തര്‍ജ്ജനി

ഗിരീഷ് ലാൽ

Visit Home Page ...

കഥ

തീര്‍ത്ഥയാത്ര

പൂഴിത്തല പ്രദേശത്ത് തുടങ്ങി മാഹിപ്പാലംവരെ, രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന മദ്യവീഥിയുടെ ഒരറ്റത്ത്, മാഹി കോളേജില്‍ ഇപ്പോഴും ജോലിയുള്ള ഫിസിക്സ് ലെക്ചറര്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ ഒരു യുദ്ധാവേശത്തോടെ നിന്നു. അകലെ കടലിന്റെ നേര്‍ത്ത ഇരമ്പം സെബാസ്റ്റ്യന് കേള്‍ക്കാം.

“ഇന്ന് ഞാന്‍ കുടി നിര്‍ത്തൂം”. വീട്ടില്‍നിന്നും മദംകയറുന്ന കോപവുമായി ഇന്നിറങ്ങിയപ്പോള്‍ മുതല്‍ അയാള്‍ അത് മന്ത്രിക്കുന്നുണ്ട്. “ഇന്ന് ഞാന്‍ കുടി നിര്‍ത്തും". അവസാനമായി ഈ മദ്യവീഥിയിലൂടെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താന്‍ നടത്തിയ തീര്‍ത്ഥയാത്ര ഒന്നു കൂടി നടത്തണമെനിക്ക്. ഒരു തുള്ളി കുടിക്കില്ല ഇന്ന്. താന്‍ ഇനി ഒരിയ്ക്കലും സന്ദര്‍ശിക്കാന്‍ ഇടയില്ലാത്ത ഈ ബാറുകള്‍ ഒന്നുകൂടി കാണണം, ഒന്ന് അവസാനമായി കണ്ട് യാത്രാമൊഴി ചൊല്ലണം. മുന്നില്‍ മദ്യക്കടല്‍ വന്നാലും, ഒരു തുള്ളി കുടിക്കില്ല എന്ന മനോധൈര്യം എനിക്ക് ഉണ്ടെന്ന് കാട്ടണം എല്ലാവര്‍ക്കും, സ്റ്റെല്ലയ്ക്ക് ഉള്‍പ്പെടെ”.

ഇന്നലെ രാത്രി താന്‍ സ്റ്റെല്ലയോടു ചെയ്തതൊന്നും അത്ര ശരിയായില്ല. എത്രയായാലും അവള്‍ തന്റെ ഭാര്യയല്ലേ. എന്തു ചെയ്യാം, കൈവച്ചുപോയി. ഇന്നലെ കുറച്ചു കൂടുതലായിരുന്നു കുടി. പക്ഷേ അവള്‍ പറയുന്നതു കേട്ടാല്‍ തോന്നും, ഈ ലോകത്താരും കുടിക്കുന്നില്ല എന്ന്. ടിയ മോളുടെ പെയിന്റിങ് വിറ്റുകിട്ടിയ പണം, സ്റ്റെല്ലയ്ക്കു തന്നെ കൊണ്ടുകൊടുക്കാന്‍ വിചാരിച്ചതാണ്. പക്ഷേ സന്തോഷും കൂട്ടരും തന്റെ മകളുടെ പെയിന്റിങ് വിറ്റത് ഒന്നാഘോഷിക്കണം എന്നു പറഞ്ഞപ്പോള്‍, ശരിയല്ലേ എന്നു തോന്നിപ്പോയി. എല്ലാവരും കൂടി കുടിച്ചപ്പോള്‍ കുറച്ചധികം കാശായി. അപ്പോള്‍ ടിയായുടെ പെയിന്റിങ് വിറ്റ ആ പണവുംകൂടി കൊടുക്കേണ്ടിവന്നു, ബാറില്‍. എന്തു ചെയ്യാം, കൂട്ടുകാരോടുകൂടി കുടിക്കുമ്പോള്‍ ഞാനും കൊടുക്കണ്ടേ, പണം? എത്ര പ്രാവശ്യം അവരുടെ കൈയ്യില്‍നിന്ന് ഞാന്‍ ഫ്രീ ആയി കുടിച്ചിട്ടുണ്ട്. ഒരു മര്യാദ ഞാനും കാണിക്കണ്ടെ? അതിനാണ് അവള്‍ ഇത്രയും വലിയ ബഹളം വീട്ടില്‍ ഉണ്ടാക്കിയത്. വീട്ടിലെങ്കിലും സമാധാനം വേണ്ടേ, മനുഷ്യന്?

പക്ഷേ ഇന്ന് കുടി നിര്‍ത്തണം. അവസാനമായി ഈ മദ്യവീഥിയില്‍ ഒന്നു കയറി ഇറങ്ങണം. ഒരു തുള്ളി പോലും ഞാന്‍ കുടിക്കില്ല, ഇന്ന്. വെറുതെ ഈ ബാറുകളില്‍ കയറും, ഒരു സോഡ കുടിക്കണം ഓരോന്നില്‍നിന്നും. എന്നിട്ട് വീട്ടില്‍ പോകണം. നാളെ കോളേജില്‍ വീണ്ടും പഠിപ്പിക്കാന്‍ ചേരണം. ടിയ മോളെ നല്ലവണ്ണം നോക്കണം, വലിയ ആളാക്കണം.

ഇടപ്പള്ളി – പനവേല്‍ ഹൈവേ എന്നു പറയുന്ന NH17ന്റെ പൂഴിത്തല മുതല്‍ മാഹി ബ്രിഡ്ജ് വരെയുള്ള ഒരൊറ്റ വരി റോഡാണ് മാഹിയുടെ മദ്യവീഥി. പൂഴിത്തലയില്‍ മാഹി ബ്രിവറെജു കോര്‍പ്പൊറേഷന്റെ ഷാപ്പിലാണ് സെബാസ്റ്റ്യന്‍ തന്റെ തീര്‍ത്ഥയാത്ര തുടങ്ങുക. എന്നിട്ട് അടുത്തുള്ള തിരുവോണം ബാറില്‍ ഒരു ദര്‍ശനം നടത്തും. അത് കഴിഞ്ഞ് പൂഴിത്തല പള്ളിയും കുറുംബ ക്ഷേത്രവും താണ്ടി, പുതിയപള്ളിക്കപ്പുറത്തുള്ള ആസാദ് ബാറില്‍ കയറണം. അവിടുന്നു ഇറങ്ങി പിന്നെ മാവേലി ബാറില്‍ കയറി, പുഷോത്തമനെ കണ്ടു യാത്ര പറയണം (എത്രയെത്ര പെഗ്ഗുകള്‍ അയാള്‍ തനിക്ക് ഒഴിച്ച് തന്നിരിക്കുന്നു!). അവിടം കഴിഞ്ഞാല്‍ ‌സിസി ബാറില്‍ കയറി, അവിടത്തെ ആ എ.സി റൂമില്‍ ഒന്നിരുന്ന് ഓര്‍മ്മകള്‍ അയവിക്കണം. സി‌.സി ബാര്‍ കഴിഞ്ഞാല്‍ പിന്നെ റെയില്‍വേ സ്റ്റേഷന്‍ റോഡാണ്. റയില്‍വേ സ്റ്റേഷന്‍ റോഡിനും സെമിത്തേരി റോഡിനും ഇടയിലാണ്, കോഴിക്കോട് രൂപതയുടെ കീഴിലുള്ള ആവിലായിലെ വിശുദ്ധ തെരേസ്സയുടെ പള്ളി. മൂന്നൂറു കൊല്ലം മുമ്പ്, കടത്തനാട് വാഴുന്നോര്‍ നല്കിയ ഈ ഇത്തിരി ഭൂമിയില്‍ ഏതോ ഒരു ഇറ്റാലിയന്‍ പാതിരി ഉണ്ടാക്കിയ പള്ളി. കാറ്റും കോളും കിടപിടിച്ചാടിത്തിമര്‍ക്കുന്ന അറബിക്കടലില്‍ ഒരുനാള്‍, കിഴക്കന്‍ തീരത്തേക്ക് പാഞ്ഞുപോകുന്ന സാര്ത്ഥവാഹകസംഘത്തിന്റെ ഒരു പായക്കപ്പല്‍, മാഹിയിലെ ഇരുണ്ട പാറയിടുക്കുകളില്‍ ബന്ധിക്കപ്പെട്ടുവത്രെ. വിശുദ്ധ ത്രേസ്യക്ക് മാഹിയിലാണ് ജീവിക്കേണ്ടത് എന്ന ഉള്‍വിളി ഉണ്ടായ കപ്പിത്താന്‍ മാഹിയില്‍ ഇറങ്ങി സ്ഥാപിച്ചതാണ് ഈ പള്ളിയിലെ ദിവ്യപ്രതിമ. പ്രതിമ സ്ഥാപിച്ചതും, കരിമ്പാറക്കൂട്ടങ്ങള്‍ കപ്പലിനെ മോചിപ്പിച്ചു യാത്രയാക്കിയത്രേ. ബെര്‍ണിനിയുടെ രൂപശില്പം പ്രൌഢയാക്കിയ ആവിലായിലെ വിശുദ്ധ, തന്റെ ആത്മാവ് ക്രിസ്തുവില്‍ ലയിപ്പിച്ചപ്പോള്‍, അല്‍ബയിലെ ടോര്‍മെസ് നദിക്കരയിലെ മരിച്ചുണങ്ങിയ മരങ്ങള്‍ പുതുജീവന്‍കൊണ്ട്, തളിര്‍ത്ത് പുഷ്പാലങ്കൃതമായത്രേ. എന്തായാലും പള്ളി ഉള്ളതിനാല്‍ ഇവിടം മുതല്‍ പള്ളി കഴിയും വരെ പിന്നെ ബാറൊന്നും ഇല്ല. പള്ളി കഴിഞ്ഞു, സെമിത്തേരി റോഡിന്റെ തുടക്കത്തില്‍, മദ്യവീഥി രണ്ടായി പിളരും. ഇടത്തുഭാഗത്തെ വീഥിയില്‍ പോയാല്‍ പിന്നെ അവിടെ സുഖമായി കുടിക്കാന്‍ പറ്റിയ ബാറൊന്നും അധികം ഇല്ല. സ്കൂളും സിവില്‍ സ്റ്റേഷനും പിന്നെ പോലീസ് സ്റ്റേഷനും ആണവിടെ. ഇപ്പുറത്ത്, പക്ഷേ, സെമിത്തേരി റോഡിനടുത്ത് എത്തിയാല്‍ പിന്നെ ന്യൂ ജോളി വൈന്‍സ് ഉണ്ട്. അവിടെ കയറിയാല്‍ പിന്നെ സൌത്ത് ഇന്ത്യന്‍ ലിക്കര്‍ ബാറില്‍ കയറാതെ പോകാന്‍ വയ്യ. അതും കഴിഞ്ഞു ഹരീശ്വരന്‍ ടെമ്പിള്‍ റോഡിന്റെ അരികിലുള്ള ഫ്രഞ്ച് ഓപ്പണ്‍ ബാറില്‍ കയറി “ഹലോ” പറയണം. പിന്നെ കോണര്‍ വൈന്‍സില്‍ കയറിയാല്‍ പാലത്തിനിപ്പുറത്തുള്ള പ്രധാന ബാറെല്ലാം കഴിഞ്ഞു. അതോടെ ഈ യാത്രയും കഴിയും. പിന്നെ വീട്ടില്‍ പോയി എല്ലാത്തിനും മാപ്പിരന്ന് സ്റ്റെല്ലയെ സമാധാനിപ്പിക്കണം. എന്നിട്ട് ടിയയെ സെയിന്റ് ജോസെഫ് സ്കൂളിലേക്ക് വീണ്ടും കൊണ്ടുപോകണം.

വേനലിലിന്റെ കൊടുംതാപത്തില്‍ മാഹി റോഡ് കനത്തു തപിക്കവേ, അറബിക്കടലിന്റെ കടല്‍ച്ചൊരുക്കുള്ള കാറ്റിന്റെ എരിപൊരിയില്‍ നിന്ന് രക്ഷനേടാനായി, സെബാസ്റ്റ്യന്‍ ബ്രിവറെജു കോര്‍പ്പൊറേഷന്റെ ബാറിലേക്ക് വേഗം കയറി.

“എന്താ മാഷെ, ഒരു രണ്ടു കണ്ണുതുറപ്പന്‍ ഏടുക്കട്ടെ” എന്നാണ് “ സുഖമാണോ മാഷെ”, “എന്തിര് വിശേഷം, മാഷെ” എന്നൊക്കെ ചോദിക്കുന്നതിന് എത്രയോ മുമ്പ്, ബാര്‍മാന്‍ മനോഹരന്‍ ചോദിച്ചത്. “വേണ്ട, ഒരു സോഡ മാത്രം മതി”, സെബാസ്റ്റ്യന്‍ ധൈര്യത്തോടെ പറഞ്ഞു. “സോഡയോ? മാഷോ!" എന്നു ചോദിച്ചത് രണ്ടെണ്ണം കുടിച്ച് മൂന്നാമത്തേത് വീശുന്ന മഹേന്ദ്രനാണ്. “മാഷെ, ഈ ചൂടത്ത് ഒരു ബീയര്‍ എങ്കിലും കുടിക്കൂ, ഇവിടെ സ്റ്റെല്ല അര്‍റ്റോയിസ് ഉണ്ട് കേട്ടോ”, എന്നു മഹേന്ദ്രന്‍ പറഞ്ഞപ്പോളാണ് സെബാസ്റ്റ്യന്‍ ഒന്ന് അമര്‍ത്തി ചിന്തിച്ചത്. “ഓ, എന്നാല്‍ ഒരു സ്റ്റെല്ല ആവാം”, കൈയിലെ മുന്നൂറുറുപ്പിക മേശയില്‍ വച്ച്, ഒരു നിശ്വാസത്തോടെ സെബാസ്റ്റ്യന്‍ പറഞ്ഞു.

സ്റ്റെല്ല അര്‍റ്റോയിസ്. കൊച്ചി യൂണിവേര്‍സിറ്റിയില്‍, ആല്‍ബെര്‍ട് ഐന്സ്റ്റീന്‍ എങ്ങനെയാണ് ടെന്‍സര്‍ വെക്ടറുകള്‍ തന്റെ വൈശേഷിക ആപേക്ഷിക സിദ്ധാന്തത്തില്‍ ഉപയോഗിച്ചത് എന്നതിനെപ്പറ്റി സെബാസ്റ്റ്യന്‍ ഗവേഷണപ്രബന്ധം എഴുത്തുന്ന നാളുകളില്‍ ഒന്നിലാണ്, പ്രൊഫെസര്‍ ജോസഫ് കന്നക്കല്‍ ആദ്യമായി സെബാസ്റ്റ്യന് സ്റ്റെല്ല അര്‍റ്റോയിസിനെ പരിചയപ്പെടുത്തി കൊടുത്തത്. മോന്തുന്നതും കുടിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ടെന്ന് കഠിനമായി വിശ്വസിച്ച പ്രൊഫെസ്സര്‍ ജോസഫാണ്, സ്റ്റെല്ല അര്‍റ്റോയിസെന്ന ബെല്‍ജിയം പ്ലിന്‍സേര്‍ ബീയര്‍ സെബാസ്റ്റ്യന് ആദ്യമായി ഒഴിച്ചുകൊടുത്തത്. ഐയര്‍ലണ്ടില്‍ പോയപ്പോള്‍ താന്‍ വാങ്ങിയ സ്റ്റെല്ല അര്‍റ്റോയിസ്സ് ചാലിസ്സ് രണ്ടെണ്ണം എടുത്തു, ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത വെള്ളത്തില്‍ അതിനെ കഴുകിയെടുത്ത് (“This is the purification”, പ്രൊഫെസര്‍ ഒരു റണ്ണിംഗ് കമന്ററിയില്‍ എന്നോണം പറഞ്ഞു), കുപ്പി സാവധാനം തുറന്നു. അതില്‍ നിന്നും കുറച്ചു തുള്ളികള്‍ പുറത്തേക്ക് ഒഴുക്കി കളഞ്ഞു (“the sacrifice”), പതയും ദ്രാവകവും സന്തുലിതമാക്കാന്‍ വേണ്ടി ചാലിസ്സ് 45 ഡിഗ്രീ ചരിച്ച് പിടിച്ച് (“The Liquid alchemy”), സുഭഗമായി മെല്ലെ ചാലിസ്സ് നേരയാക്കികൊണ്ടേ സാവധാനം ബീയര്‍ ചാലിസ്സിലേക്കൊഴിച്ചു (“The Crown and the Removal”),ഉള്ളിലെ വലിയ കുമിളകള്‍ക്ക് രക്ഷപ്പെടാന്‍ ചാലിസ്സ് പിന്നെ വീണ്ടും 45 ഡിഗ്രീ ചരിച്ച് (“the skimming”), ചാലിസ്സിനെ വീണ്ടും നേരെയാക്കി, ചാലിസ്സിന്റെ മുകളിലില്‍ ഉള്ള പത കൃത്യം മൂന്നു സെന്റിമീറ്റര്‍ ആണെന്ന് നോക്കി തിട്ടം വരുത്തി ( “The Judgment”), അതിനെ വീണ്ടും നല്ല കൊടുംതണുത്ത വെള്ളത്തില്‍ മുക്കി (“The cleansing”), ചാലിസ്സുയര്‍ത്തി അതിനെ സ്നേഹപൂര്‍വ്വം, ധ്യാനനിരതനായി നോക്കി, പിന്നെ അത് ചൂണ്ടിനോട് അടുപ്പിച്ചു (“the bestowal”), പ്രൊഫെസര്‍ ജോസഫ് സ്റ്റെല്ല ബിയര്‍ കുടിക്കുന്നത് കണ്ടാണ് സെബാസ്റ്റ്യനും ആദ്യമായി കുടിക്കാന്‍ തുടങ്ങിയത്. അന്ന് വൈകുന്നേരം, ജോയിയുടെ ബൈക്കില്‍ പെണ്ണ് കാണാന്‍ വറീതു മാപ്ലയുടെ വീട്ടില്‍പോയപ്പോള്‍, സ്റ്റെല്ല അര്‍റ്റോയിസ്സിന്റെ രസച്ചരടില്‍ കുതിര്‍ന്നുനിന്നു, പെണ്ണിനോടു സെബാസ്റ്റ്യന്‍ ചോദിച്ചു “എന്താ പേര്?”. “സ്റ്റെല്ല”, മധുസ്മേരത്തോടെ അവള്‍ പറഞ്ഞു. പിന്നെ ഒന്നും ആലോചില്ല, കെട്ടി സെബാസ്റ്റ്യന്‍ അവളെത്തന്നെ.

അങ്ങനത്തവളാണ്, ഇപ്പോള്‍ ഞാന്‍ കുടിക്കുന്നതിനെപ്പറ്റി പ്രാക്ക് പറയുന്നത്, വീട്ടില്‍ സ്വൈര്യം കെടുത്തുന്നത്. മാഹി പള്ളിയിലെ ലഹരിവിമുക്തക്യാമ്പില്‍ പോകാന്‍ ലഹള കൂട്ടുന്നത്. പണ്ടൊക്കെ ഒരു സ്മാള്‍ അടിക്കുമ്പോള്‍ അടുത്തുതന്നെ ഇരിക്കുമായിരുന്നു അവള്‍. ഇപ്പോള്‍ അവള്‍ക്ക് പുച്ഛം, കോപം, നെഞ്ചു കാച്ചല്‍, അട്ടഹസിക്കല്‍.... “മനോഹരാ, ഒരു കുപ്പി കൂടി നീ എടുക്കൂ”, സെബാസ്റ്റ്യന്‍ പതച്ചു കയറുന്ന ദേഷ്യത്തോടെ വിളിച്ചുപറഞ്ഞു. മൂന്നു കുപ്പി ബീയര്‍ കഴിച്ചപ്പോളാണ്, ഇന്ന് തനിക്കിനിയും ഒരു പാടു ബാറുകള്‍ കയറാനുണ്ട് എന്ന കാര്യം സെബാസ്റ്റ്യന്‍ ഓര്‍ത്തത്. മുന്നിലെ കടലപ്പരിപ്പ് ഒരുപിടി വാരി വായിലിട്ട്, കുപ്പിയിലെ ശേഷിച്ച ബീയര്‍ ഒറ്റയടിക്ക് വായില്‍ കമഴ്ത്തി ബാറില്‍നിന്ന് ഇറങ്ങുബോള്‍, തന്റെ കുടിയെ പ്രൊഫെസര്‍ ജോസഫ് വെറും മൊന്തലെന്നേ വിശേഷിപ്പിക്കൂ എന്നോര്‍ത്തു സെബാസ്റ്റ്യന് വലിയ ദുഃഖം തോന്നി.

തിരുവോണം ബാറിലേക്ക് കയറുമ്പോള്‍ത്തന്നെ, ഓള്‍ഡ് മോങ്കിന്റെ ഇളം വാനിലയില്‍, പാതി കരിഞ്ഞ കാരമേലും ചോക്ലേറ്റും കലര്‍ന്ന മണം സെബാസ്റ്റ്യനിലേക്ക് ആളിക്കത്തി പടരുന്നുണ്ടായിരുന്നു. മധുരവും ഒരിത്തിക്കൂടുതല്‍ എരിവുമുള്ള OMRന്റെ നാവിലും മനസ്സിലും തരുന്ന ഘനം ഓര്‍ത്തിട്ട് സംഘടിതമായ ഒരു വിപണനതന്ത്രവുമില്ലാതെ, ഫെയ്സ് ബുക്ക് മാതിരിയുള്ള ഒരു സാമൂഹ്യമാദ്ധ്യമവും ഇല്ലാത്ത ഒരു കാലത്ത് ഒരു വായില്‍ നിന്ന് മറ്റൊന്നിലേക്ക് പകര്‍ന്ന്, ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ മദ്യമായി ഈ മധുരസ്മേരവദനനായ ബുദ്ധസന്യാസി മാറിയത് അത്യുത്സാഹത്തോടെയാണ് സെബാസ്റ്റ്യന്‍ പറഞ്ഞത്. “മാഷ് ഫിസിക്സ് പഠിപ്പിക്കാനോ, അതോ എങ്ങനെ റം കഴിക്കണം എന്നു പഠിപ്പിക്കാനോ, എന്തിനാണീ ക്ലാസ്സില്‍ വന്നത്?” രണ്ടാം ബെഞ്ചിലെ ആ പൊട്ടന്‍ ചെക്കന്‍ അട്ടഹസിച്ച് ചോദിച്ചത് അപ്പോളാണ്. നല്ലവണ്ണം അടിച്ചിട്ടുതന്നെയാണ് ക്ലാസ്സില്‍ പോയത്. മദ്യത്തിന്റെ രൂക്ഷഗന്ധം ഏറ്റിട്ടെന്നെപോലെ, മുന്‍ബെഞ്ചിലെ പെണ്‍കുട്ടികള്‍ മൂക്കുപൊത്തിയിരുന്നു, ക്ലാസ്സിലേക്ക് കയറിച്ചെന്നപ്പോള്‍ത്തന്നെ. നല്ല മണം എന്തെന്ന് അറിയാത്ത കഴുതകള്‍. സെബാസ്റ്റ്യന്‍ കുതിച്ചുയരുന്ന ദ്യേഷ്യത്തില്‍ ചെക്കന്റെ അടുത്തേക്ക് ഓടിച്ചെന്നു, അട്ടഹസിച്ചു: “ഓ, നീ വല്ല്യ പഠിപ്പുകാരന്‍, അങ്ങനെയെങ്കില്‍ പോയി ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമത്തില്‍ നിന്നു കപ്ലരുടെ തേര്‍ഡ് ലോ ബോര്‍ഡില്‍ ഡിറൈവു ചെയ്തു കാണിക്ക് നീ”. അപ്പോളാണ് ഒരു കൂസലും കൂടാതെ ചെക്കന്‍ അത് പറഞ്ഞത്: “കള്ള് കുടിയന്മാര്‍ പറയണ കേക്കലല്ല വിദ്യാര്‍ഥികളുടെ ജോലി!”. എന്തൊരു ധിക്കാരം! സെബാസ്റ്റ്യന് നിയന്ത്രണം വിട്ടുപോയി. ചെക്കന്റെ ചെകിടത്ത് തന്നെ നോക്കി ഒന്നു കൊടുത്തു. പിന്നെ കൊടുക്കണ്ടേ, ഈ ചെക്കന്? അതിനാണ് ക്ലാസ്സിലെ കുരങ്ങുകൂട്ടം ബഹളം ഉണ്ടാക്കിയത്, വിദ്യാര്‍ത്ഥിരാഷ്ടീയക്കാര്‍ ഈങ്കുലാബും സിന്ദാബാദും ഉണ്ടാക്കിയത്. ഒരു അദ്ധ്യാപകനോട് എങ്ങനെ പെരുമാറണം എന്നറിയാത്ത വര്‍ഗ്ഗം!. “മാഷിനി കെപ്ലര്‍ എന്നു നാവ് വഴങ്ങി പറയാന്‍ പറ്റുമ്പോള്‍ വന്നാല്‍ മതി പഠിപ്പിക്കാന്‍” എന്നാക്രോശിച്ചത്. “മാഷെ ഒരു രണ്ടാഴ്ച എങ്കിലും നിങ്ങളെ സസ്പെന്‍ഡ് ചെയ്തില്ല എങ്കില്‍ പിള്ളാരെന്റെ ഓഫീസ് തല്ലിത്തകര്‍ക്കും”, പ്രിന്‍സിപ്പാളിന്റെ വക അന്ത്യശാസനം. ഇന്നേക്ക് ആ രണ്ടാഴ്ചത്തെ സസ്പെന്‍ഷന്‍ തീര്‍ന്നു. “നാളെ എന്റെ അപ്പന്‍ പോകും ആ കെളവീടെ ഡിപ്പാര്‍ട്ട്മെന്റില്‍ പഠിപ്പിക്കാന്‍!”.

“എടുക്കടാ ഓ‌.എം‌.ആര്‍ മജീദെ, എന്നിട്ട് അതില്‍ തംസ് അപ്പ് ചേര്‍ത്തതില്‍ കുറച്ചു ചെറുനാരങ്ങ നീരൊഴിക്ക്”, സെബാസ്റ്റ്യന്‍ ബാര്‍മാന്‍ മജീദിനോടു അട്ടഹസിച്ചു. കണ്‍പുരികം മേലോട്ടു ഒന്ന് ഉയത്തി മജീദ് സെബാസ്റ്റ്യന് അയാള്‍ പറയുവോളം ഒഴിച്ച് കൊടുത്തു.

ആസാദ് ബാറിലെത്തിയാല്‍ സെബാസ്റ്റ്യന്‍ മാക്കിന്തോഷെ കുടിക്കൂ എന്ന നിര്‍ബ്ബന്ധബുദ്ധിക്കാരനാണ്. അവിടുന്ന് ഇറങ്ങി മാവേലി ബാറിലെത്തിയപ്പോള്‍, ഇന്ന് അരിസ്റ്റോക്രാറ്റ് തന്നെ എന്ന് തീരുമാനിച്ചു, സെബാസ്റ്റ്യന്‍. അങ്ങനെ അതിമധുരമായ ഒരു കാറ്റില്‍ ഇളകി ഇറങ്ങി സി‌.സി ബാറിലേക്ക് എത്തിയപ്പോളാണ് കുമാരന്റെ വക ഒരു ഉത്ബോധനം: “കാശില്ലാതെ ഇനി ഇവിടുന്ന് ഒന്നും തരരുതെന്ന് മുതലാളി പറഞ്ഞിട്ടുണ്ട്, കേട്ടോ”. ഒരായിരം രൂപ എടുത്തു അവന് എറിഞ്ഞുകൊടുത്ത്, “നീ ഒഴിക്കെടാ ഡാര്‍ക് മറിയയേ, പോന്നു മോനേ", എന്ന് പറഞ്ഞാണ് സെബാസ്റ്റ്യന്‍ അവന് ഉത്തരം നല്കിയത്.

പണം വേണമത്രേ പണം. പണത്തിന്റെ കാര്യംകൂടിയാണ് ഇന്നലത്തെ രാത്രിയിലെ കലഹത്തിന് മറ്റൊരു കാരണം. നാലഞ്ച് മാസം മുമ്പ് സ്റ്റെല്ലയുടെ സ്വര്‍ണ്ണമാല പണയം വച്ചിരിന്നു, സെബാസ്റ്റ്യന്‍. മാല പണയംവെച്ച കാര്യം അവളോട് പറയണം എന്ന് സത്യമായും വിചാരിച്ചതാണ്. പക്ഷേ ഒരോരു കാര്യത്തിനടയില്‍ മറന്നുപോയി. അല്ലെങ്കിലും ആ മാല അവളുടെതു മാത്രമാണോ? കോപ്പറെറ്റീവു ബാങ്കില്‍ നിന്ന് പണം തിരിച്ചടക്കാന്‍ “ഇന്‍ഡാസ്” വന്നപ്പോളാണ് അവളുടെ നില ശരിക്കും തെറ്റിയത്. രാവിലെ എഴുന്നേറ്റപ്പോള്‍ സ്റ്റെല്ല വീട്ടിന്റെ താക്കോല്‍ കട്ടിലില്‍ വച്ചിട്ട്, മോളെയും കൊണ്ട് പോയിരിക്കുന്നു. ദിവസവും ടി‌.വി സീരിയല്‍ കാണുന്നതിന്റെ കുഴപ്പം!. ഒപ്പം ഒരു കത്തും, പിന്നെ മോള്‍ വരച്ച ഒരു പെയിന്റിങ്ങും അതോടൊപ്പം. “ഞങ്ങള്‍ പോകുന്നു. ദയവു ചെയ്ത് തെരഞ്ഞുവരരുതു”, അല്ല പിന്നെ എനിക്കു വേറെ പണിയില്ല, അവളെ തെരഞ്ഞുപോകാന്‍! ഒപ്പം ഒരു ഉപദേശവും “മോളുടെ അവസാനത്തെ പെയിന്റിങ് ഇതോടൊപ്പം വെയ്ക്കുന്നു, ഇത് വിറ്റും കുടിക്കണം, പ്ലീസ്സ്”. അതോടൊപ്പം “പിന്നാലേ ഒരു വക്കീല്‍ നോട്ടിസും വരും”, എന്ന അവളുടെ ഒരു ഭീഷണി! “കുമാരാ, നീ ഒഴിക്ക് ഒരു ഡാര്‍ക് മറിയ”, സെബാസ്റ്റ്യന്‍ സ്റ്റെല്ലയോടുള്ള അരിശം തീര്‍ക്കാന്‍ എന്നോണം പറഞ്ഞു. ഒരു പാര്‍ട്ട് ടിയ മരിയായയില്‍, ഒരു പാര്‍ട്ട് ഓ‌.എം‌.ആര്‍ ഒഴിച്ച് അതിനുമേല്‍ ഒരു പാര്‍ട്ട് കൊക്കകോള ഒഴിച്ച് കഴിക്കുമ്പോള്‍ ഉള്ള ഒരു സുഖം!. “എല്ലാം കൂടി ഇന്ന് ഡബിള്‍ ആക്കിക്കൊ“, ഡ്രിങ്ക് ഉണ്ടാക്കുന്ന കുമാരനെ സഹായിക്കാനെന്നോണം സെബാസ്റ്റ്യന്‍ പറഞ്ഞു. “മാഷുടെ ഷര്‍ട്ടും പേന്റുമെല്ലാം മണ്ണ് പിരണ്ട്, ചളി പിടിച്ചിരിക്കുന്നുണ്ട് കേട്ടോ“, രണ്ടാമത്തെ ഡ്രിങ്ക് കൊടുക്കുമ്പോള്‍ കുമാരന്‍, ഒരു സഹായം എന്നോണം പറഞ്ഞു. “അയ്യേ, ഞാന്‍ ചളി പിടിച്ച ഷര്‍ട്ടിടുകയോ”, സെബാസ്റ്റ്യന് അത് തീരെ ഇഷ്ടമല്ല. അതുകൊണ്ടു തന്നെ, സെബാസ്റ്റ്യന്‍ വേഗം തന്റെ ഷര്‍ട്ടൂരി കുമാരന് കൊടുത്ത് പറഞ്ഞു “നീ എടുത്തോ ഇത്. എനിക്കിനി ഷര്‍ട്ട് വേണ്ടേ വേണ്ട.”

സി‌ സി ബാറില്‍ നിന്നിറങ്ങുമ്പോള്‍ മഴ നല്ലവണ്ണം പെയ്യുന്നുണ്ടായിരുന്നു. മഴയില്‍ നല്ലവണ്ണം കുതിര്‍ന്നു, വേഗം വരുന്ന വണ്ടികളെ വക വെയ്ക്കാതെ, അട്ടഹസിച്ചു ചീത്ത വിളിച്ച ഡ്രൈവര്‍മാരെ നല്ലവണ്ണം കൊഞ്ഞനം കുത്തി, റെയില്‍വേ സ്റ്റേഷന്‍ റോഡ് കുറുകെകടക്കുമ്പോള്‍ സെബാസ്റ്റ്യന്‍ വിചാരിച്ചു, “വെറുതെയല്ല ഈ നാട് നന്നാകാത്തത്!”. ഇനി ഒരു 200 അടിമേലെ ഒരു ബാറും ഇല്ല. പള്ളിയില്‍നിന്നും 100 അടിക്കുള്ളില്‍ ഒരു ബാറും പാടില്ലത്രേ. ഓരോരു വിഡ്ഢി നിയമങ്ങള്‍! ആഞ്ഞു വലിഞ്ഞ് റോഡിലൂടെ സെബാസ്റ്റ്യന്‍ നടക്കുമ്പോള്‍, മാഹി പള്ളി അയാളുടെ അടുത്തേക്ക് നടന്നുവരുന്നുണ്ടായിരുന്നു. പള്ളിക്ക് മുമ്പില്‍ മഴയില്‍ കുതിര്‍ന്നുനില്ക്കുന്ന വിശുദ്ധ ത്രേസ്യയെ കണ്ടപ്പോള്‍, സെബാസ്റ്റ്യന് വല്ലാത്ത ദുഃഖം തോന്നി. സെബാസ്റ്റ്യന്‍ തന്റെ ബനിയന്‍ അഴിച്ചു മാതാവിന്റെ തലയില്‍ ഇട്ടുകൊടുത്തു, “കണ്ടോ ഞാനേ ഉള്ളൂ മാതാവിനെ സംരക്ഷിക്കാന്‍, അങ്ങനെയുള്ള എന്നെയാ മാതാവിന്റെ പേരുപറഞ്ഞ് സ്റ്റെല്ലയും അച്ചനും എല്ലാം ഉപദേശിക്കുന്നത്.”

“ഞാനുണ്ടാകും മാതാവിനെപ്പോഴും കേട്ടോ” വാത്സല്യത്തോടെ സെബാസ്റ്റ്യന്‍ പറഞ്ഞു. പെട്ടെന്നു സെബാസ്റ്റ്യന് കോപവും വന്നു: “നിനക്ക് ആ സ്പെയിനില്‍ എങ്ങാനും പോയി കഴിഞ്ഞൂടെ, ഈ പള്ളി പോയാല്‍ രണ്ട് ബാറിടാനുള്ള സ്ഥലം കിട്ടിയെനേ, ഇവിടെ.” അതും പറഞ്ഞു സെബാസ്റ്റ്യന്‍ പള്ളിക്ക് മുമ്പില്‍ ഒന്നിരുന്നു. ഇരുന്നപ്പോള്‍ ഒന്ന് കിടക്കുന്നതാണ് നല്ലതെന്ന് അയാള്‍ക്ക് തോന്നി.

പള്ളിക്കുമപ്പുറം, അറബിക്കടല്‍ ഇളക്കി മറിയുന്നുണ്ട്. ഇളകിമറിയുന്ന ആ കടല്‍പ്പരപ്പിലൂടെ ഒരു വലിയ പത്തേമാതിരി ആടി ഉലഞ്ഞു വരികയായിരിന്നു. മാഹി കടലിന്റെ കരിമ്പാറ കൂട്ടത്തില്‍ തടഞ്ഞു അത് നിന്നു. ഉയര്‍ന്നുപതിക്കുന്ന കൊടുംതിരമാലകള്‍. അകലെ മാഹിയുടെ ആത്മാക്കള്‍ പറന്നുനടക്കുന്ന വെള്ളിയാംകല്ലു്. കണ്‍മിഴിച്ചു ബന്ധിതനായ കപ്പലിനെയും നിരീക്ഷിച്ച്, കൌതുകപൂര്‍വ്വം നിന്നു. കപ്പിത്താനും സംഘവും എങ്ങനെയോ കപ്പല്‍പ്പായ തിരിച്ചുകെട്ടി. പാറക്കൂട്ടങ്ങളില്‍ നിന്ന് രക്ഷനേടി പതിയെ നീങ്ങുന്ന കപ്പലിനെ, കഠോരമായി നോക്കികൊണ്ടു, അത് അങ്ങനെ രക്ഷപ്പെടരുതെന്നു നിശ്ചയിച്ചു വെള്ളിയാംകല്ല്, കപ്പലിനെ വരിഞ്ഞുകെട്ടാന്‍വേണ്ടി മെല്ലെ എഴുന്നേറ്റ്, നടന്നു, നീന്തി പുറപ്പെട്ടു. പാറക്കൂട്ടങ്ങളില്‍ ഇടിച്ചു, പത്തേമാരിയുടെ നെടുംങ്കെട്ട് നടുവെ മുറിച്ച് താഴേക്ക് പതിച്ചത് പെട്ടെന്നായിരുന്നു. കപ്പല്‍ഛേദത്തിന്റെ അലങ്കോലങ്ങളില്‍ ആകമാനം മുങ്ങി നിന്ന കപ്പിത്താന്‍, അകലെ മയ്യഴിപ്പുഴയുടെ കരയിലെ വൃക്ഷത്തലപ്പുകളിലേക്ക് ആശയോടെ നോക്കി. ടോര്‍മെസ്സ് നദിക്കരയിലെ വൃക്ഷങ്ങളെപ്പോലെ, അവയില്‍ ഇലയോ പൂവോ കായോ ഒന്നും തന്നെ ഇല്ല ഉണ്ടായിരുന്നില്ല. വരണ്ടുണങ്ങിയ ശിഖരങ്ങള്‍ ഉയര്‍ത്താന്‍ മടിക്കാണിക്കുന്ന നരച്ചു ചത്ത വൃക്ഷത്തലപ്പുകള്‍ മാത്രമാണ് അവസാനമായി സെബാസ്റ്റ്യന്‍ കണ്ടത്.

Subscribe Tharjani |