തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

ദേശചരിത്രത്തിന്റെ അടിത്തട്ടുകള്‍: തക്ഷന്‍കുന്നിന്റെ ഭൂതകാലം

ഈ വര്‍ഷം വയലാര്‍ അവാര്‍ഡ് നേടിയ യു. കെ. കുമാരന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനെക്കുറിച്ച്

ദേശത്തിന്റെ ആഖ്യാനമാണ് നോവല്‍. നീണ്ടകാലത്തെ ചരിത്രത്തിലൂടെ ദേശവും അതിലെ മനുഷ്യമൃഗജാതികളും രൂപപ്പെടുന്ന കഥകളാണ് നോവലിന്റെ കാതലെന്നു പറയുന്നത്. ദേശത്തിന്റെ ചരിത്രത്തെ മുകളില്‍നിന്നും അടിത്തട്ടില്‍നിന്നും നോക്കിക്കണ്ട് ഈ ചരിത്രം എഴുതാം. നമ്മുടെ ജാതിസമൂഹത്തില്‍ അടിത്തട്ടിലാണ് പ്രാന്തവല്കൃതരായ വലിയൊരു ജനത കിടക്കുന്നത്. പലരൂപത്തില്‍ അവരുടെ ചരിത്രം ആഖ്യാനിക്കപ്പെട്ടിട്ടുണ്ട്. സരസ്വതിവിജയവും രണ്ടിടങ്ങഴിയും പുലയത്തറയും മുക്കണിയും കൊച്ചരേത്തിയുമൊക്കെ അതിന്റെ ചില അടയാളങ്ങളാണ്. കീഴടക്കപ്പെട്ട ജനത എങ്ങനെയാണ് അടിമത്തത്തിന്റെ കവചം ഭേദിച്ച് വിഭവങ്ങളെ കണ്ടെത്തി തങ്ങളുടെ ജീവിതത്തെ തിരിച്ചുപിടിക്കുന്നതെന്നാണ് ഇവ പറയുന്നത്. ഈ യാത്രക്കിടയില്‍ ചിലത് അവരുടെ പോരാട്ടത്തിന്റെ തകര്‍ച്ചയുടെ കഥയുമാകാം. തങ്ങളെ തള്ളിപ്പുറത്താക്കിയ ജാതിയോട് പടവെട്ടി ജീവിതത്തെ തിരിച്ചുപിടിക്കുന്ന കീഴാളരുടെ ജീവിതത്തെ ആഖ്യാനിക്കുന്ന തക്ഷന്‍കുന്ന് സ്വരൂപം ഇതില്‍ വേറിട്ട വായനാനുഭവമാകുന്നു.

തക്ഷന്‍കുന്ന് സ്വരൂപം തക്ഷന്‍കുന്ന് എന്ന കോഴിക്കോടിന് സമീപമുള്ള ദേശത്തിന്റെ ചരിത്രത്തിലൂടെ സഞ്ചരിക്കുകയാണ്. ഏതാണ്ട് ഒരു നൂറ്റാണ്ട് പഴക്കമുള്ള നാട്ടുചരിത്രത്തിലെ ദേശത്തിന്റെ അടിത്തട്ടില്‍ കിടന്ന ചില മനുഷ്യരിലൂടെ ദേശത്തിന്റെ അടരുകളെ ആഖ്യാനിക്കുകയാണ് നോവല്‍. കീഴാളനായ രാമറും കുഞ്ഞിക്കേളുവുമാണ് നോവലിന്റെ നായകര്‍. രാമറിന്റെ കുട്ടിക്കാലത്തില്‍ നിന്നാണ് നോവലാരംഭിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് സ്കൂളില്‍ പഠിക്കുന്ന രാമര്‍ അക്കാലത്തിലെ ജാതിയുടെയും ജന്മിത്വത്തിന്റെയും ക്രൂരതകളിലൂടെയാണ് പുലരുന്നത്. അവിടെ ടൗണിലെ തയ്യല്‍ക്കാരനാണ് കുഞ്ഞിക്കേളു. കുഞ്ഞിക്കേളുവിന്റെ സൗഹൃദത്തിലൂടെയും സാമൂഹിക ജ്ഞാനനിര്‍മ്മിതികളിലൂടെയുമാണ് രാമര്‍ വളരുന്നത്. സ്കൂളില്‍ നിലനിന്ന ജന്മിത്വത്തിന്റെ ഇടപെടലുകള്‍- ജന്മിയുടെ മകളുടെ അഹന്തകള്‍- പ്രതികരിക്കുന്ന രാമറെ അദ്ധ്യാപകന്‍ ശിക്ഷിച്ചതോടെ അയാള്‍ പഠിത്തം മതിയാക്കി. കുഞ്ഞിക്കേളുവിന്റെ നിര്‍ദ്ദേശപ്രകാരം കുതിരാലയത്തിന്റെ മേല്‍നോട്ടം നോക്കുന്നു. നാട്ടില്‍ നിലനില്ക്കുന്ന ജന്മിത്വത്തിന്റെ അടിച്ചമര്‍ത്തലുകളില്‍ ശക്തമായ പ്രതിഷേധവും രോഷവും അവനില്‍ നിറയുന്നു. കുഞ്ഞിക്കേളവും അവനും വളരുന്ന നവോത്ഥാനത്തിന്റെ ചെറിയ ചെറിയ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുന്നു. നാട്ടില്‍ രാത്രികളില്‍ കേള്‍ക്കാറുള്ള ജന്മിത്വം തുലയട്ടെ, ഭാരത് മാതാ കീ ജയ്, വെള്ളക്കാര്‍ ഇന്ത്യവിടുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ രാമറെ വല്ലാതെ ചിന്തിപ്പിച്ചുകൊണ്ടിരുന്നു. പതുക്കെ ആ നാട് സ്വാതന്ത്ര്യ- ജന്മിത്വപോരാട്ടങ്ങളിലേക്ക് നടന്നടുത്ത് കൊണ്ടിരുന്നു. ജന്മിത്വത്തിന്റ ക്രൂരതകള്‍ പലരൂപത്തിലാണ് അവിടെ പ്രത്യക്ഷമായിരുന്നത്. ഒന്ന് അടയാളം വച്ച പെണ്‍കുട്ടികളിലൂടെ. കീഴാളരെ വസ്ത്രം ധരിക്കാനനുവദിക്കാത്തതിലൂടെ, ക്ഷേത്രങ്ങളിലും മറ്റും കീഴാളരെ പ്രവേശിപ്പിക്കാത്തതിലൂടെ, കുടിയിറക്കല്‍ എന്ന ക്രൂരതയിലൂടെ. ഇതിനെതിരെ ആ നാട്ടില്‍ വളരെ ശക്തമായി പ്രതിരോധം രൂപ്പെടുന്നതാണ് നോവലിന്റെ കേന്ദ്രഭാഗം. കേളപ്പന്റെ വരവോടെ അതിന് മറ്റൊരു മാനം കൈവന്നു..

കുതിരപ്പന്തിയിലെ പണി മടുത്തപ്പോള്‍ അയാള്‍ സമ്പന്നനായ കണ്ണച്ചന്റെ ജോലിക്കാരനാകുന്നു. ആ പണി വളരെ സത്യസന്ധമായി ചെയ്ത് സാമ്പത്തികമായ സുരക്ഷിതത്വം അവനുണ്ടാകുന്നു. ഇതോടെ നാട്ടിലെ എല്ലാവിധ പ്രശ്നങ്ങളിലും അവനും കുഞ്ഞിക്കേളുവിനൊപ്പം ഇടപെടുന്നു. ജാതി- ജന്മിത്വം സൃഷ്ടിച്ച അന്ധവിശ്വാസധിഷ്ഠിതമായ സാമൂഹികതയില്‍ മനുഷ്യരെ പുതിയ ബോധത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളൊടൊപ്പം സ‍ഞ്ചരിക്കുകയാണ് യുവാവായ രാമര്‍. രാമറെ അലട്ടുന്ന വ്യക്തിപരമായ പ്രശ്നം അമ്മയെ അടക്കിയിരിക്കുന്ന മണ്ണ് സ്വന്തമാക്കണമെന്നാണ്. അതിനുവേണ്ടിയാണ് അവന്‍ പണം നേടാന്‍ ശ്രമിക്കുന്നത്. പക്ഷേ അവന്റെ ശ്രദ്ധമുഴുവന്‍ സമൂഹത്തിലേക്ക് തിരിയുകയും അതിലെ അനീതികള്‍ അവനെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. അവിടുത്തെ പ്രധാന ജന്മിമാരായ കോവിലകത്തുള്ളവരാണ് അവിടുത്തെ കീഴാളരുടെയും കൃഷിക്കാരുടെയും വെറുപ്പ് മുഴുവന്‍ പ്രകടിപ്പിക്കുന്നത്. അവരുടെ ആജ്ഞകള്‍ക്ക് വഴങ്ങാത്തവരെ അവരെങ്ങനെയും നശിപ്പിക്കും. ഇതിലാദ്യത്തെ ചെറുത്തുനില്പ് വന്നത് ജന്മിയുടെ മക്കളിലൊരാള്‍ ചിരുകണ്ടന്റെ മകളെ അടയാളം വച്ചപ്പോഴാണ്. ജന്മിമാര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട പെണ്‍കുട്ടികളെ പ്രാപിക്കുന്നതിനാണ് അടയാളം വക്കലെന്നു പറയുന്നത്. അടയാളം വയ്ക്കാന്‍ ചിരുകണ്ടന്റെ മകള്‍ വിസമ്മതിച്ചോടെ അയാളെ ജന്മി കുടിയിറക്കി. രാമറും കുഞ്ഞിക്കേളവും നാട്ടുകാരും കൂടി അതിനെതിരേ നിലകൊള്ളുകയും ചിരുകണ്ടന് പുതിയ സ്ഥലവും വീടും വച്ചുനല്കുകയും ചെയ്തു. അന്നാണ് ജന്മിത്വത്തിനെതിരേ ആദ്യമായി പോസ്റ്ററുകള്‍ തക്ഷന്‍കുന്നങ്ങാടിയില്‍ പതിക്കപ്പെട്ടത്. അതോടെ കൂടുതല്‍ തീക്ഷ്ണമായി രാമറും കുഞ്ഞിക്കേളുവും ഇടപെടുന്നു. അവിടുത്തെ ക്ഷേത്രത്തിലെ അയിത്തത്തിനെതിരേ, ജാതിപരമായ പലതരം വിവേചനങ്ങള്‍ക്കെതിരേ, സ്വന്തം സമുദായത്തിലെ മുതിര്‍ന്നവരുടെ മദ്യപാനത്തിനെതിരേ, സ്വാതന്ത്ര്യത്തിനുവേണ്ടി ... രാമറിന്റെ ജീവിതകാഴ്ചപ്പാടുകള്‍ കൂടുതല്‍ തീവ്രമായി.

തക്ഷന്‍കുന്നിലെ വലിയ മാറ്റങ്ങളിലൊന്ന് ഹോട്ടല്‍ നടത്തിപ്പുകാരിയായ മാത മുലമറച്ചതാണ്. കീഴാളര്‍ വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന വഴക്കത്തെ ചോദ്യം ചെയ്തുകൊണ്ട് മാതക്കുള്ള വസ്ത്രം തുന്നി നല്കിയത് കുഞ്ഞിക്കേളുവാണ്. മുലമറച്ച മാത തന്റെ ഹോട്ടല്‍ നടത്തിപ്പിലെ പണമുപയോഗിച്ച് ബസ്സ് വാങ്ങുന്നു. തക്ഷന്‍കുന്നിലെ മറ്റൊരു മാറ്റം ഈ ബസ്സാണ്. കോഴിക്കോട്ടേക്ക് തക്ഷന്‍കുന്നുകാര്‍ ബസ്സില്‍ സഞ്ചരിക്കുന്നു. ഇങ്ങനെ പതുക്കെ പതുക്കെ ആധുനികത പലരൂപത്തില്‍ കടന്നുവരികയാണ്. കേളപ്പനിലൂടെ, ശ്രീധരന്‍ ഡോക്ടറിലൂടെ സ്വാതന്ത്ര്യസമരാശയങ്ങളും ഗാന്ധിയന്‍ ചിന്തകളും വളരെ വേഗത്തില്‍ ഗ്രാമത്തില്‍ പരക്കുന്നു. ശ്രീധരന്‍ ഡോക്ടറുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരേ ശക്തമായ പ്രതിഷേധം അവിടെ രൂപപ്പെടുന്നു. ഇതിന്റെ എല്ലാം താവളം ശ്രീധരന്‍ ഡോക്ടറുടെ വീടാണ്.

കുഞ്ഞിക്കേളുവാണ് ഒരര്‍ത്ഥത്തില്‍ രാമറെ രൂപ്പെടുത്തുന്ന ശക്തമായ കഥാപാത്രം. തുന്നിക്കൊണ്ട് നിശ്ശബ്ദമായി തക്ഷന്‍കുന്നിനെ ആധുനികതയിലേക്ക് നയിക്കുന്നത് അയാളാണ്. രാമറെ പുതിയ ജീവിത സാഹചര്യങ്ങള്‍ പഠിപ്പിക്കുന്നതിലും പോരാട്ടത്തിലേക്ക് തള്ളിവിടുന്നതിലും അയാള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. ജന്മിത്വത്തിനെതിരേ രാത്രിയില്‍ അങ്ങാടിയിലൂടെ മുദ്രാവാക്യം മുഴക്കി കടന്നുപോകുന്ന അജ്ഞാതന്‍ അയാളായിരുന്നു. അടയാളം വക്കലിനെതിരേ പോസ്റ്റര്‍ എഴുതിയതും അയാളാകാം. എന്നല്ല നാട്ടിലെ തീവണ്ടിയാപ്പീസ്, ഡിസ്പന്‍സറി തുടങ്ങിയ ആവശ്യങ്ങള്‍ പത്രങ്ങളിലൂടെ എഴുതി അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും അയാളാണ്. അങ്ങനെ തക്ഷന്‍കുന്നങ്ങാടിയില്‍ പൊതുമണ്ഡലരൂപീകരണം സാദ്ധ്യമാക്കുന്നതില്‍ ഒരുപങ്ക് അയാളാണ് വഹിക്കുന്നത്. തന്റെ കടയെ, തൊഴിലിനെ സാമൂഹികവല്കരിക്കുന്നതില്‍ അയാള്‍ കാട്ടുന്ന പങ്ക് വളരെ വലുതാണ്. കുഞ്ഞിക്കേളുവിന്റെ തുന്നല്‍ക്കടയിലിരുന്ന് അങ്ങാടിയിലേക്ക് നോക്കിക്കൊണ്ടിരിക്കുവേയാണ് പുറംലോകത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് രാമര്‍ അറിയാന്‍ തുടങ്ങിയത്. കുഞ്ഞിക്കേളു അലക്ഷ്യമായി നിലത്തേക്കു വെട്ടിയിടുന്ന തുണിക്കഷണങ്ങള്‍ക്കുപോലും ചില പ്രത്യേകതകള്‍ ഉള്ളതായി അയാള്‍ക്കു തോന്നി (പു. 175). തക്ഷന്‍കുന്നങ്ങാടിയെ ആധുനികമാക്കിയ കുഞ്ഞിക്കേളുവിന്റെ പ്രവര്‍ത്തനഫലമായി ആസ്പത്രിയും തീവണ്ടിയാപ്പീസും നിലവില്‍ വരുന്നു. പലര്‍ക്കും വെളിച്ചമായിരുന്ന അയാള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ രാത്രിയില്‍ ലോകത്തോട് വിടപറയുന്നു.

അങ്ങാടിയില്‍ പലതരം പരിവര്‍ത്തനങ്ങള്‍ കടന്നുവരുന്നു. അയിത്തത്തിനെതിരെ സമരങ്ങളും ഗാന്ധിയുയെ വരവും കേളപ്പന്റെ പോരാട്ടങ്ങളും ഒക്കെ. അങ്ങനെ ക്രമേണ ഫ്യൂഡലിസം ക്ഷയിക്കുകയും നവോത്ഥാനത്തിന്റെ കോണ്‍ഗ്രസിന്റെ ശക്തി വളരുകയും ചെയ്യുന്നു. ഇവിടേക്ക് ഈങ്ക്വിലാബും കടന്നുവരുന്നു. ഇതിനു സമാന്തരമായി അങ്ങാടിയിലെ മനുഷ്യജീവിതങ്ങള്‍ പരിണാമത്തിലൂടെ കടന്നുപോകുന്നു. മാതയുടെ നാടുവിട്ട മകന്‍ തിരിച്ചുവരികയും സ്ത്രീകളെ പീഡിപ്പിക്കുന്നവനായി നടക്കുകയും ചെയ്യുന്നു. ശ്രീധരന്‍ ഡോക്ടറുടെ ഭാര്യ അയാളെ വിട്ടുപോവുകയും അദ്ദേഹം നിരാശനായി നാടുവിടുകയും ചെയ്യുന്നു. ഇതുപോലെ തെളിച്ചമുള്ള കഥാപാത്രമാണ് ചേക്കൂ. ചേക്കു, രാമറിനൊപ്പം പഠിച്ച് പണമില്ലാത്തതിനാല്‍ പഠിത്തം നിറുത്തി ജോലിക്കു പോകുന്നു. ചേക്കുവും രാമറും നല്ല ബന്ധമാണ്. രാമറെക്കാള്‍ വേഗത്തില്‍ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവുകയും കോഴിക്കോട്ട് താമസമാക്കുകയും ചെയ്യുന്നു ചേക്കു. ചേക്കുവിലൂടെയാണ് രാമര്‍ ദേശീയതാപോരാട്ടങ്ങള്‍ അറിയുന്നത്. പിന്നീട് ചേക്കു തക്ഷന്‍കുന്നില്‍ മടങ്ങിവരുന്നു. രാമറിന്റെ ജോലിക്കാരനായി മാറുന്നു. ദേശീയരാഷ്ട്രീയം ആഴത്തില്‍ ഉള്‍ക്കൊള്ളുന്ന ചേക്കു ഒരു നിമിഷത്തില്‍ കോടതയില്‍ വച്ച് ചിണ്ടന്‍ നമ്പ്യാരെ വെട്ടിക്കൊല്ലുന്നതോടെ ദുരന്തകഥാപാത്രമായി മാറുന്നു. കല്യാണിയും മാതയും അടങ്ങുന്ന പെണ്‍ലോകം തക്ഷന്‍കുന്നിന്റെ മറ്റൊരു ലോകമാണ്. എന്നാലാ ലോകം അല്പം വെളിച്ചം കുറഞ്ഞാണ് നോവലില്‍ കാണുന്നത്. കല്യാണിയും മാതയും വീടും കടയും ഭരിക്കുന്നവരാണ്. ഒടുവില്‍ മാത ദുരന്തത്തിലേക്കു പതിക്കുന്നു. മകന്‍ അവരുടെ സമ്പത്തെല്ലാം കവരുകയും മാത ജീവിതത്തില്‍ ഒറ്റപ്പെടുന്നു. കല്യാണിയുടെ ജീവിതം ക്ഷണികമെങ്കിലും വല്ലാത്തൊരു ശോഭയുണ്ട്. രാമര്‍ രോഗബാധിതനായപ്പോള്‍ അദ്ദേഹത്തിന്റെ കച്ചവടം നോക്കിനടത്തിയത് അവളാണ്. കൊപ്രക്കച്ചവടംകൊണ്ടുമാത്രം കാര്യമില്ലെന്നും ഭൂമി വാങ്ങണമെന്നും രാമറെ പഠിപ്പിച്ചത് അവളാണ്. വീടിനപ്പുറം ജീവിതത്തെ പ്രതിഷ്ഠിച്ചവരാണ് ഇരുവരും.

ലോകത്തിലെ മാറ്റങ്ങള്‍ തക്ഷന്‍കുന്നിനെ സ്വാധീനിക്കുന്നു. ലോകമഹായുദ്ധവും മറ്റും പലരൂപത്തില്‍ ഇവിടേക്കു വരുന്നു. വസൂരി പെയ്തിറങ്ങി മരണം വിതയ്ക്കുന്നു. അതിനെയൊക്കെ അതിജീവിച്ച് ഗ്രാമം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. രാമറിന്റെ വാര്‍ദ്ധക്യത്തില്‍ അയാള്‍ ആ ഗ്രാമത്തിന്റെ ഭൂതകാലത്തിന്റ മണങ്ങളെ നുകരുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്.

രാമറിന്റെ ജീവിതം ഒരിതിഹാസംപോലെ നോവലിലുടന്നീളം പടരുന്നു.രാമറിന്റെ ജീവിത്തില്‍ നാമ്പെടുക്കുന്ന പ്രണയത്തെ പൂര്‍ത്തിയാക്കാന്‍ കാലം അനുവദിക്കുന്നില്ല. കല്യാണിയെ മറ്റൊരാള്‍ വിവാഹം ചെയ്തുവെങ്കിലും രണ്ടുവര്‍ഷത്തിനുശേഷം അവളെ രാമര്‍ ജീവിത്തിലേക്ക് സ്വീകരിക്കുന്നു. അതോടെ രാമറിന്റെ ജീവിതം സാമ്പത്തികമായി വളരുന്നു. കണ്ണച്ചന്‍ അയാളുടെ സ്വത്തിന്റെ ഒരു പങ്ക് അയാള്‍ക്ക് നല്കുകയും രാമര്‍ അത് ബിസിനസ്സിനായി നീക്കിവെക്കുകയും ചെയ്യുന്നു. അങ്ങനെ കല്യാണിയുടെ ജീവിതപരിചരണത്തിലൂടെ രാമര്‍ സാമ്പത്തികമായി വളരുന്നു. ചെറുപ്പത്തിലെ കൂട്ടാളി ചേക്കുവിന്റെ കൂട്ട് അയാളെ കൂടുതല്‍ ശക്തീകരിക്കുന്നു. ചെറുപ്പത്തിലേ സ്കൂള്‍ വിട്ട രാമര്‍ വിവാഹത്തിനുശേഷമാണ് അക്ഷരാഭ്യാസം നേടുന്നത്. അയാളുടെ ഗ്രാമം ഏറെ വളരവേ അയാളുടെ ബിസിനസും മക്കളും വളരുന്നു. ഉത്സവത്തിലെ തീപിടുത്തത്തിനിടയില്‍ കാഴ്ചനഷ്ടപെട്ട രാമര്‍ പതുക്കെ ജീവിതത്തിലെ തിരക്കുകളില്‍ നിന്ന് മാറുന്നു. മക്കള്‍ വളര്‍ന്ന് ബിസിനസ്സ് സംരംഭങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ അയാള്‍ വാര്‍ദ്ധക്യത്തിന്റെ കാഴ്ചകളില്‍ തന്റെ നാടിന്റെ പഴമയെ ധ്യാനിക്കുന്നു. ഫ്യൂഡലിസത്തില്‍ നിന്ന് വളര്‍ന്ന തക്ഷന്‍കുന്നിന്റെ പുതിയ പരിണാമങ്ങള്‍ നാടിനെ പുതിയ ആപത്തിലേക്കു തള്ളിവിടുകയാണെന്ന തോന്നലിലാണ് രാമറിന്റെ കാഴ്ചകള്‍ അവസാനിക്കുന്നത്.

2

.

എസ്.കെ പൊറ്റെക്കാടും തകഴിയുമൊക്കെ പറഞ്ഞ കഥകള്‍പോലെ ഒരു നാടിന്റെ ചരിത്രത്തെ ആഖ്യാനമായി പരിവര്‍ത്തിപ്പിക്കുകയാണ് കുമാരന്‍. കയര്‍പോലെ നൂറ്റാണ്ടിന്റെ കഥ പറയുന്ന നോവലിസ്റ്റ് കേരളീയമായ ഒരു ഗ്രാമം ഫ്യൂഡലിസത്തിലൂടെ എങ്ങനെ നവോത്ഥാനത്തിലേക്ക് എത്തുന്നു എന്നതാണ് വിവരിക്കുന്നത്. അവിടെ നിന്ന് ആധുനികതയിലെ പുതിയ പരിണാമങ്ങളെങ്ങനെ പുതിയ പ്രശ്നങ്ങളായി കടന്നുവരുന്നു എന്നതും ഇവിടെ പ്രധാനമാകുന്നു. പഴയകാലത്ത് ജാതിയും ജന്മിത്വവുമായിരുന്നു പ്രശ്നമെങ്കില്‍ പുതിയകാലത്ത് സാമ്പത്തിക അസമത്വങ്ങളും ലൈംഗികവ്യാപാരങ്ങളും മദ്യാസക്തിയും പുതിയ ദുരന്തങ്ങളായി കടന്നുവരുന്നു എന്നാണ് നോവല്‍ പറയുന്നത്. ഈ കാഴ്ചകളെ കണ്ടുകൊണ്ട് തന്റെ കഴിഞ്ഞകാലത്തിന്റെ സുഗന്ധങ്ങളെ ഓര്‍മ്മിക്കാന്‍ ശ്രമിച്ചുകൊണ്ട് മരണത്തെ കാത്തുകിടക്കുന്ന രാമര്‍ കാലത്തിന്റെ സ്പന്ദനത്തെ ഒപ്പിയെടുക്കുന്ന കഥാപാത്രമാണ്. കാലം ത്രസിക്കുന്നത് അയാളുടെ ശരീരത്തിലൂടെയാണ്.

മലയാളത്തിലെ ദേശചരിത്രാഖ്യാനങ്ങളായ നോവലുകളൊക്കെ അല്ലെങ്കില്‍ മലയാള നോവലിന്റെ പൊതുഭാവുകത്വമെന്നത് മലയാളസാഹിത്യത്തിന് സവിശേഷമായ സ്വത്വം നല്കുന്നത് കമ്യൂണിസമാണെന്നും അതിന്റെ വികാസചരിത്രമാണ് മലയാളത്തിന്റെ ചരിത്രമെന്നുമുള്ളതാണ്. തകഴി, ദേവ് തുടങ്ങിയവരുടെ നോവലുകളിലൂടെ ഉറപ്പിക്കപ്പെട്ട അത്തരം ധാരണകള്‍ ചോര്‍ന്നുപോവുകയാണ് തക്ഷന്‍കുന്ന് സ്വരൂപത്തിലൂടെ കടന്നുപോവുമ്പോള്‍ സംഭവിക്കുന്നത്. ജന്മിത്വവും അതിന്റെ ക്രൂരതകളുമുണ്ടായിട്ടും പാര്‍ട്ടിയും അതിന്റെ മുദ്രാവാക്യങ്ങളും ഇവിടെ കടന്നുവരുന്നതേയില്ല. ഈങ്കുലാബ് സിന്ദാബാദ് എന്നതുതന്നെ ഒരു തവണ കടന്നുപോകുന്ന ഒന്നുമാത്രമാകുന്നു. അതിനു പകരം കോണ്‍ഗ്രസ്സ് കടന്നുവരുന്നു. കേളപ്പന്റെയും കോണ്‍ഗ്രസിന്റെയും ചരിത്രത്തിനുള്ളില്‍ ദേശചരിത്രം വര്‍ഗ്ഗസംഘര്‍ഷത്തിന്റെയോ തീവ്രമായ പോരാട്ടങ്ങളുടെയോ ഇടമാകാതെ നിസ്സംഗമായ പ്രതികരണത്തിന്റെ വേദിയായി ദേശം മാറുന്നു. പട്ടാളമോ പോലീസ് ഇടപെടലോ ഇവിടെ ഒട്ടുമില്ലെന്നു പറയാം. ഏറ്റുമുട്ടലുമില്ല. ജന്മിത്വത്തിനോടുള്ള ഏറ്റുമുട്ടലുപോലും നിസ്സംഗമായിട്ടാണ് സംഭവിക്കുന്നത്. കാലമാണ് ജന്മിത്വത്തെ ഇവിടെ നീക്കം ചെയ്യുന്നതെന്നും പറയാം. നോവലിന്റെ അവസാനഭാഗത്ത് കോവിലകത്തെ ജന്മിമാരുടെ മക്കള്‍ സാമ്പത്തികമായി തകര്‍ന്ന് ജീവിക്കുന്നത് വിവരിക്കുന്നുണ്ട്. അതേ സമയം അക്കാലത്ത് സാമ്പത്തികമായി തകര്‍ന്നിരുന്ന രാമറൊക്കെ ഉന്നതരുമായി. കേവലമായ തിരിച്ചടലല്ല, ഇത്. മറിച്ച്, നവോത്ഥാനത്തിന്റെ പൊതുരാഷ്ട്രീയമാണ്.

കേളപ്പന്റെ കഥയായി തോന്നിപ്പിക്കുന്ന ആഖ്യാനത്തില്‍ കേളപ്പനോ ഗാന്ധിയോ അവരുടെ രാഷ്ട്രീയമോ അല്ല നിര്‍ണ്ണായകമാകുന്നതെന്നാണ് കാണുന്നത്, മറിച്ച് രാമറും കുഞ്ഞിക്കേളുവും മാതയും ചേക്കുവുമൊക്കെ വരുന്ന കീഴാളരുടെ ജീവിതത്തിന്റെ പോരാട്ടമാണ്. തക്ഷന്‍ കുന്നിന്റെ ചരിത്രത്തെ വായിച്ചെടുക്കുന്നത് മുകള്‍പ്പരപ്പില്‍ നിന്നല്ല മറിച്ച് ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന കീഴാളരുടെ കണ്ണിലൂടെയാണ്. അയിത്തക്കാരന്‍ കരിങ്കുരങ്ങെന്ന വിളിക്കുന്ന ലീലത്തമ്പുരാട്ടിയോട് പ്രതികാരം ചെയ്യുന്ന കുഞ്ഞുരാമറിനെ അദ്ധ്യാപകരും അച്ഛനും ശിക്ഷിക്കുന്നിടത്താണ് നോവലാരംഭിക്കുന്നത്. ആ പോരാട്ടമാണ് രാമറിന്റെ വ്യക്തിത്വത്തെ പണിയുന്നത്. രാമറിനൊപ്പമുള്ള കുഞ്ഞിക്കേളു അക്കാലത്ത് പറയുന്നതെല്ലാം ജന്മിത്വത്തെ അവസാനിപ്പിക്കണമെന്നും ജാതിയെ ഇല്ലാതാക്കണമെന്നുമാണ്. നോവലിന്റെ കേന്ദ്രം ഇതാണെന്നു കാണാം.

കീഴാളജീവിതങ്ങളുടെ ജാതിവ്യവസ്ഥിതിയോടുള്ള പോരാട്ടം. അവര്‍ ജീവിതത്തെ തിരിച്ചു പിടിക്കുന്ന സമരം. രാമര്‍ അതിന്റെ തെളിവാണ്. കീഴാളയായ മാത ഹോട്ടലു നടത്തി ബസ്സ് മുതലാളിയാകുന്നെങ്കിലും അവര്‍ പെട്ടന്ന് തകരുന്നു. കുഞ്ഞിക്കേളുവും അങ്ങനെ തന്നെ. പക്ഷേ രാമറാകട്ടെ അതിനൊക്കെ അപ്പുറം പോകുന്നു. കാര്യസ്ഥനായി സ്വന്തമായി ബിസിനസ്സ് ചെയ്യുന്ന മുതലാളിയായി അയാള്‍ മാറുന്നു. അയാളുടെ മക്കള്‍ കോഴിക്കോട്ടെ ബിസിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്നവരായി മാറുന്നു. ഇത്തരമൊരു കഥ സവര്‍ണ്ണതയും സംവരണവിരുദ്ധതയും ഉച്ചത്തില്‍ സംസാരിക്കുന്ന കാലത്ത് കീഴാളരാഷ്ട്രീയത്തെ സവിശേഷമായി രാകിമിനുക്കുകയാണെന്നു കാണാം. കീഴാളരുടെ പുരോഗതിയുടെ രാഷ്ട്രീയം സമൂഹത്തിലെ വിഭാവാര്‍ജ്ജനത്തിന്റെ പ്രയോഗമാണെന്നാണ് തക്ഷന്‍കുന്ന് പറയുന്നത്. വിഭവങ്ങളില്‍ നിന്നുള്ള പറിച്ചെറിയലാണ് ജാതിയും ജന്മിത്വവും നിര്‍വ്വഹിക്കുന്ന ധര്‍മ്മം. അതിനെ മറികടക്കുന്നിടത്താണ് പുതിയ ജനാധിപത്യം സാദ്ധ്യമാകുന്നത്. ആ ജനാധിപത്യത്തിന്റെ പുതിയ ചരിത്രമാണ് തക്ഷന്‍കുന്ന് പറയുന്നത്.

Subscribe Tharjani |