തര്‍ജ്ജനി

രാജേന്ദ്രൻ എടത്തുംകര

മലയാളവിഭാഗം,
ഗവ. കോളേജ്,മടപ്പള്ളി,
മടപ്പള്ളി കോളേജ് പി. ഒ.
വടകര.

Visit Home Page ...

കവിത

ആ പോകുന്ന ഫാസിസ്റ്റ്

ആ പോകുന്ന ഫാസിസ്റ്റ്
എന്നു ഞാന്‍ വ്യക്തമായി പറഞ്ഞിട്ടും
നിനക്ക് മനസ്സിലാവുില്ലേ?
എടോ, നീ ആ പോകുന്ന ആടുകളെകാണുന്നുണ്ടോ?
ആടുകളുടെ പിന്നില്‍കാട് കാണുന്നുണ്ടോ?
കാടിനുമേലെ ആകാശം കാണുന്നുണ്ടോ?
ആകാശത്തില്‍ മുകിലുകള്‍ കാണുന്നുണ്ടോ?

അതു ശരി,
ആ പോകുന്ന ഫാസിസ്റ്റിനെയാണ്കാണാനാകാത്തത്, അല്ലേ!
അതുമാത്രമാണ്കാണാനാകാത്തത്, അല്ലേ?

വെറുതെയല്ല
ആ ഫാസിസ്റ്റിന് ഇങ്ങനെ വഴിനടക്കാന്‍
കഴിയുന്നത്.

ആടിനെയും കാടിനെയും ആകാശത്തെയും മുകിലിനെയും
മാത്രം കാണുന്ന കണ്ണുകളെ
അയാള്‍ക്ക് നല്ല വിശ്വാസമായിരിക്കണം.
ആടിനെയും കാടിനെയും ആകാശത്തെയും മുകിലിനെയും
നോക്കുന്ന കണ്ണുകള്‍ക്ക്
ഒരു ഫാസിസ്റ്റിനെ എളുപ്പം കണ്ടുപിടിക്കാനാവുമല്ലോ
ആടോ കാടോ ആകാശമോ മുകിലോ
ആയിത്തീരാന്‍
ഒരിക്കലും കഴിയാത്തയാളെ
ഒന്നു നോക്കിയാല്‍ മതിയല്ലോ,
വെറുതെയൊന്നു നോക്കിയാല്‍ മതിയല്ലോ.

അക്കാര്യം പഠിപ്പിച്ചുതന്നപ്പോഴേക്കും
ആ ഫാസിസ്റ്റ്എങ്ങോട്ടുപോയി?
അതൊന്നു പ്രയോഗിക്കണമെങ്കില്‍
അയാള്‍ ഇനിയും വരുന്നതുവരെ
കാത്തിരിക്കണമല്ലോ

പ്രതിക്കാക്ക

ആ കാക്ക ഇനിയും ഇതേ ഇരിപ്പുതുടര്‍ന്നാല്‍
നിശ്ചയമായും ഞാന്‍ അതിനെക്കുറിച്ച്
ഒരു കവിതയെഴുതും.

ഒരേ ഇരിപ്പുതുടരുന്നവയെക്കുറിച്ചുമാത്രമാണ്
ഈയിടെയായി ഞാന്‍ കൂടുതലുംആലോചിക്കുന്നത്
എന്നതിനാല്‍
ആ കാക്ക ഇപ്പോള്‍ പറന്നുപോയാലും
നിശ്ചയമായും ഞാന്‍ അതിനെക്കുറിച്ച്
ഒരു കവിതയെഴുതും.

പറക്കുന്ന എല്ലാറ്റിന്റെയും പിറകെ പറക്കാനാണ്
ഈയിടെയായി ഞാന്‍ കൂടുതലും താല്പര്യപ്പെടുന്നത്
എന്നതിനാല്‍
ആ കാക്ക ഇരുന്നാലും പറന്നാലും
നിശ്ചയമായും ഞാന്‍ കവിതയെഴുതും,
എന്റെ നിശ്ചയത്തിന്റെ ഉത്തരവാദിയായി
ഞാന്‍ ആ കാക്കയെ പ്രതിചേര്‍ത്തിരിക്കുന്നതിനാല്‍.

Subscribe Tharjani |