തര്‍ജ്ജനി

വിജയ് റാഫേൽ

Visit Home Page ...

നേര്‍‌രേഖ

കോടതിയില്‍ കാണാതാവുന്ന ഫയലുകള്‍

കേരള ഹൈക്കോടതിയില്‍നിന്നും ഈയിടെയായി പുറത്തുവരുന്ന വരുന്ന വാർത്തകള്‍ നമ്മുടെ നാട്ടിലെ നീതിനടത്തിപ്പിനെക്കുറിച്ച് ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. വാർത്തകൾ റിപ്പോർട്ട് ചെയ്യാനായി എത്തുന്ന ലേഖകരുടെ സൌകര്യാർത്ഥം ഹൈക്കോടതിയിൽ ഉണ്ടായിരുന്ന മീഡിയ റൂം അടച്ചുപൂട്ടി. വാർത്താലേഖകരെ നിരന്തരം കോടതിയിൽനിന്നും വിലക്കി. സ്വകാര്യത ആവശ്യമായ ചില വിഭാഗങ്ങളിൽപ്പെടുന്ന കേസുകളിൽ ഒഴികെ കോടതി നടപടികൾ കാണാൻ ആർക്കും അവകാശമുണ്ട്. ഇത് അറിയാത്തവരല്ല നിയമബിരുദം നേടിയ വക്കീലുമാർ. എന്നിട്ടും അവർക്ക് അറിയാവുന്ന, ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ സുതാര്യത പ്രകടമാക്കുന്ന അടിസ്ഥാനപരമായ ഒരു കാര്യത്തിന് എതിരെ അവർ പ്രവർത്തിക്കുന്നുവെന്നത് യാദൃച്ഛികമല്ല. കോടതിയിൽനിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതാവുന്നത് ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്. നീതിനിഷേധത്തിനെതിരെ പൌരന് ആശ്രയിക്കാനുള്ള അവസാനത്തെ ആശ്രയം കോടതിയാണ്. അവിടെ സമർപ്പിക്കുന്ന രേഖകൾക്ക് കേസിന്റെ ന്യായാന്യായങ്ങൾ വെളിപ്പെടുത്തുന്നതിലുള്ള സ്ഥാനം തർക്കമില്ലാത്തതാണ്. അവയുടെ അടിസ്ഥാനത്തിലാണ് കേസിന്റെ വിധി നിശ്ചയിക്കപ്പെടുന്നത് എന്ന് പറഞ്ഞാലും അതിശയോക്തിയില്ല. കോടതിയിൽ സമർപ്പിക്കപ്പെടുന്ന അത്തരം രേഖകൾ തനിയെ കാണാതാവുകയില്ല. എല്ലാ കേസുകളിലെയും രേഖകൾ കാണാതാവുന്നില്ല.

ചില കേസുകളിലെ രേഖകൾ കേരള ഹൈക്കോടതിയിൽനിന്ന് കാണാതാവുന്നുവെന്ന രണ്ട് വാർത്തകളാണ് ഈയിടെ പുറത്തുവന്നത്. രണ്ടും സർവ്വകലാശാലാനിയമനങ്ങളുമായി ബന്ധപ്പെട്ടത്. അതിൽ ഒരു വശത്ത് രാഷ്ട്രീയക്കാരുടെ കൂട്ടാളികൾ, മറുവശത്ത് നീതിനിഷേധിക്കപ്പെട്ടെന്ന് പരാതിപ്പെടുന്ന പൌരൻ. പൌരൻ നല്കിയ പരാതിയോടൊപ്പമുള്ള തെളിവുകളും രേഖകളും കാണാതാവുന്നെങ്കിൽ ആരാവും ഇതിന് പിന്നിൽ എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ചത്തത് കീചകനെങ്കിൽ .... എന്നത് തന്നെയാണ് അതിന്റെ യുക്തി. അതിന് വേറെ തെളിവോ സാക്ഷിയോ സാമാന്യബോധമുള്ള ഒരാൾക്ക് വേണ്ടിവരില്ല. കാരണം സാധാരണക്കാരൻ കേസിൽ വിധിയെഴുതുകയല്ല ചെയ്യുന്നത്, നാട്ടിൽ എന്ത് നടക്കുന്നുവെന്നത് തന്റെ വിവേകത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കുകയാണ്.

ഹൈക്കോടതിയിൽനിന്ന് രേഖകൾ നഷ്ടപ്പെട്ടുവെന്ന് ആദ്യം കണ്ടെത്തുന്നത് കേരള സർവ്വകലാശാലയുടെ അസിസ്റ്റന്റ് നിയമനത്തിലെ അഴിമതിയെക്കുറിച്ചുള്ള കേസിന്റേതാണ്. ഇപ്പോൾ അറിയുന്നത് കാലടിയിലെ ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിലെ അദ്ധ്യാപകനിയമനത്തിലെ ക്രമക്കേട് ചോദ്യംചെയ്യുന്ന കേസിന്റെ രേഖകളും കാണാതായിരിക്കുന്നുവെന്നാണ്. സർവ്വകലാശാലകൾ രാഷ്ട്രീയക്കാർ നിയോഗിക്കുന്ന രാഷ്ട്രീയക്കാരായ സിണ്ടിക്കേറ്റ് അംഗങ്ങളാൽ ഭരിക്കപ്പെടുന്ന സ്ഥാപനങ്ങൾ മാത്രമായി അധഃപതിച്ചിരിക്കുന്നു. രാഷ്ട്രീയക്കാരന്റെ അഴിമതിയും സ്വജനപക്ഷപാതവുമാണ് സർവ്വകലാശാലകളിൽ നടക്കുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ നഗ്നമായ നിയമലംഘനം. പ്രശ്നം നിയമവുമായി ബന്ധപ്പെട്ടതിനാൽ കോടതിയിൽ ചോദ്യം ചെയ്യാം. അങ്ങനെ ചോദ്യം ചെയ്യപ്പെട്ടപ്പോൾ കേരള സർവ്വകലാശാല വൈസ് ചാൻസലർ ഉൾപ്പെടെ
കുറ്റപത്രം നല്കപ്പെട്ടവരിൽ പ്രോ വൈസ് ചാൻസലർ, നാല് സിണ്ടിക്കേറ്റ് അംഗങ്ങൾ റജിസ്ട്രാർ എന്നിവർ ഉൾപ്പെടുന്നു. അവർ ചെയ്ത കുറ്റകൃത്യങ്ങൾ ഗൂഢാലോചന, വഞ്ചന, അഴിമതി, സ്വജനപക്ഷപാതം, രേഖകളിൽ കൃത്രിമം കാണിക്കൽ, കുറ്റകരമായ വിശ്വാസസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ, അഴിമതിനിരോധന നിയമത്തിന്റെ വ്യവസ്ഥകളുടെ ലംഘനം എന്നിവയാണ്. ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കേസിൽ ശക്തമായ തെളിവുകകളാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. അത്തരം സാഹചര്യത്തിൽ കുറ്റവാളികളെ ശിക്ഷയിൽ നിന്ന് മോചിപ്പിക്കുവാനുള്ള മാർഗ്ഗം കോടതിയിൽ സമർപ്പിക്കപ്പെട്ട തെളിവുകൾ നശിപ്പിക്കുയെന്നതാണ്. അതാണ് സംഭവിച്ചത്. അതിനാൽ ആരാണ് ഈ തെളിവ് നശിപ്പിച്ചത് എന്നതിനെക്കുറിച്ച് സംശയിക്കാനില്ല.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാളം റീഡർ നിയമനത്തിലെ അഴിമതി ചോദ്യംചെയ്ത് കേസ് ഫയൽ ചെയ്തത് സാഹിത്യനിരൂപകനും തൃശ്ശൂർ സെന്റ് തോമസ് കോളേജിലും കേരള സർക്കാരിന്റെ കീഴിലെ വിവിധ കോളേജുകളിലും അദ്ധ്യാപകനുമായിരുന്ന ഡോ. സി. ജെ. ജോർജ്ജാണ്. മെറിറ്റിന്റെ കാര്യത്തിൽ, ഇപ്പോൾ നിയമനം ലഭിച്ചയാളെക്കാൾ വളരെ ഉയർന്ന സ്ഥാനമാണ് ഡോ. ജോർജ്ജിനുള്ളത്. പത്തുപേരായിരുന്നു അപേക്ഷകർ. അതിൽ കെ. വി. ദിലീപ് കുമാർ ഇന്റർവ്യൂവിൽ പങ്കെടുത്തില്ല. ജി. രഘുകുമാറിനെ റാംഗിങ്ങിൽ പരിഗണിച്ചില്ല. ബാക്കിയുള്ള ഏട്ടുപേരിൽ മെരിറ്റിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തുള്ള രണ്ടുപേരിൽ ഒരാൾക്കാണ് സർവ്വകലാശാല നിയനം നല്കിയത്.

നിയമനം ലഭിച്ചയാളുടെ അപേക്ഷ ആവശ്യമായ യോഗ്യതയില്ലെന്ന കാരണത്താൽ സർവ്വകലാശാല തള്ളിയതാണ്. ഇത് ചോദ്യം ചെയ്ത് അവർ കോടതിയിൽ കേസ് ഫയൽ ചെയ്തു. ആ കേസിൽ സർവ്വകലാശാല ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ചട്ടങ്ങൾ പ്രകാരം അപേക്ഷകയക്ക് അവശ്യം ആവശ്യമായ യോഗ്യതയില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ കേസ് തീർപ്പാവാത്തതിനാൽ അപേക്ഷകയെ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അനുമതി ലഭിച്ചു. ഇതേ അവസ്ഥയിൽ അവരോടൊപ്പം അനുമതി ലഭിച്ചയാളെ റാംഗിങ്ങിൽ പരിഗണിച്ചില്ല!! യോഗ്യതയില്ലെന്ന തീരുമാനത്തിൽ അദ്ദേഹത്തിന് യോഗ്യതയ്ക്ക് നല്കിയ മാർക്ക് പൂജ്യം. എന്നാൽ യോഗ്യതയില്ലെന്ന് സർവ്വകലാശാല കോടതിയിൽ സത്യവാങ്മൂലം നല്കിയ അതോടൊപ്പമുള്ള അപേക്ഷകയ്ക്ക് ഉദാരമായി യോഗ്യതയ്ക്ക് 27 മാർക്ക് നല്കിയിട്ടുമുണ്ട്. യോഗ്യതയ്ക്ക് ഡോ. സി.ജെ.ജോർജജ്ജിന് 39 മാർക്ക് നല്കിയിട്ടുണ്ട്. അതായത്, പന്ത്രണ്ട് മാർക്കിന്റെ വ്യത്യാസം അപേക്ഷകയ്ക്ക് യോഗ്യതയ്ക്ക് ഉദാരമായി മാർക്ക് നല്കിയിട്ടും ഉണ്ടായിരുന്നു. അപ്പോൾ ഉദാരത നിഷ്ഫലമായിപ്പോവാതിരിക്കാൻ വഴി നോക്കണം. അതിനാൽ അപേക്ഷകയ്ക്ക് ഇന്റർവ്യൂവിൽ മുപ്പതിൽ 25 മാർക്ക് നല്കി. ഒന്നാം റാങ്ക് ലഭിച്ച വി. എ. വത്സലന് ( ഡോ.വത്സലൻ വാതുശ്ശേരിക്ക്) ഇന്റർവ്യൂബോർഡ് നല്കിയത് മുപ്പതിൽ 23 മാർക്ക് മാത്രം!!! ജോഓർജ്ജിന് നല്കിയത് മുപ്പതിൽ 10. എല്ലാനിലയ്ക്കും യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ പുറംതള്ളാൻ ഇന്റർവ്യൂവിന്റെ മാർക്ക് ഉപയോഗിക്കുന്നുവെന്നത് പഴയ തന്ത്രമാണ്. അതിനാൽ ഇന്റർവ്യൂവിന്റെ മാർക്ക് നല്കുന്നതിന് വ്യക്തമായ മാർഗ്ഗനിർദ്ദേശം കോടതി തന്നെ നല്കിയിട്ടുണ്ട്. ഒരാളെ വഴിവിട്ട് നിയയമിക്കണമെങ്കിൽ നിയമങ്ങൾ മറികടന്ന് ഇങ്ങനെപലതരം മലക്കം മറിച്ചലുകൾ നടത്തേണ്ടിവരും.

സർവ്വകലാശാല ആദ്യം യോഗ്യതയില്ലെന്ന് പറഞ്ഞ് തള്ളിയ ആൾക്ക് പിന്നീട് യോഗ്യതയ്ക്ക് 27 മാർക്ക് നല്കിയെന്നത് ഇരിക്കട്ടെ. ആ ഇന്റർവ്യൂവിൽ വിഷയവിദഗ്ദ്ധരായി വന്നവർ യാതൊരു മനഃസാക്ഷിക്കുത്തുംകൂടാതെ ഇന്റർവ്യൂവിന്റെ മാർക്കിൽ ഊതിപ്പെരുപ്പിക്കൽ നടത്തിയെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. എന്താണ് ഇങ്ങനെയൊരു നെറികേട് കാണിക്കുവാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം? ക്രമരഹിതമായ നിയമനങ്ങൾക്കു പിന്നിൽ അഴിമതിയും പണമിടപാടും പതിവാണ്. ആരെങ്കിലും പണംവാങ്ങിയോ മറ്റെന്തെങ്കിലും കൈപ്പറ്റിയോ നടത്തുന്ന നെറികേടിന് കൂട്ടുനിന്നവർ കേരളത്തിലെ പ്രശസ്തരായ അദ്ധ്യാപകരാണ്. മുട്ടുകുത്താൻ പറഞ്ഞാൽ നിലത്തിഴയാൻ സന്നദ്ധരാവുന്ന ഇത്തരം ചാവേറുകളാണ് ഇന്റർവ്യൂബോർഡിലെ വിഷയവിശാദരന്മാർ. യാത്രാബത്തയും സിറ്റിംഗ് ഫീസും എന്ന പ്രലോഭനം മാത്രമായിരിക്കും അവരെ ഈ നെറികേടിന് പ്രേരിപ്പിച്ചിരിക്കുക എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

ശങ്കരാചാര്യ സർവ്വകലാശാലയിലെ ഈ നിയമന അഴിമതിയുടെ രേഖകൾ വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച് ശേഖരിച്ചവയാണ്. സർവ്വകലാശാലയുടെ മുൻസത്യവാങ്മൂലവും വിവരാവകാശനിയമപ്രകാരം ശേഖരിച്ച രേഖകളും കാണുന്ന ഏതൊരാൾക്കും അങ്ങേയറ്റം കുറ്റകരമായ കാര്യമാണ് സംഭവിച്ചതെന്ന് മനസ്സിലാകും. ഏത് കോടതിയും അതിന് അനുസരിച്ചേ വിധി പറയുകയുള്ളൂ. അപ്പോൾ എതിർ കക്ഷിയെ രക്ഷിക്കാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ, രേഖകൾ നശിപ്പിക്കുക. അല്ലാതെ കേസിന്റെ രേഖകൾ താനേ കോടതിയിൽനിന്ന് ഇറങ്ങിപ്പോവുകയില്ലല്ലോ.

രണ്ട് സർവ്വകലാശാല നിയമന അഴിമതിക്കേസുകളുടെ രേഖകൾ കാണാതായ സംഭവം വിരൽ ചൂണ്ടുന്നത്, കേര​ള ഹൈക്കോടതിയിൽ രേഖകൾ നശിപ്പിക്കുന്ന ഒരു സംഘം സജീവമായി പ്രവർത്തിക്കുന്നുവെന്നാണ്. അവർ രാഷ്ട്രീയക്കാരുടെ ഉറ്റവരാണ്. അവരുടെ രാഷ്ട്രീയക്കാരെ സംരക്ഷിക്കാൻ, കേസുകളിൽ ശിക്ഷിക്കപ്പെടാതിരിക്കാൻ, കേസിന്റെ ഫയൽ തന്നെ മോഷ്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്നതാണണ് അവരുടെ രീതി. ഏതൊക്കെ കേസുകളുടെ ഫയലുകൾ ഇങ്ങനെ അപ്രത്യക്ഷമായി എന്നത് ഒരോ കേസും വിചാരണയ്ക്ക് എടുക്കുമ്പോളാണ് മനസ്സിലാവുക. പത്രക്കാരാണ് ഇത്തരം കാര്യങ്ങൾ പുറംലോകത്തെ അറിയിക്കുന്നത്. അതിനാൽ അവരെ പുറത്തുനിറുത്തേണ്ടത് ഈ നിയമലംഘകരുടെ ആവശ്യമാണ്.

Subscribe Tharjani |
Submitted by Anonymous (not verified) on Sat, 2016-12-10 22:03.

കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തും കോടതികൾ നിയമലംഘകരായ അഭിഭാഷകരുടെ കളിസ്ഥലമായി മാറിയിരിക്കുന്നു. ദൽഹിയിൽ കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കുന്ന സന്ദർഭത്തിൽ രാജ്യതലസ്ഥാനത്തെ അഭിഭാഷകസമൂഹം എങ്ങനെ പെരുമാറുന്നുവെന്ന് നാം കണ്ടതാണ്. തമിഴ് നാട്ടിൽ ഇത് പലകുറി ആവർത്തിക്കപ്പെട്ടു. കേരളത്തിലെ കോടതികളിൽ വക്കീലുമാർ ജഡ്ജിക്കു മുന്നിൽവവെച്ച് പത്രക്കാരെ പുറത്താക്കുമ്പോൾ നിസ്സഹായനായി അല്ലെങ്കിൽ നിസ്സംഗനായോ ജഡ്ജി ഇരിക്കുന്നുവെന്നത് വിശ്വസിക്കാനാവാത്തതാണ്. നിയമവ്യവസ്ഥ എത്രത്തോളം വിശ്വാസ്യതയുള്ളതാണ് എന്ന് സംശയിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇതെല്ലാം.

Submitted by Anonymous (not verified) on Sun, 2016-12-11 22:23.

ഈ ലേഖനത്തോടൊപ്പം ചേർത്ത രേഖയിൽ കാണുന്ന സബ് ജക്ട് എക്സ്പർട്ടുകളുടെ പേരാണ് ഞാൻ ശ്രദ്ധിച്ചത്. സാംസ്കാരികകേരളത്തിലെ വലിയ പേരുകളായ ഈ മലയാളം പ്രൊഫസർമാർ ഈ നെറികേടിന് കൂട്ടുനിന്നുവെന്നത് വിശ്വസിക്കാൻ പ്രയാസം. മാനേജ്മെന്റ് കോളേജുകളിൽ ഇന്റർവ്യൂവിന് സബ് ജക്ട് എക്സ്പർട്ടായി പോയി ഒപ്പിട്ടുകൊടുക്കുന്നതുപോലെ സർവ്വകലാശായിലെ നിയമനത്തിന് ഒപ്പിട്ടുകൊടുക്കുന്നവർക്ക് മലയാളത്തെക്കുറിച്ച് സംസ്കാരത്തെക്കുറിച്ച് മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എന്ത് അവകാശം.

കേസിൽ തീർപ്പാവുമ്പോൾ ഈ പ്രൊഫസർമാരെ കരിം പട്ടികയിൽ പെടുത്തുവാൻ നടപടി ഉണ്ടാവണം. അതിനായി മലയാളം ഐക്യവേദിയുംമറ്റ് ഭാഷാസംരക്ഷണ വേദികളും മുൻകയ്യെടുക്കണം.

Submitted by Anonymous (not verified) on Mon, 2016-12-12 17:53.

ഇതിൽ നിയമനം കിട്ടിയ ആൾ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ഉറ്റബന്ധുവാണെന്ന് പറഞ്ഞു കേൾക്കുന്നത് വാസ്തവമാണോ? ആണെങ്കിൽ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ സി.പി.എമ്മിനും സർവ്വകലാശാലയിലെ അവരുടെ അദ്ധ്യാപകസംഘടനയ്ക്കും ഉത്തരവാദിത്തമുണ്ട്.