തര്‍ജ്ജനി

സുനി സുരേന്ദ്രൻ

Visit Home Page ...

കഥ

പിറവി

ആശുപത്രി വരാന്തയുടെ അരികിലുള്ള ജനാലയിലൂടെ പുറത്തേക്കുനോക്കി നില്ക്കുമ്പോളാണ് പുറകിൽ നിന്നും ഒരു വിളി കേട്ടത് ...
"ടാ....സുനി ...."
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവളുടെ അച്ഛൻ... ഞാൻ പുള്ളിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"....മോളോട് ചോദിച്ചപ്പോ പറഞ്ഞു നീ ഇവിടെ നിക്കുന്നുണ്ടെന്ന് .... നീ എന്താ മാറി നില്ക്കുന്നത് ....?" പുള്ളി എന്നോട് ചോദിച്ചു.
"ഞാൻ ചുമ്മാ ഒന്ന് മാറി നിന്നതാ .... കുറച്ചുസമയം കൂടെ കഴിഞ്ഞു അറിയാം...." ഞാൻ പറഞ്ഞു.
"ഹ്മ്.... ഇനി ഇപ്പൊ വർഷങ്ങളായി ഉള്ള നിങ്ങളുടെ രണ്ടു പേരുടെയും കാത്തിരിപ്പ് അങ്ങ് തീർന്നല്ലോ..... ഭഗവാനെ..... നീ കാത്തു ....." അവളുടെ അച്ഛൻ എന്നോട് പറഞ്ഞു.
"അതെ..... ഇങ്ങനെ ഒരു കാര്യത്തിനു അവൾക്കും ആദ്യം ഒരു മടി ഉണ്ടായിരുന്നു ... പക്ഷെ കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ അവളും ഓക്കേ പറഞ്ഞു ".
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്നാലും നിങ്ങൾ രണ്ടും കൊള്ളാം... രണ്ടു പേരും ഒരു വാക്കുപോലും പറഞ്ഞില്ലില്ലോ ഞങ്ങളോട് .... അച്ഛനും അമ്മയും ആണെന്നുപോലും ഓർത്തില്ല, അല്ലെ ..." അച്ഛൻ പറഞ്ഞു.
"ഹേയ് , അതല്ല അച്ഛാ... ഞാനാണ് അവളോട്‌ പറഞ്ഞത്... എല്ലാം കഴിഞ്ഞിട്ട് അവരോട് പറയാം എന്ന് ... പക്ഷെ അവൾ വിളിച്ചു പറഞ്ഞു, അല്ലെ... പാവം .." ഞാൻ പറഞ്ഞു.
"അതെ... അവൾ ഇന്ന് രാവിലെ വിളിച്ചു പറഞ്ഞു, അമ്മയോട് ... ഇങ്ങനെ ഒരു കാര്യം നടത്തുവാ എന്ന് .... അതുകൊണ്ടാ അപ്പൊ തന്നെ ഇങ്ങോട്ട് വന്നത് ഞാൻ ... അത് പോട്ടെ ... ഇത് എവിടുള്ളതാണ് കുട്ടി ?..." അച്ഛൻ ചോദിച്ചു.
"അത് എന്റെ ഓഫീസിന് അടുത്തുള്ള ഒരു സ്ത്രീ ആണ് .... ആദ്യം അവരോടു കാര്യം പറഞ്ഞപ്പോൾ ഒന്ന് എതിർത്ത് ... പിന്നെ ഞങ്ങളുടെ അവസ്ഥയും ഇത്രയും വർഷം ആയിട്ടുള്ള കാത്തിരിപ്പും മനസ്സിലായപ്പോൾ അവർ സമ്മതിച്ചു." ഞാൻ പറഞ്ഞു.
"ആ .... ഭാഗ്യം .... അതേയ് ... മോനെ സുനി .... അവർ ഹിന്ദുവിലെ ഏതാ വിഭാഗം ?.... നായർ തന്നെയല്ലെ ?.... അറിയാം, നീ അത് നോക്കിയും കണ്ടേ ചെയ്യും എന്ന് ... എന്നാലും എന്റെ ഒരു സമാധാനത്തിന് ....!!". അച്ഛൻ ചോദിച്ചു.
ഞാൻ അച്ഛനെ ഒന്ന് നോക്കി ... എന്നിട്ട് പറഞ്ഞു .
".... അത് ..... അത് .. അല്ല അച്ഛാ .... അവർ ഒരു മുസ്ലീം സ്ത്രീയാണ് ....".
ഞാൻ പറഞ്ഞത് കേട്ട് വിശ്വാസമാകാത്തവിധം എന്നെ ഒന്ന് തീഷ്ണമായി കൂർപ്പിച്ചു നോക്കി അച്ഛൻ .... എന്നിട്ട് പറഞ്ഞു.
"നീ എന്താ ഈ പറയുന്നേ ...?....മുസ്ലീമോ ?... ശിവ ... ശിവ .... നിനക്ക് എങ്ങനെ തോന്നി ഇത് ചെയ്യാൻ ... അതും മറ്റൊരു മതത്തിലെ സ്ത്രീയുടെ .... ഇത് ഞാൻ ജീവനോടെ ഇരിക്കുമ്പോൾ അനുവദിക്കില്ല ... ഒരു നായർ കുടുംബത്തില എവിടെയോ കിടക്കുന്ന കണ്ട മുസ്ലീം സ്ത്രീയുടെ രക്തം .... ഇല്ല .... ഇത് സമ്മതിക്കില്ല ... ഇതിൽനിന്ന് നീ പിന്മാറിയില്ല എങ്കിൽ എന്റെ മോളെ ഞാൻ വീട്ടിലേക്കു കൊണ്ടുപോകും .... നിനക്ക് തോന്നിയത് പോലെ ചെയ്യാൻ അല്ല എന്റെ മോളുടെ ജീവിതം ..??...".
അച്ഛൻ പറയുന്നത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു..... പുറത്തു പെയ്യുന്ന ചാറ്റൽമഴയെ ഞാൻ ആ ജനാലയിലൂടെ നോക്കി നിന്നു.... ഞാൻ ഒരു മറുപടിയും പറയുന്നില്ല എന്ന് കണ്ടപ്പോൾ അച്ഛൻ എന്റെ തോളിൽ തട്ടിക്കൊണ്ട് ഒന്നുകൂടെ പറഞ്ഞു.
"നീ എന്താ ഒന്നും മിണ്ടാതെ നില്ക്കുന്നത് .... ആളെ കളിയാക്കുവാണോ ?..... അനു .... എടി അനു ....." അയാൾ അവിടെ നിന്നു കൊണ്ട് ഉറക്കെ അപ്പുറത്ത് ഇരുന്ന അവളെ വിളിച്ചു.
അച്ഛൻ വിളിച്ചത് കേട്ട് അവൾ അവിടേക്ക് ഓടി വന്നു എന്നെയും അച്ഛനെയും നോക്കി .... എന്താ പറ്റിയതെന്നു അറിയാതെ അവൾ നിന്നു ... ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു .... ഞാൻ ചിരിച്ചത് കണ്ടു അവൾ ചോദിച്ചു .
"എന്താ ഏട്ടാ ?...എന്ത് പറ്റി ?.. ".
അവൾ ചോദിച്ചത് കേട്ട് അച്ഛൻ എന്തോ പറയാൻ വന്നപ്പോൾ പെട്ടെന്ന് അകത്തെ റൂമിൽ നിന്നും ഒരു നേഴ്സ് ഇറങ്ങി വന്നു ഞങ്ങളെ നോക്കി പറഞ്ഞു.
"അനു .... ദേ നോക്ക്, നിനക്ക് ഇനി ചോദിക്കാനും പറയാനും ഒരു ആണ്‍കുട്ടിയാണ് ഉള്ളത് ഹ ഹ .. ..'
അവരുടെ കയ്യിൽ ഇരിക്കുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ അവൾ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു, ആ കുഞ്ഞിനെ വാരി നെഞ്ചോട്‌ ചേർത്തുപിടിച്ചു .... അതിന്റെ നെറ്റിയിൽ ഒരു കുഞ്ഞുമ്മ കൊടുത്തകൊണ്ട് അവൾ എന്നെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .... ഞാൻ അവളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചിട്ട് അച്ഛനെ നോക്കി ... എന്നിട്ട് പറഞ്ഞു.
'അച്ഛൻ അത് കണ്ടോ .... അത് നിങ്ങളുടെ മോൾ അല്ലെ .... അവളുടെ ആ കാണുന്ന കണ്ണുനീർ കണ്ടോ.... അവളുടെ ആ സന്തോഷം കണ്ടോ .... അത് ഒരു അമ്മയുടെ ആണ് .... വർഷങ്ങളായി ഒരു കുഞ്ഞിനു വേണ്ടി ഞാനും അവളും കാത്തിരുന്ന ആ കണ്ണുനീർ ..... അതിപ്പോ അവളുടെ ഹൃദയത്തിൽ നിന്നുമാണ് വരുന്നത് ... ആ ബാഷ്പതുള്ളികൾക്ക് ഇപ്പോൾ മതമോ ... ജാതിയോ .... ഏതാണ് എന്ന് അറിയില്ല ... കാരണം അത് അവളുടെ സ്നേഹം മാത്രമേ കാണുന്നുള്ളൂ ..."
ഞാൻ പറയുന്നിതിനിടയിൽ എന്റെ ശബ്ദം ഇടറുന്നത് കണ്ട അച്ഛൻ പറഞ്ഞു.
"മോനെ ...അത് ...!!!".
"അതെ അച്ഛാ ....ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകില്ല എന്ന് അറിഞ്ഞത് കൊണ്ടാണ് നിങ്ങൾ ആരും അറിയാതെ ഒരു വാടകഗർഭപാത്രം എടുക്കാൻ തീരുമാനിച്ചത് .... ഒരു കുഞ്ഞിക്കാൽ കാണാൻവേണ്ടി ഞങ്ങളുടെ മുമ്പിൽ ഹിന്ദു വേണോ മുസ്ലീം വേണോ എന്നൊന്നും ചിന്ത ഇല്ലായിരുന്നു .... അമ്മയാകാൻ കഴിയുന്ന ഒരു സ്ത്രീ മാത്രം .... അതിനു ഒരു വർഗ്ഗീയതയും ഞാൻ കണ്ടില്ല .... ആ കുഞ്ഞിന്റെ ശരീരത്തിൽ ഓടുന്നത് ഇപ്പോൾ ഒരു ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ അല്ല .... ഞാൻ എന്ന ഒരു മനുഷ്യന്റെ ആണ് ...."
അത്രയും പറഞ്ഞു ഞാൻ നിന്നപ്പോൾ എന്റെ കണ്ണുകൾ എന്റെ അരികിലേക്ക് അവൾ എടുത്തു കൊണ്ട് വരുന്ന ആ കുഞ്ഞുകണ്ണുകളിലേക്കു ആയിരുന്നു ...

Subscribe Tharjani |