തര്‍ജ്ജനി

രേണു രാമനാഥ്

Visit Home Page ...

യാത്ര

ബെല്‍ഗ്രേഡില്‍ ഒരു നാടകോത്സവയാത്ര


ബിറ്റ്റെഫ് നാടകോത്സവവേദി

സെർബിയ. ആഭ്യന്തരയുദ്ധത്തിന്റെയും നാറ്റോ ബോംബുവർഷത്തിന്റെയും പശ്ചാത്തലത്തിൽ ഏതാണ്ട് രണ്ടുപതിറ്റാണ്ടു മുമ്പ്, നമ്മുടെ വാർത്താബോധത്തിലേക്ക് കടന്നുവന്ന രാജ്യം. ഒപ്പം, ബോസ്നിയ, ഹെർസെഗോവിന, മോൺടിനെഗ്രോ, ക്രോവേഷ്യ, അൽബേനിയ – അങ്ങനെ പലതും. ശീതയുദ്ധകാലത്തെ ഈസ്റ്റേൺ ബ്ലോക്കിനുള്ളിൽ സ്റ്റാലിനോടെതിരിട്ട് മാറിനിന്ന്, ചേരിചേരാപ്രസ്ഥാനം രൂപീകരിക്കാൻ മുൻകയ്യെടുത്ത യൂഗോസ്ലാവിയയുടെ, ടിറ്റോവിനു ശേഷമുണ്ടായ വംശീയകലാപങ്ങൾക്കൊടുവിൽ അവശേഷിച്ച കഷണങ്ങൾ.
കലുഷിതമായ ചരിത്രപാതകളിലൂടെ കടന്നുപോകുമ്പോൾത്തന്നെ, പഴയ യൂഗോസ്ലാവിയയുടെയും, പിന്നീട് സെർബിയയുടെയും തലസ്ഥാനമായ ബെൽഗ്രേഡ് അഭിമാനപൂർവ്വം കാത്തുസൂക്ഷിച്ച ഒരു പാരമ്പര്യമുണ്ടായിരുന്നു – ഒരു അന്തർദ്ദേശീയ നാടകോത്സവം. ഈ വർഷം അമ്പതാം വാർഷികത്തിലെത്തി നില്ക്കുന്ന ബെൽഗ്രേഡ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ, യുദ്ധങ്ങളുടെയും ബോംബാക്രമണത്തിന്റെയും ഉപരോധത്തിന്റെയുമെല്ലാമിടയിലും, മുടങ്ങാതെ അന്തർദ്ദേശീയവേദിയിൽ കലയുടെ പ്രാധാന്യത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് തുടർന്നുപോന്നു. ശീതയുദ്ധകാലത്ത്, യൂറോപ്പിന്റെ (എന്നല്ല, പാശ്ചാത്യലോകത്തിന്റെ തന്നെ) കിഴക്കിനും പടിഞ്ഞാറിനുമിടയിൽ സമവായത്തിന്റെ ഒരു ഭൂമികയായി മാറുകയായിരുന്നു ബിതെഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ നാടകോത്സവം. അമേരിക്കയിലെയും യൂറോപ്പിലെയും അവാങ് ഗാർഡ് നാടകപ്രവർത്തകരും, പോളിഷ് – റഷ്യൻ നാടകവേദിയിലെ വൻനാമധേയങ്ങളായ ജെർസി ഗ്രോട്ടോവ്സ്കി, കോൺറാഡ് സ്വിനാർസ്കി തുടങ്ങിയവരും ഒത്തുചേർന്നിരുന്നിടം.

1989-ൽ ബെർലിൻ മതിൽ തകർന്നപ്പോൾ, യൂറോപ്പിലെ മതിലുകൾ അപ്രത്യക്ഷമാവുന്നുവെന്നാണ് അവിടത്തെ ബഹുഭൂരിപക്ഷവും വിശ്വസിച്ചത്. പക്ഷെ, മതിലുകൾ വ്യത്യസ്തരൂപത്തിലും ഭാവത്തിലും കൂടുതൽ കൂടുതൽ ഉയരുകയായിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞത് പിന്നീടാണ്. ഇപ്പൊഴേ ചിതറിത്തെറിച്ചു തുടങ്ങിയ യൂറോപ്യൻ യൂണിയൻ എന്ന സ്വപ്നം, യൂറോപ്പിനെ സംബന്ധിച്ച് അന്യപ്രദേശങ്ങളായി നിന്നിരുന്ന ദക്ഷിണമേഖലാരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥിപ്രവാഹം, അവരെ തടയാനായി അതിർത്തികളിലുയരുന്ന വേലികൾ, എങ്ങും കത്തിപ്പടരുന്ന വംശീയത, ബോംബാക്രമണങ്ങൾ, സാമ്പത്തികത്തകർച്ചകൾ - ഉപാധികളില്ലാത്ത സുരക്ഷിതത്വത്തിന്റെ നാടെന്ന യൂറോപ്യൻ മനസ്സിന്റെ അഹന്ത തകർന്നടിയുന്ന ദിനരാത്രങ്ങളാണല്ലോ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

സമകാലീന രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടിൽനിന്ന് പുറംതിരിഞ്ഞുനില്ക്കാൻ ഒരു കലയ്ക്കും കലാകാരർക്കും സാദ്ധ്യമാവില്ലെന്ന തിരിച്ചറിവ് ‘ബിതെഫി‘നു പണ്ടേ അന്യമായിരുന്നില്ല. അങ്ങനെയാണ്, അമ്പതാം വാർഷികമാഘോഷിക്കുന്ന വേളയിൽ, കലിതുള്ളി കുതിച്ചുപായുന്ന കാളക്കൂറ്റന്റെ മുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന യൂറോപ്യൻ അവസ്ഥയെ ബിതെഫിന്റെ ഔദ്യോഗിക ആശയമാക്കാൻ ഈ വർഷം ചുമതലയേറ്റ ആർടിസ്റ്റിക് ഡയറക്റ്റർ ഐവാൻ മെദെനിച്ച തീരുമാനിക്കുന്നത്. ബെൽഗ്രേഡിലെ ഫാക്കൾറ്റി ഓഫ് ഡ്രാമാറ്റിക് ആർട്സിലെ അസോസിയേറ്റ് പ്രൊഫസറും നാടകനിരൂപകനും ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് തിയേറ്റർ ക്രിടിക്സിന്റെ അഡ്ജുടന്റ് സെക്രട്ടറി ജനറലുമാണ് ഐവാൻ മെദെനിച്ച. ‘ഓൺ ദ് ബാക് ഓഫ് എ റേജിങ് ബുൾ,‘ – (കലി തുള്ളി കുതിച്ചു പായുന്ന കാളക്കൂറ്റന്റെ പുറത്ത്) എന്ന ആശയത്തോടൊപ്പം, കിഴക്കും പടിഞ്ഞാറുമെന്ന ദ്വന്ദ്വത്തിനു പകരം, തെക്കും വടക്കുമാണു ഇക്കുറി ബിതെഫിൽ പ്രതിനിധാനം ചെയ്യപ്പെട്ടത്.

ദക്ഷിണാർദ്ധഗോളരാജ്യങ്ങൾക്കുമേൽ നൂറ്റാണ്ടുകളിലൂടെ പുലർന്നുപോന്ന ഉത്തരാർദ്ധഗോളസാമ്രാജ്യങ്ങളുടെ അധീശത്വം ആധുനികകാലത്തും പുതിയ രൂപഭാവങ്ങളിൽ തുടരുന്നുവെന്ന അസ്വാസ്ഥ്യജനകമായ യാഥാർത്ഥ്യത്തെ ആവുംവിധം അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന സൃഷ്ടികൾക്ക് പ്രാമുഖ്യമുണ്ടായിരുന്നെന്നർത്ഥം. പക്ഷെ, സദുദ്ദേശ്യത്തോടെ തന്നെ ചെയ്തെടുത്തിരിക്കാവുന്ന പല സൃഷ്ടികളും ഇന്ത്യൻ (ഏഷ്യൻ) – ആഫ്രിക്കൻ മനസ്സുകളെ അസ്വസ്ഥമാക്കാൻ പോന്നതുതന്നെയായിരുന്നു എന്നതാണ് വാസ്തവം. വെളുപ്പിന്റെ ആധിപത്യഭാവം, തൊലിപ്പുറമെയൊതുങ്ങിനില്ക്കാതെ, ഏറെയാഴങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതുതന്നെയെന്ന് വ്യക്തമാക്കുംവിധം.

അമ്പതാം വാർഷികമാഘോഷിക്കുന്ന ബിതെഫ്, മറ്റൊരു പ്രധാന സമ്മേളനത്തിനു കൂടി വേദിയൊരുക്കിയതോടെയാണ്, ബെൽഗ്രേഡ് സന്ദർശിക്കാനും നാടകോത്സവത്തിൽ പങ്കെടുക്കാനുമുള്ള അവസരം കിട്ടുന്നത്. നാടകനിരൂപകരുടെ അന്തർദ്ദേശീയ സംഘടനയായ, ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് തിയേറ്റർ ക്രിട്ടിക്സ് (IATC) അറുപതാം വാർഷികം ആഘോഷിക്കുന്ന വർഷം കൂടിയാണിത്. അസോസിയേഷന്റെ 28‍-ആം കോൺഗ്രസിനു വേദിയൊരുക്കാൻ ബിതെഫ് തയ്യാറായതോടെ, മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള നാടകനിരൂപകർക്ക് ഒത്തുകൂടാന്‍ ഒരവസരമായി.
ഇന്ത്യയിൽ നിന്നുള്ള മൂന്നംഗ പ്രതിനിധിസംഘത്തിന്റെ ഭാഗമായാണു ഞാൻ ബെൽഗ്രേഡിലെത്തുന്നത്. മുംബൈയിൽ നിന്നുള്ള ദീപ പുഞ്ചാനിയും, അരുൺ നായിക്കുമായിരുന്നു മറ്റ് രണ്ടു പേർ. മുംബൈ തിയേറ്റർ ഗൈഡ് എന്ന ഓൺലൈൻ ജേണലിന്റെ എഡിറ്ററായ ദീപ, അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി (എക്സ് കോം) അംഗം കൂടിയാണ്. 2014-ൽ തൃശൂരിൽ വെച്ചുനടന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ, ഐ. എ. ടി.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന സിമ്പോസിയത്തിൽ പങ്കെടുക്കാൻ ദീപ എത്തിയിരുന്നു.

സെപ്തംബർ 24 മുതൽ ഒക്ടോബർ 2 വരെയാണ് ഫെസ്റ്റിവൽ. അസോസിയേഷന്റെ കോൺഗ്രസ് സെപ്തംബർ 26 മുതൽ 30 വരെ ആയതുകൊണ്ട്, 25-ആം തീയതിയാണ് യാത്ര പുറപ്പെട്ടത്. അബുദാബി വഴി, ഏതാണ്ട് 11 മണിക്കൂർ നീണ്ട യാത്ര. പുലർച്ചെ ആറു മണിക്ക് ബെൽഗ്രേഡിലെ നികോള ടെസ്ല ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ, ഫെസ്റ്റിവലിന്റെ ബോർഡേന്തിയ സംഘാടകർ സ്വീകരിക്കാനെത്തിയിരുന്നു. എയർപോർട്ടിൽ, ബിതെഫിന്റെ അതിഥികളെ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുണ്ട്.

ഓൾഡ് ബെൽഗ്രേഡ് എന്നറിയപ്പെടുന്ന പഴയ നഗരത്തിന്റെ ഹൃദയഭാഗത്താണ് ഫെസ്റ്റിവലിന്റെ മുഖ്യവേദിയായ യൂഗോസ്ലാവ് നാഷണൽ തിയേറ്റർ. 1947-ൽ സ്ഥാപിക്കപ്പെട്ട യൂഗോസ്ലാവ് നാഷണൽ തിയേറ്റർ ഒന്നിലേറെത്തവണ പുതുക്കിപ്പണിതിട്ടുണ്ട്. ഇപ്പോഴുള്ള പ്രൗഢഗംഭീരമായ കെട്ടിടം 1997ല്‍ നിർമ്മിച്ചതാണ്.

യുഗോസ്ലാവ് ഡ്രാമാ തിയേറ്ററിനു തൊട്ടടുത്തുതന്നെയുള്ള പാർക്ക് ഹോട്ടലിലാണ് ഐ. എ. ടി.സി. പ്രതിനിധികളുടെ താമസം. കോൺഗ്രസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം വൈകുന്നേരമായതിനാൽ, പകൽസമയം എക്സ്കോം അംഗങ്ങളൊഴിച്ചുള്ള പ്രതിനിധികൾക്ക് മറ്റ് പരിപാടികളൊന്നുമില്ല. പ്രാതലിനും ഉച്ചഭക്ഷണത്തിനുമിടയിൽ മറ്റ് പ്രതിനിധികളെ പരിചയപ്പെടലായിരുന്നു പ്രധാന പണി. വൈകിട്ട്, യുഗോസ്ലാവ് ഡ്രാമാ തിയേറ്ററിൽ വെച്ച്, ഐ.എ.ടി.സി.യുടെ പ്രസിഡണ്ട് മാർഗരെറ്റ സൊറൻസനും ഓണററി പ്രസിഡണ്ടായ ജോർജെസ് ബാനുവും ചേർന്ന് ലളിതമായ ചടങ്ങിൽ, കോൺഗ്രസ്സ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ആസ്ട്രിയയിൽ നിന്നുള്ള, ‘ദി റിഡികുലസ് ഡാർക് നസ്,‘ എന്ന രംഗാവതരണമായിരുന്നു അന്നത്തേത്. വിയന്നയിലെ, ബർഗ് തിയേറ്ററിനു വേണ്ടി ദുസാൻ ഡേവിഡ് പാർസിസെക് സംവിധാനം ചെയ്ത റിഡികുലസ് ഡാർക്‌നസ്സിന്റെ രചയിതാവ് ജർമ്മൻകാരനായ വോൾഫ്രാം ലോട്സ്. ജോസഫ് കോൺറാഡിന്റെ ഹാർട്ട് ഓഫ് ഡാർക്‌നസ്സിനെയും കപ്പോളയുടെ അപൊകാലിപ്സ് നൗ എന്ന പ്രശസ്ത സിനിമയെയും സ്പർശിക്കുന്ന ഈ നാടകം ഇന്നത്തെ യൂറോപ്യൻ സാഹചര്യത്തിൽ പാശ്ചാത്യസംസ്കാരത്തിന്റെ ഔദ്ധത്യത്തെ വിമർശനപരമായി സമീപിക്കാൻ ശ്രമിക്കുന്നു.

അടുത്ത ദിവസം രാവിലെയാണ് രണ്ടു ദിവസത്തെ അന്തർദ്ദേശീയ കോൺഫറൻസ് ആരംഭിക്കുന്നത്. പുതുമയും അന്തർദ്ദേശീയ നാടകവേദിയും: വസ്തുവൽക്കരണത്തിനും കലാപരമായ ആവശ്യത്തിനുമിടയിൽ എന്നതാണ് കോൺഫറൻസിന്റെ മുഖ്യ ആശയം. രണ്ടു ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 16 പേപ്പറുകളാണ് കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ടത്. ബർലിനിൽ നിന്നെത്തിയ ജർമ്മൻ നാടകസൈദ്ധാന്തികയും അദ്ധ്യാപികയുമായ പ്രൊഫ. എറിക ഫിഷർ ലിഷ്തെയും, റുമാനിയയിലെ മുതിർന്ന നാടകപ്രവർത്തകനും നിരൂപകനുമായ ജോർജെസ് ബാനുവും മുഖ്യപ്രഭാഷണങ്ങൾ അവതരിപ്പിച്ചു.
മികച്ച നാടകനിരൂപകന് ഐ.എ. സി.ടി. നല്കുന്ന താലിയ പ്രൈസ് എന്ന പ്രശസ്തമായ അവാർഡ്, നൈജീരിയൻ നാടകപ്രവർത്തകനും നിരൂപകനുമായ ഫെമി ഒസോഫിസാനു സമർപ്പിക്കുന്ന ചടങ്ങായിരുന്നു അന്നത്തെ അടുത്ത പരിപാടി. ബൽഗ്രേഡിലെ ജർമ്മൻ അംബാസഡറുടെ വസതിയാണ് വേദി. രണ്ട് പ്രത്യേകബസ്സുകളിലായി പ്രതിനിധികൾ ജർമ്മൻ എംബസിയിലേക്ക് പുറപ്പെട്ടു. ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നു അവാർഡ് നല്കുന്ന ലളിതമായ ചടങ്ങ്. ജർമ്മൻ അംബാസഡറും നൈജീരിയൻ അംബാസഡറും പിന്നെ എറിക്ക ഫിഷർ, ഐവാൻ മെദെനീച്ച തുടങ്ങിയവരും ഏതാനും വാക്കുകൾ സംസാരിച്ചശേഷം ഐ.എ. സി. ടി.യുടെ പ്രസിഡണ്ട് മാർഗരീത സോറൻസൺ, ഫെമി ഒസോഫിസാനു അവാർഡ് സമർപ്പിച്ചു. പിന്നീട് തൊട്ടടുത്തുള്ള ആഫ്രിക്കൻ മ്യൂസിയം സന്ദർശനമായിരുന്നു. തൊട്ടടുത്താണെങ്കിലും എന്നെ സംബന്ധിച്ച് നടക്കാവുന്ന ദൂരമല്ലാതിരുന്നതിനാൽ മ്യൂസിയം സന്ദർശനം ഉപേക്ഷിച്ച്, ഒരു ടാക്സിയിൽ, ഹോട്ടലിലേക്ക് മടങ്ങി. വൈകിട്ടത്തെ നാടകത്തിനു പുറപ്പെടുംവരെ വിശ്രമിക്കാനും വൈഫൈ സൗകര്യമുപയോഗിച്ച് ഇന്റർനെറ്റിൽ കയറാനും കിട്ടിയ സമയം.

ഹോട്ടലിൽ വൈഫൈ കിട്ടുമെന്നതിനാൽ ലാപ് ടോപ് ചുമന്നു കൊണ്ടുപോയിരുന്നെങ്കിലും മുറിയിലെത്തി പ്ലഗ് പോയിന്റുകൾ പരതുമ്പോഴാണ് ഒരു സത്യം മനസ്സിലാവുന്നത്. ഇന്റർനാഷണൽ മൾട്ടിപിൻ എന്ന ധാരണയിൽ നാട്ടിൽ നിന്ന് വാങ്ങിക്കൊണ്ടു പോയിരുന്നത് യു.എസിൽ മാത്രം ഉപയോഗിക്കാൻ പറ്റുന്നതാണെന്ന് ! ടൂ പിൻ സോക്കറ്റുകളാണ് സെർബിയയിൽ. ത്രീ പിൻ ഉപയോഗിക്കാൻ പറ്റില്ല. ഭാഗ്യത്തിന് മൊബൈലിന്റേത് ടൂ പിൻ ആയിരുന്നു. അത്രയും ഭാഗ്യമില്ലാത്തവരുമുണ്ടെന്ന് വേഗം മനസ്സിലായി. മുംബൈയിൽ നിന്നെത്തിയ അരുൺ നായ്‌ക്, താഴെ റിസപ്ഷനിൽ കൊടുത്തേല്പിച്ച് ചാർജ് ചെയ്തെടുത്ത പവർ ബാങ്ക് ഉപയോഗിച്ചാണ് എന്നും സ്വന്തം മൊബൈൽ ചാർജ് ചെയ്തത്. അത്രയ്ക്ക് കഷ്ടപ്പെടേണ്ടി വന്നില്ല, ഭാഗ്യം! ഒരു മൾട്ടിപിൻ ഹോട്ടലിലുണ്ടായിരുന്നത് ഏതോ അതിഥികൾ കൊണ്ടുപോയിട്ട് തിരിച്ചു കിട്ടിയില്ല, എന്ന് റിസപ്ഷനിസ്റ്റ് ചിരിച്ചുകൊണ്ട് പറഞ്ഞു.

ബർലിനിൽ നിന്നെത്തിയ, ‘ദി അംബാസഡർ: എ ജെർമൻ - ആഫ്രിക്കൻ സിങ്സ്പീൽ,‘ എന്ന നാടകമാണ് അന്നു വൈകുന്നേരം കണ്ടത്. ബെൽഗ്രേഡ് യൂത്ത് സെന്റർ എന്ന തിയേറ്ററിലായിരുന്നു അവതരണം. ‘സിങ്സ്പീൽ,‘ എന്നാൽ 18-ആം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു തരം ജർമൻ ഓപെറയാണ്. സാധാരണ ഓപെറയുടെയത്ര ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയുള്ളതല്ല. സംഭാഷണങ്ങളുമുണ്ടാവും. ആഫ്രിക്കയുടെ മുകളിലുള്ള കൊളോണിയൽ അധിനിവേശത്തിന്റെ ചരിത്രമാണ് വിഷയം. ഇക്കൊല്ലത്തെ ബിതെഫിന്റെ പൊതുസ്വഭാവം സംഗീതത്തിനും നൃത്തത്തിനും പ്രാമുഖ്യമുള്ള അവതരണങ്ങളായിരുന്നു. ആ സ്വഭാവം പുലർത്തുന്നത് തന്നെയായിരുന്നു ഇതും എന്നു പറയേണ്ടല്ലോ. ആധുനികകാലഘട്ടത്തിലും തുടരുന്ന അധിനിവേശത്തിന്റെ നാൾവഴികൾ തന്നെയാണ് ഈ രംഗാവതരണം വരച്ചുകാട്ടാൻ ശ്രമിച്ചത്.

അടുത്ത ദിവസം പൂർണ്ണമായും തുടർച്ചയായ കോൺഫറൻസ് സെഷനുകൾ തന്നെയായിരുന്നു. ജപ്പാൻ, ഇറാൻ, ജോർജിയ, കാനഡ, ഇംഗ്ലണ്ട്, ഇറാക്ക്, റുമാനിയ, നൈജീരിയ, യു.എസ്.എ., ലാത്വിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളോടൊപ്പം, ഇന്ത്യൻ പ്രതിനിധിയായ ദീപ പുഞ്ജാനിയും പേപ്പർ അവതരിപ്പിച്ചു. ‘Newness in India in Context: New Experiences, Case Studies’ എന്ന പേപ്പറിൽ ദീപ മണിപ്പൂരിലെ പട്ടാളനിയമത്തോടുള്ള ചെറുത്തുനില്പിനെയും ഇറോം ഷർമിളയുടെ ഐതിഹാസികസമരത്തെയും മഹാശ്വേതാദേവിയുടെ ‘ദ്രൗപദി‘ക്ക്, മണിപ്പൂരി നാടകകാരിയായ സാബിത്രി നല്കിയ രംഗാവിഷ്കാരത്തെയും യുവനാടകപ്രവർത്തകയായ മല്ലികാ തനേജയുടെ ‘ഥോടാ സെ ധ്യാൻ..‘ എന്ന ഏകാംഗാവതരണത്തെയുമെല്ലാം ചേർത്തുവച്ചു.
സെർബിയൻ നാടകമായ ‘ഫ്രീഡം: ദ് മോസ്റ്റ് എക്സ്പെൻസീവ് ക്യാപിറ്റലിസ്റ്റ് വേഡ്,‘ ആയിരുന്നു അന്ന് സായാഹ്നത്തിൽ കണ്ടത്. 1989-ൽ, ബിതെഫിനു ബെൽഗ്രേഡ് നഗരസഭ സമ്മാനിച്ച, ബിതെഫ് തിയേറ്ററിലായിരുന്നു ഈ അവതരണം. രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പ് പണി തുടങ്ങിയ ഈ കെട്ടിടം ഒരു പള്ളിക്കു വേണ്ടിയായിരുന്നത്രെ നിർമ്മിച്ചു തുടങ്ങിയത്. പക്ഷെ, യുദ്ധം തുടങ്ങിയതോടെ പണി മുടങ്ങി. പിന്നീട്, ഹിറ്റ് ലറുടെ സൈനികത്താവളമായി മാറി. യുദ്ധാനന്തരം പല ഘട്ടങ്ങളിലൂടെയും കടന്നുപോയ ഈ പഴയ കെട്ടിടം പിന്നീട് ബിതെഫിന്റെ ആസ്ഥാനമായി മാറുകയായിരുന്നു. ലിഫ്റ്റില്ലാത്ത, വലിയ കോണിപ്പടികൾ വളഞ്ഞ് കയറിപ്പോകുന്ന ബിതെഫ് തിയേറ്റർ ഒരു ഇന്റിമേറ്റ് സ്പേസ് ആണ്. കുറച്ച് കാണികളെ മാത്രമേ ഉൾക്കൊള്ളാനാവൂ.


ചർച്ചായോഗത്തിന്റെ സദസ്സ്. ലേഖിക മുൻനിരയിൽ ഇടത്തേ അറ്റത്ത്

അവിടെ കണ്ട ‘ഫ്രീഡം….‘ ഇന്നത്തെ ഈസ്റ്റ് യൂറോപ്യൻ അവസ്ഥയിൽ നിന്ന് നോക്കുമ്പോൾ തീർത്തും അസാധാരണമായ ഒരു നാടകമായിരുന്നു. സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ പാശ്ചാത്യലോകത്തിനു ആകെക്കൂടി അവശേഷിച്ച ‘കമ്യൂണിസ്റ്റ് ഭീകരലോകമാണ്‘ ഉത്തര കൊറിയ. ഉത്തരകൊറിയയെക്കുറിച്ചുള്ള പ്രൊപ്പഗാൻഡ കേട്ടുവളർന്ന രണ്ടു യുവതികൾ, എന്താണാ നാടിന്റെ യാഥാർത്ഥ്യമെന്നറിയാൻ ഒരു അന്വേഷണയാത്രയ്ക്ക് തിരിക്കുന്നു. രചയിതാക്കളും സംവിധായകരും അഭിനേതാക്കളുമെല്ലാം ഇതിൽ ഒന്നു തന്നെയാണ് – മായ, ഓൾഗ എന്ന രണ്ട് യുവതികൾ. ഉത്തര കൊറിയയെക്കുറിച്ചുള്ള പാശ്ചാത്യപ്രചാരകഥകളിൽ നിന്ന് തുടങ്ങി അതിനെയെല്ലാം ശരിവെയ്ക്കുന്ന പോലെ നീങ്ങുന്ന നാടകം വളരെ നാടകീയമായിത്തന്നെ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. തങ്ങൾ നേരത്തെ പറഞ്ഞ ‘അനുഭവകഥകൾ‘ എല്ലാം കെട്ടുകഥകൾ ആണെന്നും മറ്റേതൊരു രാജ്യത്തെയും പോലെ സാധാരണരീതിയിൽ ജീവിക്കുന്ന ജനങ്ങളെയാണ് തങ്ങളവിടെ കണ്ടതെന്നും അഭിനേതാക്കൾ അറിയിക്കുന്നു. ‘എന്താണ് സ്വാതന്ത്ര്യം ?‘ എന്ന ചോദ്യമാണ് അവർ നമ്മുടെ മുന്നിലേക്കെറിയുന്നത്.
നാലാം ദിവസം ക്രിടിക്‌സ് അസോസിയേഷന്റെ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുക്കലായിരുന്നു. മാർഗരെറ്റാ സൊറൻസണും മൈക്കൻ വയസ്സും പ്രസിഡണ്ടും സെക്രട്ടറി ജനറലുമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ദീപ അടക്കം 10 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയും. ആസ്ട്രിയയിൽ നിന്നെത്തിയ ഇബ്സന്റെ പ്രസിദ്ധമായ ഡോൾസ് ഹൗസിന്റെയും പില്ലേഴ്സ് ഓഫ് സൊസൈറ്റിയുടെയും ഒരു പുനരാവിഷ്കരണമായിരുന്നു അന്നു കണ്ട നാടകം.

പിറ്റേന്ന്, ഉച്ചഭക്ഷണവേളയിൽ, തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ‘ദേശഭക്ത‘ നെന്ന് അതിനകം സ്വയം വെളിപ്പെടുത്തിക്കഴിഞ്ഞിരുന്ന അരുൺ നായക് ആത്മഗതമെന്നോണം പറഞ്ഞു. ‘ദീപ ആ ചൈനീസ് പ്രതിനിധിക്ക് വോട്ട് ചെയ്യാൻ പാടില്ലായിരുന്നു. ചൈനീസ് പീപ്പിൾ ഡോണ്ട് ലൈക് അസ്.‘ ദേശഭക്തി ചൈനയുടെ നേരെയും തിരിയുന്ന കാലമായതു കൊണ്ട് ഒന്നും പറഞ്ഞില്ല.

അടുത്ത ദിവസം, സമ്മേളനപ്രതിനിധികൾക്ക് ഒഴിവായതു കൊണ്ട്, ചില്ലറ ഷോപ്പിംഗ് നടത്താൻ പറ്റുമോ എന്നന്വേഷിച്ചു. ക്യൂരിയോ ഷോപ്പുകൾ ഏതു ഭാഗത്താണെന്നറിയാമോ എന്നു തിരക്കിയപ്പോൾ, തിയേറ്ററിൽ ജോലി ചെയ്യുന്നവരോട് തിരക്കട്ടെ എന്നു പറഞ്ഞു ദുസാന. അല്പം കഴിഞ്ഞപ്പോൾ, മുറിയിലേക്ക് ഫോൺ വന്നു. 11 മണിക്ക് കാർ താഴെയെത്തും. റെഡിയായി നിന്നോളു. സംഘാടകരുടെ ആതിഥ്യമികവും, എനിക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കാൻ കാണിക്കുന്ന നിഷ്കർഷയും ബോദ്ധ്യപ്പെട്ടിരുന്നിട്ടും, താഴെ ലോബിയിലെത്തിയപ്പോൾ അന്തം വിട്ടുപോയി. ഒരു വീൽ ചെയറുമായി യുഗോസ്ലാവ് ഡ്രാമാ തിയേറ്ററിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കാത്തുനില്ക്കുന്നു. പുറത്ത് ടാക്സിയും. യാത്ര പുറപ്പെട്ടു കഴിഞ്ഞപ്പോഴാണു കാര്യം മനസ്സിലായത്. വാഹനഗതാഗതം നിരോധിച്ചിട്ടുള്ള നെസ് മിഹൈലോവ എന്ന ഹെരിറ്റേജ് പ്രദേശത്ത് കൂടി എന്നെ വീൽചെയറിൽ ഉന്തിക്കൊണ്ടു പോയി കാഴ്ചകൾ കാണിച്ചു തരാനാണ് ബോബാ എന്ന് വിളിക്കുന്ന ബോറിസ് എത്തിയിരിക്കുന്നത്! അവിടെയാണത്രെ ടൂറിസ്റ്റുകളെ ഉദ്ദേശിച്ചുള്ള ചെറിയ കൗതുകവസ്തുക്കടകളേറെ. ബോറിസ് അതുകൊണ്ടും നിർത്തിയില്ല. ബെൽഗ്രേഡിലെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നായ കോട്ട, അതൊരു യുദ്ധമ്യൂസിയം കൂടിയാണിപ്പോൾ, കാണിച്ചുതരാനായി, ഒരുപാടുദൂരം വീൽചെയർ തള്ളി, എന്നെ കൊണ്ടുപോവുകവരെ ചെയ്തു! ഇതൊന്നും അദ്ദേഹത്തിന്റെ ഔദ്യോഗികചുമതലയിൽപ്പെട്ടതല്ലെന്ന് പറയേണ്ടല്ലോ. വെറും മാനുഷികപരിഗണന മാത്രം! ബെൽഗ്രേഡ് യാത്രയിലെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു അത്.

യുദ്ധക്കെടുതികൾ താണ്ടി തളർന്നുപോയൊരു നഗരമാണു ബെൽഗ്രേഡ്. സെർബിയയുടെ മൊത്തം സ്ഥിതിയും വ്യത്യസ്തമല്ല. രാത്രി, ഹോട്ടലിന്റെ തൊട്ടടുത്തുള്ള പാസ്താ റെസ്റ്റോറന്റിൽ വഴിയോരത്തേക്ക് ഇറക്കിയിട്ടിട്ടുള്ള മേശകളിലൊന്നിലിരുന്ന് ഞാനും ദീപയും ഒമാനിൽ നിന്നെത്തിയ അബ്ദുൾ കരീമും ആഹാരം കഴിക്കുമ്പോൾ കഷ്ടിച്ച് അഞ്ചോ ആറോ വയസ്സായിട്ടില്ലാത്ത മൂന്ന് കുട്ടികൾ കൈനീട്ടി വന്നു. ‘മണി, മണി‘ എന്നാവശ്യപ്പെടാനുള്ള ഇംഗ്ലീഷ്. ‘ജിപ്സികളായിരിക്കണം,‘ ദീപ പറഞ്ഞു. എന്തായാലും പണം കൊടുക്കില്ലെന്നു തീരുമാനിച്ച്, ഒരു പാഴ്സൽ പാസ്ത വാങ്ങിക്കൊടുത്തു.

പിച്ച ചോദിച്ചെത്തുന്നവരോടൊപ്പം കാണുന്ന ദൃശ്യമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന, ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനടുത്തെത്തിയിട്ടും യുദ്ധത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങാത്തയിടം. ഇന്ത്യയിൽ അതിർത്തി സംഘർഷത്തിലേക്ക് നീങ്ങുന്ന വാർത്തകൾ എത്തിയ ദിവസം ഹോട്ടലിലെ റിസപ്ഷനിസ്റ്റ് ചോദിച്ചു, ‘എന്താണു നിങ്ങളുടെ രാജ്യത്ത് കുഴപ്പമുണ്ടോ ?‘ അറിഞ്ഞിടത്തോളം കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അയാൾ തലയാട്ടി. പരിചയസമ്പന്നനെപ്പോലെ. ലൈൻ ഓഫ് കൺട്രോളും യുദ്ധവുമൊക്കെ അവർക്ക് ഏതോ മഞ്ഞുമൂടിയ മലനിരകളിലല്ല, വീട്ടുമുറ്റത്തായിരുന്നല്ലോ എന്ന് അപ്പോഴോർത്തു. അതിനു തലേന്ന് ഉച്ചക്ക് ബെൽഗ്രേഡ് നഗരം ചുറ്റിക്കാണിച്ചുതന്ന ടാക്സി ഡ്രൈവർ നിനദ് ചൂണ്ടിക്കാണിച്ചുതന്ന കെട്ടിടാവശിഷ്ടങ്ങളേയും. തപ്പിത്തടയുന്ന ഇംഗ്ലീഷ് മതിയായിരുന്നു അയാൾക്ക് ഏതാണ്ട് രണ്ടു പതിറ്റാണ്ടിനപ്പുറം അവർ ജീവിച്ചുതീർത്ത ദുഃസ്വപ്നത്തിന്റെ തീക്ഷ്ണതകൾ പറഞ്ഞ് മനസ്സിലാക്കാൻ. പ്രതാപത്തോടെ തലയുയർത്തി നില്ക്കുന്ന കൂറ്റൻ കെട്ടിടമായ ഹോട്ടൽ യുഗോസ്ലാവിയയിൽ അതിഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബോംബുകൾ വീഴാൻ തുടങ്ങിയതും എംബസികളും സൈനികത്താവളങ്ങളും ലക്ഷ്യം വെച്ച് ബോംബുകൾ വീണതുമെല്ലാം അയാൾ വർണ്ണിച്ചു.

നീണ്ടുയർന്നു നില്ക്കുന്ന ഒരു അംബരചുംബിയെ ചൂണ്ടി, നിനദ് മുറി ഇംഗ്ലീഷിൽ പറഞ്ഞു: പഴയ യുഗോസ്ലാവിയൻ കാലത്ത്, കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസായിരുന്ന കെട്ടിടം. ഇപ്പോൾ കമേഴ്സ്യൽ സെന്റർ ആണ്.
രണ്ട് നദികളാണ് ബെൽഗ്രേഡിനെ ചുറ്റിയൊഴുകുന്നത്. ദൂനാ നദിയും സാവാ നദിയും. നദികളുടെ ഇരുകരയിലുമായി പഴയ നഗരവും പുതിയ നഗരവും സ്ഥിതിചെയ്യുന്നു. പുരാതനമായ കെട്ടിടങ്ങൾ നിരന്നുനില്ക്കുന്ന ഓൾഡ് ബെൽഗ്രേഡ് മനോഹരമാണ്. നദിക്കക്കരെ, പുതിയ ബെൽഗ്രേഡിൽ, സെർബിയയുടെ പുത്തൻ വികസനശ്രമങ്ങളുടെ അടയാളങ്ങളായി മാളുകളും ഐ. ടി. കേന്ദ്രങ്ങളും തലയുയർത്തി നില്ക്കുന്നു.

ഒക്ടോബർ 1-നു മടക്കയാത്ര പുറപ്പെട്ടപ്പോൾ, എയർപോർട്ടിലേക്കുള്ള കാറിൽ സഹയാത്രികരായിരുന്ന ചൈനീസ് പ്രതിനിധികളിലൊരാളായ ലി ജിങിന് വഴിയിലുള്ള വ്യാപാരകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടിക്കൊടുത്തപ്പോൾ, ഉടനടി വന്നു മറുപടി, നല്ല ഇംഗ്ലീഷിൽ - ‘I don’t like malls, I like parks more.’ ബീജിങ്ങിൽ ഗവേഷണവിദ്യാർത്ഥിനിയായ ലീ ജിങും നിങ് സൂവും, ഗ്രീസിലേക്കാണ് പോകുന്നത്. വെറുതെ, ഒരു ഹോളിഡേ ട്രിപ്. എയർപോർട്ടിൽ, എനിക്ക് വേണ്ട പ്രത്യേക സൗകര്യങ്ങൾ ലഭിക്കാൻ കൂടെയുള്ളവരാരെങ്കിലും എയർ ലൈനിന്റെ കൗണ്ടറിൽ ചെന്ന് അറിയിക്കേണ്ടതുണ്ടായിരുന്നു. ആ ഉത്തരവാദിത്വം സംഘാടകരിൽനിന്ന് ഏറ്റെടുത്തത് ഈ രണ്ട് ചൈനീസ് പെൺകുട്ടികളാണ്. എയർപോർട്ടിൽ ചെന്നിറങ്ങി, എതിഹാദിന്റെ കൗണ്ടർ കണ്ടുപിടിച്ച് എന്നെ അകത്തെത്തിച്ച് ബാഗേജ് കൊണ്ടുപോയി ചെക്കിൻ ചെയ്ത് എതിഹാദിന്റെ ഉദ്യോഗസ്ഥർ വീൽ ചെയറുമായി എത്തിയെന്നുറപ്പിച്ചിട്ടേ അവർ തങ്ങളുടെ ചെക്കിൻ കൗണ്ടർ തേടിപ്പോയുള്ളു. അല്പം കഴിഞ്ഞ് എതിഹാദിന്റെ പ്രതിനിധി എന്നെയും കൊണ്ട് ചെക്കിൻ ചെയ്യാൻ പോകുമ്പോൾ തിരക്കിനിടയിൽ അവരുടെ അഡ്രസ് വാങ്ങാൻ മറന്നല്ലോ എന്നോർത്തിരിക്കുമ്പോഴാണ് പെട്ടെന്ന്, തൊട്ടപ്പുറത്തെ കൗണ്ടറിൽ ലീയെയും നിങിനെയും കണ്ടത്. അല്പസമയംകൊണ്ട്, മൊബൈലിൽ ഇമെയിൽ ഐ.ഡി. കുറിച്ചെടുത്ത് വീണ്ടും യാത്ര പറയുമ്പോൾ അരുൺ നായക്കിന്റെ വാക്കുകളോർത്തു. ‘ചൈനീസ് പീപ്പിൾ ഡോണ്ട് ലൈക് അസ്.‘

രാഷ്ട്രീയഭൂപടങ്ങൾക്കും അതിർത്തികൾക്കുമുള്ളിൽ എങ്ങുമുള്ളത് വെറും മനുഷ്യർ മാത്രമാണെന്ന് തൊട്ടറിയാനായില്ലെങ്കിൽ പിന്നെ യാത്ര കൊണ്ടെന്തു ഫലം !

Subscribe Tharjani |