തര്‍ജ്ജനി

ഡോ. ജിസാ ജോസ്

മലയാളവിഭാഗം,
ഗവ. ബ്രണ്ണന്‍ കോളേജ്,
ധര്‍മ്മടം, തലശ്ശേരി.

Visit Home Page ...

പുസ്തകം

നുറുങ്ങിച്ചിതറുന്ന കണ്ണാടിച്ചില്ലുകൾ

"കമല ഭൂമിയിലെ ഏറ്റവും സുന്ദരമായ പ്രണയസങ്കല്പമാണ്. ഒരു നോട്ടമോ സ്പർശമോ മതി ദ്വൈതങ്ങൾ വെടിഞ്ഞ് അവളുണരാൻ. എങ്കിലും അനുവദനീയമായേക്കാവുന്ന ആനന്ദങ്ങൾ തകർക്കുന്നത് ആരാണ്? ഷാലി തലപുകഞ്ഞു ചിന്തിച്ചു.ആപേക്ഷികവും വൈയക്തികവുമായ ആഹ്ലാദങ്ങളുടെ തെറ്റു ശരികളെക്കുറിച്ച് .പുരുഷനോടൊപ്പം ശയിക്കുന്ന പുരുഷനെക്കുറിച്ച്. സ്ത്രീയോടൊപ്പം ശയിക്കുന്ന സ്ത്രീയെക്കുറിച്ച്.സഹശയനം എന്ന മഹാപാതകത്തെക്കുറിച്ച്.അതു പാപമെങ്കിൽ അതു ചെയ്യുക തന്നെ. എന്റെ പാപങ്ങളുടെ കണക്കെടുപ്പിന് ഞാൻ മാത്രം മതിയെന്നിരിക്കേ ഞാനാരെ ഭയപ്പെടണം." ( സംഗീത ശ്രീനിവാസൻ പുറം: 247)

സംഗീത ശ്രീനിവാസന്റെ ആസിഡ് ലഹരിയുടെ, വേറിട്ട ആനന്ദാന്വേഷണങ്ങളുടെ പുസ്തകമാണ്. ഒപ്പം അത്തരം അന്വേഷണങ്ങൾ അനിവാര്യമായും ചെന്നെത്താനിടയുള്ള ദുരന്തങ്ങളുടെയും. ആസിഡ് പോലെ തൊട്ടാൽ പൊള്ളുന്ന, മനുഷ്യർ പരസ്പരം പിടിമുറുക്കുന്ന പ്രണയവള്ളികളിൽ കുടുങ്ങിപ്പിടയുമ്പോഴുള്ള പ്രാണഭയങ്ങളുടെയും. ഉഭയലൈംഗികത (Hetero Sexuality) യിൽ നിന്നു ഭിന്നമായ അഭിരുചി, ശീലങ്ങൾ, താല്പര്യങ്ങൾ ഇവയോടു സമൂഹത്തിനുള്ള വെറുപ്പും അസഹിഷ്ണുതയുമാണ് കമലയുടെ ജീവിതത്തെ ദുരിതമയമാക്കുന്നത്. ലൈംഗികതാല്പര്യങ്ങളിലെ തെരഞ്ഞെടുപ്പ് വേറെയാവുന്നതിലെ സ്വത്വപരമായ പ്രതിസന്ധികളുടെ ആഘാതമാണ് ജീവിതത്തിലുടനീളം അവളെ പിന്തുടരുന്നതും. സഹപാഠിയായ പെൺകുട്ടിയെ ഉമ്മ വെച്ചതിന് ശിക്ഷിക്കപ്പെടുന്ന കമലയ്ക്ക് സാമ്പത്തികവും കുടുംബപരവുമായ ആവശ്യങ്ങൾമൂലം അമ്മാവന്റെ മകനെ വിവാഹം ചെയ്യേണ്ടിവരുന്നു, അയാളുടെ ഇരട്ടമക്കളെ പ്രസവിക്കേണ്ടിവരുന്നു. ഷാലിയോടുള്ള തീവ്രാനുരാഗം, പ്രണയനഷ്ടത്തിന്റെ വേവലാതികൾ, മാധവനുമൊത്തുള്ള ദാമ്പത്യ ജീവിതത്തിലെ വൈരസ്യങ്ങൾ, കിടപ്പിലായ ശിവയോടുള്ള സഹാനുഭൂതി, ദുർബ്ബലനായ ആദിയെക്കുറിച്ചുള്ള ആശങ്കകൾ ഇവയ്ക്കൊപ്പം ആസിഡിന്റെ/ മയക്കുമരുന്നിന്റെ തുള്ളി ലഹരി ഇതെല്ലാം കമലയെ കടുത്ത വിഷാദരോഗത്തിനടിമയാക്കുന്നു. ബാംഗ്ലൂർ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോൾ ഇരുട്ടറകളുള്ള, ആറായിരം സ്ക്വയർ ഫീറ്റ് നീണ്ടു പരന്നുകിടക്കുന്ന പഴയ വീട്ടിൽനിന്ന് ഒട്ടും വൈകാതെ കണ്ണാടിച്ചില്ലുവാതിലുകളുള്ള കടലിലേക്കും കായലിലേക്കും തുറക്കുന്ന ജാലകങ്ങളുള്ള കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് മാറാമെന്നും അവിടെ താനും ഷാലിയും കുട്ടികളും മാത്രമുള്ള ഉല്ലാസഭരിതമായൊരു സ്വപ്നജീവിതം ആരംഭിക്കാമെന്നും അവൾക്ക് പ്രത്യാശയുണ്ടായിരുന്നു. പക്ഷേ കമലയുടെ ജീവിതം ആ പഴയ വീട്ടിൽ തളംകെട്ടി നില്ക്കുന്നു. അവിടെത്തന്നെ അവസാനിക്കുന്നു.

നിർബ്ബന്ധിതമായ ഉഭയലൈംഗികതയിൽ നിന്നു കുതറാനുള്ള ശ്രമങ്ങൾ കമല നടത്തിക്കൊണ്ടേയിരിക്കുന്നുണ്ട്. ലൈംഗികതയിലെ അധികാരവ്യവഹാരങ്ങളോടുള്ള അബോധമായ കലാപമാണത്. ഭിന്നതകളെ സമാഹരിച്ച് വൈവിദ്ധ്യങ്ങളില്ലാതാക്കുന്ന അധീശപ്രവണതകൾക്കുപകരം ഭിന്നതകളുടെ സാംസ്കാരത്തെ അംഗീകരിക്കുന്ന വികേന്ദ്രിതവും വ്യത്യസ്തവുമായ സാംസ്കാരികാവേഗങ്ങളെയാണ് കമല പ്രതിനിധീകരിക്കുന്ന വിഭാഗം പ്രത്യാശിക്കുന്നത്. വ്യത്യസ്ത സന്ദർഭങ്ങളിലായി കുട്ടികളും മാധവനും കമലയുടെയും ഷാലിയുടെയും രതിവേഴ്ച കാണുന്നുണ്ട്. അമ്മയും കൂട്ടുകാരിയും പരസ്പരം സ്നേഹിക്കുന്നത്, സന്തോഷിക്കുന്നത് കുട്ടികളെയും സന്തോഷിപ്പിക്കുന്നു. പ്രണയം കുറ്റമല്ല, പ്രണയം കണ്ണകൾക്കു തിളക്കവും നിറയെ സ്നേഹവും സമ്മാനിക്കുന്നുവെന്നു കുട്ടികളായതുകൊണ്ട് മാത്രം അവർക്കു തിരിച്ചറിയാം. സമൂഹനിർമ്മിതമായ രതിശീലങ്ങൾ പരിശീലിച്ചു തുടങ്ങിയവരല്ല അവർ. കോൺഫറൻസിനെന്നു പറഞ്ഞുപോയ മാധവൻ പെട്ടന്നു തിരിച്ചെത്തിയതും കമലയുടെ കിടപ്പുമുറിയിൽ അനുവാദമില്ലാതെ കടന്നുവന്നതും പക്ഷേ മനപൂർവ്വമാണ്. അയാൾ ഏറ്റവും അസുഖകരമായ കാഴ്ച കാണുകയും സ്വയം നടുങ്ങുകയും ചെയ്യുന്നു. പ്രണയത്തിന്റെ ആ പാരസ്പര്യം അയാൾക്ക് അംഗീകരിക്കാനാവില്ല. അത് അശ്ലീലമായും അശ്രീകരമായും മാത്രം വിലയിരുത്തപ്പെടുന്നു. മാധവൻ ലോകത്തിലേറ്റവും നല്ലവനായാൽപ്പോലും തനിക്ക് അവനെ കാമിക്കാനാവില്ല എന്നു കമല എപ്പോഴും തിരിച്ചറിയുന്നുണ്ട്.

സാമൂഹികജീവിതത്തെ രൂപപ്പെടുത്തുന്നതിൽ രതിശീലങ്ങൾക്കു വലിയ പങ്കുണ്ട്. ബോധപൂർവ്വം അനുശീലിക്കപ്പെടുന്ന സ്വഭാവമര്യാദകൾ, നിയമങ്ങൾ, നിയന്ത്രണങ്ങൾ ഇവയെല്ലാം കർക്കശമായി വ്യക്തിയുടെ രതിജീവിതത്തിലേക്കൊളിഞ്ഞു നോക്കുന്നു. എങ്ങനെ സ്നേഹിക്കണം, ആരെ സ്നേഹിക്കണം, എപ്പോൾ സ്നേഹിക്കണം, ഇന്റർകോഴ്സിന്റെ ദൈർഘ്യം, ജാതി, മതം, ആണ്, പെണ്ണ്.... സമൂഹം സ്വയം ഒരു സദാചാരപോലീസായി രൂപാന്തരപ്പെടുകയാണ്. ലൈംഗികവ്യതിയാനങ്ങൾ അദൃശ്യങ്ങളും നിശ്ശബ്ദങ്ങളുമാവുന്നു. സർഗ്ഗാത്മകമായൊരു സമാന്തരജീവിതം ഇവിടെ വിദൂരമായ സാദ്ധ്യത പോലുമല്ല. സ്വവർഗ്ഗാനുരാഗികൾ സ്വത്വസംഘർഷങ്ങളിലൂടെ കടന്ന് നിസ്സഹായതയുടെ, വിഷാദരോഗത്തിന്റെ ഇരകളാവാം. ഭ്രമാത്മകമായ ഭാവനകളും ഉന്മാദങ്ങളും അവരെ വലയം ചെയ്യാം. കമല മിക്കപ്പോഴും വിഷാദമെന്ന നായ്ക്കുട്ടിയെ ഓമനിക്കുന്നത്, ഭ്രമാത്മകതയിലഭയം തേടുന്നത്, ആസിഡിന്റെ ലഹരി നുണഞ്ഞ് ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന ബാഡ് ട്രിപുകൾക്കടിമപ്പെടുന്നത് ഉദാഹരണമാണ്. സ്കിസോഫ്രീനിക് തീവ്രതകൾ എന്നു ജയിംസൺ വിശേഷിപ്പിക്കുന്നതരം തീവ്രമായ ഉദ്വേഗങ്ങൾ. ഇണ വേണോ കൂട്ടു വേണോ എന്ന ചോദ്യത്തിന് കൂട്ട്, കൂട്ട് എന്നുറപ്പിച്ചവൾ, തിരിച്ചുവന്നേ മതിയാവൂ എന്നു നിശ്ചയിച്ചവൾ, കിടപ്പിലായ ശിവയ്ക്കു തന്നെ ആവശ്യമുണ്ട് എന്നറിയുന്നവൾ, നാല്പതുകൾ ജീവിതത്തിന്റെ യൗവനമാണ് എന്നു മനസ്സിലാക്കിയവൾ. പക്ഷേ ഇതര ലൈംഗികമൂല്യങ്ങൾ ചുഴന്ന അവളുടെ സ്വത്വവും ശരീരവും കഠിനസന്ദേഹങ്ങൾക്ക്, അനിശ്ചിതത്വങ്ങൾക്കു വഴങ്ങിക്കൊടുക്കേണ്ടിവരുന്നു, പലപ്പോഴും." പഴയ കമല നിറയെ സംഗീതവും ചിരിയും നിലാവും നിറഞ്ഞ രാത്രിപോലെ സുന്ദരിയായിരുന്നു.... ഒരു വരി പാട്ടെങ്കിലുമില്ലാതെ ഒരു വൈകുന്നേരംപോലും തള്ളി നീക്കാത്ത പെണ്ണായിരുന്നു. സദാസമയവും ആരെങ്കിലുമൊക്കെ പാടിക്കൊണ്ടിരുന്ന അവളുടെ മുറിയാണ് അവസാനമവസാനം ഒരാൾ മാത്രം പാടുന്ന മുറിയായത്... "(പുറം: 144 ) സൈക്കഡലിക് വിത്ത് ക്ലാസ് എന്നാണ് കമലയെക്കുറിച്ചു ഷാലി അഹങ്കരിച്ചിരുന്നത്.

സാമൂഹ്യാംഗീകൃതമായ സദാചാരസംഹിതകളെ നിരസിക്കുന്ന വിഭിന്നലൈംഗികതാല്പര്യങ്ങളുള്ള ന്യൂനപക്ഷത്തിന്റെ പ്രതിസന്ധികളെ പ്രശ്നവൽക്കരിക്കുന്നതിൽ ആസിഡ് സൂക്ഷമമായ, കർക്കശമായ യുക്തികളുപയോഗിക്കുന്നുണ്ട്. ആനന്ദാന്വേഷണങ്ങൾക്കായി രണ്ടു വ്യത്യസ്തസാദ്ധ്യതകളാണ് നോവലിലുള്ളത്. ആസിഡിന്റെ/ മയക്കുമരുന്നിന്റെ ലഹരി, ശരീരത്തിന്റെ / രതിയുടെ ഉന്മാദം. പക്ഷേ രണ്ടു ലഹരികളും നിയമവിരുദ്ധമായതുകൊണ്ടുതന്നെ താല്ക്കാലികമായ ആനന്ദങ്ങൾക്കപ്പുറം സ്ഥായിയായ ശമനങ്ങളിലേക്കല്ല, നിരന്തരമായ അസ്വാരസ്യങ്ങളിലേക്കാണു നയിക്കപ്പെടുക. ആനന്ദത്തിനായുള്ള ശ്രമങ്ങൾ നേർവിപരീതമായ ഫലങ്ങളുണ്ടാക്കുന്നു." ആസിഡ് ഈസ് കൂൾ ഈഫ് യു ആർ കൂൾ. അല്ലെങ്കിൽ അതു ആത്മഹത്യാപരമാണ്. നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ നല്ലത് ആസിഡ് ഒഴിവാക്കുന്നതാണ്." (പു.196) കമല കൂൾ ആയിരുന്നില്ല. അതു കൊണ്ടു തന്നെ ആസിഡ് അവളെ ഭീകരമായ മാനസികത്തകർച്ചകളിലേക്കാണ് കൊണ്ടുപോവുന്നത്. ലെസ്‌ബിയനല്ലെങ്കിലും, കമലയോടുള്ള സ്നേഹംകൊണ്ട് അവളോടൊപ്പം രതിക്കു തയ്യാറാവുന്ന അവളെ വിട്ടുപോവാൻ കഴിയാതെ വരുന്ന ഷാലി കമലയ്ക്ക് ഡ്രഗ് അഡിക്‍ഷൻ വന്നത് ലെസ്‌ബിയനായതുകൊണ്ടായിരിക്കുമോ എന്നുപോലും സന്ദേഹിക്കുന്നുണ്ട്. സ്വന്തം മനസ്സിനോടും ശരീരത്തിനോടും നീതിപുലർത്താൻ കഴിയാത്തതിന്റെ അസ്വസ്ഥതകളാണ് കമലയെ പീഡിപ്പിക്കുന്നത്. ബൈസെക്‍ഷ്വൽ ആയ ഷാലി ഒരിക്കലും കമല ആഗ്രഹിക്കുന്ന വിധത്തിലുള്ള പങ്കാളി ആയിരുന്നില്ല. ആനന്ദത്തിന്റെ രണ്ടാമത്തെ സാദ്ധ്യതയും അവൾക്കു മുമ്പിൽ അടഞ്ഞുപോവുന്നു. ഷാലിയുടെ നിരാസങ്ങൾ, ചെറിയ തിരസ്ക്കാരങ്ങൾ, ഉദാസീനതകൾ അവളെ തകർക്കുന്നു." ഞാൻ അഗാധമായ പ്രണയത്തിലാണെന്ന് നീ മനസ്സിലാക്കാത്തതെന്താണ്? അല്ലെങ്കിൽ മനസ്സിലാകാത്തതുപോലെ നടിക്കുന്നതെന്താണ് "എന്നവൾ എല്ലായ്പോഴും നിശ്ശബ്ദം ഷാലിയോടു ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അമ്മയുടെ കൂട്ടുകാരിയോടുള്ള ശിവയുടെ പാതിതളർന്ന ശരീരത്തിന്റെ അഭിനിവേശം നേരിട്ടുകാണുമ്പോഴും കമല ഷാലിയെ തള്ളിപ്പറയുന്നില്ല. "നീയും അവനും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടവരാണ്. വയറ്റിൽ കുരുത്തതിനെയും മനസ്സിൽ കുരുത്തതിനെയും എനിക്ക് തള്ളാനോ കൊള്ളാനോ വയ്യ." (പു.252) ഷാലി വീടുവിട്ടുപോകുന്നതോടെ കമലയുടെ തകർച്ച പൂർണ്ണമാവുന്നു. മറ്റൊരാളെ ഉപദ്രവിക്കാത്തിടത്തോളം കാലം മാത്രം സ്വന്തം ആനന്ദങ്ങൾ സ്വയം കണ്ടെത്തുന്നതിൽ തെറ്റില്ല, ഉള്ളറകൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന കമല സ്വയം സഹിക്കുന്നുവെങ്കിലും, മറ്റാരെയും ബുദ്ധിമുട്ടിക്കുന്നില്ല, അതുകൊണ്ടു അവൾക്കല്ലാതെ മറ്റാർക്കും പ്രശ്നങ്ങളുമില്ല. ഇതാണ് സമൂഹനിഷ്ഠമായ നീതിബോധം."coming out of the closet", സ്വന്തം ലൈംഗികതയുടെ രാഷ്ട്രീയം സ്വയംവെളിപ്പെടുത്തൽ, അതിനനുസരിച്ച് ജീവിതം മാറ്റിപ്പണിയൽ ചിന്തനീയമല്ല. കമല കുട്ടിക്കാലത്തു കണ്ട പരസ്പരാനുരാഗികളായ രണ്ടു പുരുഷന്മാർ പരസ്പരം കുത്തിക്കൊല്ലുന്ന ദൃശ്യം ഉഭയലൈംഗികതയിൽ നിന്നു വ്യത്യസ്തരായവരെ കാത്തിരിക്കുന്നതെന്ത് എന്നതിന്റെ സൂചനയാണ്. ഭീതിയും കുറ്റബോധവും ജനിപ്പിക്കുന്ന, സമൂഹമനസ്സിന് അംഗീകരിക്കാനാവാത്ത ആ രണ്ടു ലഹരികൾ കമലയെ ഡിപ്രഷനടിമയാക്കുന്നു, ബാഡ് ട്രിപ്സിലേക്കു നയിക്കുന്നു.


സംഗീത ശ്രീനിവാസന്‍

ഇത്തരം ആനന്ദങ്ങൾക്കായുള്ള തിരച്ചിലുകൾ സങ്കീർണമായ, നിശ്ചലമായ ജഡതകളിലേക്കെത്തിക്കുന്നുവെന്ന അബോധപൂർവ്വമായൊരു സദാചാരതൃഷ്ണ നോവലിന്റെ പ്രമേയഘടനയിലുണ്ട്. പ്രകടമായ വൈരുദ്ധ്യമായി, ലൈംഗികതയിലെ അധീശവ്യവഹാരങ്ങളോടുള്ള സമരസപ്പെടലായി അതിനെ വായിച്ചെടുക്കാം. നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കുമിടയിൽ ആനന്ദാന്വേഷണങ്ങൾ ആനന്ദ നിഷേധങ്ങളായേ മതിയാവൂ. പെൺശരീരത്തിന്റെ കാമനകൾ, വ്യത്യസ്തമായൊരു കർത്തൃത്വം, നൈസർഗ്ഗികമായ ആനന്ദശീലങ്ങൾ ഇവയെല്ലാം സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നു. ആസിഡിലെ സ്ത്രീകൾ പ്രത്യക്ഷത്തിൽ പുരുഷാധികാരത്തിൽനിന്ന് വിമോചിതരാണ്. പക്ഷേ gendered എന്നു വിശേഷിപ്പിക്കാവുന്ന സാമൂഹ്യബോദ്ധ്യങ്ങളിൽനിന്ന് വിമുക്തരല്ല. അതുകൊണ്ടാണ് അവർക്ക് ആസിഡ് പോലെ,സ്വവർഗ്ഗരതിയും ആത്മഹത്യാപരമാവുന്നത്.... കമലയെ പ്രത്യക്ഷത്തിൽ തകർത്തുതരിപ്പണമാക്കുന്ന ഇതേ ഘടകങ്ങൾക്ക് മാധവനെയും ആദിയെയും ശിവയെയും ഭാഗികമായി ഷാലിയെയും തകർക്കാൻ കെല്പുള്ള പാർശ്വഫലങ്ങളുണ്ട്. നിരന്തരമായ അസ്വസ്ഥതകൾ തന്നുകൊണ്ടിരിക്കുന്ന പ്രണയം പ്രണയവും ദാമ്പത്യം ദാമ്പത്യവുമല്ല എന്ന് രണ്ടാമത്തെ വിവാഹവും തകർന്ന മാധവൻ തിരിച്ചറിയുന്നു.

സ്വവർഗ്ഗാനുരാഗത്തിന്റെ ക്ഷണികതകൾ, അസ്ഥിരതകൾ ഇവയാണ് ആണും ആണും പെണ്ണും പെണ്ണും ഒന്നിച്ചു ജീവിക്കുന്ന, തിരക്കിന്റെ നഗരമായ ബാംഗ്ലൂർ ഉപേക്ഷിക്കാൻ കമലയെ പ്രേരിപ്പിക്കുന്നത്. ശരികൾക്കും തെറ്റുകൾക്കും അപ്പുറത്തുള്ള തോട്ടത്തിലെ ഒത്ത മരത്തിന്റെ കൊമ്പിൽ നാലുപേർക്കും കൂടുവെയ്ക്കാമെന്ന് കമല ആഗ്രഹിച്ചു. കമല മാറാനാഗ്രഹിക്കുന്ന കടവന്ത്രയിലെ ഫ്ലാറ്റ് അവളുടെ സ്വച്ഛന്ദരതികാമനകളുടെ സാഫല്യത്തിനുള്ള ഇടം കൂടിയാണ്. എല്ലായ്പോഴും അപ്രാപ്യം .പകരം നാട്ടിൻപുറം അതിന്റെ മുഴുവൻ വർണ്ണശൂന്യതകളോടെ അവളെയും ഷാലിയെയും കുട്ടികളെയും തളർത്തുന്നു. പ്രസാദാത്മകതയില്ലാത്ത മരവിച്ച, നിശ്ചലമായ ഗ്രാമീണദൃശ്യങ്ങൾ. കറുപ്പിലും വെളുപ്പിലുമെഴുതിയ ചിത്രംപോലെ വിരസമായ ബിംബങ്ങളും കാഴ്ചകളും വൈകാരികമായ ആഴങ്ങളോടെ പകർത്താൻ സംഗീത ശ്രീനിവാസനു കഴിയുന്നുണ്ട്. ബ്ലാക് ഡോഗിന്റെ ഒഴിഞ്ഞകുപ്പിയിൽ ഷാലി വളർത്തി, കമലയുടെ മുറിയിൽ വെയ്ക്കുന്ന മണിപ്ലാന്റ് ജീവിതത്തിലേക്ക്, പച്ചപ്പിലേക്ക് തിരിച്ചുവരാനുള്ള ഉൽക്കടമായ പ്രേരണയാണ്. പക്ഷേ ആദ്യത്തെ തഴച്ചുവളരലിനു ശേഷം പച്ചകളെല്ലാം കരിഞ്ഞ് മണിപ്ലാന്റ് കമലയുടെ ജീവിതം പോലെ ഉണങ്ങിപ്പോവുന്നു. ഡീസൽ പുക കലരാത്തതുകൊണ്ടുമാത്രം ഗ്രാമത്തിലെ വായു ശുദ്ധമല്ലെന്നും ഏകാന്തതയെന്ന കടുംവിഷം അതിലലിഞ്ഞിട്ടുണ്ടെന്നും അനുഭവപ്പെടുത്തുന്നുണ്ട് ആ പഴയവീട്ടിലെ ഓരോ നിമിഷവും. നാട്ടിൽ മടുത്തിട്ട് ആദി ഒറ്റയ്ക്കു നടത്തുന്ന യാത്ര ആദിശക്തിയെന്ന നാടകക്കളരി മാത്രമല്ല, വിനീത, മോളിയർ നിമ്മി തുടങ്ങി അനേകം പേരുടെ വേറൊരു ലോകത്തെ പരിചയപ്പെടുത്തുന്നു. സാദ്ധ്യമായ മറ്റൊരു വഴി.

ലാവണ്യവൽക്കരിക്കപ്പെട്ടതും തരംഗസ്വഭാവമുള്ളതുമായ നൃത്തച്ചുവടുകളുടെ ലാസ്യചടുലവേഗങ്ങളാണ് സംഗീത ശ്രീനിവാസന്റെ ഭാഷയുടേത്. വികാരങ്ങളെ വൈചാരികമായി വിനിയോഗിക്കുന്ന ആഖ്യാനശൈലി. മാധവിക്കുട്ടിയുടേതുപോലെ, വേരുകളിലേക്ക് കിനിഞ്ഞിറങ്ങുന്ന വികാരാവേഗമല്ല അവിടെയുള്ളത്. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരികളുടെ ഉപരിപ്ലവമെന്നു തോന്നിപ്പിച്ചുകൊണ്ട് പക്ഷേ ആഴത്തിൽ കോറലുകളവശേഷിപ്പിക്കുന്ന രചനാശൈലിയോടാണ് ആസിഡിന് സാധർമ്മ്യം. മുറുകി മുറുകിപ്പിണയുന്ന ഭാവത്തിന്റെ ഏകാത്മകമായ വികാസവുമവിടെ കാണില്ല. തനിയെ മുറുകിയ കെട്ടുകൾ ഇടയ്ക്കിടെ അഴിച്ചുവിടുന്ന പ്രതീതി. ഭാവതീവ്രതയ്ക്കു പകരം ആകർഷകമായ ഭാവവിച്ഛിത്തികൾ. വശ്യമായ, ഉദാസീനതകൾ. പ്രമേയപരമായ വൈരുദ്ധ്യങ്ങളെ വിസ്മൃതമാക്കുന്ന രീതിയിൽ "പടർന്നു ചുറ്റുന്ന നീല നാഗിനി "യെപ്പോലെ ഭാഷ അതിന്റെ ഇരട്ട നാവുനീട്ടി ആസക്തികളുടെ, ഉടൽവിനിമയങ്ങളുടെ കൗതുകകരമായ, വന്യമായ മറ്റൊരു ലോകം സൃഷ്ടിച്ചിരിക്കുന്നു.

Subscribe Tharjani |