തര്‍ജ്ജനി

സജയ്. കെ. വി

ഇംഗ്ലീഷ് വിഭാഗം,
ഗവ. കോളേജ്,
മടപ്പള്ളി.

Visit Home Page ...

ലേഖനം

കവിയും കാട്ടപ്പയും കിളിയും


പി.കുഞ്ഞിരാമന്‍നായര്‍

1961ലാണ് പി.കുഞ്ഞിരാമന്‍നായര്‍ നഗ്നകേരളം എന്ന കവിത എഴുതുന്നത്. അതായത്, കേരളപ്പിറവിക്കുശേഷം ഒരു പഞ്ചവത്സരം പിന്നിടുമ്പോള്‍. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഈടുവെപ്പുകള്‍ ധൂര്‍ത്തടിക്കപ്പെട്ട്, നഗ്നവും നിരാധാരവും നിന്ദ്യവുമായ നിലയിലായിക്കഴിഞ്ഞു കേരളപ്പിറവിക്കുശേഷം അരപ്പതിറ്റാണ്ടിനുള്ളില്‍ തന്റെ കേരളം, എന്ന് പി പരിതപിക്കുന്നു. നഷ്ടവിഭൂതികളുടെയും വര്‍ത്തമാനവിപര്യയങ്ങളുടെയും ഒരു നീണ്ടനിരതന്നെ കവിതയില്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ ഇന്നും പ്രസക്തമായി, ആ കവിതയുടെ നടുവില്‍ എഴുന്നുനിന്ന്, നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരീരടിയുണ്ട്.

മുളയ്ക്കും കാട്ടപ്പയ്ക്കും
കവിക്കും പറവയ്ക്കും
പൊറുതിക്കൂടില്ലാത്തൊ-
രുന്മത്ത സംസ്ഥാനത്തില്‍..

ഉന്മത്തസംസ്ഥാനം എന്ന് പി കേരളത്തെ വിശേഷിപ്പിക്കുന്നു. ആ ഉന്മത്തതയുടെ സ്വഭാവനിര്‍വ്വചനമാണ് ഈ ഈരടിയില്‍. നാലുകൂട്ടര്‍ക്കാണ് പൊറുതിക്കൂടില്ലാതായിരിക്കുന്നത്, നമ്മുടെ നാട്ടില്‍. മുളയ്ക്ക്, കാട്ടപ്പയ്ക്ക്, കവിയ്ക്ക്, പറവയ്ക്ക്. ചില സസ്യങ്ങളെയും ചില മനുഷ്യരെയും പറവകളെയും ചേര്‍ത്തുനിര്‍ത്തുകയാണ് കവി. നാല്‍വരും കേരളം എന്ന ഉന്മാദബാധിതപ്രദേശത്തുനിന്ന് ബഹിഷ്കൃതര്‍. മുള, പുല്ലാങ്കുഴലായി സംഗീതം പൊഴിക്കുന്ന മെലിഞ്ഞ തൃണസസ്യം. കാട്ടപ്പയാകട്ടെ ഏറെക്കുറേ നിസ്സാരമായ ഒരു കളസസ്യവും. കവിയേയും പറവയെയും സമീകരിക്കുന്നത് അവരുടെ പാടാനും പറന്നുയരാനുമുള്ള ശേഷി. ഈ നാല്‍വരെയാണ് പൊറുതിക്കൂടിനിടം നല്കാതെ കേരളം എന്ന നവജാതസംസ്ഥാനം പുറംതള്ളിയിരിക്കുന്നത്. കാട്ടപ്പയെ ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിയില്‍ വിവരിക്കുന്നതിങ്ങനെ: ഒരു ചെടി, അപ്പയില്‍ ഒരിനം, പുറങ്കൈനാറിച്ചെടി, അര്‍ശസ്സിന് നന്ന്, ശൂലയ്ക്ക് വിശേഷം. വാതഹരമാണ്. വെള്ളം വെന്തുകുളിപ്പിച്ചാല്‍ പനിയും കരപ്പനും ശമിക്കും. നാം കരുതുന്നതുപോലെ അത്രയൊന്നും നിഷ്പ്രയോജനമല്ല കാട്ടപ്പ. കവിയും കിളിയും മുളയും നിഷ്കാസിതരാവുന്നതോടെ, അതിനും പൊരുതിക്കൂടില്ലാതായി മാറുന്നു! പൊറുതിക്കൂട് എന്ന പ്രയോഗം ഈ സന്ദര്‍ഭത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. മലയാളഭാഷയ്ക്കുമാത്രം സ്വന്തമായ നാനാര്‍ത്ഥവിസ്താരമുണ്ട് പൊറുതി എന്ന വാക്കിന്. ക്ഷമ, രക്ഷ, പാര്‍പ്പ്, ഉപജീവനം, ഉപജീവനമാര്‍ഗ്ഗം, രോഗശമനം, ഭാര്യ, കുടുംബം, സഹശയനം എന്നെല്ലാം ആ വാക്കിനര്‍ത്ഥമുണ്ട്. ചിലതൊക്കെ പൊറുക്കുകയും പലപ്പോഴും പൊറുതികേട് അനുഭവിക്കുകയും ചെയ്യുന്നവന്‍ മലയാളി. പൊറുതിക്കാരന്‍ തമസക്കാരനും ധനവാനുമാണ്, പൊറുതിവീട് തല്ക്കാലം ആഹാരം കഴിച്ച് താമസിക്കുന്ന വീടും. പൊറുപ്പിക്കുക എന്നാല്‍ രോഗശമനം വരുത്തുക എന്നും ഭാര്യയെ പാര്‍പ്പിക്കുക എന്നും തീറ്റിപ്പോറ്റുക എന്നും അര്‍ത്ഥം. പലപ്പോഴും പൊറുതിവീട് (വാടകവീട്) പോലുമില്ലാതെ ഉഴന്നവന്‍, പി. കുഞ്ഞിരാമന്‍നായര്‍ എന്ന കവി, അഥവാ പല പൊറുതിവീടുകളില്‍ പൊറുതിയില്ലാതെ മാറിത്താമസിച്ചവന്‍. പലരോടൊപ്പം പൊറുത്തിട്ടും പൊറുതികിട്ടാതെ അലഞ്ഞവനും (ഇരിക്കപ്പൊറുതി, നില്ക്കപ്പൊറുതി, കിടക്കപ്പൊറുതി എന്നിങ്ങനെ മലയാളികളുടെ പൊറുതികള്‍ മൂന്നുവിധം. ഈ മൂന്നുമില്ലായിരുന്നു പി.യ്ക്ക്) ഈ കവി. ഓണക്കാലം വന്നാല്‍മാത്രം, അതുവരെ പൊറുതികെട്ടലഞ്ഞ കവിയ്ക്ക്, പൊറുതിയും ചൊറുപ്പും കൈവരുമായിരുന്നു.

വരുമോ പൊറുതിക്കൂട്ടിനകത്തൊരു
പൊന്‍തിരി വയ്ക്കാന്‍ നീ?
തരുമോ, കൂടയില്‍നിന്നും ചമ്പക-
മലരുകള്‍ തരുമോ നീ?

പൊറുതിക്കൂടിനകത്ത് പൊന്‍തിരിവയ്ക്കുന്നു, കവിത. അതിനാല്‍ ഓണക്കാലമേതും കവിതക്കാലം കൂടിയായി മാറി, പി.യ്ക്ക്. ഓണക്കാലം കവിയേയും മുളയേയും കിളിയേയും കാട്ടപ്പയേയും ഒരേ പന്തിയില്‍ വിളിച്ചിരുത്തി സല്ക്കരിക്കുന്ന, പാരിസ്ഥിതികം കൂടിയായ തുല്യതയും നീതിയും സാഹോദര്യവും പുലരുന്ന, കവിയുടെ, കവിതയുടെയും സ്വപ്ന ഋതു. പി.യ്ക്കും പറവയ്ക്കും മുളയ്ക്കും കാട്ടപ്പയ്ക്കും സമകാലകേരളം നിഷേധിച്ച പൊറുതിക്കൂടാണ് ഓണവും മഹാബലിയും ചേര്‍ന്ന് വീണ്ടെടുത്ത് നല്കുന്നത്. അതൊരുതരം ഉട്ടോപ്പിയ. മലയാളമണ്ണിലും മറ്റൊരു മണ്ണിലും വേരുകളില്ലാത്തത്. മണ്ണുകൊണ്ട്, മണ്ണില്‍നിന്നുയരെ വേട്ടാളന്‍ മെനയുന്ന കൂടിന് നിലംതൊടാമണ്ണ് എന്ന് പറയും. വേട്ടാളന്റെ പൊറുതിക്കൂടാണത്. വിഷുക്കണി എന്ന കവിതയില്‍ സ്വയമൊരു പുതുവേട്ടാളന്‍കുഞ്ഞായിപ്പകരുന്നുണ്ട്, വൈലോപ്പിള്ളി.

അതുനല്ലത്, പക്ഷെ വിഹരിപ്പതീ വെയിലില്‍
പുതുവേട്ടാളന്‍കുഞ്ഞുപോലെയെന്‍ കുട്ടിക്കാലം.

കവികള്‍ വേട്ടാളന്‍ കുഞ്ഞിനെപ്പോലെ വെയിലില്‍ പറന്നലയുകയും നിലംതൊടാമണ്ണ് എന്നുകൂടി പേരുനല്കാവുന്ന പൊറുതികള്‍, ഉട്ടോപ്പിയകള്‍ പണിയുകയും ചെയ്യുന്നവര്‍. തന്റെ ഉട്ടോപ്പിയന്‍ പ്രപഞ്ചത്തില്‍ കിളിക്കും കാട്ടപ്പയ്ക്കും മുളയ്ക്കുമൊപ്പം പൊറുക്കാനാഗ്രഹിച്ചു, മഹാകവി പി. അത്തരം ഒരു ഉട്ടോപ്പിയ ആവില്ല തന്റെ കേരളം ഒരിക്കലും എന്ന് പി. കണ്ടു; ആ ഉട്ടോപ്പിയില്‍ കുറഞ്ഞതൊന്നും തനിക്ക് പൊരുതിക്കൂടാവില്ലെന്നും.

ആദ്യവായനയില്‍ കിളിക്കും മുളയ്ക്കും കവിക്കുമൊപ്പം, കാട്ടപ്പയ്ക്ക് എന്ത് പ്രസക്തിയെന്ന് ഏത് വായനക്കാരനും അമ്പരന്നേക്കാനിടയുണ്ട്. ആ അമ്പരപ്പിന് പൊറുതികിട്ടുക, പൊറുതി രോഗശമനമാണെന്നും കാട്ടപ്പ, അത്തരമൊരു ഔഷധമൂല്യത്തോടുകൂടിയ ചെടിയാണെന്നും മനസ്സിലാകുമ്പോഴാണ്. അതോടെ, പൊറുതികേടിന്റെ കവിയായ പിയ്ക്ക് കാട്ടപ്പയും കവിതയുടെ മറുപേരായിരുന്നു എന്ന് വ്യക്തമാകുന്നു. ഇത്തരം വെളിച്ചങ്ങളുടെ വെളിച്ചത്തിരുന്ന് , കേരളസംസ്ഥാനം അതിന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പിയുടെ നഗ്നകേരളവും അതിലെ അസാധാരണമായ ഈ ഈരടിയും വായിക്കുകയായിരുന്നു, നാമിതുവരെ.

കവിയ്ക്കും കാട്ടപ്പയ്ക്കും കവിയ്ക്കും പറവയ്ക്കും പൊറുതിക്കൂടുള്ള സംസ്ഥാനമായി, കേരളം മലയാളികളുടെ മാതൃഭൂമി, എന്നെങ്കിലും മാറുമോ? ഇല്ല! കാരണം അതൊരു ഉട്ടോപ്പിയ മാത്രമാകുന്നു. അത്തരമൊരു ഉട്ടോപ്പിയയുടെ കവിയായിരുന്നു പി. ആ ഉട്ടോപ്പിയയുടെ ബ്ലൂപ്രിന്റാണ് നഗ്നകേരളമെന്നപോലെ പിയുടെ ഓരോ കവിതയും. തന്റെ ഉട്ടോപ്പിയുടെ ബ്ലുപ്രിന്റിനെ കേരളവുമായി തട്ടിച്ചുനോക്കിയപ്പോള്‍, അതൊരു നഗ്നകേരളമെന്ന് പി. കണ്ടു. നമ്മുടെ നഗ്നതയെ, നമ്മുടെ നാടിന്റെ നഗ്നതയെയും, കവിതയുടെ അഗോചരഭാവനയ ഉപയോഗിച്ച് നിസ്ത്രപമാക്കാന്‍ പണിപ്പെട്ടു, പി. അതിനാല്‍ പൊറുതിവീട് എന്ന ഭാഷാപദം പൊറുതിക്കൂടായിമാറി പി കവിതയില്‍. അന്തിമവിശകലത്തില്‍ കവിതയുടെ പൊറുതിക്കൂടായി - ഉടലായി-മാറുകയാണല്ലോ കവിയുടെ ജന്മസാഫല്യം! അത്തരമൊരു ആജന്മസാഫല്യത്തിനുടമയായിരുന്നു മഹാകവി പി. കുഞ്ഞിരാമന്‍നായര്‍ എന്ന കേരളത്തിലുടനീളം പൊറുതിയും പൊറുതിക്കൂടുമില്ലാതലഞ്ഞ കവി.

അതെ, കുയിലും കുഞ്ഞിരാമന്‍നായരും കുടുവെക്കാറില്ല (കെ.ജി.എസ്). അതിനാല്‍ നഗ്നകേരളത്തില്‍ പി പരാമര്‍ശിച്ച പറവയേതെന്നുകൂടി നമുക്ക് തെളിഞ്ഞുകിട്ടുന്നു. ആ പക്ഷി കുയിലല്ലാതെ വേറെ ഏത് പറവയാകാനാണ്?

Subscribe Tharjani |