തര്‍ജ്ജനി

ശ്രീല വി.വി.

ഇ മെയിൽ: sreelavv@gmail.com

Visit Home Page ...

കവിത

ഗുരുദക്ഷിണ

കാലൊടിഞ്ഞു പോയ
ഒരു പന്തയക്കുതിരയെ പോലെ
ഉത്സാഹം മന്ദിച്ച്
അവനൊരു തോറ്റ ജനതയായ് നിന്നു

ചുറ്റിലുമുള്ള ആരവങ്ങളില്‍
നിന്നും വാക്കുകളൂര്‍ന്നു പോയ്
ക്രൂരമായ സംതൃപ്തിയുടെ
താടിയുഴിഞ്ഞ്
വേരറ്റ യോദ്ധാവിന്റെ തലയില്‍ കൈകള്‍
പരത്തി ഗുരുഅനുഗ്രഹിച്ചു
" മംഗളം ഭവതു."

കണ്‍കോണില്‍ നിന്നുമുതിര്‍ന്ന
നോട്ടങ്ങളുടെ ശരമേറ്റ്
അരുമശിഷ്യന്‍ ലജ്ജിതനായി
വെട്ടിമാറ്റിയ അനേകം കൈകള്‍
ചരിത്രത്തിലൂടെ
അരൂപികളായ് ഒഴുകി
നടക്കുന്നത് കണ്ട്ഞെട്ടി
പക്ഷപാതപരമായ ഗുരു
സ്നേഹത്തില്‍ പൊള്ളവേ കേട്ടു
നിനക്ക് അജയ്യനാവാന്‍
എന്റെ സ്നേഹസമ്മാനമീ
ഗുരുദക്ഷിണയാം പെരുവിരല്‍

ആവനാഴിയിലേക്ക് മടങ്ങുന്ന
ശര കൂsങ്ങള്‍ പോല്‍
ആളുകളൊഴിഞ്ഞപ്പോള്‍
വിരല്‍ നഷ്ടപ്പെട്ട ശിഷ്യന്‍
കാട്ടിലേകനായി,
മുറിവുണങ്ങാത്ത കൈകളാല്‍
പ്രതിമയുടച്ച്
കാടിനെ സാക്ഷി നിര്‍ത്തി
പെരുവിരലില്ലാതെയും
അമ്പെയ്ത് പരിശീലിച്ചു

Subscribe Tharjani |