തര്‍ജ്ജനി

നാസർ പാലക്കാട്

Visit Home Page ...

കഥ

പിൻബലം

പലപ്പോഴും കരുതും ഒന്ന് എഴുതി നോക്കിയാലോ എന്ന്. പലപ്പോഴും അത് നടക്കാറില്ല. വിശേഷിച്ച്കാരണമൊന്നും ഇല്ല. ഞാന്‍ എഴുതിയിട്ട് എന്താവാനാ എന്നുള്ള ഒരു ചിന്ത. വായിക്കുന്നവരുടെ താല്പര്യം ഇല്ലാതാക്കാനോ ? പിന്നെ ചിലരുണ്ട് വായിക്കാനൊന്നും നില്ക്കില്ല. എന്നാലും മറ്റുള്ളവരോട് പറയും, നോക്ക്, ഇവനൊക്കെ എഴുതാന്‍ തുടങ്ങിയിരിക്കുന്നു വെറുതെ ജാഡ കാണിക്കാന്‍ - അങ്ങിനെ പലതരം അഭിപ്രായങ്ങള്‍ കേള്‍ക്കണം.

എന്തായാലും ഇപ്രാവശ്യം എഴുതാന്‍തന്നെ തീരുമാനിച്ചു. ജോലി കഴിഞ്ഞുവരുമ്പോള്‍ ഒരു റൈറ്റിംഗ് പാഡ് (വരയിട്ടത്) വാങ്ങിച്ചു. വീട്ടിലെത്തിയപ്പോള്‍ സമയം ഏഴ് കഴിഞ്ഞുകാണും. കുട്ടികള്‍ പഠിത്തത്തിലും ഭാര്യ പാവം അടുക്കളയിലും. അമ്മൂമ്മ (കുറച്ചു ദിവസം വീട്ടില്‍ നിര്‍ത്താന്‍ വിളിച്ചു കൊണ്ടുവന്നതാ) ടിവിയില്‍ എന്തോ സീരിയല്‍ കണ്ടുകൊണ്ടിരിക്കുന്നു.

മേലുകഴുകി റൈറ്റിംഗ് പാഡ് എടുത്ത് മേശപ്പുറത്ത് വെച്ചു. ഭാര്യയുടെ വിളിയെത്തി, "ചേട്ടാ ചായ ചൂടാറും ട്ടോ". ജോലി കഴിഞ്ഞുവന്നാല്‍ കടുപ്പത്തില്‍ ഒരു ചായ നിര്‍ബ്ബന്ധമാണ്. ചായ കുടിക്കുന്നതിനിടയില്‍ ചെറിയ മോള്‍ പറയുന്നത് കേട്ടു നാളെ സ്കൂളിലേക്ക് പത്ത് രൂപ കൊണ്ടുചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.

എഴുതാനായി കസേരയിലേക്കിരുന്നു. അതാ ഭാര്യയുടെ വിളി വരുന്നു. "ചേട്ടാ…ചേട്ടാ.." പേന മേശയില്‍ വെച്ച് ഓടിച്ചെന്നു… അമ്മൂമ്മക്ക്‌ എന്തോ ... തലകറങ്ങിയിട്ടാണ് എന്ന് തോന്നുന്നു.... സോഫയില്‍ കുഴഞ്ഞ് ഇരിക്കുന്നു.

ഉടനെ അടുത്തുള്ള ഒരു ഡോക്ടറെ ഫോണില്‍ വിളിച്ചു. വീട്ടില്‍ പരിശോധനയുണ്ട്. പക്ഷെ എട്ട് മണിവരെയേ നോക്കുള്ളു. എന്നാലും എന്തോ ഭാഗ്യം കൊണ്ട് വരാന്‍ പറഞ്ഞു.

ഡോക്ടറുടെ അടുത്തുപോയി. ഡോക്ടര്‍ പറഞ്ഞു, "ഇത് കുഴപ്പം ഒന്നുമില്ല. പെട്ടെന്ന് പ്രഷര്‍ ഒന്ന് താഴ്ന്നതാ...." മരുന്ന് എഴുതിത്തന്നു. വീട്ടില്‍ എത്തിയപ്പോള്‍ സമയം ഒമ്പതര മണി. അങ്ങിനെ അന്ന് ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. അങ്ങിനെ ദിവസങ്ങള്‍ കടന്നുപോയി. ഓരോരോ കാരണങ്ങള്‍ കൊണ്ട് എഴുത്ത് നടക്കുന്നില്ല.

ഒരു ദിവസം, ഞായറാഴ്ച. ഭാര്യ ചോദിച്ചു "എന്തേ എഴുതാത്തെ? എഴുതിക്കൂടെ !!"

അങ്ങിനെ ഒരു സപ്പോര്‍ട്ട് (പിന്‍ബലം) കിട്ടിയപ്പോഴാണ് ഒരു ഉന്മേഷം വന്നതും, വീണ്ടും ഇന്ന് എഴുതാന്‍ തുടങ്ങിയതും.

Subscribe Tharjani |