പണിയൊന്നുമില്ല, രാവിലെ ട്രീറ്റ്മെന്റ് റൂമും റിസപ്ഷനും വിസിറ്റിങ്ങ് റൂമും വൃത്തിയാക്കണം, ഡോക്ടര്‍ക്ക് കാപ്പിയിട്ടു കൊടുക്കണം, ബില്ലുകള്‍ വല്ലതുമുണ്ടെങ്കില്‍ സമയത്തിനടയ്ക്കണം. എഴുത്തുകള്‍ പോസ്റ്റ് ചെയ്യണം, രോഗികളോട് സൌമ്യമായ് സംസാരിക്കണം ഇത്രയൊക്കെയേയുള്ളൂ. അതവള്‍ ഭംഗിയായ് തന്നെ ചെയ്യുന്നുണ്ട്. ഡോക്ടര്‍ക്ക് ഒരു നിര്‍ബന്ധമേയുണ്ടായിരുന്നുള്ളൂ, വരുന്നവര്‍ രോഗികളാണെങ്കിലും അല്ലെങ്കിലും അവരെ പേഷ്യന്റ്സ് എന്ന് വിളിക്കരുത്. എല്ലാവരും നമ്മുടെ കസ്റ്റമേഴ്സ് ആണ്. പിന്നെ വേറൊന്നുള്ളത് സമയത്തിന് ക്ലിനിക്കിലെത്തുക എന്നുള്ളതും. താമസിക്കരുത്. മഴയാണെങ്കിലും, വെയിലാണെങ്കിലും, മഞ്ഞാണെങ്കിലും കൃത്യം ഒന്‍പത് മണിക്ക് തന്നെ ഡോക്ടറുടെ ക്ലിനിക് ആരംഭിച്ചിരിക്കും, അപ്പൊഴേക്കും അവിടെ കസ്റ്റമേഴ്സിനെ കൊണ്ട് നിറയും.

സാധാരണ ദിവസങ്ങളില്‍ അഞ്ച് മിനിറ്റിന്റെ നടത്തം മാത്രമാണ് ക്ലിനിക്കിലേക്ക്, എന്നാലിതുപോലുള്ള മഞ്ഞുമൂടിയ ദിനങ്ങളില്‍ ആ ദൂരം താണ്ടാന്‍ അരമണിക്കൂറിലധികമെടുക്കും, പിച്ചനടന്നു പഠിക്കുന്ന കുട്ടികളെപ്പോലെ പലരും റോഡില്‍ നടക്കുന്നുണ്ട്. ഹിമാലയത്തിലുണ്ടെന്ന് പറയപ്പെടുന്ന യതികളെപ്പോലെ രോമക്കുപ്പായങ്ങളില്‍ പൊതിഞ്ഞ മനുഷ്യര്‍ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു. വഴിയില്‍ നിന്നും തെന്നിമാറി കെര്‍ബിലേക്ക് കയറിക്കിടക്കുന്ന രണ്ടുമൂന്ന് കാറുകളുമുണ്ട്. അധികം വാഹനങ്ങളോടാത്ത റോഡുകളില്‍ മഞ്ഞുകാലത്തെ യാത്ര ബുദ്ധിമുട്ടുതന്നെയാണ്.

മഞ്ഞിന്റെ കാഠിന്യം കുറയാത്തതുകൊണ്ടാണെന്ന് തോന്നുന്നു ഇന്ന് കാര്യമായ തിരക്ക് ക്ലിനിക്കിനു മുന്നില്‍ കാണുന്നില്ല. ഗേറ്റില്‍ നിന്ന് ക്ലിനിക്കിന്റെ വാതില്‍ക്കലേക്ക് 200 മീറ്റര്‍ ദൂരമേയുള്ളുവെങ്കിലും അവിടം വരെയെത്താന്‍ എമ്മ പത്ത് മിനിറ്റോളമെടുത്തു. പിച്ചവച്ചു നടന്ന സമയത്തുപോലും ഇത്രയും ദൂരം താണ്ടാന്‍ താന്‍ പത്ത് മിനിറ്റ് എടുത്തുകാണുകയില്ലെന്ന് എമ്മ കരുതി.

ഒരുവിധത്തില്‍ ബാലന്‍സ് ചെയ്ത് എമ്മ ക്ലിനിക്കിന്റെ വാതില്‍ക്കലെത്തി, താക്കോല്‍ക്കൂട്ടമെടുത്തു വാതില്‍ തുറന്നു. പോസ്റ്റ്മാന്‍ രാവിലെതന്നെ വന്നിട്ട് പോയിരിക്കുന്നു. ധാരാളം ക്രിസ്തുമസ് ആശംസാകാര്‍ഡുകള്‍ എഴുത്തുകളോടൊപ്പമുണ്ട്. എമ്മ അതെല്ലാം വാരിയെടുത്തു. ക്രിസ്തുമസ്സിന് ഇനി രണ്ട് ദിവസങ്ങള്‍ കൂടിയേയുള്ളൂ. ഇന്നത്തെ ദിവസം ഉച്ചവരേയേ ക്ലിനിക്കുള്ളൂ, അതുകഴിഞ്ഞാല്‍ പിന്നെ ഒരാഴ്ചത്തേക്ക് അവധിയാണ്. ഇത്രയും മഞ്ഞാണെങ്കില്‍ അവധിക്ക് തീയും കത്തിച്ച് വീട്ടിലിരിക്കുകയേ നിവൃത്തിയുള്ളു.. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രിസ്തുമസ് ഇത്ര വെളുത്തിരിക്കുന്നത്. ഇത്തവണ സാന്റാക്ലോസിന് തന്റെ തെന്നുവണ്ടിയില്‍ ചക്രങ്ങള്‍ ഉറപ്പിക്കാതെ തെന്നിത്തന്നെ വരാം. കള്ള സാന്റാ..

ചെറുപ്പത്തില്‍ സാന്റായുടെ സമ്മാനങ്ങള്‍ക്കായി മുറികളും ചിമ്മിനിയും വൃത്തിയാക്കുന്നതും, ഇഷ്ടമല്ലെങ്കില്‍ കൂടി പച്ചക്കറികള്‍ കഴിക്കുന്നതും, സാന്റയുടെ മാനുകള്‍ക്കായി കാരറ്റും ഓട്സും പൂന്തോട്ടത്തില്‍ കൊണ്ടു വയ്ക്കുന്നതും, ‘പ്രിയപ്പെട്ട സാന്റാ എമ്മ ഇവിടെ താമസിക്കുന്നു‘ എന്ന ബോര്‍ഡ് വാതിലിന് പുറത്ത് വച്ചതുമൊക്കെ ഇന്നലത്തെപ്പോലെ തോന്നുന്നു. പാവം അച്ഛനും അമ്മയും എന്ത് ബുദ്ധിമുട്ടിയിട്ടുണ്ടാവും താന്‍ വാശി പിടിച്ച സമ്മാനങ്ങള്‍ക്കായി. അവയെല്ലാം സാന്റ തന്നെയാണ് തരുന്നതെന്നായിരുന്നു പത്ത് പന്ത്രണ്ട് വയസ്സുവരെ താന്‍ വിശ്വസിച്ചിരുന്നതെന്നോര്‍ത്തപ്പോള്‍ എമ്മയ്ക്ക് ചിരിപൊട്ടി. ഒടുവില്‍ അയല്പക്കത്തുള്ള ഫാദര്‍ മൿഹേലാണ് തന്നോട് പറഞ്ഞത് സമ്മാനങ്ങള്‍ തരുന്നത് സാന്റയല്ല അച്ഛനും അമ്മയുമാണെന്ന്. ആ ക്രിസ്തുമസ് തലേന്ന് അമ്മ സമ്മാനങ്ങള്‍ വാങ്ങാന്‍ പോകുന്നുവെന്ന് അച്ഛനോട് പറയുന്നത് കേട്ടപ്പോള്‍ മാത്രമാണ് ഫാദര്‍ പറഞ്ഞത് സത്യമാണെന്ന് താന്‍ വിശ്വസിച്ചത്. പാവം അച്ഛനും അമ്മയും, കാശു മുടക്കിയിരുന്നതവര് പേര് കൊണ്ടുപോയതു സാന്റയും. നാണമില്ലേ സാന്റേ മറ്റുള്ളവരുടെ വിയര്‍പ്പിന്റെ വില തട്ടിയെടുക്കാന്‍?

പക്ഷെ ഈ ഒരൊറ്റത്തവണകൂടി ഞാന്‍ വിശ്വസിക്കട്ടെ സാന്റ തന്നെയാണ് സമ്മാനങ്ങള്‍ തരുന്നതെന്ന്. ഈ പ്രാവശ്യം കൂടെ മാത്രം. ആ സമ്മാനത്തെക്കുറിച്ചോര്‍ത്തപ്പോള്‍ തന്നെ അവള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം തോന്നി, ഷനേല്‍ ലെ ബ്ലൂമിന്റെ മത്തുപിടിപ്പിക്കുന്ന സുഗന്ധം തനിക്ക് ചുറ്റും പടര്‍ന്നുകയറുന്നതത് പോലെ.ആ മണം ഒട്ടും പുറത്തുകളയാതിരിക്കാനെന്നവണ്ണം എമ്മ ദീര്‍ഘമായി ശ്വാസം അകത്തേക്ക് വലിച്ചു, എന്നിട്ട് എഴുത്തുകളെല്ലാമായി അകത്തേക്ക് കയറി. കൂടെ പുറത്തുകാത്തു നിന്ന കസ്റ്റമേഴ്സും.

ക്ലിനിക്കിനുള്ളില്‍ സുഖകരമായ് ചൂടുണ്ടായിരുന്നു. നെരിപ്പോടുകളുടെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. താപം നിയന്ത്രിക്കാവുന്ന റേഡിയേറ്ററുകള്‍ എല്ലായിടത്തുമായി. ഒരുകണക്കിന് അത് വലിയൊരനുഗ്രഹമാണ്. തണുത്തുവിറച്ച് രാവിലെ വരുമ്പോള്‍ മുറികള്‍ ചൂടാകാന്‍ പിന്നെയും കാത്തിരിക്കേണ്ടയവസ്ഥ ആലോചിക്കാന്‍ കൂടി വയ്യ.

എമ്മ കാത്തിരിപ്പ് മുറിയുടെ വാതില്‍ തുറന്നുകൊടുത്തു. ആകെ മൂന്ന് പേരേ എത്തിയിട്ടുള്ളൂ. എല്ലാവരും അകത്തുകയറി. ആദ്യം റിസപ്ഷനിലിരുന്ന ഫ്ലവര്‍വെയ്സില്‍ കുറച്ചുകൂടി വെള്ളമൊഴിച്ചുകൊടുത്തു. പൂക്കള്‍ക്ക് വാട്ടമൊന്നുമില്ല, ഇപ്പോള്‍ കിട്ടുന്ന പൂക്കളുടെകൂടെയെല്ലാം വാടാതിരിക്കാനുള്ള മരുന്നുകളും വരുന്നുണ്ട്. പാത്രത്തിലെ വെള്ളത്തില്‍ അവകൂടി ചേര്‍ത്താല്‍ പിന്നെ രണ്ടുമൂന്നാഴ്ചകളോളം പൂക്കളുടെ ഭംഗി നഷ്ടപ്പെടാതെയിരിക്കും. ഡോക്ടര്‍ക്ക് എപ്പോഴും കടും ചുവപ്പ് പൂക്കളാണിഷ്ടം. അതുകൊണ്ട് ഇതേ പൂക്കള്‍ തന്നെയായിരിക്കും ഇതിലെന്നും. ഒരിക്കലും വാടാത്തപൂക്കളെന്നാണ് ഡോക്ടര്‍ തമാശയായ് പറയുന്നത്. പക്ഷെ വല്ലപ്പോഴും മാത്രം ഡോക്ടറെ കാണാന്‍ വരുന്നവര്‍ അത് സത്യമാണെന്ന് വിശ്വസിക്കാന്‍ തരമുണ്ട്. ആ പനിനീര്‍ ഇതളില്‍ പറ്റിയിരുന്ന ചെറിയൊരു പച്ച ചിലന്തിയെ എമ്മ തട്ടിയോടിച്ചു. ഇന്നായതുകൊണ്ട് നീ രക്ഷപ്പെട്ടെന്ന് അവള്‍ കളിയോടെ അതിനോട് പറഞ്ഞു, പിന്നെ ടീപ്പോയില്‍ അന്നത്തെ പത്രങ്ങളും ചില മാസികകളും എമ്മ അടുക്കിവച്ചു. ഈ മാസികകളും വാരികകളും കാത്തിരിപ്പു മുറികള്‍ക്കായ് പ്രത്യേകം തയ്യാറാക്കുന്നതാണെന്ന് തോന്നുന്നു. ഗോസ്സിപ്പുകളും, സിനിമ പരസ്യങ്ങളും ഡോക്ടറോട് ചോദിക്കുക പംക്തികളും മറ്റും മാത്രമുള്ള ലളിതമായ വായനയ്ക്കുതകുന്ന വിസിറ്റിങ്ങ് റൂം ആനുകാലികങ്ങള്‍. ഇതൊക്കെ ചെയ്യുന്നതിന്നിടയിലും സമ്മാനം കാത്തിരിക്കുന്ന കുട്ടിയെപ്പോലെയവള്‍ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു, എന്തൊരു അക്ഷമയാണ് എമ്മാ നിനക്ക്. ഇത്രയും കാത്തിരിക്കാമെങ്കില്‍ കുറച്ചുനേരം കൂടി കാത്തിരിക്കാന്‍ എന്താണ് പറ്റാത്തത്?

ഡോക്ടര്‍ വരാന്‍ സമയമാകുന്നു, അദ്ദേഹം എത്തുമ്പൊഴേക്കും കാപ്പി തയാറാക്കി വയ്ക്കണം, എമ്മ പാൻട്രിയിലേക്ക് ചെന്നു. കെറ്റിലില്‍ ബാക്കിയുണ്ടായിരുന്ന വെള്ളം വാഷ് ബേസിനിലേക്കൊഴിച്ചുകളഞ്ഞിട്ട് നല്ല വെള്ളം നിറച്ചു തിളയ്ക്കാന്‍ വച്ചു. കപ്പുകള്‍ കഴുകി അതില്‍ കാപ്പിപ്പൊടിയിട്ടു. ഡോക്ടര്‍ക്ക് മധുരം വേണ്ട, പക്ഷെ നല്ല കടുപ്പം വേണം താനും, അതുകൊണ്ട് ഡോക്ടര്‍ക്ക് രണ്ടു സ്പൂണ്‍ കാപ്പിപ്പൊടിയിട്ടു മുക്കാല്‍ കപ്പുവരെ തിളച്ച വെള്ളമൊഴിച്ചു, ബാക്കി പാലും. തനിക്ക് ഈ കടുപ്പത്തില്‍ കുടിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് എമ്മ ഒരു സ്പൂണ്‍ കാപ്പിപ്പൊടിയിട്ട് കപ്പിന്റെ പകുതിവരെ വെള്ളം നിറച്ചു ബാക്കി പാലും, പിന്നെ രണ്ട് സ്പൂണ്‍ പഞ്ചസാര കൂടിയിട്ട് ഇളക്കാന്‍ തുടങ്ങി. അപ്പൊഴേക്കും ഡോക്ടര്‍ എത്തിക്കഴിഞ്ഞു. ഡോ. പിഗ്ഗറ്റ്സ് എപ്പോഴും തന്റെ ജാഗ്വാര്‍ ക്ലിനിക്കിന്റെ പുറകിലാണ് പാര്‍ക്ക് ചെയ്യുന്നത്, നേരേ പാൻട്രിയുടെ പുറകില്‍. പാൻട്രിയിലൂടെയാണ് അകത്തുകയറുന്നതും. അതുകൊണ്ട് ഡോക്ടര്‍ വരുന്നത് കസ്റ്റമേഴ്സ് ഒരിക്കലും അറിയാറില്ല. ഡോക്ടര്‍ അകത്തെത്തിക്കഴിയുമ്പോഴേ താന്‍ പോലും അറിയാറുള്ളൂ..പിന്നെയാണ് കസ്റ്റമേഴ്സ്...

"ഗുഡ് മോണിങ്ങ് എമ്മ",

"ഗുഡ് മോണിങ്ങ് ഡോക്ടര്‍", എമ്മ കാപ്പി ഡോക്ടറുടെ നേരേ നീട്ടി.

“ഇന്നെന്താ എമ്മാ നീ ആകെ സന്തോഷത്തിലാണല്ലോ? മുഖമാകെ ചുവന്നിരിക്കുന്നു, നമ്മുടെ ഫ്ലവര്‍ വെയ്സിലെ റോസാ പൂവു പോലെ, അതോ തണുപ്പ് കൂടുതലടിച്ചതിന്റെയാണോ? സൂക്ഷിച്ചുവേണം ഈ മഞ്ഞുകാലത്തിനോട് കളിക്കാന്‍, അവന്‍ കിട്ടുന്ന വിടവുകളിലൂടെയെല്ലാം തണുപ്പിനെ നമ്മുക്കുള്ളിലേക്ക് കയറ്റാന്‍ നോക്കും. പിന്നെ എമ്മാ, ഇന്ന് രണ്ടാം നമ്പരുകാരനെ ആദ്യം വിളിച്ചോളൂ, പാട്രിക് വിന്റര്‍ വരില്ലെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്, അവന്‍ വേറെയെവിടെയെങ്കിലും മഞ്ഞു പെയ്യിക്കാന്‍ പോയിട്ടുണ്ടാവും. ഒരു നല്ല തമാശ പറഞ്ഞത് പോലെ ഡോക്ടര്‍ ആസ്വദിച്ച് ചിരിച്ചു വേറൊരു കാര്യം, യൂട്ടിലിറ്റി ബില്ലുകള്‍ വല്ലതുമുണ്ടേല്‍ ഇന്ന് തന്നെയടയ്ക്കണം. അല്ലേല്‍ പിന്നെ ക്രിസ്തുമസ് കഴിയാതെ പറ്റില്ല.”

ഇത്രയും നേരം തന്റെ ചുറ്റും പറന്നുകളിച്ചിരുന്ന മഞ്ഞിന്റെ വിചിത്രരൂപങ്ങള്‍ പൊടുന്നനെ താഴേക്ക് പതിച്ചതായ് എമ്മയ്ക്ക് തൊന്നി. എമ്മ അടുത്തുള്ള കസേരയിലേക്കിരുന്നു, കാപ്പി തുളുമ്പി കൈയിലേക്ക് വീണു പൊള്ളിയപ്പോള്‍ അവളത് കസേരയുടെ കയ്യില്‍ വച്ചു.

“എമ്മാ, Are you OK?”

ഡോക്ടര്‍ കുലുക്കി വിളിച്ചപ്പോളാണ് എമ്മയ്ക്ക് കണ്ണ് തെളിഞ്ഞത്.

“Yes Doctor, I'am all right”

എമ്മ പതുക്കെയെണീറ്റു. എത്ര സന്തോഷത്തോടെയാണ് തന്റെ ദിവസം ആരംഭിച്ചത്, അത് പെട്ടന്ന് അസ്തമിച്ചതുപോലെ, എങ്ങും ഇരുട്ട്. ഒന്നും മിണ്ടാതെ എമ്മ റിസപ്ഷനിലേക്ക് നടന്നു.

എല്ലാ മാസവും ഈ ദിവസമായിരുന്നു പാഡിയെന്ന പാട്രിക് വിന്റര്‍ വന്നിരുന്നത്, മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അവനീ ക്ലിനിക്കില്‍ ആദ്യമായി വന്നത്. സത്യത്തില്‍ അവനേക്കാളും മുമ്പ് മത്തുപിടിപ്പിക്കുന്ന ആ മണമായിരുന്നു ആദ്യം ക്ലിനിക്കിലെത്തിയത്. ഷനേല്‍ ലെ ബ്ലൂമിന്റെ മദിപ്പിക്കുന്ന ഗന്ധം. വസന്തത്തില്‍ വിരിഞ്ഞ പേരറിയാത്ത ഒരായിരം പൂക്കളുടെ മണം. ഓറഞ്ചു തോട്ടങ്ങള്‍ ഒരുമിച്ചു പൂത്തതു പോലെയുള്ള മണം. പേര് ചോദിക്കുന്നതിനും മുമ്പേ ഇതെന്തിന്റെ മണമാണെന്നാണ് അവള്‍ ചോദിച്ചത്. ഷനേല്‍ ലെ ബ്ലൂമെന്ന ആഫ്റ്റര്‍ ഷേവിന്റെ പേര് അങ്ങനെയാണ് അവള്‍ക്ക് പരിചിതമായതും അവനെ ആ ഗന്ധത്തോടെ ചേര്‍ത്തുവയ്ക്കാന്‍ തുടങ്ങിയതും. എപ്പോഴും പുഞ്ചിരിക്കുന്ന, ക്ലീന്‍ ഷേവ് ചെയ്ത ആ മുഖം കൊച്ചുകുഞ്ഞിന്റെയെന്നവണ്ണം കൈകളിലെടുത്തോമനിക്കാന്‍ എമ്മ കൊതിച്ചിട്ടുണ്ട്.

അവനൊരു മെഡിക്കല്‍ റെപ്രസെന്റിറ്റീവോ, ഐ ടി ഫേമിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനോ ആയിരിക്കുമെന്നവള്‍ എപ്പോഴും ആലോചിക്കാറുണ്ട്. എങ്ങനെയാണ് അങ്ങനൊരു ചിന്ത അവളില്‍ വന്നതെന്ന് അവള്‍ക്ക് പോലും അറിഞ്ഞുകൂടായിരുന്നു. ചില ചിന്തകള്‍ അങ്ങനെയായിരിക്കുമെന്നും, അത് പലപ്പോഴും ശരിയായിരിക്കുമെന്നവള്‍ കരുതിപ്പോന്നു.

എല്ലാ മാസവും ഇതേ ദിവസം ഒന്നാം നമ്പരുകാരനായ് അവനെ അവള്‍ വിളിക്കാറുണ്ട്.ഡോക്ടറെക്കണ്ട് പത്തുമിനിറ്റിനുള്ളില്‍ പുറത്തിറങ്ങുന്ന അവന് അവിടെയൊരു മെഡിക്കല്‍ റിക്കോഡ്സുമില്ലായിരുന്നു. അതുകൊണ്ട് അവനെയൊരു രോഗിയായിട്ട് അവള്‍ കണ്ടതേയില്ല. ആദ്യതവണ വന്നപ്പോള്‍ എടുത്ത ഫയലില്‍ പാട്രിക് വിന്റര്‍ എന്ന പേരുമാത്രം. ഒരു വിലാസമോ ഫോണ്‍ നമ്പര്‍ പോലുമോ അവന്‍ കൊടുത്തിരുന്നില്ല. അതിന്റെ ആവശ്യമില്ലെന്നായിരുന്നു ഒരിക്കല്‍ ഡോക്ടറോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. ആ ഫയല്‍ അവള്‍ എത്ര തവണ എടുത്തു നോക്കിയിട്ടുണ്ടെന്ന് അവള്‍ക്കുപോലുമറിയില്ല. ഒരു ഫോണ്‍ നമ്പറോ ഇ-മെയില്‍ വിലാസമോ എന്നെങ്കിലും എപ്പോഴെങ്കിലും അതില്‍ അവളില്ലാത്തൊരു ദിവസം, അങ്ങനെയൊരു ദിവസം ഈ ആറുമാസത്തിനിടയില്‍ ഇല്ലാതിരുന്നിട്ടുകൂടി, ആരെങ്കിലും എഴുതിച്ചേര്‍ത്തിട്ടുണ്ടാകുമോ എന്ന പ്രതീക്ഷയില്‍ വെറുതെ മറിച്ചു നോക്കും. പാട്രിക് വിന്റര്‍ എന്ന പേരുമാത്രം കുറേ പ്രാവശ്യം വായിച്ചിട്ട് മടക്കി വയ്ക്കും.

വരുമ്പോഴും പോകുമ്പോഴും ഒരു നോട്ടം, ഒരു പുഞ്ചിരി അതില്‍ അവസാനിച്ചിരുന്നു അവരുടെ സൌഹൃദം. കഴിഞ്ഞതവണ മാത്രം, ഡോക്ടര്‍ വരാന്‍ താമസിച്ച ആ ദിവസമാണ്, അവര്‍ അല്പമെങ്കിലും സംസാരിച്ചത്. അതും വളരെക്കുറച്ച് മാത്രം. പക്ഷെ പരിഭ്രമം കാരണം അവള്‍ക്ക് കാര്യമായൊന്നും ചോദിക്കാനും പറയാനും കഴിഞ്ഞില്ല. എങ്കിലും അവനെ എപ്പോഴും കാണണമെന്നും വര്‍ത്തമാനം പറയണമെന്നുമുള്ള ആഗ്രഹം അവനും മനസ്സിലാക്കിയിട്ടുണ്ടാവണം. അതുകൊണ്ടാണല്ലോ ഈ പ്രാവശ്യം നമ്മുക്കൊരുമിച്ച് കാപ്പികുടിക്കാമെന്നും കൂടുതല്‍ സംസാരിക്കാമെന്നും പരിചയപ്പെടാമെന്നും അവന്‍ പറഞ്ഞത്. ക്രിസ്തുമസ് അടുത്ത സമയമായതിനാല്‍ ക്രിസ്തുമസ് ആശംസകള്‍ പറഞ്ഞ് സംസാരം തുടങ്ങിയാല്‍ പരിഭ്രമം കുറയുമെന്നവള്‍ കരുതുകയും ചെയ്തതാണ്. ഒന്നുമൊന്നും സംഭവിച്ചില്ല. ഒന്നാം നമ്പരുകാരനിന്നില്ല.

എമ്മ പുറത്തേക്ക് നോക്കി, കനത്തില്‍ മഞ്ഞുപൊഴിയുന്ന വിന്റര്‍ മാത്രം, പാട്രിക് ഇല്ല.

എമ്മ രണ്ടാം നമ്പരുകാരനെ വിളിച്ചു ഡോക്ടറുടെ ക്യാബിനിലേക്ക് വിട്ടിട്ട് തന്റെ കസേരയില്‍ വന്നിരുന്നു അന്ന് വന്ന എഴുത്തുകള്‍ നോക്കി. രണ്ടുമൂന്ന് ബില്ലുകള്‍, ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, ക്രിസ്തുമസ്, പുതുവര്‍ഷ ആശംസാകാര്‍ഡുകള്‍, അടുത്ത കവറില്‍ തന്റെ പേരെഴുതിയിരിക്കുന്നത് കണ്ട് എമ്മയ്ക്ക് അത്ഭുതം തോന്നി. തനിക്കെഴുത്തയക്കാനാരാണിവിടെയെന്ന് ആശ്ചര്യപ്പെട്ട് അവള്‍, അയച്ചയാളിന്റെ പേരോ വിലാസമോയില്ലാത്ത ആ കവര്‍ ശ്രദ്ധാപൂര്‍വ്വം തുറന്നു. പ്രിയപ്പെട്ട എമ്മാ, എന്നുതുടങ്ങുന്ന ദീര്‍ഘമായ ആ എഴുത്ത് അയച്ചതാരാനെന്നറിയാന്‍ അവള്‍ എഴുത്തിന്റെ അവസാനപുറത്തേക്ക് കണ്ണോടിച്ചു. സ്നേഹപൂര്‍വ്വം പാഡി, പാട്രിക് വിന്റര്‍!!

അവള്‍ക്കൊരേസമയം സന്തോഷവും അത്ഭുതവും തോന്നി, പാഡി തനിക്കെഴുത്തയച്ചിരിക്കുന്നു, എന്റെ മനസ്സവനറിഞ്ഞിരുന്നോ ദൈവമേ.. ഇന്നിനി പുതിയ കസ്റ്റമേഴ്സ് ആരും വരരുതേയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അവള്‍ എഴുത്തുമടക്കി പാന്റ്സിന്റെ പോക്കറ്റിലേക്കിട്ടു.

രണ്ടുപേര്‍കൂടി ഡോക്ടറെ കാണാനിരിപ്പുണ്ട്. അവര്‍ കൂടി പോയിക്കഴിഞ്ഞിട്ട് സ്വസ്ഥമായ് വായിക്കാമെന്നവളുറപ്പിച്ചു. എഴുത്ത് പോക്കറ്റില്‍ത്തന്നെയുണ്ടെന്ന് കയ്യിട്ട് ഇടയ്ക്കിടെ ഉറപ്പുവരുത്തി. എന്തായിരിക്കും അവനിതില്‍ എഴുതിയിരിക്കുന്നതെന്നോര്‍ത്ത് അവള്‍ക്കിരിക്കപ്പൊറുതിയുണ്ടായില്ല. എഴുത്ത് വീണ്ടുമെടുത്ത് പാഡിയെന്ന പേര് പിന്നേയും പിന്നേയും വായിച്ചു. ഹൃദയത്തിലൊരു കല്ല് കയറ്റിവച്ചിരിക്കുന്നതു പോലെയവള്‍ക്ക് തോന്നി. സമയം നീങ്ങുന്നേയില്ല. ആദ്യത്തെ കസ്റ്റമര്‍ ചികിത്സാമുറിയില്‍ കയറിയിട്ട് അധികനേരമായതു പോലെ, അവളിടയ്ക്കിടെ ചുവരിലെ വലിയ ക്ലോക്കില്‍ നോക്കി. ഡോക്ടറെ കാണാനിരിക്കുന്ന മറ്റു രണ്ടു പേരും തമ്മില്‍ എന്തോ സംസാരിച്ചു കൊണ്ടിരിക്കുന്നു.മഞ്ഞുവീഴ്ചയെപ്പറ്റിയാവുമെന്ന് അവളൂഹിച്ചു. മറ്റെന്താണിപ്പോള്‍ ആളുകള്‍ക്ക് പറയാനുള്ളത്.

ആദ്യത്തെയാള്‍ പോയിക്കഴിഞ്ഞ് പിഗ്ഗറ്റ്സ് ഇന്റര്‍ക്കോമില്‍ വിളിച്ചു പറഞ്ഞിട്ടാണ് എമ്മ രണ്ടാമത്തെയാളെ കയറ്റി വിട്ടത്. ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡോക്ടര്‍ വഴക്കു പറയുമോയെന്ന് എമ്മ ഭയപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. നിനക്കെന്തു പറ്റി എമ്മാ, സുഖമില്ലേയെന്ന് മാത്രമേ ഡോക്ടര്‍ ചോദിച്ചുള്ളൂ. കുഴപ്പമില്ലെന്ന് പറഞ്ഞവള്‍ തിരിച്ച് കസേരയില്‍ വന്നിരുന്നു.

എഴുത്തു കിട്ടിയപ്പോള്‍ മുതലുള്ള പരവേശം എമ്മയെ വിട്ടു പോയില്ല. അവള്‍ക്ക് ടോയിലറ്റില്‍ പോകണമെന്ന് തോന്നിയെങ്കിലും, ഇനി ആ സമയത്ത് അടുത്തയാളെ കയറ്റി വിടാനെന്ന് പറഞ്ഞ് ഡോക്ടര്‍ വിളിച്ചാലോയെന്ന് കരുതി അവിടെത്തന്നെയിരുന്നു. നാലായി മടക്കി പോക്കറ്റിലിട്ടിരുന്ന എഴുത്തിന് മുകളിലൂടെ അവള്‍ കൈ ഓടിച്ചു കൊണ്ടിരുന്നു.

അവസാനത്തെയാളേയും ഡോക്ടറുടെയടുത്തേക്ക് പറഞ്ഞു വിട്ട് എമ്മ ദീര്‍ഘശ്വാസം വിട്ടു. പിന്നീട് ബില്ലുകള്‍ നോക്കി ആവശ്യമുള്ള പണമെടുത്തു അവയുടെ കൂടെ വച്ചു. അപ്പോഴേക്കും ഡോക്ടര്‍ ചികിത്സാമുറിയില്‍ നിന്നും പുറത്തുവന്നു.

“എമ്മാ, ഒരു കാപ്പിയും കൂടെയിടൂ, നീയുമൊരെണ്ണം കുടിക്ക്, ഇന്ന് നിന്റെ മൂഡാകെ മാറിമറിഞ്ഞാണല്ലോ കിടക്കുന്നത്, എന്തു പറ്റി നിനക്ക്? സുഖമില്ലെങ്കില്‍ വീട്ടില്‍ പോയ്ക്കോളൂ, ഈ മുടിഞ്ഞ മഞ്ഞത്ത് ഇനിയാരും വരുമെന്ന് തോന്നുന്നില്ല. ബില്ലുകളിങ്ങ് തന്നേക്കൂ, ഈ മഞ്ഞത്ത് നീയിനി പോസ്റ്റോഫീസ് വരെ നടക്കണ്ട. ഞാനടച്ചോളാം അല്ലേലും ഇതൊക്കെ ഓണ്‍ലൈന്‍ ആക്കേണ്ട സമയം കഴിഞ്ഞു. അതെങ്ങനെയാ അടുത്ത അടവ് വരുമ്പോഴല്ലേ ഇതിനേക്കുറിച്ച് നമ്മളാലോചിക്കത്തുള്ളൂ..”

“എനിക്ക് കുഴപ്പമൊന്നുമില്ല ഡോക്ടര്‍, ഇനി കുറച്ചു നേരം കൂടിക്കഴിഞ്ഞാല്‍ നമ്മളടയ്ക്കുമല്ലോ”

എമ്മ ഡോക്ടര്‍ക്ക് കാപ്പിയിട്ടുകൊടുത്തു. അപ്പോഴെല്ലാം അവളുടെ ഒരു കൈ പോക്കറ്റില്‍ക്കിടക്കുന്ന എഴുത്തില്‍ മുറുകെപ്പിടിച്ചിരുന്നു.

പിഗ്ഗറ്റ്സ് കാപ്പിയും, ബില്ലുകളും, അന്നത്തെ പത്രവുമായ് ക്യാബിനിലേക്ക് പോയി. എമ്മ റിസപ്ഷനിലേക്കും, അവിടെപ്പോയിരുന്നിട്ട് എമ്മ എഴുത്ത് കയ്യിലെടുത്തു. വായിക്കാന്‍ തുടങ്ങണോ, അതോ വീട്ടില്‍ പോയിട്ടു മതിയോയെന്ന സന്ദേഹം അവളെ അലട്ടിക്കൊണ്ടിരുന്നു. ഇനിയാരും വരില്ലെന്ന വിശ്വാസത്തില്‍ അവള്‍ എഴുത്ത് വായിക്കാന്‍ തന്നെ തീരുമാനിച്ചു സാവധാനത്തില്‍ എഴുത്തു നിവര്‍ത്തി.

“പ്രിയപ്പെട്ട എമ്മാ,”

പ്രിയപ്പെട്ട എമ്മാ, പ്രിയപ്പെട്ട എമ്മാ, അതു തന്നെയവള്‍ ഒരായിരം ആവര്‍ത്തി വായിച്ചു. ബാക്കി വായിക്കാന്‍ അവള്‍ക്ക് തിടുക്കമുണ്ടായിരുന്നെങ്കിലും, പാഡി തന്റെ മുന്നില്‍ നിന്ന് പ്രിയപ്പെട്ട എമ്മാ എന്ന് വിളിക്കുന്നപോലെ അവള്‍ക്ക് തോന്നി. അവളുടെ ഹൃദയം പെരുമ്പറകൊട്ടി. അപ്പൊഴേക്കും ഫോണ്‍ ബെല്ലടിച്ചു. എമ്മ ഞെട്ടിപ്പോയി, പെട്ടന്ന് ആരെങ്കിലും കണ്ടാലോയെന്ന് ഭയന്നത് പോലെ എമ്മ ധൃതിയില്‍ എഴുത്ത് മടക്കി പോക്കറ്റിലിട്ടു. ഫോണെടുത്ത്, “ഹലോ, മാല്‍‍വേണ്‍ ക്ലിനിക്ക്” എന്ന് പറഞ്ഞൊപ്പിച്ചു, ശബ്ദം അവളുടെ തൊണ്ടയില്‍ക്കുടുങ്ങിയതു പോലെ ചിലമ്പിച്ചാണ് പുറത്തേക്ക് വന്നത്. അപ്പോഴേക്കും ഫോണ്‍ കട്ടായിരുന്നു. എമ്മ വീണ്ടും കസേരയില്‍ വന്നിരുന്നു. അവളുടെ തൊണ്ടയാകെ വരണ്ടിരുന്നു. റിസപ്ഷനില്‍ വച്ചിരുന്ന കുപ്പിയിലെ വെള്ളം മുഴുവന്‍ ഒറ്റവലിക്കവള്‍ കുടിച്ചു തീര്‍ത്തു. കിതപ്പോടെ, പരവേശത്തോടെ എന്നാല്‍ സാവധാനം എഴുത്തു കയ്യിലെടുത്തു. പതിയെ ബാക്കി വായിക്കാന്‍ തുടങ്ങി.

“പ്രിയപ്പെട്ട എമ്മാ,

ഇന്നെന്റെ അപ്പോയിന്റ്മെന്റ് ക്യാന്‍സല്‍ ചെയ്ത കാര്യം ഡോക്ടര്‍ പറഞ്ഞ് നീ അറിഞ്ഞു കാണുമല്ലൊ? ഇന്ന് നിന്നോട് തീര്‍ച്ചയായും സംസാരിക്കാമെന്നും, നമ്മുക്കൊരുമിച്ച് കാപ്പി കുടിക്കാമെന്നും ഞാന്‍ വാക്കു തന്നിരുന്നു. ആ വാക്ക് തെറ്റിക്കേണ്ടി വന്നതില്‍ ആദ്യമേ ക്ഷമ പറയട്ടെ?

നിനക്കെന്നേക്കുറിച്ച് എന്തറിയാമെന്ന ക്ലീഷേ ചോദ്യങ്ങള്‍ ഞാനിവിടെയെഴുതുന്നില്ല. നിനക്കെന്നല്ല, ഡോക്ടര്‍ക്ക് പോലും ഞാന്‍ പൂര്‍ണ്ണമായും വെളിപ്പെട്ടിട്ടില്ല. പക്ഷെ, ഞാനെന്താണെന്നും, എന്തെല്ലാമാണെന്നും നീ തീര്‍ച്ചയായും അറിയണം. അതിനാണീയെഴുത്ത്.

സത്യത്തിലെനിക്ക് നിന്നേക്കുറിച്ചൊന്നുമറിയില്ലെന്നത് നേരുതന്നെയാണ്, പക്ഷെ എനിക്കൊന്നും അറിയണ്ടെങ്കിലോയെന്ന് മനസ്സില്‍ ചോദിച്ചുകൊണ്ട് എമ്മ ബാക്കി വായിക്കാന്‍ തുടങ്ങി.

എത്രയോ കാലത്തിന് ശേഷമാണ് ഒരെഴുത്തെഴുതുന്നത്, അത് നിന്നെപ്പോലൊരു സുന്ദരിക്കുട്ടിക്കാവുമ്പോള്‍ നല്ല സന്തോഷം തരുന്നുണ്ട്. എമ്മാ, മനസ്സിന്റെ സന്തോഷം വിരലുകള്‍ക്കില്ല. ഇത്രയുമെഴുതിയപ്പോള്‍ തന്നെ വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു.

താന്‍ സുന്ദരിയാണെന്ന് എഴുതിയിരിക്കുന്നത് കണ്ട് എമ്മയ്ക്ക് വളരെ സന്തോഷം തോന്നി. അവള്‍ അഭിമാനത്തോടെ തന്റെ മേശയില്‍ വച്ചിരിക്കുന്ന ചെറിയ കണ്ണാടിയില്‍ നോക്കി മുടി കോതിയൊതുക്കി സുന്ദരി തന്നെയാണെന്ന് ഉറപ്പു വരുത്തി. സ്നേഹത്തോടെ സുന്ദരി എമ്മായെന്ന് കണ്ണാടിയില്‍ നോക്കി വിളിച്ചു പിന്നെ വീണ്ടും വായനയിലേക്ക് തിരിഞ്ഞു.

“എമ്മാ, ചെറുപ്പം മുതല്‍ മഴ നമ്മുടെ ജീവിതത്തിന്റെ കൂടെയുള്ളതുകൊണ്ടാവും, നീയൊരു മഴയായാണ് എനിക്കെപ്പോഴും തോന്നുന്നത്.”

എമ്മയ്ക്ക് ചിരിവന്നു, ഈ തണുപ്പത്ത് ഉപമിക്കാന്‍ പറ്റിയ സാധനം തന്നെ മഴ. എപ്പോഴും അനവസരത്തില്‍ പെയ്യുന്ന സമയബോധമില്ലാത്ത ഒന്നായാണ് എമ്മ മഴയെ കണ്ടിരുന്നത്.

“എമ്മാ, നീയൊരു മഴയായ് എന്റെ മനസ്സില്‍ പെയ്യുന്നത് ഞാനെപ്പൊഴുമോര്‍ക്കും, നീ പെയ്തു നിറഞ്ഞ്, നിന്റെ ഓര്‍മ്മകളുടെ അണക്കെട്ടായിരിക്കുകയാണെന്റെ മനസ്സ്. നീ എപ്പോഴുമിങ്ങനെ പെയ്തുകൊണ്ടേയിരിക്കണമെന്നാണെന്റെ ആഗ്രഹം. നിന്റെ ഓര്‍മ്മകള്‍ എന്റെയുള്ളില്‍ നിറഞ്ഞുകവിയണം, കരകവിഞ്ഞൊഴുകണം. എന്റെ മനസ്സിന്റെ മണ്ണ് നനഞ്ഞു കുതിരണം. എനിക്കവയില്‍ സ്വപ്നത്തിന്റെ വിത്ത് പാകണം. അവയില്‍ നിന്ന് വിരിയുന്ന ഓരോ ഇലകളിലും തൊടണം, നിന്നെയെന്നപോലെ, നിന്റെ ഓര്‍മ്മകള്‍ പേറുന്ന ഇലകള്‍.”

പാഡി തന്റെ ദേഹത്ത് തൊടുന്നത് പോലെ എമ്മയ്ക്ക് കുളിരുകോരി.

“നിന്റെ ഓര്‍മ്മകള്‍ വിരിയുന്ന ചെടികളില്‍ പൂക്കള്‍ വിരിയുന്നതെനിക്ക് കാണണം എമ്മാ, ആ പൂക്കളുടെ സൌരഭ്യം എന്റെ നാസാരന്ധ്രങ്ങളിലൂടെ ശരീരം മുഴുവന്‍ പടരണം. എനിക്ക് നിന്റെ ഓര്‍മപ്പൂക്കളുടെ പൂക്കാലമാകണം. ഒരിക്കലും പൊഴിയാത്ത അനേകം പൂക്കളുടെ പുതപ്പിനടിയിലേക്ക് എനിക്ക് നിന്റെ ഓര്‍മ്മകളുമായ് ചുരുണ്ടുകൂടണം.”

തണുപ്പുകൊണ്ട് ചുവന്ന എമ്മയുടെ കവിളുകള്‍ പിന്നെയും ചുവന്നുതുടുത്തു. ആരെങ്കിലും തന്നെ കാണുന്നുണ്ടോയെന്നവള്‍ നാണത്തോടെ ചുറ്റുപാടും നോക്കി. കാത്തിരിപ്പു മുറിയിലെ ഒഴിഞ്ഞ കസേരകള്‍ മാത്രം. ഏതെങ്കിലും കസേരയില്‍ പാഡിയിരിക്കുന്നുണ്ടാവുമോ എന്നവള്‍ വെറുതെ ആലോചിച്ചു. പാഡീ, നീയെന്നെ ഇത്രയും സ്നേഹിക്കുന്നുണ്ടായിരുന്നോ? പിന്നെയെന്താണ് എന്നോടൊത്ത് അല്പസമയം ചിലവഴിക്കാന്‍ നീ മിനക്കെടാതിരുന്നത്.

അവള്‍ പിന്നേയും എഴുത്തിലേക്ക് ഊളിയിട്ടു.

“സ്വപ്നങ്ങള്‍ കാണാന്‍ നമ്മുക്കൊരതിരുമില്ല എമ്മാ, എന്നാല്‍ സത്യം എത്രയോ വിദൂരെയാണ്. ഇത്രമാത്രം നിന്നോട് സ്നേഹമുണ്ടായിട്ടും എന്താണ് ഞാനിത് നിന്നില്‍ നിന്നും മറച്ചുവച്ചതെന്ന്, അതിനുള്ള കാരണങ്ങള്‍ നീയറിയണം. അതിനു വേണ്ടിയാണ് ഈയെഴുത്ത്. ഇത് മുഴുവനാക്കാന്‍ ഈ വിരലുകള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല. അക്ഷരങ്ങളെ വരുതിയിലാക്കാന്‍ വിരലുകള്‍ കുറേയധികം പണിപ്പെടേണ്ടി വരുമെന്ന് തോന്നുന്നു. ഒരു കാപ്പിയുണ്ടാക്കുന്നത് വരെ വിരലുകള്‍ക്ക് വിശ്രമമനുവദിക്കാമല്ലേ എമ്മാ?

കാപ്പിയുമായ് മുറിയുടെ ജനാലയ്ക്കരികില്‍ ഞാന്‍ നില്ക്കുകയായിരുന്നു. ഞാന്‍ താമസിക്കുന്നതെവിടെയാണെന്ന് നിനക്കറിയില്ലല്ലോ, ഒരു പതിനഞ്ച് നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ഒറ്റമുറി ഫ്ലാറ്റിലാണ് ഞാന്‍. ഒറ്റയ്ക്ക്. ഇവിടെ നിന്ന് നോക്കുമ്പോള്‍ മനുഷ്യരും വാഹനങ്ങളുമൊക്കെ ഒരു നൂലില്‍ നിന്ന് പൊട്ടി വീണ ചെറിയചെറിയ മുത്തുകള്‍ പോലെ ചിതറി പാഞ്ഞു പോകുന്നു. പല നിറത്തിലും വലുപ്പത്തിലുമുള്ള മുത്തുകള്‍. എല്ലാവര്‍ക്കും തിരക്കാണ്. നിനക്കിന്ന് തിരക്കുണ്ടോ എമ്മാ?

പറഞ്ഞുപറഞ്ഞു ഞാന്‍ കാടുകയറുന്നു. മനസ്സുതുറക്കാന്‍ അവസരം കിട്ടിയ ഒരുവന്റെ ആവേശമായ് നീയിത് മറന്നുകളയുക. പറയാന്‍ കരുതിയത് ഇതുവരെ പറഞ്ഞിട്ടില്ല.”

പാഡീ, നീയൊരു കവിയാവേണ്ടവനാണ്. എത്ര മനോഹരമയാണ് നീ കാഴ്ചകളെഴുതുന്നത്. അടുത്ത പ്രാവശ്യം നേരിട്ട് കാണുമ്പോള്‍ ഇതായിരിക്കും താനാദ്യം പറയുകയെന്ന് എമ്മ നിശ്ചയിച്ചു. താനൊക്കെ ഇത്രയും മുകളില്‍ നിന്ന് നോക്കിയാല്‍ ആദ്യം പേടിക്കും, പിന്നെ മനുഷ്യരേയും വാഹനങ്ങളേയും മാത്രം കാണും. ഒരു നൂലും കാണത്തില്ല, മുത്തും കാണത്തില്ല. എമ്മ തന്നോട് തന്നെ ചിരിച്ചു.

“എമ്മാ, നീ മാര്‍ക്വേസിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ? അതെ, ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളും, കോളറക്കാലത്തെ പ്രണയവുമൊക്കെ എഴുതിയ മഹാനായ മാര്‍ക്വേസിന്റെ. അദ്ദേഹത്തിന്റെ ഒരു കഥയുണ്ട്. The trail of blood in snow, കല്യാണം കഴിഞ്ഞ് ഫ്രാന്‍സിലെ കൊടും മഞ്ഞുകാലത്തിലേക്ക് വരുന്ന യുവമിഥുനങ്ങളുടെ കഥ. വെള്ള ബ്ലാങ്കറ്റ് പോലെയുള്ള മഞ്ഞില്‍ക്കിടന്ന് സെക്സ് ചെയ്യാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടതില്‍. നീയിങ്ങനെ വല്ല വന്യ സ്വപ്നങ്ങളും കാണാറുണ്ടോ?”

അയ്യേ, ഈ പാഡിക്കൊരു നാണവുമില്ലല്ലോ? അവനോട് ശരിക്കൊന്ന് വര്‍ത്തമാനം പോലും പറഞ്ഞിട്ടില്ല, സെക്സ് ചെയ്യുന്നത് സ്വപ്നം കാണാറുണ്ടോന്ന്, അതും മഞ്ഞില്‍ക്കിടന്ന്. വഷളന്‍. എമ്മ നാണിച്ച് ചിരിച്ചു. താന്‍ അങ്ങനെ സ്വപ്നം കണ്ടിട്ടുണ്ടോ? കെട്ടിപ്പിടിക്കുന്നത്, കൂടിവന്നാല്‍ ഒന്ന് ചുംബിക്കുന്നത് വരെ ഒന്നോരണ്ടോ തവണ ആലോചിച്ചിട്ടുണ്ടാവും. അല്ലാതെ ഒരിക്കലും അവനുമായ് സെക്സിനെക്കുറിച്ച് താൻ ആലോചിച്ചിട്ടേയില്ല. മുഖത്ത് നോക്കി ചിരിക്കാന്‍ തന്നെ പിശുക്കുകാട്ടിയ ഇവനെന്തെല്ലാമാണ് ആലോചിച്ച് കൂട്ടിയിരിക്കുന്നത്. കള്ളന്‍. വായനാശീലം പണ്ടേയില്ലാഞ്ഞത് നന്നായി. അല്ലേല്‍ ഇതുപോലെയുള്ള കഥകളെല്ലാം വായിച്ച് താനെന്തെല്ലാം ആലോചിച്ചുകൂട്ടിയേനേം എന്ന് ചിന്തിച്ചപ്പോള്‍ തന്നെ എമ്മയ്ക്ക് നാണം തോന്നി. അവള്‍ അക്ഷമയോടെ ബാക്കി വായിക്കാനാരംഭിച്ചു.

“നിനക്കറിയുമോ ഭാവനയുള്ള മൃഗം ഏതാണെന്ന്? അത് മനുഷ്യരല്ലാതെ മറ്റാരുമല്ല. പക്ഷെ മനുഷ്യരുടെ വന്യമായ ഭാവനകള്‍ മുഴുവന്‍ ഉപയോഗിക്കുന്നത് ലൈംഗികതയ്ക്ക് വേണ്ടിമാത്രമാണ്. നീ കേട്ടിട്ടുണ്ടോ നമ്മുടെ ഒരു പ്രമുഖ സം‍വിധായകന്‍ തന്റെ നായികയെ കക്കൂസില്‍ പോകാന്‍ അനുവധിക്കാതെ അവള്‍ വിടുന്ന അധോവായുവിന്റെ ഗന്ധം ആസ്വദിച്ചിരുന്നത്. തന്റെ മുഖത്ത് കയറ്റിയിരുത്തി അവളോട് കീഴ്ശ്വാസം വിടാന്‍ കല്പിച്ചിരുന്നത്. നിനക്കറപ്പു തോന്നുന്നുണ്ടോ എമ്മാ?

ഭാവനയിലെ രതിയില്‍ അവന്‍/അവള്‍ ചെയ്യാത്ത വൈകൃതങ്ങളില്ല. പക്ഷേ ചിലര്‍ അത് പ്രാവര്‍ത്തികമാക്കുന്നു. ഈ കാര്യങ്ങള്‍ നേരിട്ടനുഭവിക്കുകയെന്നത് അത്ര രസമുള്ള സംഗതിയേയല്ല. ഞാന്‍ മുമ്പെഴുതിയില്ലേ പഞ്ഞിക്കെട്ടുപോലെ തോന്നിക്കുന്ന വെളുത്ത മഞ്ഞില്‍ നഗ്നരായ് കിടക്കുന്നത് ഓര്‍ക്കാന്‍, ഭാവനയില്‍ കാണാന്‍ രസമാണ്. എന്നാലനുഭവിക്കാന്‍, അതെത്ര കഠോരമാണെന്ന് നിനക്കറിയില്ല എമ്മാ..

നീ കരുതുന്നുണ്ടാവും എനിക്ക് ഭ്രാന്താണോയെന്ന്. ഭ്രാന്ത് ഒരു രോഗമല്ല എമ്മാ, അതൊരവസ്ഥയാണ്. അതിനെക്കുറിച്ച് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എല്ലാത്തിനെക്കുറിച്ചും നിര്‍മ്മമനായിരിക്കുന്ന അവസ്ഥ. അതൊരു ലോകമാണ്. മനുഷ്യര്‍ തമ്മില്‍ യാതൊരു വത്യാസവുമില്ലാത്ത ലോകം. തന്നേക്കാളും ചെറിയവനോ, വലിയവനോ ഇല്ലാത്ത അവസ്ഥ. ഒന്നുമൊന്നും സ്വന്തമാക്കണമെന്ന, നേടണമെന്ന ബോധം ഉടലെടുക്കാത്ത അവസ്ഥ. അങ്ങനെയാവേണ്ട കാലമെനിക്ക് കടന്നു പോയിരിക്കുന്നു എമ്മാ. ഈ ലോകം വളരെ വിചിത്രമാണ് പെണ്ണേ, അതിലും വിചിത്രമാണ് ഇവിടം അധിനിവേശിച്ചിരിക്കുന്ന മനുഷ്യരെന്ന ജീവിവര്‍ഗ്ഗം. അടിച്ചമര്‍ത്തി ഭരിക്കാന്‍ ആര്‍ത്തിയുള്ള ഒരു കൂട്ടര്‍, അടിച്ചമര്‍ത്തപ്പെടണമെന്ന് ആഗ്രഹമുള്ള വേറൊരുകൂട്ടര്‍. അധികാരത്തില്‍ പറ്റാത്തവര്‍ രതിയില്‍. ലൈംഗികതയും ഒരു കണക്കിന് ഭരണമാണ്. ഒരു സിംഹത്തിന്റെ, കടുവയുടെ ഇണചേരല്‍ നീ കണ്ടിട്ടുണ്ടോ? തന്റെ ഇണയെ അവന്‍ അടിച്ചമര്‍ത്തുകയാണവിടെ. അതു പോലെ മനുഷ്യര്‍ പ്രവര്‍ത്തിച്ചാല്‍ എങ്ങനെയാവും. അതാണ് ഞാന്‍ പറഞ്ഞത്, മനുഷ്യര്‍ ഏറ്റവും കൂടുതല്‍ വൈകൃതമായ ഭാവന നിറയ്ക്കുന്നത് രതിയിലാണെന്ന്. BDSM എന്ന രതി ലീലകളെക്കുറിച്ച് നിനക്കറിവുണ്ടോ എമ്മാ, Bondage and Discipline, Domination and Submission, Sadism and Masochism ഇവയുടെ ചുരുക്കെഴുത്താണ് BDSM. ഇണകളിലൊരാള്‍ അച്ചടക്കത്തോടെ അടിമയെപ്പോലെ മറ്റേ ഇണയെ അനുസരിക്കുക. അടിച്ചമര്‍ത്തുന്നതിന്റെ മൂര്‍ച്ഛ. അതെ എമ്മാ വിചിത്രമായ രതിചര്യകള്‍.

നീ കരുതുന്നുണ്ടാവും ഞാനെന്തിനാണിതു പോലുള്ള കാര്യങ്ങള്‍ മാത്രമെഴുതുന്നതെന്ന്. അതിനുള്ള കാരണം നീയറിയണം, നീയെങ്കിലും അറിയണം.

ഞാനെന്നാണ് ഡോക്ടറെ കാണാന്‍ ആദ്യം വന്നതെന്ന് നീ ഓര്‍ക്കുന്നുണ്ടോ? The trail of blood in snowയില്‍ കമിതാക്കള്‍ മഞ്ഞില്‍ക്കിടക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതേയുള്ളൂ. ഞാന്‍ അതനുഭവിച്ചവനാണ്. മഞ്ഞ് തണുപ്പിക്കുക മാത്രമല്ല പൊള്ളിക്കുകയും ചെയ്യുമെന്ന് അന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പൊള്ളിയടര്‍ന്ന പുറം തൊലി കരിയാനുള്ള മരുന്ന് തേടിയാണ് ഞാന്‍ ഡോക്ടറെ തേടിയെത്തിയത്. നീ ഇപ്പോള്‍ കരുതും പോലെ ലൈംഗികതയില്‍ വന്യമായ ഭാവനകള്‍ പേറുന്നവനല്ല ഞാന്‍. അതെന്റെ തൊഴിലാണ് എമ്മാ. ഞാനൊരു ജിഗളോയാണ്, ജിഗളോ..

ജിഗളോ!!!! പുരുഷവേശ്യ, പ്രായമായ സമ്പന്ന സ്ത്രീകളുടെ ലൈംഗിക താല്പര്യങ്ങള്‍ക്ക് വേണ്ടി അവരുടെചിലവില്‍ ഉണ്ടുറങ്ങി കൂടെ നടക്കുന്നവന്‍..
എമ്മയ്ക്ക് ചുറ്റുമുള്ളതെല്ലാം നിശ്ചലമായതു പോലെ തോന്നി, എല്ലാം നരച്ച്, നിറം മങ്ങി പൊടിഞ്ഞു വീഴുന്നതുപോലെ, അക്ഷരങ്ങള്‍ തെളിയാത്തതു പോലെ. എന്തുചെയ്യണമെന്നറിയാതെ അവള്‍ അതേ പോലെ കുറെ നേരമിരുന്നു. വായിക്കാന്‍ ബാക്കിയുള്ളത് വായിക്കണോ, ചുരുട്ടിക്കൂട്ടി വെയ്സ്റ്റ് ബിന്നിലിടണോ എന്നാലോചിച്ച്, ബാക്കി കൂടി വായിക്കാമെന്നുറച്ചു.

“എമ്മാ, ഈയെഴുത്ത് വലിച്ചുകീറിക്കളയാന്‍ നിനക്ക് തോന്നുന്നുണ്ടാവും, ദയവായി മുഴുവനും വായിക്കണം. ഈ തൊഴിലിലേക്ക് ഞാനെടുത്തെറിയപ്പെടുകയായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴിയില്‍പ്പെട്ട് ജോലിനഷ്ടപ്പെട്ട് പട്ടിണിയോളമെത്തിയപ്പോഴാണ് ഒരു സുഹൃത്ത് എന്നെയിതിലേക്ക് നയിച്ചത്. പട്ടിണിയില്‍ നിന്നും രക്ഷനേടാന്‍ എന്ത് തൊഴിലും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു. എന്നും പുതിയ ഇണകള്‍, കൈ നിറയെ പണം, പുതുപുത്തന്‍ വാഹനങ്ങളടക്കം കിട്ടുന്ന കനപ്പെട്ട സമ്മാനങ്ങള്‍ ഇവയെല്ലാം എന്നെ പ്രലോഭിപ്പിച്ച സംഗതികളാണ്. എന്നാലിപ്പോള്‍ അതില്‍ നിന്നും രക്ഷപെടാന്‍ പറ്റാത്തയത്രയും ആഴത്തിലേക്ക് ഞാന്‍ വീണു പോയിരിക്കുന്നു.

എതൊരു ബിസിനസ്സിനെയും പോലെ കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കകയെന്ന ഒറ്റ നിബന്ധനയേ ഇതിനുമുണ്ടായിരുന്നുള്ളൂ. അവര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുക, അവരെ സന്തോഷിപ്പിക്കുക. രതിജന്യ രോഗങ്ങളില്ലായെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എല്ലാ മാസവും നല്‍കുകയെന്നതാണ്, കൂടുതല്‍ നല്ല ക്ലയന്റ്സിനെ കിട്ടാന്‍ വേണ്ടി കമ്പനി ആവശ്യപ്പെട്ടിരുന്നത്. അതിനു വേണ്ടിയാണ് ഡോക്ടര്‍ പിഗ്ഗറ്റ്സിന്റെ ക്ലിനിക്കില്‍ ഞാന്‍ വന്നിരുന്നത്. ഡൊക്ടറുടെ ഫീസിന്റെ ഇരട്ടി ക്യാഷായിത്തന്നെ കൊടുത്തിരുന്നതുകൊണ്ടാണ് എന്റെ ഫയലില്‍ പേരല്ലാതെ മറ്റു വിവരങ്ങളൊന്നും ഇല്ലാതിരുന്നത്.

ആദ്യ വരവില്‍ത്തന്നെ നിന്റെ മുഖം എന്റെ മനസ്സില്‍ കയറിയിരുന്നു എമ്മാ, എന്നാല്‍ ഒരു കുടുംബമായ് ഒരിക്കലും താമസിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. മരുന്നുകള്‍ കഴിച്ചും കുത്തിവച്ചും ഉണ്ടാക്കുന്ന ദീര്‍ഘമായ് ഉദ്ധാരണം കൊണ്ട് ജീവിക്കുന്ന ഞാനൊരിക്കലും നിന്നെപ്പോലുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവരാന്‍ പാടില്ല പെണ്ണേ. ഒരിക്കലുമൊരിക്കലും നമ്മളിനി കാണാന്‍ ഇടവരാത്ത സ്ഥലത്തേക്ക് ഞാന്‍ പോവുകയാണ്. ഞാനെന്ന മാലയുടെ നൂലു പൊട്ടിയിരിക്കുന്നു എമ്മാ, എന്തു വേഗമാണ് കെട്ടഴിഞ്ഞ മുത്തുകള്‍ നിലത്തേക്ക് പതിക്കുന്നത്, ചിതറിത്തെറിക്കുന്നത്.

നിന്റെ ജീവിതത്തിലെ വസന്തമല്ല ഞാന്‍, പൊള്ളിക്കുന്ന മഞ്ഞുകാലമാണ്. പച്ച പുറത്തുവരാന്‍ അനുവദിക്കാതെ മരവിപ്പിച്ചു കിടത്തുന്ന കടുത്ത മഞ്ഞുകാലം.നീ വസന്തത്തില്‍ വളരേണ്ടവളാണ്.. നീ തന്നെയാണ് വസന്തം. നിനക്ക് നന്മയുണ്ടാവട്ടെ..

സസ്നേഹം
പാഡി (പാട്രിക് വിന്റര്‍)

ഡോക്ടര്‍ പിഗ്ഗറ്റ്സ് പോകാന്‍ തയ്യാറായി നില്‍ക്കുന്നു.”എമ്മാ, What's the matter, ആരുടെതാണീയെഴുത്ത്, നീയെന്താണ് വല്ലാതിരിക്കുന്നത്? സമയമായി നമ്മുക്കിറങ്ങാം, ഹാപ്പി ക്രിസ്തുമസ്, ഇനി അടുത്താഴ്ച് കാണാം.

തിരികെ ആശംസിക്കാന്‍ എമ്മയ്ക്ക് ശബ്ദം വന്നില്ല. തലയാട്ടി സമ്മതിച്ച് എഴുന്നേറ്റു, എഴുത്തു ചുരുട്ടി പോക്കറ്റിലിട്ടു, താക്കോല്‍ക്കൂട്ടമെടുത്തു. തന്റെ അനോറാക്ക് ധരിച്ച്, ഹൂഡ് തലവഴിയേയിട്ട് പുറത്തേക്കിറങ്ങി. മഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു. എമ്മയ്ക്ക് തണുപ്പനുഭവപ്പെട്ടതേയില്ല.

Subscribe Tharjani |