തര്‍ജ്ജനി

അഭിജിത്ത് എം എസ്

Visit Home Page ...

കഥ

പേരില്ലാത്ത ഒരു കഥ

"കാര്‍ത്തിക", എന്‍റെ ഒരു പഴയ സുഹൃത്തായ ബാലകൃഷ്ണന്‍ ഭാര്യയെ പരിചയപ്പെടുത്തി. അവരെ നോക്കി എന്‍റെ ചുണ്ടുകളില്‍ അധികവുമുണ്ടാകാറുള്ള കൃത്രിമ ചിരിയൊന്നു പാസ്സാക്കി. അവരുടെ ഒരു വയസ്സുള്ള മകനും ഒപ്പമുണ്ട്, ആ സമയത്ത് നല്ല ഉറക്കത്തില്‍ ആയിരുന്നു കക്ഷി. മകന്‍റെ പേര് ഋഷികേശ് എന്നാണെന്ന് പറഞ്ഞു തന്നതും ബാലകൃഷ്ണനായിരുന്നു. തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര്‍ പോകാനായി ട്രെയിനില്‍ കയറിയപ്പോഴാണ് ബാലകൃഷ്ണനെയും കുടുംബത്തെയും കാണാനിടയായത്, അവര്‍ കണ്ണൂര്‍ക്ക്‌ പോവുകയാണ്. കുശലാന്വേഷണത്തിന് ശേഷം ഞാന്‍ എന്‍റെ സീറ്റില്‍ വന്നിരുന്നു. കയ്യിലുണ്ടായിരുന്ന പെട്ടി മടിയ്യില്‍ തന്നെ വച്ചു. എന്‍റെ സീറ്റിനു ചുറ്റും കുറേ കോളേജ് പയ്യന്മാരായിരുന്നു. അവര്‍ തമ്മില്‍ തമാശകള്‍ പറയുകയും, പൊട്ടി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ട്രെയിന്‍ നീങ്ങി തുടങ്ങി, കുറച്ചു കഴിഞ്ഞപ്പോള്‍ പയ്യന്മാരുടെ ചിരിയും കളിയും പതുക്കെ കുറഞ്ഞു വന്നു. ക്ഷണ നേരത്തെ നിശബ്ദത! അതിനെ കീറി മുറിക്കുന്നതായി, എന്‍റെ തൊട്ടടുത്തിരുന്ന പയ്യന്‍ ചോദിച്ച ചോദ്യം;- "നിന്‍റെ ആദ്യത്തെ കാമുകിയുടെ പേരെന്താ ?" ചോദ്യം വേറെ ആരോടോ ആയിരുന്നെങ്കിലും, അതിന്‍റെ ഉത്തരം തേടി ഞാനും പോയി എന്നുള്ളതാണ് സത്യം. "എന്‍റെ ആദ്യത്തെ പ്രണയിനിയുടെ പേരെന്താണ്?" ആ ചോദ്യത്തിനുത്തരം തേടി എന്‍റെ മനസ്സ് പത്ത്കൊല്ലം പിറക്കോട്ടു പോയി, അപ്പോഴും ട്രെയിന്‍ മുന്നോട്ടു തന്നെ കുതിക്കുന്നുണ്ടായിരുന്നു.

II

ജീവിതം യൗവനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായ അസുലഭ കാലഘട്ടമായിട്ട് പോലും, മുഴുവന്‍ സമയവും ഓര്‍ത്തിരിക്കാന്‍ ഒരു പ്രണയിനി ഇല്ലല്ലൊ എന്ന ദുഖം എന്നെ വല്ലാതെ ബാധിച്ച കാലം. ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടി, വീട് വിട്ട്, ആദ്യമായി ഹോസ്റ്റലില്‍ താമസിക്കുന്ന കാലം കൂടിയായിരുന്നു അത്. മാവേലികരയില്ലുള്ള ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ആണ് ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നിരുന്നത്. അവിടെ ചേര്‍ന്നന്ന് തന്നെ ഒരു പ്രണയിനിക്കായുള്ള തിരച്ചിലും ആരംഭിച്ചിരുന്നു. അങ്ങനെ ജീവിതം മുന്നോട്ടു പോകവെ, ഒരു അവധി ദിവസം, വൈകുന്നേരം; ഹോസ്റ്റലില്‍ ഇരുന്ന് മുഷിഞ്ഞപോള്‍ ഒരു സിഗരറ്റ് പുകച്ചാലൊ എന്ന ചിന്ത വന്നു. വച്ചു താമസിപ്പിച്ചില്ല, ഞാനും എന്‍റെ അടൂരുക്കാരന്‍ സുഹൃത്തും കൂടെ, ഹോസ്റ്റലിനു തൊട്ടു പുറത്തുള്ള, രാജേട്ടന്‍ എന്ന ഒരു സാധു നടത്തി വരുന്ന ഒരു പലചരക്ക് കടയിലേക്ക് വച്ചു പിടിച്ചു. രാജേട്ടന്‍റെ കടയില്‍ കിട്ടാത്തതായി ഒന്നുമില്ല, പച്ചക്കറികള്‍ , സോപ്പ് ചീപ്പ് കണ്ണാടി മുതല്‍ എല്ലാം, എല്ലാം എന്ന് വച്ചാല്‍ "എല്ലാം" അവിടെ കിട്ടുമായിരുന്നു. "ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയാര്?" എന്ന് ചോദിച്ചാല്‍ ഇപ്പോഴും പറയുന്ന പേര്, അന്ന് ആ ദിവസം കടയില്‍ വച്ചു കണ്ട പെണ്‍കുട്ടിയുടെയാകും, തീര്‍ച്ച!

III

"കറുത്ത ചുരിദാര്‍ ധരിച്ച്‌ എന്‍റെ ജീവിതത്തിലേക്ക് വന്ന വെളുത്ത മാലാഖ". ആ സുന്ദരിയെ കണ്ട മാത്രയില്‍ തന്നെ എന്നില്ലെ സാഹിത്യകാരന്‍ ഉണര്‍ന്നു എന്നല്ല, ഉണര്‍ന്നെഴുന്നേറ്റ് രണ്ടു കിലോമീറ്റര്‍ ഓടി തളര്‍ന്ന് വന്നിരുന്നു, എന്ന് വേണം പറയാന്‍. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ആ സുന്ദരിയുടെ ഓരോ ചലനങ്ങളും, കണ്ണുകള്‍ വഴി ഹൃദയത്തില്‍ ഒപ്പിയെടുക്കുന്ന ജോലി, വളരെ ആത്മാര്‍ത്ഥതയോടെ ചെയ്യ്ത് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ആ വെളുത്ത മാലാഖ വാങ്ങേണ്ട സാധനങ്ങള്‍ ഒരോന്നായി പറഞ്ഞ് കൊണ്ടിരിക്കുന്നു, രാജേട്ടന്‍ സാധനങ്ങള്‍ തൂക്കി- പൊതിഞ്ഞു കൊടുക്കുന്ന തിരക്കിലും. മധുരമായ അവളുടെ ശബ്ദത്തില്‍ രാജേട്ടനോട് ഒരു കിലോ പഞ്ചസാര തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ട ആ നിമിഷം രണ്ടു കാര്യങ്ങള്‍ അവിടെ നടന്നു. ആ മാലാഖയ്ക്ക് കൂട്ട് വന്ന അല്‍സേഷ്യന്‍ ദൂരേക്ക് നോക്കി ഉറക്കെ കുരച്ചുകൊണ്ടിരുക്കുകയായിരുന്നു, അതിനെ ശകാരിക്കാന്‍ എന്നോണം, മാലാഖ വിളിച്ചു പറഞ്ഞു- "ടൈഗര്‍......!! ശ്ശ്ശ്ശ്...!!" അതേ നിമിഷം തന്നെയായിരുന്നു രാജേട്ടന്‍ എന്നോട് എന്ത് വേണമെന്നു ചോദിച്ചതും, അല്‍സേഷ്യനെ ശകാരിക്കുന്ന മാലാഖയെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഞാന്‍, ആ ചോദ്യത്തിനു ഓര്‍ക്കാതെ മറുപടി നല്‍കി "ടൈഗര്‍ !!". ഇത് കേട്ടതും, ആ വെളുത്ത മാലാഖ എന്നെ വളരെ രൂക്ഷമായി ഒന്ന് നോക്കി, പിന്നെ മുഖം തിരിച്ച് എന്നെ കാണിക്കാതെ ഒരു കള്ളച്ചിരിയും പൊട്ടിച്ചു. എന്നിലെ സാഹിത്യകാരന്‍ ഓട്ടം മതിയാക്കി തളര്‍ന്നിരുന്നത് പോലെ തോന്നി. സിഗരെറ്റ്‌ വാങ്ങുന്നതിനു പകരം ഒരു പാക്കെറ്റ് ടൈഗര്‍ ബിസ്ക്കറ്റ് വാങ്ങി ഞാനും, എന്‍റെ സുഹൃത്തും അന്ന് തടി തപ്പി എന്ന് പറഞ്ഞാല്‍ മതിയല്ലോ!!

IV

ആ വെളുത്ത മാലാഖയെ കാണാന്‍ വേണ്ടി മാത്രം പല ദിവസങ്ങളിലും രാജേട്ടന്‍റെ കട വരെ പോയി ടൈഗര്‍ ബിസ്ക്കറ്റ് വാങ്ങി വന്നു. 'മാലാഖയോട് എങ്ങനെയെങ്കിലും ഒന്ന് സംസാരിക്കണം, അതിന്‌, എന്താ ഒരു വഴി?' എന്ന് ചിന്തിച്ചു നടക്കുന്ന സമയത്താണ്, ദേവദൂതനെ പോലെ വന്ന്, അടൂരുക്കാരന്‍ സുഹൃത്ത്‌ എനിക്ക് ആ ബുദ്ധി ഉപദേശിച്ചു തന്നത്- ആ മാലാഖയുടെ ഒരു കിടിലന്‍ പോര്‍ട്രൈറ്റ്‌ വരച്ചു സമ്മാനിക്കുക, സംസാരിക്കാനുള്ള ലൈസെന്‍സ് എളുപ്പത്തില്‍ ഒപ്പിക്കാം. ഫൈന്‍ ആര്‍ട്ട്സില്‍ ഡിഗ്രിക്ക് പഠിക്കുന്ന എനിക്കാണോ പോര്‍ട്രൈറ്റ്‌ വരയ്ക്കാന്‍ പ്രയാസം! ദിവസവും ആറ്റു നോറ്റു കാത്തിരുന്നു കാണുന്ന മാലാഖയുടെ മുഖം എനിക്ക് വളരെ ഹൃദ്യസ്തമായിരുന്നു. ഞാന്‍ എന്‍റെ രാത്രികളെ പകലുകളാക്കി ആഞ്ഞങ്ങ് ഒരു വര വരച്ചു. ശരിയായില്ല!! ശരിയായില്ല എന്ന് മാത്രമല്ല, മാലാഖയ്ക്ക് കൂട്ട് വരുന്ന അല്‍സേഷ്യനെയാണോ ഉദ്ദേശിച്ചതെന്ന് സുഹൃത്തുക്കളുടെ വക പരിഹാസവും. തളര്‍ന്നില്ല വീണ്ടും വരച്ചു. തളരാതെ വീണ്ടും, വീണ്ടും. തളര്‍ന്നതിനു ശേഷവും ഒന്ന് രണ്ട് തവണ കൂടി ശ്രമിക്കുകയുണ്ടായി, നടന്നില്ല , തളര്‍ച്ച-മിച്ചം. ദേവധൂതനായിരുന്ന എന്‍റെ അടൂരുകാരന്‍ സുഹൃത്ത്‌, എന്‍റെ കണ്‍കണ്ട ദൈവമായത് അന്നാണ്- എനിക്ക് വേണ്ടി അവന്‍ വരച്ചു നല്‍കി, ആ മാലാഖയുടെ ചിരിക്കുന്ന സുന്ദര മുഖം. അവന്‍ വരച്ച ചിത്രത്തിന് താഴെ എന്‍റെ ഒപ്പിട്ട്, മാലാഖയ്ക്ക് സമ്മാനിക്കാനായി, അവള്‍ കടയില്‍ നിന്നും മടങ്ങി ചെല്ലുന്ന വഴിയില്‍ ഞാന്‍ കാത്തു നിന്നു.

V

ട്രെയിന്‍ കായംകുളം റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട് മുന്നോട്ടു കിതച്ച്, കിതച്ച് കുതിച്ചുകൊണ്ടേയിരിന്നു. ധൃതിയില്‍ ഉച്ചയൂണ് കഴിച്ചെന്നു വരുത്തി, ഞാന്‍ വീണ്ടും ആ പഴയ സുന്ദര സുരഭിലയോര്‍മ്മകളിലേക്ക് മടങ്ങിപ്പോയി. രാജേട്ടന്‍റെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്ന എന്‍റെ വെളുത്ത മാലാഖയെ ഞാന്‍ കാത്ത്കാത്ത് നിന്നു....

VI

എന്നേയും മാലാഖയെയും വട്ടം വയ്ക്കുന്ന, അല്‍സേഷ്യന്‍ ടൈഗര്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടി, അതിലെ സാധനങ്ങള്‍ പുറത്തു ചാടുമെന്ന നിലയിലുള്ള, ഒരു നേര്‍ത്ത പ്ലാസ്റ്റിക്‌ കവറുമായി എന്‍റെ കണ്ണുകളില്‍ നോക്കി നില്‍ക്കുന്ന മാലാഖ. ഞാന്‍ വരച്ചതല്ലെങ്കിലും, അങ്ങനെ സ്വയം അവകാശപെടുന്ന ചിത്രം കയ്യില്‍ കരുതി, ഈ ഞാനും. ചിത്രം മാലാഖയ്ക്ക് നല്‍കി, ചിത്രം വാങ്ങിക്കാന്‍ നീരസമൊന്നും കാണിച്ചില്ല. പക്ഷെ, മാലാഖയുടെ മുഖത്തെ അന്നത്തെ ഭാവം എന്തായിരുന്നെന്ന്, എനിക്ക് യാതൊരു പിടിയും കിട്ടിയില്ല. ഇന്നുവരെയും അതെന്തെന്നു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല, എന്നുള്ളതാണ് സത്യം. ചിത്രം നന്നായിട്ടുണ്ടെന്ന് ഒരു ഭംഗി വാക്ക് പോലും പറഞ്ഞില്ല, എങ്കിലും, ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ വാക്കില്‍ മറുപടി നല്‍കിക്കൊണ്ടേയിരുന്നു. ഞാന്‍ മാലാഖയ്ക്കൊപ്പം കുറച്ചു ദൂരം നടന്നു. ഒരു കുളത്തിന്‍റെ കരയിലെത്തിയപ്പോള്‍, ഞാന്‍ ഒപ്പം നടക്കുന്നതിനെ അവള്‍ വിലക്കി. വീട് അടുത്താണെന്നും, അവളുടെയൊപ്പം എന്നെ കണ്ടാല്‍ വീട്ടുകാര്‍ തെറ്റ് ധരിക്കുമെന്ന് പറഞ്ഞ്, എന്നോട് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു, ഞാന്‍ അക്ഷരം പ്രതിയതങ്ങ് അനുസരിച്ചു. അന്ന് മുതല്‍, ആ നടത്തം ഞാന്‍ പതിവാക്കി. കട മുതല്‍ അവളുടെ വീട്ടിന്‍റെ അടുത്തുള്ള കുളം വരെ, എന്നും ഞാന്‍ എന്‍റെ മാലാഖയെ അനുഗമിച്ചു. ദിവസവും തമ്മില്‍ കാണുമ്പോള്‍ സംസാരിക്കാനുള്ള വിഷയങ്ങള്‍ കണ്ടെത്താന്‍ പെടാപ്പാട്പ്പെടേണ്ടിവന്നു. ഇറാക്കില്‍ അമേരിക്ക അക്കാലത്ത് നടത്തിയ അതിനിവേശത്തെ പറ്റിയും, ഏഷ്യന്‍ വന്‍കരയെ മുഴുവന്‍ തീരാ കണ്ണീരില്‍ ആഴ്ത്തിയ സുനാമി തിരകളെ പറ്റിയും, എന്തിനേറെ പറയുന്നു, പശുക്കളിലെ കുളമ്പ് രോഗത്തെ പറ്റി വരെ ഞങ്ങള്‍ സംസാരിച്ചു. കാലം അങ്ങനെയങ്ങനെയങ്ങു മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു...
VII

കോളേജിലെ എന്‍റെ അവസാന വര്‍ഷവും വന്നെത്തി. എന്‍റെ മനസിലിരുപ്പ്, മനസ്സില്‍ തന്നെ വച്ചാല്‍ പോരെന്നു എനിക്ക് തോന്നിത്തുടങ്ങി. ആ തോന്നലിന് വ്യാപ്തികൂട്ടുന്നാതായിരുന്നു, അടൂരുകാരന്‍ സുഹൃത്തിന്‍റെ ഈ വിഷയത്തില്ലുള്ള ഓര്‍മ്മപ്പെടുത്തലുകളും, ഉപദേശങ്ങളും. ഒടുവില്‍ എങ്ങനെയൊക്കയോ ധൈര്യം സംഭരിച്ച്, ഉള്ളിലെ പ്രണയം മാലാഖയോട് വെളിപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. പതിവുപോലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വരുന്ന മാലാഖയെ കാത്ത് ഞാന്‍ നിന്നു..!! പക്ഷെ പതിവിനു വിപരീതമായി അവിടെ ഒന്നന്ന് നടന്നു, മാലാഖയ്ക്ക് കൂട്ട് ടൈഗര്‍ മാത്രമായിരുന്നില്ല, അവളുടെ അനിയനായ ഒരു പീക്കിരി പയ്യന്‍ കൂടെയുണ്ടായിരുന്നു. കുളക്കര വരെ എനിക്ക് അവനോടു തന്നെ സംസാരിക്കേണ്ടി വന്നു. മാലാഖ ഒരു വാക്ക് പോലും പറയാന്‍ കൂട്ടാക്കിയില്ല. അനിയന്‍ വഴി, വീട്ടുകാര്‍ എന്നെ പറ്റി അറിയുമൊ എന്ന ഭയം കൊണ്ടാകാം, ഞാന്‍ കരുതി. അത് തന്നെ പിന്നീടുള്ള ദിവസങ്ങളില്ലും ആവര്‍ത്തിച്ചു. ഓരോ ദിവസം ച്ചെല്ലുന്തോറും ഞാന്‍ സംഭരിച്ചു വച്ച ധൈര്യം, പതിയെ ചോര്‍ന്നു പോയിക്കൊണ്ടേയിരുന്നു. ഉള്ളിലൊള്ളിപ്പിച്ച പ്രണയം തുറന്ന് പറഞ്ഞാല്‍ മാലാഖ എന്നോട് പരിഭവപ്പെടുമൊ? പിന്നീട് എന്നോട് സംസാരിക്കാതിരിക്കുമൊ? എന്നീ ഭയങ്ങള്‍ കലശലായി. എന്‍റെ ഉള്ളിലെ മോഹങ്ങള്‍, എന്‍റെ ഉള്ളില്‍ തന്നെ മൂടി വയ്ക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. പിന്നീടുള്ള ദിവസങ്ങളില്‍ മാലാഖയോടൊപ്പം അനിയന്‍ കൂട്ടുവന്നില്ല, അപ്പോഴും എന്‍റെ മനസ്സിനകത്തെ പ്രണയം അവളെ അറിയിക്കാതെ അവിടെ തന്നെ ഒളിപ്പിച്ചു വച്ചു. 'ബ്രോക്ക് ബാക്ക് മൗണ്ടെന്‍' എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച ആങ്ങ് ലീ-യെ ക്കുറിച്ചും, ആയിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ കുറിച്ചും, മുല്യ വര്‍ദ്ധിത നികുതിയെ പറ്റിയും, മറ്റും ഞങ്ങള്‍ സംസാരിച്ചുപ്പോന്നു.

VIII

ഒടുവില്‍ ആ ദിവസം വന്നെത്തി. കലാലയ ജീവിതം അവസാനിച്ചു. പരീക്ഷകള്‍ കഴിഞ്ഞു. അടുത്ത ദിവസം ഹോസ്റ്റലിലെ മുറിയൊഴിയണം. ഒരു പക്ഷെ മാലാഖയെ കാണാന്‍ കഴിയുന്ന അവസാന ദിവസമാകാം അത്. അടുത്ത ദിവസം വീട്ടിലേക്കു മടങ്ങേണ്ടതുണ്ട്. ഇനിയൊരു മടങ്ങി വരവ് എപ്പോഴാണെന്ന് അറിയുകയുമില്ല. ഇല്ലാത്ത ധൈര്യം മുഴുവന്‍ ഉണ്ടാക്കി ഞാന്‍ മാലാഖയെ കാത്ത് നിന്നു. "ഇന്ന് തന്നെ, എന്‍റെ പ്രണയം തുറന്ന് പറയണം, അതിന്‌ ഇനിയൊരു സന്ദര്‍ഭം കിട്ടിയെന്ന് വരില്ല"- ഞാന്‍ മനസ്സിനകത്ത് നൂറാവര്‍ത്തി പറഞ്ഞക്കൊണ്ടിരുന്നു . ചിലപ്പോള്‍ മാലാഖയ്ക്കൊപ്പം അനിയന്‍ കൂട്ടിനുണ്ടാകാം, ആ പീകിരി പയ്യനെ മാറ്റി നിര്‍ത്തണം. എന്നിട്ട് മാലാഖയെ ഒറ്റയ്ക്ക് വിളിച്ച്, എന്നോടുള്ള പ്രണയം ഒളിപ്പിച്ച് വച്ചിരിക്കുന്ന അവളുടെ നീല കണ്ണുകളില്‍ നോക്കി പറയണം - അയ്യോ എന്ത് പറയും!! ഞാന്‍ എന്ത് പറയണം എന്നതിനെ പറ്റി ഇതുവരെയും ചിന്തിച്ചില്ലല്ലോ! "ഞാന്‍ നിന്നെ വളെരെയധികം സ്നേഹിക്കുന്നു, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. എന്താണ് തന്‍റെ അഭിപ്രായം?", ശ്ശെ ..! ഇത് പറഞ്ഞാല്‍ പോര സാഹിത്യം തീരെ ഇല്ല. എന്നാല്‍ ഇങ്ങനെ ആയാലൊ "ആദമും ഹവയും ബാക്കിവച്ച വിലക്കപെട്ട കനി, ഭൂമിയില്‍ ഇപ്പോഴും ബാക്കിയുണ്ട്, ആ കനി നുകരാന്‍ എന്നോടൊപ്പം പോരുന്നോ?", ഇത് തരക്കേടില്ല പക്ഷെ, സാഹിത്യം വല്ലാതെയങ്ങ് കൂടിപ്പോയൊ......? - അങ്ങനെ ഞാന്‍ മനസ്സിനകത്ത് നൂറായിരം കാര്യങ്ങള്‍ ചിന്തിച്ച്ക്കൊണ്ട്, എന്‍റെ മാലാഖയുടെ വരവും കാത്ത് നിന്നു ...
IX

പ്രതീക്ഷിച്ചതല്ല ആ സമയം നടന്നത്; മാലാഖയ്ക്ക് അന്ന് കൂട്ട് വന്നവര്‍ മൂന്നുപേരായുരുന്നു, ഒന്ന് അല്‍സേഷ്യന്‍ ടൈഗര്‍, രണ്ടാമതായി ചോട്ടാ പീക്കിരി അനിയന്‍, പിന്നെ എന്‍റെ മാലാഖയുടെ അത്ര മാത്രം പ്രായം തോന്നിക്കുന്ന എന്നാല്‍ കാണാന്‍ ഒട്ടും ചന്തമില്ലാത്ത ഒരു ദുഷ്ടയും. എന്‍റെ ഹൃദയം ഉള്ളിലിരുന്ന് പെരുമ്പറക്കൊട്ടുന്നത് പോലെ തോന്നിയെങ്കിലും, ഭയം പുറത്ത് കാണിക്കാതെ, എന്‍റെ മാലാഖയുടെ അടുത്ത് ചെന്ന് പറഞ്ഞു -"എനിക്ക് തന്നോട് മാത്രമായി ഒരു കാര്യം പറയാനുണ്ട്!", പീക്കിരിയായ അവളുടെ അനിയനെ നോക്കി സ്വല്‍പ്പം ഗൌരവം നടിച്ച് പറഞ്ഞു -"നിങ്ങള്‍ മുന്‍പില്‍ നടന്നോളു, ചേച്ചി പിറകെ വരും, മ്മ് ... നടന്നോളു!!". ടൈഗര്‍ രണ്ടു തവണ എങ്ങോട്ടോ നോക്കി കുരച്ചു, പിന്നീട് എന്നെ തന്നെ നോക്കി, അവിടെയങ്ങ് നിന്നു. അതുപോലെ തന്നെ എന്‍റെ മാലാഖയുടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരും എന്നെ തന്നെ നോക്കി ഒറ്റ നില്‍പ്പ്. പുതുതായി വന്ന ദുഷ്ടയുടെയും പീക്കിരി പയ്യന്റെയും മുഖത്ത് എന്നോടുള്ള അടങ്ങാത്ത ദേഷ്യം സ്പഷ്ട്ടമായിരുന്നു. ഇല്ലാത്ത ഗൌരവം നടിച്ച് സ്വരം ഉയര്‍ത്തി ഞാന്‍ ആക്രോശിച്ചു, "നിങ്ങളോട് അല്ലെ ഞാന്‍ നടക്കാന്‍ പറഞ്ഞത്, പോകാന്‍...!!", ആ പിശാച്ചുക്കള്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു-"പറ്റില്ല.....!!!!!! "ഞാന്‍ എന്‍റെ മാലാഖയുടെ മുഖത്തേക്ക് നോക്കി, വീണ്ടും എനിക്കും മനസ്സിലാക്കാന്‍ കഴിയാത്ത അതേ നിഗുഡ ഭാവം.

X

അവള്‍, തിരിച്ച് എന്നെയും പ്രണയിച്ചിരുന്നോ? ശരിക്കും പ്രണയിച്ചിരുന്നെങ്കില്‍, അന്നത്തെ ആ ദിവസം ഞാന്‍ ഒന്നും പറയാതെ തിരിച്ച് നടന്നപ്പോള്‍ എന്നെ പിറകില്‍ നിന്നും വിളിക്കേണ്ടതായിരുന്നില്ലേ? ഒരുപക്ഷെ അനിയന്‍റെയും ആ ദുഷ്ടയുടേയും സാന്നിധ്യം ഉള്ളത് കൊണ്ടാവാം, എന്നെ വിളിക്കാതിരുന്നത്! എന്തൊ? എനിക്കൊന്നും അറിയില്ല...!! ഈ ഭൂമിയില്‍ വിലക്കപ്പെട്ട കനികള്‍ ഇനിയും ഏറെ ബാക്കിയുണ്ട്, തീര്‍ച്ച.

XI

ഞാന്‍ കണ്ണുകള്‍ പതുക്കെ തുറന്നു, ട്രെയിന്‍ തൃശ്ശൂര്‍ എത്താറായിരുക്കുന്നു. ബാലകൃഷ്ണനോടും ഭാര്യയോടും യാത്ര ചോദിച്ചു. അപ്പോഴേക്കും അവരുടെ വികൃതി പയ്യന്‍ ഉണര്‍ന്നിരുന്നു, ബാലകൃഷ്ണന്‍ പറഞ്ഞ പേര് ഞാന്‍ മറന്നിട്ടില്ല, ഋഷികേശ്. ട്രെയിന്‍ തൃശ്ശൂര്‍ സ്റ്റേഷനില്‍ വന്നു നിന്നു.പെട്ടിയെടുത്ത്‌ ഞാന്‍ പതുക്കെ പുറത്തിറങ്ങി. എന്തുക്കൊണ്ടോ കുറച്ചു നേരം സ്റ്റേഷനില്‍ തന്നെ ഇരിക്കണം എന്ന് തോന്നി. ട്രെയിന്‍ ഇറങ്ങിയുടന്‍ കണ്ട ഇരിപ്പിടത്തില്‍ തന്നെ ഇരുന്നു. ഞാന്‍ വന്ന ട്രെയിന്‍ പോയിട്ടില്ല, എന്‍റെ സീറ്റിനടുത്തിരുന്ന കോളേജ് പയ്യന്മാര്‍ ഇപ്പോഴും തമാശകള്‍ പറഞ്ഞു പൊട്ടിചിരിക്കുന്നുണ്ടായിരുന്നു. ബാലകൃഷ്ണനും ഭാര്യയും മകനെ കളിപ്പിച്ചുകൊണ്ട് ഇരിക്കുന്നു. അടൂരുകാരനായ എന്‍റെ സുഹൃത്ത് ബാലകൃഷ്ണന്‍ ഒരു തന്ത്രശാലിയാണ്, ആ കഴിവ് മുഴുവന്‍ കൊച്ചു ഋഷികേശിനും കിട്ടികാണുമെന്ന് ഞാന്‍ വെറുതെയോര്‍ത്തു. ഞാന്‍ കുറേ സമയം സ്റ്റേഷനില്‍ ചിലവാക്കി, ട്രെയിന്‍ പോയി കഴിഞ്ഞിരുന്നു. പെട്ടി കയ്യിലെടുത്ത് ഞാന്‍ പുറത്തേക്ക് നടന്നു. മുന്നോട്ടു നടക്കുന്നതിനിടയില്‍, ഇടയ്ക്ക് എവിടെയോ വച്ച്, എന്‍റെ മനസ്സ് വീണ്ടും പിറക്കോട്ടു നടക്കാന്‍ ആരംഭിച്ചിരുന്നു.

XII

എന്‍റെ മാലാഖയുടെ മുഖം, ഏതു ഭാവമാണെന്ന് ഊഹിക്കാന്‍ പോലും കഴിയാത്ത ആ മുഖം. ഞാന്‍ നല്‍കിയ പോര്‍ട്രൈറ്റ്‌ നോക്കി നില്‍ക്കുകയാണവള്‍. അന്ന് അവിടെ വച്ചാണ് എന്‍റെ മാലാഖയുടെ പേര് ആദ്യമായി ഞാന്‍ ചോദിക്കുന്നത്. വളരെ പതുക്കെ കണ്ണുകളുയര്‍ത്തി എന്‍റെ കണ്ണുകളില്‍ നോക്കി മൃദുലമായ ശബ്ദത്തില്‍ അവള്‍ മറുപടിയേകി, "കാര്‍ത്തിക"!!

Subscribe Tharjani |